ഇന്ത്യന്‍ സര്‍വകലാശാലകളിലെ സംഘപരിവാര്‍ അജന്‍ഡ

നിതീഷ് നാരായണന്‍

സംഘപരിവാര്‍ ഇന്ത്യയില്‍ ഔദ്യോഗിക ആധിപത്യം നേടിയെടുക്കുന്നതിനെക്കുറിച്ച് സുപ്രസിദ്ധ മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് നിരീക്ഷിച്ചത് ഒരു ലിബറല്‍ സ്ഥാപനത്തെയും ഇല്ലാതാക്കാതെ തന്നെ അകത്തു നിന്നും അതില്‍ സമ്പൂര്‍ണമായ ആധിപത്യം നേടിയെടുക്കുകയും തങ്ങളുടെ പദ്ധതിക്കാവശ്യമായവിധം അവയെ ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അത് എന്നായിരുന്നു. ഒരേ സമയം ലിബറല്‍ ജനാധിപത്യത്തിന്‍റെ വ്യവസ്ഥാപരമായ ദൗര്‍ബല്യത്തെയും ഒപ്പം അതിനെ തങ്ങള്‍ക്കനുകൂലമാംവിധം ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ കയ്യടക്കിയതിനെയും കുറിച്ചുള്ള വിശകലനങ്ങള്‍ക്കാണ് ഐജാസ് മുതിര്‍ന്നത്. സ്ഥാപനങ്ങള്‍ ഓരോന്നോരോന്നായി ആര്‍ എസ് എസ് പിടിച്ചെടുത്തു കഴിഞ്ഞു. ഓരോന്നിനുമകത്ത് തങ്ങളുടെ രാഷ്ട്രീയ ദൗത്യം നടപ്പിലാക്കാന്‍ ശേഷിയുള്ളവരെ തിരുകിക്കയറ്റി. അതത് സ്ഥാപനങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് അങ്ങേയറ്റം അപകടകരമായ ഭാവിയിലേക്ക് രാജ്യത്തെ തള്ളിവിടാനുള്ള ശ്രമം അവര്‍ ആരംഭിക്കുകയും ചെയ്തു. രാജ്യസഭാ ടിവി മുതല്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ വരെ ഈ ചിത്രം കാണാനാകും. നാഷണല്‍ ബുക്ക് ട്രസ്റ്റും ഐസിഎസ്എസ്ആറും നാഷണല്‍ മ്യൂസിയവും ഒക്കെ ഇതില്‍ പെടും. 

ചരിത്ര ഗവേഷണ കൗണ്‍സിലിറക്കിയ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ സംബന്ധിച്ച പുസ്തകത്തില്‍നിന്നും മലബാര്‍ കലാപത്തിലെ പോരാളികളുടെ പേര് അകത്തുനിന്ന് കാര്യമായ എതിര്‍പ്പൊന്നും ഇല്ലാതെ തന്നെ ഒഴിവാക്കാന്‍ അവര്‍ക്കായത് ഈ പ്രക്രിയയുടെ തുടര്‍ച്ചയിലാണ്. ജാലിയന്‍ വാലാബാഗ് സമര കേന്ദ്രം മോടി പിടിപ്പിക്കുകയെന്ന പേരില്‍ ചരിത്ര സ്മാരകമെന്ന സ്വഭാവം തുടച്ചുമാറ്റി ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ രൂപത്തിലേക്ക് മാറ്റിയത് കൊളോണിയല്‍ വിരുദ്ധ സമരത്തിന്‍റെ എല്ലാ ഓര്‍മകളും തുടച്ചു നീക്കാന്‍ ആഗ്രഹിക്കുന്ന, ആ സമരത്തില്‍ യാതൊരു പങ്കും ഇല്ലാത്ത സംഘപരിവാറിന്‍റെ ആവശ്യമാണ്. പാര്‍ലമെന്‍റിന്‍റെ ചാനലുകള്‍ പൂര്‍ണമായും ബിജെപിയുടെ രാഷ്ട്രീയ പ്രചരണത്തിന്‍റെയും പരസ്യങ്ങളുടെയും മാത്രം മാധ്യമമായി മാറിക്കഴിഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്‍റെ ഓരോ ഞരമ്പിലേക്കും അവരിങ്ങനെ പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ഔദ്യോഗിക ഭാഷ്യം നല്‍കാന്‍ ഓരോ സ്ഥാപനവും എല്ലാ നടപടി ക്രമങ്ങളെയും നിയമങ്ങളെയും മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. ഇതേ പദ്ധതിയാണ് ഏറ്റവും തീവ്രമായി രാജ്യത്തെ സര്‍വകലാശാലകളിലും അവര്‍ നടപ്പിലാക്കുന്നത്.
 
അക്കാദമിക് സമൂഹത്തെ അവഹേളിക്കുന്നു
ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും, ഗവേഷകരും വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടുന്ന അക്കാദമിക് സമൂഹത്തിന്‍റെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്ന് കാണാം. ഏതൊരു അക്കാദമിക് സ്ഥാപനത്തിനും കാലങ്ങളായി അത് രൂപപ്പെടുത്തിയെടുത്ത അക്കാദമിക് സ്വഭാവവും ചട്ടക്കൂടുകളും പ്രത്യേകതകളുമുണ്ടാകും. അങ്ങനെയാണ് ഓരോ സ്ഥാപനവും വ്യത്യസ്തവും എന്നാല്‍ സുപ്രധാനവുമാകുന്നത്. അതിന്‍റെ അനിഷേധ്യ ഭാഗമായ അക്കാദമിക് സമൂഹത്തെ അവഗണിക്കുകയെന്നാല്‍ ആ സ്ഥാപനത്തെ തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഈ സര്‍വകലാശാലകള്‍ക്ക് യാതൊരു പ്രശ്നവും ഇല്ല എന്നല്ല ഈ പറഞ്ഞതിന് അര്‍ത്ഥം. മറിച്ച് ആ പ്രശ്നങ്ങളെ മറികടക്കാനുള്ള കരുത്ത് അതിനകത്തെ അക്കാദമിക് സമൂഹത്തില്‍ നിന്നുമാണ് ഉയര്‍ന്നുവരിക എന്നതാണ്. അതു തന്നെയാണ് ജെ എന്‍ യു ഉള്‍പ്പടെയുള്ള കാമ്പസുകളുടെ ചരിത്രവും. അങ്ങനെ സക്രിയവും ജനാധിപത്യപരവുമായ ഈ പ്രക്രിയയിലൂടെയാണ് ഇന്ത്യയിലെ തലയെടുപ്പുള്ള കലാലയങ്ങളെല്ലാം അതിന്‍റെ മികവ് വാര്‍ത്തെടുത്തത്. ഇവയെ തകിടം മറിക്കുക എന്ന ലക്ഷ്യമാണ് ഈ പ്രക്രിയയുമായി യാതൊരു ബന്ധവുമില്ലാത്ത, സ്ഥാപനങ്ങളുടെതന്നെ തനതായ സ്വഭാവത്തിന് നിരക്കാത്ത, അക്കാദമിക് പ്രവര്‍ത്തനങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത സംഘപരിവാര്‍ പ്രചാരകരെയും സഹയാത്രികരെയും ഇവിടങ്ങളില്‍ കുത്തിനിറച്ച് ഹിന്ദുത്വ രാഷ്ട്രീയം നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് (എഫ്ടിഐഐ) ആദ്യം അവര്‍ ഈ അട്ടിമറി ശ്രമം നടത്തിയത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ വലിയ പ്രതിഭകള്‍ ചെയര്‍മാന്മാരായിരുന്ന എഫ് ടി ഐ ഐയിലേക്ക് ഗജേന്ദ്ര ചൗഹാനെന്ന കടുത്ത സംഘപരിവാറുകാരനായ ടിവി സീരിയല്‍ നടനെ നിയമിച്ചത് ആറു മാസത്തോളം നീണ്ടുനിന്ന വിദ്യാര്‍ഥി സമരത്തിലേക്ക് വഴിവെച്ചു. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഴുവന്‍ രാഷ്ട്രീയ യജമാനന്മാരെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് ഗജേന്ദ്ര ചൗഹാന്‍. എഫ്ടിഐഐയ്ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ച നിയമനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ബിജെപിയുടെ ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തെ പണ്ഡിറ്റ് ലക്ഷ്മി ചന്ദ് യൂണിവേഴ്സിറ്റി ഓഫ് പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്സിന്‍റെ വൈസ് ചാന്‍സലറായി നിയമിച്ചു. ഇതേ ഹരിയാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അദ്ധ്യക്ഷനായി നിയമിച്ചത് മറ്റൊരു ആര്‍എസ്എസ് ആശയപ്രചാരകന്‍ ബികെ കുതിയാലയെ ആയിരുന്നു. 

ജെ എന്‍ യുവില്‍ എങ്ങനെയാണ് സംഘപരിവാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിക്കുന്ന മറ്റൊരു ലേഖനം ഉള്ളതിനാല്‍ വിശദീകരിക്കുന്നില്ല. ആ സര്‍വകലാശാല പടുത്തുയര്‍ത്തുന്നതില്‍ റോമിലാ ഥാപ്പറും ബിപിന്‍ ചന്ദ്രയും കെ എന്‍ പണിക്കരും ഉത്സാ പട്നായക്കും പ്രഭാത് പട്നായക്കും ഗോപാല്‍ ഗുരുവും എസ് കെ തോറാട്ടും ജികെ ദേശ്പാണ്ഡെയും മൃദുല മുഖര്‍ജിയും എം എസ് എസ് പാണ്ഡ്യനും ഉള്‍പ്പെടെ ലോകം ആദരിക്കുന്ന എത്രയോ അക്കാദമിക് പണ്ഡിതരുടെ സംഭാവന വിസ്മരിക്കാനാകില്ല. അവിടെയാണ് വൈസ് ചാന്‍സലര്‍ മുതല്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ വരെ എല്ലാ പോസ്റ്റുകളിലേക്കും ഇപ്പോള്‍ ആര്‍എസ്എസിന്‍റെ റിക്രൂട്ട്മെന്‍റ് നടക്കുന്നത്. അക്കാദമിക് കൗണ്‍സിലിന്‍റെ അധികാരവും ജെഎന്‍യു ആക്ടിലെ രണ്ടാം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന സ്റ്റ്യാറ്റ്യൂട്ട് 27 (2) നിഷ്കര്‍ഷിക്കുന്ന ഫാക്കല്‍ട്ടി നിയമനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചാണ് നൂറിലേറെ പുതിയ നിയമനങ്ങള്‍ വിസി ജഗദീഷ് കുമാര്‍ നടത്തിയത്. പല ഡിപ്പാര്‍ട്ടുമെന്‍റുകളിലും നിയമിക്കപ്പെട്ടവര്‍ ആ വിഷയങ്ങളില്‍ അക്കാദമിക് പരിശീലനം പോലും ലഭിക്കാത്ത ആളുകളായിരുന്നു. ഒരു ഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതി തന്നെ ഈ നിയമനങ്ങള്‍ക്കെതിരെ രംഗത്തു വന്നു. ജെ എന്‍യുവിലെമ്പാടും ബിജെപി ഭക്തരെ കുത്തി നിറച്ചതിനു ശേഷമാണ് ജഗദീഷ് കുമാറിന് യു ജി സി ചെയര്‍മാനായി സ്ഥാനക്കയറ്റം നല്‍കിയത്. അവിടെയിരുന്ന് 'ഒരു രാജ്യം. ഒരു സംസ്കാരം, ഒരു ഭാഷ, ഒരു മതം' പദ്ധതിയോടൊപ്പം 'ഒരു രാജ്യം ഒരു പരീക്ഷ, ഒരു പാഠ്യ പദ്ധതി' കൂടി നടപ്പിലാക്കാനാണ് തന്‍റെ ഉദ്ദേശ്യം എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥിന്‍റേതുള്‍പ്പടെ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയങ്ങളിലെല്ലാം ആദ്യം ആഹ്ലാദിക്കുന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തെ കാണാന്‍ കഴിയും. 

ആര്‍എസ്എസ്
നേരിട്ടിടപെടുന്നു

2016 ല്‍ ബിജെപി ഛത്തീസ്ഗഢ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ വിളിച്ച് ആര്‍എസ്എസ് മീറ്റിംഗ് നടത്തിയത് മറക്കാനായിട്ടില്ല. പിന്നീട് ഭരണം മാറിയപ്പോള്‍ കേരളത്തിലേതിനോട് സാമ്യമുള്ള അനുഭവം ഛത്തീസ്ഗഢിലും ഉണ്ടായി. അവിടെ അനുസ്യൂയ ഉക്കെ എന്ന ഗവര്‍ണറിലൂടെ സര്‍വകലാശാലകള്‍ പിടിച്ചെടുക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. റായ്പൂരില്‍ സ്ഥിതി ചെയ്യുന്ന കുഷബ താക്കറെ ജേര്‍ണലിസം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി അവര്‍ നിയമിച്ചത് ആര്‍ എസ് എസിന്‍റെ മുഖമാസികയായ പാഞ്ചജന്യത്തിന്‍റെ എഡിറ്റര്‍ ആയിരുന്ന ബല്‍ദേവ് ശര്‍മയെയാണ്. ആര്‍ എസ് എസ് സര്‍സംഘ്ചാലക് ആയിരുന്ന കെ എസ് സുദര്‍ശന്‍റെ ജീവചരിത്രകാരന്‍ കൂടിയാണ് ബല്‍ദേവ് ശര്‍മ. നേരത്തെ അദ്ദേഹത്തെ നാഷണല്‍ ബുക് ട്രസ്റ്റിന്‍റെ തലപ്പത്തും പ്രതിഷ്ഠിച്ചിരുന്നു. ആര്‍ എസ് എസ് അടുത്തതായി ഇട്ടു തരുന്ന എല്ലിന്‍ കഷണം ആര്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ അനുസ്യൂയ ഉക്കെയോട് ആരിഫ് മുഹമ്മദ് ഖാന്‍ മല്‍സരിക്കുകയാണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനുണ്ടായിരുന്നെങ്കില്‍ നന്ന്. 

2017 ലെ പ്രാജ്ഞ പ്രവാഹ് എന്ന ആര്‍ എസ് എസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്‍റെ ദേശവീക്ഷണത്തിനനുസരിച്ചുള്ള പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്ന് ചര്‍ച്ച ചെയ്ത ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. അന്‍പത്തി ഒന്ന് വൈസ് ചാന്‍സലര്‍മാരും എഴുന്നൂറിലധികം അധ്യാപകരുമാണ് അതില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഉള്‍പ്പടെയുള്ളവരാണ് അന്ന് അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.

പുതിയ ദേശീയ 
വിദ്യാഭ്യാസ നയം 
ആര്‍എസ്എസ് അജന്‍ഡയ്ക്ക് സഹായകം

സര്‍വകലാശാലകള്‍ പിടിച്ചെടുക്കാനുള്ള ആര്‍എസ്എസ് പദ്ധതി കൂടുതല്‍ എളുപ്പമാക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. സെനറ്റും സിന്‍ഡിക്കേറ്റും അക്കാദമിക് കൗണ്‍സിലും ഉള്‍പ്പടെയുള്ള ജനാധിപത്യ ബോഡികള്‍ ഇനി എളുപ്പം ഇല്ലായ്മ ചെയ്യാനോ നിര്‍വീര്യമാക്കാനോ സാധിക്കും. പുതിയ വിദ്യാഭ്യാസ നയം ആദ്യം നടപ്പിലാക്കാന്‍ ആരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് ഗുജറാത്ത് ആണ്. ഗുജറാത്ത് സര്‍വകലാശാല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയായ സെനറ്റില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകേതര ജോലിക്കാര്‍ക്കുമൊക്കെ ഉയര്‍ന്ന പ്രാതിനിധ്യം ഉണ്ടായിരുന്നു. അത് സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായകവുമായിരുന്നു. പുതിയ നയം അനുസരിച്ച് ഗവണ്മെന്‍റിന്, എന്നുവച്ചാല്‍ ഭരിക്കുന്ന പാര്‍ട്ടിക്ക്, അവരുടെ താല്പര്യം അനുസരിച്ച് നിയമിക്കാവുന്ന ഗവേണിംഗ് കൗണ്‍സിലിന് ആയിരിക്കും തീരുമാനം എടുക്കാനുള്ള അവകാശം. അതില്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉണ്ടാകില്ല. അക്കാദമിക് പണ്ഡിതരോ വിദ്യാര്‍ഥികളോ ഉണ്ടാകില്ല. ഇത്രയും കാലം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചും ബലം പ്രയോഗിച്ചും നടപ്പിലാക്കിക്കൊണ്ടിരുന്നത് ഇനി ഔദ്യോഗിക സ്വഭാവത്തോടെ തന്നെ നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിക്കും. സെനറ്റ് ഉള്‍പ്പടെയുള്ള ബോഡികള്‍ ഇല്ലാതാക്കാനുള്ള നീക്കം സജീവമായി തന്നെ ആരംഭിച്ചു കഴിഞ്ഞു. 

മോദിയെ ദൈവത്തിന്‍റെ പുനര്‍ജനി എന്ന് വിശേഷിപ്പിച്ച ലോകേഷ് ചന്ദ്രയെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ തലപ്പത്തേക്ക് 2016 ല്‍ നിയമിച്ചത്. മോദി സര്‍ക്കാര്‍ അക്കാദമിക് മേഖലയില്‍ നടത്തുന്ന തീവ്രമായ ഇടപെടലുകള്‍ക്കെതിരെ രംഗത്ത് വന്നവരില്‍ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ ഉള്‍പ്പടെയുള്ളവരെയും കാണാം. നളന്ദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി രണ്ടാം തവണ തുടരേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. രാജസ്താന്‍ സര്‍വകലാശാലയില്‍ അനധികൃതമായി നിയമിക്കപ്പെട്ട ജെ പി സിംഗാള്‍ കോടതിയില്‍ കേസ് എത്തിയതോടെ വിധിക്ക്പോലും കാത്തു നില്‍ക്കാതെ രാജിവെച്ച് പോവുകയായിരുന്നു. സംഘ്പരിവാര്‍ സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ഷൈക്ഷിക് മഹാസംഘത്തിന്‍റെ ജനറല്‍ സെക്രട്ടറി ആയിരുന്നു സിംഗാള്‍. പി എച്ച് ഡി പോലും ഇല്ലാത്ത അദ്ദേഹത്തെയാണ് രാജസ്താനിലെ ബിജെപി സര്‍ക്കാര്‍ 2015 ല്‍ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചത്. രാജ്യമെമ്പാടും സമാനമായ അനുഭവങ്ങള്‍ കാണാനാകും. 
ആര്‍എസ്എസ് വിധേയത്വം എന്ന ഒറ്റ 'യോഗ്യത'യുടെ പുറത്തുമാത്രം വൈസ് ചാന്‍സലര്‍മാരായും മറ്റും നിയമിക്കപ്പെട്ടവര്‍ എല്ലാം കഴിഞ്ഞ നാളുകളില്‍ തങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധത തെളിയിക്കാനും കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനും വേണ്ടിയുള്ള തത്രപ്പാടിലായിരുന്നു എന്ന് കാണാനാകും. ബല്‍ദേവ് ശര്‍മയുടെയും ജഗദീഷ് കുമാറിന്‍റെയും ഗജേന്ദ്ര ചൗഹാന്‍റെയും ഒക്കെ പുനര്‍ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഇതിന്‍റെ പ്രതിഫലനം ആണ്. ആ വിധേയത്വ പ്രകടനത്തില്‍ വൈസ് ചാന്‍സലര്‍മാരെന്നോ ഗവര്‍ണര്‍മാരെന്നോ വ്യത്യാസം ഉണ്ടാകില്ല•