മാര്‍ക്സിന്‍റെ അര്‍ത്ഥശാസ്ത്ര വിമര്‍ശനവും നവ സാമൂഹികശാസ്ത്ര വിമര്‍ശന പദ്ധതികളും

കെ എസ് രഞ്ജിത്ത്

ണ്‍പതുകളില്‍ ആവിര്‍ഭവിച്ച് തൊണ്ണൂറുകളില്‍ അക്കാദമിക് ഗവേഷണങ്ങളില്‍ സജീവമായ ഉത്തരാധുനിക ചിന്താധാര നാളിതുവരെയുള്ള സാമൂഹികശാസ്ത്ര സിദ്ധാന്തങ്ങളില്‍ നിന്നുമുള്ള ജ്ഞാന സിദ്ധാന്തപരമായ ഒരു വിച്ഛേദനം (Epistemological break) ആയിരുന്നുവോ? സാമൂഹ്യശാസ്ത്രപഠന രംഗത്ത് നവീനമായ ചിന്താസരണികള്‍ തുറക്കുവാനും മൗലികമായ സംഭാവനകള്‍ നല്കുവാനും അതിനു കഴിഞ്ഞുവോ? സാമ്പത്തിക ശാസ്ത്ര മേഖലയെ മുന്‍നിര്‍ത്തിയുള്ള അത്തരമൊരാലോചനയാണിത്. രണ്ടു നൂറ്റാണ്ടുമുമ്പ് മാര്‍ക്സ് അര്‍ത്ഥശാസ്ത്ര മണ്ഡലത്തില്‍ നടത്തിയ ഇടപെടലുമായി തുലനം ചെയ്തു നോക്കിക്കൊണ്ടാണ് ഈ അന്വേഷണം.

ഈ ആലോചനയിലേക്ക് കടക്കുന്നതിനുമുമ്പ് തത്ത്വചിന്തയും വിവിധശാസ്ത്ര ശാഖകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. തത്ത്വചിന്തയെന്നും ശാസ്ത്രമെന്നും വേര്‍തിരിക്കാതെ എല്ലാ ചിന്തകളും അന്വേഷണങ്ങളും ഒരേ കൂട്ടിനുള്ളില്‍ പാര്‍ക്കുന്നതായിരുന്നു ജ്ഞാനാര്‍ജനത്തിന്‍റെ ആദ്യകാലം. സ്വന്തമായ പ്രശ്നമണ്ഡലങ്ങള്‍ നിര്‍വചിക്കുകയും അവയെ നിര്‍ധാരണം ചെയാനുള്ള സംവര്‍ഗങ്ങള്‍ സ്വായത്തമാക്കുകയും  ചെയ്തതിനുശേഷംമാത്രമെ ഏതൊരു ശാസ്ത്രശാഖയ്ക്കും സ്വതന്ത്രമായൊരു നിലനില്‍പ്പുള്ളൂ. തത്ത്വചിന്തയുടെ കൂടുവിട്ട് സ്വന്തം ആകാശത്തിലേക്ക് ശാസ്ത്രശാഖകളുടെ ജ്ഞാനാന്വേഷണങ്ങള്‍ പറന്നകലുന്നത് ഈയൊരു ശേഷി കൈവരിച്ചതിനുശേഷം മാത്രമാണ് . ഏതൊരു ശാസ്ത്രശാഖയും സ്വന്തം ചോദ്യങ്ങള്‍ നിര്‍മ്മിക്കുകയും അവയ്ക്കുള്ള ഉത്തരങ്ങള്‍ തേടുകയും ചെയുന്ന പ്രക്രിയയ്ക്കിടയില്‍ ക്രമേണ വിസ്മരിക്കപ്പെടുന്ന ഒന്നുണ്ട്. ഒരു ശാസ്ത്രശാഖയെ കരുപ്പിടിപ്പിക്കുന്ന അടിസ്ഥാന സങ്കല്പനങ്ങള്‍ എന്തൊക്കെയാണ് ? ശാസ്ത്രാന്വേഷങ്ങള്‍ക്കടിസ്ഥാനമായി വര്‍ത്തിക്കുന്ന ആശയങ്ങള്‍ എങ്ങനെയാണ് രൂപീകരിക്കപ്പെടുന്നത് ? ഓരോ ശാസ്ത്രത്തിന്‍റെയും ജ്ഞാനോല്പാദനപ്രക്രിയയില്‍ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് ? അവയെ ചോദ്യം ചെയ്യാനും മറികടന്ന് മുന്നോട്ടുപോകാനുമുള്ള അധികാരവും ശേഷിയും ഓരോ ശാസ്ത്രശാഖയ്ക്കും സ്വന്തമായുണ്ടോ ? ശാസ്ത്രവും തത്ത്വചിന്തയും തമ്മിലുള്ള ഇത്തരമൊരു സവിശേഷ ബന്ധത്തെ വിശകലനം ചെയ്തുകൊണ്ടു മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനാവു.


വിവിധ ശാസ്ത്രശാഖകളെ സംബന്ധിച്ച ദര്‍ശനസംബന്ധിയായ സമസ്യകള്‍ ഉയര്‍ന്നു തുടങ്ങിയത് ഏതു കാലഘട്ടത്തിലാണ് ? അതൊരു പുതിയ പ്രതിഭാസമാണോ ? സമീപകാലത്തെ ഉത്തരാധുനിക പരിസരങ്ങളിലാണോ അവ ഉദയം ചെയ്തത്?


വസ്തുതകളുടെ ശേഖരണവും അതിന്‍റെ വിശകലനവുമാണല്ലോ ശാസ്ത്രാന്വേഷണത്തിന്‍റെ രീതി. ഇത്തരത്തില്‍ കേവലം വസ്തുതകളുടെ ശേഖരണവും അവയുടെ വിശകലനവും ചെയ്യുന്നതിലൂടെ ശാസ്ത്രം കണ്ടെത്തി മുന്നോട്ടുവെക്കുന്നത് ചിരന്തന സത്യങ്ങളാണോ? വസ്തുതകളുടെ ശേഖരണത്തിനു വഴിതെളിച്ചു കൊടുക്കുന്നത് ഏത് അജ്ഞാത ശക്തിയാണ് ? എന്ത് ചിന്തകളാണ് ആ പ്രക്രിയയെ നയിക്കുന്നത് ? ശാസ്ത്രാന്വേഷണത്തിന് അടിത്തറയായി വര്‍ത്തിക്കുന്ന വസ്തുതകളുടെ തിരഞ്ഞെടുപ്പ് എന്തിന്‍റെ അടിസ്ഥാനത്തിലാണ്?ശാസ്ത്രം വരയ്ക്കുന്ന കളങ്ങള്‍ക്കു പുറത്തു നിന്നുകൊണ്ടു മാത്രമേ ഈ അന്വേഷണങ്ങള്‍ സാധ്യമാകൂ. സമീപകാലത്താണ് ഈ ചോദ്യങ്ങള്‍ വളരെ ഉച്ചത്തില്‍ കേട്ടുതുടങ്ങിയത് എന്നതുകൊണ്ട് ഇത്തരം സന്ദേഹങ്ങള്‍ ഉത്തരാധുനിക ചിന്തകളുടെ ഭാഗമായി പലപ്പോഴും കരുതിപ്പോരുന്നു.


വസ്തുതാപരമല്ലാത്ത അവകാശവാദം
ആധുനിക ശാസ്ത്രം മുന്നോട്ടുവെയ്ക്കുന്ന കേവല സത്യ സങ്കല്പങ്ങള്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് ഉത്തരാധുനികതയുടെ കാലത്താണ് എന്ന അവകാശവാദം പക്ഷേ തത്ത്വചിന്തയുടെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ തന്നെ വസ്തുതാപരമല്ലെന്ന് മനസിലാകും. പോസിറ്റിവിസത്തിനെതിരായ ശക്തമായ ചിന്താധാരകള്‍ ദീര്‍ഘകാലമായി തത്ത്വചിന്തകര്‍ പലരും ഉയര്‍ത്തിയിരുന്നു. സാമൂഹ്യശാസ്ത്ര പഠന രംഗത്ത് ഇത്തരമൊരു വിമര്‍ശനം ഉയര്‍ത്തിയവരില്‍  പ്രധാനി മാര്‍ക്സാണ്. ശാസ്ത്രവും തത്ത്വചിന്തയും പൂര്‍ണമായും രണ്ടു കള്ളികളില്‍ അകപ്പെട്ടു തുടങ്ങിയതിന്‍റെ ആദ്യ ദശകങ്ങളില്‍ ജീവിച്ചിരുന്നതിനാലാകണം മാര്‍ക്സിലെ തത്ത്വചിന്തകന്‍ ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തെ ദര്‍ശനത്തിന്‍റെ കൂടി കണ്ണുകൊണ്ടു നോക്കിക്കാണാന്‍ ശ്രമിച്ചത്.


ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്ര ചിന്തയെ രണ്ടു നൂറ്റാണ്ടു മുന്‍പ് വിമര്‍ശന വിധേയമാക്കിയ മാര്‍ക്സ് ചെയ്ത അടിസ്ഥാനസംഗതി ഈ ജ്ഞാനമേഖല കേവല സത്യമായി കരുതിയിരുന്ന സങ്കല്പനങ്ങളെ കീറിമുറിച്ചു പരിശോധിക്കുക എന്നതായിരുന്നു. പരമ്പരാഗത സാമ്പത്തിക ശാസ്ത്ര ചിന്തയിലെ അടിസ്ഥാന സങ്കല്പനങ്ങളെ ചോദ്യം ചെയ്ത മാര്‍ക്സ് ചിന്തകള്‍ ഏറ്റവും മൗലികത കൈവരിക്കുന്നതും ഇവിടെയാണ്. അല്‍ത്തൂസര്‍ ഇതു സംബന്ധിച്ച് നടത്തിയ ആഴമേറിയ അന്വേഷണം വഴി ഇതിനെ പിന്നീട് കൂടുതല്‍ വിശദമാക്കാം.

താനുള്‍പ്പെടുന്ന, തനിക്കു ചുറ്റുമുള്ള സമൂഹത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ കാഴ്ചപ്പാടുകള്‍ വിവിധ കാലഘട്ടങ്ങളില്‍ മാറിമറിഞ്ഞിട്ടുണ്ട്. അതിനെ മനസിലാക്കാനുള്ള പരിശ്രമത്തില്‍ ഉപയോഗിച്ചിരുന്ന സംവര്‍ഗങ്ങളും അതിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള രീതിശാസ്ത്രങ്ങളും ചരിത്രത്തിലുടനീളം പല രൂപങ്ങളും ഭാവങ്ങളും ആര്‍ജിച്ചിട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ? ഏതു ശക്തികളുടെ പ്രവര്‍ത്തനമാണ് അറിവ് തേടലിന്‍റെ വഴികള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് ? അന്വേഷണത്തിന്‍റെ മാര്‍ഗങ്ങളില്‍ കാലാതീതമായി നിലനില്‍ക്കുന്ന സംവര്‍ഗങ്ങളും സങ്കലനങ്ങളുമില്ലേ ? സ്വന്തം ചിന്തയുടെ ഉപകരണങ്ങളെത്തന്നെ ചിന്താവിഷയമാക്കി മാറ്റുന്ന സങ്കീര്‍ണത ഈ ചോദ്യങ്ങളിലുണ്ട് . മനുഷ്യ സമൂഹം എത്തിപ്പെട്ടു നില്‍ക്കുന്ന സാമൂഹിക ഘടനകള്‍ക്ക്, ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുന്ന സാമൂഹിക രൂപങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലെയും സമസ്യകളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ പങ്കുണ്ട്. അധികാരത്തിന്‍റെ വിവിധ രൂപത്തിലുള്ള പ്രയോഗങ്ങള്‍ ഈ പ്രക്രിയയയെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നുണ്ട്. അധീശത്വം പുലര്‍ത്തിയിരുന്ന സാമൂഹിക വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ ജ്ഞാനോല്പാദന പ്രക്രിയയില്‍ നേരിട്ടിടപെടുന്നത് എല്ലാ കാലഘട്ടങ്ങളിലും കാണാന്‍ കഴിയും. ഭൗതികമായി അറിവുകള്‍ ആര്‍ജിക്കുന്നതില്‍ ഓരോ കാലഘട്ടത്തിനുമുള്ള പരിമിതികളും നമ്മുടെ ചിന്തയുടെ ചക്രവാളങ്ങളെ നിര്‍ണയിക്കുന്നതില്‍ ഇടപെടുന്നുണ്ട്.

സാമൂഹിക ശാസ്ത്രത്തില്‍ മാത്രമല്ല ശുദ്ധ ശാസ്ത്രത്തിന്‍റെ മേഖലയില്‍ പോലും ഇത് കാണാനാവും. 1970 കളില്‍ പ്ലേറ്റ് ടെക്ട്രോണിക് സിദ്ധാന്തം ഭൗമ ശാസ്ത്രത്തെ പാടെ മാറ്റിമറിച്ചതും ആപേക്ഷികതാ സിദ്ധാന്തം ഭൗതിക ശാസ്ത്ര ചിന്തകളെ തിരുത്തിയെഴുതിയതും അറ്റോമിക ഘടനയെ സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍ രസതന്ത്ര വിശദീകരണങ്ങളെ പുനര്‍വായനയ്ക്കു വിധേയമാക്കിയതും ഓര്‍ക്കുക. പരസ്പരപൂരകമായ ഒരു ശൃംഖലയ്ക്കകത്താണ് ശാസ്ത്ര സത്യങ്ങളുടെ നിലനില്‍പ് എന്നും ആ ശൃംഖലകള്‍ പുനര്‍നിര്‍മിക്കപ്പെടുന്നതിനനുസൃതമായി പുതിയ കാഴ്ചപ്പാടുകള്‍ ശാസ്ത്രം നിര്‍മിച്ചുകൊണ്ടേയിരിക്കുമെന്നും ശാസ്ത്രത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.


ന്യൂട്ടോണിയന്‍ ഫിസിക്സ് മേല്‍കൈ പുലര്‍ത്തിയിരുന്ന ആധുനികതയുടെ ഉത്ഭവകാലത്ത്, ഒരു ഘടികാരത്തിന്‍റെ യാന്ത്രികമായ പ്രവര്‍ത്തനം പോലെ കൃത്യമായി നടക്കുന്നതും വളരെ ലളിതമായ വായനയ്ക്ക് വിധേയവുമാണ് മനുഷ്യന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങളും അതിന്‍റെ നിയമങ്ങളെ മനസ്സിലാക്കലും എന്ന് പൊതുവെ വിശ്വസിച്ചു പോന്നിരുന്നു .ഭൗതിക ശാസ്ത്രത്തിലെ ബലതന്ത്രത്തിന്‍റെ രൂപവും ഭാവവും ആര്‍ജിക്കാനാണ് ആദ്യകാലത്ത് സാമൂഹിക ശാസ്ത്രങ്ങളും ശ്രമിച്ചിരുന്നത് . മനുഷ്യന്‍റെ സാമൂഹിക ഇടപെടലുകളെ വളരെ ലളിതമായ മാതൃകകളിലേക്ക് ചുരുക്കാനും അവയെ ലോകത്തെ എല്ലാ സമൂഹങ്ങളിലേക്കും ഒരേ പോലെ പ്രക്ഷേപണം ചെയ്യാനും അത് ശ്രമിച്ചു. അതിഭൗതികതയുടെ പിടിപാടുകളില്‍ നിന്ന് ശാസ്ത്രം മുക്തമായെന്ന വിശ്വാസം പ്രബലമായി. ക്ലാസ്സിക്കല്‍ അര്‍ത്ഥശാസ്ത്രം രൂപം കൊള്ളുന്നതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്.


മാര്‍ക്സിന്‍റെ പൊളിച്ചെഴുത്ത്
മനുഷ്യന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും അതിന്‍റെ നിയമങ്ങളെയും സംബന്ധിച്ച ആദം സ്മിത്തിന്‍റേയും റിക്കാര്‍ഡോയുടെയും പരികല്പനകളും കാഴ്ചപ്പാടുകളും ഇത്തരത്തില്‍ രൂപപ്പെട്ടതാണ്. ഇതിനെതിരെയുള്ള രൂക്ഷ വിമര്‍ശനമാണ് മാര്‍ക്സ് അഴിച്ചുവിട്ടത്.ഈ കാഴ്ചപ്പാടുകളില്‍ അടങ്ങിയിട്ടുള്ള പക്ഷപാതങ്ങളെ കുടഞ്ഞു പുറത്തിടലായിരുന്നു മാര്‍ക്സിന്‍റെ ദാര്‍ശനിക ജീവിതം. മുഖ്യധാരാ സാമ്പത്തിക ചിന്താപദ്ധതികളില്‍ പതിയിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെ അനാവരണം ചെയ്യലായിരുന്നു തന്‍റെ സുദീര്‍ഘമായ സാമ്പത്തിക പ്രബന്ധങ്ങളിലൂടെ മാര്‍ക്സ് ചെയ്തത്. കൂലിയെയും വിലയേയും ലാഭത്തെയും കുറിച്ച് നാളിതുവരെ നിലനിന്നു പോന്നിരുന്ന ധാരണകളുടെ അടിസ്ഥാനമെന്ത് എന്ന മാര്‍ക്സിന്‍റെ അന്വേഷണം ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്‍റെ അടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്ന നിശിത വിമര്‍ശനമായി മാറി. അര്‍ത്ഥശാസ്ത്രം ശാശ്വത സത്യങ്ങളില്‍ നങ്കൂരമിട്ടുറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കേവല സത്യങ്ങളല്ലായെന്നും അതിന്‍റെ നിഗമനങ്ങള്‍ അവകാശപ്പെടുന്ന വസ്തുനിഷ്ഠതയെ സംശയദൃഷ്ടിയോടെ നോക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവാണ് അര്‍ത്ഥശാസ്ത്രത്തിന്‍റെ ആശയ ലോകത്തിന് മാര്‍ക്സിന്‍റെ സംഭാവന. അര്‍ത്ഥശാസ്ത്ര ചിന്തയില്‍ അന്തര്‍ലീനമായിരുന്ന പക്ഷഭേദങ്ങളെക്കൂടിയാണ് ഇതുവഴി മാര്‍ക്സ് കണ്ടെത്തിയത്.

ശാസ്ത്രീയതയുടെ കുപ്പായമണിഞ്ഞു സനാതന സത്യം പോലെ ഭാവിച്ചിരുന്ന സങ്കല്‍പ്പങ്ങളാണ് ഈ ചോദ്യം ചെയ്യലില്‍ ഉരുകിയൊലിച്ചു പോയത് . വിശാലമായ അര്‍ത്ഥത്തില്‍ ,മൂല്യനിരപേക്ഷമായ ശാസ്ത്രം എന്ന സങ്കല്പത്തെത്തന്നെയാണ് സാമ്പത്തികശാസ്ത്രത്തിന്‍റെ ഇഴപിരിച്ച് മാര്‍ക്സ് അന്ന് ചോദ്യം ചെയ്തത് . റീഡിങ് ക്യാപിറ്റല്‍ എന്ന ദാര്‍ശനിക കൃതിയില്‍ അല്‍ത്തൂസര്‍ ഏറെ ആഴത്തില്‍ ഇക്കാര്യം വിശകലനം ചെയ്യുന്നുണ്ട്.

ക്ലാസ്സിക്കല്‍ സമ്പദ്ശാസ്ത്രത്തില്‍ നിന്ന് മാര്‍ക്സ് കടമെടുത്ത വസ്തുക്കളുടെയും ആശയങ്ങളുടെയും കേവലമൊരു തുടര്‍ച്ചയാണോ 'മൂലധനം'.അതോ ഇതില്‍നിന്നു വിഭിന്നമായി ജ്ഞാനസിദ്ധാന്തപരമായ പരിണാമത്തിനു വിധേയമായതാണോ മൂലധനത്തിലെ വിഷയവസ്തുവും സിദ്ധാന്തവും രീതിശാസ്ത്രവും. ആഡംസ്മിത്തിനെപ്പോലെയുള്ള പൂര്‍വികരുടെ വ്യവഹാരത്തെ മാര്‍ക്സ് വിലയിരുത്തുന്നത് തന്‍റേതായ വ്യവഹാരത്തിനകത്തു നിന്നുകൊണ്ടാണ്. ഈയൊരു കണ്ണടയില്‍ക്കൂടിയുള്ള നോട്ടം സ്മിത്തിന്‍റെ കാഴ്ചയില്‍ പതിയാതിരുന്ന പലതും കാട്ടിത്തരുന്നു. സ്മിത്തിന്‍റെ കണ്ണില്‍ സ്വാഭാവികമായി പതിയാതിരുന്ന പലതും ഈ സൈദ്ധാന്തികവായനയില്‍ പൊന്തിവരുന്നു. സ്മിത്ത് ഒഴിവാക്കിയവ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ വായനയില്‍ അസന്നിഹിതമായവയെ ആണ് മാര്‍ക്സ് നിരന്തരം വിശദീകരിക്കുന്നത്. തന്‍റെ മുഖത്തേക്കു തന്നെ നോക്കുന്ന വസ്തുക്കളെ സ്മിത്ത് കാണാതെ പോകുന്നു, തന്‍റെ ഉള്ളംകയ്യിലിരിക്കുന്നവയെത്തന്നെ അദ്ദേഹത്തിന് പിടിക്കാന്‍ കഴിയാതെ പോകുന്നു എന്നാണ് ഇതു സംബന്ധിച്ച് അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണം. ഇവിടെ ഒരു ജ്ഞാന മണ്ഡലത്തെ രൂപപ്പെടുത്തുന്ന ആശയസമുച്ചയങ്ങളുടെ ദൗര്‍ബല്യം കാഴ്ചപ്പാടിന്‍റെ ദൗര്‍ബല്യമായി ചുരുങ്ങുന്നുവെന്നും അദ്ദേഹം പറയുന്നു.

"മൂലധനത്തിലെ പത്തൊന്‍പതാം അധ്യായത്തില്‍ കൂലിയെക്കുറിച്ചു നടത്തുന്ന ഒരു പരാമര്‍ശമുണ്ട്".


"യാതൊരു പരിശോധനയും കൂടാതെയാണ് 'അധ്വാന വില' എന്ന സംവര്‍ഗ്ഗത്തെ ക്ലാസ്സിക്കല്‍ ധനശാസ്ത്രം എടുത്തുപയോഗിക്കുന്നത്. എന്നിട്ട്, വില നിശ്ചയിക്കപ്പെടുന്നതെങ്ങനെ എന്ന ചോദ്യം അതുന്നയിക്കുന്നു. ഡിമാന്‍ഡിനെയും സപ്ലെയെയും അടിസ്ഥാനമാക്കി കമ്പോളത്തില്‍ മറ്റു ചരക്കുകള്‍ക്ക് വില നിശ്ചയിക്കുന്നതുപോലെ അത് അധ്വാനവിലയേയും കാണുന്നു. ഈ വില ശാസ്ത്രീയവിശകലനത്തിന്‍റെ യഥാര്‍ത്ഥ വസ്തുവായി ഉദയം ചെയ്യുന്നു. ചരക്ക് അതിന്‍റെ'യഥാര്‍ത്ഥ വില'യ്ക്കാണ് വിറ്റത് എന്നാണ് ആദം സ്മിത്ത് പറയുന്നത്. ഇപ്രകാരം അധ്വാനത്തിന്‍റെ ആകസ്മികവിലയില്‍ നിന്നും അധ്വാനത്തിന്‍റെ യഥാര്‍ത്ഥ വിലയിലേക്കെത്തി എന്ന് ക്ലാസ്സിക്കല്‍ സമ്പദ്ശാസ്ത്രം വിശ്വസിച്ചു"


അല്‍ത്തൂസര്‍ ഇങ്ങനെ തുടരുന്നു; "ക്ലാസ്സിക്കല്‍ അര്‍ത്ഥശാസ്ത്രത്തിന് അതിന്‍റെ തന്നെ സൃഷ്ടിയെ കാണാന്‍ കഴിയാതെപോയത് എന്തുകൊണ്ടാണ്? അതിന്‍റെ നോട്ടം അപ്പോഴും പഴയ ചോദ്യത്തില്‍ തന്നെയായിരുന്നു. ആ പഴയ ചക്രവാളത്തില്‍ പുതിയ ചോദ്യം ദൃശ്യമാവുക സാധ്യമായിരുന്നില്ല. ചിന്താപദ്ധതിയുടെ ഭൂമികയും ചക്രവാളവും തന്നെ മാറ്റുക എന്നതാണ് മാര്‍ക്സിന്‍റെ ചിന്ത ആവശ്യപ്പെടുന്നത്.ഇവിടെ സംഭവിച്ചത് അപ്രതീക്ഷിതമായി പുതിയൊരു വസ്തു ഉദയം ചെയ്തതല്ല. ആ ഭൂമികയപ്പാടെ, ആ ചിന്താ പദ്ധതിയുടെ ചക്രവാളമൊന്നാകെ, മാറിപ്പോയി എന്നതാണ്. ആ പശ്ചാത്തലത്തിലാണ് പുതിയ പ്രശ്നം ഉയര്‍ന്നുവന്നത്".


"മൂലധനത്തിന്‍റെ രണ്ടാം വോള്യത്തില്‍ എംഗല്‍സ് അത് ഉജ്വലമായി അവതരിപ്പിക്കുന്നുണ്ട് ഫ്ളോജിസ്റ്റിക് കെമിസ്ട്രിയില്‍ ഓക്സിജന്‍ കണ്ടുപിടിച്ചതും ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തില്‍ മിച്ചമൂല്യം കണ്ടുപിടിച്ചതുമുണ്ടാക്കിയ പ്രത്യാഘാതം വിപ്ലവകരമായിരുന്നു. അത് കെമിസ്ട്രിയെയും ധനതത്ത്വശാസ്ത്രത്തെയും ഉടച്ചുവാര്‍ക്കാന്‍ വഴിതെളിച്ചു. ഇത് ശാസ്ത്രത്തിന്‍റെ ഒരു സവിശേഷ സ്വഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു സൈദ്ധാന്തിക ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമേ അതിനു പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ കഴിയൂ.അതിന്‍റെ പ്രശ്നമണ്ഡലം,അതിന്‍റെ മുഴുവന്‍ സാധ്യതകളെയും നിശ്ചയിക്കുന്നു.ശാസ്ത്രത്തിന്‍റെ ഒരു പ്രത്യേകഘട്ടത്തില്‍ ഉയര്‍ത്തേണ്ട സമസ്യകളെയും അത് നിര്‍ണയിക്കുന്നു ....ഒരു സൈദ്ധാന്തിക വിഷയത്തിന്‍റെ നിശ്ചിത ഘടനയ്ക്കുള്ളില്‍ നിര്‍ണയിക്കപ്പെട്ട പ്രശ്നമണ്ഡലത്തിനകത്ത് അകപ്പെടുന്ന വസ്തു മാത്രമേ കാഴ്ചയ്ക്ക് വിഷയീഭവിക്കൂ. വിഷയിയുടെ വ്യക്തിഗതമായ ഇച്ഛയ്ക്കനുസൃതമായല്ല കാഴ്ച നിര്‍ണയിക്കപ്പെടുന്നത്. ഘടനാപരമായ സാഹചര്യങ്ങളാണ് അതിനെ നിര്‍ണയിക്കുന്നത്".

ഭ്രാന്തും നാഗരികചരിത്രവും എന്ന മിഷേല്‍ ഫൂക്കൊയുടെ കൃതിയുടെ ആമുഖത്തില്‍ ഇതേ ആശയം പറയുന്നുണ്ട്. കാഴ്ചയില്‍ പെടുന്നതിന്‍റെയും പെടാത്തതിന്‍റെയും സാധ്യതയുടെ സാഹചര്യങ്ങള്‍ നാം തന്നെ തീര്‍ത്തതാണ്. ദൃശ്യമണ്ഡലത്തിന്‍റെ അതിരുകള്‍ നാം തന്നെ നിര്‍വചിച്ചതാണ് .

ദൃശ്യമാവുന്നതിനെയും അദൃശ്യമാവുന്നതിനെയും നിശ്ചയിക്കുന്ന ഘടകങ്ങള്‍ ഒന്നു തന്നെയാണ്.ഒരു സൈദ്ധാന്തിക മണ്ഡലത്തില്‍ പ്രത്യക്ഷമാകാതെ കിടക്കുന്ന വസ്തുക്കള്‍ വാസ്തവത്തില്‍ സ്ഥിതി ചെയ്യുന്നത് ആ മണ്ഡലത്തിനു പുറത്തല്ല.പ്രത്യക്ഷ മണ്ഡലം തന്നെ അതിന്‍റെ വിപരീതത്തെയും ഉള്‍ക്കൊള്ളുന്നു.കാഴ്ചയുടെ പരിധികള്‍ നിര്‍ണയിക്കുമ്പോള്‍ തന്നെ അതിന്‍റെ ബാഹ്യമായി ഭവിക്കുന്നവയും നിശ്ചയിക്കപ്പെടുന്നു. ഇങ്ങിനെ അദൃശ്യമാക്കപ്പെട്ടവയെ കണ്ടെത്താന്‍, കാഴ്ചയുടെ പരിമിതികളെ മറികടക്കുവാന്‍, ഈ വ്യവഹാരത്തിലെ പോരായ്മകളെ തിരിച്ചറിയാന്‍ ,ഒരു പാഠഭാഗത്തിലെ ശൂന്യതകളെ മനസിലാക്കുവാന്‍, കൂടുതല്‍ ശ്രദ്ധാപൂര്‍വമായ നോട്ടത്തെക്കാളുപരി പുതിയൊരു കാഴ്ചയാണ് ആവശ്യം. കാഴ്ചയെ സാധ്യമാക്കുന്ന ഭൂമികയെത്തന്നെ മാറ്റുകയാണ് വേണ്ടത്. ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്‍റെ ഭൂമികയെത്തന്നെ മാര്‍ക്സ് തിരുത്തിയെഴുതിയത് ഇതിനാലാണ്. സ്മിത്തിന് കാണാന്‍ കഴിയാതെപോയവ മാര്‍ക്സിനു മുന്നില്‍ തെളിഞ്ഞത് അതിനാലാണ് .പഴയ പ്രശ്നമണ്ഡലത്തിന് ഈ പുതിയ ഉത്തരങ്ങള്‍ അന്യമായിരുന്നു.

മുഖ്യധാരാ 
ധനതത്ത്വശാസ്ത്രത്തിന്‍റെ 
പരിമിതികള്‍

മുഖ്യധാരാ ധനതത്ത്വശാസ്ത്രത്തിന്‍റെ അടിസ്ഥാന പരികല്പനകളും, അതു മുന്നോട്ടു വെയ്ക്കുക്കുന്ന മാതൃകകളും ( Economic Models ) വിശകലനപദ്ധതികളും വെള്ളം ചേര്‍ക്കാതെ വിഴുങ്ങുകയാണ് ഇന്നും നമ്മുടെ അക്കാദമിക ലോകം. അംഗീകൃത സാമ്പത്തികശാസ്ത്ര സ്കൂളുകളിലും പാഠ്യപദ്ധതികളിലും ഒരേ സ്വരം മാത്രമാണ് ആവര്‍ത്തിച്ചു കേള്‍ക്കുന്നത്. സങ്കീര്‍ണമായ എക്കണോമെട്രിക്സ് വിശകലനപദ്ധതികളെ ആധാരമാക്കിയുള്ള മാത്തമറ്റിക്കല്‍ മോഡലിങ്ങുകളില്‍ ഊന്നിയാണ് ആധുനിക കാലത്തെ അര്‍ത്ഥശാസ്ത്ര ചിന്ത നിലകൊള്ളുന്നത്. എന്നാല്‍ ഇതിനാധാരമായി സ്വീകരിക്കപ്പെടുന്ന അടിസ്ഥാന പരികല്പനകളുടെ സാംഗത്യമോ വിവരശേഖരണത്തിന് അനുവര്‍ത്തിക്കുന്ന രീതിശാസ്ത്രമോ വിമര്‍ശനവിധേയമാക്കപ്പെടാറില്ല.

ഈ സമീപനത്തിന്‍റെ പ്രായോഗിക രാഷ്ട്രീയ വിവക്ഷകള്‍ വളരെ വലുതാണ് .ലോകരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികസഹായവുമായി നില്‍ക്കുന്ന അന്താരാഷ്ട്രസംഘടനകള്‍ - ഐ എം എഫ് ,ലോകബാങ്ക് തുടങ്ങിയവ  മുഖ്യധാരാ അര്‍ത്ഥശാസ്ത്രം അടിസ്ഥാനമാക്കിയുറപ്പിച്ച ഔദ്യോഗിക ചിന്താധാരയ്ക്കനുസൃതമായ പരിഷ്കരണപദ്ധതികള്‍ നടപ്പിലാക്കപ്പെടും എന്ന് ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ വികസ്വര- അവികസിത രാജ്യങ്ങള്‍ക്ക് അടിയന്തിര ധനസഹായങ്ങള്‍ പോലും നല്‍കാറുള്ളു. ഇത്തരം സ്ഥാപനങ്ങളില്‍ ഉന്നത പദവികളലങ്കരിക്കുന്ന സാമ്പത്തിക പണ്ഡിതരും അവരെ സൃഷ്ടിക്കുന്ന അക്കാദമിക സ്ഥാപനങ്ങളും ഈ വ്യവഹാരലോകത്തിനകത്ത് തളച്ചിടപ്പെട്ടവരാണ്. അന്താരാഷ്ട്ര മൂലധനത്തിന്‍റെ താല്പര്യങ്ങളാണ് ഇവര്‍ പടച്ചുവിടുന്ന സാമ്പത്തിക വികസന പരിപ്രേക്ഷ്യങ്ങളെ പലപ്പോഴും രൂപപ്പെടുത്തുന്നത്.


എന്നാല്‍ സമീപകാലത്ത് ലോകവ്യാപകമായി നിയോ ലിബറല്‍ സാമ്പത്തിക മാതൃക പിന്തുടര്‍ന്ന സമ്പദ്വ്യവസ്ഥകള്‍ക്കുണ്ടായ തകര്‍ച്ചകളും മുതലാളിത്ത ലോകത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന സാമ്പത്തിക കുഴപ്പങ്ങളും, വിശേഷിച്ച് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, വലിയൊരളവില്‍ ഒരു മാറിചിന്തിക്കലിന് ഈ മേഖലയില്‍ കളമൊരുക്കിയിട്ടുണ്ട്. ധനതത്ത്വശാസ്ത്ര ചിന്തയിലെ അടിസ്ഥാന സങ്കല്പനങ്ങളുടെ സാധുതകള്‍ പലതും തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് മുന്നോട്ടു വയ്ക്കുന്ന കുറിപ്പടികള്‍ ഇന്ന് നിരന്തരം വിമര്‍ശന വിധേയമാകുന്നുണ്ട്


സൈദ്ധാന്തിക തലത്തില്‍, സാമ്പത്തികശാസ്ത്ര ചിന്തയുടെ അടിസ്ഥാനോപാധികളെ വിമര്‍ശന പഠന വിധേയമാക്കുന്ന ശാസ്ത്രത്തിന്‍റെ ദര്‍ശനം (ഫിലോസഫി ഓഫ് സോഷ്യല്‍ സയന്‍സസ്/എക്കണോമിക്സ്) ഒരു അക്കാഡമിക ശാഖയായി തന്നെ ഇന്ന് മാറിയിരിക്കുന്നു.


നാളിതുവരെയുള്ള തത്ത്വചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്, അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത് എന്നതായിരുന്നു അര്‍ത്ഥശാസ്ത്ര വിമര്‍ശനത്തിന്‍റെ സൈദ്ധാന്തിക ലോകത്ത് ആണ്ടിറങ്ങി നിന്നപ്പോഴും മാര്‍ക്സിന്‍റെ വിചാരം. മാര്‍ക്സിന്‍റേയും ഉത്തരാധുനികരെന്നു കരുതപ്പെടുന്ന ചിന്തകരുടെയും വഴികളെ രാഷ്ട്രീയമായി മൗലികമായി വ്യത്യസ്തമാക്കുന്നത് ഇത് കൂടിയാണ്.

ഉല്പാദന പ്രക്രിയയുടെ ആഗോളവല്‍ക്കരണത്തെയും അതിരുകളില്ലാതെ ഒഴുകുന്ന ധനമൂലധനത്തെയുമാണ് ഉത്തരാധുനിക ലോകക്രമത്തിന്‍റെ സാക്ഷ്യപത്രമായി അതിന്‍റെ പ്രണേതാക്കള്‍ തൊണ്ണൂറുകളില്‍ കൊണ്ടാടിയത് . അവികസിത രാജ്യങ്ങളുടെ സാമ്പത്തിക വികസന മന്ത്രമായി ഇത് സ്വീകരിക്കപ്പെട്ടു .വിദേശ മൂലധനത്തിനു വഴിയൊരുക്കുവാനായി ആഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ ഉടച്ചുവാര്‍ക്കപ്പെട്ടു .പഴയ 'അമേരിക്കന്‍ ഡീമിനെ' പിന്തുടരുന്ന നവ സമ്പന്നരുടെ ഒരു നിര മൂന്നാം ലോകരാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു .


എന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍, ഈ പരിഷ്കരണങ്ങള്‍ സൃഷ്ടിച്ച മോഹവലയം മെല്ലെ മാഞ്ഞു. തൊഴിലില്ലായ്മയുടേയുടെയും വികസനമുരടിപ്പിന്‍റെയും അവസ്ഥ പൊതുവെ വ്യാപകമായി. ഇത് പല രാജ്യങ്ങളിലും രാഷ്ട്രീയമായ ഒരു തിരിച്ചുപോക്കിനെത്തന്നെ അനിവാര്യമാക്കി. ഇന്ന് വികസിത മുതലാളിത്ത രാജ്യങ്ങള്‍ തന്നെ സംരക്ഷിത സമ്പദ്വ്യവസ്ഥയെക്കുറിച്ചും വ്യവസായങ്ങളെക്കുറിച്ചും വീണ്ടും സംസാരിച്ചു തുടങ്ങിയിരിക്കുന്നു. നാട്ടിലെ തൊഴിലുകളുടെ ഇടിവ് ഇല്ലാതാക്കാന്‍ സ്വന്തം വ്യവസായങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണവരുടെ ശ്രദ്ധ. മുന്‍പ് വികസ്വര അവികസിത രാഷ്ട്രങ്ങള്‍ക്ക് ഓതിക്കൊടുത്തിരുന്ന പഴയ വികസന മന്ത്രങ്ങള്‍ പലരും സ്വന്തം കാര്യം വരുമ്പോള്‍ മറന്നതുപോലെയുണ്ട്.

അതേസമയം പഴയ കൊളോണിയല്‍ ചൂഷണത്തിന്‍റെ സ്ഥാനത്ത്, സമകാലിക ലോകത്തിലെ അവികസിത അര്‍ധവികസിത പ്രദേശങ്ങളിലെ അധ്വാനശക്തിയുടെ ചൂഷണത്തെ ക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ പുറത്തു വരുന്നുണ്ട്. അവികസിത പ്രദേശങ്ങളിലെ അധ്വാന ശക്തിയെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിന് അവയെ ആപേക്ഷികമായെങ്കിലും അതേപടി നിലനിര്‍ത്തേണ്ടത് ആഗോളമൂലധനത്തിന്‍റെ നിലനില്‍പിന് അനിവാര്യമാണ്.

സാമ്രാജ്യത്വം, വര്‍ഗപരമായ ചൂഷണം എന്നീ ക്ലാസ്സിക്കല്‍ മാര്‍ക്സിസ്റ്റ് പരികല്പനകള്‍ ഇന്നത്തെ ലോകത്തും എത്ര സജീവമായി നിലനില്‍ക്കുന്നുവെന്ന് ഇവ കാട്ടിത്തരുന്നു. ബൃഹദാഖ്യാനങ്ങള്‍ക്കെതിരായ ഉത്തരാധുനിക വായ്ത്താരിയുടെ അസംബന്ധങ്ങളിലേക്കും, അത് മുന്നോട്ടുവെയ്ക്കുന്ന അപകടകരമായ രാഷ്ട്രീയ സാധ്യതകളിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.


ചരിത്രത്തിന്‍റെ  അന്ത്യമോ?
മുതലാളിത്തം മനുഷ്യ ചരിത്രത്തിലെ അവസാനത്തെ ലോകക്രമമല്ലായെന്ന് ചരിത്രത്തിന്‍റെ അന്ത്യത്തെക്കുറിച്ചെഴുതിയ ഫുക്കുയാമ തന്നെ കുറ്റസമ്മതം നടത്തുന്നു . വര്‍ധിക്കുന്ന അസമത്വങ്ങള്‍ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക രാഷ്ട്രീയ പ്രശ്നമായി നിയോ ലിബറല്‍ സാമ്പത്തിക ക്രമത്തെ ഇതുവരെ പിന്തുണച്ചവരില്‍ പലരും വ്യാഖ്യാനിക്കുന്നു. ഉത്തരാധുനികതയുടെ ആഖ്യാന പദ്ധതികള്‍ക്ക് അടിത്തറയായി വര്‍ത്തിച്ച സാമ്പത്തിക, സാമൂഹിക സങ്കല്‍പ്പനങ്ങള്‍ പലതും എത്ര ദുര്‍ബലമായിരുന്നുവെന്ന് ഈ സമകാലിക ലോക യാഥാര്‍ഥ്യങ്ങള്‍ കാട്ടിത്തരുന്നു.

ജ്ഞാനസിദ്ധാന്തപരമായി പരിശോധിക്കുകയാണെങ്കില്‍ , ഉത്തരാധുനിക ചിന്തകര്‍ മുന്നോട്ടുവെച്ച അര്‍ത്ഥശാസ്ത്ര വിശകലന/ വിമര്‍ശന പദ്ധതികള്‍ രണ്ടു നൂറ്റാണ്ടു മുന്‍പ് മാര്‍ക്സ് നടത്തിയ അര്‍ത്ഥശാസ്ത്ര വിമര്‍ശനത്തെക്കാള്‍ അധികമായി ഒന്നുംതന്നെ നല്‍കുന്നില്ല. ക്ലാസ്സിക്കല്‍ അര്‍ത്ഥശാസ്ത്രം അടിസ്ഥാനമായി സ്വീകരിച്ച യാഥാര്‍ഥ്യ/സത്യ സങ്കല്പങ്ങളെ നിശിത വിമര്‍ശനത്തിനു വിധേയമാക്കുക വഴി മാര്‍ക്സ് ചെയ്തത്, ശാസ്ത്രീയമെന്ന് മുഖ്യധാരാ പണ്ഡിതലോകം കരുതുന്ന പരികല്പനകള്‍ മൂല്യ നിരപേക്ഷകമല്ല എന്നു സ്ഥാപിക്കുക കൂടിയാണ്. വളരെ നവീനം എന്ന നിലയില്‍ ഉത്തരാധുനിക ചിന്തകര്‍ മുന്നോട്ടു വെച്ച സാമൂഹിക ശാസ്ത്ര വിമര്‍ശന പദ്ധതികള്‍ മാര്‍ക്സിന്‍റെ ഈ വിമര്‍ശനത്തില്‍ നിന്നു കടംകൊണ്ടതാണെന്ന് വേണമെങ്കില്‍ പറയാം.

ഉത്തരാധുനിക ചിന്തകര്‍ അടിസ്ഥാനപരമായി മുന്നോട്ടു വെച്ച സാമ്പത്തികശാസ്ത്രപരമായ സങ്കല്പനങ്ങള്‍ പലതും - രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ധനമൂലധനത്തിന്‍റെ അനായാസ പ്രവാഹം, ആഗോളവല്‍ക്കരിക്കപ്പെട്ട ഉല്പാദനപ്രക്രിയകള്‍, സര്‍വീസ് മേഖലയുടെ ആധിപത്യം, വര്‍ഗരഹിത സമൂഹം, അതിരുകളില്ലാത്ത ലോകം തുടങ്ങിയവ -  ആഭ്യന്തര വൈരുധ്യങ്ങള്‍ നിറഞ്ഞതും ഏറെ ദുര്‍ബലവുമാണ്. ഇത്തരം പരികല്പനകളുടെ പുറത്താണ് ഇതാ ആധുനികോത്തര ലോകം ആവിര്‍ഭവിച്ചിരിക്കുന്നു എന്ന് പലരും അവകാശപ്പെട്ടത് . എന്നാല്‍ ഈ പ്രമേയങ്ങളുടെയും പരികല്പനകളുടെയും പരിമിതികള്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ല . അവയില്‍ അടങ്ങിയിട്ടുള്ള രാഷ്ട്രീയ താല്പര്യങ്ങളും വിശകലനം ചെയ്യപ്പെട്ടില്ല . മറിച്ച് ഉയര്‍ന്നുവന്നത്, മുഖ്യമായും സാമൂഹിക, സാമ്പത്തിക നിലയെ മുഖ്യ അടിസ്ഥാനമാക്കിയുള്ള വര്‍ഗാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നും പുതിയ സ്വത്വബോധങ്ങളെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വര്‍ത്തമാനകാലത്ത് പ്രസക്തമെന്നുമുള്ള പ്രമേയങ്ങളാണ് . സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും അധീശത്വം പുലര്‍ത്തുന്ന ശക്തികള്‍ക്ക് മാത്രം ഗുണപ്രദമായ വാദമുഖങ്ങളായിരുന്നു ഇവ. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും, സോഷ്യലിസ്റ്റ് ലോകത്തും ഉണ്ടായ തകര്‍ച്ചകളും ഉത്തരാധുനിക ചിന്തകരുടെ ഈ വാദമുഖങ്ങള്‍ക്ക് കുറഞ്ഞ കാലയളവിലെങ്കിലും ശക്തി പകര്‍ന്നിരുന്നു .

പക്ഷേ മുന്‍പ് സൂചിപ്പിച്ചതുപോലെ രാഷ്ട്രീയ, സാമൂഹിക, പരിതഃസ്ഥിതികളിലുണ്ടായ മാറ്റങ്ങള്‍  ആഗോള മൂലധനം അകപ്പെട്ടിരിക്കുന്ന കടുത്ത പ്രതിസന്ധികളും അസമത്വങ്ങള്‍ക്ക് ആക്കം കൂട്ടിയ നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ക്കെതിരെ ലോകത്തെ വിവിധ കോണുകളിലുണ്ടായ പ്രതിഷേധ കൊടുങ്കാറ്റുകളും  പല രാജ്യങ്ങളിലും വീണ്ടും ഇടതുപക്ഷ രാഷ്ട്രീയത്തെ സ്വീകാര്യമാക്കുന്ന കാഴ്ചയാണ് കാണിക്കുന്നത്.ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഒന്നാകെ ഇടതുപക്ഷത്തേക്ക് തിരിഞ്ഞത് ഇതിന്‍റെ ഒരു ഉദാഹരണം മാത്രം.


വര്‍ഗരാഷ്ട്രീയത്തെ അടിസ്ഥാനപ്രമേയമാക്കിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെ, ലിംഗ നീതിക്കുവേണ്ടിയും, ജാതീയമായ അസമത്വങ്ങള്‍ക്കെതിരെയും ,പാരിസ്ഥിതിക സംരക്ഷണത്തിനുമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകുന്ന കാഴ്ചകള്‍ ഇന്ന് എവിടെയും കാണാം. ഇതാകട്ടെ സാമ്പത്തിക നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കുകയല്ല കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ കാണാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.


നവീന സങ്കല്‍പങ്ങളും ആശയങ്ങളും 
വസ്തുനിഷ്ഠമായി  വിലയിരുത്തപ്പെടണം

സാമൂഹിക ശാസ്ത്ര പഠന രംഗത്ത് നവീന സങ്കല്പങ്ങളും ആശയങ്ങളും കടന്നുവരുന്നത് തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അതേസമയം അവ നല്‍കുന്ന സംഭാവനകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ക്ലാസ്സിക്കല്‍ സമ്പദ്ശാസ്ത്രത്തെ നിശിതവിമര്‍ശനം നടത്തിയ മാര്‍ക്സിന്‍റെ സംഭാവനകളുമായി തുലനം ചെയ്തു നോക്കിയാല്‍, ശാസ്ത്ര വിമര്‍ശനം എന്ന നിലയില്‍ സാമ്പത്തികശാസ്ത്രത്തിന്‍റെ ജ്ഞാന മണ്ഡലത്തില്‍ ഉത്തരാധുനിക ചിന്തകള്‍ നല്‍കിയ സംഭാവനകള്‍ വളരെ പരിമിതമാണ്. പൊളിറ്റിക്കല്‍ ഇക്കണോമിയുടെ രീതിശാസ്ത്രമുപയോഗിച്ച് സാമൂഹിക പ്രശ്നങ്ങളെ മനസിലാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളെ അത് ഏതെങ്കിലും രീതിയില്‍ അസ്ഥിരപ്പെടുത്തുന്നുമില്ല.


അതേസമയം കര്‍തൃത്വ രൂപീകരണത്തെ സംബന്ധിച്ചും അതില്‍ അധികാരത്തിന്‍റെ സങ്കീര്‍ണവും നിഗൂഢവുമായ ഇടപെടലുകളെ സംബന്ധിച്ചും അതിന്‍റെ രാഷ്ട്രീയ വിവക്ഷകളെക്കുറിച്ചും ആധുനിക കാലത്തെ ചിന്തകര്‍ പലരും നടത്തിയ നിരീക്ഷണങ്ങള്‍ പലതും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. ഇവരെയെല്ലാം ഉത്തരാധുനിക ചിന്തകരായി അടയാളപ്പെടുത്തുന്നത് യുക്തിരഹിതവുമാണ്. അതുപോലെ ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ക്ക് അടിത്തറയേകി എന്നു കരുതുന്ന ആധുനിക തത്ത്വചിന്തകര്‍ പലരും മാര്‍ക്സിനെ ഉള്‍ക്കൊള്ളാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പൊളിറ്റിക്കല്‍ ഇക്കണോമിയെ അടിസ്ഥാനപ്പെടുത്തി സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് പഠിക്കാനുള്ള ശ്രമങ്ങളെ നിരന്തരം ഇകഴ്ത്തിക്കാട്ടാനുള്ള നീക്കങ്ങള്‍ ഉത്തരാധുനിക വാദക്കാരായി സ്വയം വിശേഷിപ്പിക്കപ്പെടുന്ന ചിലര്‍ പലപ്പോഴും നടത്തുന്നത് കാണാം. വളരെ നവീനമെന്നു തോന്നലുണ്ടാക്കുന്ന ചില ആശയങ്ങളെ ഇവര്‍ അക്കാദമിക ലോകത്ത് വിക്ഷേപിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍, സാമൂഹിക ചലനങ്ങളെ നിര്‍ണയിക്കുന്നതിലും മനസിലാക്കുന്നതിലും വിവിധ ജന വിഭാഗങ്ങളുടെ വര്‍ഗപരമായ താല്പര്യങ്ങള്‍ക്കുള്ള പങ്കിനെയും അതിനെ അടിസ്ഥാനമാക്കിയുള്ള സംവര്‍ഗങ്ങളെയും അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഏതെങ്കിലും തലത്തില്‍ വിജയിച്ചു എന്ന് തോന്നുന്നില്ല. അര്‍ത്ഥശാസ്ത്രത്തിന്‍റെ ജ്ഞാന മണ്ഡലത്തെ മുന്‍നിര്‍ത്തി ഉത്തരാധുനിക ചിന്തകളെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് ഈ യാഥാര്‍ഥ്യമാണ്. •