ഉത്തരാധുനികതയും മാര്‍ക്സിസ്റ്റ് ആഖ്യാനങ്ങളും

പ്രൊഫ. മധു പ്രസാദ്

1970കളുടെ ഒടുവിലും 1980കളിലുടനീളവും യൂറോപ്യന്‍-ആംഗ്ലോ-സാക്സണ്‍ തത്ത്വചിന്തകരും സൈദ്ധാന്തികരും പ്രഖ്യാപിച്ചുകൊണ്ടിരുന്നത് വിപ്ലവപരമായ മാറ്റത്തിന്‍റെ ഏജന്‍സി എന്ന നിലയില്‍ ചരിത്രപരമായ ഭൗതികവാദത്തിന്‍റെയും വര്‍ഗസമരത്തിന്‍റെയും മാര്‍ക്സിസ്റ്റ് മാതൃക 'മരിച്ചുകഴിഞ്ഞു'വെന്നാണ്.

'ഉല്‍പ്പാദനരീതി'കളെ സംബന്ധിച്ച ഒരു വിശകലനം-സമൂഹത്തിലെ ഉല്‍പ്പാദനശക്തികളുടെയും ഉല്‍പ്പാദനം നടത്തേണ്ട വര്‍ഗബന്ധങ്ങളുടെയും വികാസത്തിന്‍റെ നിലയെക്കുറിച്ചുള്‍പ്പെടെയുള്ള വിശകലനം-ചരിത്രപരമായ ഭൗതികവാദം മുന്നോട്ടുവയ്ക്കുകയുണ്ടായി; വ്യത്യസ്തങ്ങളായ സാമൂഹ്യരൂപങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങളെ തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും വേണ്ടിയാണത്. നിലനില്‍ക്കുന്ന ഉല്‍പ്പാദനബന്ധങ്ങള്‍ക്കുള്ളില്‍ സാധ്യമായേടത്തോളം ശേഷി ആദ്യത്തെ ഘടകം കൈവരിച്ചു കഴിയുന്നതോടെ രണ്ടുഘടകങ്ങള്‍ തമ്മിലുള്ള വൈരുധ്യം ചരിത്രത്തില്‍ സാമൂഹ്യമാറ്റത്തിന്‍റെ ചാലകശക്തിയായി ഉയര്‍ന്നുവരുന്നു.


ഈ പ്രക്രിയ ഇതേവരെ പൊതുവെ 'സ്വമേധയാ അല്ലാത്ത ബോധ്യമായിരുന്നെങ്കിലും, വര്‍ഗസമരങ്ങളും ചെറുത്തുനില്‍പ്പ് രൂപങ്ങളും മാനവചരിത്രത്തിന്‍റെ തുടര്‍ന്നുവരുന്ന സവിശേഷതയാണെങ്കിലും, സാമൂഹ്യമാറ്റത്തിന്‍റെ ചരിത്രപരമായ പ്രക്രിയയിലെ നിര്‍ണയിക്കപ്പെട്ട ഒരു ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതെന്ന നിലയിലാണ് മാര്‍ക്സിസം മുതലാളിത്തത്തെ കാണുന്നത്. അധ്വാനശക്തിയുടെ ചരക്കുവല്‍ക്കരണം തൊഴിലെടുക്കുന്ന വ്യക്തിയെ പരസ്പരം മത്സരിക്കുന്ന മുതലാളിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നും 'സ്വതന്ത്ര'മാക്കുന്നു. എന്നാല്‍, ഉല്‍പ്പാദനപ്രക്രിയയില്‍നിന്നും അധ്വാനത്തിന്‍റെ ഉല്‍പ്പന്നത്തില്‍നിന്നും അത് തൊഴിലാളിയുടെ 'അന്യവല്‍ക്കരണ'ത്തെ തീവ്രമാക്കുന്നു. മിച്ചമൂല്യം കവര്‍ന്നെടുക്കുന്നത് സുതാര്യമാക്കപ്പെട്ടിരിക്കുന്നു; അതോടുകൂടി വര്‍ഗസംഘര്‍ഷമെന്ന ശാശ്വതഭീഷണി വര്‍ധിക്കുന്നത് കൂടുതലായി സ്വയം ബോധ്യപ്പെടുകയും സഹജമായുള്ള പ്രതിസന്ധികള്‍ എന്ന നിരന്തര ഭീഷണി കൂടുതല്‍ മൂര്‍ച്ചിക്കുകയും ചെയ്യുന്നു.

അങ്ങനെ മാര്‍ക്സിസം സാമൂഹികമാറ്റത്തിനുള്ള ഭൗതികവാദപരമായ ഒരു സിദ്ധാന്തം വികസിപ്പിച്ചിരിക്കുന്നു; അത് പ്രകൃതിയിലെ പ്രയോജനവാദപരമോ മുതലാളിത്ത വൈരുധ്യങ്ങളില്‍ നിന്നും ഉരുവംകൊള്ളുന്ന വര്‍ഗസംഘര്‍ഷത്തിന്‍റെ അനിവാര്യമായ അനന്തരഫലമോ അല്ല. ചരിത്രപരമായ സാധ്യതകളെ അടിസ്ഥാനപ്പെടുത്തിയതാണെങ്കിലും നിലനില്‍ക്കുന്ന വൈരുധ്യങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത ബദലിലേക്ക് തുറക്കുന്നതാണ്. യഥാര്‍ഥ സമരങ്ങള്‍ എപ്പോഴും "പരസ്പരം എതിരിടുന്ന വര്‍ഗങ്ങളുടെ പരസ്പര നശീകരണ"ത്തെക്കുറിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂചിപ്പിക്കുന്നു; എംഗത്സും അദ്ദേഹത്തിനുശേഷം റോസ ലക്സംബര്‍ഗും വ്യക്തമാക്കിയത്, മാനവരാശിക്കു മുന്നിലുള്ള തിരഞ്ഞെടുപ്പ് "സോഷ്യലിസം വേണമോ കാട്ടാളത്തം വേണമോ" എന്നാണ്. മുതലാളിത്തത്തെ സംബന്ധിച്ച ലിബറല്‍ കാഴ്ചപ്പാടിനും റൊമാന്‍റിക് വിമര്‍ശനത്തിനും അപ്പുറം പോകുന്നതാണ് മാര്‍ക്സിസം; കാരണം, ബൂര്‍ഷ്വാ കാലഘട്ടത്തിന്‍റെ 'അന്ത്യം' ലക്ഷ്യമാക്കുന്നതാണത്.


ആടിക്കളിക്കുന്ന ഉത്തരാധുനികത
ഈ നിഗമനത്തിനുമുന്നില്‍ ഉത്തരാധുനിക കാഴ്ചപ്പാട് ആടിക്കളിക്കുകയാണ്; വിജയകരമായ വര്‍ഗസമരങ്ങളുടെ ഭാവിസാധ്യത നിഷേധിക്കുന്നതിനുള്ള ഗൂഢനീക്കങ്ങളിലൂടെ മുതലാളിത്തത്തിന്‍റെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് സാമൂഹികമാറ്റങ്ങളുടെ ചരിത്രത്തെ അത് പുനര്‍വ്യാഖ്യാനിക്കുകയാണ്. പാശ്ചാത്യ ബുദ്ധിജീവികള്‍ക്കിടയിലെ പ്രമുഖരായ ഒരുവിഭാഗം 'അന്ത്യത്തെ സംബന്ധിച്ച സര്‍വവ്യാപിയായ ഒരാശയ'ത്തെ 'അനന്തരം' (ഉത്തര - post) എന്ന ഉപപദം ഉപയോഗിച്ച് പ്രതീകവല്‍ക്കരിക്കുകയാണ്. സാമൂഹികസിദ്ധാന്തത്തിന്‍റെ എല്ലാ രൂപങ്ങളിലും ആചാരപരമായ പ്രയോഗങ്ങളിലും 'ഭൂതകാലവുമായുള്ള ദീര്‍ഘമായ വിച്ഛേദ'ത്തെയാണ് അത് സൂചിപ്പിക്കുന്നത്. പില്‍ക്കാല മുതലാളിത്തം അഥവാ 'പക്വമായ' മുതലാളിത്തം സാങ്കേതികവിദ്യാപരവും ധൈഷണികവുമായ ഒരു ദശയിലേക്ക് ഉരുത്തിരിഞ്ഞിരിക്കുകയാണ് എന്നാണ് വാദിക്കപ്പെടുന്നത്; ഇത് സ്വത്തിന്‍റെ വളര്‍ച്ചയുടെ കാര്യത്തില്‍ സംഭാവന നല്‍കുന്നതില്‍ ഉല്‍പ്പാദകരായ അധ്വാനിക്കുന്ന വര്‍ഗങ്ങളെ വര്‍ധിതമായ നിലയില്‍ അപ്രസക്തരാക്കിമാറ്റുകയാണ്. കുറഞ്ഞകൂലി ലഭിക്കുന്ന തൊഴിലിലേക്ക് ചുരുക്കപ്പെട്ട തൊഴില്‍ സാഹചര്യങ്ങളിലെയും ജീവിതസാഹചര്യങ്ങളിലെയും സുരക്ഷിതത്വമില്ലായ്മമൂലം അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും ഉല്‍പ്പാദനപരവുമായ പങ്ക് താരതമ്യേന അപ്രസക്തമായി, ചുരുങ്ങിയിരിക്കുകയാണ്.

വെള്ളകോളര്‍ തൊഴിലാളികളുടെ മികച്ച വേതനം ലഭിക്കുന്ന യോഗ്യരായ 'പുതിയൊരു' നിരയാണ് ഉല്‍പ്പാദനപ്രക്രിയയിലെ പ്രധാനപ്പെട്ട സാങ്കേതികവിദ്യാപരമായ നൂതനജോലികളും മാനേജീരിയലും സൂപ്പര്‍വൈസറിയുമായ ജോലികളും ചെയ്യുന്നത്; പ്രാഥമികമായ ദൗത്യങ്ങളും പ്രത്യക്ഷത്തില്‍തന്നെ ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍, അവരുടെ സാംസ്കാരികതലവും വരുമാനതലവും അവരെ ജീവിതശൈലിയുടെ കാര്യത്തില്‍, മുതലാളിത്ത 'ബോസുമാരു'മായി കൂടുതല്‍ അടുത്തെത്തിച്ചിരിക്കുന്നു; അതുപോലെതന്നെ അവരുടെ രാഷ്ട്രീയ മുന്‍ഗണനകള്‍ താഴെത്തട്ടിലുള്ള തൊഴിലാളിവര്‍ഗത്തിന്‍റേതിനെക്കാള്‍ മുതലാളിമാരുടേതുമായി ഒത്തുനില്‍ക്കുന്നു. വേതനം പറ്റുന്ന ഈ വിഭാഗം ശ്രദ്ധേയമായ സാമൂഹികവും സാംസ്കാരികവുമായ സ്വാധീനം ചെലുത്തുന്നു; പരമ്പരാഗതമായി പെറ്റിബൂര്‍ഷ്വാസിയുടേതില്‍നിന്നും വ്യത്യസ്തമായ ഒരു സ്ഥിതിയാണിത്; കാരണം ഈ വിഭാഗം തിരിച്ചറിയപ്പെടുന്നത്, അവരുടെ 'ചെലവഴിക്കലി'ന്‍റെകാര്യത്തിലെന്നതിനെക്കാളുപരി ചെറുകിട ഉല്‍പ്പാദനത്തിനായുള്ള 'സമ്പാദ്യ'ത്താലാണ്. ഉപഭോക്തൃ വസ്തുക്കള്‍ പ്രത്യേകിച്ച് കാറുകള്‍, ശ്രദ്ധേയമായ വിധം ഫാഷനുകളുടെ പ്രകടനപരമായ ജീവിതശൈലി, ചെലവേറിയതും ആര്‍ഭാടം നിറഞ്ഞതുമായ ബാറുകളിലും റസ്റ്റോറന്‍റുകളിലും അടിക്കടി പോകുന്നത് എന്നിവയെല്ലാം അമിതോപഭോഗത്തിന്‍റേതായ സ്വയേച്ഛയനുസരിച്ചുള്ള സംസ്കാരത്തിന്‍റേതായ പോസിറ്റീവ് ധാര്‍മികത സൃഷ്ടിക്കുന്നു; പണവും വായ്പകളും അനായാസം ലഭിക്കുന്നതാണ് ഇതിനെ ബലപ്പെടുത്തുന്നത്.

പുതിയ 'നഗര'ത്തിന്‍റെ നാഗരികമായ (അര്‍ബന്‍) ഭൂദൃശ്യത്തിനുള്ളില്‍ ഉറച്ചുനില്‍ക്കുന്ന ഈ വിഭാഗം പുതിയൊരു 'സംസ്കാര'ത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, ആഴമില്ലാത്തതും അനുഭവത്തിന്‍റെ ഉപരിതലത്തില്‍ കേന്ദ്രീകരിക്കുന്നതുമായ എക്ളെക്ടിസിസം എന്ന ചിന്താധാര അത് കൈവശപ്പെടുത്താനും  ഉപഭോഗം ചെയ്യാനും ശ്രമിക്കുന്ന നൈമിഷകമായ സംതൃപ്തിയുടെതായ പുത്തന്‍കലയുടെ നിര്‍വചനപരമായ സവിശേഷതയാണ്. തല്‍ഫലമായുണ്ടാകുന്ന പ്രതിഛായയുടെ ചരക്കുവല്‍ക്കരണം 'കലാപ്രവര്‍ത്തനം', നിര്‍മിതി, നാഗരികമായ ഭൂദൃശ്യം എന്നിവയെക്കുറിച്ച് തന്‍റെ അനനുകരണീയമായ ശൈലിയില്‍ ആന്‍ഡി വാര്‍ഹോള്‍ വിവരിക്കുന്നതിങ്ങനെയാണ്: "ബിസിനസ്സില്‍ മികച്ചതായിരിക്കലാണ് ഹൃദയാകര്‍ഷകമായ തരത്തിലുള്ള കല." സമകാലിക കമ്പോളത്തിന്‍റെ ആവശ്യങ്ങളുമായി പൂര്‍ണമായും സംയോജിപ്പിക്കപ്പെട്ട ഒരു കലാരൂപത്തിനായി തന്‍റെ ഫാക്ടറിയില്‍ പുനഃസൃഷ്ടി നടത്തുമെന്നുപോലും പറയുന്നതായി വാര്‍ഹോള്‍ ഉദ്ധരിക്കപ്പെടാറുണ്ട്.

അസമത്വവും അനീതിയും നിറഞ്ഞ പ്രതിസന്ധി ബാധിതമായ മുതലാളിത്ത വ്യവസ്ഥയെ തകര്‍ത്തെറിയുന്നതിനുള്ള അഭിനിവേശം ജനിപ്പിക്കാതെ തുടരുന്നതിനുള്ള പില്‍ക്കാല മുതലാളിത്തത്തിന്‍റെ ശേഷിയുടെ കാതല്‍ എന്ന നിലയിലാണ് നിരന്തരം പുനരാവര്‍ത്തിക്കുകയും അമിതോപഭോഗം നടത്തുകയും ചെയ്ത് ചെടിപ്പുണ്ടാക്കുന്ന വെള്ളക്കോളറുകാരായ ഈ 'ഉത്ക്കര്‍ഷേച്ഛു' വര്‍ഗങ്ങളെ ഉത്തരാധുനികത കാണുന്നത്.

പുതിയ ചരക്കുവല്‍ക്കൃത കലയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് എന്നനിലയില്‍ വ്യത്യസ്തമായ മൂന്ന് സൗന്ദര്യശാസ്ത്ര പ്രവണതകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. (i) ശില്‍പ്പകലയില്‍ 'ഭൂതകാല'ത്തെ അലംകൃതമായ ബഹുജന സംസ്കാരത്തിനുമേല്‍ വൈവിധ്യപൂര്‍ണമായ ശൈലി കൊണ്ടുവരുന്നതിനനുകൂലമായ മീസ് വാന്‍ഡെര്‍ റോഹെയുമായും ഗ്രോപിയസുമായും ബന്ധപ്പെട്ട ബൗഹൗസ് ശില്‍പ്പ കലാപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനപരമായ ചെലവുചുരുക്കലിനെ നിരാകരിക്കല്‍ (ii) ദെല്യൂസിന്‍റെയും ദെറിദയുടെയും ഫുക്കോയുടെയും 'പോസ്റ്റ് സ്ട്രക്ചറലിസം' (ഘടനാനന്തര വാദം) -ഇവരെല്ലാം തന്നെ തുടര്‍ച്ചയില്ലാത്തതും ശിഥിലവുമായ, യാഥാര്‍ഥ്യത്തിന്‍റെ ബഹുസ്വഭാവത്തിന് ഊന്നല്‍ നല്‍കിയവരാണ്; 'വസ്തുനിഷ്ഠ' വിവരണത്തില്‍ എത്തിച്ചേരാനുള്ള യാഥാര്‍ഥ്യത്തിന്‍റെ ശേഷിയെ നിഷേധിച്ചുവരുമാണ്. (iii) വ്യാവസായികാനന്തര 'പാശ്ചാത്യസമൂഹം' എന്ന സങ്കല്‍പ്പനം. ഡാനിയല്‍ ബെല്ലും അലന്‍ തൊറയ്നും ഇതിനെ വന്‍തോതിലുള്ള വ്യാവസായിക ഉല്‍പ്പാദനത്തില്‍ നിന്ന് വിജ്ഞാനത്തെയും വിവരത്തെയും ആധാരമാക്കിയുള്ള വ്യവസ്ഥാപിതവും ചിട്ടയോടുകൂടിയതുമായ സൈദ്ധാന്തികഗവേഷണത്തിലൂടെ വികാസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടമെന്ന നിലയില്‍ വിഭാവനം ചെയ്യുകയാണ്; ഇത് വെളിപ്പെടുത്തുന്നത് 'നിയമങ്ങളെ'യല്ല, മറിച്ച് ഉയര്‍ന്ന വെള്ളക്കോളര്‍ വിഭാഗത്തിന്‍റെ അമിതോപഭോഗപരമായ ജീവിതശൈലിയിലേക്കു പരിപോഷിപ്പിക്കുകയും മത്സരക്കളികളിലേക്കു ശിഥിലീകരിക്കുകയും ചെയ്യുന്ന 'നിലപാടില്ലായ്മ'യാണ്.

ലോകം പരിപൂര്‍ണമാണെന്ന പാണ്ഡിത്യഗര്‍വോടുകൂടിയ സങ്കല്‍പ്പനമാണിത്; കാരണം ദൈവഹിതാനുസരണം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടതാണെന്നും നിശ്ചയമായും അത് 'മിഥ്യാമോഹത്തില്‍നിന്നും മുക്തിനേടിയ'താണെന്നും 17 ഉം 18ഉം നൂറ്റാണ്ടുകളിലുടനീളമുള്ള ശാസ്ത്രീയമായ അറിവിന്‍റെയും യുക്തിപരതയുടെയും വര്‍ധിച്ചുവരുന്ന ആധിപത്യം മൂലം 'വസ്തുനിഷ്ഠമായി അറിയാനാവുന്ന'തുമായിരിക്കുകയാണെന്നുമുള്ള സങ്കല്‍പ്പനമാണത്. എന്നാല്‍, 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിലും "പരസ്യമാക്കപ്പെട്ട പശ്ചാത്തലത്തിന്‍റെ യാഥാര്‍ഥ്യപൂര്‍ണമായ സങ്കല്‍പ്പനം"കൊണ്ട് അതിനെ വെല്ലുവിളിക്കുകയുണ്ടായി (വാള്‍ട്ടര്‍ ബെഞ്ചമിന്‍,  പേജ് 226). എപ്പോഴും അപൂര്‍ണമായിരിക്കുന്നതും തുടര്‍ച്ചയായി സ്വയം രൂപവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ ഒരിക്കലും അന്തിമമാകാത്തതുമെന്ന നിലയിലാണ് 
'യാഥാര്‍ഥ്യ'ത്തെ സവിശേഷവത്കരിച്ചിരിക്കുന്നത്.

പുരോഗതിയെയും തുല്യതയെയും അട്ടിമറിച്ച 
കൊളോണിയല്‍ ചൂഷണം

വൈജ്ഞാനിക വിപ്ലവവും വ്യാവസായിക വിപ്ലവവും, കെട്ടഴിച്ചുവിട്ട ഉല്‍പ്പാദനശക്തികള്‍ ഇനിയും വിജയകരമാകില്ലെന്ന് കണ്ടതിനാലാണ് സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ ജ്ഞാനോദയകാല മൂല്യങ്ങളുടെ 'ബൃഹദാഖ്യാനങ്ങളു'ടെ ചുവടൊപ്പിച്ചുള്ള പുരോഗതിയുടെ സാധ്യത ഉയര്‍ന്നത്. ആധുനികത എന്ന സങ്കല്‍പനം മുന്നോട്ടുവയ്ക്കപ്പെട്ടത് ശാസ്ത്ര വിജ്ഞാനം മനുഷ്യയുക്തിയുടെ നിയന്ത്രണത്തില്‍ പ്രകൃതിയെയും സമൂഹത്തെയും ഒന്നിച്ചുകൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ്. ഉല്‍പ്പാദകവര്‍ഗങ്ങളുടെ സാമൂഹിക പ്രാധാന്യം സാങ്കേതികവിദ്യാപരമായ സാമര്‍ഥ്യം ഉറപ്പാക്കും. വര്‍ധിച്ച നിലയിലുള്ള ഉല്‍പ്പാദനക്ഷമതയും വിശ്രമവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതാവസ്ഥ മെച്ചപ്പെടുത്തും; 
'ക്ഷേമരാഷ്ട്രം' അതിലെ എല്ലാ പൗരര്‍ക്കും ചൂഷണരഹിതവും തുല്യനിലയിലുള്ളതുമായ ജീവിത സാഹചര്യം പ്രദാനം ചെയ്യാനുള്ള സ്ഥിതിയിലായിരിക്കും. എന്നാല്‍, പാശ്ചാത്യവികസിത മുതലാളിത്തരാജ്യങ്ങളിലെ പൊതുവിലുള്ള ജീവിതസാഹചര്യം ഏറെക്കുറെ മെച്ചപ്പെട്ട സ്ഥിതിയിലായിട്ടും ഈ സമൂഹങ്ങളില്‍ പോലും അസമത്വം തുടരുന്നുണ്ട്. ഒന്നാം ലോകയുദ്ധത്തിനും രണ്ടാം ലോകയുദ്ധത്തിനും ഇടയ്ക്കായി ഉയര്‍ന്നുവന്ന സാമ്പത്തികപ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പ്രകൃതിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ത്വര, 'സമ്പൂര്‍ണമായും നിയന്ത്രിതമായ' സമീപനത്തില്‍ കൂടുതല്‍ അപകടകരമായ വിധം സ്വയം പ്രകടമാക്കപ്പെട്ടു; അതിലാണ് കിരാതവും അയുക്തികവുമായ രൂപങ്ങളിലുള്ള ഫാസിസം പടിഞ്ഞാറന്‍ യൂറോപ്പിലുടനീളം ഉയര്‍ന്നുവന്നതായി നാം കണ്ടത്.


ലാറ്റിനമേരിക്കയിലെയും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെയും കൊളോണിയല്‍ ചൂഷണം പുരോഗതിയെയും തുല്യതയെയും സംബന്ധിച്ച പ്രതീക്ഷകളെയാകെ ഇല്ലാതാക്കി; ആയതിനാല്‍ കൊളോണിയല്‍ ചൂഷണത്തിനെതിരായ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലെ ഏറ്റവും ശ്രദ്ധേയമായ ബഹുജനപ്രസ്ഥാനങ്ങള്‍ (ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അറബ് ദേശീയതയുടെ ഉയര്‍ന്നുവരവും ആഫ്രിക്കയിലെ പല ഭാഗങ്ങളിലെയും സ്വാതന്ത്ര്യസമരങ്ങളും) വികസ്വരമുതലാളിത്തത്തോടുകൂടിയ രാജ്യങ്ങളിലാണ് സംഭവിച്ചതെന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല; ഈ രാജ്യങ്ങളില്‍ ചെറിയൊരു തൊഴിലാളിവര്‍ഗവും താരതമ്യേന വ്യാപകമായ മുതലാളിത്ത പൂര്‍വ സാഹചര്യങ്ങളും നിലനിന്നിരുന്നു. ജനാധിപത്യപരമായ തുല്യതയുടെയും സ്വാതന്ത്ര്യത്തിന്‍റെയും റിപ്പബ്ലിക്കന്‍ തത്ത്വങ്ങള്‍ അവ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ ബഹുവര്‍ഗപ്രസ്ഥാനങ്ങളുടെ ലക്ഷ്യം പ്രധാനമായും ദേശീയ മുതലാളിത്തത്തെ വികസിപ്പിക്കലും ശക്തിപ്പെടുത്തലുമാണ്.

വിപ്ലവങ്ങളുടെ വിജയം
ഇന്‍ഡൊനേഷ്യയുടെയും ലാവോസും വിയത്നാമും ഉള്‍പ്പെടെ ഇന്‍ഡൊ ചൈനയിലെ രാജ്യങ്ങളുടെയും ഉത്തരകൊറിയയുടെയും 1949ല്‍ ചൈനീസ് വിപ്ലവം വിജയിച്ചതിന്‍റെയും കാര്യങ്ങള്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. സോഷ്യലിസം സ്ഥാപിക്കുകയെന്ന പ്രഖ്യാപിതലക്ഷ്യമുള്ള കമ്യൂണിസ്റ്റു പാര്‍ടികള്‍ നേതൃത്വം നല്‍കിയവയാണെങ്കിലും ഈ പ്രസഥാനങ്ങള്‍ നയിച്ചത് പ്രാഥമികമായും കര്‍ഷകജനതയാണ്.


സോഷ്യലിസം സംബന്ധിച്ച മാര്‍ക്സിസ്റ്റ് സിദ്ധാന്തം- മുഖ്യ സാമൂഹിക ശക്തി തൊഴിലാളിവര്‍ഗമാണെന്ന സിദ്ധാന്തം- ഈ ചരിത്രം മനസ്സിലാക്കുന്ന കാര്യത്തില്‍ യോജിച്ചതാണോയെന്ന ചോദ്യത്തിന് ഒഴിവാക്കാനാവാത്തതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

1917-ലെ ഒക്ടോബര്‍ വിപ്ലവം യൂറോപ്പില്‍ മാത്രമല്ല ലോകത്തുടനീളം അതിബൃഹത്തായ സ്വാധീനമാണ് ചെലുത്തിയത്. സാമൂഹിക ജീവിതത്തിന്‍റെ സമസ്തമണ്ഡലങ്ങളിലും അതിന്‍റെ അതിപ്രധാനമായ പാഠങ്ങള്‍ ചെന്നെത്തുകയുണ്ടായി; എന്നാല്‍ വിപ്ലവം നടക്കുന്നതിനുമുമ്പ് സാധ്യമാകുമെന്ന് തോന്നുകപോലും ചെയ്തിട്ടില്ലാത്ത പുരോഗമനപരമായ, ആകര്‍ഷകമായ ആശയങ്ങള്‍ അതിശയകരമായ വിധം വിജയിച്ചതു കണ്ട് വിപ്ലവകാരികള്‍ മാത്രമല്ല, ലോകത്താകെയുള്ള പുരോഗമന ചിന്താഗതിക്കാരാകെ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയുണ്ടായി. തൊഴിലാളിവര്‍ഗത്തിന്‍റെയും ജനങ്ങള്‍ക്കിടയിലെ മറ്റു ഉല്‍പ്പാദകവിഭാഗങ്ങളുടെയും വിജയകരമായ സമരത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടപ്പോള്‍ സിദ്ധാന്തം സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, അതേനിലയില്‍ തന്നെ സാംസ്കാരികവും സൗന്ദര്യശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളിലും വിമോചനപരമായ ഒരു മുന്നേറ്റത്തിനിടയാക്കി.


റഷ്യന്‍ കണ്‍സ്ട്രക്ടിവിസ്റ്റുകള്‍ ബൂര്‍ഷ്വാ സമൂഹത്തിന്‍റെയും ചിന്തയുടെയും യുക്തിപരതയുടെയും ഹുങ്ക് പ്രദര്‍ശിപ്പിച്ച് വീമ്പടിച്ചു. രാഷ്ട്രീയ സാഹചര്യങ്ങളെ, പ്രത്യേകിച്ച് ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളെ ആശ്രയിച്ച്  നടന്ന അതിനൂതനതയിലേക്കുള്ള ആധുനികതയുടെ സമൂലപരിവര്‍ത്തനം സ്ഫോടനാത്മകമായിരുന്നു. കവികളും എഴുത്തുകാരും ചിത്രരചയിതാക്കളും ശില്‍പ്പികളും ആര്‍ക്കിടെക്ടുകളുമെല്ലാം ചേര്‍ന്ന് കലയും ജനങ്ങളും ഒരൊറ്റ സത്തയായി രൂപപ്പെടണമെന്ന് പ്രഖ്യാപിച്ചു. കല ഇനിയൊരിക്കലും ചുരുക്കം ചിലരുടെ ആര്‍ഭാടമാകാന്‍ പാടില്ല; മറിച്ച് നാനാജനവിഭാഗങ്ങളൊന്നടങ്കം ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതാവണം.

യൂറോപ്യന്‍ മ്യൂസിയങ്ങളെ മോടിപിടിപ്പിക്കുന്ന മുന്‍കാലത്തെ ജൈവരചനകളില്‍നിന്ന്, വ്യത്യസ്തമായി അത്യാധുനിക കലാസൃഷ്ടികള്‍ അവയുടെ കൃത്രിമത്വം വിളിച്ചറിയിച്ചു.  ഒരു 'സ്ഥാപന'മെന്നനിലയില്‍ കലയെ നശിപ്പിക്കുകയെന്ന ഉദ്ദേശ്യം കലാപ്രവര്‍ത്തനത്തെത്തന്നെ വിപ്ലവവല്‍ക്കരിച്ചു. ബ്രഹ്ത്തിന്‍റെ നാടകങ്ങളിലും ഐസെന്‍സ്റ്റീനിന്‍റെ സിനിമകളിലും ഉപയോഗിച്ചതു പോലെയുള്ള മൊണ്ടാഷ് (സംയുക്തചിത്രം), സര്‍റിയലിസത്തിന്‍റെ ഹാസ്യാത്മകവും നാടകീയവുമായ സാങ്കേതികതകള്‍, ദാദായിസം, ക്യൂബിസത്തിലെ പ്രാതിനിധ്യത്തിന്‍റെ ബോധപൂര്‍വമായ നശീകരണം എന്നിവയെല്ലാം കലാസൃഷ്ടികളെ "യാഥാര്‍ഥ്യ"ത്തിന്‍റെ സൂചകങ്ങളാക്കുകയല്ല, മറിച്ച് അവയെ യാഥാര്‍ഥ്യങ്ങള്‍ തന്നെയാക്കുകയാണ് (The Theory of Avantgrade - പീറ്റര്‍ ബര്‍ഗര്‍).


അത്യന്താധുനികതയുടെ പ്രാതിനിധ്യേതരമായ സാങ്കല്‍പ്പികവും രീതിശാസ്ത്രപരവുമായ സൗന്ദര്യശാസ്ത്രം വ്യക്തമായും വെളിപ്പെടുത്തുന്നത് സൃഷ്ടിപരതയുടെ ഈ സമ്പന്നവും സങ്കീര്‍ണവുമായ രൂപങ്ങള്‍ അധ്വാനിക്കുന്ന ജനതയുടെ സ്വയംബോധ്യമായ വിപ്ലവ ഏജന്‍സിയുടെ കുതിച്ചുയരലാണെന്നാണ്. ഉത്തരാധുനികമായ വ്യാഖ്യാനത്തെ നിഷേധിക്കുന്നതില്‍ കമ്പോളത്തിന്‍റെ  സ്ഥാപിതമായ മേധാവിത്വവും അതേത്തുടര്‍ന്ന് 'വ്യവസായികാനന്തര' മുതലാളിത്തമെന്ന് വിളിക്കപ്പെടുന്നതുപ്രകാരമുള്ള കലയുടെ ചരക്കുവല്‍ക്കരണവും തനതായി വികസിച്ചുവന്നതാണെന്ന് ചരിത്രപരമായിത്തന്നെ കാണാവുന്നതാണ്.


മുന്‍പ് നല്‍കിയ വര്‍ഗസമരത്തെ സംബന്ധിച്ച വിവരണം, 'വ്യവസായികാനന്തര' മുതലാളിത്ത സമൂഹത്തില്‍ ചരിത്രപരമായി തന്നെ വര്‍ഗസമരത്തെയും വ്യാവസായികതൊഴിലാളിവര്‍ഗം എന്ന ഏജന്‍സിയെയും അപ്രസക്തമാക്കിക്കഴിഞ്ഞുവെന്ന ഉത്തരാധുനികതയുടെ അവകാശവാദത്തിന് പ്രത്യക്ഷത്തില്‍ വിശ്വാസ്യത നല്‍കുന്നു. എന്നാല്‍ വര്‍ഗസമരത്തിന്‍റെ ചരിത്രപരമായ ചാഞ്ചാട്ടത്തിന്‍റെ ഒരു ഭാഗം മാത്രമേ മുന്‍ വിവരണത്തിലുള്ളൂ; അതുല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത പ്രതിസന്ധിയുടെയും ഒരു ഭാഗം മാത്രമേ വിവരിക്കപ്പെടുന്നുള്ളൂ.


രണ്ടാം ലോകയുദ്ധം അവസാനിച്ചത് ഫാസിസത്തിന്‍റെ പരാജയത്തോടെയും സോഷ്യലിസ്റ്റ് ചേരിയുടെ ഉദയത്തോടെയുമാണ്. സാമ്രാജ്യത്വത്തിന് അസംഖ്യം ദേശീയ വിമോചനപ്രസ്ഥാനങ്ങളെ അഭിമുഖീകരിക്കേണ്ടതായിവന്നു; പല ദേശീയ ഭരണസംവിധാനങ്ങളും സന്ധി ചെയ്യുകയും പാട്രിസ് ലുമുംബയെപോലെയുള്ള വിപ്ലവനായകരെ സിഐഎ കൊലപ്പെടുത്തുകയും ചെയ്തെങ്കിലും സാമ്രാജ്യത്വത്തെ ബാധിച്ച പ്രതിസന്ധി മൂര്‍ച്ഛിക്കുകതന്നെയായിരുന്നു. വിയറ്റ്നാമിലെ അമേരിക്കയുടെ പരാജയം ഒരു കനത്ത തിരിച്ചടിയായിരുന്നു; ചിലിയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സോഷ്യലിസ്റ്റ് പ്രസിഡന്‍റ് സാല്‍വദോര്‍ അലന്‍ഡെയെ കൊലപ്പെടുത്തിയതും തല്‍സ്ഥാനത്ത് സിഐഎ ജനറല്‍ അഗ്സ്റ്റോ പിനോഷെയെ കൂടിയിരുത്തിയതും ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുമേല്‍ രാഷ്ട്രീയദുരന്തം സൃഷ്ടിക്കുന്ന ഭരണസംവിധാനമെന്ന് അമേരിക്കന്‍ ഭരണസംവിധാനം തുറന്നുകാണിക്കപ്പെട്ടു. അതേപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ പുരോഗമന ഭരണസംവിധാനത്തിനുമേല്‍ അമേരിക്ക നടത്തിയ ആക്രമണമാണ് മതമൗലികവാദികളായ താലിബാനെ സൃഷ്ടിച്ചതും ശക്തിപ്പെടുത്തിയതും. അഫ്ഗാന്‍ ജനതയ്ക്ക് പറഞ്ഞറിയിക്കാനാവാത്തത്ര ഭീകരമായ ദുരിതങ്ങള്‍ക്ക് കാരണമായ സൈനിക ഇടപെടല്‍ പരാജയപ്പെട്ടതോടെ അമേരിക്ക വീണ്ടും താലിബാന് അധികാരം കൈമാറാന്‍ നിര്‍ബന്ധിതമായി. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് (വര്‍ണവെറിയന്‍) വാഴ്ചയുടെ പരാജയവും പുതിയ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡന്‍റെന്ന നിലയില്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് ലോകവ്യാപകമായി ലഭിച്ച ജനപ്രിയതയും അഭൂതപൂര്‍മായ ഒന്നായിരുന്നു. ഇറാഖ്, ലെബനന്‍, സിറിയ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും ഒപ്പം ലിബിയയ്ക്കും നേരെ നടത്തിയ കടന്നാക്രമണങ്ങള്‍ അമേരിക്കയിലെയും യൂറോപ്പിലെയും എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് മറപിടിക്കാനായിരുന്നു; ഒരിക്കലും മതമൗലികവാദത്തിന്‍റെ പിടിയില്‍പ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളാണ് ഇവയെല്ലാം തന്നെ.


നഷ്ടപ്പെട്ട മുതലാളിത്തം
നിസ്സംശയമായും സോഷ്യലിസം എന്ന ആശയത്തിനുതന്നെ ഹാനികരമായി മാറിയ, പുതുതായി സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളെ സംബന്ധിച്ച് സ്വതന്ത്രമായ വളര്‍ച്ചയ്ക്കുള്ള സാധ്യതയെപോലും വലിയതോതില്‍ പ്രതികൂലമായി ബാധിച്ച, സോവിയറ്റ് യൂണിയന്‍റെയും സോഷ്യലിസറ്റ് ചേരിയുടെയും തകര്‍ച്ച ഉണ്ടായിട്ടുപോലും മുതലാളിത്തത്തിനു സ്വസ്ഥത ലഭിച്ചില്ല. 2008ലെ സബ്പ്രൈം വായ്പാപ്രതിസന്ധിയും വിദ്യാഭ്യാസ വായ്പാപ്രതിസന്ധിയും സൃഷ്ടിച്ച ധനമേഖലയിലെ തകര്‍ച്ച ബ്രെട്ടന്‍വുഡ്സ് സംവിധാനത്തെയാകെ തകര്‍ച്ചയുടെ വക്കത്തെത്തിച്ചു. ഈ പ്രതിസന്ധിക്ക് പ്രാഥമികമായും ഉത്തരവാദികളായ, അത് സൃഷ്ടിച്ച ഫൈനാന്‍സിയര്‍മാര്‍ക്ക് അമേരിക്കന്‍ ഗവണ്‍മെന്‍റ് ഇടത്തരം വര്‍ഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ള, മാന്ദ്യത്തിന്‍റെ കെടുതി അനുഭവിക്കുന്ന, ദരിദ്രരായ തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളില്‍ നിന്നും സ്വത്ത് അനിയന്ത്രിതമായി, യാതൊരു മറയുമില്ലാതെ കൈമാറിക്കൊടുത്തതുകൊണ്ടുമാത്രമാണ് മുതലാളിത്തം ആ പ്രതിസന്ധിയെ അതിജീവിച്ചത്. ധനപ്രതിസന്ധികളാലും കുമിഞ്ഞുകൂടുന്ന കടബാധ്യതയാലും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയാലും നിരന്തരം മാന്ദ്യഭീഷണി ഉയര്‍ത്തുന്ന വളര്‍ച്ചയുടെ മന്ദതയാലുമാണ് മുതലാളിത്തത്തിന്‍റെ ഇന്നത്തെ അവസ്ഥ അടയാളപ്പെടുത്തപ്പെടുന്നത്.


അരനൂറ്റാണ്ടിലേറെമുന്‍പ് ആദ്യമായി യൂറോപ്പില്‍തന്നെ ശീതയുദ്ധത്തിന്‍റേതായ മനോഭാവം കൊണ്ടുവന്നത് മുതലാളിത്തത്തിന്‍റെ പ്രതിസന്ധികളാണ്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയെതുടര്‍ന്ന് നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമായി അയല്‍രാജ്യങ്ങളെ സൈനികവല്‍ക്കരിക്കുകയും അവയെ നാറ്റോയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതും റഷ്യയ്ക്കു ചുറ്റും ശത്രുതയോടുകൂടി നില്‍ക്കുന്ന രാജ്യങ്ങളെക്കൊണ്ടുള്ള വലയം സൃഷ്ടിക്കുന്നതിനായി, മിന്‍സ്ക് ഉടമ്പടി നടപ്പാക്കുന്നത് തടയുന്നതിന് അമേരിക്ക ബോധപൂര്‍വമായ ഇടപെടല്‍ നടത്തിയതുമാണ് ഉക്രൈനില്‍ യുദ്ധത്തിന് ഇടയാക്കിയത്.


ഈയടുത്ത കാലത്ത് ബൈഡന്‍ ഗവണ്‍മെന്‍റ് യാതൊരു പ്രകോപനവുമില്ലാതെ തായ്വാനില്‍ രാഷ്ട്രീയമായി ഇടപെടുകയും ചൈനയുമായി ഏറ്റുമുട്ടുന്നതിന് സൈനികോപകരണങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്തു.


മാനവരാശിയുടെ ചാലകശക്തിയെന്ന നിലയില്‍ വര്‍ഗസമരത്തിന്‍റെ സ്വാധീനത്തെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ (വര്‍ഗ സമരത്തില്‍ ഇരുപക്ഷത്തുമുള്ള വര്‍ഗങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടാകുമെങ്കില്‍ പോലും) ഇന്നത്തെ ലോകം തന്നെ, കോര്‍പറേറ്റുകളുടെ കൊള്ളലാഭക്കൊതിയുടെ ഭീഷണി നേരിടുന്ന പാരിസ്ഥിതികാന്തരീക്ഷവും ആണവായുധംമൂലമുള്ള വംശനാശഭീഷണിയും നേരിടുന്ന ജനതയും അടങ്ങിയ ഇന്നത്തെ ലോകം തന്നെ  'ഉത്തരാധുനികത' പാടെ പരാജയപ്പെട്ടുവെന്നതിന്‍റെ പ്രത്യക്ഷദൃഷ്ടാന്താണ്. സമകാലികലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കോ നാം ആഗ്രഹിക്കുന്ന ഭാവി സാധ്യതകള്‍ക്കോ വിശ്വസനീയമായ എന്തെങ്കിലും പരിഹാരം കാണുന്നതില്‍ ഉത്തരാധുനികത പാടെ പരാജയമാണെന്ന് ഇത് കാണിക്കുന്നു. 

നിലവിലുള്ള സ്വന്തം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മുതലാളിത്തത്തിന്‍റെ കഴിവില്ലായ്മ മൂടിവയ്ക്കുന്നതിനുള്ള നീക്കം ലാക്കാക്കിയ പ്രത്യയശാസ്ത്ര സമീപനമായാണ് ഉത്തരാധുനികത നിലനില്‍ക്കുന്നത്; പക്ഷേ അത് സൈദ്ധാന്തികമായി തീര്‍ത്തും അപര്യാപ്തമാണ്. വര്‍ഗവൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും ലോകസമാധാനത്തിന് ഭീഷണിയായി തുടരുക തന്നെയാണ്. •