സുധാകരന്‍ കോണ്‍ഗ്രസിനെ നയിക്കുന്നതെങ്ങോട്ട്?

സി പി നാരായണന്‍

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണ്; സിപിഐ എമ്മിനോടാണ് ബദ്ധവൈരം. അമ്പതുവര്‍ഷം മുമ്പ് തലശ്ശേരി ലഹളക്കാലത്ത് കണ്ണൂരില്‍ തന്‍റെ പ്രദേശത്ത് ചില ആര്‍എസ്എസ് ശാഖകള്‍ക്കു സംരക്ഷണം നല്‍കിയത്, അന്നു സംഘടനാ കോണ്‍ഗ്രസ്സിലായിരുന്ന അദ്ദേഹം ഇപ്പോള്‍ ഓര്‍ത്തത് ബോധപൂര്‍വമാണ്. അന്ന് ആര്‍എസ്എസും അതുമായി ബന്ധപ്പെട്ട കക്ഷിയും ദുര്‍ബലമായിരുന്നെങ്കില്‍, ഇന്ന് അവ രാജ്യത്തെ ഭരണകക്ഷിയെ നയിക്കുന്നു. കോണ്‍ഗ്രസ്സാണെങ്കില്‍ ഇന്നു ദുര്‍ബലമാണ്. കേരളത്തില്‍ തുടര്‍ച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് പരാജയപ്പെട്ട് പ്രതിപക്ഷത്താണ്. അത് അധികാരക്കൊതിയരായ സുധാകരനെപ്പോലുള്ളവരെ വല്ലാതെ അസ്വസ്ഥമാക്കുന്നു.

അതിനാല്‍ കേന്ദ്ര ഭരണകക്ഷിക്ക് പ്രത്യയശാസ്ത്ര നേതൃത്വം നല്‍കുന്ന ആര്‍എസ്എസുമായി പണ്ടുണ്ടായിരുന്ന ബന്ധം അദ്ദേഹം പരസ്യമായി സ്മരിക്കുന്നു. കേരളത്തിലെ തങ്ങളുടെ ബദ്ധശത്രുവായ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പരാജയപ്പെടുത്താന്‍ അവരുടെ സഹായം കൂടിവേണമെന്ന ചിന്തയായിരിക്കണം ഈ വഴിക്ക് പരസ്യമായി അഭിപ്രായപ്രകടനം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിന്നീടുവന്ന പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത് ഇക്കാര്യം സ്വന്തം പാര്‍ടിയിലോ യുഡിഎഫിലോ ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ്. അത് അവരുടെ കാര്യം
.
ആര്‍എസ്എസുമായി കൂട്ടുകൂടുന്നതിനു കെ സുധാകരന്‍ പറഞ്ഞ ന്യായമാണ് രസകരം. സ്വാതന്ത്ര്യസമ്പാദന വേളയില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ അതില്‍ അംഗമാക്കി എന്ന്. അന്നത്തെ സ്ഥിതിയാണോ ഇന്നുള്ളത്? രാജ്യം രണ്ടായി പകുത്ത് പാകിസ്താന്‍ നിലവില്‍ വന്നു. ബംഗാള്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ലക്ഷക്കണക്കിനു ആളുകള്‍ക്ക് സ്വന്തം വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നു. ഒട്ടനവധിപേര്‍ വര്‍ഗീയലഹളയില്‍ കൊല്ലപ്പെട്ടു.

ആ സ്ഥിതിയില്‍ താല്‍ക്കാലികമായാണ് നെഹ്റു വിവിധ കക്ഷിനേതാക്കളെ ചേര്‍ത്ത് മന്ത്രിസഭ രൂപീകരിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടപ്പോള്‍ മന്ത്രിസഭ കോണ്‍ഗ്രസ്സിന്‍റേത് മാത്രമായി. മാത്രമല്ല, മഹാത്മാഗാന്ധിയെ ആര്‍എസ്എസുകാരനായ ഗോഡ്സെ വെടിവെച്ചുകൊന്നപ്പോള്‍ ആര്‍എസ്എസിനെ നെഹ്റു സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. അന്നുണ്ടായ ആര്‍എസ്എസ് വിരോധം കോണ്‍ഗ്രസ് ഏറെക്കാലം നിലനിര്‍ത്തി.

ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതി എന്താണ്? ഏറെക്കാലം രാജ്യത്തെ ഒന്നാമത്തെ കക്ഷി, കേന്ദ്ര ഭരണകക്ഷി, ആയിരുന്ന കോണ്‍ഗ്രസ് ഇന്ന് ആകെ തകര്‍ന്നിരിക്കുന്നു. അപൂര്‍വം സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ്സിനു ഭൂരിപക്ഷമുള്ളത്. പാര്‍ലമെന്‍റില്‍ ഔദ്യോഗിക പ്രതിപക്ഷമാകാന്‍ വേണ്ട സീറ്റുപോലും അതിനില്ല. മറിച്ച് ആര്‍എസ്എസ് ആശയപരമായി നയിക്കുന്ന ബിജെപി, കേന്ദ്രത്തില്‍ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭരണകക്ഷിയാണ്. ബിജെപിയുടെ വാലായി മാത്രമേ കോണ്‍ഗ്രസ്സിന് ഇന്നു നില്‍ക്കാനാവൂ എന്ന സ്ഥിതിയാണ് ഇന്ത്യയാകെ എടുത്താല്‍, സംഘടനാ ബലം വച്ചുനോക്കുമ്പോള്‍ ചാക്കിട്ടുപിടിത്തത്തിലൂടെയും കാലുമാറ്റത്തിലൂടെയും കോണ്‍ഗ്രസിനെ അങ്ങനെയൊരു ഗതികേടിലാക്കി ബിജെപി നേതൃത്വം. ഇത്രയൊക്കെയായിട്ടും സുധാകരന് ആര്‍എസ്എസ്സിനോടുള്ള മമത കുറയുകയല്ല, കൂടുകയാണ്.

രണ്ടുതവണ തുടര്‍ച്ചയായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആത്മവിശ്വാസം തകര്‍ന്നിരിക്കുന്നു. അതാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. അദ്ദേഹമാണെങ്കില്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പു വിദ്യാര്‍ഥിയായിരുന്ന കാലത്ത് കണ്ണൂരില്‍ ആര്‍എസ്എസ്സുമായി പ്രവര്‍ത്തനത്തില്‍ ഐക്യം സ്ഥാപിച്ച കോണ്‍ഗ്രസ് നേതാവുമാണ്. ആര്‍എസ്എസ് ജനങ്ങളില്‍ നിന്നു തീര്‍ത്തും ഒറ്റപ്പെട്ടിരുന്ന കാലത്ത് അതിനു സംരക്ഷണം നല്‍കിയ ആളാണ്. അതുമായി ബന്ധപ്പെട്ടാണ് പണ്ട് ആര്‍എസ്എസ് ശാഖകള്‍ക്ക് കായികമായ സംരക്ഷണം നല്‍കിയതിനെക്കുറിച്ച് അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

കോണ്‍ഗ്രസ്സും ആര്‍എസ്എസ്/ബിജെപിയും തമ്മില്‍ ഒരു സാമ്യവുമില്ല. രണ്ടും മുതലാളിത്തത്തിന്‍റെ ആധുനിക രൂപമായ നവലിബറലിസത്തിന്‍റെ ആരാധകരും വക്താക്കളുമാണ് എന്ന പൊതുഘടകവുമുണ്ട് എന്ന് വര്‍ഗപരമായി പറയാം. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ ആശയപരമോ സംഘടനാപരമോ ആയ ആഭിമുഖ്യമോ യോജിപ്പോ കോണ്‍ഗ്രസ്സും ആര്‍എസ്എസ്/ബിജെപിയും തമ്മില്‍ ഇന്നു സാധ്യമല്ല. ആ സന്ദര്‍ഭത്തിലാണ് കെപിസിസി പ്രസിഡന്‍റായ കെ സുധാകരന്‍ തന്‍റെ ആര്‍എസ്എസ് ആഭിമുഖ്യത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.

അതിന് അദ്ദേഹം ഏതറ്റംവരെപോയി? സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ വര്‍ഗീയ ലഹളകളുടെയും അതുപോലുള്ള ഭീകരസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യത്ത് സമാധാനവും സ്വൈരജീവിതവും ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രധാനമന്ത്രി നെഹ്റു എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ചു. അങ്ങനെ ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി മറ്റു പല കോണ്‍ഗ്രസ്സിതര നേതാക്കളോടും ഒപ്പം കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി. അത് കുറച്ചുകാലത്തേക്കു മാത്രമായിരുന്നു എന്ന് എടുത്തുപറയേണ്ടതുണ്ട്. അതിനുശേഷം കോണ്‍ഗ്രസ് ആര്‍എസ്എസ്സിനെ എതിര്‍ത്തു എന്നും.

പ്രതിസന്ധികാലത്തെ ആ മന്ത്രിസഭയില്‍ ഒരു ആര്‍എസ്എസ് നേതാവുണ്ടായിരുന്നു എന്ന വസ്തുതയെ ഇപ്പോള്‍ ആര്‍എസ്എസ്/ബിജെപിയുടെ പാളയത്തില്‍ കോണ്‍ഗ്രസ്സിനെ കൊണ്ടുകെട്ടാന്‍  ശ്രമിക്കുന്നതിനുള്ള ന്യായീകരണമായി കെ സുധാകരന്‍ എടുത്തുകാട്ടുന്നു. അതു പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ. സ്വാതന്ത്ര്യാനന്തരം ഉണ്ടായ സന്ദിഗ്ധഘട്ടത്തില്‍ നെഹ്റു കൈക്കൊണ്ട സമീപനത്തെ ഇപ്പോള്‍ എടുത്തുകാണിക്കുന്നത് കോണ്‍ഗ്രസ്സിനെ ഹിന്ദുവര്‍ഗീയതയുടെ തൊഴുത്തില്‍ കൊണ്ടുകെട്ടാന്‍ മാത്രമാണ്.

ഇങ്ങനെയൊരു നിലപാട് കൈക്കൊള്ളുമ്പോള്‍ കെ സുധാകരന്‍  നയിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാകക്ഷിയാണെന്നും ഇവിടെ ഒരു മുന്നണിയുടെ ഭാഗമാണെന്നുമുള്ള കാര്യം മറന്നു. ബിജെപിയാണെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സില്‍നിന്നു നേതാക്കളെ കാശു കൊടുത്തും അല്ലാതെയും തങ്ങളുടെ വശത്താക്കുന്നു. സുധാകരന്‍റെ നിലപാടിനെതിരെ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രതികരിച്ചപ്പോള്‍, അത് തനിക്കു പറ്റിയ നാക്കുപിഴയാണ് എന്നു പറഞ്ഞ് അദ്ദേഹം തടിതപ്പുന്നത് നാമെല്ലാം കാണുന്നു.  യഥാര്‍ഥത്തില്‍ ഇത് സുധാകരന്‍റെ നാക്കുപിഴയും വാക്കുപിഴയുമല്ലാ ഉള്ളിലിരുപ്പ്തന്നെയാണ്. ഇവിടെ യുഡിഎഫിലെ ഘടകകക്ഷികളായ മുസ്ലിം ലീഗും ആര്‍എസ്പിയും മറ്റും സുധാകരന്‍റെ ഈ നിലപാടിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സില്‍നിന്നു പല നേതാക്കളും രാജിവെച്ചൊഴിയുന്ന കാഴ്ചയും നാം കാണുന്നു. അവരില്‍ ചിലര്‍ സിപിഐ എമ്മില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അധികാരത്തിന്‍റെ അപ്പക്കഷണം നുണയണമെങ്കില്‍ ഇന്നു കോണ്‍ഗ്രസ്സിനു ബിജെപിയോടൊപ്പം കൂടുകയേ നിര്‍വാഹമുള്ളൂ എന്ന നിലപാടിലാണ് കെ സുധാകരനെ പോലുള്ള അവസരവാദികള്‍ എത്തിയിരിക്കുന്നത്. ആര്‍എസ്എസ് - ബിജെപി കൈക്കൊള്ളുന്ന ഹിന്ദുത്വ - ഫാസിസ്റ്റ് നിലപാടിനോട് യോജിക്കാന്‍ മതനിരപേക്ഷവും ജനാധിപത്യപരവുമായ നിലപാടുള്ള ആര്‍ക്കും തന്നെ സാധ്യമല്ല.

ബിജെപിക്കെതിരെ ഇന്ത്യയിലെ ജനങ്ങളെയൊന്നടങ്കം അണിനിരത്താനായി മതനിരപേക്ഷ ജനാധിപത്യശക്തികള്‍ യോജിച്ചുനീങ്ങേണ കാലമാണിത്. കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നേതൃത്വം ഇടതുപക്ഷ ജനാധിപത്യശക്തികളുമായി അതിനുവേണ്ടി കൈകോര്‍ക്കേണ്ടതും അനുപേക്ഷണീയമാണ്. അത്തരമൊരു കാലഘട്ടത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കോണ്‍ഗ്രസിനെ ആര്‍എസ്എസ് കൂടാരത്തില്‍ കൊണ്ടുകെട്ടാന്‍ ശ്രമിക്കുന്നത്. ഇത് അപകടകരമായ നീക്കമാണ്.

അരനൂറ്റാണ്ടിനുമുമ്പ് അമിതാധികാര വാഴ്ചയ്ക്കെതിരായി നടന്നതു പോലെ വലിയൊരു മഥനമാണ് രാജ്യത്തെ രാഷ്ട്രീയ - സാമൂഹ്യമേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വാര്‍ഥവും സങ്കുചിതവുമായ നിലപാട് കൈക്കൊള്ളുന്നവര്‍ കെ സുധാകരന്‍റേതുപോലുള്ള നിലപാട് കൈക്കൊണ്ടേക്കാം. എന്നാല്‍, ഇന്ത്യയിലെ ജനസാമാന്യം വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് പ്രവണതയ്ക്കും എതിരായ മതനിരപേക്ഷ ജനാധിപത്യ ഐക്യത്തെ ഊട്ടിയുണ്ടാക്കി വിജയിപ്പിക്കുക തന്നെ ചെയ്യും. അത് 75 വര്‍ഷം മുമ്പ് സാമ്രാജ്യത്വവുമായി അടരാടി നേടിയ സ്വാതന്ത്ര്യത്തെ പുതിയ വര്‍ഗീയ ഫാസിസത്തിന്‍റെ വെല്ലുവിളിക്കെതിരെ പോരാടി കാത്തു രക്ഷിക്കുന്നതിന് അവശ്യം വേണ്ടതാണ്; അനിവാര്യവുമാണ്.•