ഒരു ജോഡോ അപാരത

ഗൗരി

സെപ്തംബര്‍ ഒന്നിന്‍റെയും പത്തിന്‍റെയും മുഖ്യധാരാ പത്രങ്ങള്‍ രണ്ട് ചരമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഒന്ന് സോവിയറ്റ് യൂണിയന്‍റെയും സോവിയറ്റ് കമ്യൂണിസ്റ്റു പാര്‍ടിയുടെയും സോഷ്യലിസ്റ്റ് ചേരിയുടെയും അന്തകനായ ഗോര്‍ബച്ചേവിന്‍റെ അന്ത്യം. അത് ആഗസ്ത് 31നായിരുന്നു. അപ്പോള്‍ പിന്നെ കേരളത്തിലെ മുഖ്യധാരക്കാര്‍ക്ക് അതാഘോഷമാക്കാതിരിക്കാനാവില്ലല്ലോ. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ചരിത്രകാലഘട്ടമാണല്ലോ സോവിയറ്റ് കാലഘട്ടം. പട്ടിണിയില്‍നിന്നും നിക്ഷരതയില്‍ നിന്നും രോഗങ്ങളില്‍ നിന്നും ലോകജനസംഖ്യയില്‍ ഒരു വിഭാഗത്തിനെങ്കിലും മോചനം നല്‍കിയ മഹത്തായ കാലഘട്ടം; മാനവരാശിയുടെ പുരോഗതിയില്‍, മുന്നോട്ടുള്ള പ്രയാണത്തില്‍ മഹത്തായ കുതിപ്പുകള്‍ അടയാളപ്പെടുത്തിയതായിരുന്നു ആ കാലം. അതിന് അന്ത്യം കുറിച്ച, ഒരു ജനതയെ വീണ്ടും പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിട്ട അന്തകവിത്തിന്‍റെ അന്ത്യത്തില്‍ മനോരമ, മാതൃഭൂമിയാദികള്‍ എങ്ങനെ കണ്ണീര്‍പൊഴിക്കാതിരിക്കും. ലോകമാസകലമുള്ള പിന്തിരിപ്പന്മാര്‍ക്കൊപ്പം മനോരമ, മാതൃഭൂമിയാദികളും ഗോര്‍ബച്ചേവിന് ചരമഗീതം ചമച്ച് ദുഃഖാചരണം നടത്തി. എന്നാല്‍ റഷ്യന്‍ ജനതയോ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന മറ്റേതെങ്കിലും ജനവിഭാഗമോ ദുഃഖാചരണം നടത്തിയതായി വാര്‍ത്തയില്ല. അതിനുള്ള സാധ്യതയും കാണാനാവില്ല. തങ്ങളെ ഏഴു പതിറ്റാണ്ടിനുശേഷം വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിനീക്കിയ അന്തകവിത്തിന്‍റെ അന്ത്യത്തില്‍ അവരെന്തിനു ദുഃഖിക്കണം?

സെപ്തംബര്‍ 9ന് ലോകത്തോടു വിട പറഞ്ഞ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ അന്ത്യമാണ് സെപ്തംബര്‍ 10ന് മുഖ്യധാരക്കാര്‍ ആഘോഷമായി അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയോടും തിരുവിതാംകൂര്‍ രാജാവിനോടും ഭയഭക്തി ബഹുമാനങ്ങള്‍ പ്രകടിപ്പിച്ച് അവരുടെ പാദസേവ ചെയ്യാന്‍ പ്രതിജ്ഞയെടുത്ത് തുടക്കം കുറിച്ച മനോരമയ്ക്ക് എലിസബത്തിന്‍റെ ചരമത്തില്‍ ദുഃഖാചരണം നടത്താതിരിക്കാനാവില്ലല്ലോ. പക്ഷേ, മാതൃഭൂമിയും -അതെ, സ്വാതന്ത്ര്യസമരത്തിന്‍െറ പ്രചാരണത്തിനായി ജന്മംകൊണ്ട പത്രത്തിന്‍റെ താളുകളും - പഴയ കൊളോണിയല്‍ അടിമത്തത്തിന്‍റെ നുകം ചുമലിലേറ്റി നില്‍ക്കുമ്പോള്‍ ഹാ! കഷ്ടമെന്നല്ലാതെ എന്തുപറയാന്‍? പക്ഷേ അതിലത്ഭുതപ്പെടേണ്ടതില്ല. സംഘി മനസ്സില്‍ അഭിമാനം കൊള്ളുന്ന ഒരു പത്രത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ ചരമം പെരുത്ത് ദുഃഖമുണ്ടാക്കുന്നതുതന്നെ!

പക്ഷേ, ബ്രിട്ടനോടും അവിടത്തെ രാജകുടുംബത്തോടും വിധേയത്വം പ്രഖ്യാപിക്കാന്‍ മനോരമാദികള്‍ ചരിത്രത്തെ പോലും വളച്ചൊടിക്കാന്‍ മടിക്കുന്നില്ല. 1952ല്‍ കിരീടധാരണം നടത്തിയ എലിസബത്ത് രാജ്ഞിയുടെ കാലം സമാധാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും കാലമായിരുന്നെന്ന് തള്ളുന്നത് കുറേ കടന്നകയ്യാണെന്ന് പറയാതിരിക്കാനാവില്ല. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്ക് ഇന്ത്യയില്‍ ചരമക്കുറിപ്പായി എന്നതിനര്‍ഥം ലോകത്താകെയുള്ള കോളനികളില്‍നിന്ന് ബ്രിട്ടന്‍ സമാധാനപരമായി കുടിയൊഴിഞ്ഞുവെന്നല്ല. കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍, മലയയെപ്പോലെയുള്ള ഏഷ്യന്‍ നാടുകള്‍ എല്ലാം എലിസബത്തിന്‍റെ കിരീടധാരണത്തിനുശേഷവും പാരതന്ത്ര്യത്തിന്‍റെ കയ്പുനീര്‍ കുടിച്ചിറിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനായി പൊരുതിയ പതിനായിരക്കണക്കിനു മനുഷ്യരെയാണ് ബ്രിട്ടന്‍ ഇക്കാലത്ത് കൊലപ്പെടുത്തിയത്; കൊല്ലാക്കൊല ചെയ്തത്. ലാറ്റിനമേരിക്കയിലെ ഫാക്ലന്‍ഡ് ദ്വീപ് സ്വന്തമാക്കി വയ്ക്കാന്‍ അര്‍ജന്‍റീനയോട് യുദ്ധം നടത്തിയതും ഇതേ കാലത്താണ്. ഇറാനിലെ മൊസാദിക്കിന്‍റെ പുരോഗമന ജനാധിപത്യഭരണം ബ്രിട്ടീഷ് എണ്ണക്കമ്പനികള്‍ക്കുവേണ്ടി അട്ടിമറിക്കാന്‍ അമേരിക്കയുടെ കൂട്ടുപിടിച്ച് ബ്രിട്ടന്‍ മുന്നിട്ടിറങ്ങിയതും ഇതേ കാലത്തായിരുന്നല്ലോ! യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ഹാമര്‍ഷോള്‍ഡിന്‍റെ ദുരൂഹമായ അന്ത്യത്തിനു പിന്നിലും ബ്രിട്ടീഷ് ഭരണകൂടമായിരുന്നുവെന്നതും അത്ര രഹസ്യമൊന്നുമല്ല. ഇതെല്ലാം നടന്ന കാലം ജനാധിപത്യത്തിന്‍റെയും സമാധാനത്തിന്‍റെയും സുവര്‍ണകാലമായി ഉദ്ഘോഷിക്കാന്‍ മനോരമാദികള്‍ക്കേ കഴിയൂ. 10-ാം തീയതിയും വാഴ്ത്തുപാട്ടുകളാല്‍ മുഖരിതം ഇവയുടെ പേജുകള്‍!

ഇനി മറ്റുവാര്‍ത്തകളിലേക്ക് കടക്കാം. സെപ്തംബര്‍ 8ന്‍റെ മനോരമ എട്ടിന്‍റെ പണിതന്നെ ഇറക്കുന്നു, 11-ാം പേജില്‍. തലക്കെട്ട് ഇങ്ങനെ: "സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലക്ഷക്കണക്കിനുപേര്‍ പുറത്തേക്ക്. മാനദണ്ഡം കര്‍ശനമാക്കി". അപ്പോള്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കണമെന്നാണോ മനോരമ പറഞ്ഞുവരുന്നത്. മനോരമയുടെ ഉള്ളിലിരുപ്പ് നോക്കൂ: "മുന്‍പ് വാഹന ഉടമകളുടെയും ആദായനികുതി അടയ്ക്കുന്നവരുടെയും ഡേറ്റ ബേസ് നോക്കി ആയിരക്കണക്കിന് അനര്‍ഹരെ ഒഴിവാക്കിയിരുന്നു." അതായത് ആദായനികുതി നല്‍കുന്നവര്‍ക്കുപോലും ക്ഷേമപെന്‍ഷന്‍ നല്‍കണംപോലും! പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ കാറും എസി മുറിയും ഉള്ളവരും ആദായനികുതി നല്‍കാന്‍ വേണ്ട വരുമാനമുള്ളവരും തട്ടിയെടുക്കുന്നതിലെ അന്യായം ചൂണ്ടിക്കാണിക്കാനല്ല മനോരമ തറ്റുടുത്ത് ഇറങ്ങിയിരിക്കുന്നത്. രണ്ട് ഏക്കറില്‍ കൂടുതല്‍ റബര്‍ കൃഷി ഉള്ളവര്‍ക്ക് സാമൂഹ്യപെന്‍ഷന് നിയമപ്രകാരം അര്‍ഹതയില്ല. അപ്പോള്‍ ആ മാനദണ്ഡം മറികടന്ന് ആരെങ്കിലും പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ അവരെ കണ്ടെത്തി ഒഴിവാക്കുകയെന്നത് സര്‍ക്കാരിന്‍റെ ബാധ്യതയാണ്. എന്നാല്‍ മനോരമ പറയുന്നത് ആ 'പട്ടിണിപ്പാവ'ങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ "അരയും തലയും മുറുക്കി"ഇറങ്ങുന്നുവെന്നാണ്.

8-ാം തീയതിയിലെ മനോരമയുടെ രണ്ടാം പേജില്‍ ഒരു കുഞ്ഞ് ഐറ്റമുണ്ട്, സ്വന്തം കുഞ്ഞുഞ്ഞിനായി ഡെഡിക്കേറ്റ് ചെയ്ത ഐറ്റം.'കാശ്മീര്‍ വരെ നടക്കാന്‍ ചാണ്ടി ഉമ്മനുമുണ്ട്". പുത്തന്‍ താരോദയംതന്നെ! ഇനി കോണ്‍ഗ്രസിലെ ആപ്പ ഊപ്പകളൊന്നും ഈ താരോദയത്തില്‍ കൊതിക്കെറുവ് പറയില്ലല്ലോ.

8-ാം തീയതി ഒന്നാം പേജില്‍ മനോരമ പറയുന്നു: "രാഹുല്‍ നടന്നുതുടങ്ങി, ഇന്ത്യയെ കേള്‍ക്കാന്‍" "നടന്നുതുടങ്ങി" യെന്നു വായിക്കുമ്പോള്‍ പെട്ടെന്നു മനസ്സില്‍ തോന്നുക ഇതേ വരെ മുട്ടില്‍ ഇഴഞ്ഞിരുന്ന പൈതല്‍ പിച്ച വച്ചുനടക്കാന്‍ തുടങ്ങിയെന്നല്ലേ! ഇനി "ഇന്ത്യയെ കേള്‍ക്കാനാണ"ത്രെ ഈ യാത്ര! അപ്പോള്‍ എന്തിനാണാവോ ഈ യാത്ര? എന്താ ഇവര്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം? ഇന്ത്യയെ ഒരുമിപ്പിക്കുകയാണത്രെ ലക്ഷ്യം എന്ന് മനോരമ ഉവാച. അപ്പോള്‍ ഇന്ത്യയെ ഒരുമിപ്പിക്കുന്നതില്‍ ഒരല്‍പ്പം തടസ്സം കേരളമാണെന്നു തോന്നും ജാഥ പരിപാടിയാകെ ഒന്നു നോക്കിയാല്‍. മൊത്തം ജാഥ പരിപാടിയില്‍ അഞ്ചിലൊന്നോളം ദിനങ്ങള്‍ കേരളത്തില്‍ ചുറ്റാനാണ് നീക്കിവച്ചിട്ടുള്ളത്. കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കുകള്‍ ഈ കൊച്ചുകേരളത്തില്‍ നിന്നേ ലഭിക്കൂ എന്നതുകൊണ്ടാകാം ഇവടെ ചുറ്റുന്നത്.

എന്നാല്‍ ജോഡോ പരിപാടി പൊലിപ്പിക്കാന്‍ മനോരമ നടത്തുന്ന തള്ളുകള്‍ രാഹുല്‍ഗാന്ധിയെപോലും നാടുവിട്ടോടാന്‍ പ്രേരിപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ട. ഒരുദാഹരണം നോക്കാം. രാഹുലിനെ കാണാന്‍ കിലോമീറ്ററുകള്‍ നടന്ന് ക്ഷീണിച്ച് അവശയായ ഒരു സ്ത്രീക്ക് രാഹുല്‍ കുടിവെള്ളം കൊടുക്കുന്നുവെന്ന അടിക്കുറിപ്പോടെ 13-ാം തീയതിയിലെ മനോരമ ഓണ്‍ലൈനില്‍ കണ്ട ചിത്രം നമ്മെ മാത്രമല്ല രാഹുലിനെപ്പോലും അന്ധാളിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തുനിന്ന് ചാവടിമുക്കുവരെ അഞ്ചോ പരമാവധി പത്തോ മിനിറ്റുകൊണ്ട് നടന്നെത്താവുന്ന ദൂരമേയുള്ളൂ. ഒരു കിലോമീറ്റര്‍ പോലുമില്ല. അതാണ് മനോരമയ്ക്ക് കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര! തള്ളിനും വേണ്ടേ മനോരമേ ഒരു ലിമിറ്റൊക്കെ!

13-ാം തീയതിയിലെ മനോരമയുടെ രണ്ടാം പേജില്‍ "നുഴഞ്ഞുകയറി പോക്കറ്റടി സംഘം; പ്രതികളെ തിരയുന്നു." എന്നൊരു ഐറ്റമുണ്ട്. എവിടെയ്ക്കാണാവോ നുഴഞ്ഞുകയറ്റം? മറ്റെവിടേയ്ക്കുമല്ല, രാഹുലിന്‍റെ ജോഡോ യാത്രയിലേക്കു തന്നെ. ഈ സംഘം കന്യാകുമാരി മുതല്‍ ജാഥയ്ക്കൊപ്പമുണ്ട് എന്നും മനോരമ. അപ്പോള്‍ ഒരു കാര്യം ഉറപ്പാണ്. ഒന്നുകില്‍ ജാഥയിലെ ഖദറുകാരുടെ പെരിയപോക്കറ്റടി മൂലം സ്വന്തം കീശ കീറിയ പാവം പോക്കറ്റടിക്കാര്‍ നാടുവിട്ടോടിക്കാണും. അല്ലെങ്കില്‍ നാട്ടാരെ പോക്കറ്റടിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാകും ഇവര്‍. ഇനിയുമുണ്ടൊരു സാധ്യത. കഥ പൊലിപ്പിക്കാന്‍ മനോരമ തൊടുത്തുവിട്ട ഒരു ഗുണ്ടാകാനും മതി.

"വിഴിഞ്ഞം: കോണ്‍ഗ്രസ് നിലപാട് സംസ്ഥാന നേതാക്കള്‍ തീരുമാനിക്കണമെന്നു രാഹുല്‍" എന്നും 13ന്‍റെ രണ്ടാം പേജില്‍ മനോരമ പറയുന്നു. അപ്പോള്‍ ഭാരത് ജോഡോക്കാരന് ഇതില്‍ നിലപാടില്ലെന്നര്‍ഥം. ഇനി ജാഥക്കിടയില്‍ മാധ്യമങ്ങളോട് മിണ്ടാട്ടമില്ല എന്നതും നമ്മുടെ മുഖ്യധാരക്കാരൊന്നും വിഷയമാക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ എന്തെങ്കിലും പറയാനുണ്ടെങ്കിലല്ലേ മാധ്യമങ്ങളോട് സംവദിക്കേണ്ടതുള്ളൂ. അതുകൊണ്ടാണ് കോങ്കികള്‍ക്കും സംഘികള്‍ക്കും അടിവസ്ത്രത്തിന്‍റെയും മേല്‍വസ്ത്രത്തിന്‍െയും വിലയും മഹിമയും പറഞ്ഞ് കൊച്ചുവര്‍ത്തമാനങ്ങളില്‍ അഭിരമിക്കേണ്ടതായി വരുന്നത്. ശൂന്യതയില്‍ നിന്നും ഭസ്മവും വളപ്പൊട്ടുകളും മാത്രമല്ല ആനയെവരെ സൃഷ്ടിക്കാനാവുന്ന മനോരമേലെ തള്ളുമാമന്മാരും മാമിമാരുമുള്ളപ്പോള്‍ സംഗതി കുശാലായി മുന്നേറും. കേരളദേശത്തിനപ്പുറം കോണ്‍ഗ്രസും മനോരമാദികളും സംഘികള്‍ക്കായി വിട്ടുകൊടുത്തിരിക്കുമ്പോള്‍ അതേക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലല്ലോ.

ജനലക്ഷങ്ങളെ ഇളക്കിമറിച്ചാണ് രാഹുലന്‍റെ ജോഡോ മുന്നേറ്റമെന്ന് തള്ളുന്ന മാധ്യമങ്ങള്‍ക്ക് എവിടെയും അതിന്‍റെ ദൃശ്യം കാണിക്കാനാവുന്നില്ല എന്ന ഗതികെട്ട അവസ്ഥയുണ്ട്. "രാഹുലനെ നെഞ്ചേറ്റി കേരളം" എന്ന് 12ന് മനോരമ തള്ളുറിപ്പോര്‍ട്ടു നല്‍കുമ്പോള്‍ അതിലുമില്ല എണ്ണം കാണിക്കാവുന്ന ജനക്കൂട്ടത്തിന്‍റെ പടം! ജനങ്ങള്‍ ഇങ്ങോട്ടു വരാത്തതുകൊണ്ട് ബേക്കറികളിലും ചായക്കടകളിലും കയറി പഫ്സും പഴംപൊരിയും വെള്ളച്ചായയും കഴിച്ച് ദാഹിച്ചാലും ഇല്ലെങ്കിലും വഴിയേ പോകുന്ന അമ്മച്ചിമാര്‍ക്ക് വെള്ളംകൊടുത്തും വാര്‍ത്ത സൃഷ്ടിക്കേണ്ടതായി വരുന്നത് ഈ ഗതികേടുകൊണ്ടുതന്നെയാണ്. അപ്പോള്‍ തള്ളട്ടങ്ങനെ തള്ളട്ടെ എന്നേ നമുക്കും പറയാനാവൂ
.
11-ാം തീയതി 'മനോരമ' ഒരു സൂപ്പര്‍ തള്ളുമായാണ് കണികാണാനെത്തുന്നത്- "ഓണം കഴിഞ്ഞപ്പോള്‍ ഖജനാവ് ശൂന്യം; കടുത്ത നിയന്ത്രണം വരും. മുണ്ട് മുറുക്കും" എന്നാണ് മനോരമ തള്ളുന്നത്. ഓണത്തിനുമുന്‍പായി നടത്തിയ "ഓണച്ചെലവ് 15,000കോടി; സര്‍ക്കാര്‍ ഇനി പാടുപെടും." എന്ന തള്ള് പൂഞ്ഞുപോയതിന്‍റെ നാണം മറയ്ക്കാനുള്ള പുതിയതള്ളാണ് 11നു നടത്തിയത്. എന്നാല്‍, 11-ാം തീയതി തന്നെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇതിനു മറുപടി കൃത്യമായി വസ്തുതകള്‍ നിരത്തി പറയുന്നുണ്ട്. എന്താ അത്? 12-ാം തീയതി അക്കാര്യം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത് നോക്കൂ: "ഓണം സുഭിക്ഷമാക്കിയിട്ടും ട്രഷറി സുഗമം. ഓവര്‍ഡ്രാഫ്റ്റ് വേണ്ട." എന്നാല്‍ മാധ്യമപ്രവര്‍ത്തകരോടുള്ള മന്ത്രിയുടെ പ്രസ്താവന 12-ാം തീയതി പ്രാധാന്യത്തോടെയല്ലെങ്കിലും ചെറുതായെങ്കിലും നാലാള് കാണാന്‍ പറ്റുന്ന വിധം നല്‍കിയോ മനോരമ? ഇല്ല മറിച്ച് വീണ്ടും മറ്റൊരു തള്ള്! "ട്രഷറിയില്‍ രഹസ്യനിരോധനം നടപ്പാക്കിയേക്കും." അങ്ങനെ എന്തെങ്കിലും നടന്നോയെന്ന് വായനക്കാരാരെങ്കിലും ചോദിച്ചാല്‍ മറുപടിക്കുള്ള പഴുതാണ് "നടപ്പാക്കിയേക്കും" എന്ന പ്രയോഗം.

മനോരമയുടെ പ്രശ്നം ഇത്രേയുള്ളൂ. സര്‍ക്കാരിനെതിരെ ജനങ്ങളെ ഈ ഓണക്കാലത്ത് ഇളക്കിവിടാന്‍ പഴുതില്ലാത്തതിന്‍റെ വേവലാതിയാണ് ഈ പെടപെടപ്പിലെല്ലാം കാണുന്നത്. കാണം വിറ്റും ഓണമുണ്ണെണം എന്ന ചൊല്ല് മനോരമയ്ക്ക് ഓര്‍മയുണ്ടോ ആവോ? എന്നാല്‍ കാണം വില്‍ക്കാതെ തന്നെ മലയാളികള്‍ക്കാകെ സമൃദ്ധമായി ഓണമുണ്ണാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരമുണ്ടാക്കുന്നത് മനോരമ എങ്ങനെ സഹിക്കാനാണ്! അതാകട്ടെ കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതമൊന്നും നല്‍കാതിരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കാണം വില്‍ക്കാതെ തന്നെ ജനങ്ങളെ ഓണക്കാലത്ത് തൃപ്തരാക്കുകയോ?

12-ാം തീയതി മനോരമ ഒരു മുഖപ്രസംഗവും എഴുതുന്നു, ഈ വിഷയത്തില്‍, "ധനകാര്യത്തിലെ കൈവിട്ടുകളി. പാഴ്ച്ചെലവുകള്‍ക്കു കടിഞ്ഞാണിട്ട് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയണം." എന്ന് ശീര്‍ഷകം. ഏതെങ്കിലുമൊരു പാഴ്ച്ചെലവിനെക്കുറിച്ച് ചൂണ്ടിക്കാണിക്കാന്‍ മനോരമയ്ക്ക് ആയിട്ടുണ്ടോ? ഇല്ല. എല്ലാ വിഭാഗത്തിന്‍റെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞുവെന്ന് മനോരമയ്ക്കു തന്നെ ഈ മുഖപ്രസംഗത്തില്‍ സമ്മതിക്കേണ്ടിവന്നു. എന്തിന്, "കെഎസ്ആര്‍ടിസിക്കാര്‍ക്ക് ഓണമുണ്ണാന്‍മണ്ണപ്പം" എന്ന് ഏതാനും ദിവസംമുന്‍പ് തള്ളിയ മനോരമയ്ക്കുതന്നെ ഈ മുഖപ്രസംഗത്തില്‍ പറയേണ്ടിവന്നത് സംഭവിച്ചതങ്ങനെയല്ല എന്നാണ്. അപ്പോള്‍ തങ്ങള്‍ പ്രവചിക്കുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍ നടക്കുന്നത് എന്നതിന്‍റെ അസ്കിതയുമുണ്ട് മനോരമയ്ക്ക്! എങ്ങനെയും അരാജകാവസ്ഥയില്‍ കേരളത്തിലെ കാര്യങ്ങള്‍ എത്തിക്കണമെന്ന ഒരൊറ്റ ചിന്തയേയുള്ളൂ ഈ പത്രത്തിന്! ഇതെന്തൊരു മാധ്യമധര്‍മം?•