ആരിഫ് മുഹമ്മദ്ഖാന്‍റെ അസംബന്ധങ്ങള്‍

കെ വി സുധാകരന്‍

കേവലമായ  ഭരണഘടനാപദവിക്കപ്പുറം ഗവര്‍ണര്‍ പദവിക്ക് മഹത്വവും വിശുദ്ധിയും കല്‍പ്പിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു രാജ്യത്ത്.  സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ജനാധിപത്യഭരണ സംവിധാനം നടപ്പാക്കിത്തുടങ്ങിയ ഘട്ടങ്ങളില്‍ പലപ്പോഴും ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തെ ഗവണ്‍മെന്‍റുകളുമായി സ്വരച്ചേര്‍ച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.  കേന്ദ്ര ഭരണാധികാരികളുടെ നോമിനിയായി വരുന്ന ഗവര്‍ണര്‍, കേന്ദ്രത്തിന്‍റെ രാഷ്ട്രീയത്തോട് വ്യത്യസ്തത പുലര്‍ത്തുന്ന ഭരണസംവിധാനമാണ് സംസ്ഥാനത്തെങ്കില്‍, സ്വാഭാവികമായ രാഷ്ട്രീയ വൈരത്തിന്‍റെ  പേരില്‍, സംസ്ഥാന സര്‍ക്കാരുകളുമായി കൊമ്പുകോര്‍ക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.  എന്നാല്‍, 2014 ല്‍ നരേന്ദ്രമോദി ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയതിനു ശേഷം, ഗവര്‍ണറും സംസ്ഥാന ഗവണ്‍മെന്‍റുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ലാത്ത, ആ രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ക്കുന്ന രാഷ്ട്രീയ നിലപാടുകളെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്‍റുകളെ ഏതു വിധേനെയും സമ്മര്‍ദ്ദത്തിലാക്കുക, സംസ്ഥാന ഭരണ - രാഷ്ട്രീയ മേഖലകളില്‍ അസ്വസ്ഥതയുടേയും, സംഘര്‍ഷങ്ങളുടേയും തീ പടര്‍ത്തുക എന്നിവ ഗവര്‍ണര്‍മാര്‍ ഏറ്റെടുക്കുന്ന സ്ഥിതിയാണ്. ഗവര്‍ണര്‍മാരുടെ മുഖ്യ ജോലി തന്നെ സംസ്ഥാന ഗവണ്‍മെന്‍റുകളുമായി നിരന്തരം സംഘര്‍ഷാന്തരീക്ഷം ശക്തിപ്പെടുത്തുന്നതായും മാറിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും, തെലങ്കാനയിലും ഇതു പ്രകടമാണ്. അടുത്തയിടെ വരെ പശ്ചിമ ബംഗാളിലും ഇത് സജീവമായിരുന്നു. അവിടത്തെ തൃണമൂല്‍ ഗവണ്‍മെന്‍റുമായി അടിപിടികൂടിയിരുന്ന ഗവര്‍ണര്‍ ജഗ്ദീപ്  ധന്‍കര്‍ കഴിഞ്ഞ സെപ്തംബറില്‍ ഉപരാഷ്ട്ര പദവി ഏറ്റെടുത്തു എന്നു മാത്രം.  

സര്‍ക്കാരുമായി
നിരന്തരം കൊമ്പുകോര്‍ക്കുന്നു 

കേരളത്തിലെ ഗവര്‍ണര്‍ മൂന്നു വര്‍ഷമെങ്കിലും ആയിട്ടുണ്ട് സംസ്ഥാന സര്‍ക്കാരുമായി കൊമ്പു കോര്‍ക്കാന്‍ തുടങ്ങിയിട്ട്. കണ്ണൂരില്‍നടന്ന ചരിത്ര കോണ്‍ഗ്രസില്‍, കണ്ണൂര്‍ സര്‍വകലാശാലാ വി.സിയും, വിശ്രുത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന ആരിഫ് മുഹമ്മദ്ഖാന്‍റെ ആരോപണത്തോടെയാണ് സംഗതികള്‍ വഷളായി തുടങ്ങിയത്. ഇതിന്‍റെ ആദ്യ കിരണങ്ങള്‍ ഉണ്ടാവുന്നത് 2019 ഡിസംബറില്‍ പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചപ്പോള്‍ തന്നെ തുടങ്ങിയിരുന്നു.

ഏതുതരം ജനാധിപത്യവിരുദ്ധവും അധാര്‍മികവും കേട്ടുകേള്‍വിയില്ലാത്തതുമായ കാര്യങ്ങള്‍ പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ഇദ്ദേഹം പറയുന്നത് നമ്മുടെ ഭരണഘടനയുടെ കാവലാളാണ് താനെന്നും, ഭരണഘടനയും അതിന്‍റെ മൂല്യങ്ങളും സംരക്ഷിക്കാനാണ് താന്‍ ഓരോന്നും ചെയ്യുന്നതെന്നും ആണ്. എന്നാല്‍ ഈ പറയുന്നതില്‍ വല്ല കഴമ്പുമുണ്ടോ?

ഭരണഘടനയുടെ 159-ാം അനുഛേദപ്രകാരമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.  ഹൈക്കോടതി ചീഫ് ജസ്റ്റിസ്, അല്ലെങ്കില്‍ ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജി മുമ്പാകെയാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ വാചകത്തില്‍ പറയുന്നത് '"to the best of my ability preserve, protect and defend the constitution and the law, and that I will devote myself to the service and well-being of the people of" എന്നാണ്. ഭരണഘടനയും നിയമവും കാത്തുസൂക്ഷിക്കുമെന്നും, പരിപാലിക്കുമെന്നും, ഭരണഘടനയെ പ്രതിരോധിക്കുമെന്നും ആണ് ഇതിന്‍റെ അര്‍ത്ഥം. ഏതു സംസ്ഥാനത്തെ ഗവര്‍ണറാണോ, ആ സംസ്ഥാനത്തെ ജനങ്ങളുടെ സേവനത്തിനും, ക്ഷേമത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കുന്നുവെന്നുമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. നമ്മുടെ ഗവര്‍ണര്‍ ഇതാണോ ചെയ്യുന്നത്? 

ഭരണഘടന മൂല്യങ്ങളോട്
ഗവര്‍ണര്‍ക്ക് ആദരവുണ്ടോ?

 ഭരണഘടന സംരക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്യുക എന്നു പറഞ്ഞാല്‍ ഭരണഘടനാമൂല്യങ്ങള്‍ കൈമോശം വരാതെ കാത്തുസൂക്ഷിക്കുക എന്നാണ് അര്‍ത്ഥം. ഭരണഘടനാ മൂല്യങ്ങള്‍ എന്താണെന്ന് ഭരണഘടനയുടെ ആമുഖത്തിലാണ് പറഞ്ഞിട്ടുളളത്.  ആമുഖത്തില്‍ പറയുന്ന മൂല്യങ്ങള്‍ പൂര്‍ണ്ണമായി സാക്ഷാത്കരിക്കുന്നതിനുളള സാധ്യതകള്‍ എങ്ങനെയൊക്കെ പ്രായോഗികമാക്കണമെന്നാണ് പിന്നീടുളള അനുച്ഛേദങ്ങളില്‍ പറയുന്നത്.

ഭരണഘടന തുടങ്ങുന്നതു തന്നെ "We the people of India"  (ഭാരതത്തിലെ ജനങ്ങളായ നമ്മള്‍) എന്നാണ്. ഭരണഘടനയുടെ മൂലാധാരം രാജ്യത്തെ ജനങ്ങളാണ് എന്നാണ് ഇതിന് അര്‍ത്ഥം.  ദൈവനാമത്തില്‍ ഭരണഘടന ആരംഭിക്കണമെന്ന എച്ച് വി കാമത്തിനെപ്പോലുളളവരുടെ വാദം വോട്ടിനിട്ടു പരാജയപ്പെടുത്തിയായിരുന്നു ഭരണഘടനയുടെ തുടക്കം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. Soverein (പരമാധി കാര) Socialist (സ്ഥിതി സമത്വ) Secular (മതനിരപേക്ഷ), Democratic (ജനാധിപത്യ) Republic(അംഗങ്ങള്‍ക്കെല്ലാം തുല്യാവകാശമുളള) രാഷ്ട്രമായി ഇന്ത്യയെ രൂപപ്പെടുത്തുന്നു എന്നാണ് പറഞ്ഞിട്ടുളളത്. ഈ അഞ്ചു വാക്കുകളും ഭരണഘടന എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.  ഇത് മൂല്യവത്തായി സൂക്ഷിക്കുന്നതിന് എന്തൊക്കെ വേണമെന്ന് ആമുഖത്തില്‍ തുടര്‍ന്നു പറയുന്നുണ്ട്. അതാണ് രാജ്യത്തെ എല്ലാ പൗരര്‍ക്കും നീതി (Justice), സ്വാതന്ത്ര്യം (LIiberty, സമത്വം (Equality), സാഹോദര്യം (Fraternity) എന്നിവ പ്രാപ്തമാക്കുക വഴിയാണ് നേരത്തെ പറഞ്ഞ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുക, എന്നു പറഞ്ഞാല്‍ സ്വാതന്ത്ര്യത്തിലും, സമത്വത്തിലും, സാഹോദര്യത്തിലും അധിഷ്ഠിതമായ രാഷ്ടീയസാമൂഹ്യജീവിതം യാഥാര്‍ത്ഥ്യമാക്കുന്നതിനുളള നടപടികളിലൂടെ മാത്രമേ ഭരണഘടന സംരക്ഷിക്കപ്പെടൂ. അതിലൂടെ മാത്രമേ നമ്മുടെ രാഷ്ട ശില്‍പ്പികള്‍ സ്വപ്നം കണ്ട സ്ഥിതി സമത്വ രാഷ്ടം സാക്ഷാത്കരിക്കപ്പെടൂ. എല്ലാ മനുഷ്യനും തുല്യരാണ്. (അനുഛേദം 14), ജാതി,മത, വര്‍ഗ പ്രാദേശിക ഭേദങ്ങളുടെ പേരില്‍ വിവേചനം പാടില്ല. (അനുഛേദം 15) അസ്പൃശ്യത പാടില്ല (അനുഛേദം 17), അഭിപ്രായ സ്വതന്ത്ര്യം (അനുഛേദം19(1)എ), ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (അനുഛേദം 21), ജീവസന്ധാരണത്തിന് സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം (അനുഛേദം 39 എ), സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം(അനുഛേദം 39 ഡി) എന്നിവയെല്ലാം തുല്യതയും, സ്വാതന്ത്ര്യവും, സാഹോദര്യവും ഉറപ്പുവരുത്തുന്നതിനുളള ഉപാധികളായാണ് ഭരണഘടന രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് ഭരണഘടന കേവലമായ ഒരു നിയമപ്രമാണം (Legal Document) അല്ല, മറിച്ച് അതൊരു ധാര്‍മിക പ്രമാണം (Ethical Document) ആണ്. അതുകൊണ്ടാണ് ജനാധിപത്യം പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ രാഷ്ടീയ ജനാധിപത്യത്തിനൊപ്പം സാമൂഹ്യജനാധിപത്യവും, സാമ്പത്തിക ജനാധിപത്യവും അനിവാര്യമാണെന്ന് അംബേദ്കര്‍ വാദിച്ചത്. മറ്റൊരു മൂല്യമാണ് സാഹോദര്യം.

ഈ മൂല്യവ്യവസ്ഥകള്‍ പരിപാലിച്ചുകൊണ്ടാണോ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഭരണഘടന സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്? നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയൊക്കെ സംരക്ഷിക്കാന്‍ ഇദ്ദേഹം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുവേണ്ടേ, ഭരണഘടനാ സംരക്ഷണമെന്ന വലിയ വാക്കുകള്‍ പറയാന്‍.  അടുത്തയിടെയായി ഏതു പ്രഭാതത്തിലും ടിവിസെറ്റ് ഓണ്‍ ചെയ്താല്‍ നമ്മുടെ ഗവര്‍ണറുടെ ക്രോധാവേശം കൊമ്പുകുലുക്കിയാടുന്ന രൂപവും, വാക്കുകളുമാണ് പ്രേക്ഷകര്‍ കാണുന്നത്.  ഗവര്‍ണര്‍ എന്ന പദവിയുടെ മൂല്യവിശുദ്ധിയൊക്കെ മാറ്റിവയ്ക്കാം.  പക്ഷേ എഴുപതു കഴിഞ്ഞ ഒരു മനുഷ്യന്‍ സംസാരത്തിലും പ്രതികരണങ്ങളിലും കാണിക്കേണ്ട സാധാരണ ഔചിത്യമോ, മര്യാദയോ എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ നോക്കിലും വാക്കിലും കാണാന്‍ കഴിയാത്തത്? 

ഭാഷാസ്വരൂപത്തെക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്തിട്ടുളളയാളാണ് മാര്‍ട്ടിന്‍ ഹെയ്ഡഗര്‍. ഭാഷ ഉണ്മയുടെ പാര്‍പ്പിടമാണ് എന്നാണ് ഹെയ്ഡഗര്‍ പറഞ്ഞിട്ടുളളത്. ഭാഷയിലൂടെ ഒരാളുടെ വ്യക്തിത്വം തന്നെ നിലീനമാക്കപ്പെടും എന്നും ഹെയ്ഡഗര്‍ പറയുന്നുണ്ട്. ശരീരഭാഷ ഒരാളുടെ വ്യക്തിത്വം വെളിവാക്കുമെന്നും ഹെയ്ഡഗര്‍ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യര്‍ നടത്തുന്ന ആശയവിനിമയത്തിന്‍റെ പകുതിയിലേറെയും വാചികമല്ലാത്ത വിധത്തിലാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ വാക്കുകളും, ഭാഷയും, അവ പുറത്തേക്കുവരുമ്പോഴുളള മുഖഭാവവും, അതില്‍ തെളിയുന്ന ക്രോധത്തിന്‍റേയും, പകയുടേയും, വിദ്വേഷത്തിന്‍റേയും മിന്നിമറയലും ശ്രദ്ധിച്ചു നോക്കുക. അദ്ദേഹം പറയുന്ന വാക്കുകളും അതിനുപയോഗിക്കുന്ന ശരീരഭാഷയും മനസ്സില്‍ നന്മയുടേയോ, കാരുണ്യത്തിന്‍റേയോ ലവലേശമെങ്കിലും ഉളള ആളുടേതാണെന്നു കണക്കാക്കാന്‍ വയ്യ. ഭരണഘടനാപദവിയാണ് സാങ്കേതികമായി ഭരണത്തലവനാണ് എന്നൊക്കെ പറഞ്ഞാലും, ഗവര്‍ണര്‍ ഉണ്ടുറങ്ങുന്നതും, രാജ്യമാകെ ഉല്ലാസവാനായി വിലസിനടക്കുന്നതും ഈ കേരളത്തിന്‍റെ തണലിലും, സന്മനസിലും ആണെന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആഹാരڊനീഹാരനിദ്രകള്‍ക്കൊക്കെ എന്തൊക്കെ ആര്‍ഭാടങ്ങള്‍ വേണോ, അതെല്ലാം. ദുരിതഭാരങ്ങളില്‍ ക്ലേശിക്കുമ്പോഴും കേരളവും, ഇവിടത്തെ ഗവണ്‍മെന്‍റും നല്‍കുന്നുണ്ട്.

കഴിഞ്ഞ ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ നടന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു ലക്ഷ്യംവച്ച് ആര്‍എസ്എസ് നേതൃത്വത്തെ രസിപ്പിക്കാനായിരുന്നു ഖാന്‍റെ ചെപ്പടിവിദ്യകള്‍ എന്നു പാട്ടായിരുന്നു.  ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ നിരന്തര ഡല്‍ഹി യാത്രകള്‍ ഇതിനു തെളിവാണ്.  ഔദ്യോഗിക പരിപാടികളൊന്നുമില്ലാതെ നടത്തിയ ഡല്‍ഹിയാത്രകളും, അവിടെ നടത്തിയ ചരടുവലികളും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും, രാഷ്ടീയ നേതാക്കള്‍ക്കും നല്ല ബോധ്യമുളളതാണ്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, കസേരകള്‍ ലക്ഷ്യമിട്ട് ആര്‍എസ്എസിനെയും ബിജെപിയെയും കോരിത്തരിപ്പിക്കുന്ന വര്‍ത്തമാനങ്ങളും, നിലപാടുകളും എടുത്ത മറ്റുചില ഗവര്‍ണര്‍മാര്‍ കൂടിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ ആര്‍ എന്‍ രവി തെലങ്കാനയിലെ തമിഴ് സെയ്സൗന്ദരരാജന്‍ പശ്ചിമബംഗാളിലെ ജഗദീപ്ധന്‍കര്‍ എന്നിവരായിരുന്നു അവര്‍.  ഇവര്‍ നാലുപേരും അതാതിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാനും, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും ആവുന്നതെല്ലാം ചെയ്തു.

മറ്റു സംസ്ഥാനങ്ങളിലും 
ഗവര്‍ണര്‍മാര്‍ പ്രശ്നം 
സൃഷ്ടിക്കുന്നു

  തമിഴ്നാട്ടില്‍ ആര്‍ എന്‍ രവി ചുമതലയേറ്റ കാലം മുതല്‍ അവിടത്തെ ഗവണ്‍മെന്‍റ് പാസ്സാക്കിയ 20 ബില്ലുകള്‍ ഒപ്പിടാതെ വച്ചിരിക്കുകയാണ്.  ഗവര്‍ണര്‍ എന്ന നിലയില്‍ രവി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നും, ഇദ്ദേഹം വര്‍ഗീയڊവിദ്വേഷ പ്രസംഗങ്ങളും പ്രവൃത്തികളും നിരന്തരം നടത്തുകയാണെന്നും, അതുകൊണ്ട് ടിയാനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

തമിഴ് സായ്സൗന്ദരരാജന്‍ തെലങ്കാനയിലെ ടിആര്‍എസ് ഗവണ്‍മെന്‍റ് കൊണ്ടുവന്ന തെലങ്കാന യൂണിവേഴ്സിറ്റീസ് കോമണ്‍ റിക്രൂട്ട്മെന്‍റ് ബില്‍ അടക്കം ആറു ബില്ലുകള്‍ ഒപ്പിടാതെ വച്ചിരിക്കുകയാണ്.  ആരിഫ് മുഹമ്മദ്ഖാന്‍ പറയുന്നതുപോലെ, സംസ്ഥാന സര്‍ക്കാര്‍ തന്നെ അധിക്ഷേപിക്കുകയാണെന്നാണ് ഇവരുടെ പരാതി.

ജഗ്ദീപ്ധന്‍കറാകട്ടെ, പശ്ചിമബംഗാളിലെ തൃണമൂല്‍ ഗവണ്‍മെന്‍റിനോട് കൊമ്പുകോര്‍ക്കുകയാണു ചെയ്തത്.  ഇതിനായി സ്ഥിരം പത്ര ദൃശ്യമാധ്യമങ്ങള്‍ മാത്രമല്ല, സാമൂഹ്യമാധ്യമമായ ട്വിറ്ററും ധന്‍കര്‍ വ്യാപകമായി ഉപയോഗിച്ചു.  ജഗ്ദീപ് ധന്‍കറാണ് ബംഗാളിലെ ശരിക്കുളള പ്രതിപക്ഷനേതാവെന്ന് ഒരു ഘട്ടത്തില്‍ അവിടത്തെ മുഖ്യമന്ത്രി മമതാബാനര്‍ജി പറയുകയും ചെയ്തു.

ഇങ്ങനെ സംസ്ഥാന സര്‍ക്കാരുകളുമായി കലഹിച്ച് ആര്‍എസ്എസ് നേതൃത്വത്തെ ഏറെ സന്തോഷിപ്പിച്ചത് ധന്‍കറായതുകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞ ആഗസ്റ്റ് 11 ന് ഉപരാഷ്ട്രപതിയായി മാറാനും കഴിഞ്ഞു. എല്ലാവരേയും അത്ഭുതപ്പെടുത്തിയാണ് ധന്‍കര്‍ ഉപരാഷ്ട്രപതിയായത് എന്ന് അക്കാലത്ത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചുരുക്കത്തില്‍ ആര്‍എസ്എസ് നേതൃത്വത്തെ സുഖിപ്പിച്ച് ഉപരാഷ്ട്രപതിക്കസേര സ്വന്തമാക്കാന്‍ കഴിഞ്ഞത് രാജസ്താന്‍കാരനായ ജഗ്ദീപ്ധന്‍കറാണ് എന്നുമാത്രം.

ആരിഫ് ഖാന്‍റെ 
നിരാശയ്ക്ക് കാരണം

ഉപരാഷ്ട്രപതി സ്ഥാനം വേറെ ആളുകള്‍ കൈപ്പിടിയിലാക്കിയതോടെ ഉടലെടുത്ത നിരാശ ആരിഫ് മുഹമ്മദ്ഖാന് തന്നോടുതന്നെ ദേഷ്യവും പകയും വിദ്വേഷവും ഒക്കെ തോന്നുന്ന സ്ഥിതിയുണ്ടാക്കി എന്നുവേണം കരുതാന്‍.  അതില്‍ നിന്നുളള വികാര വിരേചനയ്ക്കുകൂടിയാവാം ഖാന്‍ കൂടുതല്‍ ക്രൂദ്ധനായി മാറിക്കൊണ്ടിരിക്കുന്നത്.  

ജഗ്ദീപ് ധന്‍കറും 
ആരിഫ്ഖാനും

സാന്ദര്‍ഭികമായി പറയാവുന്ന മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം.  ജഗ്ദീപ് ധന്‍കര്‍ക്കും  ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. ഇരുവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഴികെയുളള മിക്കവാറും പാര്‍ട്ടികളില്‍ ഭാഗ്യാന്വേഷികളായി അലഞ്ഞവരും ഭാഗ്യം തരപ്പെടുത്തിയവരുമാണ്. ജനതാദളില്‍ തുടങ്ങി, കോണ്‍ഗ്രസിലൂടെയാണ് ജഗ്ദീപ് ധന്‍കര്‍ ബിജെപി യില്‍ എത്തിയത്. ആരിഫ് മുഹമ്മദ്ഖാനാകട്ടെ ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയില്‍ ആരംഭിച്ച്, കോണ്‍ഗ്രസ് ആയി മാറി. പിന്നിട് ജനതാദളില്‍ ചേക്കേറി. അവിടെ നിന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയില്‍ അഭയം തേടി. ഒടുവില്‍ 2004 ല്‍ ആഖജ യില്‍ എത്തിയയാളാണ്.

ജഗ്ദീപ് ധന്‍കറുമായുളള താരതമ്യത്തില്‍ ആരിഫ് മുഹമ്മദ്ഖാന് ഒരു പ്ലസ് പോയിന്‍റ് കൂടിയുണ്ട്. 1988-91 കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുപ്രസിദ്ധി നേടിയ ജെയിന്‍ ഹവാല കേസില്‍ കയറിക്കൂടാനുളള അവസരം സ്വയം സൃഷ്ടിച്ചയാളാണ് നമ്മുടെ ഗവര്‍ണര്‍, അന്ന് ഖാന്‍ കേന്ദ്ര  ഊര്‍ജ്ജ വ്യോമയാന മന്ത്രിയായിരുന്നു.  ജെയിന്‍ ഹവാല കേസില്‍ 115 രാഷ്ട്രീയ നേതാക്കള്‍ക്കായി 65 കോടി നല്‍കി എന്നായിരുന്നു ആരോപണം.  ഇതില്‍ ഏറ്റവും കൂടുതല്‍ ഹവാല പണം ലഭിച്ചത് (7.63 കോടി രൂപ) കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ്ഖാനായിരുന്നു എന്നാണ് പത്രപ്രവര്‍ത്തകനായ സഞ്ജയ് കപൂര്‍ എഴുതിയ 'ബാഡ് മണി', 'ബാഡ് പൊളിറ്റിക്സ്' എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുളളത്. കവാസ്(സമംമെ) എന്ന പവര്‍ പ്രോജക്ട് എയ്സ്താന്‍ (അലശവെേമി) എന്ന ഫ്രഞ്ചു കമ്പനിക്ക് നല്‍കിയതിന് ഖാന് ഏഴുകോടി ഹവാല പണം ലഭിച്ചു എന്നായിരുന്നു ആരോപണം. ജെയിന്‍ സഹോദരന്‍മാര്‍ വഴിയാണ് ആരിഫ് മുഹമ്മദ്ഖാന് പണം നല്‍കിയതെന്നും പ്രസ്തുത പുസ്തകത്തില്‍ ആരോപിച്ചിട്ടുണ്ട്. ട്രക്കുകളടക്കം നിരവധി വാഹനങ്ങള്‍ ഹവാല പണം ഉപയോഗിച്ച് ഇദ്ദേഹം വാങ്ങിയെന്നും, ഡല്‍ഹിയില്‍ സെയ്ദ് എന്ന പേരില്‍ ലോക്കര്‍ തരപ്പെടുത്തിയെന്നും സഞ്ജയ് കപൂര്‍ ആരോപിക്കുന്നുണ്ട്. ഏതായാലും തെളിവുകളുടെ അഭാവത്തില്‍ ആരിഫ് മുഹമ്മദ്ഖാന്‍ ജെയിന്‍ ഹവാല കേസില്‍ നിന്ന് തടിയൂരിയതും ചരിത്രമാണ്.

തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടേയും, മന്ത്രിസഭയുടേയും തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചുമാത്രമേ ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നറിയാത്തയാളല്ല ആരിഫ് മുഹമ്മദ്ഖാന്‍.  പക്ഷേ സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്‍റെ ഇഷ്ടപിളളയായി വിലസാന്‍ മാത്രമേ അദ്ദേഹം ഉദ്ദേശിച്ചിട്ടുളളൂ. അതിനു മാത്രമേ അദ്ദേഹത്തിനു സാധിക്കുകയുമുളളൂ. ജനങ്ങളുടെ അംഗീകാരം വാങ്ങി തങ്ങളുടെ സാന്നിധ്യം അറിയിക്കാനാവില്ല കേരളത്തില്‍ എന്നറിയാവുന്ന ആഖജഞടട നേതൃത്വവും ആരിഫ് മുഹമ്മദ്ഖാനും, പൊയ്ക്കാലില്‍ ആടുകമാത്രമാണു ചെയ്യുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് ബിജെപി-ആര്‍എസ്എസ് ജുഗുപ്സാരാഷ്ട്രീയത്തിന്‍റെ പിത്തലാട്ടക്കാരനായി തുടരാന്‍ ആരിഫ് മുഹമ്മദ്ഖാന്‍ തീരുമാനിച്ച സ്ഥിതിക്ക്, ഇതിലെ അസംബന്ധങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുളള ശ്രമങ്ങളാണ് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് നടത്താനുളളത്.•