സ്വേച്ഛാധിപത്യത്തിനെതിരെ സുപ്രീംകോടതി

സി പി നാരായണന്‍

ജൂണ്‍ മാസത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ടീസ്റ്റ സെതല്‍വാദിനെതിരെ എടുത്ത കേസില്‍ ടീസ്റ്റക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അതുപോലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിദ്ദിഖ് കാപ്പനെതിരെ കേസെടുത്ത് രണ്ടു വര്‍ഷമായി ജയിലില്‍ അടച്ച കേസില്‍ കാപ്പനും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഈ രണ്ടു നടപടികളിലും സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് പെരുമാറുന്നത് എന്നാണ് കേസിന്‍റെ ഗതി വെളിവാക്കുന്നത്. ആ സമീപനത്തില്‍നിന്നു അതിനിരയായ പ്രതികള്‍ക്ക് ജാമ്യം നല്‍കി സര്‍ക്കാരിന്‍റെ സ്വേച്ഛാപരമായ നടപടിയെ നിയന്ത്രിച്ചു സുപ്രീംകോടതി. ബിജെപിയും അതിന്‍റെ സര്‍ക്കാരും ഭരണഘടനയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും പൗരര്‍ക്ക് ഉറപ്പു ചെയ്യുന്ന മൗലികാവകാശങ്ങളെ ഒരളവോളം ധ്വംസിക്കുകയാണ് എന്ന് അര്‍ഥശങ്കയ്ക്കിടനല്‍കാത്ത വിധം കോടതി സ്പഷ്ടമാക്കി.

ടീസ്റ്റ സെതല്‍വാദ് 2002ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ നടന്ന വര്‍ഗീയ ലഹള സംബന്ധിച്ച് മോദി സര്‍ക്കാരിനെതിരെ ശക്തവും വ്യക്തവുമായ ആരോപണം ഉന്നയിച്ചിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തു. അതിന്‍റെ അടിസ്ഥാനത്തില്‍ ടീസ്റ്റ അറസ്റ്റിലായി. അതിനെതിരെ ടീസ്റ്റ ഫയല്‍  ചെയ്ത ജാമ്യാപേക്ഷയെ ഗുജറാത്തിലെ ഹൈക്കോടതി ഉള്‍പ്പെടെ എല്ലാ കോടതികളും നിരസിച്ചിരുന്നു. അവസാനം, സുപ്രീംകോടതിയാണ് അവര്‍ക്ക് ജാമ്യം അനുവദിച്ചത്. അതു ചെയ്യവെ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് ഈ കേസ് തങ്ങളെ താഴെപ്പറയുന്ന കാരണങ്ങളാല്‍ അലോസരപ്പെടുത്തുന്നതായി തുറന്നു പറഞ്ഞു. അവ താഴെ പറയുന്നവയാണ്: 1. ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റുചെയ്ത് രണ്ടു മാസം കഴിഞ്ഞിട്ടും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാത്തത്. അതായത്, എന്തു കുറ്റത്തിനാണ് അവരെ  അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. 2. സുപ്രീംകോടതി വിധി വന്നതിന്‍റെ പിറ്റേന്നു തന്നെ എഫ്ഐആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഫയല്‍ ചെയ്തു. നരേന്ദ്ര മോദിയെയും മറ്റുള്ളവരെയും 2002ലെ ഗുജറാത്ത് കലാപത്തില്‍ കുറ്റവിമുക്തരായി പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിച്ചതിനെതിരെ സാകിയ ജാഫ്രി കൊടുത്ത പരാതി തള്ളിയ വിധിയാണിത്. അതില്‍ ടീസ്റ്റയ്ക്കും മറ്റും എതിരായ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. 3. ഹൈക്കോടതി ആഗസ്ത് മൂന്നുമുതല്‍ സെപ്തംബര്‍ 19 വരെയുള്ള നീണ്ട കാലത്തേക്കാണ് ജാമ്യ ഹര്‍ജിയിലുള്ള തീര്‍പ്പ് നീട്ടിവെച്ചത്; 4. ജാമ്യം നിഷേധിക്കാന്‍ മാത്രം ഗൗരവമായ എന്തെങ്കിലും കുറ്റം അടങ്ങുന്ന ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അന്യായക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ടീസ്റ്റയുടെ കേസിനപ്പുറത്തേക്ക് നീണ്ടുപോകുന്നവയാണ് ഈ പ്രശ്നങ്ങള്‍ എന്നത്രെ കോടതിയുടെ നിരീക്ഷണം.

സുപ്രീംകോടതിയുടെ ഈ സൂക്ഷ്മ നിരീക്ഷണം ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടികളിലെ ദുഷ്ടലാക്ക് തുറന്നുകാണിക്കുന്നു. ഇത് സിദ്ദിഖ് കാപ്പന്‍റേത് ഉള്‍പ്പെടെ രാജ്യത്ത് ബിജെപി സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുള്ള നിരവധി കേസുകള്‍ക്ക് ബാധകമായ നിരീക്ഷണമാണ്. തങ്ങള്‍ക്കെതിരായി അഭിപ്രായ പ്രകടനമോ വിമര്‍ശനമോ നടത്തുന്നവര്‍ക്കെതിരെ നിയമപുസ്തകങ്ങളിലെ ഇത്തരം കാടന്‍ വ്യവസ്ഥകള്‍ അനിയന്ത്രിതമായി പ്രയോഗിക്കുന്നതിന് ഒട്ടനവധി കേസുകളില്‍ ബിജെപി സര്‍ക്കാരുകള്‍ മുതിര്‍ന്നിരിക്കുന്നു എന്ന താണ് ഈ കാലഘട്ടത്തിന്‍റെ സവിശേഷത. 1975ലെ അടിയന്തരാവസ്ഥയ്ക്കുശേഷം 1978ല്‍ ചേര്‍ന്ന സിപിഐ എമ്മിന്‍റെ ജലന്ധര്‍ കോണ്‍ഗ്രസ് അതു സംബന്ധിച്ചു നടത്തിയ വിലയിരുത്തലില്‍ ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനങ്ങളുടെ വിമര്‍ശനത്തെയും പ്രതിഷേധത്തെയും പ്രക്ഷോഭസമരങ്ങളെയും നേരിടുന്നതിനു നിയമപുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ള കടുത്ത ശിക്ഷാ വ്യവസ്ഥകളെ തലങ്ങും വിലങ്ങും ഉപയോഗിച്ചേക്കാം. അതിന്‍റെ വിളംബരമാണ് 1975ലെ അടിയന്തരാവസ്ഥക്കാലത്തെ കൂട്ട അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ എന്ന പാര്‍ടിയുടെ നിരീക്ഷണം മേല്‍ ഉന്നയിച്ച സംഭവങ്ങള്‍ക്കും ബാധകമാകുന്നു.

ടീസ്റ്റ സെതല്‍വാദിന്‍റെ പരാതി കേട്ട് വിധി പ്രസ്താവിച്ച സുപ്രീംകോടതി എന്തുകൊണ്ടോ തങ്ങളുടെ ഇതു സംബന്ധിച്ച വിധി പൊതുവില്‍ പ്രസക്തമല്ല എന്നു പറഞ്ഞിരിക്കുന്നു. സാധാരണ ഇത്തരം നിയമ വ്യാഖ്യാനം സുപ്രീംകോടി നല്‍കുമ്പോള്‍ അതിന്‍റെ യുക്തി സമാന കേസുകള്‍ക്കെല്ലാം പ്രസക്തമായാണ് കണക്കാക്കപ്പെടാറുള്ളത്. എന്നാല്‍, അതിനു സാധ്യമല്ലാത്ത വിശദീകരണം അതോടൊപ്പം നല്‍കപ്പെട്ടിരിക്കുന്നു. ഈ കേസില്‍ തന്നെ ടീസ്റ്റക്ക് നല്‍കിയിട്ടുള്ള ജാമ്യം ഹൈ കോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പറയുന്നതുവരെയായിരിക്കും പ്രാബല്യത്തിലിരിക്കുക എന്നു പറഞ്ഞിരിക്കുന്നു. ടീസ്റ്റക്ക് സ്ഥിരമായി ജാമ്യം നല്‍കണമോ എന്നു  നിശ്ചയിക്കേണ്ടതും ഹൈക്കോടതിയാണ്. മാത്രമല്ല, ഈ വിധിയെ സമാനകേസുകളില്‍ മാര്‍ഗദര്‍ശകമായി അവയിലെ പ്രതികളോ അവരുടെ അഭിഭാഷകരോ ഉദ്ധരിക്കരുതെന്നു കൂടി സുപ്രീംകോടതി പറഞ്ഞുവെച്ചിരിക്കുന്നു.

ഈ കേസിന്‍റെ വിധിയുടെ ആദ്യഭാഗത്ത് വളരെ ശരിയായി ഉന്നയിച്ച പ്രശ്നങ്ങള്‍ സുപ്രീംകോടതി തന്നെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. ടീസ്റ്റക്ക് താല്‍ക്കാലിക ജാമ്യം നല്‍കി കേസ് വീണ്ടും ഗുജറാത്ത് ഹൈക്കോടതിയിലേക്ക് മടക്കാതെ സാധാരണ ചെയ്യാറുള്ളതുപോലെ ജാമ്യം സ്ഥിരമായി നല്‍കേണ്ടതായിരുന്നു. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി അതിനുള്ള അഭിപ്രായമോ നിലപാടോ അസന്ദിഗ്ധമായി പറയണമായിരുന്നു. ഇന്നത്തെ നിലയില്‍ ഏതെങ്കിലും കീഴ്കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ വിധി പറയേണ്ടിവരിക. അതു കീഴ്വഴക്കത്തിനുവിരുദ്ധമാണ്. നിയമപരമായി ഒരു പുതിയ സ്ഥിതിവിശേഷം രാജ്യത്തുണ്ട് എന്നാണ് ആ ചോദ്യങ്ങള്‍ ഉന്നയിച്ച് വിധി പറയാതെ വിട്ടതിലൂടെ സുപ്രീംകോടതി പറയാതെ പറഞ്ഞുവെച്ചത്. ആ നിയമ പ്രശ്നത്തിനു സുപ്രീംകോടതി തന്നെയാണ് പരിഹാരം നിര്‍ദേശിക്കേണ്ടിയിരുന്നത്.

സിദ്ദിഖ് കാപ്പന്‍റെ കേസിലെ സ്ഥിതി ഇതിനേക്കാള്‍ സങ്കീര്‍ണമോ (ഉപരിപ്ലവമോ) ആകാമെന്നാണ് ഇതുവരെയുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് രണ്ടുവര്‍ഷമായി അദ്ദേഹം യുപി പൊലീസിന്‍റെ പിടിയിലായിട്ട്. ആദ്യം ചൂണ്ടിക്കാട്ടിയതുപോലെ യുപി സര്‍ക്കാരിന്‍റെ മൂക്കിനു കീഴില്‍ നടന്ന ഒരു അതിക്രമം സംബന്ധിച്ച വാര്‍ത്ത ശേഖരിക്കാനാണ് സിദ്ദിഖ് കാപ്പനും ചില സ്നേഹിതരും കൂടി ഹാഥ്താസിലേക്ക് പോയത്. യാത്രാമധ്യേയാണ് യുപി പൊലീസ് അദ്ദേഹത്തെ മറ്റു ചിലരോടൊപ്പം അറസ്റ്റുചെയ്ത് തടവിലാക്കിയത്. കാപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ ചുമത്തിയ ചാര്‍ജുകള്‍ എന്തൊക്കെ ആയിരുന്നു, അവയുടെ തെളിവുകള്‍ ഏവ എന്ന സുപ്രീംകോടതിയുടെ വളച്ചുകെട്ടില്ലാത്ത ചോദ്യത്തിനു യുപി പൊലീസിനു മറുപടി ഉണ്ടായിരുന്നില്ല. തെളിവുകള്‍ ഇല്ലാതെ ഇത്രനാള്‍ ഒരാളെ തടവില്‍ വെച്ചതിനു ന്യായമില്ല. ജാമ്യം നിഷേധിക്കുന്നതിനു യുക്തിസഹമായ ഒരു ന്യായവും പറയാന്‍ യുപി പൊലീസിനു കഴിഞ്ഞില്ല.  സിദ്ദിഖ് കാപ്പനെ അറസ്റ്റു ചെയ്തപ്പോള്‍ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളോ ലഘുലേഖകളോ അദ്ദേഹത്തെ തടവില്‍ വെക്കുന്നതിനു ന്യായീകരണമല്ല. കൂടെ അറസ്റ്റിലായവര്‍ പറഞ്ഞ മൊഴി അദ്ദേഹത്തിനെതിരായ തെളിവായി എടുക്കാനാവില്ല. 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവത്തെ തുടര്‍ന്ന്, നിലവിലുണ്ടായിരുന്ന ഒരു നിയമം തന്നെ പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നു കോടതി ചൂണ്ടിക്കാട്ടി.

ടീസ്റ്റയുടെ കേസിലെന്നപോലെ ഈ കേസിലും യുപിയിലെ കീഴ്കോടതികളും ഹൈക്കോടതിയും കാപ്പനു ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ നിയമപരമായ ന്യായീകരണമില്ലാതെ ഒരു കേസിലെ പ്രതിയെ തുടര്‍ച്ചയായി തടങ്കലില്‍വെക്കുന്നത് നിയമങ്ങള്‍ക്കും മൗലികാവകാശത്തിനും എതിരാണ് എന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, സിദ്ദിഖ് കാപ്പനെതിരെ ഇ ഡി ചാര്‍ജ് ചെയ്ത ഒരു കേസ് യുപിയിലെ ഒരു കോടതി മുമ്പാകെയുണ്ട്. പിഎഫ്ഐയുടെ ഒരു വിദ്യാര്‍ഥി നേതാവ് ഹാഥ്റാസിലേക്കുള്ള കാപ്പന്‍റെ യാത്രാചെലവിലേക്കായി അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് പണം അയച്ചതാണ് കേസിനു ആധാരമായി ഇ ഡി ഉന്നയിക്കുന്നത്.

ലക്ഷങ്ങളും കോടികളും കൈമാറിയ സംഭവം പിടിക്കാന്‍ ഇഡിക്ക് കഴിയുന്നില്ല. പലപ്പോഴും താല്‍പര്യവുമില്ല. എന്നാല്‍ കാപ്പന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത പണത്തിന്‍റെ (കള്ളപ്പണം വെളുപ്പിക്കല്‍ നിയമം) പേരില്‍ അദ്ദേഹത്തിനുമേല്‍ പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) ചുമത്തുന്നതിന്‍റെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമാണ്. സിദ്ദിഖ് കാപ്പനെ തടങ്കലില്‍ ഇടണമെന്നു തീരുമാനിച്ചു. അതിനു ഉന്നയിച്ച കാരണം നിലനില്‍ക്കാതെ വരുമ്പോള്‍ എന്തെങ്കിലും 'തൊടുന്യായം' പറയുക. അതാണ് ബിജെപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്,

ടീസ്റ്റ സെതല്‍വാദിന്‍റെയും സിദ്ദിഖ് കാപ്പന്‍റെയും മേല്‍ ചുമത്തപ്പെട്ട കേസുകളും അവരെ തടങ്കലില്‍ വെക്കുന്നതും ബിജെപി സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നു സംശയരഹിതമായി വെളിവാക്കുന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നൊരു ചൊല്ലുണ്ടല്ലോ. ടീസ്റ്റയെയും കാപ്പനെയും പോലുള്ളവര്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം 'ഇഷ്ടമില്ലാത്ത അച്ചി'മാരാണ്. അവരുടെമേല്‍ ചുമത്തിയ കേസുകളുടെ പൊള്ളത്തരം വെളിവാക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചുകള്‍ തന്നെ നിര്‍ബന്ധിതമായി. അതില്‍ തന്നെ കോടതിയുടെ പേടിച്ചരണ്ടുള്ള നിലപാടും ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയവും നിയമപരവുമായ കാലാവസ്ഥയുടെ വ്യക്തമായ സൂചന നല്‍കുന്നു.

അന്യായത്തിനെതിരെ തങ്ങളുടേതായ പരിമിതമായ രീതിയില്‍ ഇടപെട്ടു എന്നതാണ് ടീസ്റ്റയും കാപ്പനും ചെയ്ത 'കുറ്റം'. അതിന്‍റെ പേരിലാണ് അമിതാധികാര സര്‍ക്കാര്‍ അവരെ ക്രൂശിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ കോടതിക്ക് മാത്രമായി കഴിയില്ല എന്നാണ് സുപ്രീംകോടതി നല്‍കുന്ന സൂചന. അവസാനത്തെ കോടതി തന്നെ ഇടപെടേണ്ടതുണ്ട്. ആ കോടതി ജനങ്ങളുടെ കോടതിയാണല്ലോ. •