ഉന്നതവിദ്യാഭ്യാസരംഗത്തെ അഗ്രഹാരങ്ങള്‍ അധ്യാപകനിയമനങ്ങളില്‍ തുടര്‍ന്നുപോരുന്ന ജാതീയത

ശ്രീഹരി

നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജനതയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ നിര്‍ണ്ണയിച്ചിരുന്ന  ജാതിഘടന ഇന്നത്തെ ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസരംഗത്തും ശക്തമായ ഒരു സ്വാധീനമായി തുടരുകയാണ്. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനായി സംവരണവും മറ്റനേകം പദ്ധതികളും നിലവിലുണ്ടെങ്കിലും, നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ നയിക്കുന്നവരുടെ യാഥാസ്ഥിതികതയും വര്‍ധിച്ചുവരുന്ന സാമൂഹിക അസമത്വവും അവയെ ദുര്‍ബലമാക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രാജ്യത്തുണ്ടായ പിന്നാക്കജാതി മുന്നേറ്റത്തിന്‍റെ ഫലമായി ഉന്നതവിദ്യാഭ്യാസത്തിലും പൊതുമേഖലയിലെ ജോലികളിലും ദളിത്, ആദിവാസി, പിന്നാക്കസമുദായങ്ങള്‍ക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചെങ്കിലും അവരുടെ വരവിനെ ഇന്നും തടയുന്ന സമീപനമാണ് കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകനിയമനത്തില്‍ തുടര്‍ന്ന് പോരുന്നത്. 

ഈ സമീപനങ്ങള്‍ ഉന്നതവിദ്യാഭ്യാസരംഗത്തിന്‍റെ ജനാധിപത്യവല്‍ക്കരണത്തെ തടുത്തു നിര്‍ത്തുന്ന പ്രവണതകള്‍ക്ക് പിന്‍ബലമേകുന്നു. കേന്ദ്ര സര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍, എയിംസുകള്‍, ഐഐഎസ്സി, ഐസെറുകള്‍, ഐഎസ്ഐകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട കേന്ദ്രതലത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തിന്‍റെ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്മെന്‍റ്, വൈദ്യശാസ്ത്രം, സാമൂഹിക ശാസ്ത്രം, മാനവികവിഷയങ്ങള്‍ എന്നീ രംഗങ്ങളുടെ നേതൃനിരയിലുള്ളവയും അതാത് മേഖലയിലെ മാതൃകസ്ഥാപനങ്ങളാണെന്നുമുള്ള വസ്തുത ഈ സാമൂഹികപ്രശ്നത്തിന്‍റെ വ്യാപ്തി കൂട്ടുന്നു.

ലജ്ജാകരമായ പ്രാതിനിധ്യക്കുറവാണ് കേന്ദ്ര ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പിന്നാക്കവിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ എണ്ണത്തില്‍ കണ്ടുവരുന്നത്. 2019-20ലെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ടുപ്രകാരം കേന്ദ്രസര്‍വകലാശാലകള്‍ ഒഴിച്ചുള്ള കേന്ദ്ര ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരില്‍ പട്ടികജാതി പ്രാതിനിധ്യം കേവലം 6.7%, പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം 1.6%, മറ്റ് പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം 13% എന്നിങ്ങനെയായിരുന്നു. കേന്ദ്രസര്‍വകലാശാലകളില്‍ ഇത് യഥാക്രമം 10%, 6.6%, 15% എന്നിങ്ങനെ ആയിരുന്നു. ഈ രാജ്യത്തെ ജനസംഖ്യയുടെ 70%ന് മുകളില്‍വരുന്ന പിന്നാക്കവിഭാഗങ്ങള്‍ നമ്മുടെ മികവിന്‍റെ കേന്ദ്രങ്ങളില്‍ ഒരു ന്യൂനപക്ഷമായി തുടര്‍ന്നുപോരുകയാണ്. 2019ല്‍ പാര്‍ലമെന്‍റില്‍ വന്ന ഒരു ചോദ്യത്തിന്‍റെ മറുപടിയായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇരുപത്തിമൂന്ന് ഐഐടികളിലെയും മുഴുവന്‍ അധ്യാപകരില്‍  2.5% പട്ടികജാതിക്കാരും 0.34% പട്ടികവര്‍ഗ്ഗക്കാരും മാത്രമേ ഉള്ളൂ. ഇതേ വര്‍ഷത്തില്‍ പതിനെട്ട് ഐഐഎമ്മുകളിലെ 784 അധ്യാപകതസ്തികകളില്‍ കേവലം 2 പട്ടികവര്‍ഗ്ഗക്കാരും 8 പട്ടികജാതിക്കാരുമേ ഉണ്ടായിരുന്നുള്ളൂ. ഇതേ കാലത്ത് തന്നെയായിരുന്നു കേന്ദ്ര സര്‍വകലാശാലകളിലെ സംവരണം ചെയ്യപ്പെട്ട അധ്യാപകതസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉതകുന്ന ഒരു വിധി അലഹബാദ് ഹൈക്കോടതിയില്‍ നിന്നു വന്നത്.

ദേശീയ പ്രക്ഷോഭത്തിന്‍റെ 
പ്രാധാന്യം

അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെ അധ്യാപനരംഗത്തെ ജാതീയമായ മാറ്റിനിര്‍ത്തലിനെതിരെ 2018-19 കാലത്തുണ്ടായ ദേശീയ പ്രക്ഷോഭം നിര്‍ണ്ണായകമായ ഒരു മാറ്റത്തിനാണ് വഴി തുറന്നത്. പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരുന്ന 2019 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ Central Educational Institutions (Reservation in Teacher's Cadre) Ordinance പുറത്തിറക്കാന്‍ നിര്‍ബന്ധിതമായി. അലഹബാദ് ഹൈക്കോടതി വിധിയെ മറികടന്നുകൊണ്ട് എല്ലാ കേന്ദ്രവിദ്യാഭ്യാസസ്ഥാപനങ്ങളിലേയും സംവരണതസ്തികകള്‍ സംരക്ഷിക്കുന്ന ബില്‍ 2019 ജൂലൈയില്‍ പാര്‍ലമെന്‍റ് പാസ്സാക്കി.  ഓരോ വിദ്യാഭ്യാസസ്ഥാപനത്തിലെയും ഓരോ ശമ്പളസ്കെയിലിലുമുള്ള മുഴുവന്‍ അധ്യാപകതസ്തികകളുടെയും സംവരണറോസ്റ്റര്‍ തയ്യാറാക്കി വ്യത്യസ്ത സാമൂഹികവിഭാഗങ്ങള്‍ക്ക് സ്ഥാപനത്തിന്‍റെ ഓരോ തലത്തിലും അവകാശപ്പെട്ട അധ്യാപകതസ്തികകളുടെ എണ്ണം നിര്‍ണ്ണയിക്കണമെന്നുള്ളതായിരുന്നു ഈ നിയമത്തിലെ കാതലായ വ്യവസ്ഥ.
 
രാജ്യത്തെ ശാസ്ത്ര സാങ്കേതികവിദ്യാ സംബന്ധിയായ കേന്ദ്ര സ്ഥാപനങ്ങളിലാണ് ഈ നിയമം വഴി അധ്യാപകനിയമനങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്. 1961ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഒരു വിജ്ഞാപനം അനുസരിച്ചു ശാസ്ത്ര, സാങ്കേതികവിദ്യകളിലെ പ്രാവീണ്യം യോഗ്യതയായുള്ള തസ്തികകളെ സംവരണവ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്നു മുതല്‍ക്കേ കേന്ദ്രസാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യാപകനിയമനത്തില്‍ സംവരണം പാലിക്കുന്നുണ്ടായിരുന്നില്ല. തല്‍ഫലമായി സാങ്കേതികവിദ്യാ അധ്യാപകരിലെ പിന്നാക്കവിഭാഗക്കാരുടെ പ്രാതിനിധ്യം തുച്ഛമായി നിലനിന്നു. ഈ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വന്നിരുന്ന പിന്നാക്കവിഭാഗക്കാരായ വിദ്യാര്‍ത്ഥികളെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്‍റെയടിസ്ഥാനത്തില്‍ 2008 തൊട്ട് ശാസ്ത്ര, സാങ്കേതികവിദ്യാ വകുപ്പുകളിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകളിലേക്ക് സംവരണംവഴി നിയമനം നടത്താനായി വ്യവസ്ഥയുണ്ടായെങ്കിലും ഒഴിഞ്ഞു കിടക്കുന്ന സംവരണതസ്തികകള്‍ ഒരു വര്‍ഷത്തിനുശേഷം സംവരണതസ്തികയല്ലാതാക്കി മാറ്റാന്‍ അനുവദിച്ചതുവഴി കേന്ദ്രസാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംവരണം ഫലവത്താകാതെ നോക്കാന്‍ കഴിഞ്ഞു. 2019ല്‍ നിലവില്‍ വന്ന അധ്യാപകസംവരണ നിയമത്തോടെ കേന്ദ്രസ്ഥാപനങ്ങളിലെ അധ്യാപകതസ്തികകളിലുള്ള 1961ലെ വിജ്ഞാപനത്തിന്‍റെ സാധുത മൊത്തത്തില്‍ റദ്ദാകുകയും ഒരു വര്‍ഷത്തിനു ശേഷം റലൃലലെൃ്ല ചെയ്യാം എന്ന വ്യവസ്ഥ ഇല്ലാതാകുകയും എല്ലാ തലത്തിലെ അധ്യാപകതസ്തികകളിലും സംവരണം നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരുമായി.

നിയമത്തോട് 
നിഷേധാത്മക സമീപനം

കേന്ദ്രനിയമവും അതിനെ പിന്‍പറ്റി സംവരണതസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള നിരവധി സര്‍ക്കാര്‍ ഉത്തരവുകളും നിലവിലുണ്ടെങ്കിലും പല പ്രമുഖ കേന്ദ്രസാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവയോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. നിയമം നിലവില്‍ വന്നു മൂന്നാണ്ട് കഴിഞ്ഞെങ്കിലും വേണ്ടവിധത്തില്‍ സംവരണറോസ്റ്റര്‍ തയ്യാറാക്കാതെയും സംവരണീയര്‍ക്കായുള്ള ഒഴിവുകള്‍ കൃത്യമായി പരസ്യപ്പെടുത്താതെയും ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍, ഐഐഎസ്സി മുതലായ സ്ഥാപനങ്ങള്‍ നിയമത്തെ നോക്കുകുത്തിയാക്കുന്നു. അതേസമയം പല കേന്ദ്ര സര്‍വകലാശാലകളിലും യോഗ്യത തെളിയിച്ച അപേക്ഷകരെ തിരഞ്ഞെടുക്കാതെ സംവരണതസ്തികകള്‍ ഒഴിച്ചിടുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കായി വിജ്ഞാപനം ചെയ്ത 154 തസ്തികകള്‍ നിയമനനടപടികള്‍ക്ക് ശേഷവും ഒഴിഞ്ഞു കിടക്കുകയാണെന്ന് എ എ റഹീം എംപിക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രി 2022 ജൂലൈ 20ന് കൊടുത്ത മറുപടിയില്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുതലായ പല കേന്ദ്ര സര്‍വകലാശാലകളിലും ഇതേകാരണത്താല്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നിരവധിയാണെന്ന് മന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നു. പല ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളിലും സമാനസ്ഥിതിയാണുള്ളതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗക്ഷേമത്തിനായുള്ള പാര്‍ലമെന്‍ററി സമിതി കഴിഞ്ഞ ജൂലൈയില്‍ നിരീക്ഷിച്ചിരുന്നു. ഭരണഘടനാപരമായ വാഗ്ദാനങ്ങള്‍ ജലരേഖയാക്കുന്ന കേന്ദ്രസ്ഥാപനങ്ങളുടെ നിലപാട് സാമൂഹികനീതിക്കായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തുള്‍പ്പെടയുള്ള സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെങ്കിലും പ്രശ്നപരിഹാരത്തിനായി കാണിക്കേണ്ട ഇച്ഛാശക്തി കേന്ദ്രം ഇനിയും കാണിച്ചിട്ടില്ല. അതുകൊണ്ട് 2019 മാര്‍ച്ച് മുതല്‍ സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പിന്നാക്കവിഭാഗങ്ങള്‍ക്ക് കിട്ടേണ്ട അധ്യാപകതസ്തികകളില്‍ മുന്നാക്കജാതിക്കാരെ നിയമിക്കുന്ന പ്രവണത ചിലയിടങ്ങളില്‍ തുടരുന്നുണ്ട്. 2019 മാര്‍ച്ച് മുതല്‍ 2021 ആഗസ്ത് വരെയുള്ള കാലത്ത് ഇരുപത്തിയൊന്നു ഐഐടികളില്‍ നിയമിതരായ 1517 അധ്യാപകരില്‍ 1280 പേരും മുന്നാക്കജാതിക്കാരായിരുന്നുവെന്ന് മദ്രാസ് ഐഐടിയിലെ ചിന്താബാര്‍ എന്ന വിദ്യാര്‍ത്ഥിസംഘടനയ്ക്ക് വിവരാവകാശനിയമംവഴി ലഭിച്ച രേഖകള്‍ കാണിക്കുന്നു.

സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റും
പരാജയം

സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളുടെ ഫലമായി കേന്ദ്രവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉയര്‍ത്താനായി സെപ്തംബര്‍ 2021 മുതലുള്ള ഒരു വര്‍ഷക്കാലത്തേക്ക് തീവ്രയജ്ഞം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നടത്തുകയുണ്ടായി. സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴിയും മറ്റും സംവരണീയ വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകനിയമനത്തിനായുള്ള നടപടികള്‍ ഈ ഒരു വര്‍ഷക്കാലത്ത് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്തുവെങ്കിലും സ്ഥാപനങ്ങളുടെ താല്പര്യക്കുറവും കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവവും മൂലം പിന്നോക്കവിഭാഗക്കാരില്‍ നിന്നും നാമമാത്രമായ നിയമനങ്ങളാണ് പലയിടങ്ങളിലും നടന്നത്. എ എ റഹീം എംപിക്ക് വിദ്യാഭ്യാസമന്ത്രി 2022 ആഗസ്ത് 3ന് കൊടുത്ത മറുപടിയില്‍ ഇത് വ്യക്തമാകുന്നു. ഖരക്പൂര്‍ ഐഐടിയിലെ പല വകുപ്പുകളിലായി അപേക്ഷിച്ച ഒബിസി വിഭാഗത്തില്‍പ്പെട്ട 1185 അപേക്ഷകരില്‍ ആരുംതന്നെ അധ്യാപകനിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടില്ല. പട്ടികവര്‍ഗ്ഗക്കാരായ 193 അപേക്ഷകരില്‍നിന്നും ആരെയും ഈ സ്ഥാപനം തിരഞ്ഞെടുത്തില്ല. പട്ടികജാതിക്കാരായ 1075 അപേക്ഷകരില്‍നിന്നും രണ്ട് പേര്‍ക്ക് മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചത്. മറ്റിടങ്ങളിലെയും കണക്കുകള്‍ സമാനമാണ്. ഇരുപത്തിമൂന്ന് ഐഐടികളില്‍ കേവലം നാലിടത്ത് മാത്രമാണ് സാമൂഹികവിഭാഗം തിരിച്ചുള്ള അധ്യാപക ഒഴിവുകള്‍ പരസ്യപ്പെടുത്തിയത്. ഐഐടികളില്‍ വിദ്യാര്‍ത്ഥി-അധ്യാപക സംവരണം നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി രൂപീകരിച്ച ഐഐടി ഡല്‍ഹി ഡയറക്ടര്‍ ഡോ. വി രാമഗോപാല്‍ റാവുവിന്‍റെ അധ്യക്ഷതയിലുള്ള കമ്മിറ്റി അതിന്‍റെ അധികാരപരിധി കടന്നു അധ്യാപകസംവരണം റദ്ദാക്കാനായി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സ്വേച്ഛയാല്‍ പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉയര്‍ത്താനുള്ള താല്പര്യം ഈ കേന്ദ്രസ്ഥാപനങ്ങള്‍ക്കില്ലായെന്ന് മേല്പറഞ്ഞ കണക്കുകളും വസ്തുതകളും വെളിവാക്കുന്നു. 

ശാസ്ത്രാധ്യാപന രംഗത്തും 
ജാതീയത

നരവംശശാസ്ത്രജ്ഞനായ ഡോ: റെന്നി തോമസ് ബാംഗ്ലൂര്‍ ഐഐഎസ്സിയിലെ ശാസ്ത്രജ്ഞരുടെ ഇടയില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങള്‍  ഉന്നതവിദ്യാഭ്യാസമേഖലയിലെ ഒഴിച്ചുനിര്‍ത്തലിനെ മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കും. പതിറ്റാണ്ടുകളായി ബ്രാഹ്മണ മേധാവിത്വത്തില്‍ നടന്നു പോകുന്ന ഇന്ത്യയിലെ ഉന്നതതല ശാസ്ത്രാധ്യാപനത്തില്‍ ശാസ്ത്രം കൈകാര്യം ചെയ്യാന്‍ യോഗ്യരായവര്‍ സസ്യാഹാരം അടക്കമുള്ള ബ്രാഹ്മണികമായ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും പാലിക്കുന്നവരാണ് എന്ന ഒരു ബോധം ഘനീഭവിച്ചിട്ടുണ്ട്. ഫലത്തില്‍ ബ്രാഹ്മണ, സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നുള്ളവരുടെ നിയമനങ്ങളോട് സ്വീകാര്യതയും അവര്‍ണ്ണര്‍ക്കു നിയമനം ലഭിക്കുന്ന സംവിധാനങ്ങളോട് അമര്‍ഷവും താല്പര്യക്കുറവും ഈ സ്ഥാപനങ്ങളില്‍ കാണപ്പെടുന്നു. ജ്ഞാനസമ്പാദനത്തിലെ മറ്റു മേഖലകളിലും സമാനമായ സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്. പല ക്യാമ്പസുകളിലും ദൃശ്യമാകുന്ന സവര്‍ണ്ണ സംസ്കാരങ്ങളും, ശാസ്ത്രീയ ഗവേഷണത്തിലൂടെ വേദപാരമ്പര്യത്തിന് യുക്തിയുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളും, ചില സവര്‍ണ്ണ ഹൈന്ദവാഘോഷങ്ങള്‍ക്ക് കിട്ടുന്ന പ്രാമുഖ്യവും ഇതുമായി ചേര്‍ത്ത് കാണാവുന്നതാണ്. സാങ്കേതികസ്ഥാപനങ്ങളിലെ ഗുണമേന്മയുടെ സാമൂഹികനിര്‍മ്മാണത്തെ പറ്റി പഠിച്ച ഡോ. അജന്ത സുബ്രഹ്മണ്യനും ഇതുമായി ചേര്‍ന്നു നില്‍ക്കുന്ന നിരീക്ഷണങ്ങളാണ് നടത്തിയത്. 
സ്ഥാപനങ്ങള്‍ അവരുടെ സംവര്‍ണറോസ്റ്ററുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുക; നിയമന വിജ്ഞാപനങ്ങളില്‍ വകുപ്പ്, ശമ്പളസ്കെയില്‍ മുതലായവ തിരിച്ചു വിവിധ സാമൂഹികവിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഒഴിവുകളുടെ  കണക്ക് പരസ്യപ്പെടുത്തുക; അഭിമുഖപരീക്ഷകള്‍ വീഡിയോ റെക്കോഡ് ചെയ്യുക; സെലക്ഷന്‍ കമ്മിറ്റികളില്‍ പിന്നാക്ക വിഭാഗക്കാരുടെയും വനിതകളുടെയും പങ്കാളിത്തം ഉറപ്പാക്കുക; നിയമനപ്രക്രിയയിലെ ഓരോ തലത്തിലും ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടിയ മാര്‍ക്ക് വിശദമാക്കുന്ന പട്ടികകള്‍ പ്രസിദ്ധീകരിക്കുക എന്നീ വ്യവസ്ഥകള്‍ നിഷ്കര്‍ഷിക്കുന്നതുവഴി അധ്യാപകനിയമനങ്ങളിലെ ജാതീയമായ ഒഴിച്ചുനിര്‍ത്തലിനെ ചെറിയ രീതിയിലെങ്കിലും പ്രതിരോധിക്കാനാകും. 
ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ തുടക്കകാലം മുതലേ പിന്തുടര്‍ന്നുവരുന്ന ശ്രേണീബദ്ധമായ വ്യവസ്ഥമൂലം കേന്ദ്രവിദ്യാഭ്യാസസ്ഥാപനങ്ങള്‍  കൈകാര്യം ചെയ്യുന്ന ഫണ്ടുകളുടെ അളവിലും, പഠിപ്പിച്ചിറക്കുന്ന വിദ്യാര്‍ത്ഥികളുടെ അളവിലും, പ്രസിദ്ധീകരിക്കുന്ന ഗവേഷണങ്ങളുടെ അളവിലും ഇന്ത്യയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാളും വളരെ മുമ്പിലാണ്. ഇവയുടെ ജനാധിപത്യവല്‍ക്കരണത്തില്‍ സംവരണത്തിന്‍റെ പങ്ക് അതിപ്രധാനമാണ്. ഇവിടങ്ങളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഇന്നുള്ള പങ്കാളിത്തത്തിന്‍റെ ചരിത്രം രാജ്യത്തെ പിന്നാക്കജനതയുടെയും ജനാധിപത്യശക്തികളുടെയും രാഷ്ട്രീയമായ മുന്നേറ്റത്തിന്‍റെ ഗതിക്കനുസരിച്ചു തന്നെയാണ് രൂപപ്പെട്ടത്. അതിനാല്‍ തുടര്‍ന്നും ജനമുന്നേറ്റങ്ങളിലൂടെമാത്രമേ കേന്ദ്രവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രാതിനിധ്യവും സാമൂഹികനീതിയും ഉറപ്പാക്കാനാകൂ. അതിനു വേണ്ടി രാജ്യത്താകമാനമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ, പുരോഗമന പ്രസ്ഥാനങ്ങളുടെയും സംയോജിതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

അതിന്‍റെ ഭാഗമായി എസ്എഫ്ഐ, പട്ടികജാതി ക്ഷേമസമിതി, തമിഴ്നാട് തീണ്ടായ്മൈ ഒഴിപ്പു മുന്നണി, ദളിത് ശോഷണ്‍ മുക്തി മഞ്ച് എന്നിങ്ങനെയുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഈ ശ്രമങ്ങളില്‍ സമരപ്രചരണങ്ങളുമായി മുന്നില്‍ത്തന്നെയുണ്ട്. ഇവരുടെ ശ്രമഫലമായി സിപിഐ എം ജനപ്രതിനിധികള്‍ മുഖാന്തിരം കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമൂഹിക നീതി നിഷേധം തുറന്നു കാട്ടുന്ന നിരവധി ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാന്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം നിര്‍ബന്ധിതമായി എന്നു കാണാം. സിപിഐ എം ജനപ്രതിനിധികളും മറ്റ് പുരോഗമനമനസ്കരായ ജനപ്രതിനിധികളും നേരിട്ടും സഭയിലും പാര്‍ലമെന്‍ററി കമ്മിറ്റികളിലൂടെയും നടത്തിയ ഇടപെടലുകള്‍ മൂലം കേന്ദ്രത്തിന് ഈ ദന്തഗോപുരങ്ങളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ പറ്റാത്ത സാഹചര്യം ഇപ്പോള്‍ ആസന്നമായിട്ടുണ്ട്. എന്നിരിക്കിലും അധ്യാപക, വിദ്യാര്‍ത്ഥി, ഗവേഷകരംഗങ്ങളിലെ നിയമപരവും ഭരണഘടനാപരവുമായ ഉറപ്പുകള്‍ ഫലവത്താക്കുന്നതിനായി ഈ രംഗത്തെ സംഘടനകളും തല്പരവ്യക്തികളും സമാനചിന്താഗതിക്കാരായ സാമൂഹിക-രാഷ്ട്രീയപ്രസ്ഥാനങ്ങളും അഖിലേന്ത്യാ തലത്തില്‍ കണ്ണിചേര്‍ന്ന് നിരന്തരമായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത ഇപ്പോഴും നിലനില്‍ക്കുന്നു•