സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയിലേക്ക് ഒരെത്തിനോട്ടം

ശ്രീജിത്ത് ശിവരാമന്‍

സോവിയറ്റെന്നൊരു നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം' കമ്യുണിസ്റ്റ് കവിയായ കെ പി ജിയുടെ  'നാണിയുടെ ചിന്ത' എന്ന കവിതയിലെ വരികള്‍ ഒരുകാലത്ത് കേരളം ആവേശത്തോടെ പാടി. ആ കവിതയിലെ അടുത്ത വരിയില്‍ ഇങ്ങനെ പറയുന്നു.
"പട്ടിണികൊണ്ടുള്ള പാടുവേണ്ട,
ജപ്പാനെത്തെല്ലുമേ പേടിവേണ്ട..
പാരതന്ത്ര്യത്തിന്നവമാനവും വേണ്ട-
പ്പാവന നാട്ടില്‍ പിറന്നില്ലല്ലോ, ഞാന-
പ്പാവന നാട്ടില്‍ പിറന്നില്ലല്ലോ.."

സോവിയറ്റ് യൂണിയനെ പോലെ കേരളത്തിന്‍റെ രാഷ്ട്രീയ രൂപീകരണത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രവും ഉണ്ടാകില്ല. കേരളത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങളെയെല്ലാം ഇത്രയേറെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ സംവിധാനവും ഉണ്ടാകില്ല. ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രതീക്ഷയും പ്രതീക്ഷാ നഷ്ടവുമായിരുന്നു സോവിയറ്റ് യൂണിയന്‍. പക്ഷേ, കേരള സമൂഹത്തെ ആഴത്തില്‍ സ്പര്‍ശിച്ച സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ കേരളം ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ്. വിരലിലെണ്ണാവുന്ന പുസ്തകങ്ങളും ലേഖനങ്ങളും മാത്രമാണ് ആ മേഖലയില്‍ വസ്തുനിഷ്ഠമായ വിശകലനത്തിന് തയ്യാറായത്. മറ്റെല്ലാം വലതുപക്ഷ വാചാടോപങ്ങളും സ്ഥിരം ആക്ഷേപങ്ങളുമായി ഒതുങ്ങി. സോവിയറ്റ് യൂണിയനിലെ പ്രതിവിപ്ലവത്തെ വസ്തുനിഷ്ഠമായി സമീപിക്കുന്ന ഒരു കൃതിയാണ് 'സോഷ്യലിസം ബിട്രേയ്ഡ്  ബിഹൈന്‍ഡ് ദി കോലാപ്സ് ഓഫ് ദി സോവിയറ്റ് യൂണിയന്‍' (Socialism Betrayed: Behind the Collapse of the Soviet Union ). അമേരിക്കന്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരും കമ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമായ റോജര്‍ കീരാനും തോമസ് കെന്നിയും ചേര്‍ന്നെഴുതിയ പുസ്തകം സോവിയറ്റ് അട്ടിമറിയെക്കുറിച്ചുള്ള പ്രധാന പഠനങ്ങളില്‍ ഒന്നാണ്.

വിപ്ലവപൂര്‍വ റഷ്യന്‍ വ്യവസ്ഥയിലെ ചൂഷകരെ ഇല്ലായ്മ ചെയ്യുക മാത്രമല്ല തൊഴിലില്ലായ്മ, വിലക്കയറ്റം, വംശീയവും ദേശീയവുമായ ചൂഷണങ്ങള്‍, തീവ്രദാരിദ്ര്യം, സാമ്പത്തികവും സാംസ്കാരികവുമായ ഉച്ചനീചത്വങ്ങള്‍ എന്നിവയെ ഇല്ലാതാക്കാനും സോവിയറ്റ് വ്യവസ്ഥക്ക് കഴിഞ്ഞു. വിപ്ലവകാലത്ത് അമേരിക്കയുടെ പത്തിലൊന്നു മാത്രം വ്യവസായവത്കൃതമായിരുന്ന സോവിയറ്റ് സമൂഹം വെറും അന്‍പത് കൊല്ലംകൊണ്ട് അമേരിക്കയുടെ 85% വ്യവസായവത്കൃതമായ സമൂഹമായി മാറി. തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവും സകല മനുഷ്യര്‍ക്കും ഉറപ്പാക്കാന്‍ കഴിഞ്ഞ മറ്റൊരു സമൂഹവും മനുഷ്യചരിത്രത്തില്‍ ഇല്ല. അങ്കണവാടികള്‍ മുതല്‍ ഗവേഷക വിദ്യാഭ്യാസം വരെ സൗജന്യവും സ്റ്റൈപ്പെന്‍ഡുകളോട് കൂടിയതുമായിരുന്നു. ഡോക്ടര്‍മാരുടെ നിരക്ക് അമേരിക്കയുടെ ഇരട്ടിയായിരുന്ന സോവിയറ്റ് യൂണിയനില്‍ ഏത് ചികിത്സയും സൗജന്യവുമായിരുന്നു. എല്ലാ തൊഴിലാളികള്‍ക്കും പൊതു അവധികള്‍ കൂടാതെ ഏതാണ്ട് ഒരു മാസം വെക്കേഷന്‍ പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥയെ ഇക്കാലത്ത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഗാര്‍ഹിക ബജറ്റിന്‍റെ 3% ത്തില്‍ താഴെയായിരുന്നു ശരാശരി വാടക. യുനെസ്കോയുടെ നിരീക്ഷണ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും സിനിമകള്‍ കാണുകയും ചെയ്തിരുന്നത് സോവിയറ്റ് പൗരരായിരുന്നു. 1983 ല്‍ സോവിയറ്റ് യൂണിയനിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം ഒരു ശരാശരി തൊഴിലാളിയുടെ കൂലിയുടെ 10 ഇരട്ടി മാത്രമായിരുന്നു, എന്നാല്‍ ഇതേ കാലയളവില്‍ അമേരിക്കയില്‍ അത് 115 ഇരട്ടിയായിരുന്നു (1990 ല്‍ അമേരിക്കയില്‍ ഈ അന്തരം 480 മടങ്ങായി വര്‍ദ്ധിച്ചു). ബഹിരാകാശ പഠന രംഗത്തും, ശാസ്ത്ര - സാങ്കേതികവിദ്യയിലും, കലയിലും സ്പോര്‍ട്സിലും സിനിമയിലുമെല്ലാം സോവിയറ്റ് യൂണിയന്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രത്യകിച്ച് കുറിക്കേണ്ടതില്ല.

ഇങ്ങനെയൊരു സാമൂഹിക വ്യവസ്ഥ എന്തുകൊണ്ടാണ് 1991 ല്‍ തകര്‍ന്നത് ? യഥാര്‍ത്ഥത്തില്‍ സോഷ്യലിസത്തിന്‍റെ പരാജയവും മുതലാളിത്തത്തിന്‍റെ വിജയവും ആയിരുന്നോ ? ഈ അന്വേഷണമാണ് പുസ്തകം മുന്നോട്ട് വെക്കുന്നത്. ഒരു കാര്യം ഉറപ്പാണ് ; ഒരു ജനകീയ സമരത്തിന്‍റേയോ ആന്തരിക സാമ്പത്തിക പ്രതിസന്ധിയുടെയോ മുന്നിലായിരുന്നില്ല സോവിയറ്റ് യൂണിയന്‍ തകര്‍ന്നത്. 1991 മാര്‍ച്ച് 17 ന് നടന്ന ഹിതപരിശോധനയില്‍ പോലും 76% ലേറെ ജനങ്ങളും സോവിയറ്റ് യൂണിയന്‍ തുടരണം എന്നാണ് അഭിപ്രായപ്പെട്ടത്. മുതലാളിത്ത ചിന്തകര്‍ അഭിപ്രായപ്പെടുന്നത് പോലെയുള്ള 'ജനാധിപത്യ അഭാവം, സ്റ്റാലിനിസം , സോഷ്യലിസം മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണ് ' തുടങ്ങിയ വാചാടോപങ്ങള്‍ക്കപ്പുറത്തേക്ക് സോവിയറ്റ് പ്രതിവിപ്ലവത്തിന്‍റെ അര്‍ഥശാസ്ത്ര വിശകലനത്തിനാണ് ലേഖകര്‍ ശ്രമിക്കുന്നത്.

മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് രാഷ്ട്രീയ ചിന്തയിലെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് വലത് അവസരവാദത്തിനെതിരായ നിരന്തരമായ വിമര്‍ശവും ജാഗ്രതയും. മാര്‍ക്സും എംഗല്‍സും ഗോഥാപരിപാടിയുടെ വിമര്‍ശത്തിലും, ലെനിന്‍ രണ്ടാം ഇന്‍റര്‍നാഷണലിന്‍റെ വിമര്‍ശത്തിലും ഈ ജാഗ്രതയാണ് പുലര്‍ത്തിയത്. എന്നാല്‍ സോവിയറ്റ് രൂപീകരണത്തിനു ശേഷം ബുക്കാറിന്‍റെ നേതൃത്വത്തില്‍ ഉടലെടുത്ത വലത് അവസരവാദം ഒരു പ്രവണതയായി സോവിയറ്റ് യൂണിയനില്‍ എക്കാലവും ഉണ്ടായിരുന്നു എന്നാണ് ലേഖകര്‍ നിരീക്ഷിക്കുന്നത്. ഈ പ്രവണതയ്ക്കെതിരെ ആദ്യഘട്ടത്തില്‍ ലെനിനും പിന്നീട് സ്റ്റാലിനും ഉള്‍പാര്‍ട്ടി സമരങ്ങള്‍ തുടര്‍ന്നെങ്കിലും ആഗോള സാഹചര്യങ്ങള്‍ പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധം, സോവിയറ്റ് ഒറ്റപ്പെടല്‍ തുടങ്ങിയവ ഈ വലതു പ്രവണതയെ പൂര്‍ണമായി എതിര്‍ത്ത് തോല്‍പിക്കാന്‍ കഴിയാത്ത സ്ഥിതി പാര്‍ട്ടിക്കകത്ത് തന്നെ സംജാതമാക്കി. സ്റ്റാലിന്‍റെ മരണത്തിനുശേഷം ഒരു ഭാഗികമായ അട്ടിമറിയിലൂടെയാണ് ക്രൂഷ്ചേവ് അധികാരത്തില്‍ എത്തുന്നത്. മേല്‍ സൂചിപ്പിച്ച റിവിഷനിസ്റ്റ് പ്രവണതയുടെ മൂര്‍ത്തീ രൂപമായിരുന്നു ക്രൂഷ്ചേവ്. ഡീസ്റ്റാലിനൈസേഷന്‍ എന്ന പേരില്‍ മുതലാളിത്ത പാതയ്ക്ക് പരവതാനി വിരിക്കുകയായിരുന്നു ക്രൂഷ്ചേവ്.  'സോവിയറ്റ് യൂണിയനില്‍ വര്‍ഗ സംഘര്‍ഷങ്ങള്‍ അവസാനിച്ചിരിക്കുന്നു. അതിനാല്‍ ഇനി കമ്മ്യുണിസ്റ്റ് പാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയല്ല മറിച്ച് മുഴുവന്‍ ജനങ്ങളുടെയും പാര്‍ട്ടിയായി മാറിയിരിക്കുന്നു' എന്നതുപോലുള്ള വിടുവായത്തങ്ങള്‍ പറയാനും വര്‍ഗ സഹകരണമാണ് മുന്നോട്ടുള്ള വഴിയെന്ന് സ്ഥാപിക്കാനും ക്രൂഷ്ചേവ് ശ്രമിച്ചുകൊണ്ടിരുന്നു. 1956 ഫെബ്രുവരി 14 മുതല്‍ 25 വരെ നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ക്രൂഷ്ചേവ് നടത്തിയ 'രഹസ്യ പ്രസംഗം' തൊട്ടടുത്ത ദിവസങ്ങള്‍ മുതല്‍ തന്നെ പാശ്ചാത്യ ലോകം ആഘോഷിക്കാന്‍ തുടങ്ങി. സ്റ്റാലിന്‍ കാലത്തെക്കുറിച്ച് ഇന്നും മുതലാളിത്തം പ്രചരിപ്പിക്കുന്ന പല അപസര്‍പ്പക കഥകളുടെയും ഉറവിടം ഈ 'രഹസ്യ' പ്രസംഗമായിരുന്നു. ഒടുവില്‍ പാര്‍ട്ടിതന്നെ ഇടപെട്ട് ക്രൂഷ്ചേവിനെ മാറ്റി ബ്രെഷ്നേവിനെ അധികാരത്തില്‍ കൊണ്ടുവന്നെങ്കിലും താരതമ്യേന തല്‍സ്ഥിതി തുടരുക എന്ന നിലപാടായിരുന്നു ബ്രെഷ്നേവും സ്വീകരിച്ചത്. 1975 മുതല്‍ 1982 വരെ ബ്രെഷ്നേവ് തികഞ്ഞ അനാരോഗ്യത്തില്‍ ആയിരുന്നു. ഈ കാലയളവ് വലിയ രീതിയിലുള്ള തിരിച്ചടികള്‍ സോവിയറ്റ് സംവിധാനത്തില്‍ ഉണ്ടാക്കി. ഈ വലതു പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ആളായിരുന്നു 1982 ല്‍ അധികാരത്തില്‍ വന്ന യൂറി ആന്ദ്രൊപാവ്. ആന്ദ്രോപോവിന്‍റെ പരിഷ്കാരങ്ങളും ആ ഘട്ടത്തില്‍ പാര്‍ട്ടിയും രാജ്യവും നേടിയ വളര്‍ച്ചയും വിശദമായി പുസ്തകത്തില്‍ പരിശോധിക്കുന്നുണ്ട് .  നിര്‍ഭാഗ്യവശാല്‍ വളരെ കുറഞ്ഞ കാലയളവില്‍ മാത്രമേ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. 15 മാസത്തെ ഭരണത്തിനൊടുവില്‍ ആന്ദ്രോപ്പോവ് അന്തരിച്ചു. തുടര്‍ന്നാണ് മിഖായേല്‍ ഗോര്‍ബച്ചേവ് പാര്‍ട്ടിയുടെയും രാജ്യത്തിന്‍റെയും തലപ്പത്ത് എത്തുന്നത്.

രണ്ടാം സമ്പദ് വ്യവസ്ഥയുടെ 
വളര്‍ച്ച

ക്രൂഷ്ചേവിന്‍റെയും ബ്രെഷ്നേവിന്‍റെയും പരിഷ്കാരങ്ങള്‍ക്കു ശേഷം സോവിയറ്റ് യൂണിയനില്‍ അതിശക്തമായ ഒരു രണ്ടാം സമ്പദ്വ്യവസ്ഥ ഉയര്‍ന്നുവന്നു. ഔദ്യോഗിക ഉത്പാദന വിതരണ വ്യവസ്ഥയ്ക്ക് സമാന്തരമായി ഉയര്‍ന്നുവന്ന നിയമവിരുദ്ധ ഉത്പാദന വിതരണ വ്യവസ്ഥയെ ആണ് ഈ രണ്ടാം സമ്പദ്വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എഴുപതുകളില്‍ മുതലാളിത്ത ലോകത്ത് വലിയ സ്വീകാര്യത ലഭ്യമായ നവലിബറല്‍ ആശയങ്ങളുടെ സ്വാധീന ഫലമായി സോവിയറ്റ് പരിഷ്ക്കരണവാദികള്‍ ഈ രണ്ടാം സമ്പദ്വ്യവസ്ഥയോട് ആദ്യ ഘട്ടത്തില്‍ മൃദുസമീപനം സ്വീകരിക്കുകയും ഒടുവില്‍ ഗോര്‍ബച്ചേവിയന്‍ കാലഘട്ടത്തില്‍ ഈ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക തന്നെയും ചെയ്തു. ഇതാകട്ടെ ഒരു സ്വകാര്യ ഉത്പാദന  വിതരണ  സമ്പാദന വ്യവസ്ഥയെതന്നെ സോവിയറ്റ് യൂണിയനില്‍ സൃഷ്ടിച്ചു. പലരുടെയും ഔദ്യോഗിക വരുമാനത്തേക്കാള്‍ കൂടുതലായി ഈ വരുമാനം മാറി. എണ്‍പതുകളോടെ ദശലക്ഷക്കണക്കിനു പേര്‍ തൊഴില്‍ ചെയ്യുന്ന ഒന്നായി ഈ വ്യവസ്ഥ മാറുകയും, സോവിയറ്റ് യൂണിയനിലെ അട്ടിമറി ഗ്രൂപ്പുകളുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി ഈ വ്യവസ്ഥ മാറുകയും ചെയ്തു. സാധാരണഗതിയില്‍ സോവിയറ്റ് അട്ടിമറിയില്‍ പരാമര്‍ശിക്കപ്പെടാതെ പോകാറുള്ള രണ്ടാം സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിശദമായ ഒരധ്യായം തന്നെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ക്സിസ്റ്റ് വിരുദ്ധമായ 
ഗോര്‍ബച്ചേവിയന്‍ 
പരിഷ്കാരങ്ങള്‍

1980കള്‍ ആയപ്പോഴേക്കും പരിഷ്കരണവാദികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഒന്നായി സോവിയറ്റ് പാര്‍ട്ടി മാറിയിരുന്നു. ആന്ദ്രോപോവിനു ശേഷം ഗോര്‍ബച്ചേവിനെപ്പോലൊരാള്‍ അധികാരത്തിലെത്തുന്നത് തന്നെ അത്തരമൊരു സ്വാധീനത്തിന്‍റെ ഫലമായാണ്. പക്ഷേ പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നതുപോലെ തിരിച്ചെടുക്കാനാവാത്തവിധം ജീര്‍ണമായ അവസ്ഥയിലായിരുന്നില്ല സോവിയറ്റ് വ്യവസ്ഥ ; എന്നാല്‍ അതില്‍ അവസാനത്തെ ആണിയുമടിച്ച് യെത്സിനെപ്പോലൊരു മാര്‍ക്സിസ്റ്റ് വിരുദ്ധന്‍റെ നിയന്ത്രണത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ഗോര്‍ബച്ചേവിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങളായിരുന്നു. ആദ്യഘട്ടത്തില്‍ ആന്ദ്രോപോവിന്‍റെ പാതയിലൂടെ ശരിയായ നിലപാടെടുത്ത് നീങ്ങുകയാണ് താന്‍ എന്ന തോന്നല്‍ സോവിയറ്റ് യൂണിയനിലെ അവശേഷിക്കുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് പോലും ഗോര്‍ബച്ചേവ് നല്‍കി. ലീഗാച്ചേവിനെപോലുള്ള മാര്‍ക്സിസ്റ്റുകള്‍ പോലും കേന്ദ്രകമ്മിറ്റിയില്‍ ആദ്യഘട്ടത്തില്‍ ഗോര്‍ബച്ചേവിനെ ഈ പരിഷ്കാരങ്ങളില്‍ പിന്തുണച്ചു. ആദ്യഘട്ടത്തില്‍ പാര്‍ട്ടിയിലെ അച്ചടക്കം വര്‍ധിപ്പിക്കുക , തീവ്രകൃഷിയിലൂടെ ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയ നയങ്ങള്‍ക്കാണ് ഗോര്‍ബച്ചേവ് ഊന്നല്‍ നല്‍കിയത്. എന്നാല്‍ പിന്നീട് ഗ്ലാസ്നോസ്റ്റിലൂടെയും പെരിസ്ട്രോയിക്കയിലൂടെയും സമ്പൂര്‍ണമായി വിപണിക്ക് കീഴടങ്ങല്‍ നയമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. ഗ്ലാസ്നോസ്റ്റ് ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പിടിവിട്ടുപോയി എന്ന് അദ്ദേഹം പിന്നീടു പശ്ചാത്തപിക്കുന്നുണ്ട്, എന്നാല്‍ ഈ പരിഷ്കാരങ്ങളിലൂടെ പാര്‍ട്ടിക്ക് ഭരണത്തിലും സമൂഹത്തിലും ഉണ്ടായിരുന്ന മേല്‍ക്കൈ സമ്പൂര്‍ണമായി ഇല്ലാതാക്കുക എന്ന നയമായിരുന്നു ഗോര്‍ബച്ചേവ് ബോധപൂര്‍വം ലക്ഷ്യമിട്ടത്. അതിനായി അദ്ദേഹം പ്രധാനമായും സഹായം തേടിയത് സോവിയറ്റ് മാധ്യമങ്ങളെ ആണ്. മാധ്യമങ്ങളെ പൂര്‍ണമായും പാര്‍ട്ടി മുക്തമാക്കി തനി പിന്തിരിപ്പന്‍ മുതലാളിത്ത വിമര്‍ശകരെ നിയന്ത്രണമേല്പിച്ചു. ഈ പരിഷ്കാരങ്ങളെ എതിര്‍ത്തവരെയെല്ലാം 'യാഥാസ്ഥിതികരും സ്റ്റാലിനിസ്റ്റുകളുമായി' മുദ്രകുത്താന്‍ മാധ്യമങ്ങളെ ഉപയോഗിച്ചു. അമേരിക്കയുമായുള്ള ആയുധ മത്സരത്തില്‍ നിന്നും ഏകപക്ഷീയമായി യാതൊരു ഉറപ്പും വാങ്ങാതെ പിന്‍വാങ്ങി നിരായുധീകരണം നടത്തി, ലോക രാഷ്ട്രീയത്തിലെ വിമോചന മുന്നേറ്റങ്ങള്‍ക്കും സോഷ്യലിസ്റ്റ്/ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും നല്‍കിയ എല്ലാ പിന്തുണകളും പിന്‍വലിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു. ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യത്തെ കുറിച്ച് തികച്ചും തെറ്റായ, മാര്‍ക്സിസ്റ്റു വിരുദ്ധമായ പ്രതീക്ഷകളാണ് ഗോര്‍ബച്ചേവ് വെച്ചുപുലര്‍ത്തിയത്. ഒപ്പംതന്നെ ലിഗാച്ചേവിനെപോലെ മാര്‍ക്സിസ്റ്റ് നിലപാടുകളില്‍ ഉറച്ചുനിന്ന സകലരെയും ഗോര്‍ബച്ചേവും സഖ്യവും പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുകയും നിഷ്കാസിതരാക്കുകയും ചെയ്തു. ഈ പരിഷ്കാരങ്ങള്‍ 1988 ഓടുകൂടി സോവിയറ്റ് യൂണിയനെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി സോവിയറ്റ് യൂണിയനില്‍ വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും അനുഭവപ്പെട്ടു. പലപ്പോഴും മാര്‍ക്സിസ്റ്റ്  വിമര്‍ശകര്‍ സോവിയറ്റ് വ്യവസ്ഥയെ പരിഹസിക്കാറുള്ള ഒഴിഞ്ഞ ഷെല്‍ഫുകളുള്ള സ്റ്റോറുകളും, ഭക്ഷണത്തിനായുള്ള ക്യൂവുമെല്ലാം ഗോര്‍ബച്ചേവ് കാലത്തെ ഫോട്ടോകളാണ് എന്നതാണ് വൈരുധ്യം. സോവിയറ്റനന്തര റഷ്യയിലെ ഒരു തമാശ ഇങ്ങനെയായിരുന്നു 'ഗ്ലാസ്നോസ്റ്റ് റഷ്യക്കാര്‍ക്ക് വിമര്‍ശിക്കാനുള്ള ലൈസന്‍സ് നല്‍കി , പെരിസ്ട്രോയിക്ക വിമര്‍ശിക്കാനുള്ള കാരണവും നല്‍കി'. ഈ പ്രതിസന്ധികളുടെയും ഒടുവില്‍ സോവിയറ്റ് തകര്‍ച്ചയുടെയും വിശദമായ വിശകലനം പുസ്തകത്തില്‍ ഉണ്ട്. 1991 ഡിസംബര്‍ 31 ന് സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിന് ലോകം സാക്ഷിയായി.

ഒരുവിധത്തിലും സ്വാഭാവികമായ ഒരു തകര്‍ച്ചയായിരുന്നില്ല സോവിയറ്റ് യുണിയന്‍റേത്, അതൊരു അട്ടിമറിയായിരുന്നു. പക്ഷേ അതുയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്: എന്തുകൊണ്ട് പരിഷ്കരണ  വലതു വ്യതിയാനങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ സോവിയറ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല ? ഗോര്‍ബച്ചേവിനെയും യെത്സിനെയും പോലുള്ള മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ എങ്ങനെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തി ? പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരത്തിലും വര്‍ഗ പക്ഷപാതിത്വത്തിലും എങ്ങനെ കുറവു വന്നു ? ആ അന്വേഷണങ്ങളില്‍ സുപ്രധാനമായ ഒരു സംഭാവനയാണ് ഈ പുസ്തകം. തീര്‍ച്ചയായും ഈ പുസ്തകം ഒരു അവസാന വാക്കല്ല, നിരവധി പരിമിതികള്‍ ഇതില്‍ ഉണ്ട് താനും; പക്ഷേ നാം തുടരേണ്ട അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ വെളിച്ചം വീശാന്‍ ഈ പുസ്തകം സഹായിക്കും. സോവിയറ്റ് അട്ടിമറിക്കുശേഷം ഫിദല്‍ കാസ്ട്രോ പറഞ്ഞു 'അതൊരു സ്വാഭാവിക മരണമല്ല, ആത്മഹത്യയായിരുന്നു'. •