ബ്രിട്ടനും രാജവാഴ്ചയും

സുബിന്‍ ഡെന്നിസ്

രു പ്രത്യേക കുടുംബത്തില്‍ ജനിച്ചു എന്നതുകൊണ്ടുമാത്രം ഒരാള്‍ ഒരു രാഷ്ട്രീയപദവിയില്‍, അതും ഒരു രാഷ്ട്രത്തലവന്‍ എന്ന പദവിയില്‍, അവരോധിക്കപ്പെടുന്നത് അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധതയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ മൂന്നാം ദശകത്തിലും രാജവാഴ്ച എന്ന ജനാധിപത്യവിരുദ്ധ - ജനവിരുദ്ധ സ്ഥാപനം പല രാജ്യങ്ങളിലും തുടരുന്നു എന്നത് ഒരു ദുരന്തമായിത്തന്നെ കാണാവുന്നതാണ്.

ബ്രിട്ടനിലെ രണ്ടാം എലിസബത്ത് രാജ്ഞി അന്തരിച്ചപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടത്തിനു കീഴിലുള്ള ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രാജ്ഞിയെ വാഴ്ത്തിപ്പാടാന്‍ മത്സരിക്കുന്ന അറപ്പുളവാക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 

രാജവാഴ്ചയ്ക്കെതിരെ തികച്ചും സമാധാനപരമായി പ്രതിഷേധിച്ച നിരവധിയാളുകളെ അറസ്റ്റ് ചെയ്ത സംഭവങ്ങളും ഉണ്ടായി. 'രാജവാഴ്ച അവസാനിപ്പിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചതിന് ഒരു സ്ത്രീയെ എഡിന്‍ബറോയില്‍ അറസ്റ്റ് ചെയ്തു. ചാള്‍സ് മൂന്നാമന്‍ എന്‍റെ രാജാവല്ല എന്നെഴുതിയ പ്ലക്കാര്‍ഡുമായി നിന്ന മറ്റൊരു സ്ത്രീയെ വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരപരിസരത്തു നിന്നും അറസ്റ്റ് ചെയ്തു. ഓക്സ്ഫഡില്‍ ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുന്ന വിളംബരം നടക്കുന്നതിനിടെ 'ആരാണയാളെ തെരഞ്ഞെടുത്തത്?' എന്നു ചോദിച്ച യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍ സൈമണ്‍ ഹില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജനാധിപത്യത്തിന്‍റെ പതാകവാഹകര്‍ എന്നവകാശപ്പെടുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന് രാജവാഴ്ചയ്ക്കെതിരെയുള്ള വിമര്‍ശനങ്ങളെ സഹിക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് വെളിവാക്കുന്നതാണ് ഈ സംഭവങ്ങള്‍. ബ്രിട്ടീഷ് ഭരണകൂടം ഈയടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ സ്വേച്ഛാധിപത്യപരമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍റെ പത്രമായ 'മോണിംഗ് സ്റ്റാര്‍' സെപ്തംബര്‍ 12ലെ എഡിറ്റോറിയലില്‍ നിരീക്ഷിക്കുകയുണ്ടായി.

ഫ്യൂഡല്‍ കാലഘട്ടത്തിന്‍റെ ശേഷിപ്പ്
രാജാക്കന്മാര്‍ പുരാതനകാലഘട്ടം മുതലേ ഉണ്ടായിട്ടുണ്ടെങ്കിലും ഫ്യൂഡല്‍ കാലഘട്ടത്തിലാണ് ഇംഗ്ലണ്ടില്‍ രാജവാഴ്ച ശക്തിയാര്‍ജിച്ചത്. അതേസമയം ഫ്യൂഡല്‍ കാലഘട്ടത്തില്‍ത്തന്നെ മുതലാളിത്തത്തിലേയ്ക്കുള്ള പരിണാമത്തിനു നേതൃത്വം കൊടുക്കാന്‍ പോന്ന വര്‍ഗങ്ങള്‍ സമൂഹത്തില്‍ ഉദയം ചെയ്തു. കച്ചവടക്കാരും ഭൂവുടമകളിലെ ഒരു വിഭാഗവും ഉള്‍പ്പെട്ട ഈ വര്‍ഗങ്ങളുടെ വളര്‍ച്ചയ്ക്ക് ഫ്യൂഡല്‍ ഭൂപ്രഭുക്കളുടെ സ്വതന്ത്രമായ സൈനികശക്തി ദുര്‍ബലപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. അതിനാല്‍ അവര്‍ രാജഭരണത്തെ പിന്തുണച്ചു. രാജഭരണത്തിന് സ്വയം ശക്തിപ്പെടാനും ഫ്യൂഡല്‍ പ്രഭുക്കളുടെ സൈനികശക്തിയുടെ അവശിഷ്ടങ്ങള്‍ തകര്‍ക്കേണ്ടത് ആവശ്യമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഈ ദൗത്യം നിറവേറ്റിയ ഇംഗ്ലീഷ് രാജഭരണം, ഭൂപ്രഭുവര്‍ഗത്തിന്‍റെയും ക്രിസ്തീയ സഭയുടെയും സ്വതന്ത്രശക്തി ദുര്‍ബലപ്പെടുത്തി മുതലാളിത്തത്തിന്‍റെ വളര്‍ച്ചയ്ക്കു ശക്തിപകര്‍ന്നു.

എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ തന്നെ ഉത്പന്നമായ രാജഭരണം മുതലാളിവര്‍ഗത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമായി മാറി. അങ്ങനെയാണ് 1640കളിലെ ഇംഗ്ലീഷ് വിപ്ലവത്തിന് കളമൊരുങ്ങുന്നത്. രാജഭരണവും ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പാര്‍ലമെന്‍റിന്‍റെ സൈന്യവും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ പാര്‍ലമെന്‍റ് വിജയം നേടി. ഭരണഘടനയ്ക്ക് വിധേയമായ രാജഭരണം എന്ന ആവശ്യം നിരാകരിച്ച ചാള്‍സ് ഒന്നാമന്‍ രാജാവിനെ വിചാരണ ചെയ്ത് 1649ല്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ റിപ്പബ്ലിക്കിന്‍റെ കാലഘട്ടത്തിലുണ്ടായ നിരവധി യുദ്ധങ്ങളുടെ ചെലവ് റിപ്പബ്ലിക്കിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തി. 

റിപ്പബ്ലിക്കന്‍ ഭരണത്തിന് നേതൃത്വം കൊടുത്ത ഒലിവര്‍ ക്രോംവെല്ലിന്‍റെ മരണത്തിനു (1658) ശേഷം 1660ല്‍ രാജഭരണം പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും പിന്നീടുള്ള ദശകങ്ങളില്‍ രാജവാഴ്ചയുടെ അധികാരങ്ങള്‍ കൂടുതല്‍ ദുര്‍ബലപ്പെട്ടു. രാജാവിന് സൈന്യത്തിന്‍റെയും ന്യായാധിപന്മാരുടെയും മേലുള്ള നിയന്ത്രണവും നിയമങ്ങള്‍ റദ്ദാക്കാനുള്ള അവകാശവും നഷ്ടപ്പെട്ടു. സര്‍ക്കാരിന്‍റെ ധനകാര്യം പാര്‍ലമെന്‍റിന്‍റെ അധികാരത്തിനു കീഴില്‍ വന്നു. ഇത്തരം നിബന്ധനകളോടെ രാജവാഴ്ച തുടരാന്‍ ബൂര്‍ഷ്വാസിയും ഭൂപ്രഭുവര്‍ഗത്തിലെ ശക്തമായ ഒരു വിഭാഗവും അനുവദിക്കുകയാണുണ്ടായത്.

ഫ്രാന്‍സില്‍ പിന്നീട് ഒരുനൂറ്റാണ്ടിനു ശേഷം നടന്ന വിപ്ലവത്തിന്‍റെ ഫലമായി സംഭവിച്ചതുപോലെ ഫ്യൂഡല്‍ ഭൂപ്രഭുത്വത്തെ തച്ചുതകര്‍ക്കുകയല്ല ഇംഗ്ലണ്ടില്‍ ബൂര്‍ഷ്വാസി ചെയ്തത്. രാഷ്ട്രീയ വ്യവസ്ഥയിലും സാമ്പത്തിക വ്യവസ്ഥയിലും ഗണ്യമായ തോതില്‍ ഭൂപ്രഭുവര്‍ഗത്തിന്‍റെ സ്വാധീനം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പാണ് ഇംഗ്ലണ്ടില്‍ ഉണ്ടായത്. സാമ്പത്തികരംഗത്ത് ഫ്യൂഡല്‍ ഭൂപ്രഭുവര്‍ഗത്തിലെ ശക്തമായ ഒരു വിഭാഗം മുതലാളിവര്‍ഗത്തിന്‍റെ തന്നെ ഭാഗമായി മാറി. രാഷ്ട്രീയവ്യവസ്ഥയില്‍ പ്രഭുസഭയുടെ (House of Lords) രൂപത്തിലും രാജവാഴ്ചയുടെ രൂപത്തിലും ഫ്യൂഡല്‍ സ്വാധീനം ഇന്നും നിലനില്‍ക്കുന്നു.

കൊളോണിയല്‍ കൊള്ള
ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ കോളനികളാക്കി കൊള്ളയടിച്ചാണ് ബ്രിട്ടന്‍ സമ്പന്നരാജ്യമായത്. ഇന്ത്യയില്‍ നിന്നുമാത്രം ഇരുന്നൂറു വര്‍ഷം കൊണ്ട് ബ്രിട്ടന്‍ ഊറ്റിയെടുത്തത് 45 ലക്ഷം കോടി ഡോളറാണ് എന്ന് ദശകങ്ങളായി ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ ഉട്സാ പട്നായക് കണക്കാക്കുന്നു. ഇങ്ങനെ കൊള്ളയടിച്ച വിഭവങ്ങളില്‍ ഗണ്യമായ ഒരു ഭാഗം ബ്രിട്ടീഷ് രാജകുടുംബത്തെ കൂടുതല്‍ സമ്പന്നമാക്കാനും ഉപയോഗിക്കപ്പെട്ടു. കോളനിവല്‍ക്കരിക്കപ്പെട്ട ബ്രിട്ടീഷ് നയങ്ങളുടെ ഫലമായുണ്ടായ ക്ഷാമങ്ങളിലും ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലകളിലും ദശലക്ഷക്കണക്കിനു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മുതലാളിത്തം വളര്‍ന്നപ്പോഴും സ്വന്തം രാജ്യത്തുപോലും എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ ബ്രിട്ടന് സാധിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജനങ്ങളെ വലിയ തോതില്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് (അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയവ) കയറ്റിയയച്ചാണ് വലിയതോതിലുള്ള പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും ഒരളവുവരെയെങ്കിലും കുറയ്ക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സാധിച്ചത്. മേല്‍പ്പറഞ്ഞ ഭൂപ്രദേശങ്ങളിലേയ്ക്ക് കുടിയേറിയ യൂറോപ്യന്മാര്‍ അവിടങ്ങളില്‍ തദ്ദേശീയരെ കൂട്ടക്കൊല ചെയ്താണ് ആധിപത്യം ഉറപ്പിച്ചത്. കൂടാതെ, കോളനികളില്‍ നിന്നും കൊള്ളയടിച്ച വിഭവങ്ങള്‍ ഉപയോഗിച്ചുതന്നെ തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയും തൊഴിലാളിവര്‍ഗത്തില്‍ ചില വിഭാഗങ്ങളെ അടക്കിയിരുത്തുകയും ചെയ്തു.

സമാധാനത്തിന്‍റെ കാലമോ?
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന പല വിശകലനങ്ങളും വായിച്ചാല്‍ തോന്നുക, കോളനിവാഴ്ച അവസാനിച്ച് സമാധാനം പുലര്‍ന്ന കാലമാണ് എലിസബത്തിന്‍റെ രാജവാഴ്ചക്കാലം എന്നാണ്. തീര്‍ത്തും തെറ്റായ ധാരണയാണിത്. ബ്രിട്ടന്‍ കോളനിവല്‍ക്കരിച്ച നിരവധി രാജ്യങ്ങളിലും പ്രദേശങ്ങളിലും എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയായ 1952 മുതല്‍ ബ്രിട്ടീഷ് പട്ടാളവും പൊലീസും സ്വാതന്ത്ര്യസമരസേനാനികളെ കൂട്ടക്കൊല ചെയ്തു. 

കെനിയയില്‍ ബ്രിട്ടന്‍റെ കോളനിഭരണത്തിനെതിരെ സ്വാതന്ത്ര്യസമരം നയിച്ച 20,000ലധികം മൗ മൗ പ്രക്ഷോഭകാരികളെയാണ് 1952-1960 കാലത്ത് ബ്രിട്ടീഷ് സായുധസേന കൊന്നൊടുക്കിയത്. 

തെക്കന്‍ യെമനില്‍ 1963-67 കാലത്ത് ശക്തിപ്രാപിച്ച സ്വാതന്ത്ര്യസമരത്തെ അക്രമം വഴി അടിച്ചമര്‍ത്താനാണ് ബ്രിട്ടന്‍ ശ്രമിച്ചത്. സ്വാതന്ത്ര്യസമരസേനാനികളെ കൊന്നൊടുക്കി. തടവുകാരായി പിടിച്ച സ്വാതന്ത്ര്യസമരസേനാനികളെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കിയതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ യെമനില്‍ നിന്നും പിന്‍വാങ്ങാന്‍ ബ്രിട്ടനുമേല്‍ സമ്മര്‍ദ്ദമേറി. പ്രക്ഷോഭം കനത്തു. ഒടുവില്‍ 1967ല്‍ ബ്രിട്ടന്‍ തെക്കന്‍ യെമനില്‍ നിന്നും പിന്‍വാങ്ങി.

മലയയില്‍ മലയന്‍ ദേശീയ വിമോചന സേനയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം നടന്നകാലമാണ് 1948-1960. ആറായിരത്തിലധികം സ്വാതന്ത്ര്യസമരപ്പോരാളികളെയാണ് ബ്രിട്ടന്‍ കൊന്നൊടുക്കിയത്. നിരായുധരായ സിവിലിയന്മാരെയും ബ്രിട്ടീഷ് സൈന്യം വധിച്ചു. 

ബ്രിട്ടീഷ് കോളനിഭരണത്തിനു കീഴിലായിരുന്ന ഹോംഗ്കോംഗില്‍ 1967ല്‍ ബ്രിട്ടീഷ് വിരുദ്ധസമരം നടത്തിയ ഇടതുപക്ഷക്കാര്‍ക്കെതിരെ ബ്രിട്ടീഷ് കൊളോണിയല്‍ പൊലീസ് നടത്തിയ നരവേട്ടയില്‍ കൊല്ലപ്പെട്ടത് 22 പ്രക്ഷോഭകാരികളാണ്.

വടക്കന്‍ അയര്‍ലന്‍ഡില്‍ ദശകങ്ങളോളം ബ്രിട്ടീഷ് സേന പൈശാചിക കൃത്യങ്ങള്‍ നടത്തി. 1971ലെ ബലിമര്‍ഫി കൂട്ടക്കൊല, 1972ല്‍ നടന്ന സ്പ്രിംഗ്ഹില്‍ കൂട്ടക്കൊല, 1972ലെ ബ്ലഡി സണ്‍ഡേ കൂട്ടക്കൊല എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ട ചിലത്. 
എലിസബത്തിന്‍റെ കാലത്തുതന്നെ ബ്രിട്ടന്‍ മറ്റു നിരവധി രാജ്യങ്ങളില്‍ സാമ്രാജ്യത്വയുദ്ധങ്ങള്‍ നടത്തി. ഒമാന്‍, ഇറാഖ്, യുഗോസ്ലാവിയ, അഫ്ഘാനിസ്താന്‍, ലിബിയ, സിറിയ എന്നിവ ഇവയില്‍ ചിലതാണ്. ദശലക്ഷക്കണക്കിനു പേര്‍ക്ക് ഈ യുദ്ധങ്ങളുടെ ഫലമായി ജീവന്‍ നഷ്ടമായിട്ടുണ്ട്.

രാജവാഴ്ച ഇന്ന്
ബ്രിട്ടനെക്കൂടാതെ കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവ ഉള്‍പ്പെടെ മറ്റു 14 രാജ്യങ്ങളുടെ കൂടി രാജ്യത്തലവനാണ് ബ്രിട്ടീഷ് രാജാവ്.

ലോകത്തേറ്റവും വലിയ സമ്പന്നരുടെ കൂട്ടത്തിലാണ് ഇന്നും ബ്രിട്ടീഷ് രാജകുടുംബം. 2021ലെ കണക്കനുസരിച്ച് 2,800 കോടി ഡോളറിന്‍റെ ആസ്തിയാണ് ഇവരുടെ പക്കലുള്ളത്. ഏകദേശം 9.40 ലക്ഷം ഏക്കര്‍ ഭൂമിയാണ് രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ളത് എന്ന് കണക്കാക്കപ്പെടുന്നു. 

ബ്രിട്ടനില്‍ രാജവാഴ്ച ഇന്നും നിലനില്‍ക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ചിന്തനീയമാണ്.
മുമ്പു സൂചിപ്പിച്ചതുപോലെ, കൊളോണിയല്‍ കൊള്ള വഴിയാണ് ബ്രിട്ടന്‍ സമ്പന്നമായത്. ബ്രിട്ടന്‍ ലോകത്തേറ്റവും വലിയ ശക്തിയായിരുന്ന കാലം ഈ കൊളോണിയല്‍ കൊള്ള അതിന്‍റെ ഉച്ചകോടിയിലെത്തിയ കാലമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പെരുമയില്‍ 'അഭിമാനം' കൊള്ളുന്നയാളുകളെ സംബന്ധിച്ചിടത്തോളം, ഈ സാമ്രാജ്യത്തിന്‍റെ പ്രതീകം തന്നെയാണ് ബ്രിട്ടീഷ് രാജകുടുംബം. അത്തരമാളുകള്‍ സ്വാഭാവികമായും രാജവാഴ്ച നിലനില്‍ക്കണം എന്നുതന്നെയായിരിക്കുമല്ലോ ആഗ്രഹിക്കുക.

മുമ്പുണ്ടായിരുന്ന ജന്മിത്തവും ഇന്നുള്ള മുതലാളിത്തവും അസമത്വത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥകളാണ്. സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങള്‍ ന്യായീകരിക്കത്തക്കതാണ് എന്ന സന്ദേശം സമൂഹത്തില്‍ സ്ഫുരിപ്പിക്കുകയും ശക്തമായി നിലനിര്‍ത്തുകയും ചെയ്യേണ്ടത് ഇന്ന് മുതലാളിത്തത്തിന്‍റെ ആവശ്യം തന്നെയാണ്. അത്തരം ഒരു ദൗത്യം കൂടി രാജവാഴ്ച നിറവേറ്റുന്നുണ്ട് എന്നു കാണാവുന്നതാണ്.

ബ്രിട്ടീഷ് രാജ്ഞിക്ക് / രാജാവിന് പറയത്തക്ക അധികാരങ്ങളൊന്നുമില്ല, അഥവാ ഭരണത്തില്‍ പറയത്തക്ക പങ്കൊന്നുമില്ല എന്നാണ് പലരും വാദിക്കാറ്. എന്നാല്‍ പിന്തിരിപ്പന്‍ ശക്തികളെ സംബന്ധിച്ചിടത്തോളം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന ശക്തമായ ഒരു ആയുധം കൂടിയാണ് രാജവാഴ്ച എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. 1975ല്‍ ഓസ്ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഉപയോഗിച്ചത് ബ്രിട്ടീഷ് രാജ്ഞിക്ക് ഓസ്ട്രേലിയയുടെയും രാജ്ഞി എന്ന നിലയിലുള്ള അധികാരമാണ്. മുതലാളിവര്‍ഗത്തിന് തീര്‍ത്തും അനഭിമതമായ ഒരു സര്‍ക്കാര്‍ ബ്രിട്ടനില്‍ ഉണ്ടാവുകയാണെങ്കില്‍ ആ സര്‍ക്കാരിനെയും പാര്‍ലമെന്‍റിനെത്തന്നെയും പിരിച്ചുവിടാന്‍ രാജാധികാരം ഉപയോഗിക്കപ്പെടാം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ ബ്രിട്ടനിലെ വലിയ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും തന്നെ ബ്രിട്ടനെ റിപ്പബ്ലിക്കാക്കി മാറ്റുക എന്നത് പ്രഖ്യാപിതലക്ഷ്യങ്ങളുടെ ഭാഗമായി സ്വീകരിച്ചിട്ടുള്ളവയല്ല.റിപ്പബ്ലിക്കനിസത്തിന് ബ്രിട്ടനില്‍ സഞ്ചരിക്കാനുള്ള ദൂരമെത്ര എന്നതിന്‍റെ സൂചനകൂടിയാണിത്. അടിമുടി ജനാധിപത്യവിരുദ്ധമായ രാജവാഴ്ചസമ്പ്രദായം ബ്രിട്ടന്‍ എന്നാണ്  അവസാനിപ്പിക്കുക എന്നത് കാത്തിരുന്നുതന്നെ കാണണം. •