സഹകരണമേഖലയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടണം

പിണറായി വിജയന്‍

ഹകരണരംഗം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് നമുക്കറിയാം. ലോകത്താകമാനം നൂറു കോടിയിലേറെ ജനങ്ങള്‍ സഹകരണ മേഖലയെ ആശ്രയിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനകീയ പുരോഗമനപ്രസ്ഥാനങ്ങളുടെ സജീവമായ ഇടപെടലിന്‍റെ ഫലമായി ഉയര്‍ന്നുവന്നതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ സഹകരണ സംഘങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു. 1914 ലെ തിരുവിതാംകൂര്‍ സഹകരണസംഘം നിയമപ്രകാരം രൂപീകരിക്കപ്പെട്ട തിരുവനന്തപുരം സെന്‍ട്രല്‍ സഹകരണ ബാങ്ക്, പിന്നീട് കേരള സംസ്ഥാന സഹകരണ ബാങ്കായി പരിണമിച്ചതും ഇന്ന് കേരള ബാങ്കായി പ്രവര്‍ത്തിക്കുന്നതും ഒരു ചരിത്രം.  

നവോത്ഥാന പ്രസ്ഥാനങ്ങളെ മുന്‍നിരയില്‍ നിന്നു നയിച്ച വാഗ്ഭടാന്ദന്‍ രൂപീകരിച്ച ഐക്യനാണയ സംഘം ഇന്ന് ഏഷ്യയിലെ തന്നെ മികച്ച ലേബര്‍ സഹകരണ സംഘങ്ങളിലൊന്നായി വളര്‍ന്നു നില്‍ക്കുന്നത് മറ്റൊരു ചരിത്രം. സഹകരണ മേഖലയിലേക്ക് ഏറ്റവും പുതിയ തലമുറ വരെ കടന്നുവരുന്ന ഘട്ടമാണ് എന്നതുകൊണ്ടാണ് ചരിത്രത്തിലേക്കു വെറുതെ ഒന്ന് കണ്ണോടിക്കുന്നത്.

കേരള സംസ്ഥാനം രൂപീകരിക്കപ്പെടുമ്പോള്‍ 3,111 സംഘങ്ങളാണ് ഉണ്ടായിരുന്നത്. ഈ 66 കൊല്ലം കൊണ്ട് അഞ്ചിരട്ടിയിലേറെ വര്‍ദ്ധന നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞതില്‍ നിന്നുതന്നെ സഹകരണ മേഖലയും ജനങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ ആഴം മനസ്സിലാകും. ഇന്ന് കേരളത്തിലെ അപ്പക്സ്, ഫെഡറല്‍ സെന്‍ട്രല്‍ പ്രൈമറി തലങ്ങളിലായി 77 തരം സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യയിലെ മഹാഭൂരിപക്ഷവും ഇതിലെ അംഗങ്ങളാണ് എന്നുമാത്രമല്ല, അംഗങ്ങളുടെ എണ്ണമെടുത്താല്‍ അത് കേരളത്തിലെ ആകെ ജനസംഖ്യയേക്കാള്‍ അധികവുമാണ്. ഒരാള്‍ക്കു തന്നെ ഒന്നിലേറെ സഹകരണ സംഘങ്ങളില്‍ അംഗത്വമുള്ളതു കൊണ്ടാണിത്.

നവമുതലാളിത്തം ശക്തിപ്രാപിച്ചതോടെ ലോകത്താകമാനമുള്ള സഹകരണ മേഖല പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുകയാണ്. സഹകരണ രംഗം പണം പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വ്യക്തിയിലേക്കോ ചെറിയ ഒരുകൂട്ടം ആളുകളിലേക്കോ ധനമൂലധനത്തെ കേന്ദ്രീകരിക്കുകയാണ് കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. 

സഹകരണ മേഖലയും 
കേന്ദ്ര സര്‍ക്കാരും

ഭരണഘടനാപരമായി രൂപംകൊണ്ട സ്ഥാപനങ്ങളെയും നിയോഗിക്കപ്പെട്ട വ്യക്തികളെയും ഉപയോഗിച്ചുകൊണ്ട് ജനാധിപത്യത്തെ ദുര്‍ബലമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സഹകരണ മേഖലയ്ക്കു മേലുള്ള കടന്നുകയറ്റങ്ങളെയും ഇതിന്‍റെ ഭാഗമായിത്തന്നെ വേണം കാണാന്‍. നിയമഭേദഗതി കൊണ്ടുവന്നും പുതിയ ഉത്തരവുകളിറക്കിയും ഇടയ്ക്കിടെ കേന്ദ്രം നേരിട്ടും റിസര്‍വ് ബാങ്ക് വഴിയും സഹകരണ മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഒന്നും സഹകരണ പ്രസ്ഥാനത്തെ സഹായിക്കുന്നതല്ല. 

അടുത്ത കാലത്താണ് സഹകരണ സ്ഥാപനങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെയും നിക്ഷേപം സ്വീകരിക്കുന്നതിനെതിരെയും സര്‍ക്കുലര്‍ വന്നത്. അംഗങ്ങളല്ലാത്തവരില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനെതിരെയാണ് വിലക്കുണ്ടായത്. 


സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്‍റി കോര്‍പ്പറേഷന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകില്ല എന്നുപോലും സര്‍ക്കുലറിറങ്ങി. യഥാര്‍ത്ഥത്തില്‍ സഹകരണ നിയമപ്രകാരം രൂപീകരിച്ച നിക്ഷേപ ഗ്യാരന്‍റി ബോര്‍ഡാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്‍റി നല്‍കുന്നത്. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരവുകളിറക്കുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളാണുള്ളത്. സഹകണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നതിനാണ് സാധാരണക്കാര്‍ എന്നും താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഈ നിക്ഷേപത്തെ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കും മറ്റും എത്തിച്ചുകൊടുക്കുക എന്നതു തന്നെയാണ് ഉദ്ദേശ്യം. 

അര്‍ബന്‍ ബാങ്കുകളെ ലക്ഷ്യമാക്കിക്കൊണ്ട് അപ്പക്സ് സ്ഥാപനം രൂപീകരിച്ചതും സഹകരണ മേഖലയെ വരിഞ്ഞുമുറുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. മറ്റൊന്നാണ് കേന്ദ്രം കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍. 1,500 നു മേല്‍ സംഘങ്ങള്‍ക്കാണിപ്പോള്‍ കേന്ദ്ര രജിസ്ട്രാര്‍ അനുമതി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കിംഗ് ബിസിനസ് നടത്തുന്ന ഇവയ്ക്ക് പലിശനിരക്കിലോ പ്രവര്‍ത്തനങ്ങളിലോ ഒരു നിയന്ത്രണവുമില്ല. ക്രമക്കേടുകളെത്തുടര്‍ന്ന് ഇവയില്‍ 80 എണ്ണം അടച്ചുപൂട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നു. ഇത്തരത്തില്‍ 27 എണ്ണം കേരളത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കോ, ഓഡിറ്റിനോ ഇവയ്ക്കു മേല്‍ യാതൊരു നിയന്ത്രണവുമുണ്ടാവില്ല. സഹകരണ മേഖലയാര്‍ജിച്ച വിശ്വാസ്യത ദുരുപയോഗിച്ചുകൊണ്ട് മുതലെടുക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ സഹകരണ മേഖലയെയാകെ കളങ്കപ്പെടുത്തും.

സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയ്ക്കു നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി. ബാങ്കിംഗ് നിയമത്തിലെ 56ാം വകുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുള്ളത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു മേല്‍ ചുമത്തുന്ന നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ നിയമഭേദഗതിയിലൂടെ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയിരിക്കുകയാണ്. 

സഹകരണ സ്ഥാപനങ്ങളുടെ ഭരണഘടനയായി കണക്കാക്കുന്ന നിയമാവലി ബാങ്കിംഗ് നിയന്ത്രണ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും ഏതെങ്കിലും വ്യവസ്ഥ ബാങ്ക് നിയന്ത്രണ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിട്ടുണ്ടായാല്‍ ആ വ്യവസ്ഥ അസാധുവാകും എന്നും ഭേദഗതിയില്‍ പറയുന്നു. ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. കാര്‍ഷിക വികസന ബാങ്കുകള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്ന പദം ചേര്‍ക്കാനുള്ള അവകാശം ഭേദഗതിയിലൂടെ നീക്കം ചെയ്തിരിക്കുകയാണ്. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കു മാത്രമല്ല, അംഗമല്ലാത്തവര്‍ക്കും ബോണ്ടുകളും കടപ്പത്രങ്ങളും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നത് സഹകരണ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. 

സഹകരണ സ്ഥാപനങ്ങളെ ഇന്‍കം ടാക്സ് പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണങ്ങളും വലിയ തിരിച്ചടിയാണ്. ആദായനികുതി നിയമത്തിലെ 194 എന്‍, 194 എ വകുപ്പുകള്‍ എന്നിവ അനുസരിച്ചാണ് നികുതി ചുമത്തുന്നത്. വ്യക്തിക്ക് തുല്യമായാണ് സഹകരണ സംഘങ്ങളെയും കണക്കാക്കുന്നത്. ശരാശരി പതിനായിരത്തിലധികം അംഗങ്ങളുള്ള സഹകരണ സംഘങ്ങള്‍ക്ക് ഒരു മാസം പിന്‍വലിക്കേണ്ടിവരുന്ന തുക വളരെ വലുതായിരിക്കും. ധനനിയമഭേദഗതി പ്രകാരം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്തു.

രാജ്യത്തെ പഞ്ചസാര മില്ലുകളില്‍ ഏതാണ്ട് 35 ശതമാനവും പ്രവര്‍ത്തിക്കുന്നത് മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലാണ്. രാജ്യത്ത് ഒരു ലക്ഷത്തോളം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുണ്ട്. ഇത്തരത്തില്‍ ബൃഹത്തായി പടര്‍ന്നുകിടക്കുന്ന ഒരു സഹകരണമേഖലയെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 

സഹകരണ മേഖലയുടെ ഭാവി
നവ ഉദാരവത്കരണത്തിന്‍റെ വരവോടുകൂടി സഹകരണ മേഖലയുടെ വളര്‍ച്ച വലിയ തോതില്‍ തിരിച്ചടി നേരിട്ടുവരികയാണ്. ഈ സഹസ്രാബ്ദത്തിന്‍റെ ആദ്യം കാര്‍ഷിക സംസ്കരണത്തില്‍ സഹകരണ മേഖലയുടെ പങ്ക് 32.3 ശതമാനമായിരുന്നത് ഇപ്പോള്‍ 20 ശതമാനത്തില്‍ താഴെയെത്തിനില്‍ക്കുന്നു. 2015ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 17 ശതമാനമായിരുന്ന സഹകരണ മേഖലയുടെ പങ്ക് ഇപ്പോള്‍ 10 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. പുതിയ തലമുറ ബാങ്കുകള്‍ക്കും കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി സഹകരണമേഖലയെ കയ്യൊഴിയാന്‍ കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും തയ്യാറായതിന്‍റെ കൂടി ഫലമാണിത്. ഇങ്ങനെ സഹകരണ മേഖലയെ വരിഞ്ഞുമുറുക്കിയാല്‍ മാത്രമേ അതില്‍ നിക്ഷേപമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന വലിയ തുകയെ കോര്‍പ്പറേറ്റുകളിലേക്കു തിരിച്ചുവിടാന്‍ കഴിയുകയുള്ളൂ; ധനികരെ അതിധനികരാക്കുന്ന വിധം യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ വന്‍തുകകള്‍ വായ്പയായി നല്‍കാന്‍ കഴിയുകയുള്ളൂ.

സഹകരണ മേഖലയും 
എല്‍ഡിഎഫ് സര്‍ക്കാരും

ഇപ്പോള്‍ 16,255 സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 12,000 സംഘങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. അര്‍ത്ഥവത്തായ ജനാധിപത്യത്തിലൂടെയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം ഉയര്‍ന്നുനില്‍ക്കുന്നത്. അവയെ സംബന്ധിച്ചിടത്തോളം ലാഭമല്ല, ജനങ്ങളാണ് കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നത്. 

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ക്രെഡിറ്റ് സൊസൈറ്റികളാണ് സഹകരണ മേഖലയുടെ ഏറ്റവും വലിയ കരുത്ത്. 4,147 വായ്പാ സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ആകെ നിക്ഷേപം രണ്ടര ലക്ഷം കോടിയോളം രൂപയാണ്. 1.86 ലക്ഷം കോടിയോളം രൂപ വായ്പയായി നല്‍കുന്നുണ്ട്. കാര്‍ഷികവായ്പാ രംഗത്ത് 1,644 പ്രൈമറി സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ആകെ നിക്ഷേപം 1.28 ലക്ഷം കോടി രൂപ വരും. 

കേരള ബാങ്ക്
ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നാര്‍ജിച്ച നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ടാണ് കേരള ബാങ്ക് രൂപീകരിച്ചത്. നിലവില്‍ 69,940 കോടി രൂപയുടെ നിക്ഷേപവും 40,950 കോടി രൂപയുടെ വായ്പയും നല്‍കുന്ന സഹകരണ മേഖലയിലെ ഏറ്റവും വലിയ ബാങ്കാണിത്. കുറഞ്ഞ ചെലവില്‍ സേവനങ്ങളും ഉയര്‍ന്ന നിലയില്‍ വായ്പകളും നല്‍കി ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കേരള ബാങ്കിന്‍റെ സാന്ത്വനം പദ്ധതിയിലൂടെ തിരിച്ചടവ് ശേഷിയില്ലാത്ത നാല്‍പ്പതിലധികം ഇടപാടുകാര്‍ക്കാണ് ബാധ്യതയില്‍ നിന്ന് മോചിതരായി പ്രമാണം തിരികെ കിട്ടിയത്. 

കേരള ബാങ്ക് രൂപീകരണത്തിനു ശേഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ എല്ലാ പ്രയോജനവും കിട്ടുന്ന തരത്തില്‍ കാര്‍ഷിക വായ്പാ സംഘങ്ങള്‍ വഴി 3 ശതമാനം പലിശനിരക്കിലാണ് കര്‍ഷകര്‍ക്ക് കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്നത്. കേരള ബാങ്കിന്‍റെ നബാര്‍ഡ് ബോറോയിംഗ് 8,982 കോടി രൂപയായി ഉയര്‍ന്നു. കുറഞ്ഞ പലിശനിരക്കില്‍ കര്‍ഷകര്‍ക്കു വായ്പ നല്‍കാനാണ് ഈ തുക വിനിയോഗിച്ചത്.

സഹകരണ മേഖലയും 
സാമൂഹിക ക്ഷേമവും

സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന തത്വത്തില്‍ അധിഷ്ഠിതമാണ് കേരളത്തിലെ സഹകരണ മേഖല. സ്ഥാപനത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഇടപെടലുകളാണ് നമ്മുടെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളില്‍ മൂന്നിലൊന്നു പേര്‍ക്ക് തുക വീട്ടിലെത്തിച്ചു നല്‍കുന്നത് സഹകരണ സംഘങ്ങളാണ്. അതുപോലെ തന്നെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോഴൊക്കെ സഹായമെത്തിക്കാനും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞുവെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. 

2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി എത്തിയ കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 2,091 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കുമായുള്ള ഫ്ളാറ്റ് നിര്‍മ്മാണ പദ്ധതികളും നടത്തിവരികയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘട്ടങ്ങളിലായി 266 കോടി രൂപയാണ് സഹകരണ മേഖല സംഭാവന ചെയ്തത്. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിക്കായുള്ള ഉപകരണങ്ങള്‍ എത്തിക്കാന്‍ സഹായിച്ചു. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാനായി പലിശരഹിത വായ്പ നല്‍കുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പിലാക്കി. ഇതുവഴി 92,309 പേര്‍ക്കാണ് വായ്പായിനത്തില്‍ 90 കോടി രൂപ ലഭ്യമാക്കിയത്. കോവിഡിന്‍റെ ഘട്ടത്തിലുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് തിരിച്ചടവിന് സാവകാശം നല്‍കി. വായ്പാ തിരിച്ചടവിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആരംഭിച്ച 'സഹകരണം സൗഹൃദം' പദ്ധതി 309 സംഘങ്ങള്‍ മുഖേന 500 പേര്‍ക്ക് നാലു കോടി രൂപ വായ്പ ഇനത്തില്‍ ലഭ്യമാക്കി. വയോജന സംരക്ഷണത്തിനായി പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ ആശുപത്രി സഹകരണ സംഘങ്ങള്‍ മുന്നോട്ടുവന്നു.

നവകേരളവും
 സഹകരണ മേഖലയും

കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കു നയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സഹകരണ സംഘങ്ങള്‍ മുഖ്യ പങ്കാളികളാണ്. സംഭരണം, സംസ്കരണം, വിപണനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഓപ്പറേറ്റീവ് കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ചുവരികയാണ്. 

കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കുന്നതിനായി 'അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്' നടപ്പിലാക്കിവരികയാണ്. സഹകരണ സംഘ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി ഏകീകൃത ബ്രാന്‍ഡിങ് കൊണ്ടുവരിക, ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോഓപ്പറേറ്റീവ് പ്രോഡക്ട്സ് എന്ന പദ്ധതി നടപ്പാക്കിവരുന്നത്.

സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍, ചെറുകിട കച്ചവടം എന്നിവയ്ക്ക് വായ്പ അനുവദിക്കുക മുഖേന 56,279 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. വേറിട്ട ആശയങ്ങളുമായി സഹകരണ മേഖലയിലേക്കു യുവതലമുറയുടെ കടന്നുവരവിന് യുവസഹകരണ സംഘങ്ങളിലൂടെ തുടക്കംകുറിച്ചു. 30 യുവജന സംഘങ്ങളാണ് ഇങ്ങനെ ആരംഭിച്ചത്. ഇതിനു പുറമെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ യുവാക്കളെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും പ്രത്യേക യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഇത്തരം ബഹുമുഖമായ ഇടപെടലുകള്‍ സഹകരണ മേഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി. ആറായിരം കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ 9,967 കോടി രൂപയാണ് സമാഹരിച്ചത്.

സഹകരണ മേഖല പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇടപെടുന്ന മേഖലകളുടെ വൈവിധ്യവല്‍ക്കരണത്തിലാണ്. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. നൂതനമായ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവയെ ഉത്പാദനോന്മുഖമായി പരിവര്‍ത്തിപ്പിക്കാനും നിക്ഷേപങ്ങള്‍ നടത്താനും നിക്ഷേപകരെ സഹായിക്കാനും കഴിയുന്ന തരത്തിലുള്ള ഇടപെടലുകള്‍ സഹകരണ സംഘങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്.

കേരള ബാങ്കിന്‍റെ നേതൃത്വത്തില്‍ എല്ലാ സഹകരണ ധനകാര്യ സ്ഥാപനങ്ങളെയും ഒരു സോഫ്റ്റ്വെയറിന്‍റെ കീഴില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ആധുനിക ബാങ്കിംഗ് മേഖലയിലെ എല്ലാ സേവനങ്ങളും സഹകരണ മേഖലയില്‍ ലഭ്യമാക്കാന്‍ നമുക്കു കഴിയും. വരും കാലത്തെ മുന്നില്‍ ക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താല്‍ മാത്രമേ നിലവിലുള്ള ജനകീയതയും സേവനോത്സുകതയും വര്‍ദ്ധിപ്പിക്കാന്‍ നമുക്കു കഴിയൂ.

സഹകരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണാധികാരം സംസ്ഥാനങ്ങള്‍ക്കാണ് എന്ന സുപ്രീംകോടതിയുടെ വിധി കേന്ദ്ര നയങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു. ഇത് കേരളത്തിലെ സാമ്പത്തിക മേഖലയ്ക്കൊന്നാകെ നല്‍കുന്ന ഉണര്‍വ് വളരെ വലുതാണ്. നോട്ട് നിരോധനം മറയാക്കി നമ്മുടെ സഹകരണ മേഖലയെയും സാമ്പത്തിക സ്ഥാപനങ്ങളെയും സ്തംഭിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കി. കള്ളപ്പണത്തിന്‍റെ നിക്ഷേപ കേന്ദ്രങ്ങളാണ് സഹകരണ സംഘങ്ങള്‍ എന്ന പ്രചാരണം നടത്തി. ഒറ്റപ്പെട്ട ഏതെങ്കിലും ക്രമക്കേട് ഉയര്‍ത്തിക്കാട്ടി സഹകരണ മേഖലയാകെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു. കേന്ദ്രത്തിന് ഒരു കാര്യവുമില്ലാത്ത സഹകരണ മേഖലയില്‍ പ്രത്യേക വകുപ്പു തന്നെ ഉണ്ടാക്കി. സഹകരണ രംഗത്തെ ഫെഡറല്‍ സങ്കല്‍പങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. സഹകരണ സ്ഥാപനങ്ങളെ ആദായനികുതി വകുപ്പിന്‍റെ പരിധിയിലേക്കു കൊണ്ടുവന്ന് ഈ പ്രസ്ഥാനത്തെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. ഈ ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കേരളം പോരാടേണ്ടതുണ്ട്. സഹകരണ മേഖലയെ കൂടുതല്‍ ശക്തമാക്കാനും അതിന്‍റെ വേരുകള്‍ പുതിയ മേഖലകളിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാനും നമുക്ക് സാധിക്കണം. നവ കേരളത്തിനായുള്ള നമ്മുടെ ശ്രമങ്ങള്‍ വിജയിക്കാന്‍ അതു വളരെ അനിവാര്യമാണ്.  •