സവിശേഷതകളാകെ തകര്‍ക്കപ്പെടുന്ന ഡല്‍ഹി സര്‍വകലാശാല

അഖില്‍ കെ എം

ന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍വകലാശാലകളിലൊന്നാണ് ഡല്‍ഹി സര്‍വകലാശാല. രാജ്യത്തെ തന്നെ പുരാതനവും പ്രശസ്തവുമായ കോളേജുകള്‍ ഉള്‍പ്പെടുന്ന സര്‍വലാശാലയാണത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കുക എന്ന ആര്‍എസ്എസ് അജന്‍ഡ കൊണ്ടുപിടിച്ചു നടപ്പാക്കുകയാണല്ലോ മോദി സര്‍ക്കാര്‍. അതിനനുസൃതമായ നടപടികളാണ് ഡല്‍ഹി സര്‍വകലാശാലയിലും അധികൃതര്‍ സ്വീകരിച്ചുവരുന്നത്. അക്കാദമിക് രംഗത്തും ഇതര മേഖലകളിലും ഒട്ടനവധി വിദ്യാര്‍ത്ഥി വിരുദ്ധ - നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍വകലാശാല അധികൃതര്‍ നേതൃത്വം നല്‍കിയത്.

മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന മികച്ച സര്‍വകലാശാലയായിരുന്നു അടുത്ത കാലംവരെ ഡല്‍ഹി സര്‍വകലാശാല. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മാതൃകാ സര്‍വകലാശാലയായിരുന്നു അത്. സ്വാഭാവികമായും കേരളത്തില്‍നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നതിനെ 'മാര്‍ക്ക് ജിഹാദ്' എന്ന് ആക്ഷേപിക്കുകയാണ് സംഘപരിവാര്‍ അധ്യാപക സംഘടനയുടെ നേതാവു ചെയ്തത്. അദ്ദേഹം കിരോരിമാള്‍ കോളേജിലെ അധ്യാപകനാണ്. ആര്‍എസ്എസിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും വര്‍ഗീയ നിലപാടിനെതിരെ നിലപാടെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നതിനെ തടസ്സപ്പെടുത്തുക എന്ന കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യം ഈ പ്രസ്താവനയ്ക്കു പിന്നിലുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ അന്യായമായി സീറ്റുകള്‍ കൈയടക്കുന്നു എന്ന വ്യാജപ്രചാരണം എബിവിപിയും മറ്റു സംഘപരിവാര്‍ സംഘടനകളും നിരന്തരം നടത്തിവരുന്നു. പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ച ആദ്യ സര്‍വകലാശാലകളിലൊന്നായി ഡല്‍ഹി സര്‍വകലാശാല മാറിയതിനു പിന്നിലും സംഘപരിവാറിന്‍റെ കൃത്യമായ ആസൂത്രണമുണ്ട്.

കാവിവല്‍ക്കരണം 
ഉറപ്പാക്കുന്നു

ഈ സര്‍വകലാശാലയില്‍ കാവിവല്‍ക്കരണം ഉറപ്പാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ബിംബങ്ങള്‍ക്ക് പൊതു സ്വീകാര്യത വരുത്താന്‍ കാമ്പസ് പരിസരങ്ങളെ ദുരുപയോഗം ചെയ്യുകയാണവര്‍. ഡല്‍ഹി സര്‍വകലാശാലയ്ക്കുകീഴില്‍ പുതിയതായി ആരംഭിക്കാന്‍ തീരുമാനിച്ച കോളേജിന് വി ഡി സവര്‍ക്കറുടെ പേരു നല്‍കുന്നത് അതിനുദാഹരണമാണ്. വിവിധ മേഖലകളില്‍നിന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ് അധികൃതരുടെ വിവാദമായ ഈ നടപടി. നേരത്തെ സര്‍വകലാശാലയുടെ പ്രധാന കാമ്പസ്സില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിക്കാന്‍ സര്‍വകലാശാല ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകരും സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. അതിനെത്തുടര്‍ന്നാണ് അവിടെ നിന്ന് പ്രതിമ നീക്കം ചെയ്യാന്‍ സര്‍വകലാശാലാ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഡല്‍ഹി സര്‍വകലാശാലയ്ക്കുകീഴിലുള്ള പ്രധാന കോളേജുകളില്‍ ഒന്നായ ഹന്‍സ്ജ്രാജ് കോളേജില്‍ "കൗ റിസര്‍ച്ച് സെന്‍റര്‍" എന്ന പേരില്‍ ഗോശാല ആരംഭിക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍ പോലുമില്ലാത്ത ഈ കോളേജില്‍ ഗോശാല സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നു. പ്രതിഷേധത്തിനൊടുവില്‍ ഹോസ്റ്റല്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

അംബേദ്ക്കറെ
അനുസ്മരിക്കാന്‍ 
ആര്‍എസ്എസ് വക്താവോ?

ലേഡി ശ്രീറാം കോളേജില്‍ അംബേദ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ആര്‍എസ്എസ് വക്താവിനെ അധികൃതര്‍ ക്ഷണിച്ചതും  രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. അംബേദ്കറെക്കുറിച്ച് സംസാരിക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താവിനെ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയാണെന്ന കാര്യം വ്യക്തമാണ്. ഈ നീക്കത്തിനെതിരെ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് അതിശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അതിനെത്തുടര്‍ന്ന് കോളേജ് അധികൃതര്‍ക്ക് ആര്‍എസ്എസ് വക്താവിനെ ക്ഷണിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു. ഈ രീതിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ വക്താക്കളെയും ബിംബങ്ങളെയും കാമ്പസ്സുകളിലേക്കു കൊണ്ടുവരാനും കാമ്പസ്സിന്‍റെ പൊതുഇടങ്ങളെ ദുരുപയോഗം ചെയ്യാനും അധികൃതര്‍ നിരന്തരം ശ്രമിക്കുന്നു.

അതേസമയം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്ന, മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും അനുകൂലമായി വാദിക്കുന്ന രചനകളെ അക്കാദമിക പരിസരത്തുനിന്ന് പുറന്തള്ളാനാണ് അക്കാദമിക് കൗണ്‍സില്‍ നിരന്തരം ശ്രമിക്കുന്നത്. അക്കാദമിക് കൗണ്‍സിലില്‍ സംഘപരിവാര്‍ അനുകൂലികള്‍ക്കാണ് ഭൂരിപക്ഷം. ഈ സര്‍വകലാശാലയിലെ ഇംഗ്ലീഷ് സിലബസില്‍നിന്ന് നിരവധി പ്രമുഖ എഴുത്തുകാരുടെ രചനകള്‍ നീക്കംചെയ്തു. അതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ് അവര്‍.

ഡല്‍ഹി സര്‍വകലാശാലയിലുള്‍പ്പെടെ പ്രതിഷേധശബ്ദം ഉയര്‍ത്തിയ ഒട്ടനവധി അധ്യാപകരെയും അക്കാദമിക്കുകളെയും അന്യായമായി ജയിലിലടയ്ക്കുന്നതും സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് വിചാരണ നീട്ടിക്കൊണ്ടുപോകുന്നതും നാം കണ്ടു. സംഘപരിവാര്‍ അനുകൂല പരിപാടികള്‍ക്ക് വിവിധ തരത്തില്‍ ആതിഥേയത്വം വഹിക്കുന്ന പ്രധാന ഇടമായി ഡല്‍ഹി സര്‍വകലാശാല ഇതിനകം മാറി.

സംഘപരിവാര്‍ 
സംഘടനകള്‍ക്ക് 
എന്തും ചെയ്യാം

എബിവിപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് അവരുടെ സംഘടനാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ യഥേഷ്ടം സര്‍വകലാശാലാ അധികൃതര്‍ വിട്ടുകൊടുക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് പാടേ നിഷേധിക്കുകയും ചെയ്യുന്നു. കാമ്പസിലെ പുല്‍ത്തകിടിയില്‍ ഇരിക്കാന്‍പോലും മുന്‍കൂട്ടി കത്തു നല്‍കണമെന്ന തീട്ടൂരമിറക്കാനും സര്‍വകലാശാലാ അധികൃതര്‍ക്ക് ഒരു മടിയുമില്ലായിരുന്നു.

 കഴിഞ്ഞ വിജയദശമി ദിനത്തില്‍ ആര്‍എസ്എസിന്‍റെ റൂട്ട് മാര്‍ച്ച് കടന്നുപോയത് കാമ്പസിന്‍റെ പരിസരത്തുകൂടിയാണ്. കാമ്പസിനുള്ളില്‍ അവര്‍ക്ക് സ്വീകരണമൊരുക്കാനും അധികൃതരുടെ ഒത്താശയോടെ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായി. അതിനെതിരെയും ശക്തമായ പ്രതിഷേധമുയര്‍ന്നു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കു വേദിയാകേണ്ട സര്‍വകലാശാലാ പരിസരം ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ആതിഥേയഗൃഹം മാത്രമായി തരംതാഴുകയാണ്.
രണ്ടുലക്ഷ്യമാണ് ഇക്കാര്യത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്കുള്ളത്. ഒന്ന് സര്‍വകലാശാല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധ വഴിതിരിച്ചുവിടുക.രണ്ട്, ഹിന്ദുത്വ രാഷ്ട്രീയത്തിന് ഗുണകരമായ രാഷ്ട്രീയ പരിസരം ഇവിടങ്ങളില്‍ സൃഷ്ടിക്കുക.

കൃത്യമായ 
രാഷ്ട്രീയ അജന്‍ഡ

ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന വ്യക്തിയെ ഡല്‍ഹി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി അവരോധിച്ചതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മോദി സര്‍ക്കാരിനുണ്ടായിരുന്നു. ന്യായമായ പല ആവശ്യങ്ങള്‍ക്കും പരിഹാരം തേടി വൈസ് ചാന്‍സലറെ കാണാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് സന്ദര്‍ശനാനുമതി വൈസ് ചാന്‍സലര്‍ നിഷേധിച്ചു. അതേസമയം എബിവിപിക്കാര്‍ക്ക് ഏതു സമയത്തും കാണാനുള്ള അനുമതി അദ്ദേഹം നല്‍കുകയും ചെയ്തു.

വിസി മാത്രമല്ല പ്രോക്ടര്‍മാരും മറ്റു പ്രധാന തസ്തികകളിലെ ഉദ്യോഗസ്ഥരും സംഘപരിവാറിന്‍റെ നോമിനികളാകുന്നത് യാദൃച്ഛികമല്ല. ഡല്‍ഹി സര്‍വകലാശാലയിലെ പ്രോക്ടറായ രജനി അബ്ബി ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് മേയറായ വ്യക്തിയാണ്.

അക്കാദമിക് രംഗത്തെ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്ത പുറത്തുവന്നശേഷം പ്രോക്ടറുടെ ഓഫീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇങ്ങനെ പറയുന്നു: "മാനസിക സംഘര്‍ഷം പോലെയുള്ള നിസ്സാര കാരണങ്ങളാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത സര്‍വകലാശാലയില്‍ കണ്ടുവരുന്നുണ്ട്". രാഷ്ട്രമീമാംസ ഉള്‍പ്പെടെയുള്ള നിരവധി ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ യോഗ്യതയും സീനിയോറിറ്റിയും അട്ടിമറിച്ചുകൊണ്ട് ആര്‍എസ്എസ് അനുഭാവികളെ തലപ്പത്തു പ്രതിഷ്ഠിക്കാനുള്ള ശ്രമം പല തവണയുണ്ടായി. അത്തരം സംഭവങ്ങളില്‍ പലതും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയും സംജാതമായി.

വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത ഓപ്ഷണലാക്കിയതും സമീപകാലത്ത് സിലബസില്‍ നടത്തിയ പരിഷ്കരണത്തിന്‍റെ ഭാഗമായാണ്. എന്നു മാത്രമല്ല മലയാളത്തിന്‍റെ മാര്‍ക്ക് പ്രവേശനത്തിനു പരിഗണിക്കുന്നതില്‍ പലതവണ വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമനുഭവിക്കേണ്ടിയും വന്നു. ഇതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വന്‍തോതിലുയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാല തയ്യാറായത്.

അടിസ്ഥാന 
സൗകര്യമൊരുക്കുന്നതില്‍
തികഞ്ഞ വീഴ്ച

ഡല്‍ഹി സര്‍വകലാശാലയിലെ പ്രധാന പ്രശ്നമാണ് ഹോസ്റ്റല്‍ സീറ്റുകളുടെ ലഭ്യതക്കുറവ്. എന്നാല്‍ അതു പരിഹരിക്കാന്‍ ഒരു ശ്രമവും അധികൃതര്‍ നടത്തുന്നില്ല. സെന്‍ട്രല്‍ ലൈബ്രറി സമയം 24 മണിക്കൂറാക്കുക എന്ന ആവശ്യം നിരവധി തവണ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാന്‍ സര്‍വകലാശാല ഇനിയും തയ്യാറായിട്ടില്ല. പുതിയതായി ആരംഭിച്ച കോഴ്സുകളില്‍ വലിയ ഫീസ് ഈടാക്കുന്ന രീതിയുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ തീരെ പരിമിതമായ ഡല്‍ഹി സ്കൂള്‍ ഓഫ് ജേണലിസം ഡിപ്പാര്‍ട്ടുമെന്‍റില്‍ ബിരുദപഠനത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. സമാനമായ രീതിയില്‍ സ്വാശ്രയ കോഴ്സുകളായി ആരംഭിക്കുന്ന കോഴ്സുകളിലും ഇതേ സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

സര്‍വകലാശാലയ്ക്ക് ആവശ്യമായ സംവാദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായ ഒരിടപെടലും അധികൃതര്‍ നടത്തുന്നില്ല. എന്നു മാത്രമല്ല നിലവിലുള്ള ഇടങ്ങള്‍ കൂടി ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

സര്‍വകലാശാലയുടെ പരിധിയിലുള്ള പല കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയന്‍റെ ഭാഗമാകാനുള്ള അവസരമില്ല. ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടി നടത്താന്‍ പ്രത്യേകം അനുമതി തേടണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍വകലാശാല നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയതും അടുത്തകാലത്താണ്.

അധ്യാപകരുടെ നിയമനങ്ങള്‍ നടത്തുന്നതിലും നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിലും കടുത്ത നിസ്സംഗതയാണ് സര്‍വകലാശാല അധികൃതര്‍ വെച്ചുപുലര്‍ത്തുന്നത്. അധ്യാപക സംഘടനകളില്‍നിന്ന് നിശിതമായ വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നുവന്നു.

അധ്യാപകരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുയര്‍ത്തി അധ്യാപക സംഘടനകള്‍ നിരന്തരം പ്രക്ഷോഭത്തിലേര്‍പ്പെട്ടിരുന്നു. മുപ്പതുവര്‍ഷത്തോളം കാലം താല്‍ക്കാലിക അധ്യാപകരായി ജോലി ചെയ്തിട്ടും സ്ഥിരനിയമനം പല അധ്യാപകര്‍ക്കും ലഭിച്ചില്ല. അതില്‍ പ്രതിഷേധിച്ച് അവര്‍ക്ക് സമരം ചെയ്യേണ്ടിവന്ന സര്‍വകലാശാലയാണിത്. വൈസ് ചാന്‍സലേഴ്സ് ബില്‍ഡിങ്ങിനുള്ളില്‍ കയറി ധര്‍ണ നടത്തുന്ന, കിടക്കയുമെടുത്ത് ബില്‍ഡിങ്ങിനു പുറത്ത് സമരം ചെയ്യേണ്ടിവന്ന അധ്യാപകരെ കാമ്പസ് സമൂഹം കണ്ടതാണ്.

നിരവധി കാലമായി ഒഴിഞ്ഞുകിടന്ന സ്ഥിരം തസ്തികകളിലേക്ക് നിയമനം നടത്താന്‍ സര്‍വകലാശാല തയ്യാറായില്ല. പകരം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് അധികൃതര്‍ തയ്യാറായത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൊതുഅവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം ഇടപെടുകയും നിലപാടെടുക്കുകയും ചെയ്യുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനെ (ഡിയുടിഎ) തകര്‍ക്കുക എന്ന ദുഷ്ടലാക്കും ഈ നിലപാടിലുണ്ട്. ഇങ്ങനെ അധ്യാപകരെ സ്ഥിരപ്പെടുത്താതെ, എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടും എന്ന ഭീഷണിക്കുമുമ്പില്‍ അവരെ സ്വന്തം വരുതിക്കു നിറുത്താം എന്നാണ് അധികൃതര്‍ കരുതുന്നത്. വലിയ വിഭാഗം ഗസ്റ്റ് അധ്യാപകരെ ഈ ഭീഷണി പ്രയോഗിച്ച് തങ്ങള്‍ക്കൊപ്പം അണിനിരത്താന്‍ ആര്‍എസ്എസിന്‍റെ അധ്യാപക സംഘടനയ്ക്കു സാധിച്ചു എന്നത് ആശങ്ക ഉളവാക്കുന്നതാണ്.

യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്‍റുകളിലേക്ക് ഒഴിവുള്ള അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നിയമനം നടക്കുന്ന സമയമാണിത്.ഇതിലേക്ക് സംഘ് അനുകൂലികളെ പരമാവധി തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ നടത്തുന്നത്. ഇന്‍റര്‍വ്യൂ നടത്താന്‍ ഹിന്ദിമാത്രം സംസാരിക്കുന്ന പുറത്തുനിന്നുള്ള വിദഗ്ധരെ കൊണ്ടുവന്നത് ഈ നീക്കത്തിന്‍റെ ഭാഗമാണ്.

സംഘപരിവാറിന്‍റെ പരീക്ഷണശാലയായി ഇന്ത്യയിലെ കാമ്പസുകള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അതിന് ആരംഭംകുറിക്കുന്ന സ്ഥലങ്ങളിലൊന്നായി ഡല്‍ഹി സര്‍വകലാശാല നിലകൊള്ളുന്നു. നിരന്തരമായ ചെറുത്തുനില്‍പിലൂടെയും ക്രിയാത്മകമായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഓരോ കാമ്പസും സാംസ്കാരികമായി വികസിച്ചിട്ടുള്ളത്.  എന്നാല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം തടയിടുക എന്നതാണ് സംഘപരിവാറിന്‍റെ അജന്‍ഡ. രാജ്യത്തൊട്ടാകെ നടപ്പാക്കിവരുന്ന വര്‍ഗീയ, രാഷ്ട്രീയ പദ്ധതിയാണ് ഡല്‍ഹി സര്‍വകലാശാലയ്ക്കുള്ളിലും സംഘപരിവാര്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്•
(എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ലേഖകന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നു.)