ചക്രവ്യൂഹമൊരുക്കുന്ന വര്‍ഗീയ ഫാസിസം

കെ പി ജയേന്ദ്രന്‍

സിംപിളായി പറഞ്ഞാല്‍ കോടതികളും ഗവര്‍ണ്ണറും കേന്ദ്ര ഗവണ്‍മെന്‍റും ചേര്‍ന്ന് ഒരു സംസ്ഥാനത്ത് പതിനഞ്ച് ശതമാനം വോട്ടു പോലും കിട്ടാത്ത ആര്‍.എസ്.എസിന്‍റെ നോമിനികളെ സകല സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരാക്കും.അങ്ങനെ മത നിരപേക്ഷമായി പ്രതിരോധിച്ചു നില്‍ക്കുന്ന അവസാനത്തെ സംസ്ഥാനത്തിന്‍റെ യുവ മസ്തിഷ്കങ്ങളെ കൂടി വര്‍ഗീയവല്‍ക്കരിക്കും.എങ്ങനെയും കമ്യൂണിസ്റ്റുകാരെ തുരത്തി അധികാരം കിട്ടാന്‍ വെമ്പുന്ന സുധാകര സതീശന്മാര്‍ അതിന് നിര്‍ലജ്ജം കൂട്ടുനില്‍ക്കും. അതാണ് കൂട്ടരേ നടക്കുന്നത്.

2013ലാണ് യു.ജി.സി. റെഗുലേഷന്‍സ് വരുന്നത്. 2022 വരെ എല്ലാ കോടതികള്‍ക്കും അവ വെറും റെഗുലേഷന്‍സ് മാത്രമായിരുന്നു .അതായത് ഉദ്യോഗസ്ഥര്‍ എഴുതി ഉണ്ടാക്കിയവ മാത്രം. ഉദ്യോഗസ്ഥര്‍ എഴുതിയുണ്ടാക്കിയ ചട്ടങ്ങള്‍ ലെജിസ്ലേറ്റീവ് അസംബ്ലികളോ പാര്‍ലമെന്‍റോ പാസാക്കിയ നിയമങ്ങള്‍ക്കു താഴെ മാത്രം നില്‍ക്കുന്നവയായിരുന്നു 2022 മാര്‍ച്ച് വരെ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതിക്കും. അതായത് ജനാധിപത്യ നിയമനിര്‍മ്മാണ സഭകള്‍ക്കു താഴെ മാത്രമാണ് ബ്യൂറോക്രസിയെന്ന ശരിയായ ഭരണഘടനാ തത്വം ഉയര്‍ത്തിപ്പിടിച്ചിരുന്നതെന്ന് ചുരുക്കം.

എന്നാല്‍ 2022 മാര്‍ച്ച് മാസത്തിലെ ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് യു.ജി.സി. ഗൈഡ് ലൈന്‍സ് മൂലനിയമത്തിന്‍റെ ഭാഗമായി കാണണമെന്നും sub- ordinate legislation അല്ല എന്നും സംസ്ഥാന നിയമത്തിന്‍റെ മുകളില്‍ ആണ് അതെന്നും ആര്‍ട്ടിക്കിള്‍ 254 അനുസരിച്ച് വിധിക്കുകയാണ്.ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭകളും പാര്‍ലമെന്‍റും എന്ത് നിയമമുണ്ടാക്കിയാലും അതിനെ മറികടക്കാന്‍ രാജ്യത്തെ എക്സിക്യൂട്ടീവിന് ആവുന്ന ഒരു സംവിധാനത്തിലേക്ക് ചുവടുമാറുകയാണ്.ജനാധിപത്യത്തെയും ലെജിസ്ലേച്ചറിനേയും ഉദ്യോഗസ്ഥമേധാവത്വത്തിന് കീഴ്പ്പെടുത്തുന്ന തികച്ചും ജനാധിപത്യവിരുദ്ധത അരങ്ങേറുകയാണ്.

ഫലമോ? ഈ വിധിയോടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന സംസ്ഥാന നിയമസഭകള്‍ പാസാക്കിയ സര്‍വകലാശാലാ നിയമങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറന്നു. ഒപ്പം ഫെഡറല്‍ തത്വങ്ങളും. അതാത് യൂണിവേഴ്സിറ്റികള്‍ സര്‍വകലാശാലാ നിയമങ്ങള്‍ക്കനുസൃതമായി നിയമിച്ച മുഴുവന്‍ വി.സി.മാരും തൃശങ്കുവിലായി. അതിന്‍റെ ആദ്യത്തെ ബലിയാട് സ്വാഭാവികമായും കേരളത്തില്‍ നിന്നുതന്നെ ഉണ്ടായി. കേരള സാങ്കേതിക സര്‍വകലാശാല നിയമമനുസരിച്ച് നിയമിതയായ വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീയുടെ നിയമനം സുപ്രീം കോടതി മേല്‍വിധി ചൂണ്ടിക്കാട്ടി റദ്ദ് ചെയ്തു. അതിന്‍റെ തുടര്‍ച്ചയെന്നോണം കേരള ഹൈക്കോടതി  കേരള ഫിഷറീസ് സര്‍വകലാശാല വി.സി. ഡോ.കെ.റിജിജോണിന്‍റെ നിയമനവും റദ്ദാക്കി.ഗവര്‍ണ്ണറാകട്ടെ കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെ വി.സി.മാരെ പുറത്താക്കാന്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കി. ഉത്തരവ് കോടതിയില്‍ നിലനില്‍ക്കില്ലെന്നായപ്പോള്‍  പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു. ഇതെല്ലാം ഇടത് ഭരണത്തിന് വന്‍ തിരിച്ചടിയെന്ന് ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. ഇടത് ഭരണം നിയമാനുസൃതം നിയമിച്ച വി.സി.മാരെ മുഴുവന്‍ അവരുടെ അതത് രംഗത്തെ പ്രാഗല്‍ഭ്യവും യോഗ്യതയും പോലും പരിഗണിക്കാതെ പിന്‍വാതില്‍ നിയമനമെന്ന അങ്ങേയറ്റം നിന്ദ്യവും മ്ലേച്ഛവുമായ പ്രചണ്ഡ പ്രചാരണത്തിലാണ് പ്രതിപക്ഷം.

ഇതിന്‍റെ ആത്യന്തിക ഫലം എത്ര ഭീകരമാണെന്ന് ഇവരാരും കണക്കാക്കുന്നതേയില്ല.ഫലത്തിലുണ്ടാവാന്‍ പോകുന്നതെന്താണ്. നേരത്തെ ചൂണ്ടിക്കാണിച്ചപോലെ ആര്‍.എസ്.എസ്.നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണകൂടം രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളിലും തങ്ങളുടെ സ്വന്തക്കാരായ ആര്‍എസ്എസ്കാരെ നിയമിക്കും. സര്‍വകലാശാലകളുടെ നയപരമായ തീരുമാനങ്ങളടക്കം എടുക്കാനും നിയമനമടക്കമുള്ള എല്ലാ കാര്യങ്ങളും നടത്താനും അധികാരമുള്ള സ്ഥാനങ്ങളാണ് ഇങ്ങിനെ ചുളുവില്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യടക്കുന്നത്. വളര്‍ന്നു വരുന്ന യുവതലമുറയെ മുഴുവന്‍ വര്‍ഗീയവല്‍ക്കരിക്കാനുളള കുറുക്കുവഴിയാണ് ഇത് വഴി കേന്ദ്ര സര്‍ക്കാര്‍ തുറക്കുന്നത്.

യുജിസി ഗൈഡ് ലൈന്‍ പ്രകാരം ഒരു വി.സി.യെ നിയമിക്കുവാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നോക്കൂ. അതിനായി ആദ്യം ഏറ്റവും ചുരുങ്ങിയത് മൂന്നംഗങ്ങളെങ്കിലും ഉള്ള ഒരു സെര്‍ച്ച് കമ്മിറ്റിയെ നാമനിര്‍ദ്ദേശം ചെയ്യണം. ഒരംഗത്തെ ജനാധിപത്യ രീതിയില്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത അവിടത്തെ സെനറ്റാണ് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ബാക്കി രണ്ടില്‍ ഒരാളെ യുജിസി(ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ) നോമിനേറ്റ് ചെയ്യും. ഒരാളെ ചാന്‍സലര്‍ അഥവാ ഗവര്‍ണറും നോമിനേറ്റ് ചെയ്യും. എന്നു വെച്ചാല്‍ സെര്‍ച്ച് കമ്മിറ്റിയില്‍ കൃത്യമായും കേന്ദ്ര സര്‍ക്കാരിന് ഭൂരിപക്ഷമായെന്ന് ചുരുക്കം. തീര്‍ന്നില്ല. ഈ കമ്മറ്റി  വി.സി. നിയമനത്തിനായി മൂന്ന് പേര്‍ വരെയുള്ള  ഒരു പാനല്‍  ചാന്‍സലര്‍ അഥവാ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. ഇതില്‍ നിന്നും ഒരാളെ ഗവര്‍ണര്‍ തിരഞ്ഞെടുക്കും.ഈ തിരഞ്ഞെടുപ്പിന് ഗവര്‍ണര്‍ക്കുള്ള അധിക യോഗ്യത എന്താണ് എന്ന് ആര്‍ക്കും അറിയില്ല. തിരഞ്ഞെടുക്കപ്പെടുന്നത് ആര്‍എസ്എസ് കാരോ ആര്‍എസ്എസ് ആശയം വെച്ച് പുലര്‍ത്തുന്നവരോ ആയിരിക്കും എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈയടുത്ത കാലത്ത് കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലും വി സിമാരായി നിയമിച്ചവരെ നോക്കിയാല്‍ മതി. അറിയപ്പെടുന്ന ആര്‍.എസ്.എസ് അനുഭാവിയായ മോഹനന്‍ കുന്നുമ്മലിനെ ആരോഗ്യസര്‍വകലാശാലയുടെ വി.സി.യാക്കിയപ്പോള്‍ കേന്ദ്ര സര്‍വകലാശാലയുടെ വി.സി.യായി തമിഴ്നാട്ടുകാരനായ മുന്‍ എബിവിപി നേതാവിനെത്തന്നെ തിരഞ്ഞെടുത്തു. മാത്രമല്ല, കേരള സര്‍വകലാശാലയ്ക്ക് ഇന്ത്യയിലാദ്യമായി ഡബിള്‍ പ്ലസ് അംഗീകാരം നേടിക്കൊടുത്ത വൈസ് ചാന്‍സലര്‍, പ്രഗത്ഭ ശാസ്ത്രജ്ഞന്‍ ഡോ. മഹാദേവന്‍ പിള്ള കഴിഞ്ഞ മാസം കാലാവധി കഴിഞ്ഞു സ്ഥാനമൊഴിഞ്ഞപ്പോള്‍ ഗവര്‍ണര്‍ പകരം ചാര്‍ജ് കൊടുത്തത്, ആര്‍.എസ്.എസ് സംഘ് ചാലകിന്‍റെ പ്രസംഗം കേള്‍ക്കാന്‍ മുന്നില്‍ ചെന്നിരിക്കുന്ന ഇതേ ഡോ.മോഹനന്‍ കുന്നുമ്മലിന്! 

ഇതൊന്നും പക്ഷേ അറിയാത്ത ഒരുകൂട്ടര്‍ ഇപ്പോഴും കേരളത്തിലുണ്ട്. കേരളത്തിലെ പ്രധാന പ്രതിപക്ഷം. അവര്‍ക്ക് നാട് വര്‍ഗീയമായി വിഭജിക്കപ്പെട്ടാലും വേണ്ടില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ തുരത്തി അധികാരക്കസേരയിലിരിക്കണം.അതിനവര്‍ ഏതറ്റം വരെയും പോകാന്‍ സന്നദ്ധമാണ്. അതുകൊണ്ട് തന്നെ ഈ അട്ടിമറിക്കെല്ലാം അവര്‍ ഗവര്‍ണ്ണര്‍ക്കൊപ്പമാണ്. അധികാരത്വര മൂത്ത് ഭ്രാന്തരായ ഈ കോണ്‍സ്സുകാരെ നമുക്ക് വിടാം.എന്നാല്‍ ചക്രവ്യൂഹമൊരുക്കുന്ന ഈ വര്‍ഗീയ ഫാസിസ്റ്റുകളുടെ ആദ്യ ഇരയാവുന്ന ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്നതെന്ന് കരുതുന്ന ഒരു കക്ഷിയുണ്ടല്ലോ പ്രതിപക്ഷത്ത്. അവരും കണ്ണടച്ചിരുന്ന് ഒരു സമുദായത്തെ മുഴുവന്‍ അറവുശാലയിലെത്തിക്കുവാന്‍ വെളളിക്കാശെണ്ണി വാങ്ങുന്നുണ്ടോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് കേരളം•