താക്കീതായി ജനകീയ കൂട്ടായ്മ

വംബര്‍ 15നു തലസ്ഥാനത്ത് രാജ്ഭവനുമുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസ സംരക്ഷണ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തപ്പെട്ടു. കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനത്തെ സുപ്രീംകോടതി റദ്ദാക്കിയതിനെ മറയാക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍  സംസ്ഥാനത്തിന്‍റെ ബാക്കി സര്‍വകാലശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജി വയ്ക്കാനാവശ്യപ്പെട്ടു. അതിന് വഴങ്ങാത്തതിനാല്‍ അവരെ പിരിച്ചുവിടുന്നതിനു പ്രാരംഭ നടപടികളെടുത്തു. അതിനെതിരായി വൈസ് ചാന്‍സലര്‍മാര്‍ കേസ് കൊടുത്തതിനെത്തുടര്‍ന്ന് ഹൈക്കോടതി താല്‍ക്കാലികമായി ഗവര്‍ണറുടെ ആ നീക്കം തടഞ്ഞിരിക്കുകയാണ്.

സംസ്ഥാനം പൊതുവിദ്യാഭ്യാസരംഗത്ത് മികവ് ആര്‍ജിച്ചിട്ട് വര്‍ഷങ്ങളായി. അതിന്‍റെ പ്രയോജനം സംസ്ഥാനത്തിന്‍റെ സമഗ്രമായ വളര്‍ച്ചയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇവിടെ പൊതുവിദ്യാഭ്യാസം നേടിയവര്‍ക്ക് മികച്ച ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടുമാത്രമേ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം ഗണ്യമായി ഉയര്‍ത്താന്‍ കഴിയൂ. അതിനായി കേരള സമൂഹത്തെ ജ്ഞാനസമൂഹമാക്കി മാറ്റേണ്ടതുണ്ട് എന്നു എല്‍ഡിഎഫ് നേതൃത്വം മനസ്സിലാക്കി. അതിന്‍റെ അടിസ്ഥാനത്തിലാണ് ജ്ഞാന സമൂഹ സൃഷ്ടി ലാക്കാക്കി പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യപ്രഖ്യാപനം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസാമാന്യത്തിന്‍റെ മുമ്പാകെ എല്‍ഡിഎഫ് അവതരിപ്പിച്ചത്. 2016ല്‍ നിലവില്‍വന്ന പിണറായി വിജയന്‍ മന്ത്രിസഭ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മിക്കതും നടപ്പാക്കിയതിന്‍റെ സംതൃപ്തി ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ജ്ഞാനസമൂഹ നിര്‍മിതി എന്ന പുതിയ വാഗ്ദാനം എല്‍ഡിഎഫ് നടപ്പാക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു, അതുവഴി സംസ്ഥാനത്ത് സമഗ്രമായ മാറ്റം വരുത്തുമെന്നും. അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് എല്‍ഡിഎഫിനു തുടര്‍ഭരണം ജനങ്ങള്‍ ഉറപ്പാക്കിയത്.

ഇതിനു മുമ്പുതന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് പല നടപടികളും കൈക്കൊണ്ടിരുന്നു. വികസനപദ്ധതികള്‍ ആരംഭിച്ചിരുന്നു. അതിന്‍റെകൂടി ഫലമായാണ്, അതിനായി സര്‍വകലാശാലാ തലത്തില്‍ നിക്ഷേപം വര്‍ധിപ്പിച്ചതിന്‍റെയും മറ്റു പല മാറ്റങ്ങള്‍ വരുത്തിയതിന്‍റെയും ഫലമായാണ് കേരള, എംജി, കൊച്ചിയിലെ കുസാറ്റ്, കോഴിക്കോട് സര്‍വകലാശാലകള്‍ അഖിലേന്ത്യാ റാങ്കിങ്ങില്‍ മികവ് നേടിയത്. അത് ഒരു തുടക്കമേ ആയുള്ളൂ. സര്‍വകലാശാലാ ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ ഉള്ളടക്കവും നിലവാരവും ഉയര്‍ത്തണം, സര്‍വകലാശാലാ പ്രവര്‍ത്തനം കൂടുതല്‍ വൈവിധ്യവും നിലവാരവും ആര്‍ജിച്ച് സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് ഉതകുന്നതാക്കണം, തല്‍ഫലമായി സംസ്ഥാനത്ത് ആധുനിക നിര്‍മാണ വ്യവസായങ്ങളുടെ വളര്‍ച്ചയും ഇവിടത്തെ കാര്‍ഷിക മേഖലയെയും അസംസ്കൃത പദാര്‍ഥങ്ങളെയും ഉപയോഗിച്ച് വൈവിധ്യവും മികവാര്‍ന്നതുമായ വികസനവും പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിയണം. ഏറ്റവും മികച്ച വിദ്യാഭ്യാസവും പരിശീലനവും ഗവേഷണവുമൊക്കെ ഉറപ്പുചെയ്യാനാവണം. അങ്ങനെ വളര്‍ത്തിയെടുക്കുന്ന പ്രതിഭാശാലികളെ ഉപയോഗിച്ച് ഇവിടെ ജ്ഞാന സമൂഹ നിര്‍മിതി ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകണം.

ശാസ്ത്ര-സാങ്കേതിക -വിജ്ഞാനത്തിന്‍റെ നാനാമേഖലകളുടെ സ്ഥാപനവും വികാസവും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജനങ്ങളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികാസത്തിനും കൂടിയേ കഴിയൂ. അത്തരം പ്രതിഭാശാലികളുടെയും വിദഗ്ധ തൊഴിലാളികളുടെയും സാന്നിധ്യം ജ്ഞാന- വിജ്ഞാനങ്ങളുടെ സകലമേഖലകളിലും ഉണ്ടായാല്‍ അവിടേക്ക് നാനാമേഖലകളില്‍നിന്നും നിക്ഷേപകരും നിര്‍മാതാക്കളും കടന്നുവരും. ലോകത്തിലെ നാനാരാജ്യങ്ങളില്‍ പൗരരായിത്തീര്‍ന്ന വിദഗ്ധരും നിക്ഷേപകരും ഒക്കെ കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യത്തെയും പ്രകൃതിവിഭവങ്ങളെയും ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കളുടെ സിദ്ധികളെയും മറ്റും പ്രയോജനപ്പെടുത്താന്‍ കടന്നുവരും.

ഇത് പകല്‍ക്കിനാവ് കാണലല്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ സാമ്പത്തികമായും സാമൂഹികമായും വിജ്ഞാനപരമായും പുരോഗതി പ്രാപിച്ച നാടുകളിലെയും മറ്റും പൊതു അനുഭവമാണ്. അവിടങ്ങളിലൊക്കെ അഭ്യസ്തവിദ്യരായ യുവതയെ പ്രയോജനപ്പെടുത്തിയാണ് ഉല്‍പ്പാദനത്തിലും പ്രകൃതിവിഭവ ചൂഷണത്തിലും സുകുമാര കലാവികസനത്തിലും മറ്റും വന്‍കുതിച്ചുചാട്ടം ഉണ്ടാക്കിയത്. അത്തരം മുന്നേറ്റം ഇവിടെയും സാധ്യമാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പശ്ചാത്തല വികസനത്തിന്‍റെ നാനാമേഖലകളില്‍ സംസ്ഥാനം കൈവരിച്ച പുരോഗതിയും മുന്നേറ്റവും ഈ കാഴ്ചപ്പാടിനു വലിയ പിന്‍ബലം നല്‍കുന്നു.

കഴിഞ്ഞ ആറുവര്‍ഷമായി കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന സാര്‍വത്രികമായ പുരോഗതി സംസ്ഥാനത്തിനകത്തു മാത്രമല്ല, ഇന്ത്യയ്ക്കകത്തു മാത്രമല്ല, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നു. സംഘപരിവാരവും അത് നയിക്കുന്ന കേന്ദ്ര സര്‍ക്കാരും കേരളത്തിന്‍റെ ഈ മുന്നേറ്റത്തില്‍ ഏറെ ഉല്‍ക്കണ്ഠാകുലരും അസൂയാലുക്കളും ഒക്കെയാണ്. മുപ്പതുവര്‍ഷം മുമ്പുവരെ നിരവധി രംഗങ്ങളില്‍ അഖിലേന്ത്യാ ശരാശരിയുടെ ഏറെ പിന്നില്‍ നിന്നിരുന്ന സംസ്ഥാനമായിരുന്നു കേരളം. അധികാരവികേന്ദ്രീകരണത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും ജനസാമാന്യത്തിന്‍റെ കഴിവും പ്രാപ്തിയും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും വലിയതോതില്‍ വളര്‍ത്താനും വികസിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്കു കഴിഞ്ഞു. കേരളത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ തോതിലുള്ള വളര്‍ച്ച ഈ കാലയളവില്‍ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാല്‍ നൂറ്റാണ്ടിലേറെയായി തുടര്‍ച്ചയായി ബിജെപി വാഴ്ചയുടെ കീഴിലുള്ള ഗുജറാത്തില്‍ പ്രത്യേകിച്ചും. ആദ്യമൊക്കെ ചില വിദഗ്ധര്‍ പരിഹാസച്ചുവയോടെ പ്രയോഗിച്ച കേരള മോഡല്‍ എന്ന പദപ്രയോഗം ഇന്ന് ഒരു ബദല്‍ വികസനമാതൃകയായി വാഴ്ത്തപ്പെടുന്നു. വികസനത്തിന്‍റെ സര്‍വമേഖലകളിലും മോദി സര്‍ക്കാരും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളും പിന്നോട്ടടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേരളം എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ ഈ നിരന്തര മുന്നേറ്റം കൈവരിക്കുന്നത്.

കേരളത്തിന്‍റെ അടുത്തൊന്നും എത്താന്‍ കോണ്‍ഗ്രസ് ഭരണത്തിന്‍കീഴിലുള്ള രാജസ്താനോ മറ്റു ബിജെപി ഇതര ഭരണമുള്ള ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. അവയ്ക്കു കേരളത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ പ്രകൃതി-മാനുഷികവിഭവങ്ങള്‍ ലഭ്യമാണ്. നമുക്കുള്ള വിഭവങ്ങളെ പ്രയോജനപ്പെടുത്തുന്നതിലും നേട്ടങ്ങളെ ജനസാമാന്യത്തിനാകെ ലഭ്യമാക്കുന്നതിലും ആണ് കേരളം മികവ് കാണിക്കുന്നത്. അതിനുകഴിയുന്നത് മതനിരപേക്ഷവും സര്‍വതലസ്പര്‍ശിയുമായ ജനാധിപത്യരീതികള്‍ സമൂഹത്തിലാകെ പ്രയോഗിക്കുന്നതിനാലാണ്. വികസനം ഉണ്ടാകുമ്പോള്‍ പിന്നാക്കക്കാരും സ്ത്രീകളും എല്ലാം അവഗണിക്കപ്പെടുന്നില്ല എന്നു തുടര്‍ച്ചയായി ഉറപ്പുവരുത്തുന്നതുകൊണ്ടാണ്. വികസനം നടപ്പാക്കപ്പെടുമ്പോള്‍ പ്രകൃതിക്കും സമൂഹത്തിനും ഏറ്റവും കുറഞ്ഞ ക്ഷതമേ ഉണ്ടാകൂ എന്നു നിരന്തരം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണ്. അതെല്ലാം ജാഗ്രതയോടെ വീക്ഷിക്കുന്നതിനു ജനങ്ങളെ പ്രാപ്തരാക്കുന്നതുകൊണ്ടാണ്.

തങ്ങള്‍ പിന്തള്ളപ്പെടുകയല്ല, മുന്നിലേക്ക് ഉയര്‍ത്തപ്പെടുകയാണ് എന്ന തിരിച്ചറിവ് പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ട് ഇവിടെ. നിരന്തര പരിശോധനയിലൂടെ അത് ഉറപ്പുചെയ്യപ്പെടുന്നുമുണ്ട്. ഈ പശ്ചാത്തലമുള്ളതിനാല്‍ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് ബിജെപിയും യോജിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ക്ലച്ച് പിടിക്കുന്നില്ല.

അതുകൊണ്ടുതന്നെയാണ് പുതിയ അടവായി ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം അപ്പാടെ കുഴപ്പത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും നിരന്തരം സര്‍ക്കാരിനെ ആക്രമിക്കുന്നതും. ഇതിനെതിരായ ശക്തമായ ജനകീയപ്രതിഷേധമാണ് രാജ്ഭവനുമുന്നില്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ തീട്ടൂരങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്ന് വിളിച്ചോതുന്നതായിരുന്നു സമരത്തിലെ വമ്പിച്ച ജനപങ്കാളിത്തം•