വടക്കന്‍ പാട്ടുകാരന്‍റെ ആദ്യ നാടകം

അനില്‍ ആയഞ്ചേരി

രാഷ്ട്രീയ പ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും എഴുത്തും ഒരേപോലെ സമന്വയിക്കപ്പെട്ട ജീവിതത്തിനുടമയായിരുന്നു എം കെ പണിക്കോട്ടി എന്ന എം കേളപ്പേട്ടന്‍; സാംസ്കാരിക പ്രവര്‍ത്തനത്തെ അദ്ദേഹം രാഷ്ട്രീയ ജീവിതത്തിന്‍റെ ഭാഗമാക്കി. നാടിന്‍റെ പാരമ്പര്യവുമായി ഇണങ്ങിച്ചേര്‍ന്ന വടക്കന്‍പാട്ടിനെയും മറുനാടന്‍ കലാരൂപങ്ങളെയും പുതിയ തലമുറയിലേക്കു പകരുന്നതിന് തന്‍റെ എഴുത്തിനെ അദ്ദേഹം ഉപയോഗപ്പെടുത്തി. വടകരക്കാരുടെ ഏട്ടനും അതിലുപരി എല്ലാ കാര്യങ്ങളിലും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന സഖാവുമായിരുന്നു അദ്ദേഹം. ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തന ശൈലിയും ഉയരങ്ങള്‍ കീഴടക്കുമ്പോഴും എളിമയുടെ ശരിമ സൂക്ഷിക്കുകയും ചെയ്ത സഖാവിന്‍റെ വേര്‍പാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ്. പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ സംസ്ഥാന കമ്മിറ്റിയിലുള്‍പ്പെടെ പ്രവര്‍ത്തിച്ച കേളപ്പേട്ടന് സംഘമെന്നാല്‍ ജീവവായു ആയിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ വടകരയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഊര്‍ജമായി നിന്നിരുന്നത് കേളപ്പേട്ടനായിരുന്നു. 
1970ല്‍ അദ്ദേഹം എഴുതിയ ശിവപുരംകോട്ട എന്ന വടക്കന്‍പാട്ടിനെ അധികരിച്ച നാടകപുസ്തകം പ്രസിദ്ധീകരിക്കാന്‍ പു.ക.സ തയ്യാറായത് അദ്ദേഹത്തിന്‍റെ ആഗ്രഹ സഫലീകരണമായിട്ടായിരുന്നു.

 

നഷ്ടപ്പെട്ടുപോയെന്നു കരുതിയ ഈ നാടകത്തിന്‍റെ കയ്യെഴുത്തുപ്രതി അവിചാരിതമായി ലഭിച്ചപ്പോഴാണ് അതൊന്ന് പ്രസിദ്ധീകരിച്ച് കണ്ടാല്‍ നന്നായിരുന്നെന്മ്പാര്‍ടി സഖാക്കളോട് അദ്ദേഹം പറയുന്നത്. പുരോഗമന കലാസാഹിത്യസംഘം അത് പ്രസിദ്ധീകരിക്കട്ടെ എന്ന് വടകരയിലെ പാര്‍ടി നിര്‍ദേശിക്കുകയും ചെയ്തപ്പോഴാണ് ആ നിയോഗം അഭിമാനത്തോടെ പു.ക.സ ഏറ്റെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. 2018 ജൂലൈയില്‍ ശിവപുരം കോട്ട പുസ്തകമാകുകയും വടകരയിലെ രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരുടെയും സാധാരണ സഖാക്കളുടെയും സംഗമ വേദിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ പുസ്തകപ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. തന്‍റെ അവസാന നാളുകളില്‍ ഈ പുസ്തകത്തെക്കുറിച്ചും അത് പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തവരെ കുറിച്ചുമായിരുന്നുനിരന്തരം പറഞ്ഞിരുന്നതെന്ന് കേളപ്പേട്ടന്‍റെ മരണാനന്തരം ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പ്രത്യേകം പറയുകയുണ്ടായി. അദ്ദേഹത്തിന് എഴുത്തിനോടുള്ള പ്രതിപത്തി എത്രത്തോളം വലുതായിരുന്നെന്ന് ഇത് സൂചിപ്പിക്കുന്നു. അക്കാലത്ത് പുതുപ്പണത്തെ ഒരു കളരിക്കുവേണ്ടി എഴുതിയ ഈ നാടകം കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി. നാടകത്തിനെഴുതിയ മുഖവുരയില്‍ കേളപ്പേട്ടന്‍ ഇങ്ങനെ പറഞ്ഞു-"തലശ്ശേരി താലൂക്കിലെ ഒളവിലം എന്ന സ്ഥലത്ത് നാടകം കാണാന്‍ ഞാനും പോയി. തുറന്ന സ്റ്റേജാണ്. ഒരു വീടിനോ മറ്റോ കെട്ടിയിട്ട ഒരു വലിയ തറയിലാണ് നാടകാവതരണം. നാട്ടു മുഖ്യസ്ഥരടക്കമുള്ള നൂറുകണക്കിനാളുകള്‍ കാണികളായെത്തിയിരുന്നു. നാടകത്തിന് ഏറ്റവും നല്ല സ്വീകരണം കിട്ടിയതവിടെയാണ്. നാട്ടു മുഖ്യസ്ഥനായ വയോധികനായ ഒരു തടിയന്‍ എനിക്ക് കൈതന്നുകൊണ്ട് പറഞ്ഞു. "ഞാനിതുവരെ ഇത്രയും നല്ല നാടകം കണ്ടിട്ടില്ലെന്ന്" (ഞാന്‍ മനസ്സില്‍ കരുതി ഇയാള്‍ അധികം നാടകം കണ്ടിട്ടില്ലെന്ന്). എന്നിരുന്നാലും ആ ഓര്‍മ എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു". വടക്കന്‍പാട്ടിനെ അധികരിച്ച് അപൂര്‍വം ചില നാടകങ്ങളേ നമുക്ക് ലഭിച്ചിട്ടുള്ളൂ. അവയില്‍ മുഖ്യ സ്ഥാനം നേടിയ ഒരു നാടകമാണ് ശിവപുരം കോട്ട.


ഈ പുസ്തകത്തിന് അവതാരിക എഴുതിയ പ്രൊഫ. കടത്തനാട്ട് നാരായണന്‍ നാടകത്തിന്‍റെ ഒരു സംക്ഷിപ്ത രൂപം നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു. ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നത് കേളപ്പേട്ടന്‍റെ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള ഡോ. കെ എം ഭരതന്‍റെ സമഗ്രമായ പഠനമാണ്. അതിലൊരിടത്ത് ഇങ്ങനെ പറയുന്നു: "രാഷ്ടീയപ്രവര്‍ത്തമായാലും സ്വ ജീവിതത്തെ അര്‍ഥപൂര്‍ണ്ണമാക്കുന്ന ഒരാവിഷ്കാരം എന്നതില്‍കവിഞ്ഞ് അദ്ദേഹം കണക്കാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുപിറകില്‍ സവിശേഷമായൊരു കര്‍തൃത്വമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുകയോ അങ്ങനെയൊന്നിനെ സ്ഥാപിക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെ എല്ലാ മേന്മയും പാര്‍ടിക്കും സഖാക്കള്‍ക്കും വിട്ടുകൊടുത്ത് സ്വയം ഒഴിഞ്ഞുമാറിയുള്ള നില്‍പിന്‍റെ ഭാവം ജീവിതത്തിലെന്നതുപോലെ എഴുത്തിലും അദ്ദേഹം നിലനിര്‍ത്തുന്നുണ്ട്." രാഷ്ട്രീയത്തിന്‍റെ എല്ലാ അങ്കങ്ങളിലും കച്ചകെട്ടിനില്‍ക്കുമ്പോഴും എഴുത്തിനെ തന്‍റെ ജീവിതത്തിന്‍റെ പ്രധാന ഭാഗമാക്കി. ആത്മകഥ, നോവല്‍, കവിത, ഹാസ്യ സാഹിത്യം, പഠനങ്ങള്‍, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 13 കൃതികള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2005ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അമൃതസ്മരണകള്‍ എന്ന ആത്മകഥ 1933 മുതല്‍ 2003 വരെയുള്ള എഴുപതു കൊല്ലത്തെ തന്‍റെ ജീവിതരേഖയാണ്. പണിക്കോട്ടിയുടെയും വടകരയുടെയും മാത്രമല്ല ഉത്തരകേരളത്തിന്‍റെതന്നെ ഒരുകാലത്തെ ചരിത്രംകൂടിയാണ് ഈ ആത്മകഥ. നാടക രചനാ വൈഭവം കേളപ്പേട്ടനില്‍ എങ്ങനെയുണ്ടായി എന്ന് നാം അത്ഭുതത്തോടെ വീക്ഷിച്ചുപോകും. തച്ചോളി ഒതേനന് കുഞ്ഞിക്കന്നിയിലുണ്ടായ മകന്‍ കുഞ്ഞിക്കേളുവിന്‍റെ കഥപറയുന്ന ശിവപുരം കോട്ട വായിക്കുമ്പോള്‍ സാഹിത്യഭംഗികൊണ്ടും ആസ്വാദനംകൊണ്ടും ഒറ്റയിരിപ്പിനുതന്നെ വായിച്ചു പോകാന്‍ കഴിയുന്ന ഒന്നാണീ നാടകം. നാടകത്തിന്‍റെ ഇതിവൃത്തം വടക്കന്‍പാട്ടിലേതാണെങ്കിലും എം കെ പണിക്കോട്ടി തന്‍റേതായ ശൈലിയില്‍ എഴുതിയ സംഭാഷണങ്ങളും ഉണ്ടാക്കിയ മുഹൂര്‍ത്തങ്ങളും നിറഞ്ഞ നാടകം വായനക്കാരിലും പ്രേക്ഷകരിലും ആകാംക്ഷ ഉണ്ടാക്കുന്നതാണ്. തച്ചോളി ഒതേനന്‍, ചാപ്പന്‍, കുഞ്ഞിക്കന്നി, കുഞ്ഞിക്കേളു, കോമപ്പന്‍, ഉണ്ണി, കൊടുമല കുങ്കന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.


മാധവി, പയ്യമ്പള്ളി, കുഞ്ഞാലി, വാഴുന്നവര്‍, നാടുവാഴി കേളപ്പനമ്പ്യാര്‍ തുടങ്ങിയ ഉപകഥാപാത്രങ്ങളും നാടകത്തിന്‍റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 8 രംഗങ്ങളിലായാണ് നാടകാവതരണം. ഓരോ രംഗം അവസാനിക്കുമ്പോഴും കര്‍ട്ടന്‍ വീഴുന്നത് കേളപ്പേട്ടന്‍ രസകരമായാണ് അവതരിപ്പിക്കുന്നത്. കുഞ്ഞാലിയുടെ പോക്കുനോക്കി ചാപ്പകുറുപ്പ് കുറെനേരം ഇരുന്നതും ഉടന്‍ ഒരു കോട്ടുവാ ഇട്ടതും കര്‍ട്ടന്‍ വീണതും ഒന്നിച്ചു കഴിഞ്ഞു. ഉണ്ണി തലയ്ക്ക് കൈകൊടുത്തുകൊണ്ട് അവിടെ ഇരിക്കുന്നു. മാധവി മൂക്കിന്മേല്‍ കൈവെച്ചുകൊണ്ട് ആ ഇരിപ്പ് നോക്കിനില്‍ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അല്‍പംപോലും താമസിക്കാതെ കര്‍ട്ടന്‍ പാഞ്ഞെത്തുന്നു. പാട്ട് തീര്‍ന്നതും യവനികവീണതും ഒന്നിച്ചായിരുന്നു. കൊടുമല കുങ്കന്‍റെ കുത്തേറ്റ് തന്‍റെ അച്ഛനായ ഒതേനന്‍റെ മടിയില്‍ കിടന്ന് കുഞ്ഞിക്കേളു മരിക്കുന്നതാണ് നാടകത്തിന്‍റെ അവസാനഭാഗം. എന്‍റെ മോനെ എന്ന ആര്‍ത്തനാദത്തോടെ കുഞ്ഞിക്കന്നി മകന്‍റെ ശരീരത്തില്‍ മൂര്‍ച്ഛിച്ച് വീഴുന്നു. ഈ രംഗം നോക്കിനില്‍ക്കാവാതെ അവസാന കര്‍ട്ടന്‍ ധൃതിയില്‍ വീഴുന്നു എന്നാണ് അദ്ദേഹം എഴുതുന്നത്. മനസ്സിനെ സ്പര്‍ശിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ നാടകവായനയില്‍ നമുക്ക് അനുഭവിക്കാന്‍ കഴിയും. ശിവപുരം കോട്ടയുടെ മുന്‍ഭാഗത്തെ പടകാളി മുറ്റമാണ് നാടകത്തിന്‍റെ ആദ്യരംഗം. കുഞ്ഞിക്കന്നിയുടെ മുന്നില്‍ മകനായ കുഞ്ഞിക്കേളു നടത്തുന്ന ഉറുമിപ്പയറ്റും വാള്‍പ്പയറ്റും നമ്മെ വല്ലാതെ ആകര്‍ഷിക്കും. തന്‍റെ അച്ഛനാണ് ഒതേനന്‍ എന്നറിയാതെ കുഞ്ഞിക്കേളു ഒതേനന്‍റെ മരുമകള്‍ ഉണ്ണിയോട് ലോകനാര്‍കാവിലെ ചിറയ്ക്കരികില്‍വെച്ച് നടത്തുന്ന വാക്പോര് കേളപ്പേട്ടന്‍ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ചിറയില്‍ കുളിക്കാന്‍ വന്ന ഉണ്ണിയോടും തോഴിയോടും എണ്ണയും താളിയും ചോദിക്കുകയാണ് കുഞ്ഞിക്കേളു. താനും തോഴിയും തേച്ചതിന്‍റെ ബാക്കി താളി ചിറക്കടവില്‍ ഒഴുക്കാമെന്നും നിര്‍ബന്ധമാണെങ്കില്‍ മുണ്ടുകെട്ടി പിടിച്ചോളണമെന്നും ഉണ്ണി കുഞ്ഞികേളുവിനോട് ധിക്കാരത്തോടെ പറയുകയാണ്. ആവശ്യത്തിന് എണ്ണയും താളിയും വേണമെങ്കില്‍ ഭാര്യയെക്കൊണ്ട് എടുപ്പിച്ച് കൊണ്ടുവരണമെന്നും ഉണ്ണി പറയുന്നുണ്ട്. അതിന് ഞാന്‍ പുടമുറികഴിച്ചിട്ടില്ല എന്ന് കുഞ്ഞിക്കേളു മറുപടി പറയുന്നു. എന്നാല്‍ പെങ്ങളെക്കൊണ്ടെടുപ്പിക്കണം. ഉണ്ണി പറയുന്നു. എന്‍റെ അമ്മ ഒന്നേ പ്രസവിച്ചിട്ടുള്ളൂ, കുഞ്ഞിക്കേളുവിന്‍റെ മറുപടി. എന്നാല്‍ അമ്മയെ ഇങ്ങ് കൂട്ടായിരുന്നു. ഇതുകേട്ട ഉടനെ കുഞ്ഞിക്കേളുവിന്‍റെ മട്ട് മാറുന്നു. തച്ചോളി ഒതേനന്‍റെ മരുമകളല്ലേ, അതല്ലേ ഇത്ര ധിക്കാരം. ഞാനാരാണെന്ന് തെളിയിച്ചുതരട്ടെ എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞിക്കേളു ഉണ്ണിയുടെ കയ്യിലുണ്ടായിരുന്ന താളിക്കും കിണ്ണത്തിനും ഒരു ചവിട്ടുകൊടുക്കുന്നു. ഉണ്ണിയുടെ ദേഹം മുഴുവന്‍ അത് തെറിക്കുന്നു. എതിര്‍ഭാഗത്തുകൂടി കടന്നുവന്ന തച്ചോളി ഒതേനന്‍റെയും കണ്ടാച്ചേരി ചാപ്പന്‍റെയും ദേഹത്തും അല്‍പം തെറിക്കുന്നു. തന്‍റെ മരുമകള്‍ ഉണ്ണിയോടു കാണിച്ച ഈ ധിക്കാരം കണ്ട് ഒതേനന്‍ കുഞ്ഞിക്കേളുവിനോട് തട്ടിക്കയറുന്നു. പിന്നീട് കുഞ്ഞിക്കേളുവും ഒതേനനും തമ്മില്‍ നടന്ന വാക്പയറ്റ് വല്ലാത്ത ആവേശത്തോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. അതിനാവശ്യമായ സംഭാഷണങ്ങള്‍ എം കെ പണിക്കോട്ടി അവതരിപ്പിച്ചിരിക്കുന്നത് അത്ര മനോഹരമായിട്ടാണ്. അവസാനം സ്വന്തം അച്ഛനായ ഒതേനനോട് അങ്കംകുറിച്ചാണ് കുഞ്ഞിക്കേളു മടങ്ങുന്നത്. മയ്യഴി പുത്തന്‍ കളരിയില്‍ ഒതേനനും കുഞ്ഞിക്കേളുവും തമ്മില്‍ നടക്കുന്ന അങ്കം നാടകത്തിന്‍റെ 6-ാം രംഗത്തില്‍ നമുക്ക് വായിക്കാം. ഉദ്വേഗജനകമായ ആ വാള്‍പ്പയറ്റ് രംഗങ്ങള്‍ അല്‍പം പേടിയോടെ മാത്രമെ നമുക്ക് വീക്ഷിക്കാനാകു. കേവലം 16 വയസ്സുള്ള കുഞ്ഞിക്കേളു വീരശൂര പരാക്രമിയായ ഒതേനനെ വധിക്കുമെന്ന ഘട്ടം എത്തിയപ്പോള്‍ അവിടെ ഒരു വൃദ്ധന്‍ ചാടിവീഴുന്നുണ്ട്. അരുത് മകനെ അരുത്. നിന്‍റെ അച്ഛനെ കൊല്ലരുത്.

എന്നുപറഞ്ഞ് കുഞ്ഞിക്കേളുവിനെ തടഞ്ഞ ആ വൃദ്ധന്‍ വേഷം മാറി അവിടെ എത്തിയ കുഞ്ഞിക്കന്നി ആയിരുന്നു. കുഞ്ഞിക്കേളുവിന്‍റെ കുടുംബശത്രുവായ കൊടുമലകുങ്കന്‍ ശിവപുരം കോട്ട പിടിച്ചെന്നറിഞ്ഞ് പാഞ്ഞെതത്തിയ കുഞ്ഞിക്കേളുവും കൊടുമല കുങ്കനുമായുള്ള അങ്കവും അവസാനം കൊടുമല കുങ്കനെ വധിക്കുന്നതും ഗുരതരമായി മുറിവേറ്റ കുഞ്ഞിക്കേളു ഒതേനന്‍റെ മടിയില്‍കിടന്ന് മരിക്കുന്നതും ആണ് നാടകത്തിന്‍റെ അവസാന രംഗം. നാടകം വായിച്ച് ആസ്വദിക്കേണ്ട ഒന്നല്ലെങ്കിലും സ്റ്റേജില്‍ അവതിപ്പിച്ചാലുണ്ടാക്കാന്‍ കഴിയുന്ന എല്ലാ വികാരങ്ങളും ഉല്‍പാദിപ്പിക്കാന്‍ തക്ക വിധമാണ് എം കെ പാണിക്കോട്ടി ഈ നാടക രചന നിര്‍വഹിച്ചിരിക്കുന്നത്. 1970 കാലത്തെ ഭാഷാപരമായ അല്‍പസ്വല്‍പം അന്തരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നാടകത്തിന്‍റെ വായന വളരെ ആസ്വാദ്യകരംതന്നെ. പ്രേംനസീറും സത്യനും, മധുവുമൊക്കെ അഭിനയിച്ച് ഓരോ കഥാപാത്രത്തെയും അനശ്വരമാക്കിയ ഒതേനന്‍റെ മകന്‍ എന്ന സിനിമയുടെ മൂലരചന ശിവപുരം കോട്ട എന്ന എം കെ പണിക്കോട്ടിയുടെ ഈ നാടകമാണ്, പണിക്കോട്ടി അതറിഞ്ഞിട്ടില്ലെങ്കിലും പുരോഗമന കലാസാഹിത്യസംഘം വടകര മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 100 രൂപയാണ് വിലയിട്ടിരിക്കുന്നത്. വടകരയിലെ ചിത്രകാരന്‍ പി രമേശിന്‍റെ ചിത്രങ്ങളും പുസ്തകത്തെ മനോഹരമാക്കുന്നു.