ഗുജറാത്ത് എന്ന സംഘപരിവാര്‍ ലാബില്‍ ത്രികോണ പോര്

എം പ്രശാന്ത്

സംഘപരിവാറിന്‍റെ വര്‍ഗീയ പരീക്ഷണശാലയെന്ന വിശേഷണമാണ് കാലങ്ങളായി ഗുജറാത്തിനുള്ളത്.  1980 കളില്‍ വിഎച്ച്പിയെയും മറ്റും മുന്‍നിര്‍ത്തി അയോധ്യ വിഷയമുയര്‍ത്തിയാണ് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ വര്‍ഗീയതയുടെ വിളവെടുപ്പ് ആരംഭിച്ചത്. ഗുജറാത്തിലും ഇതേ കാലത്തുതന്നെയാണ് സംഘപരിവാര്‍ കരുത്താര്‍ജിച്ചത്. സ്വാതന്ത്ര്യാനന്തരം ബോംബെ സ്റ്റേറ്റിന്‍റെ ഭാഗമായിരുന്ന ഘട്ടം മുതല്‍ ജനസംഘവും ആര്‍എസ്എസും ഗുജറാത്ത് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒരു തിരഞ്ഞെടുപ്പുശക്തിയായി മാറാന്‍ ജനസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഗുജറാത്ത് പ്രത്യേക സംസ്ഥാനമായതിനുശേഷം 1962 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ജനസംഘത്തിന് ഒരു സീറ്റില്‍പോലും ജയിക്കാനായില്ല. 1967 ല്‍ ഒരു സീറ്റോടെ നിയമസഭയില്‍ ഇടംപിടിച്ചു.

1975 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഘം 18 സീറ്റു നേടി. സംഘടനാ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആദ്യമായി ഗുജറാത്തില്‍ ഒരു സഖ്യസര്‍ക്കാരിന്‍റെ ഭാഗമായി. രണ്ടു മന്ത്രിമാരെയും ലഭിച്ചു. എന്നാല്‍ 1980 ലെയും 85 ലെയും തിരഞ്ഞെടുപ്പുകളില്‍ ജനസംഘിന്‍റെ പുതിയ പതിപ്പായ ബിജെപി പിന്നോക്കം പോയി. ഇവിടെ നിന്നാണ് അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണം പ്രധാന അജന്‍ഡയാക്കി മാറ്റി ഗുജറാത്തിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ സംഘപരിവാര്‍ സ്വാധീനമുറപ്പിച്ചു തുടങ്ങിയത്. 1990 ലെ തിരഞ്ഞെടുപ്പില്‍ 67 സീറ്റോടെ രണ്ടാമത്തെ കക്ഷിയായി. എഴുപത് സീറ്റ് നേടിയ ജനതാദളിനൊപ്പം സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു. 1975 ലേത് ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏകപക്ഷീയ വിജയം നേടിയിരുന്ന കോണ്‍ഗ്രസിന്‍റെ പടിയിറക്കവും 1990 ല്‍ ആരംഭിച്ചു. 1990 ല്‍ 33 സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസിന് പിന്നീടൊരിക്കലും 182 അംഗ നിയമസഭയില്‍ എണ്‍പത് കടക്കാനായില്ല.

ബാബറി മസ്ജിദ് ധ്വംസനത്തിന് മുന്നോടിയായുള്ള 1990 ലെ രക്തരൂക്ഷിതമായ രഥയാത്രയ്ക്ക് ബിജെപി നേതാവ് എല്‍ കെ അദ്വാനി തുടക്കമിട്ടത് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നായിരുന്നു. എണ്‍പതുകളില്‍ സൂറത്തിലും വഡോദരയിലുമൊക്കെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് മതധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാരം തുടക്കമിട്ടിരുന്നെങ്കിലും യഥാര്‍ത്ഥത്തിലുള്ള തീവ്രഹൈന്ദവ രാഷ്ട്രീയ ലാബറട്ടറിയായി ഗുജറാത്ത് മാറിയത് അദ്വാനിയുടെ രഥയാത്ര മുതലാണ്. രഥമുരുണ്ടിടത്തെല്ലാം ചോര വീണു. ഗുജറാത്തിലെ 10 ശതമാനം ന്യൂനപക്ഷ ജനത പിന്നീടിങ്ങോട്ട് ഭീതിയില്‍ മാത്രമാണ് കഴിയുന്നത്. മതനിരപേക്ഷ പാര്‍ടിയെന്ന ലേബലില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിച്ചിരുന്ന കോണ്‍ഗ്രസിന് ആ സ്ഥാനം എണ്‍പതുകളില്‍ തന്നെ നഷ്ടമായിത്തുടങ്ങിയിരുന്നു. ബാബറി വിഷയം ഉയര്‍ത്തി ബിജെപിയും സംഘപരിവാരവും നടത്തിയ വര്‍ഗീയ പ്രചാരണത്തോട് മൃദുസമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മാത്രമല്ല കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി തന്നെ സംഘപരിവാര്‍ അജന്‍ഡയോട് യോജിക്കുകയും ചെയ്തു. മൃദുവര്‍ഗീയതകൊണ്ട് പിടിച്ചുനില്‍ക്കാമെന്ന കോണ്‍ഗ്രസ് മോഹം വേഗത്തില്‍ കെട്ടടങ്ങി. 'ഖാം' (ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലീം) എന്ന കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പുകളിലെ വിജയ സമവാക്യം വേഗത്തില്‍ പൊളിഞ്ഞു. ഹൈന്ദവ വികാരമുയര്‍ത്തി സവര്‍ണ വോട്ടുകളിലേക്കും പിന്നാക്ക വോട്ടുകളിലേക്കും ബിജെപി കടന്നുകയറി. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായ ന്യൂനപക്ഷ വോട്ടര്‍മാരും മറ്റ് പാര്‍ടികളെ പരീക്ഷിച്ചു തുടങ്ങി.

ഗുജറാത്തിലെ ഹൈന്ദവ ലബോറട്ടറിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത് നരേന്ദ്രമോദിയാണ്. അയോധ്യ കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാവില്ലെന്ന് വന്നതോടെ വംശഹത്യാ ശ്രമമെന്ന ഫാസിസ്റ്റ് അജന്‍ഡയിലേക്ക് മോദി നീങ്ങി. 2002 ഫെബ്രുവരി അവസാനം കര്‍സേവകര്‍ സഞ്ചരിച്ച ട്രെയിനില്‍ തീപടര്‍ന്ന് 59 പേര്‍ വെന്തുമരിച്ചത് ഭൂരിപക്ഷ വികാരത്തെ ആളിക്കത്തിക്കാന്‍ അവസരമാക്കി മാറ്റി. ഭരണകൂടം കണ്ണടച്ചതോടെ ഗുജറാത്തിന്‍റെ തെരുവീഥികളില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ടു. വംശഹത്യാ നീക്കം ദിവസങ്ങളോളം നീണ്ടു. ആയിരങ്ങള്‍ മരിച്ചു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുമായി (127) ബിജെപി അധികാരം പിടിച്ചു. 1998 മുതല്‍ ബിജെപിയുടെ തുടര്‍ച്ചയായ ഭരണത്തിലാണ് ഗുജറാത്ത്. 2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ മോദിയായിരുന്നു മുഖ്യമന്ത്രി. 2014 ല്‍ മോദി പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ മാറിവന്നു.

മൂന്നാം ശക്തിയായി 
ആംആദ്മി പാര്‍ടി

ഗുജറാത്ത് സംസ്ഥാനമായതിനു ശേഷമുള്ള 14ڊാമത് നിയമസഭാ തിരഞ്ഞെടുപ്പാണ് ഡിസംബര്‍ ഒന്ന്, നാല് തീയതികളിലായി നടക്കുക. 1990 മുതല്‍ കോണ്‍ഗ്രസും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടുന്ന ഗുജറാത്തില്‍ ഒരു മൂന്നാം ശക്തിയായി ആംആദ്മി പാര്‍ടിയുടെ കടന്നുവരവാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2021 ഫെബ്രുവരിയില്‍ സൂറത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഇരുപതിലേറെ സീറ്റ് നേടിയതാണ് ഗുജറാത്തിലെ എഎപിയുടെ തിരഞ്ഞെടുപ്പ് നേട്ടം. നഗരങ്ങളിലാണ് എഎപിക്ക് പ്രകടമായ സ്വാധീനം. എഎപിയുടെ കടന്നുവരവ് ബിജെപിക്ക് ചങ്കിടിപ്പ് സൃഷ്ടിക്കുന്നതും ഇക്കാരണത്താലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് തുടങ്ങി നഗരമേഖലകള്‍ പൂര്‍ണമായും ബിജെപിക്കൊപ്പമായിരുന്നു. ആകെയുള്ള 55 നഗര സീറ്റുകളില്‍ 44 ലും ബിജെപി ജയിച്ചു. 77 സീറ്റ് നേടി മുന്നേറ്റം കൈവരിച്ച തിരഞ്ഞെടുപ്പായിട്ടും കോണ്‍ഗ്രസിന് 11 നഗര സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതേ സമയം അര്‍ദ്ധ നഗരڊ ഗ്രാമ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലെത്തുകയും ചെയ്തു. 127 അര്‍ദ്ധനഗര ഗ്രാമ മണ്ഡലങ്ങളില്‍ 72 ഇടത്ത് കോണ്‍ഗ്രസും സഖ്യകക്ഷികളും ജയിച്ചു. ബിജെപിക്ക് ലഭിച്ചത് 55 സീറ്റുകള്‍ മാത്രം. കാലങ്ങളായി ബിജെപിയുടെ ശക്തികേന്ദ്രമായ സൗരാഷ്ട്രڊ കച്ച് മേഖലയില്‍ 54 ല്‍ മുപ്പത് സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയതില്‍ നഗര സീറ്റുകള്‍ നിര്‍ണായകമായി. നഗരങ്ങളിലെ മധ്യവര്‍ഗത്തെ ഇക്കുറി എഎപി സ്വാധീനിക്കുമോയെന്ന ആശങ്ക ബിജെപിക്ക് ശക്തമായുണ്ട്. ത്രികോണ മല്‍സരം നഗരങ്ങളില്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന നിരീക്ഷണവുമുണ്ട്. എന്തായാലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും മറ്റും അണിനിരത്തി കടുത്ത പ്രചാരണമാണ് എഎപി നടത്തുന്നത്.

അലസരായി കോണ്‍ഗ്രസ്
ബിജെപിയും എഎപിയും മാസങ്ങള്‍ക്കു മുമ്പുതന്നെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് യാതൊരു തയ്യാറെടുപ്പും നടത്തിയിരുന്നില്ല. സംസ്ഥാനത്ത് രണ്ട് ജാഥകള്‍ പ്രഖ്യാപിച്ചെങ്കിലും ആ സമയത്ത് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാല്‍ ഉപേക്ഷിച്ചു. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് എത്തിയിട്ട് കാലങ്ങളായി. ബിജെപിയുടെ കരുത്തിനെ നേരിടാന്‍ തക്ക ഒരു നേതാവ് സംസ്ഥാന കോണ്‍ഗ്രസിലുമില്ല. മുതിര്‍ന്ന നേതാവായ ഭരത് സിങ് സോളങ്കി ചില വിവാദങ്ങളിലും മറ്റും കുടുങ്ങി പ്രതിച്ഛായ നഷ്ടമായ നിലയിലുമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്കുണ്ടായി. 21 എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലും ഒബിസി നേതാവായ അല്‍പേഷ് ഠാക്കൂറും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. ഒഴുക്ക് തടയാന്‍ ഒരു ശ്രമവും കോണ്‍ഗ്രസിന്‍റെ കേന്ദ്രനേതൃത്വത്തില്‍ നിന്നുണ്ടായില്ല.

നേതാവില്ലാതെ ബിജെപി
ഭൂപേന്ദ്ര പട്ടേല്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും ഒരു നേതാവില്ലാത്ത അവസ്ഥയില്‍ തന്നെയാണ് സംസ്ഥാന ബിജെപി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജനകീയനല്ല. വിജയ് റുപാണിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയ ഘട്ടത്തില്‍ പട്ടേല്‍ വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ടാണ് ഭൂപേന്ദ്രയെ മോദിയും ഷായും മുഖ്യമന്ത്രിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ പത്തിലേറെ പേര്‍ക്ക് സീറ്റ് നല്‍കിയതും നിതിന്‍ പട്ടേല്‍, വിജയ് റുപാണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ നിര്‍ബന്ധപൂര്‍വം മല്‍സരരംഗത്തു നിന്ന് മാറ്റിയതും ബിജെപിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നാല്‍പ്പതോളം സിറ്റിങ് എംഎല്‍എമാരെയും ഒഴിവാക്കി. ഇവരില്‍ പലരും വിമതസ്ഥാനാര്‍ത്ഥികളായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍വിരുദ്ധ 
വികാരവും ശക്തം

24 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലുള്ള ബിജെപിക്കെതിരായി ഭരണവിരുദ്ധവികാരവും ശക്തമാണ്. ഏറ്റവും ഒടുവില്‍ സംഭവിച്ച മോര്‍ബി ദുരന്തവും സര്‍ക്കാരിന് തിരിച്ചടിയായി. സ്വകാര്യ കുത്തകകളും ബിജെപിയുമായുള്ള അവിശുദ്ധ ബന്ധം കൂടിയാണ് മോര്‍ബി ദുരന്തത്തിലൂടെ മറനീക്കിയത്. അറ്റകുറ്റപ്പണികള്‍ക്കായി അടച്ച പാലം യാതൊരു ഫിറ്റ്നസ് പരിശോധനയും കൂടാതെ തുറന്നുകൊടുത്തതാണ് ദുരന്തത്തിനു വഴിവെച്ചത്. ഇതോടൊപ്പം അനുവദനീയമായതിലും പലമടങ്ങ് ആളുകളെ പാലത്തില്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ മുന്‍സിപ്പല്‍ ഭരണമടക്കം ബിജെപിക്കാണ്. അതുകൊണ്ട് ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകക്ഷിക്ക് ഒരു കാരണവശാലും മാറിനില്‍ക്കാനാവില്ല. ഇവിടെ സിറ്റിങ് എംഎല്‍എയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചെങ്കിലും ദുരന്തം സൃഷ്ടിച്ച വൈകാരികതയ്ക്ക് ശമനമാകില്ല
.
വിലക്കയറ്റം, തൊഴിലില്ലായ്മ, പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകള്‍, അധ്യാപകരില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍, ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത ആശുപത്രികള്‍ തുടങ്ങി നിരവധി ജനകീയ വിഷയങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരായുണ്ട്. മല്‍സ്യബന്ധനം ഉപജീവനമായുള്ള തീരദേശങ്ങളില്‍ കയറ്റുമതിയില്‍ വന്നിട്ടുള്ള ഇടിവ് എന്നിവയും തിരഞ്ഞെടുപ്പ് വിഷയമായി ഉയരുന്നുണ്ട്. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും ഗോസംരക്ഷണ നയങ്ങള്‍ ശക്തമായ സംസ്ഥാനത്ത് കറവവറ്റി അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ബിജെപിക്ക് തലവേദനയാണ്. എന്നാല്‍ മോദിയെ മുന്നില്‍ നിര്‍ത്തി എല്ലാ പ്രതിബന്ധവും മറികടക്കാമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്. സംസ്ഥാനത്ത് ഇരുപതോളം റാലികളില്‍ മോദി പങ്കെടുക്കുമെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ നിരവധി പദ്ധതി പ്രഖ്യാപനങ്ങളുമായി പലവട്ടം മോദി ഗുജറാത്തില്‍ വന്നുപോയിരുന്നു. ചിതറിയ പ്രതിപക്ഷം തന്നെയാണ് ഗുജറാത്തില്‍ ബിജെപിയുടെ പ്രതീക്ഷ. •