കാവിക്കാക്കകള്‍ ഉയര്‍ന്നു പറക്കുമ്പോള്‍ സംഘ് കാലത്തെ ഹൈദരാബാദ് സര്‍വകലാശാല

സഹാന പ്രദീപ്

മകാലിക വിദ്യാര്‍ത്ഥി രാഷ്ടീയത്തിന്‍റെ ചരിത്രത്തില്‍ ഹൈദരാബാദ് സര്‍വകലാശാല ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് കഴിഞ്ഞ പതിറ്റാണ്ടില്‍ നടന്ന എല്ലാ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്കും ഊര്‍ജ്ജമായ, ഉജ്ജ്വലമായൊരു പോരാട്ടത്തിന്‍റെ പേരിലാണ്. അത് രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് എതിരെ നടന്ന, രോഹിത് ആക്ട് നടപ്പാക്കാന്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന തീക്ഷ്ണമായ സമരമാണ്. 

രോഹിത് വെമുലയുടെ 
വ്യവസ്ഥാപിത കൊലപാതകം

2016 ജനുവരി 16നാണ് ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത്തിനെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കേന്ദ്ര എംഎച്ച്ആര്‍ഡി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയില്‍ നിന്നും രോഹിതുള്‍പ്പെടെ അഞ്ചു ദളിത് ഗവേഷകര്‍ക്കെതിരെ നടപടിക്ക് സര്‍വകലാശാലയ്ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിന്‍റെ ഭാഗമായി കൃത്യമായി തെളിയിക്കപ്പെടാത്ത നിസ്സാരമായ കാരണങ്ങള്‍ക്കുമേല്‍ അഡ്മിനിസ്ട്രേഷന്‍ ചുമത്തിയ സാമൂഹിക ബഹിഷ്കരണത്തിനെതിരെ 'വെളിവാട' കെട്ടി നീണ്ട സമരത്തിലായിരുന്നു രോഹിതും മറ്റു ദളിത് ഗവേഷകരും. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കുമേലുള്ള അച്ചടക്കനടപടിയും തടഞ്ഞുവെക്കപ്പെട്ട ഫെല്ലോഷിപ്പും ബിജെപി ഗവണ്മെന്‍റ് സര്‍വകലാശാലയ്ക്കുമുകളില്‍ ചെലുത്തിക്കൊണ്ടിരുന്ന സമ്മര്‍ദ്ദവും അവരുടെ അതിജീവനശേഷിയെത്തന്നെ പരീക്ഷിക്കുന്നതരത്തിലായിരുന്നു. സാമൂഹികവും അക്കാദമികവുമായ എല്ലാ കോണില്‍ നിന്നും നേരിട്ട കൊടിയ വിവേചനമാണ് ധിഷണാശാലിയായ രോഹിതിനെ മരണത്തിലേക്ക് തള്ളി വിട്ടത്. അവിടെ സര്‍വകലാശാലാ ഇടങ്ങളില്‍ അരികുവല്‍കൃത സമൂഹങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ആഗോളതലത്തില്‍ തന്നെ ഒരു പ്രക്ഷോഭം രൂപപ്പെടുകയായിരുന്നു. അതിനെ താറടിച്ചു കാണിക്കാനും മര്‍ദ്ദന ഉപാധികളിലൂടെ ഭയപ്പെടുത്തി നശിപ്പിക്കാനും കേന്ദ്ര ഗവണ്മെന്‍റ് എല്ലാ അടവും  പയറ്റിയെങ്കിലും വിവേചനങ്ങള്‍ക്കും വ്യവസ്ഥാപിത കൊലകള്‍ക്കുമെതിരെയുള്ള എല്ലാ ചെറുത്തുനില്‍പ്പുകള്‍ക്കും ഊര്‍ജ്ജവും മാതൃകയുമായി ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല സമരം പരിണമിക്കുകയായിരുന്നു.

ഹൈദരാബാദ് സര്‍വകലാശാല എന്നും വ്യവസ്ഥാപിത ചൂഷണങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്കിപ്പോന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഇടമാണ്. 2014 ല്‍ ആദ്യ എന്‍ ഡി എ ഗവണ്മെന്‍റ് അധികാരത്തില്‍ വന്ന കാലത്തു തന്നെ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള അജന്‍ഡകള്‍ക്ക് വിത്ത് പാകാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തലപ്പത്തു ബി ജെ പി അംഗത്വം എന്ന ഒറ്റ യോഗ്യതയുടെ പേരില്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ അവരോധിച്ചപ്പോഴും ഫെസ്റ്റിവലില്‍ പങ്കെടുത്തു എന്നാരോപിച്ച ഗവേഷണ വിദ്യാര്‍ത്ഥിയെ ഐ ഐ ടി മദ്രാസില്‍ സംഘ് അനുകൂല വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലും അവിടങ്ങളിലെ പ്രതിരോധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എച്ച്സി യുവിലെ പുരോഗമന വിദ്യാര്‍ത്ഥി സമൂഹമുണ്ടായിരുന്നു. ഐഐടി മദ്രാസില്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയിരുന്ന അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ അധികാരികളാല്‍ നിരോധിക്കപ്പെട്ടപ്പോള്‍, ജനാധിപത്യ വിരുദ്ധമായ വിലക്കുകളില്‍ പ്രതിഷേധിച്ചും എ പി എസ് സിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഹൈദരാബാദ് സര്‍വകലാശാലയിലെ എസ് എഫ് ഐ യൂണിറ്റ് അതേ പേരില്‍ ഒരു സ്റ്റഡി സര്‍ക്കിള്‍ രൂപീകരിക്കുകയുണ്ടായി. സംഘപരിവാറിന്‍റെ മനുഷ്യവിരുദ്ധ മുഖം തുറന്നുകാട്ടുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് എപിഎസ്സി ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമാണ്.

ചെറുത്തുനില്‍പ്പുകള്‍ക്ക് 
എന്തു സംഭവിച്ചു?

രോഹിത് വെമുല മൂവ്മെന്‍റിനിപ്പുറം ഹൈദരബാദ് സര്‍വകലാശാലയിലെ ചെറുത്തുനില്‍പ്പുകള്‍ക്ക് എന്ത് സംഭവിച്ചു? രാജ്യാന്തര ശ്രദ്ധ നേടിയ, പ്രചോദനമായി മാറിയ ഒരു വലിയ മുന്നേറ്റത്തിനു ശേഷം സര്‍വകലാശാലയിലെ രാഷ്ട്രീയവും സാമൂഹികവുമായ സംഭവവികാസങ്ങള്‍ എന്തുകൊണ്ട് വേണ്ടത്ര ചര്‍ച്ചയാവുന്നില്ല? അതിനുത്തരം രോഹിത് വെമുല മൂവ്മെന്‍റിന്‍റെ തുടര്‍ച്ചയില്‍ തന്നെയുണ്ട്. ഒരു തരത്തിലും അടിച്ചമര്‍ത്താനും നിയന്ത്രിക്കാനും പറ്റാതിരുന്ന ആ പ്രക്ഷോഭത്തിനു ജീവന്‍ നല്‍കിയ വിദ്യാര്‍ത്ഥി സമൂഹത്തോട്  സര്‍വകലാശാല അഡ്മിനിസ്ട്രേഷന്‍ പ്രതികാര ബുദ്ധിയോടെയാണ് പിന്നീട് ഇടപെട്ടത്. അതില്‍ ആദ്യത്തേതായിരുന്നു കാമ്പസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിക്കല്‍. എന്നാല്‍ 2019 ല്‍ ബിജെപി എംപി ആയിരുന്ന സുബ്രഹ്മണ്യം സ്വാമി വന്നപ്പോള്‍ ഈ മാധ്യമ വിലക്ക് കാറ്റില്‍ പറന്നത് കാമ്പസ് കണ്ടു. ആ ആനുകൂല്യം എംപിമാരായിരുന്ന സീതാറാം യെച്ചൂരിക്കൊ ബൃന്ദ കാരാട്ടിനോ ലഭിക്കാത്തതും കാമ്പസ് കണ്ടു. കാമ്പസിനെ പുറംലോകത്തിന്‍റെ നിരന്തരശ്രദ്ധയില്‍നിന്നു മറച്ചുപിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളും അവയ്ക്കെതിരെയുള്ള പ്രതിരോധങ്ങളും വലിയ ചര്‍ച്ചയാവാതെ സൂക്ഷിക്കാന്‍ ഒരു പരിധിവരെ ഈ മാധ്യമ വിലക്കുകൊണ്ട്  എച്ച്സിയു അഡ്മിനിസ്ട്രേഷന് സാധിച്ചു എന്നു വേണമെങ്കില്‍ പറയാം. പക്ഷേ പ്രതിരോധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്താന്‍ അതിനു സാധ്യമായില്ല എന്നു മാത്രമല്ല, കാമ്പസ് തീക്ഷ്ണമായ പോരാട്ടങ്ങളുടെ നിലമായി തുടരുക തന്നെ ചെയ്തു.  കാമ്പസില്‍ പൊലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു അടുത്തത്. സര്‍വകലാശാല ഇടങ്ങളെ പൊലീസ് ബന്തവസിലാക്കാനും നിരന്തര നിരീക്ഷണത്തില്‍ നിര്‍ത്താനും വേണ്ടിയുള്ള ഏറ്റവും ഹീനമായ ഇടപെടലായിരുന്നു പൊലീസ് ചൗക്ക് കൊണ്ടുവരാന്‍ ഉള്ള ഉദ്യമം. അതിനെ അനുകൂലിച്ച ഒരേയൊരു വിദ്യാര്‍ത്ഥി സംഘടന എബിവിപി മാത്രമായിരുന്നു.എബിവിപി ഒഴികെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒന്നടങ്കം പൊലീസ് ചൗക്കിനെതിരെ ഒന്നിച്ചു നിന്നു.

എസ്എഫ്ഐയുടെ വളര്‍ച്ച
ഇടതു പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ വളര്‍ച്ച എച്ച്സിയുവിനെ സമരതീക്ഷ്ണമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. 2014 ലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന എസ്എഫ് ഐ രോഹിത് വെമുല മൂവ്മെന്‍റിനു ശേഷം ഗണനീയമായ രീതിയില്‍ വളര്‍ന്നു. സംഘ് ശക്തികളെ എതിര്‍ക്കാന്‍ എസ്എഫ്ഐ അല്ലാതെ മറ്റൊരു സംഘടനയോ മുന്നണിയോ ഇല്ല എന്നത് കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു തുടര്‍ന്നുവന്ന യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍. രോഹിത് വെമുല മൂവ്മെന്‍റിനു തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച, എസ്എഫ്ഐ നേതൃത്വം നല്‍കിയ യൂണിയനെ വരിഞ്ഞു കെട്ടുവാന്‍ സര്‍വകലാശാല അധികൃതര്‍ അനവധി ഇടപെടലുകള്‍ നടത്തി. യൂണിയന്‍ പ്രസിഡന്‍റും എസ്എഫ് ഐ ഭാരവാഹിയുമായിരുന്ന കുല്‍ദീപ് സിംഗ് നാഗിയെ അച്ചടക്കസമിതിയെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാനുള്ള അസംഖ്യം ശ്രമങ്ങളുണ്ടായി. ഒറ്റ തിരിഞ്ഞ ആക്രമണങ്ങളില്‍ പതറുന്നവരല്ല ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നു തിരിച്ചറിഞ്ഞതോടെ കടുത്ത ജനാധിപത്യ വിരുദ്ധതയിലേക്ക് അത് നീങ്ങി. വിദ്യാര്‍ത്ഥി യൂണിയന്‍റെ രക്ഷാധികാരിയായി വൈസ് ചാന്‍സലര്‍ സ്വയം അവരോധിക്കുന്ന ആഭാസത്തിലേക്കു വരെ അത് നീങ്ങി.വലിയ പ്രതിഷേധത്തിനാണ് സര്‍വകലാശാല സാക്ഷ്യം വഹിച്ചത്. ഒടുവില്‍ വൈസ് ചാന്‍സലറായിരുന്ന അപ്പ റാവുവിന് അടിയറവു പറയേണ്ടി വന്നു.

അയുക്തികവും പരിഹാസ്യവുമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ സാമൂഹികവും രാഷ്ട്രീയവുമായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുക എന്ന പാതയാണ് സംഘപരിവാര്‍ ഭരണകാലത്തെ എച്ച് സി യു അഡ്മിനിസ്ട്രേഷന്‍റെ പാത. കാമ്പസില്‍ തുറന്ന ചര്‍ച്ചകള്‍ നിരോധിക്കപ്പെട്ടവയാണ്. ജനാധിപത്യത്തിന്‍റെ കാതലായ പ്രതിഷേധങ്ങള്‍ക്കും പരിഹാസാത്മകമായ നിയന്ത്രണങ്ങളുണ്ട്. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഇത്തരം വിഡ്ഢിത്തങ്ങളെ നിരന്തരം ലംഘിച്ചുകൊണ്ട് കാമ്പസിന്‍റെ ജനാധിപത്യ സ്വഭാവത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്.

വരേണ്യഇടമായി 
നിലനിര്‍ത്താന്‍ ശ്രമം

രണ്ടാം എന്‍ഡിഎ ഗവണ്മെന്‍റിന്‍റെ കാലത്ത് എച്ച് സി യു വീണ്ടും നിരന്തരമായ പൊലീസ് ഇടപെടലിന് വിധേയമായി. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പോലും പൊലീസ് സാന്നിധ്യമുണ്ടാകുന്ന സ്ഥിതിവിശേഷമായി. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രതിരോധ സമരങ്ങള്‍ക്കൊടുവിലാണ് പൊലീസ് ഇടപെടലുകള്‍ക്ക് സമാനമായി സംഭവിക്കുന്നത്. രണ്ടാം മോഡി ഗവണ്മെന്‍റിന്‍റെ വിദ്യാര്‍ത്ഥിവിരുദ്ധതയുടെ കാലത്ത് എച്ച് സി യുവിലെ വിദ്യാര്‍ത്ഥി സമൂഹം സര്‍വകലാശാലയുടെ ജനാധിപത്യവും മതനിരപേക്ഷവുമായ അന്തരീക്ഷം സംരക്ഷിക്കാന്‍ കെല്‍പ്പുണ്ട് എന്ന് വിശ്വസിച്ച ഒരേയൊരു പ്രസ്ഥാനം എസ്എഫ്ഐ തന്നെ ആയിരുന്നു. കാമ്പസിന്‍റെ അമ്പത്തഞ്ചു ശതമാനത്തിലധികം വോട്ട് നേടിക്കൊണ്ടും, എബി വിപി സഖ്യത്തിനെ ആയിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിക്കൊണ്ടുമാണ് ചരിത്രപരമായ ഭൂരിപക്ഷത്തില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയായ അഭിഷേക് നന്ദന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് മഹാമാരിയില്‍ എച്ച്സിയുവിലെ മുഴുവന്‍ ഹോസ്റ്റലുകളും തുറന്നു പ്രവര്‍ത്തിച്ചതും ഏറ്റവും ആദ്യം സാധാരണനിലയിലേക്ക് തിരികെ വന്നതുമായ കാമ്പസായി ഹൈദരാബാദ് സര്‍വകലാശാല മാറിയത് എസ്എഫ്ഐയും എസ്എഫ്ഐ നേതൃത്വം നല്‍കിയ യൂണിയനും നിരന്തരം അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടു മാത്രമാണ്. എന്നിരുന്നാലും വിദ്യാര്‍ഥി വിരുദ്ധ താല്പര്യങ്ങള്‍ ഒളിച്ചു കടത്താനുള്ള അവസരങ്ങള്‍ സര്‍വകലാശാല ഒരിക്കലും പാഴാക്കിയില്ല. കോവിഡിനെ മറയാക്കിക്കൊണ്ട് അക്കാദമിക് കൗണ്‍സിലിനെ മറികടന്ന് ഗവേഷണ വിഷയങ്ങളില്‍ മിനിമം ക്വാളിഫൈയിങ് മാര്‍ക്ക് എന്ന മാനദണ്ഡം കൊണ്ടുവരിക വഴി സര്‍വകലാശാലയെ വരേണ്യവും ബ്രാഹ്മണിക്കലുമായ ഇടമായി നിര്‍ത്താനുള്ള ശ്രമം വൈസ് ചാന്‍സലര്‍ നടത്തുകയുണ്ടായി. 

തത്ഫലമായി നൂറോളം ഗവേഷണ സീറ്റുകള്‍, അതില്‍ തന്നെ വലിയൊരു ശതമാനം സംവരണ സീറ്റുകള്‍, ഇന്‍റര്‍വ്യൂവിനു മുന്നേ തന്നെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ വന്നുചേര്‍ന്നു. ഒരാഴ്ച നീണ്ട നിരാഹാര സമരത്തിനൊടുവില്‍  ഒഴിവു വന്ന സീറ്റുകളിലേക്ക് മറ്റൊരു ഇന്‍റര്‍വ്യൂ ലിസ്റ്റ് ഇടാന്‍ അഡ്മിനിസ്ട്രേഷന്‍ നിര്‍ബന്ധിതമായി. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നിതാന്ത ജാഗ്രതയും തീക്ഷ്ണമായ പ്രതിരോധ സ്വഭാവവുമാണ് സംവരണ കാര്യങ്ങളില്‍ വലിയ അട്ടിമറികള്‍ നടത്തുന്നതില്‍ നിന്നും ഹൈദരാബാദ് സര്‍വകലാശാലയെ ഭയപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍. മറ്റു കേന്ദ്ര സര്‍വകലാശാലകള്‍ ക്രമാതീതമായ ഫീസ് വര്‍ദ്ധനയില്‍ കുഴങ്ങിയപ്പോള്‍ എച്ച്സി യുവില്‍ അത്തരം ശ്രമങ്ങളെ അക്കാദമിക് കൗണ്‍സിലില്‍ പോലും കടക്കാതിരിക്കാനുള്ള ജാഗ്രത എസ്എഫ്ഐ പ്രകടിപ്പിക്കുന്നുണ്ട്.

പ്രതിഷേധങ്ങളോട് 
പ്രതികാരബുദ്ധി 

പ്രതിഷേധങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും പ്രതികാരബുദ്ധിയോടെ കാണുന്ന അഡ്മിനിസ്ട്രേഷന്‍റെ സ്വഭാവത്തിന് മറ്റൊരുദാഹരണമാണ് 2020ല്‍ സെന്‍റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസിനെ യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ട് പ്രകാരമല്ലാതെ കാണാനും അതു പ്രകാരം എച്ച്ഒഡി ആയിരുന്ന ഫാക്കല്‍റ്റിയെ നീക്കം ചെയ്യാനും വൈസ് ചാന്‍സലര്‍ നടത്തിയ ശ്രമം. അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥി യൂണിയനില്‍ നിന്നും വലിയ പ്രതിഷേധം വന്നതോടെ വി സിക്ക് അതില്‍ നിന്ന് പുറകോട്ടു പോകേണ്ടി വന്നു. അതേ സെന്‍ററില്‍ സംഘ് അനൂകുലിയായ അധ്യാപികയെ സീനിയോറിറ്റി മറികടന്ന് ഹെഡ് ആക്കാനുള്ള ശ്രമത്തെ എതിര്‍ത്തതായിരുന്നു വിസിക്കുണ്ടായ പ്രകോപനം.

പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സമരങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് പുതിയ വൈസ് ചാന്‍സലര്‍ എച്ച് സി യുവില്‍ ചുമതലയേല്‍ക്കുന്നത്. തുടര്‍ച്ചയായ അക്കാദമിക് കൗണ്‍സിലുകളില്‍ എന്‍ഇപിയുടെ പ്രയോഗവല്‍ക്കരണം ശക്തമായി എതിര്‍ക്കപ്പെടുകയും നീട്ടിവെക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ NEP നടപ്പിലാക്കുക എന്ന ഒറ്റ അജന്‍ഡയിലാണ് ഐസര്‍ തിരുപ്പതിയില്‍ നിന്ന് വിരമിച്ച ബി ജെ റാവുവിനെ എച്ച്സിയുവിന്‍റെ തലപ്പത്ത് അവരോധിക്കുന്നത്. സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയോ മുടങ്ങിക്കിടക്കുന്ന ഫെല്ലോഷിപ്പുകളെക്കുറിച്ചോ ഉത്കണ്ഠയില്ലാത്ത പുതിയ വി സി, എന്‍ഇപി നടപ്പിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ചലിക്കുന്നത്. CUET എന്‍ട്രന്‍സിന് ശേഷവും സര്‍വകലാശാലയില്‍ അപ്ലൈ ചെയ്യുന്നതിനായി എച്ച് സി യു അവകാശപ്പെട്ട ഭീമമായ ഫീസിനെതിരെ എസ് എഫ്ഐ സംഘടിപ്പിച്ച സമരത്തെ സര്‍വകലാശാലയുടെതന്നെ സെക്യൂരിറ്റിയെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് പുതിയ വൈസ് ചാന്‍സലര്‍ ചെയ്തത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ കാമ്പസ് സെക്യൂരിറ്റിയെ ഉപയോഗിക്കുന്ന നിലയുണ്ടായത്. മര്‍ദ്ദനത്തിലും വഴങ്ങാത്ത പ്രതിരോധത്തിനു മുന്നില്‍ ഒടുവില്‍ അധികൃതര്‍ക്ക് മുട്ടമടക്കേണ്ടിവന്നു.

NEP വഴിയും എബിവിപിയെ കയറൂരി വിട്ടും ആര്‍എസ്എസിനെ ഇഷ്ടാനുസരണം കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിച്ചും സംഘ് അജന്‍ഡകള്‍ നടപ്പിലാക്കാന്‍ കേന്ദ്രവും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനും പരമാവധി ശ്രമിക്കുമ്പോഴും എസ്എഫ് ഐ അടങ്ങുന്ന പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തില്‍ ഊന്നി നിന്നുകൊണ്ടും, ഒരു തരത്തിലുമുള്ള അതിക്രമങ്ങള്‍ക്കും ഇടം നല്‍കാതെയും സര്‍വകലാശാലയുടെ പുരോഗമന മുഖം പൊതിഞ്ഞു പിടിക്കുന്നുണ്ട്. അരികുവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ളവര്‍ വലിയൊരു ശതമാനം ആശ്രയിക്കുന്ന കാമ്പസിന്‍റെ ഉള്‍ക്കൊള്ളല്‍ സ്വഭാവത്തിന് പരിക്കു പറ്റാതിരിക്കുക എന്നത് വലിയൊരു രാഷ്ട്രീയ ലക്ഷ്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുന്നുണ്ട്. സംഘപരിവാറിന്‍റെ കല്പനകള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ രോഹിതിന്‍റെ കാമ്പസിനെ വിട്ടുകൊടുക്കില്ല എന്ന നിശ്ചയദാര്‍ഢ്യവും അവര്‍ക്കുണ്ട്•
(ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയും എസ്എഫ്ഐ യൂണിറ്റിന്‍റെ വൈസ് പ്രസിഡന്‍റുമാണ് ലേഖിക)