കാവിവല്‍ക്കരിക്കപ്പെടുന്ന ആസാം സര്‍വകലാശാലകള്‍

സംഗീത ദാസ്

സാമില്‍ ബിജെപി അധികാരത്തിലെത്തി കേവലം പതിനഞ്ച് മാസം കഴിഞ്ഞപ്പോള്‍ത്തന്നെ ദീനദയാല്‍ ഉപാധ്യായയുടെ പേരില്‍ ഇരുപതിലേറെ ഗവണ്‍മെന്‍റ് കോളേജുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇത് സംസ്ഥാനത്തുടനീളം വ്യാപകമായ അസംതൃപ്തിക്കും പ്രതിഷേധത്തിനും ഇടവരുത്തി.

1955ലെ പൗരത്വനിയമം ഭേദഗതി ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. മൂന്ന് അയല്‍രാജ്യങ്ങളില്‍നിന്നുള്ള (ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍) ഹിന്ദുക്കളും ബുദ്ധമതക്കാരും ജൈനരും പാഴ്സികളും ക്രിസ്ത്യാനികളുമായ, പീഡിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് അവര്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി ആറുവര്‍ഷം ജീവിച്ചിട്ടുള്ളവരാണെങ്കില്‍, പൗരത്വം അനുവദിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ ഭേദഗതി. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ഈ ബില്ല് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നതാണ്.

പൗരത്വഭേദഗതി ബില്ലിനെതിരായി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്, ആസാമിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയനുകളും പൂര്‍വ വിദ്യാര്‍ഥി സംഘടനകളും തീരുമാനിച്ചത് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും അതിന്‍റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെയും അംഗങ്ങള്‍ക്ക് ക്യാമ്പസുകളില്‍ പ്രവേശനം നിഷേധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്. പൗരത്വ അവകാശ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഗൗഹാത്തി കോട്ടണ്‍ യൂണിവേഴ്സിറ്റിയുടെയും ദിബ്രുഗഢ് യൂണിവേഴ്സിറ്റിയുടെയും കാമ്പസുകളില്‍ പ്രവേശനം നിഷേധിക്കുകയുണ്ടായി. ഈ സംഭവങ്ങള്‍ ഉണ്ടായിട്ടും ബിജെപി തന്ത്രപൂര്‍വം സാഹചര്യങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കി. അങ്ങനെ  ഇതേ ക്യാമ്പസുകളില്‍തന്നെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി വിജയിക്കുന്ന സാഹചര്യവുമുണ്ടായി.

അപ്പര്‍ ആസാമിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മറിയാനി കോളേജില്‍ സംഭവിച്ചതുപോലെ ആര്‍എസ്എസ് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധികൃതര്‍ അനുവാദം നല്‍കുന്ന സ്ഥിതിയുണ്ടായി. മറിയാനി കോളേജിന്‍റെ പ്രിന്‍സിപ്പല്‍ കോളേജവധിക്കാലത്ത് കോളേജിനുള്ളില്‍വെച്ച് ആര്‍എസ്എസ് ക്യാമ്പ് നടത്താന്‍ അനുവാദം നല്‍കി (ഗവണ്‍മെന്‍റില്‍നിന്നുള്ള ശക്തമായ സമ്മര്‍ദ്ദംമൂലമാണിതെന്ന് വ്യക്തമാണ്). ബിജെപിയുടെ യുവജനവിഭാഗമായ ബിജെവൈഎംഎസിന് ആസാം സര്‍വകലാശാലയിലെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ വിഷ്വലുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ബിജെപി അധികാരത്തില്‍വന്നശേഷം പശ്ചാത്തലസൗകര്യമുണ്ടോയെന്ന് പരിശോധിക്കാതെ, അക്കാര്യത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ കോളേജുകളെ യൂണിവേഴ്സിറ്റികളാക്കി ഉയര്‍ത്തുന്നതും പുതിയ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുന്നതും പതിവാക്കിരിക്കുന്നു. തത്ഫലമായി മുന്‍പുണ്ടായിരുന്ന സര്‍വകലാശാലകളുടെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്; പുതിയവയ്ക്കാകട്ടെ, വേണ്ടത്ര ഫാക്കല്‍റ്റികളും പശ്ചാത്തലസൗകര്യങ്ങളും ഉണ്ടായിട്ടുമില്ല.

ഒരു വിദ്യാര്‍ഥിനിയെ  ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കപ്പെട്ട ദിബ്രുഗഢ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരിലൊരാളെ ഗവണ്‍മെന്‍റ് ഇടപെട്ട്  ശിക്ഷാ നടപടിയില്‍നിന്ന് ഒഴിവാക്കി രക്ഷപ്പെടുത്തുകയും പിന്നീടദ്ദേഹത്തെ സാംസ്കാരിക പഠനത്തിനായുള്ള മജുലി സര്‍വകലാശാലയുടെ വിസിയായി നിയമിക്കുകയുമുണ്ടായി. മൊത്തത്തില്‍ ബിജെപി ആസാമിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങളെയാകെ എല്ലാതലത്തിലും കാവിവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
(എസ്എഫ്ഐ ആസാം സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)