ചിലിയിലെ ജനഹിത പരിശോധന: ഇടതുപക്ഷത്തിന് തിരിച്ചടിയോ?

ജി വിജയകുമാര്‍

 ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വ ഇടപെടലിന്‍റെയും നവലിബറല്‍ ആക്രമണോത്സുകതയുടെയും പരീക്ഷണശാലയായാണ് ചിലി അറിയപ്പെടുന്നത്. അതുകൊണ്ടാണ് 2021ല്‍ ചിലിയില്‍ ഇടതുപക്ഷക്കാരനായ ഗബ്രിയേല്‍ ബോറിക് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് ലോകം, പ്രത്യേകിച്ചും ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പുരോഗമനവിഭാഗങ്ങള്‍ അത്യധികം ആവേശത്തോടെ കണ്ടത്. ചിലിക്കു പിന്നാലെ ലാറ്റിനമേരിക്കയിലെ പ്രമുഖരാജ്യങ്ങളിലൊന്നായ കൊളംബിയയില്‍, അതും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ താവളവും മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രവുമായ കൊളംബിയയില്‍ ഇടതുപക്ഷ ഗറില്ലാ പോരാട്ടങ്ങളില്‍ പോരാളിയായിരുന്ന, പിന്നീട് ജനകീയസമരങ്ങളിലെ മുന്‍നിര നായകരില്‍ ഒരാളും ബൊഗോട്ടൊയിലെ, മേയറുമായിരുന്ന ഗുസ്താവൊ പെട്രോ ഇടതുപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്  ചരിത്രനേട്ടമായാണ് അടയാളപ്പെടുത്തപ്പെടുന്നത്.

ബ്രസീല്‍ തിരഞ്ഞെടുപ്പിന്‍റെ 
പ്രാധാന്യം

ഒക്ടോബര്‍ രണ്ടിന് ബ്രസീലില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍പ്രസിഡന്‍റും വര്‍ക്കേഴ്സ് പാര്‍ടി നേതാവുമായ ലുല ഡ സില്‍വ വിജയിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. ആഗസ്ത് 31ന് നടത്തപ്പെട്ട അഭിപ്രായ വോട്ടെടുപ്പില്‍ 33 ശതമാനം ആളുകള്‍ വലതുപക്ഷത്തിനനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ലുലയ്ക്ക് അനുകൂലമായി 44 ശതമാനം ആളുകളാണ് വോട്ടുചെയ്തത്. ബ്രസീലിലെ ജനസാമാന്യത്തിന്‍റെ മാത്രമല്ല, പ്രകൃതിയുടെയും കൂടി ആവശ്യമാണ് ഇടതുപക്ഷത്തിന്‍റെ വിജയം. ബ്രസീലിലെ ഇടതുപക്ഷഭരണകാലത്ത്, ലുലയുടെയും ദില്‍മ റൂസേഫിന്‍റെയും ഭരണകാലത്ത്, ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം 80 ശതമാനം കണ്ട് കുറഞ്ഞിരുന്നു. എന്നാല്‍ തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്‍റ് ജയര്‍ ബോള്‍സനാരോയുടെ ഭരണകാലം ആമസോണിലെ വനനശീകരണത്താലും കോവിഡ് മഹാമാരിയിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്താലുമാണ് അടയാളപ്പെടുത്തപ്പെടുന്നത്. 2021ല്‍ ആമസോണ്‍ മഴക്കാടുകളിലെ 54 ലക്ഷം ഏക്കര്‍ വനമാണ് കാട്ടുതീയില്‍ നശിച്ചത്. ഭരണകൂടം കണ്ണടച്ചുകൊടുത്തതുകൊണ്ട് നടന്ന ബോധപൂര്‍വമായ വനനശീകരണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആമസോണ്‍ മഴക്കാടുകളും ഒക്ടോബര്‍ രണ്ടിലെ ബ്രസീലിയന്‍ തിരഞ്ഞെടുപ്പിലെ വിഷയമായി ഉയര്‍ന്നിരിക്കുന്നു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യസംരക്ഷണത്തിനും ആമസോണ്‍ കാടുകളുടെയും ആ കാടിനെ ആശ്രയിച്ചു കഴിയുന്ന പട്ടിണിപ്പാവങ്ങളുടെയും സംരക്ഷണത്തിനും ലുല വീണ്ടും അധികാരത്തിലെത്തണമെന്നാണ് ബ്രസീലിലെ ഗണ്യമായ വിഭാഗം ജനങ്ങളും കരുതുന്നത്. ലോകമാകെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് ബ്രസീലിലെ തിരഞ്ഞെടുപ്പ്.

ചിലിയിലെ 
ജനഹിത പരിശോധന

അങ്ങനെ ലാറ്റിനമേരിക്കയില്‍ ഒരു ഗോള്‍ പോസ്റ്റുകൂടി (ബ്രസീല്‍) പിടിക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിയവെയാണ് പുരോഗമന ജനവിഭാഗങ്ങള്‍ക്കുമേല്‍ ഇടിത്തീപോലെ ചിലിയില്‍നിന്ന് ഹിതപരിശോധനയില്‍ പുതിയ ഭരണഘടന നിരാകരിച്ചുകൊണ്ടുള്ള ജനവിധി വന്നത്. വലിയൊരു ജനാധിപത്യപ്രക്രിയയുടെ ഭാഗമായാണ് പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കപ്പെട്ടത്. 2018-19 കാലത്ത് നടന്ന ജനകീയപോരാട്ടത്തെ തുടര്‍ന്നാണ് ഭരണഘടന മാറ്റണമോയെന്നറിയാന്‍ 2019ല്‍ ഹിതപരിശോധന നടന്നത്. അന്ന് വോട്ടുചെയ്തതില്‍ മഹാഭൂരിപക്ഷം പേരും പുതിയ ഭരണഘടനയ്ക്ക്  രൂപം നല്‍കണമെന്നാണ് വിധിയെഴുതിയത്. ആ ജനവിധി കണക്കിലെടുത്താണ് വോട്ടെടുപ്പിലൂടെ പുതിയ ഭരണഘടനാ നിര്‍മാണസമിതി രൂപീകരിച്ചത്. ആ തിരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം സീറ്റുകളും ഇടതുപക്ഷത്തിനാണ് ലഭിച്ചത്. ഭരണഘടനാ നിര്‍മാണസഭ ഒരുവര്‍ഷത്തിലേറെക്കാലം സവിസ്തരം ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയതാണ് ഇപ്പോള്‍ നിരാകരിക്കപ്പെട്ട ഭരണഘടന.

സെപ്തംബര്‍ 4ന് ചിലിയില്‍ നടന്ന ഹിതപരിശോധനയില്‍ ചിലിയിലെ പുതിയ ഭരണഘടനയ്ക്ക് എതിരായി 62 ശതമാനം ആളുകള്‍ വോട്ടു രേഖപ്പെടുത്തി. പുതിയ ഭരണഘടനയ്ക്കനുകൂലമായി വോട്ടു രേഖപ്പെടുത്തിയത് 38 ശതമാനം ആളുകള്‍ മാത്രം. ഇടതുപക്ഷക്കാരനായ നിലവിലെ പ്രസിഡന്‍റും ഇടതുപക്ഷമാകെയും അനുകൂലിച്ച ഭരണഘടനയെ ജനങ്ങള്‍ നിരാകരിച്ചത് ഇടതുപക്ഷത്തിനും പ്രസിഡന്‍റ് ബോറിക്കിനും കനത്ത തിരിച്ചടിയായാണ് വലതുപക്ഷവും ആഗോള വലതുപക്ഷ മാധ്യമങ്ങളും ആഘോഷിക്കുന്നത്.

എന്നാല്‍ എന്താണ് യാഥാര്‍ഥ്യം? 2021ലെ ചിലിയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കൃത്യമായ ധ്രുവീകരണം-വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള ചേരിതിരിവ്-ഉറപ്പാക്കിയ ഒന്നായിരുന്നു. 2021ല്‍ ഗബ്രിയേല്‍ ബോറിക് വിജയിച്ച രണ്ടാം റൗണ്ട് വോട്ടെടുപ്പിലെ അതേ പാറ്റേണായിരുന്നു ഈ ഹിതപരിശോധനയിലെ വോട്ടിങ്ങിലും കണ്ടത്.

ഇപ്പോഴത്തെ ഹിതപരിശോധനയില്‍ മൊത്തത്തില്‍ വോട്ടര്‍ ടേണ്‍ ഔട്ട് ഗണ്യമായി വര്‍ധിച്ചു. 2021ലെ ഭരണഘടനാനിര്‍മാണസഭാ തിരഞ്ഞെടുപ്പില്‍ 75 ലക്ഷം ആളുകള്‍ വോട്ടുരേഖപ്പെടുത്തിയപ്പോള്‍ 2021ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ (രണ്ടാം വട്ടം) 83 ലക്ഷം പേരാണ് വോട്ടുചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഹിതപരിശോധനയില്‍ വോട്ടുചെയ്തവരുടെ എണ്ണം 130 ലക്ഷമായി ഉയര്‍ന്നു. 2021ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബോറിക്കിന് 46 ലക്ഷം വോട്ട് ലഭിച്ചു; എന്നാല്‍ പുതിയ ഭരണഘടനയ്ക്ക് അനുകൂലമായി 48 ലക്ഷം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. രണ്ട് ലക്ഷം വോട്ടിന്‍റെ വര്‍ധനവ്. 2021ല്‍ വലതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി ഹോസെ കാസ്റ്റിന് ലഭിച്ചത് 36 ലക്ഷം വോട്ടും പുതിയ ഭരണഘടനയെ നിരാകരിച്ചുകൊണ്ട് വോട്ടുചെയ്തത് 78 ലക്ഷം ആളുകളുമാണ്-42 ലക്ഷത്തിന്‍റെ വര്‍ധനവ്. ഇത് കാണിക്കുന്നത് 2021നെക്കാള്‍ അധികം പുതുതായി വോട്ടുചെയ്ത 47 ലക്ഷം പേരില്‍ മഹാഭൂരിപക്ഷവും പുതിയ ഭരണഘടനയ്ക്ക് എതിരായി വോട്ടുചെയ്തുവെന്നാണ്. മാത്രമല്ല, ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രങ്ങളില്‍, അതായത് വോട്ടര്‍മാര്‍ ഏറെയും തൊഴിലാളികളും സാധാരണ ജനങ്ങളുമായിട്ടുള്ള മേഖലകളില്‍ പുതിയ ഭരണഘടനയ്ക്ക് അനുകൂലമായ ജനവിധി ഉണ്ടായി.

ഒരു കാര്യം കൂടി നാം ഓര്‍ക്കണം. 2020ല്‍ പഴയ ഭരണഘടന- 1980ല്‍ പിനോഷെ തയ്യാറാക്കിയ നവലിബറല്‍ ഭരണഘടന- തള്ളിക്കളയണമെന്ന് വോട്ടുചെയ്തത് 80 ശതമാനം ആളുകളാണ്. അങ്ങനെ പ്രകടിപ്പിക്കപ്പെട്ട ജനവികാരമനുസരിച്ച് 18 മാസത്തോളം നീണ്ടുനിന്ന ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയ സാധാരണക്കാരന്‍റെ മാഗ്ന കാര്‍ട്ട എന്ന് വിശേഷിപ്പിക്കാവുന്ന ഭരണഘടനയാണ് ഇപ്പോള്‍ നിരാകരിക്കപ്പെട്ടത്. 78 പുരുഷന്മാരും 77 സ്ത്രീകളും ഉള്‍പ്പെടുന്ന 155 അംഗ കോണ്‍സ്റ്റിറ്റ്യുവന്‍റ് കണ്‍വെന്‍ഷനാണ് ഈ കരട് ഭരണഘടന രൂപപ്പെടുത്തിയത്; ഇതില്‍ തന്നെ 17 തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമുണ്ട്.

ചിലിയിലെ പുതിയ കരട് ഭരണഘടന
177 പേജും 388 വകുപ്പുകളും ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയെന്ന് വിശേഷിപ്പിക്കാവുന്ന ഈ രേഖയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? ആദ്യത്തെ 16 ആര്‍ട്ടിക്കിളുകളില്‍ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.തുടര്‍ന്ന്, ഭരണകൂടത്തിന്‍റെ സ്വഭാവം, ബഹുദേശീയ സവിശേഷതകള്‍ ഉയര്‍ത്തിപ്പിടിക്കല്‍, ഭരണകൂടം നിര്‍വഹിക്കേണ്ട സമൂഹികമായ പങ്ക്, മനുഷ്യാവകാശങ്ങളും ജനാധിപത്യസ്ഥാപനങ്ങളും സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നു- 17 മുതല്‍ 126 വരെയുള്ള ആര്‍ട്ടിക്കിളുകളില്‍. രാജ്യത്തെ സിവില്‍ സര്‍വീസിന്‍റെ സ്വഭാവമെന്തായിരിക്കണം, ധനകാര്യസംവിധാനം എങ്ങനെയായിരിക്കണമെന്നെല്ലാം വിശദമാക്കുന്നതാണ് 165 മുതല്‍ 186 വരെയുള്ള ആര്‍ട്ടിക്കിളുകള്‍. പ്രസിഡന്‍ഷ്യല്‍ ഭരണരീതി തുടരണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം പാര്‍ലമെന്‍റിന് കൂടുതല്‍ അധികാരാവകാശങ്ങള്‍ നല്‍കി ജനാധിപത്യത്തിനു കരുത്തു പകരുന്നതുമാണ് പുതിയ ഭരണഘടനയുടെ 251 മുതല്‍ 306 വരെയുള്ള വകുപ്പുകള്‍. ജനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ ഉറപ്പുനല്‍കുന്നതാണ് 151 മുതല്‍ 164 വരെയുള്ള വകുപ്പുകള്‍. ഈ പൊതുസവിശേഷതകള്‍ക്കുപുറമേ അപൂര്‍വവും വിപ്ലവകരവുമായ ചില വകുപ്പുകളും (127 മുതല്‍ 150 വരെ) ചിലിയിലെ പുതിയ കരട് ഭരണഘടനയില്‍ ചേര്‍ത്തിരുന്നു-ലിംഗ തുല്യത മുതല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം വരെ, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കല്‍, തദ്ദേശീയ ജനവിഭാഗങ്ങളുടെ സവിശേഷമായ അവകാശങ്ങള്‍ ഉറപ്പാക്കല്‍ എന്നിവ. സര്‍വോപരി വ്യക്തിഗതവും സാമൂഹികവുമായ മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് ഈ പുതിയ ഭരണഘടന. മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെ സവിശേഷ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു ഇത്.

എന്നാല്‍ ഇത്രയേറെ പുരോഗമനപരവും വിപ്ലവപരവുമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഭരണഘടന എന്തുകൊണ്ട് നിരാകരിക്കപ്പെട്ടു? അതാകട്ടെ പഴയ ഭരണഘടന തള്ളിക്കളഞ്ഞ അതേ ജനത തന്നെ. പുതിയ ഭരണഘടനയ്ക്കെതിരായി വിധിയെഴുതിയ 62 ശതമാനം വോട്ടര്‍മാര്‍ പൊതുവില്‍ ഏതെങ്കിലും ഒരു കാര്യത്തിലെ യോജിപ്പിലില്ല വോട്ടുചെയ്തത് എന്നാണ് ഇതിനകം പുറത്തുവന്ന അഭിപ്രായ സര്‍വെകള്‍ വെളിപ്പെടുത്തുന്നത്. അതായത്, പുതിയ ഭരണഘടനയ്ക്കെതിരായി വോട്ടുചെയ്തവര്‍ക്ക് പരസ്പരവിരുദ്ധമായ താല്‍പ്പര്യങ്ങളാണുള്ളത് എന്നര്‍ഥം. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണപരത്താന്‍ നുണപ്രചരണം നടത്തുന്നതില്‍ വലതുപക്ഷശക്തികള്‍ക്ക് വിജയിക്കാനായി എന്നതാണ് ഈ ഹിതപരിശോധനയിലെ ജനവിധി തെളിയിക്കുന്നത്.

ഇനിയെന്ത്?
"ബഹുദേശീയ ഭരണകൂടം" എന്ന പുതിയ ഭരണഘടനയിലെ വിപ്ലവകരമായ സങ്കല്‍പനമാണ് ചിലിയിലെ വലതുപക്ഷത്തിന്‍റെ ഉറക്കം കെടുത്തിയത്. ഭരണഘടനയ്ക്കെതിരായ പ്രചരണത്തിനുള്ള തുറുപ്പുചീട്ടായി അവര്‍ ഉപയോഗിച്ചതും ഈ സങ്കല്‍പ്പനത്തിനെതിരായ നുണപ്രചരണങ്ങളെയാണ്. ചിലിയന്‍ ജനതയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വംശീയമായ ചേരിതിരിവുകളെയാണ് വലതുപക്ഷം ഭരണഘടനയ്ക്കെതിരായ ആയുധമാക്കിയത്.

പുതിയ ഭരണഘടനയ്ക്കെതിരായ ഈ ജനവിധി യഥാര്‍ഥത്തില്‍ ചിലിയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു നേരെമാത്രമല്ല വെല്ലുവിളി ഉയര്‍ത്തുന്നത്, മറിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുനേരെയും പരിസ്ഥിതി സംരക്ഷണത്തിനെതിരെയും വെല്ലുവിളി  ഉയര്‍ത്തുന്നു. ആരോഗ്യകരമായ ഒരു പരിസ്ഥിതി അവകാശമായി അംഗീകരിക്കുന്ന കരട് ഭരണഘടനയാണ് നിരാകരിക്കപ്പെട്ടത്. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തില്‍നിന്നും ചിലിയിലെ പര്‍വതപ്രദേശങ്ങളിലെ മഞ്ഞുപാളികളെ സംരക്ഷിക്കുന്നതും ചിലിയിലെ ചെമ്പ്, ലിത്തിയം നിക്ഷേപങ്ങള്‍ കൊള്ളയടിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് മൂക്കുകയറിടുന്നതുമായ വകുപ്പുകളും ഉള്‍പ്പെടുന്ന കരട് ഭരണഘടനയാണ് നിരാകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത് ഇടതുപക്ഷത്തിനെതിരായ ജനവിധിയായി കാണാനാവില്ല; അതിനപ്പുറം പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്കെതിരെ അതിന്‍റെ ഗുണഫലം അനുഭവിക്കേണ്ട ജനങ്ങളെ തന്നെ അണിനിരത്താന്‍ വലതുപക്ഷത്തിനു കഴിഞ്ഞുവെന്നതിന്‍റെ പ്രതിഫലനമാണ്.

ഇനിയെന്ത് എന്നാണ് ചിലി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇടതുപക്ഷത്തെ ഒരു വിഭാഗം പറയുന്നത് ഇപ്പോഴത്തെ, ഇതുവരെയുള്ള നടപടികളാകെ റദ്ദുചെയ്തുകൊണ്ട് പുതിയ കരടിന് രൂപം നല്‍കണമെന്നാണ്. എന്നാല്‍ പ്രബലമായി ഉയര്‍ന്നുവരുന്ന അഭിപ്രായം നിലവിലെ കരടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വീണ്ടും ജനങ്ങളെ സമീപിക്കുകയെന്നതാണ്. എന്തായാലും വിപുലമായ ചര്‍ച്ചയാണ് ഇതിനായി നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വലതുപക്ഷത്തിന്‍റെ നുണപ്രചാരണങ്ങളെ അതിജീവിക്കത്തക്കവിധം വിവിധ ജനവിഭാഗങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനുള്ള പ്രചരണവും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.•