കേന്ദ്ര മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണം

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവെച്ചു; അഞ്ചംഗ ബെഞ്ചിലെ 3 പേരുടെ ഭൂരിപക്ഷത്തോടെ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. 2019 ജനുവരിയില്‍ പാര്‍ലമെന്‍റില്‍വച്ച ഈ ഭരണഘടനാ ഭേദഗതിയെ സിപിഐ എം അനുകൂലിച്ചിരുന്നു.

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം വരെ സംവരണം അനുവദിക്കുന്നതിനുള്ള ഭേദഗതിയായിരുന്നു ഇത്; അതായത്, പിന്നാക്ക ജാതിക്കാരിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത വിഭാഗങ്ങള്‍ക്കുള്ള സംവരണം.
1990ല്‍ ഒബിസി സംവരണത്തിനുവേണ്ടി മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കുന്ന സമയത്ത് മുന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ദരിദ്രര്‍ക്ക് സംവരണം നല്‍കുന്നതിന് ചില മാനനണ്ഡങ്ങള്‍  വ്യവസ്ഥ ചെയ്യണമെന്ന ആവശ്യം സിപിഐ എം ഉയര്‍ത്തിയിരുന്നു.

ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 27 ശതമാനം സംവരണം എന്നതിനെ പരിപൂര്‍ണമായി പിന്തുണച്ചതിനൊപ്പം തന്നെ, മുന്നാക്ക വിഭാഗത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനായി സാമ്പത്തികമാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ ചില ക്വോട്ടകള്‍ അത് മുന്നോട്ടുവയ്ക്കുകയും ചെയ്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഉടലെടുക്കുന്ന കടുത്ത ധ്രുവീകരണത്തെ മയപ്പെടുത്താന്‍ അത്തരമൊരു വ്യവസ്ഥ ഉണ്ടാക്കുന്നതിലൂടെ സാധിക്കുമെന്ന് പാര്‍ടി കരുതി. വര്‍ഗസമീപനം പിന്തുടരുന്നു എന്നുള്ളതുകൊണ്ടുതന്നെ, പാര്‍ടി ഒബിസി ക്വോട്ടയ്ക്കുള്ളില്‍തന്നെ സാമ്പത്തിക മാനദണ്ഡം വേണമെന്നാവശ്യപ്പെട്ടിരുന്നു; കാരണം എങ്കില്‍ മാത്രമേ ഈ വിഭാഗങ്ങളില്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് ക്വോട്ടയുടെ ഗുണം ലഭിക്കൂ. ഇത് പിന്നീട് സുപ്രീംകോടതി "ക്രീമിലെയറി"ന്‍റെ രൂപത്തില്‍ സ്വീകരിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളായി നിലനിന്നുപോന്ന മര്‍ദ്ദിത  ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള "സാമൂഹികപരമായും വിദ്യാഭ്യാസപരവുമായി" പിന്നാക്കം നില്‍ക്കുന്ന ജാതി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നത് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ, എല്ലാ ജാതികളിലും സമുദായങ്ങളിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളെയും ദരിദ്രരെയും ഏകോപിപ്പിക്കുന്നതിലും സിപിെ എ എം ശ്രദ്ധചെലുത്തുന്നു. ഇന്ന് നിലവിലുള്ള ചൂഷണാധിഷ്ഠിതമായ സാമൂഹിക-സാമ്പത്തികവ്യവസ്ഥയോട് പൊരുതുവാനുള്ള രീതിയാണിത്. എല്ലാ ജാതികളിലുമുള്ള ദരിദ്ര വിഭാഗങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനും, ഭിന്നതകളെ മറികടക്കുന്നതിനും വേണ്ടിയാണ് മുന്നാക്ക വിഭാഗത്തിലെ ദരിദ്ര വിഭാഗക്കാര്‍ക്ക് സംവരണത്തിനുള്ള അളവുകോല്‍ വയ്ക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്. തീര്‍ച്ചയായും, ഇത് ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ നിലവിലെ ക്വോട്ടയുടെ ശതമാനത്തെ ബാധിക്കില്ല. നിലവിലുള്ള സംവരണാനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ മത-സാമുദായിക വിഭാഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ കാറ്റഗറിയില്‍നിന്നാണ് ഇഡബ്യൂഎസ് ക്വോട്ട രൂപപ്പെടുത്തേണ്ടത്.

എന്തുതന്നെയായാലും, ഇഡബ്ല്യുഎസ് വിഭാഗത്തില്‍പെടുന്നതാരൊക്കെ എന്നു നിര്‍വചിക്കുന്നതിന് ഓഫീസ് മെമ്മോറാണ്ടത്തിലൂടെ മോഡി ഗവണ്‍മെന്‍റ് തയ്യാറാക്കിയെടുത്ത മാനദണ്ഡത്തെ സിപിഐ എം ശക്തമായി വിമര്‍ശിക്കുന്നു. ജോലിയിലും വിദ്യാഭ്യാസത്തിലും കേന്ദ്ര സര്‍ക്കാര്‍ ക്വോട്ട ലഭിക്കുന്നതിന് മോഡി സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള ഇഡബ്ല്യുഎസ് മാനദണ്ഡം ഇതാണ്: പ്രതിവര്‍ഷം 8 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരും അഞ്ച് ഏക്കറില്‍ കൂടുതല്‍ കൃഷി ഭൂമി സ്വന്തമായില്ലാത്തവരും അഥവാ ഏതെങ്കിലുമൊരു മുന്‍സിപ്പാലിറ്റിയില്‍ 1000 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള പാര്‍പ്പിടമോ 100 ചതുരശ്ര യാര്‍ഡില്‍ കുറഞ്ഞ പാര്‍പ്പിട പ്രദേശമോ സ്വന്തമായുള്ളവര്‍ ഇതിനര്‍ഹരാണ്. അതായത് ദരിദ്രരല്ലാത്ത ആളുകള്‍ക്കും ഇഡബ്ല്യുഎസ് സംവരണം ലഭിക്കുമെന്നര്‍ഥം. ആദായനികുതി ഒഴിവാക്കല്‍ പരിധി പ്രതിവര്‍ഷം 2.5 ലക്ഷം രൂപയാണ്. അതിനുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്ക്കണം. അതേപോലെതന്നെ അഞ്ച് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ളയാളെ ദരിദ്രനായി കണക്കാക്കാനാവുകയില്ല.
അതുകൊണ്ടുതന്നെ, ഇഡബ്ല്യുഎസ് സംവരണത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം, അതിന്‍റെ പരിധികളും മാനദണ്ഡങ്ങളും ഉയര്‍ന്നതാക്കിയതും വിപുലമാക്കിയതും വഴി പരാജയപ്പെട്ടിരിക്കുന്നു. ഈ ഓഫീസ് മെമ്മോറാണ്ടത്തെ എതിര്‍ത്തുകൊണ്ട് പരാതികള്‍ ചെന്നിട്ടുള്ളതിനാല്‍ സുപ്രീംകോടതിക്ക് ഈ വിഷയത്തിലേക്ക് ഇനി പോകേണ്ടതുണ്ട്.

സംസ്ഥാനതല ജോലികള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഇഡബ്ല്യുഎസ് ക്വോട്ട ബാധകമാക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു വിട്ടിരിക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇഡബ്ല്യുഎസിനുള്ള മാനദണ്ഡവും വ്യാപ്തിയും നിര്‍ണയിക്കുന്നതിന്  ഒരു കമ്മീഷന്‍ രൂപീകരിച്ചു. 4 ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ളവരും 2.5 ഏക്കറിനുമുകളില്‍ കൃഷി ഭൂമി സ്വന്തമായില്ലാത്തവരുമാണ് ഇഡബ്ല്യുഎസ് സംവരണത്തിനര്‍ഹരാകേണ്ടവര്‍ എന്നാണ് ജസ്റ്റിസ് ശശിധരന്‍നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

കേരള മന്ത്രിസഭ 2020ല്‍ ഈ ശുപാര്‍ശകള്‍ അംഗീകരിക്കുകയും, ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ആ സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇഡബ്ല്യുഎസിനെ നിര്‍വചിക്കാന്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡം മുന്നാക്ക വിഭാഗത്തിലെ ദരിദ്രരായ ജനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്.

ശരിക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഈ സംവരണത്തിന്‍റെ പ്രയോജനം കിട്ടണമെന്നുണ്ടെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റ് അടിയന്തരമായി ഇഡബ്ല്യുഎസിനെ നിര്‍വചിക്കുന്ന മാനദണ്ഡം പുനഃപരിശോധിക്കണം•
(നവംബര്‍ 09, 2022)