അധികാര ശക്തികള്‍ക്ക് മെരുങ്ങാത്ത ജെഎന്‍യു

അമല്‍ പുല്ലാര്‍ക്കാട്ട്

ര്‍വകലാശാല ആത്യന്തികമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലെ വ്യത്യസ്ത സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്ന് കടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാ മൂല്യങ്ങളില്‍ അധിഷ്ഠിതമായി വിദ്യാഭ്യാസ സൗകര്യം ഒരുക്കുക എന്നത് ഒരു സര്‍വകലാശാലാ ഭരണസംവിധാനത്തിന്‍റെ കടമയാണ്. എന്നാല്‍ നാടുവാഴിത്ത മുതലാളിത്ത മൂല്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയില്‍ വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങള്‍ എന്ന ലക്ഷ്യങ്ങളിലേക്ക് നിരന്തരമായ സമരപോരാട്ടങ്ങളിലൂടെ മാത്രമേ എത്തിച്ചേരാന്‍ കഴിയൂ. അത്തരത്തില്‍ ഉജ്വലമായ സമരപോരാട്ടങ്ങളിലൂടെ അവകാശങ്ങള്‍ നേടിയെടുത്ത ചരിത്രമുള്ളൊരു സര്‍വകലാശാലയാണ് ന്യൂഡല്‍ഹിയിലെ ജെഎന്‍യു.

ഇടതുപക്ഷ വിദ്യാര്‍ത്ഥി 
സംഘടനകളുടെ ഇടപെടല്‍

ഇന്ദിരാഗാന്ധി സ്വന്തം പിതാവിന്‍റെ നാമധേയത്തില്‍ ഏറെ താല്‍പര്യപൂര്‍വം രാജ്യതലസ്ഥാനത്തു തന്നെ നിര്‍മ്മിച്ച ഈ ക്യാമ്പസ് ഇന്ത്യന്‍ സമ്പന്ന വര്‍ഗത്തിന്‍റെ കേന്ദ്രമായാണ് അവതരിപ്പിക്കപ്പെട്ടത്. ഭരണവര്‍ഗത്തോട് ചേര്‍ന്നുനിന്ന അധ്യാപകരും സര്‍വകലാശാലാ ഭരണ സംവിധാനങ്ങളുമെല്ലാം ഇന്ത്യന്‍ സമ്പന്ന മധ്യവര്‍ഗത്തിന് അനുയോജ്യമായ തരത്തിലാണ് ക്യാമ്പസ്സിന്‍റെ വാതിലുകള്‍ തുറന്നിട്ടത്. ജാതിപരമായോ സാമ്പത്തികമായോ പിന്നാക്കാവസ്ഥയില്‍ നിന്നുള്ളവര്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്തവണ്ണം അഡ്മിഷന്‍ പോളിസികളും ജീവിത ചെലവുകളും നിര്‍ണ്ണയിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതില്‍ കാതലായ മാറ്റങ്ങള്‍ ഉടലെടുക്കുന്നത് എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ശക്തമായ വേരോട്ടം അവിടെയുണ്ടാകുന്നതോടെയാണ്.ഫോര്‍ക്കും നൈഫും ഉപയോഗിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ എന്ന രീതിയില്‍നിന്നും ബിഹാറിലേയും നാഗാലാന്‍റിലേയും ആന്ധ്രയിലേയുമെല്ലാം കൊച്ചു ഗ്രാമങ്ങളില്‍നിന്ന് കടന്നുവരുന്ന പാവപ്പെട്ടവര്‍ക്കുപോലും താമസിച്ചു പഠിക്കുവാനായി സാധിക്കുന്ന ജെഎന്‍യു ഹോസ്റ്റലുകള്‍ രൂപപ്പെടുന്നത് അങ്ങനെയാണ്.ബിരുദദാനചടങ്ങ് (കോണ്‍വൊക്കേഷന്‍) എന്നപേരില്‍ വിദ്യാര്‍ത്ഥികളുടെ പണം ഉപയോഗിച്ച് വലിയ ആഡംബരമായി കൊണ്ടാടിയ അര്‍ത്ഥശ്യൂന്യതകളും ഈ ക്യാമ്പസ്സില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ആയിരുന്ന വി.സി. കോശി 1973ല്‍ ഈ ചടങ്ങില്‍ വച്ച് അര്‍ദ്ധ ഫാസിസ്റ്റ് അധികാര കേന്ദ്രത്തെക്കുറിച്ചും അവ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഇലക്ഷനുകളേയുംവരെ എങ്ങനെ തകര്‍ക്കുന്നു എന്നും പറഞ്ഞുകൊണ്ട് നടത്തിയ ഘനഗംഭീരമായ പ്രസംഗമാണ് പിന്നീട് ഭയപ്പാടുമൂലം കോണ്‍വൊക്കേഷന്‍ തന്നെ അവസാനിപ്പിക്കാന്‍ യൂണിവേഴ്സിറ്റി ഭരണകൂടം തീരുമാനിക്കുന്നതിലേക്ക് എത്തുന്നത്.

എസ്എഫ്ഐ ശക്തിപ്പെട്ടപ്പോള്‍
എസ്എഫ്ഐ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് ശക്തമായി ഉയര്‍ന്നുവന്ന ശേഷം, 1973-74 ല്‍ അന്നത്തെ സ്റ്റുഡന്‍റസ് യൂണിയന്‍ പ്രസിഡന്‍റ് ആയിരുന്ന പ്രകാശ് കാരാട്ട് വിദ്യാര്‍ത്ഥികളുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പാസ്സാക്കിയ പുതിയ അഡ്മിഷന്‍ പോളിസിയുടെ രേഖ അക്കാദമിക് കൗണ്‍സിലില്‍ അവതരിപ്പിച്ചു തടസവാദങ്ങളെ അതിജീവിച്ചു നേടിയെടുക്കുകയാണ് ചെയ്തത്. പ്രൊഫ. ബിബാന്‍ ചന്ദ്ര ഉള്‍പ്പടെയുള്ള അധ്യാപകരുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവന്ന യാഥാസ്ഥിതികവാദങ്ങളേയും കടുത്ത എതിര്‍പ്പിനേയും മറികടക്കേണ്ടി വന്നതായും സഖാവ് പ്രകാശ് കാരാട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ശക്തമായ മുന്നേറ്റം  നിമിത്തമാണ് അക്കാലത്ത് എസ്സി/എസ്ടി കുട്ടികള്‍ക്കായുള്ള 20 ശതമാനം റിസര്‍വേഷനും പിന്നാക്ക ജില്ലകളില്‍ നിന്നും വരുന്നവര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നല്‍കപ്പെട്ട ഡിപ്രിവേഷന്‍ പോയിന്‍റുകളും അടക്കമുള്ള പുരോഗമനപരമായൊരു അഡ്മിഷന്‍ പോളിസിക്കും ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള ചെലവുകള്‍ ചുരുക്കി നിര്‍ത്തുന്നതിനും സാധിച്ചത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും വിവേചനങ്ങള്‍ തടയുവാനുമായി ഓരോ സെന്‍ററുകളിലും സ്റ്റുഡന്‍റ് ഫാക്കല്‍റ്റി കൗണ്‍സിലുകള്‍ (എസ്എഫ്സി) രൂപീകരിച്ചു. അതുവഴി ഡിപ്പാര്‍ട്ടുമെന്‍റുകളുടെ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യവും ദൈനംദിന അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കായുള്ള സഹായവും ഉറപ്പുവരുത്തി. ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനം എങ്ങനെ ആയിരിക്കണം എന്നുള്ള  ആശയം ജെഎന്‍യു മുന്നോട്ടുവച്ചത് ഇങ്ങനെയെല്ലാമായിരുന്നു. അതിന്‍റെ പൂര്‍ണ അവകാശികള്‍ മറ്റാരേക്കാളുമേറെ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റുമാരായിരുന്ന ഡി. പി. ത്രിപാഠിയുടെയും  സീതാറാം യെച്ചൂരിയുടെയുമെല്ലാം നേതൃത്വത്തില്‍ നടന്ന ശക്തമായ സമര പ്രക്ഷോഭങ്ങളാണ് ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി മുന്നേറ്റത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് എന്ന് തെറ്റിധരിച്ചു പൊലീസ് ക്യാമ്പസിനകത്തു നിന്ന് പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ത്ഥി പ്രബീര്‍ പുര്‍കായസ്ത എവിടെയാണ് എന്നുപോലും അറിയാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിലേറെ ജയിലില്‍ കിടന്നു. അടിയന്തരാവസ്ഥക്കാലത്ത് യൂണിവേഴ്സിറ്റി അടച്ചുപൂട്ടാന്‍ ശ്രമിച്ചപ്പോള്‍ 'റെസിസ്റ്റന്‍സ്' എന്നപേരില്‍ സംഘടിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നയിച്ചത്. സര്‍വകലാശാല പൂട്ടാന്‍ ശ്രമിച്ച ഹോസ്റ്റല്‍ മെസ്സും, ക്ലാസ് മുറികളും ലൈബ്രറിയും വിദ്യാര്‍ത്ഥികള്‍ നാല്‍പ്പതു ദിവസം ഏറ്റെടുത്തു നടത്തി സമരം വിജയിപ്പിച്ചു. അന്നത്തെ മുദ്രാവാക്യം 'University is functioning, the VC is on strike' എന്നതായിരുന്നു. ഏകാധിപതിയായി മാറാന്‍ ശ്രമിച്ച ഇന്ദിരാഗാന്ധിയെ ജെഎന്‍യുവിന്‍റെ പ്രഥമ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതും ഈ സമരപ്രക്ഷോഭങ്ങളിലൂടെയാണ്.

സര്‍ഗാത്മകമായ 
കലാലയാന്തരീക്ഷം

കേവലം സര്‍വകലാശാലയ്ക്ക് അകത്തുനടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല ദേശീയവും അന്തര്‍ദേശീയവുമായ, മനുഷ്യന് അന്യമല്ലാത്ത ഏത് വിഷയത്തിന്മേലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും അനീതികള്‍ക്കെതിരെ ക്യാമ്പസിന് അകത്തും പുറത്തും സമരങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍ഗാത്മകമായൊരു കലാലയാന്തരീക്ഷത്തിലേക്ക് വിദ്യാര്‍ത്ഥി സമൂഹം കടന്നുവന്നു. എന്നാല്‍ ഭരണവര്‍ഗത്തിന് എപ്പോഴെല്ലാം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ വിദ്യാര്‍ത്ഥി സമൂഹം സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ തകര്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ജെഎന്‍യുവില്‍ 1983ല്‍ വിദ്യാര്‍ത്ഥി സമരത്തെ തകര്‍ക്കാനായി നടന്ന ഒരുവര്‍ഷത്തെ ക്യാമ്പസ് അടച്ചുപൂട്ടലും (സൈനഡൈ) പുരോഗമനപരമായ അഡ്മിഷന്‍ പോളിസിയുടെ നിരാകരണവുമെല്ലാം ഉദാഹരണങ്ങളാണ്. ശേഷം പൂര്‍ണാര്‍ത്ഥത്തില്‍ ഇവയൊന്നും അംഗീകരിക്കാതിരിക്കുകയാണ് അഡ്മിനിസ്ട്രേഷന്‍ ചെയ്തത്. വിജൂ കൃഷ്ണന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ആയിരുന്ന 1998 ല്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും അത്തരം വിഷയങ്ങള്‍ ഫലപ്രദമായി ഇല്ലായ്മ ചെയ്യുവാനും  തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേതായ ജിഎസ്ക്യാഷ് (ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ കമ്മിറ്റി എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ്) രൂപീകരിക്കപ്പെട്ടു. തുടര്‍ന്ന് മണ്ഡല്‍ കമീഷന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ ക്യാമ്പസ്സില്‍ നടപ്പാക്കിയതുമെല്ലാം ശക്തമായ വിദ്യാര്‍ത്ഥിമുന്നേറ്റങ്ങളുടെ ഫലമായാണ്. ഈ പോരാട്ടങ്ങളുടെയെല്ലാം നേതൃത്വത്തില്‍ എസ്എഫ്ഐ ഉണ്ടായിരുന്നു.

അവകാശങ്ങളെ 
അട്ടിമറിക്കുന്നു    
  
ജെഎന്‍യുവിന്‍റെ ഇന്നുകളിലേക്കു വരുമ്പോള്‍ കാലങ്ങളായി വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുകയാണ് ആര്‍എസ്എസ് / ബിജെപി ഭരണകൂടം. സാമൂഹികനീതിയും ലിംഗനീതിയും സാമ്പത്തിക സംവിധാനങ്ങളുമെല്ലാം തകര്‍ത്തെറിയപ്പെട്ടു. പുരോഗമനപരമായ ഓരോ സംവിധാനങ്ങളും എണ്ണിയെണ്ണി ഇല്ലായ്മ ചെയ്തു. വലതുപക്ഷം എല്ലാക്കാലത്തും അവരുടെ ആശയങ്ങള്‍ക്ക് വശപ്പെടാത്ത ജെഎന്‍യു വിനെക്കുറിച്ചു അപസര്‍പ്പകകഥകളും അശ്ലീലകഥകളും പറഞ്ഞു നടന്നു.സംഘപരിവാര്‍ ഭരണകൂടത്തിന്‍റെ ക്യാമ്പസ്സിലേക്കുള്ള ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നത് 2016 ജനുവരി 27 ന് നടന്ന പുതിയ വൈസ്ചാന്‍സലര്‍ മാമിഡാല ജഗദീഷ് കുമാറിന്‍റെ കടന്നുവരവോടെയാണ്. ഇതിനെ തുടര്‍ന്നാണ് ജെഎന്‍യു വിനുമേല്‍ രാജ്യദ്രോഹക്കുറ്റം അടിച്ചേല്‍പ്പിക്കുന്നതും പ്രസിഡന്‍റ് കനയ്യകുമാറിനെ ക്യാമ്പസിനകത്തുനിന്നും പിടിച്ചു കൊണ്ടുപോകുന്നതും. പിന്നീട് നടന്ന സംഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാ ഗാന്ധി ഭരണകൂടത്തിന്‍റെ ക്രൂരതകളെ കവച്ചുവയ്ക്കാനാണ് സംഘപരിവാര്‍ കാലത്തെ നരേന്ദ്ര മോഡി ഭരണകൂടം ശ്രമിച്ചത്. ഫാസിസ്റ്റ് അധികാരകേന്ദ്രങ്ങള്‍ ആദ്യം ആക്രമിക്കുന്നത് ലിംഗനീതിയെയാണ് എന്ന വസ്തുത വീണ്ടും ശരിവച്ചുകൊണ്ടു സംഘപരിവാര്‍ ഭരണകൂടം ക്യാമ്പസ്സിലെ ജിഎസ്ക്യാഷ് കമ്മിറ്റി പിരിച്ചുവിട്ട് അവസാനിപ്പിച്ചു. ഇന്ന് വീണ്ടും പണക്കൊഴുപ്പിന്‍റെയും അധികാര പ്രദര്‍ശനങ്ങളുടേയും ഭാഗമായ കോണ്‍വൊക്കേഷന്‍ തിരിച്ചുകൊണ്ടുവന്ന് ക്യാമ്പസ്സിനകത്ത് നടത്താന്‍ ഭയമുള്ളതുമൂലം പുറത്തുവച്ചു വലിയ സെക്യൂരിറ്റിയോടെ നടത്തപ്പെടുന്നു. ദളിത്  ആദിവാസി വിഭാഗത്തിലുള്ളവര്‍ ആചരിച്ചിരുന്ന മഹിഷാസുര ദിവസത്തിന്‍റെ പേരില്‍ 2014 ല്‍ ക്യാമ്പസിനകത്ത്  കുട്ടികളെ ആക്രമിക്കുകയും 2016 ല്‍ പുറത്ത് പ്രചരണം നയിച്ച് സര്‍വ്വകലാശാലയെ ആകമാനം തകര്‍ക്കാനും ശ്രമിച്ചു. 'Shut Down JNU' എന്ന ദേശീയ ക്യാമ്പയിന്‍ തന്നെ സംഘപരിവാരം നടത്തി. രാമനവമി ദിവസം ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പി എന്ന പേരിലായിരുന്നു 2022 ഏപ്രിലില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന സമാനമായ മറ്റൊരു ക്രൂരമായ ആക്രമണം.

സംഘപരിവാര്‍ ആക്രമണങ്ങള്‍
നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിക്കുനേരെയുണ്ടായ എബിവിപി പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണവും ശേഷം സംഭവിച്ച നജീബിന്‍റെ തിരോധാനവും ക്യാമ്പസ്സിന് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ്. യൂണിവേഴ്സിറ്റി വിസി ഒരിക്കല്‍പോലും നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസയെ കാണുവാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല അക്രമകാരികളെ സംരക്ഷിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ വിവിധ വിഭാഗങ്ങളുടെ ഡീന്‍, ചെയര്‍പേഴ്സണ്‍ തുടങ്ങിയ എല്ലാ അധികാര സ്ഥാനങ്ങളിലും സീനിയോറിറ്റിയേയും മറ്റ് തത്വങ്ങളേയും മറികടന്നുകൊണ്ട് സംഘപരിവാര്‍ ബന്ധമുള്ളവരെ മാത്രം നിയമിച്ചു. പുതിയ  അധ്യാപക നിയമനങ്ങള്‍ മുഴുവന്‍ സംഘപരിവാര്‍ ബന്ധമുള്ളവര്‍ക്ക് നീക്കിവച്ച സംവരണമായി മാറി. യഥാര്‍ത്ഥ സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെട്ടു. നിലനിന്നിരുന്ന വെട്ടിക്കുറച്ച അവസ്ഥയിലുണ്ടായിരുന്ന ഡിപ്രിവേഷന്‍ പോയിന്‍റുകളും സംവരണ മാനദണ്ഡങ്ങളും ഇല്ലാതാക്കിയെന്നു മാത്രമല്ല യുജിസി റെഗുലേഷന്‍ 2016 ന്‍റെ പേരുപറഞ്ഞു വലിയ രീതിയിലുള്ള സീറ്റ് വെട്ടിക്കുറയ്ക്കലും നൂറുശതമാനം വൈവാവോസിയുടെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തുന്ന രീതിയും അവതരിപ്പിക്കപ്പെട്ടു. ഫലത്തില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ 1408 എംഫില്‍  പിഎച്ച്ഡി അഡ്മിഷനുകള്‍ നടക്കേണ്ടയിടത്ത് 194 സീറ്റിലേക്ക് മാത്രം പ്രവേശനം വിളംബരം ചെയ്യുകയും 75 സീറ്റിലേക്ക് മാത്രം അഡ്മിഷന്‍ നടക്കുകയും 95 ശതമാനം സീറ്റ് കട്ട് പ്രാബല്യത്തില്‍ വരികയും ചെയ്തു. എല്ലാ വിഭാഗങ്ങളുടെയും റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ റദ്ദുചെയ്യപ്പെട്ടു. സംവരണത്തെ പരിപൂര്‍ണമായി ഇല്ലായ്മ ചെയ്ത അതേ അവസരത്തില്‍ തന്നെയാണ് ജെഎന്‍യു ലൈബ്രറിക്ക് ഡോ. ബി. ആര്‍. അംബേദ്കര്‍ ലൈബ്രറി എന്ന് പേര് നല്‍കിയത് എന്നതാണ് ഈ കാലത്തിന്‍റെ വിരോധാഭാസം. രാഷ്ട്രപതിയില്‍ നിന്നും ഏറ്റവും മികച്ച ഇന്ത്യന്‍ സര്‍വകലാശാലയ്ക്കുള്ള പുരസ്ക്കാരം ജെഎന്‍യു നേടിയ അതേ വര്‍ഷം തന്നെയാണ് യൂണിവേഴ്സിറ്റിയുടെ നിലവാരം ഉയര്‍ത്തണം എന്ന പേരുപറഞ്ഞു ഈ തത്വങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്.

വിദ്യാര്‍ഥി സ്വാതന്ത്ര്യത്തിന് 
കൂച്ചുവിലങ്ങ്

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂച്ചുവിലങ്ങിടാനായി സംഘപരിവാര്‍ അഡ്മിനിസ്ട്രേഷന്‍ കൊണ്ടുവന്ന അടുത്ത ഏര്‍പ്പാടായിരുന്നു കമ്പല്‍സറി അറ്റന്‍ഡന്‍സ് സിസ്റ്റം. ക്ലാസുകളിലുള്ള അറ്റന്‍ഡന്‍സ് ജെഎന്‍യുവില്‍ നേരത്തേയുള്ളതാണ്. എന്നാല്‍ അതിനുമുപരിയായി നിറഞ്ഞുകവിഞ്ഞ ക്ലാസ് മുറികള്‍ ജെഎന്‍യുവിന്‍റെ മറ്റൊരു സവിശേഷതയാണ്. പ്രഭാത് പട്നായക്, ഗോപാല്‍ ഗുരു, നീലാദ്രി ഭട്ടാചാര്യ, ബി. എസ്. ചിമിനി, നിവേദിത മേനോന്‍, ഐഷ കിദ്വായ്, ഷോമബ്രത ചൗധരി തുടങ്ങി നിരവധി അധ്യാപകരുടെ ക്ലാസുകളില്‍ മറ്റു വിദ്യാര്‍ഥികളടക്കം വന്നിരുന്നു കേള്‍ക്കുന്നതിനാല്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. ബെഞ്ചുകളില്‍ സ്ഥലം ലഭിക്കാത്തതിനാല്‍ നിലത്തിരുന്നുകൊണ്ട് അധ്യാപകരെ കേള്‍ക്കുന്ന നിറഞ്ഞുകവിഞ്ഞ ക്ലാസുകള്‍ ജെഎന്‍യുവില്‍ കാണാം. ഇത്തരമൊരു ഇടത്തിലേക്കാണ് അറ്റന്‍ഡന്‍സിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വയ്ക്കുവാനുള്ള പദ്ധതിയുമായി അധികാരികള്‍ എത്തിയത്. ഫീല്‍ഡിലേക്കും ലൈബ്രറികളിലേക്കും ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ച് സ്കോളര്‍ഷിപ്പിനുമെല്ലാം പോകേണ്ട പിഎച്ച്ഡി വിദ്യാര്‍ത്ഥികളെവരെ അറ്റന്‍ഡന്‍സിന്‍റെ പേരുപറഞ്ഞു തടയുക എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. ശക്തമായ സമരമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ, വിഷയം മനസിലാക്കാന്‍ ശ്രമിക്കാത്ത മാധ്യമങ്ങള്‍ സെല്‍ഫ് ഗോള്‍ അടിക്കുന്നവര്‍ എന്ന് വിശേഷിപ്പിച്ചു. ശക്തമായി ഉയര്‍ന്ന സമരങ്ങളും കോടതി കേസുകളും മൂലം ഭരണകൂടത്തിന്‍റെ ഈ പരിശ്രമവും തടയപ്പെട്ടു.

ഫീസ് വര്‍ധന 
അടിച്ചേല്‍പ്പിക്കുന്നു

ഒന്നിനുപിറകേ മറ്റൊന്നായിവന്ന ആക്രമണങ്ങളില്‍ അടുത്തത് ഒന്ന് വലിയ രീതിയിലുള്ള ഫീസ് വര്‍ധന അടിച്ചേല്‍പ്പിക്കലായിരുന്നു. മെസ് സെക്യൂരിറ്റി, സര്‍വീസ് ചാര്‍ജ്, വെള്ളം, വൈദ്യുതി, പത്രം തുടങ്ങിയവയുടെ ചാര്‍ജ് എന്നെല്ലാം പറഞ്ഞ് വലിയ രീതിയില്‍ ഫീസ് വര്‍ദ്ധനവ് നടത്തി അവതരിപ്പിച്ച പുതിയ ഹോസ്റ്റല്‍ മാനുവല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിമാസം 8000 രൂപയോളം ഹോസ്റ്റല്‍ വാടക നല്‍കേണ്ടുന്ന അവസ്ഥയിലേക്കെത്തിച്ചു. ഒരു പിജി വിദ്യാര്‍ത്ഥിക്ക് 2000 രൂപയും എംഫില്‍ വിദ്യാര്‍ത്ഥിക്ക് 5000 രൂപയും പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് 8000 രൂപയും മാത്രമാണ് സര്‍വകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അത് വര്‍ധിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായതുമില്ല. നാല്‍പ്പതു ശതമാനത്തിലേറെ പാവപ്പെട്ട വീടുകളില്‍നിന്നും വരുന്ന വിദ്യാര്‍ഥികളുള്ള ജെഎന്‍യു ക്യാമ്പസ്സില്‍ ഈ ഫീസ് വര്‍ധന താങ്ങാവുന്നതിലും വലുതായിരുന്നു. സ്റ്റുഡന്‍റസ് യൂണിയന്‍റെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങളുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ പത്തുരൂപക്കു ഹോസ്റ്റലില്‍ താമസിക്കാന്‍ നടക്കുന്നവര്‍ എന്ന് പറഞ്ഞാണ് ബിജെപിക്കാരും അവരുടെ മാധ്യമങ്ങളും നാടുനീളെ പരിഹസിച്ചു നടന്നത്. ശക്തമായ ഈ സമരത്തിനിടയിലാണ് 2020 ജനുവരി അഞ്ചിന് ജെഎന്‍യു സ്റ്റുഡന്‍റസ് യൂണിയന്‍ പ്രസിഡന്‍റ് അയ്ഷി ഘോഷ് അടക്കമുള്ളവരെ എബിവിപി പ്രവര്‍ത്തകരെ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന നിലയിലേക്ക് ഭരണകൂടം എത്തുന്നത്. എന്നാല്‍ സമരങ്ങളും കോടതി കേസുകളും നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ അവരുടെ ഹോസ്റ്റല്‍ മാനുവല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍വകലാശാലാ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. 

ജെഎന്‍യുവിന്‍റെ തനതു സവിശേഷതയായി എപ്പോഴും സൂചിപ്പിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു അവിടുത്തെ വലിയ ചുമര്‍ ചിത്രങ്ങള്‍. ദേശീയ  അന്തര്‍ദേശീയ വിഷയങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ സാമൂഹിക  രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന ഒന്നായിരുന്നു അത്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും വലിയ ആഘോഷമായിത്തന്നെയാണ് ഈ പോസ്റ്ററുകള്‍ പതിച്ചിരുന്നത്. എന്നാല്‍ കലാലയത്തിനകത്തേക്ക് ആര്‍എസ്എസ്/ബിജെപി ഭരണകൂടം കടന്നുവന്നതുമുതല്‍ ഈ ചുമര്‍ ചിത്രങ്ങളുടെ സംസ്കാരത്തോട് അവര്‍ വലിയ വിപ്രതിപത്തി കാണിച്ചു തുടങ്ങി. ഇനി ക്യാമ്പസ്സില്‍ ചുമര്‍ ചിത്രങ്ങള്‍ പാടില്ല എന്ന തീട്ടൂരം ഒരു സര്‍ക്കുലറിലൂടെ അവതരിപ്പിച്ചുകൊണ്ട് വാള്‍ പോസ്റ്ററുകളെല്ലാം നിരോധിക്കപ്പെട്ടു. പുറമെനിന്ന് കൊണ്ടുവന്ന നിരവധി ജോലിക്കാരെ ഉപയോഗിച്ചു ഈ പോസ്റ്ററുകളെല്ലാം നീക്കം ചെയ്യുക എന്നതായി അവരുടെ പ്രധാന പരിപാടി. വീണ്ടും വീണ്ടും പോസ്റ്ററുകള്‍ ഒട്ടിച്ചുകൊണ്ടു തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ഈ നടപടിയെ ശക്തമായി പ്രതിരോധിച്ചത്.

പ്രതിഷേധത്തിനുള്ള 
ഇടങ്ങള്‍ ഇല്ലാതാക്കുന്നു

സര്‍വകലാശാലയുടെ പ്രോക്ടര്‍ ഓഫീസ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസ് വെന്‍ഡിങ് മെഷീനായി രൂപാന്തരപ്പെട്ടു. ഓരോ സമര പരിപാടികള്‍ക്കും ദിവസക്കണക്കിന് കാരണം കാണിക്കല്‍ നോട്ടീസുകളും പണിഷ്മെന്‍റ് വിജ്ഞാപനങ്ങളും ഇറങ്ങിത്തുടങ്ങി. ഫൈനായി അടയ്ക്കേണ്ട തുക ഇരുപതിനായിരവും മുപ്പതിനായിരവുമൊക്കെയായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ 100 മീറ്റര്‍ പരിസരത്തു സമരങ്ങള്‍ നിരോധിച്ചു. വിസിയുടെ ഓഫീസിലേക്കുള്ള വഴിയും വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്ന ഇടങ്ങളും കനത്ത ഇരുമ്പുഗ്രില്ലുകളിട്ടു പൂട്ടി. ക്യാമ്പസില്‍ ആകമാനം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിനായി വലിയതുക നല്‍കി കരാറടിസ്ഥാനത്തില്‍ പുതിയ സെക്യൂരിറ്റി ജീവനക്കാരെ എത്തിച്ചു. കൂലികൊടുക്കാതെ ശുചീകരണത്തൊഴിലാളികളടക്കമുള്ള കോണ്‍ട്രാക്ട് തൊഴിലാളികളെ വലച്ചു. ക്യാമ്പസിനകത്തുണ്ടായിരുന്ന ചെറിയ ചെറിയ കടകളും മറ്റും അടപ്പിച്ചു ചെറുകിട വില്പനക്കാരെ പട്ടിണിയിലാക്കി. വലിയ ലോണ്ടറി കമ്പനികളുടെ സ്റ്റാളുകള്‍ ഡിസ്കൗണ്ടില്‍ തുറന്നുകൊടുത്തു. ഓരോ ഹോസ്റ്റലിനോടും ചേര്‍ന്ന് ചെറിയ കുടിലുകളുണ്ടാക്കി താമസിച്ചിരുന്ന തുണിയലക്കുന്ന ദോബിമാരുടെ ജീവിതം ചോദ്യചിഹ്നമാക്കി.രാത്രികളില്‍ നടന്നിരുന്ന സര്‍ഗ്ഗാത്മക ചര്‍ച്ചകളുടെ ഇടങ്ങളായ, ഭക്ഷണം ലഭിക്കുന്ന ധാബകളുടെ സമയം വെട്ടിക്കുറച്ചു.

പശ്ചാത്തലസൗകര്യങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നു
അക്കാദമിക്സുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം വലിയ തകര്‍ച്ചകള്‍ നേരിട്ടു. വലിയ ഫണ്ട് വെട്ടിക്കുറക്കലുകള്‍ നടന്നു. ലൈബ്രറികളില്‍ പല ജേര്‍ണലുകളും വരാതായി. അക്കാദമിക് സെമിനാറുകള്‍ വളരെ കുറഞ്ഞു. നടന്നവയ്ക്കുതന്നെ വളരെ കുറച്ചു മാത്രമേ ഫണ്ട് ലഭിച്ചുള്ളൂ. ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും വേണ്ടത്ര ഫര്‍ണീച്ചറുകള്‍ ഇല്ലാതായി. ക്ലീനിങ് സ്റ്റാഫ് പോലും ലഭ്യമല്ലാതായി തുടങ്ങി. അധ്യാപകരുടെ കോണ്‍ഫറന്‍സുകള്‍ മുതല്‍ പ്രമോഷനുകള്‍വരെ തടയപ്പെട്ടു. എന്നാല്‍ ഹിന്ദുത്വ ആവിഷ്കാരങ്ങള്‍ നടത്തുന്ന സെമിനാറുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഫണ്ടിംഗ് വഴിഞ്ഞൊഴുകി. ഹിന്ദുത്വ ജല്പനങ്ങളും ഘോഷങ്ങളും വിളിച്ചുപറയുന്ന വര്‍ഗീയ കൂത്തരങ്ങുകള്‍ സാംസ്കാരിക പരിപാടികള്‍ എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടു. വിസിയുടെ നടവഴികളില്‍ രാത്രി മുഴുവന്‍ നിറഞ്ഞുകത്തുന്ന ലൈറ്റുകളും അധികാരികള്‍ക്ക് സഞ്ചരിക്കാന്‍ പുതിയ വാഹനങ്ങളുമെത്തി. യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ഫണ്ടില്‍ ഭൂരിഭാഗവും സെക്യൂരിറ്റി സര്‍വീസിനും കോടതി കേസുകള്‍ക്കും അഡ്മിനിസ്ട്രേഷന്‍റെ ആഡംബരങ്ങള്‍ക്കും മാത്രമുള്ളതായി. ചുരുക്കത്തില്‍ യൂണിവേഴ്സിറ്റി അധികാരികളുടെ നടപടികള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നത് മാത്രമായി.
 
ജവഹര്‍ലാല്‍ നെഹ്റു 1947ല്‍ അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലെ വരികളാണ് ജെഎന്‍യു വിന്‍റെ ആപ്ത വാക്യങ്ങളായി എഴുതിച്ചേര്‍ത്തിരിക്കുന്നത് 'A university should stand for humanism, reson, tolerance and adventure of ideas. എന്നാല്‍ ഇതിനു നേര്‍വിപരീതമായാണ് ഇന്ന് ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥി സമൂഹം ശക്തമായി പോരാടിക്കൊണ്ടിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ മാത്രം ആവശ്യമല്ല അത് വരാനിരിക്കുന്ന തലമുറയുടെ ഭാഗധേയംകൂടി നിര്‍ണയിക്കുന്നതാണ്. കടന്നുപോയ ഇരുണ്ട കാലഘട്ടങ്ങളെ അതിജീവിച്ചതുപോലെ ഈ പോരാട്ടത്തിലും വിദ്യാര്‍ത്ഥികള്‍ വിജയിച്ചേ മതിയാകൂ •
(ജെഎന്‍യു സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് ഗവേഷക വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്‍റു (2016-17) മാണ് ലേഖകന്‍)