ദേശാഭിമാനി എണ്‍പതാം വാര്‍ഷികം പിന്നിടുമ്പോള്‍

പിണറായി വിജയന്‍

ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികം കടന്നുവന്നത് ദേശാഭിമാനി അടക്കമുള്ള ഇടതുപക്ഷ പത്രങ്ങള്‍ക്കാകെ ദേശീയ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ച പ്രസക്തിയുള്ള ഒരു ഘട്ടത്തിലാണ്. മാറിവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന പല വിധത്തിലുള്ള വെല്ലുവിളികളെ നേരിടാന്‍ ജനങ്ങളെയും നാടിനെയും പ്രാപ്തമാക്കുക എന്ന വലിയ ദൗത്യമാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് പുതിയ കാലത്ത് ഏറ്റെടുക്കാനുള്ളത്. അതിന്‍റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് ദേശാഭിമാനിയുടെ കര്‍ത്തവ്യം. ഇത് വിജയകരമായി ഏറ്റെടുക്കാന്‍ വേണ്ട ഊര്‍ജം പകരുന്ന പ്രവര്‍ത്തനപശ്ചാത്തലവും പത്രപ്രവര്‍ത്തന പാരമ്പര്യവുമാണ് ദേശാഭിമാനിക്കുള്ളത്. പ്രതികൂലങ്ങളായ സാഹചര്യങ്ങളെ അതിജീവിച്ചു വളര്‍ന്നുവന്ന ആ ചരിത്രം പുതിയ കാലഘട്ടത്തിന്‍റെ പ്രശ്നങ്ങളെ ഏറ്റെടുക്കാനും പ്രതിസന്ധികളെ മറികടക്കാനും ദേശാഭിമാനിക്കു കരുത്തു നല്‍കും.


സിപിഐ എമ്മിന്‍റെ രാഷ്ട്രീയ നയനിലപാടുകള്‍ ജനങ്ങളിലെത്തിക്കുക എന്നത് ദേശാഭിമാനിയുടെ അടിസ്ഥാന കര്‍ത്തവ്യം തന്നെയാണ്. അതു നിര്‍വഹിച്ചുകൊണ്ടുതന്നെ ജനങ്ങള്‍ക്കാകെ സ്വീകാര്യമാകുന്ന ഒരു പൊതുപത്രം എന്ന വ്യക്തിത്വം ആര്‍ജിച്ചു കഴിഞ്ഞിരിക്കുകയാണ് ദേശാഭിമാനി. രാഷ്ട്രീയമായി വിയോജിപ്പുള്ളവര്‍ക്കു പോലും ഒഴിവാക്കാനാവാത്ത പത്രമായി അതിന്നു മാറിയിരിക്കുന്നു. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പത്രങ്ങളോടല്ല, വാണിജ്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന പത്രങ്ങളോടാണ് ദേശാഭിമാനി ഇന്നു നേരിട്ടു മത്സരിക്കുന്നത്. ആ മത്സരത്തിലും വ്യതിരിക്തമായ രാഷ്ട്രീയ വ്യക്തിത്വം നിലനിര്‍ത്താന്‍ ദേശാഭിമാനിക്കു കഴിയണം. ദേശാഭിമാനിയെ ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയ വായനാസമൂഹം ആഗ്രഹിക്കുന്നത് അതുതന്നെയാണ്. അവരുടെ പിന്തുണയുണ്ടെങ്കില്‍ ദേശാഭിമാനിക്ക് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമായി മാറാന്‍ വലിയ വിഷമമൊന്നും ഉണ്ടാവില്ല.


രാജ്യത്തിന്‍റെ ഐക്യവും ജനങ്ങളുടെ ഒരുമയും വെല്ലുവിളിക്കപ്പെടുന്ന ഒരു ഘട്ടമാണിത്. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസ്റ്റ് സങ്കല്‍പവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ക്കാകെ കാവല്‍ നില്‍ക്കുകയും അതിനു പിന്നില്‍ ജനങ്ങളെ ആശയപരമായി അണിനിരത്തുകയും ചെയ്യുക എന്നതാണ് ഇടതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഇന്നത്തെ പ്രധാന ദൗത്യം.


സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഒക്കെ നിലനിന്നാലേ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കൂ. എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ടാവേണ്ട ഈ ബോധം ഇന്ത്യയിലെ പല പത്രങ്ങള്‍ക്കും ഇന്നില്ല. ജനങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം നിലനിന്നാലേ അവരുടെ അറിയാനുള്ള സ്വാതന്ത്ര്യം ബാക്കിയുണ്ടാവൂ. അറിയാനുള്ള ആ സ്വാതന്ത്ര്യം നിലനിന്നാലേ മാധ്യമ പ്രവര്‍ത്തനവും ബാക്കിയുണ്ടാവൂ. ഇക്കാര്യവും പല മാധ്യമങ്ങളും മറന്നുപോകുന്ന നിലയുണ്ട്. ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുവാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ട്. വികസനത്തിന്‍റെയും ജനക്ഷേമത്തിന്‍റെയും കാര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള ഏക ബദല്‍ ഇടതുപക്ഷത്തിന്‍റേതാണ്. ആ ബദലിനെ ദുര്‍ബലപ്പെടുത്താനുള്ള ഏതു ശ്രമവും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ തീവ്ര വലതുപക്ഷത്തിന്‍റെ താല്‍പര്യത്തിലുള്ളതാണ്. ഇതു തിരിച്ചറിയാന്‍ വൈകിയാല്‍ രാജ്യത്തിനും ജനതയ്ക്കും അത് ആപത്തുണ്ടാക്കും. വേണ്ട ഘട്ടങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയ ചരിത്രമാണ് ഇടതുപക്ഷത്തിനും ഇടതുപക്ഷത്തിന്‍റെ പത്രങ്ങള്‍ക്കുമുള്ളത്.


പുതിയ കാലത്ത് മറന്നുകൂടാത്തതാണ് ആ ചരിത്രം. അത് ദേശാഭിമാനിയിലല്ല, ദേശാഭിമാനിയുടെ മുന്‍ഗാമിയായിരുന്ന 'പ്രഭാത'ത്തിന്‍റെ കാലം മുതല്‍ക്കേ തുടങ്ങുന്നു. ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീര്‍ക്കാനുള്ള പോരാട്ടങ്ങളാണ് പ്രഭാതവും ദേശാഭിമാനിയും ഒക്കെ എന്നും ഏറ്റെടുത്തത്. ജാതീയത മുതല്‍ വര്‍ഗീയത വരെയും ഭൂപ്രമാണിത്തം മുതല്‍ സാമ്രാജ്യത്വം വരെയും രാജവാഴ്ച മുതല്‍ അമിതാധികാരവാഴ്ച വരെയും ഉള്ള സമസ്ത ജനവിരുദ്ധതകള്‍ക്കുമെതിരെ നടത്തിയ പോരാട്ടത്തിന്‍റെ ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന്‍റെ ചരിത്രം. എല്ലാവിധ സാമൂഹിക മുന്നേറ്റങ്ങള്‍ക്കും കരുത്തു പകര്‍ന്നുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന ചരിത്രം. നവോത്ഥാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും സോഷ്യലിസ്റ്റ് സങ്കല്‍പത്തിന്‍റെയും മൂല്യങ്ങളെ യാഥാസ്ഥിതിക സങ്കല്‍പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ചരിത്രം. ജാതി - മത വിഭാഗീയതകള്‍ക്കും സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കും സാമുദായിക അനീതികള്‍ക്കുമെതിരെ ജനമനസ്സുകളെ ഒറ്റക്കെട്ടാക്കി പോരാട്ടത്തിന് അണിനിരത്തുന്നതില്‍ ആശയപരമായ വലിയ പങ്കുവഹിച്ച ഒരു പ്രസ്ഥാനത്തിന്‍റെ നീണ്ടകാലത്തെ പ്രവര്‍ത്തനവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ചരിത്രമാണിത്. നാടിനും ജനങ്ങള്‍ക്കും ഒപ്പം നിന്നതിന്‍റെ ത്യാഗോജ്വലമായ ഈ ചരിത്രം തന്നെയാണ് ദേശാഭിമാനിക്ക് ഇന്നുള്ള വിപുലമായ ജനസ്വീകാര്യതയുടെ അടിസ്ഥാനവും. 


ഈ ഒരു പത്രമില്ലായിരുന്നെങ്കില്‍ കേരളം അറിയാതെ പോവുമായിരുന്ന എത്രയെത്ര സംഭവങ്ങള്‍ ഉണ്ട്. അതു പശ്ചാത്തലത്തില്‍ വെച്ചുനോക്കുമ്പോഴാണ് നാം 'ദേശാഭിമാനി'യുടെ വിലയറിയുക. നക്സലൈറ്റ് വര്‍ഗീസിനെ നിരായുധനായി കീഴടങ്ങിയശേഷവും വെടിവെച്ചു കൊല്ലുകയായിരുന്നു പൊലീസ് എന്ന് ആദ്യം കേരളത്തോട് പറഞ്ഞത് ദേശാഭിമാനിയാണ്. അതുതന്നെയായിരുന്നു സത്യമെന്ന് ചരിത്രം തെളിയിച്ചു. ആര്‍ ഇ സി വിദ്യാര്‍ഥി രാജനെ കക്കയം ലോക്കപ്പിലിട്ട് ഉരുട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദേശാഭിമാനി കേരളത്തോട് ആദ്യമായി പറഞ്ഞു. അതുതന്നെയായിരുന്നു സത്യമെന്നു ചരിത്രം തെളിയിച്ചു. അങ്ങനെ പൊള്ളിക്കുന്ന എത്രയോ സത്യങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് 'നേരറിയാന്‍ നേരത്തെ അറിയാന്‍' എന്ന ദേശാഭിമാനിയുടെ മുദ്രാവാചകം അര്‍ത്ഥവത്താകുന്നത്.

രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിതമായ ജനാധിപത്യം എന്ന മുദ്രാവാക്യത്തെ രാജാവിനെ മാറ്റിക്കൊണ്ടുള്ള സമ്പൂര്‍ണ ജനാധിപത്യം എന്ന മുദ്രാവാക്യംകൊണ്ട് പകരംവെച്ച് ജനാധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കു ചാലുകീറിയ ചരിത്രം ഉള്ള പത്രമാണിത്. രാജ്യം അമിതാധികാര സ്വേഛാധിപത്യ വാഴ്ചയിലേക്ക് പോകുന്നുവെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ പത്രം. ആഗോളവല്‍ക്കരണ നയങ്ങളിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക പരമാധികാരം അപകടപ്പെടുന്നതിനെക്കുറിച്ച് ആദ്യം തന്നെ മുന്നറിയിപ്പു നല്‍കിയ പത്രം. വര്‍ഗീയശക്തികള്‍ ഫാസിസ്റ്റ് പ്രവണത ശക്തിപ്പെടുത്തുന്നുവെന്ന് ആദ്യംതന്നെ ചൂണ്ടിക്കാട്ടിയ പത്രം. ജനകീയ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ച ദേശാഭിമാനി നാടും ജനങ്ങളും നേരിട്ട ദുരന്തങ്ങളെക്കുറിച്ച് എക്കാലവും ആദ്യംതന്നെ മുന്നറിയിപ്പ് നല്‍കിപ്പോന്നു.


പൊതുവെ പത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് അവയ്ക്കു പിന്നിലുള്ള മൂലധന താല്‍പര്യങ്ങളും അതിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന പ്രത്യയശാസ്ത്ര താല്‍പര്യങ്ങളുമാണ്. മേല്‍ക്കൈ അവയ്ക്കാകുമ്പോള്‍ പത്രങ്ങളില്‍ ഇല്ലാതായി പോകുന്നതു ജനകീയ താല്‍പര്യങ്ങളാണ്. ആ ജനകീയ താല്‍പര്യങ്ങള്‍ എന്നും വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ചു 'ദേശാഭിമാനി'. ഒപ്പം, നാടും ജനങ്ങളും നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് സമയോചിതമായി ഇടപെട്ട് മുന്നറിയിപ്പ് നല്‍കിപ്പോരുകയും ചെയ്തു. പത്രം നടത്താനുള്ള പത്ര ഉടമയുടെ സ്വാതന്ത്ര്യം എന്നു നിര്‍വചിക്കപ്പെട്ടിരുന്ന പത്രസ്വാതന്ത്ര്യത്തെ സത്യമറിയാനുള്ള പത്രവായനക്കാരന്‍റെ സ്വാതന്ത്ര്യമെന്ന നിര്‍വചനംകൊണ്ടു പകരംവെച്ചു ഈ പത്രം. മൂടിവെക്കപ്പെട്ട സത്യങ്ങളെ വായനക്കാരന്‍റെ മനസ്സിനുമുമ്പിലേക്കു നീക്കിവെച്ച ചരിത്രമാണ് ദേശാഭിമാനിക്കുള്ളത്.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സമരത്തില്‍ പരിമിതപ്പെട്ടു നിന്നിരുന്ന നമ്മുടെ നവോത്ഥാന സംസ്കാരത്തെ സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ കൂടി അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം നല്‍കി മുമ്പോട്ടു കൊണ്ടുപോന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയ - സാംസ്കാരികധാരയെയാണ് ദേശാഭിമാനി പ്രതിനിധീകരിച്ചത്. സര്‍ സി പിയുടെ ചോറ്റുപട്ടാളത്തിന്‍റെ കിരാതഭരണത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതു മുതല്‍ മുഖ്യധാരാ പത്രങ്ങളൊക്കെ ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളെ വാഴ്ത്തിക്കൊണ്ടിരുന്ന ഘട്ടത്തില്‍തന്നെ അത് ആദ്യം രാജ്യത്തിന്‍റെ സാമ്പത്തിക പരമാധികാരത്തെയും പിന്നീട് രാഷ്ട്രീയ പരമാധികാരത്തെയും അപായപ്പെടുത്തുമെന്ന് ജാഗ്രതപ്പെടുത്തിയതു വരെ ദേശാഭിമാനി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തിന്‍റെ ജിഹ്വയായി നിന്ന് അതിന്‍റെ സന്ദേശങ്ങളെ ജനമനസ്സുകളില്‍ ശക്തമായി പതിപ്പിച്ചത് ദേശാഭിമാനിയാണ്. ആ അര്‍ത്ഥത്തിലാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റുന്നതില്‍ ദേശാഭിമാനിക്കു വലിയ പങ്കുണ്ട് എന്നു പറയുന്നത്.


ഇങ്ങനെ നിഷ്കര്‍ഷയോടെ ജനതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു എന്നതിന് 'പ്രഭാത'ത്തിനായാലും 'ദേശാഭിമാനി'ക്കായാലും ഓരോ ഘട്ടത്തിലും വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ടുതാനും. 1935 ജനുവരി ഒന്നിനാണ് ഇ എം എസിന്‍റെ പത്രാധിപത്യത്തില്‍ 'പ്രഭാതം' പുറത്തുവന്നത്. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും യാഥാസ്ഥിതിക വാദങ്ങളെ വെല്ലുവിളിക്കുന്നതുമായിരുന്നു 'പ്രഭാതം'. പത്തുമാസം പോലും ആ പത്രം തുടര്‍ന്നില്ല. അതിനുമുമ്പുതന്നെ വന്‍ പിഴയിട്ട് അധികാരികള്‍ ആ പത്രം പൂട്ടിച്ചു. ചൊവ്വര പരമേശ്വരന്‍റെ 'ആത്മനാദം' എന്ന കവിത പ്രസിദ്ധീകരിച്ചതിന്‍റെ പേരിലായിരുന്നു താങ്ങാനാകാത്ത പിഴയിട്ട് പത്രം പൂട്ടിച്ചത്. 


1935 ല്‍ ഷൊര്‍ണ്ണൂരില്‍ പൂട്ടിയ പത്രം 1938 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി കോഴിക്കോട്ടുനിന്ന് വീണ്ടും വന്നു, ഇ എം എസിന്‍റെ തന്നെ പത്രാധിപത്യത്തില്‍; പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയുമൊക്കെ മുന്‍കൈയില്‍. എ കെ ജി സിലോണ്‍ മുതല്‍ ബര്‍മ്മ വരെ പോയി പണം പിരിച്ചുവന്നെങ്കിലും പത്രം തുടരാനായില്ല. ഹിറ്റ്ലറുടെ ജര്‍മനി രണ്ടാംലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഇവിടെ 'പ്രഭാത'ത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിക്കപ്പെട്ടു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖര്‍ പിണറായിയിലെ പാറപ്പുറത്ത് യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും തൊട്ടുപിന്നാലെ തന്നെ പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്ത ചരിത്രപശ്ചാത്തലം കൂടി ഇതിനുണ്ട്.

ഇടയ്ക്ക് പാര്‍ട്ടി നിരോധനം നീങ്ങിയെങ്കിലും വ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്‍റെ അപസ്മാരം പടര്‍ന്നുനിന്നിരുന്നു. കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണം നടന്നപ്പോള്‍ അതിനൊക്കെ വസ്തുനിഷ്ഠമായി മറുപടി പറഞ്ഞുകൊണ്ടാണ് 1942 സെപ്തംബറില്‍ 'ദേശാഭിമാനി വാരിക'യായി പ്രസിദ്ധീകരണം തുടങ്ങുന്നത്. എ കെ ജി വിദേശത്തുപോയി ശേഖരിച്ച പണവും ഇ എം എസ് സ്വത്ത് വിറ്റ് നല്‍കിയ പണവും ഒക്കെ മൂലധനമാക്കി 'ദേശാഭിമാനി വാരിക' മുന്നോട്ടുപോകുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം കനത്ത പിഴയുമായി അതിന് വിലങ്ങിടാനെത്തി. 1943 ല്‍ കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയതിനെതിരെ 'തൂക്കുമരത്തിന്‍റെ വിളി' എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം എഴുതി എന്നതാണ് പ്രകോപനമായത്. ആര്‍ക്കു പ്രകോപനമാകും ആര്‍ക്കു സന്തോഷകരമാകും എന്നു നോക്കിയല്ല ദേശാഭിമാനി എന്നും സത്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ സത്യങ്ങള്‍ പറയാന്‍ ദേശാഭിമാനി ഉണ്ടായി എന്നതാണ് ഏറ്റവും പ്രധാനം.

മുഖപ്രസംഗം മുന്‍നിര്‍ത്തിയുണ്ടായ ആ പിഴശിക്ഷ നേരിട്ട് മുമ്പോട്ടുപോയ 'ദേശാഭിമാനി' 1946 ജനുവരി 18 നാണ് ദിനപത്രമായി മാറിയത്. രാജവാഴ്ചയെയും അതിനു കുടപിടിച്ച സാമ്രാജ്യത്വത്തെയും ചോദ്യം ചെയ്ത കമ്യൂണിസ്റ്റ് പത്രത്തെ കൊച്ചി ഗവണ്‍മെന്‍റ് ഒരുതവണയും തിരുവിതാംകൂര്‍ ദിവാന്‍ ഭരണം രണ്ടുതവണയും നിരോധിച്ചു. പത്രം തങ്ങളുടെ രാജ്യത്ത് കണ്ടുപോകരുത് എന്നതായിരുന്നു വിലക്ക്. തൊഴിലാളിപ്പണിമുടക്കിനെ മുതല്‍ കൃത്രിമ ഭക്ഷ്യക്ഷാമത്തിനെതിരായ സമരത്തെവരെ ദിവാന്‍ മുതല്‍ പനമ്പള്ളി വരെയുള്ള അധികാരികള്‍ രാജ്യദ്രോഹമെന്ന് മുദ്രകുത്തി. 1947 ജനുവരിയില്‍ മദിരാശി സര്‍ക്കാര്‍ 'പൊതുരക്ഷാ നിയമം' എന്ന കരിനിയമം കൊണ്ടാണ് പത്രത്തെ നേരിട്ടത്. പത്രാധിപ സമിതി അംഗങ്ങളെ മുതല്‍ ലേഖകന്മാരെ വരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. നിരവധി കേസുകള്‍ പത്രത്തിനുമേല്‍ ചുമത്തി. വന്‍ പിഴയിട്ടു. വൈഷമ്യത്തിന്‍റെ, പ്രതിസന്ധിയുടെ, കാലങ്ങള്‍ ചരിത്രത്തിലുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇപ്പോള്‍ ഇതു പറയുന്നത്.

'1921 ന്‍റെ ആഹ്വാനവും താക്കീതും' എന്ന ഇ എം എസിന്‍റെ ലേഖനത്തിന്‍റെ പേരില്‍ വരെ പത്രം നിരോധിക്കപ്പെട്ടിട്ടുണ്ട്. ജാമ്യം കണ്ടുകെട്ടി ഡിക്ലറേഷന്‍ റദ്ദാക്കല്‍ മുതല്‍ പത്രത്തെ അപ്പാടെ ലിക്യുഡേറ്റ് ചെയ്യാന്‍ വരെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്തെ അമിതാധികാരവാഴ്ചയില്‍ കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടു മാത്രമല്ല, പരസ്യം നിഷേധിച്ച് സാമ്പത്തികമായി കൂടി പത്രത്തെ ഞെരിച്ചു തകര്‍ക്കാനാണ് ശ്രമമുണ്ടായത്. 

ഇത്രയേറെ കടുത്ത വെല്ലുവിളികളെ നേരിട്ട്, യാതനകള്‍ സഹിച്ച് നിലനില്‍ക്കുകയും അതിജീവിക്കുകയും ചെയ്ത മറ്റൊരു പത്രം ആധുനിക കേരളത്തിന്‍റെ ചരിത്രത്തിലില്ല. ഇങ്ങനെ തുടര്‍ച്ചയായി വന്ന വിലക്കുകളും വിലങ്ങുകളും തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് 'ദേശാഭിമാനി' വിട്ടുവീഴ്ചയില്ലാതെ ജനങ്ങളുടെ ശബ്ദം എന്നും പ്രതിധ്വനിപ്പിച്ചത്. 

അക്ഷരങ്ങള്‍ ഒന്നൊന്നായി പെറുക്കിവെച്ചുള്ള കല്ലച്ച് സംവിധാനത്തില്‍നിന്ന് മറ്റേതു പത്രത്തിനുമുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ അച്ചടിസംവിധാനത്തിലേക്ക് ദേശാഭിമാനി വളര്‍ന്നു. കോഴിക്കോട്ടെ ഒരേയൊരു എഡിഷന്‍ എന്നതില്‍നിന്ന് പത്ത് എഡിഷനുകളിലേക്ക് പത്രം വളര്‍ന്നു. കല്ലച്ചില്‍നിന്ന് ഓഫ്സെറ്റ്  ഫാക്സിമിലി  ഡെസ്ക്ടോപ്പ് സാങ്കേതിക സംവിധാനങ്ങളിലേക്കും ഓണ്‍ലൈന്‍ വാര്‍ത്താപ്രസരണത്തിലേക്കും ദേശാഭിമാനി വളര്‍ന്നു. പ്രിന്‍റ് മീഡിയയില്‍നിന്ന് ഇ-പേപ്പറിലേക്കും പതിനായിരക്കണക്കിന് കോപ്പികള്‍ എന്നതില്‍നിന്ന് ലക്ഷക്കണക്കിനു കോപ്പികള്‍ എന്ന നിലയിലേക്കും ദേശാഭിമാനി വളര്‍ന്നു. പൊതുജീവിതത്തിന്‍റെ എല്ലാ ധാരകളെയും വ്യത്യസ്ത പംക്തികളിലൂടെയും പേജുകളിലൂടെയും പ്രതിഫലിപ്പിക്കുന്ന നിലയിലേക്കു പത്രം വളര്‍ന്നു.  

മൂന്നാം സഹസ്രാബ്ദ ഘട്ടത്തിന്‍റെ വിജ്ഞാനവിസ്ഫോടനത്തില്‍ നിന്നുള്ള അറിവിന്‍റെ പുതുകണികകളെയാകെ ആകര്‍ഷിച്ചെടുത്ത് പ്രതിഫലിപ്പിക്കുന്ന കിളിവാതില്‍ അടക്കമുള്ള പ്രത്യേക പതിപ്പുകള്‍, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ചൈതന്യദീപ്തികളെ പകര്‍ത്തിയെടുക്കുന്ന വാരാന്തപ്പതിപ്പുകള്‍, ഓണപ്പതിപ്പുകള്‍, ലോക ചലച്ചിത്രരംഗവുമായി മലയാള ചലച്ചിത്ര രംഗത്തെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന പ്രത്യേക ചലച്ചിത്രോത്സവ പതിപ്പുകള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ സാംഗത്യവും പ്രസക്തിയും വിളിച്ചറിയിക്കുന്ന പ്രത്യേക ആരോഗ്യ പതിപ്പുകള്‍ തുടങ്ങിയവയൊക്കെയായി സമ്പൂര്‍ണവും സമഗ്രവുമായ മലയാളത്തിന്‍റെ നിത്യനൂതന വാര്‍ത്താസാന്നിധ്യമായി ദേശാഭിമാനി ഓരോ മലയാളിയുടെ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നു. 

ഇന്നിപ്പോള്‍ വര്‍ഗീയതയുടെ അതിപ്രസരത്താല്‍ ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ചയാകപ്പെടാത്ത പൊതു സാഹചര്യമാണുള്ളത്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികള്‍ പാര്‍ലമെന്‍റില്‍ നിന്നു പുറത്താക്കപ്പെടുക പോലുമാണ്. ഈ പ്രത്യേക സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ദേശാഭിമാനിയുടെ 80-ാം വാര്‍ഷികം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ സവിശേഷമായ ഉത്തരവാദിത്തങ്ങളാണ് ഈ ഘട്ടത്തില്‍ ദേശാഭിമാനിക്ക് ഏറ്റെടുക്കാന്‍ ഉള്ളത്. ഒരുവശത്ത് വര്‍ഗീയതയെ തുറന്നുകാട്ടാനും മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കാനും കഴിയണം. മറുവശത്ത് ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും നേര്‍ക്കു നടത്തപ്പെടുന്ന അക്രമങ്ങളെ തുറന്നുകാട്ടാനും അവയെ സംരക്ഷിക്കാനുതകുന്ന ബദലുകളെ ഉയര്‍ത്തിക്കാട്ടാനും കഴിയണം.

കേരളത്തിന്‍റെ സാംസ്കാരിക തലത്തില്‍ ദേശാഭിമാനി ആഴ്ചപ്പതിപ്പിനുള്ള സ്ഥാനം കൂടി ഈയവസരത്തില്‍ എടുത്തുപറയേണ്ടതുണ്ട്. സാംസ്കാരിക രംഗത്തെ സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതിലും സാംസ്കാരിക ബഹുസ്വരത കാത്തുസൂക്ഷിക്കുന്നതിലും പുതിയ ഭാവുകത്വങ്ങള്‍ ഉണര്‍ത്തിയെടുക്കുന്നതിലും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ വാരികയ്ക്കു കഴിയുന്നുണ്ട്. സംസ്കാരത്തെ ഏതെങ്കിലും വിഭാഗത്തിന്‍റേതു മാത്രമായി ചുരുക്കിക്കൊണ്ട് സംസ്കാരത്തിലെ വൈവിധ്യങ്ങളെ ഏക ശിലാരൂപത്തിലാക്കിയുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജിച്ചുവരുന്ന ഘട്ടത്തില്‍ ദേശാഭിമാനി വാരികയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്നത് ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ ദൗത്യം തന്നെയാണ്. ഇടതുപക്ഷ  മതനിരപേക്ഷ  പുരോഗമന ചിന്താഗതിക്കാരുടെയാകെ സാംസ്കാരിക - സാഹിത്യ രംഗങ്ങളിലെ വക്താവ് എന്ന നിലയിലേക്ക് ദേശാഭിമാനി വാരിക മാറണം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തതിന്‍റെ 75-ാം വാര്‍ഷികം രാജ്യമൊട്ടാകെ നാം ആഘോഷിച്ചത് ഇക്കഴിഞ്ഞ മാസത്തിലാണ്. സാമ്രാജ്യത്വത്തെ തകര്‍ത്തെറിഞ്ഞ നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന ദേശാഭിമാനിക്ക് നാം പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള അധിക ഉത്തരവാദിത്തമുണ്ട്. രാജ്യത്തിന്‍റെ സത്തയെ ഇല്ലാതാക്കുന്ന വര്‍ഗീയ, ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ മതനിരപേക്ഷ ജനകീയ ബദല്‍ കെട്ടിപ്പടുക്കേണ്ടത് സ്വതന്ത്ര, ജനാധിപത്യ, മതനിരപേക്ഷ, സ്ഥിതിസമത്വ റിപ്പബ്ലിക് എന്നീ വിശേഷണങ്ങളോടുള്ള ഇന്ത്യയുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാടിന്ന് ഉള്ളത്. അതിനായി നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനും അങ്ങനെ കാലത്തിനനുയോജ്യമായ വിധത്തില്‍ വ്യക്തമായ മാധ്യമധര്‍മ്മം നിറവേറ്റാനും ദേശാഭിമാനിക്ക് സാധിക്കണം.•