അമേരിക്കന്‍ ഉപതിരഞ്ഞെടുപ്പ് തീവ്രവലതുപക്ഷത്തിന് തിരിച്ചടി

ജി വിജയകുമാര്‍

"വലതുപക്ഷം നേടിയ വിജയങ്ങളേറെയും ജനാധിപത്യത്തിന്‍റെ ദുര്‍ബലമാകലായാണ് കരുതപ്പെടുന്നത്.....കോര്‍പറേറ്റുകളുടെ ശതകോടിക്കണക്കിന് ഡോളറുകളാണ് കാമ്പെയ്നുകളില്‍ ഒഴുക്കപ്പെട്ടത്, സംസ്ഥാന നിയമസഭകളിലേക്കും സ്കൂള്‍ ഭരണസമിതികളിലേക്കുമുള്ള മത്സരങ്ങളില്‍ പോലും ഇതാണവസ്ഥ; വംശീയത, ഇസ്ലാം വിരോധം, സ്ത്രീവിരുദ്ധത, വിദേശികള്‍ക്കെതിരായ വിദ്വേഷം എന്നിവ പതിവിലും വര്‍ധിച്ച നിലയിലായിരുന്നു. ഗ്യാസിന്‍റെ വിലവര്‍ധനവിനൊപ്പം സ്വാതന്ത്ര്യത്തിന്‍റെ വിലയും ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തി. മഹാഭൂരിപക്ഷം വോട്ടര്‍മാരും സങ്കുചിതമായ വാദഗതികളെയാകെ തിരസ്കരിച്ചു; വോട്ടിങ് അവകാശം നിലനിര്‍ത്തുന്നതിനൊപ്പം പ്രജനനാവകാശത്തിനുമപ്പുറം പ്രാധാന്യമുള്ളതായി മറ്റൊന്നുമില്ലെന്നും മഹാഭൂരിപക്ഷം വോട്ടര്‍മാരും തിരിച്ചറിഞ്ഞു. അതേസമയം തന്നെ, ജീവിതച്ചെലവിലെ വര്‍ധന, തോക്കുപയോഗിച്ച് വ്യാപകമായി നടക്കുന്ന അക്രമങ്ങള്‍, പരിസ്ഥിതി പ്രശ്നം എന്നിവയൊന്നും അവഗണിക്കാന്‍ കഴിയുന്നതല്ല. ബൈഡന്‍ സര്‍ക്കാരിന്‍റെ രണ്ടാം ശീതയുദ്ധ വിദേശനയവും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയമാണ്. സ്വന്തം അടിത്തറ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും റിപ്പബ്ലിക്കന്‍ പാര്‍ടി ഇടതുപക്ഷ വിരോധവും വംശീയതയും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപാഹ്വാനവുമെല്ലാം ഉപയോഗിക്കുന്നതും വോട്ടര്‍മാര്‍ തിരസ്കരിച്ചിരിക്കുകയാണ്."

കമ്യൂണിസ്റ്റു പാര്‍ടി ഓഫ് യുഎസ്എയുടെ നാഷണല്‍ ബോര്‍ഡ് നവംബര്‍ 9ന് അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ ജനവിധിയെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രമേയത്തിലെ പ്രസക്തമായ ചില വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. അമേരിക്കന്‍ പ്രതിനിധിസഭയിലെ 435 സ്ഥാനങ്ങളിലേക്കും, 100 അംഗങ്ങളുള്ള സെനറ്റിലെ 35 സ്ഥാനങ്ങളിലേക്കും ഒപ്പം നിരവധി പ്രവിശ്യാ നിയമസഭകളിലേക്കും ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും ഭരണസമിതികള്‍ ഉള്‍പ്പെടെ പ്രാദേശിക ഭരണസംവിധാനങ്ങളിലേക്കുമാണ് 2022 നവംബര്‍ 8ന് വോട്ടെടുപ്പ് നടന്നത്. സാധാരണയായി അധികാരത്തിലുള്ള പ്രസിഡന്‍റിന്‍റെ കക്ഷിക്ക് പ്രതിനിധി സഭയിലും സെനറ്റിലും ഗണ്യമായ വിധം സീറ്റുകള്‍ നഷ്ടപ്പെടുകയാണ് പതിവ്. അതുകൊണ്ടുതന്നെയാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പൊതുവെ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ ജനവിധി "ചുവപ്പ് തരംഗ"മായിരിക്കും എന്ന് നിസ്സംശയം പ്രവചിച്ചത് (റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള സംസ്ഥാനങ്ങളെ 'ചുവപ്പ്' സംസ്ഥാനങ്ങളെന്നും ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ളവയെ 'നീല' സംസ്ഥാനങ്ങള്‍ എന്നുമാണ് അറിയപ്പെടുന്നത്). എന്നാല്‍ ഈ പൊതുധാരണയെയും പ്രവചനത്തെയും നിരാകരിക്കുന്നതായിരുന്നു അമേരിക്കയിലെ ജനവിധി.

ട്രംപിന് തിരിച്ചടി
2024ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ തിരിച്ചുവരവിനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരിക്കും ഇടക്കാല തിരഞ്ഞെടുപ്പിലെ ജനവിധി എന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ പൊതുവെ വിലയിരുത്തിയിരുന്നു. ട്രംപിന് ഉറച്ച പിന്തുണ നല്‍കുന്ന 300 ഓളം സ്ഥാനാര്‍ഥികളാണ് റിപ്പബ്ലിക്കന്‍ പട്ടികയില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് (ഇവരില്‍ പലരും 2021 ജനുവരി 6ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച കേസിലെ പ്രധാനികളുമാണ്). അമേരിക്കന്‍ ജനത വോട്ടിടുന്നതിനായി പോളിങ് കേന്ദ്രങ്ങളിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പായി താന്‍ നവംബര്‍ 15ന് വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് 2024ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ലാക്കാക്കിയാണെന്നും കരുതപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്‍റെ സ്വന്തം സ്ഥാനാര്‍ഥികള്‍ ഏറെപ്പേരും പരാജയപ്പെടുകയും പ്രഖ്യാപിക്കപ്പെട്ട ട്രംപിന്‍റെ പ്രഖ്യാപനം സന്ദിഗ്ധാവസ്ഥയിലാകുകയും ചെയ്തു. ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് താന്‍ സ്ഥാനാര്‍ഥിതന്നെയെന്ന ട്രംപിന്‍റെ പ്രഖ്യാപനംവന്നത്. ട്രംപും അടുത്ത അനുയായികളും ജനവിധിയെതുടര്‍ന്ന് ഉള്‍വലിഞ്ഞതായാണ് കാണുന്നത്. ട്രംപിനെയും സംഘത്തെയും തുരത്തിയ 2020ലെ ജനകീയ കൂട്ടായ്മ 2022ല്‍ ഒരിക്കല്‍ കൂടി വിജയിച്ചുവെന്നാണ് നവംബര്‍ 8ന്‍റെ ജനവിധി സാക്ഷ്യപ്പെടുത്തുന്നത്.

തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവര്‍ അമേരിക്കന്‍ സംസ്ഥാനങ്ങളെ ഇന്നത്തെ നിലയില്‍ മൂന്ന് രാഷ്ട്രീയവിഭാഗങ്ങളായി തരംതിരിക്കുന്നു. ഒന്ന്, ഡെമോക്രാറ്റിക് പാര്‍ടിക്ക് ശക്തമായ അടിത്തറയുള്ള, ആ പാര്‍ടിക്കൊപ്പം ഉറച്ചുനില്‍ക്കാറുള്ള ന്യൂയോര്‍ക്ക്, ന്യൂ ജഴ്സി, വെര്‍മോണ്ട്, വിര്‍ജീനിയ, മെരിലാന്‍ഡ്, കാലിഫോര്‍ണിയ, ന്യൂ മെക്സിക്കോ തുടങ്ങിയ ജനസാന്ദ്രതയേറിയ കിഴക്കും പടിഞ്ഞാറുമുള്ള നഗരസംസ്ഥാനങ്ങള്‍. രണ്ട്, ഗ്രാമീണമേഖല ഏറെയുള്ള ലൂസിയാന, കെന്‍റക്കി, മിസ്സിസ്സിപ്പി, സൗത്ത് കരോലിന, മിസോറി, അലാസ്ക്ക, അലബാമ തുടങ്ങിയ തെക്ക്, തെക്കു-പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് സംസ്ഥാനങ്ങള്‍; റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളാണിവ. മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍ ഓരോ തിരഞ്ഞെടുപ്പിലും ഇരുപാര്‍ടികള്‍ക്കുമൊപ്പം മാറി മാറി നേരിയ ഭൂരിപക്ഷത്തില്‍ നില്‍ക്കാറുണ്ട്. അവയെയാണ് ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍ (ടംശിഴ ടമേലേെ) അഥവാ പൊരുതി നേടേണ്ട സംസ്ഥാനങ്ങള്‍ (ആമഹേേലഴൃീൗിറ ടമേലേെ) എന്ന് വിളിക്കാറുള്ളത്. അത്തരം സംസ്ഥാനങ്ങള്‍ ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കാറാണ് പതിവ്. എന്നാല്‍ 2022 ലെ തിരഞ്ഞെടുപ്പില്‍ ആ പ്രവണതയല്ല കണ്ടത്. അതാണ് ഡെമോക്രാറ്റിക് പാര്‍ടിക്ക് വലിയ നഷ്ടം സംഭവിക്കാതെ തുണച്ച ഘടകം. മിഷിഗണ്‍, മിനെസോട്ട, അരിസോണ, വിസ്കോണ്‍സിന്‍, പെനിസില്‍വാനിയ തുടങ്ങിയ സ്വിങ് സ്റ്റേറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ടിക്കാരായ ഗവര്‍ണര്‍മാരും സെനറ്റര്‍മാരും തിരഞ്ഞെടുക്കപ്പെട്ടത് 2024ലെ റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രസിഡന്‍ഷ്യല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

തീവ്രവിഭാഗീയതയെ
വോട്ടര്‍മാര്‍ തള്ളിക്കളയുന്നു

ന്യൂനപക്ഷ വിരുദ്ധവും വംശീയ വിദ്വേഷവും സ്ത്രീവിരുദ്ധവുമായ ട്രംപനുകൂലികളുടെ തീവ്രവിഭാഗീയ പ്രചാരണത്തെ അമേരിക്കന്‍ വോട്ടര്‍മാരില്‍ ഗണ്യമായ വിഭാഗം തള്ളിക്കളയുന്നതായാണ് ഈ ജനവിധി വ്യക്തമാക്കുന്നത്. റിപ്പബ്ലിക്കന്‍മാര്‍ക്ക് തിരിച്ചടിയായ മറ്റൊരു പ്രധാന ഘടകം 2021 ജനുവരി 6ന് നടത്തിയ ട്രംപനുകൂലികളുടെ അട്ടിമറി നീക്കമാണ്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി-പ്രത്യേകിച്ച് ട്രംപ് പക്ഷം-ഭൂരിപക്ഷം നേടിയാല്‍ അത് തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിനിടയാക്കും എന്ന ജനങ്ങളുടെ ആശങ്ക ഭരണവിരുദ്ധ വികാരത്തിനുപകരം റിപ്പബ്ലിക്കന്‍മാര്‍ക്കെതിരായ വികാരമായി മാറുകയാണുണ്ടായത്.

 അമേരിക്കയില്‍ ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ ഒരു സവിശേഷത സ്ത്രീകളും ചെറുപ്പക്കാരും ഒപ്പം ന്യൂനപക്ഷ വിഭാഗങ്ങളും വലിയതോതില്‍ വോട്ടു ചെയ്തുവെന്നതാണ്. അതും ഡെമോക്രാറ്റുകളെ തുണച്ച ഘടകമായി. അബോര്‍ഷന്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിക്കുന്ന ഭരണഘടനാ ഭേദഗതികള്‍ മിഷിഗണ്‍,കാലിഫോര്‍ണിയ, വെര്‍മോണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ അംഗീകരിച്ചപ്പോള്‍ അബോര്‍ഷന്‍വിരുദ്ധ നടപടികളെ കെന്‍റക്കിയിലെ വോട്ടര്‍മാര്‍ തള്ളിക്കളയുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ ഭാഗമായി ഉള്‍പ്പെടുത്തണം എന്ന് ചിന്തിക്കുന്നവരാണ് ഇല്ലിനോയിയിലെ വോട്ടര്‍മാരേറെയും. പൊതുവില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയില്‍ ശക്തമായി ഉയര്‍ന്നുവന്ന ഫാസിസ്റ്റ് വിപത്തിനെക്കുറിച്ച് അമേരിക്കന്‍ ജനതയുടെ കരുതലാണ് ഈ ഇടക്കാല തിരഞ്ഞെടുപ്പില്‍ കണ്ടത്.

അപകടം ഇനിയും ഒഴിഞ്ഞിട്ടില്ല
 എന്നാല്‍ ആ അപകടം ഇനിയും ഒഴിഞ്ഞു പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇരുന്നൂറിലധികം ട്രംപനുകൂലികള്‍ വിവിധ സ്ഥാനങ്ങളില്‍ (ദേശീയ സെനറ്റ്, പ്രതിനിധിസഭ, സംസ്ഥാനങ്ങളിലെ നിയമസഭകള്‍ എന്നിവയിലായി) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രവണതയനുസരിച്ചാണെങ്കില്‍ ഡിസംബര്‍ ആറിന് രണ്ടാം വട്ട വോട്ടെടുപ്പ് കൂടി കഴിയുമ്പോള്‍ പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം ഉണ്ടാകാനുള്ള ചെറിയൊരു സാധ്യതയുമുണ്ട്. എന്നാല്‍ ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസം നല്‍കുന്നത് സെനറ്റില്‍ ഇപ്പോള്‍ അവര്‍ക്കുള്ള നിയന്ത്രണം നഷ്ടപ്പെടുന്നില്ല എന്നതാണ്. നെവദ സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ഥി  കാതറിന്‍ കോര്‍ട്ടസ് മാസ്റ്റോ വിജയിച്ചതോടെയാണ് ആ പാര്‍ട്ടിക്ക് സെനറ്റില്‍ 50 സീറ്റ് തികഞ്ഞത്. റിപ്പബ്ലിക്കന്മാര്‍ക്ക് ഇപ്പോള്‍ 49 സീറ്റാണുള്ളത്. ജോര്‍ജിയയില്‍ ഒരു സീറ്റില്‍ രണ്ടാംവട്ട വോട്ടെടുപ്പ് കഴിഞ്ഞാലേ ഫലം അറിയാനാകൂ. അതില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി റാഫേല്‍ വര്‍നോക്ക് ജയിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ 50 -50 ആയാലും വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ കാസ്റ്റിങ് വോട്ടുകൊണ്ട് ഡെമോക്രാറ്റുകള്‍ക്ക് നിര്‍ണായകമായ നിയമനങ്ങള്‍ക്ക് സെനറ്റിന്‍റെ അംഗീകാരം അനായാസം നേടാനാകും.

 ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വിലക്കയറ്റം, വ്യാപകമായി വരുന്ന അക്രമങ്ങള്‍ - പ്രത്യേകിച്ച് വ്യാപകമായിട്ടുള്ള തോക്കിന്‍റെ ഉപയോഗം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര രംഗത്ത് ബൈഡന്‍ ഗവണ്‍മെന്‍റ് പിന്തുടരുന്ന രണ്ടാം ശീതയുദ്ധത്തിന്‍റെ അനന്തരഫലങ്ങള്‍ അമേരിക്കന്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതും വോട്ടു ചെയ്യാന്‍  ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. മസാച്ചുസെറ്റ്സ് സംസ്ഥാനത്ത് നടത്തിയ അഭിപ്രായ സര്‍വേയില്‍ 52% ആളുകള്‍ പ്രതികരിച്ചത് 10 ലക്ഷം ഡോളറിലധികം വാര്‍ഷിക വരുമാനമുള്ള ധനികരില്‍ നിന്ന് നാല് ശതമാനം സര്‍ ടാക്സ്  ഈടാക്കി അത് വിദ്യാഭ്യാസത്തിനും പൊതുഗതാഗതത്തിനും വിനിയോഗിക്കണമെന്നാണ്. ഇത്തരം അഭിപ്രായങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെടുന്നത്.

ഡെമോക്രാറ്റുകള്‍ക്ക് നേട്ടം
 എന്നാല്‍ ദേശീയതലത്തില്‍ മാത്രമല്ല, അതിലേറെ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനങ്ങളിലും സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും ഡെമോക്രാറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. അതാകട്ടെ കൂലിവര്‍ദ്ധനയും തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശങ്ങളും വേണമെന്ന് വാദിക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ഇടതുപക്ഷക്കാരും പൊതുവേ മത്സരിച്ച സ്ഥലങ്ങളിലുമാണ്. തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകളുള്ള ഡെമോക്രാറ്റുകാരായ ഗവര്‍ണര്‍മാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുവെന്നു മാത്രമല്ല, നിയമനിര്‍മ്മാണസഭയില്‍ വ്യക്തമായ ഭൂരിപക്ഷം അതിനനുകൂലമായി ലഭിക്കുകയും ചെയ്തു.

 150 വര്‍ഷം മുന്‍പ്, അതായത് 1861 - 1865ലെ ആഭ്യന്തര യുദ്ധകാലത്ത് 1863ല്‍ അമേരിക്കയില്‍ അടിമത്തം അവസാനിപ്പിച്ചുവെന്നാണ് നാമെല്ലാം സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍ 2022 നവംബര്‍ എട്ടിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ വോട്ടര്‍മാര്‍ ഓറിഗണ്‍, ടെന്നസ്സി, വെര്‍മോണ്ട്, ലൂസിയാന, അലബാമ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ അടിമത്തം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ക്കായി വോട്ട് ചെയ്തു! 1865ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് റാറ്റിഫൈ ചെയ്ത 13-ാം ഭരണഘടനാ ഭേദഗതിയില്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായി അടിമത്തം ഏര്‍പ്പെടുത്തുന്നത് വിലക്കിയിട്ടില്ല. ആ പഴുതുപയോഗിച്ചാണ് ഇക്കാലത്തും അമേരിക്കയില്‍ അടിമത്തം നിലനിര്‍ത്തിയിരിക്കുന്നത്.

 അമേരിക്കയില്‍ ജയിലുകളുടെ നടത്തിപ്പ് സ്വകാര്യ കുത്തകകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. തടവുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചാണ് കരാറുകാര്‍ പണമുണ്ടാക്കുന്നത്. പണിയെടുക്കാന്‍ ശേഷിയുള്ള തടവുകാരുടെ എണ്ണം കൂടേണ്ടത് ഈ കരാറുകാരുടെ ആവശ്യമാണ്. ലോകത്താകെ തടവുകാരാക്കപ്പെട്ട മനുഷ്യരുടെ 20 ശതമാനവും അമേരിക്കയിലാണ് - 20 ലക്ഷത്തോളം ആളുകള്‍. ഇവരില്‍ 8 ലക്ഷത്തിലധികം പേരും നിര്‍ബന്ധിത ജോലി ചെയ്യണം. ആധുനികകാലത്തെ ഈ അടിമകള്‍ പ്രതിവര്‍ഷം സൃഷ്ടിക്കുന്നതാകട്ടെ ഏറ്റവും കുറഞ്ഞത് 1100 കോടി ഡോളറെങ്കിലും വരും! എന്നാല്‍ ജയിലിലടയ്ക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന കൂലിയാകട്ടെ മണിക്കൂറിന് 13 സെന്‍റ് മുതല്‍ 52 സെന്‍റു വരെ മാത്രം. എന്നാല്‍ അമേരിക്കയില്‍ പൊതുവെ മണിക്കൂറിന് 15 ഡോളര്‍വരെ വേതനമുണ്ട്.

 മിസ്സിസ്സിപ്പി, ജോര്‍ജിയ, ടെക്സാസ്, ഫ്ളോറിഡ, സൗത്ത് കരോലീന, അര്‍ക്കന്‍സാസ് തുടങ്ങിയ മറ്റു പല സംസ്ഥാനങ്ങളിലും ഈ തരത്തില്‍ അടിമത്തം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ജയിലിലടയ്ക്കപ്പെട്ടവരാണോ അവര്‍? മഹാഭൂരിപക്ഷം പേരും അങ്ങനെയുള്ളവരല്ല. കറുത്തവരും ലാറ്റിനോകളും മറ്റു മത - വംശീയ ന്യൂനപക്ഷങ്ങളുമാണ് ഈ തടവുകാരില്‍ മഹാഭൂരിപക്ഷവും. നിസ്സാര കുറ്റങ്ങള്‍ക്ക് (പൊതുസ്ഥലങ്ങളില്‍ കറുത്തവര്‍ ഉച്ചത്തില്‍ സംസാരിച്ചാലും കുറ്റമായി കണക്കാക്കി കോടതികള്‍ കഠിന തടവുശിക്ഷയ്ക്കു വിധിക്കും) പിടികൂടപ്പെടുന്ന ഈ വിഭാഗങ്ങളാണ് അമേരിക്കന്‍ ജയിലുകളില്‍ ഇങ്ങനെ അടിമകളാക്കപ്പെടുന്നത്. അമേരിക്കന്‍ 'നീതി നിര്‍വഹണ' സംവിധാനത്തിന്‍റെ കൂടി ഒത്താശയോടെയാണ് ഈ കടുത്ത അനീതി അരങ്ങേറുന്നത്. 'അമേരിക്കന്‍ മോഡല്‍ ജനാധിപത്യ'ത്തിന്‍റെ തനിനിറമാണ് ഇതിലൂടെ വെളിപ്പെടുന്നത്. 

കടുത്ത സാമ്പത്തിക ക്ലേശങ്ങളും വിവേചനവും നേരിടുന്ന അമേരിക്കയിലെ സാധാരണ മനുഷ്യരുടെ വികാരം, ട്രംപനുയായികള്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍മാര്‍ക്കെതിരാണെന്നാണ് ഈ ജനവിധി വെളിപ്പെടുത്തുന്നത്. എന്നാല്‍ അത് ജനവിരുദ്ധമായ ബൈഡന്‍ നയങ്ങള്‍ക്കും എതിരാണ്. •