ഉത്തരാധുനികതയും ഫെമിനിസവും

ഡോ. ടി കെ ആനന്ദി

രുപതാം നൂറ്റാണ്ടില്‍ പുതിയതായി വളര്‍ന്നുവന്ന ഇടതുപക്ഷം, ഫെമിനിസത്തിലെ പുതിയ ധാരകളെയും, മാര്‍ക്സിസ്റ്റ് വായനയ്ക്ക്  വിധേയമാക്കുകയും മുതളിത്തത്തിനും സാമ്രജ്യത്തിനും ഒപ്പം പുരുഷമേധാവിത്വത്തെയും എതിര്‍ക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. മാര്‍ക്സിസത്തിനു സ്ത്രീപ്രസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയം വ്യാപകമായി ഉണ്ടായിരുന്നു. മാര്‍ക്സിസം ഒരു ആണ്‍കോയ്മാഭാവമാണെന്നും ഫെമിനിസത്തെ ഉള്‍ക്കൊള്ളുന്നതിന് അതിന് പരിമിതികള്‍ ഉണ്ടെന്നും പരക്കെ പ്രചരിപ്പിക്കപ്പെട്ടു. റാഡിക്കല്‍ ഫെമിനിസം, ലിബറല്‍ ഫെമിനിസം, സോഷ്യലിസ്റ്റ് ഫെമിനിസം എന്നിങ്ങനെ 1960 കളില്‍ വളര്‍ന്നു വന്ന ഫെമിനിസം മുഖ്യശത്രുവായി കണ്ടിരുന്നത് പുരുഷമേധാവിത്വത്തെയാണ്. എങ്കിലും, സ്ത്രീകളുടെ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട വസ്തുതകളും പലരുടെയും അനുഭവങ്ങളുടെ വിശദീകരണവും വന്നതോടെ, സ്ത്രീപ്രശ്നം എന്നത് ഒരു രാഷ്ട്രീയ പ്രശ്നമാണ് എന്ന് അംഗീകരിക്കുകയായിരുന്നു.  

അന്നത്തെ റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെ സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്‍റെ കാരണമായിഅംഗീകരിച്ചതും എംഗല്‍സിന്‍റെ 'കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം' എന്ന പഠനം തന്നെ ആയിരുന്നു.  ഇതിന്‍റെ തുടര്‍ച്ചയായി 'ലൈംഗികതയുടെ രാഷ്ട്രീയം' (കെയ്റ്റ് മില്ലെറ്റ്), പുരുഷാധീശത്വം (ഷൂലമിത് ഫയര്‍ സ്റ്റോണ്‍) ഗാര്‍ഹികാധ്വാനം (ബെറ്റി ഫ്രീഡാന്‍) കൂലിവേലയും വീട്ടുജോലിയും തമ്മിലുള്ള ബന്ധം (വാലി സീകോമ്ബ്) എന്നിങ്ങനെ പുതിയ മേഖലകള്‍ ചര്‍ച്ച ചെയ്തു തുടങ്ങി. റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ ഏറ്റവും വലിയ വിമര്‍ശനം, മാര്‍ക്സിസത്തില്‍ ലൈംഗികതയെക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ സിദ്ധാന്തങ്ങളും വിശദീകരണങ്ങളും 'സ്ത്രീ അനുഭവങ്ങളിലൂടെ' ആയി.  ഇതിനു സഹായകമായത്, ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെ സ്ത്രീ സൈദ്ധാന്തികയായിരുന്ന സിമോണ്‍ ഡി ബുവെ ആയിരുന്നു. സ്ത്രീകളുടെ 'അപരത്വവും' 'സ്ത്രീകളായും പുരുഷന്മാരായുമുള്ള  പരിവര്‍ത്തനവും' ഒക്കെ ത്തന്നെ, അന്നും പില്‍ക്കാലത്തും ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ വന്‍തോതില്‍ തന്നെ സ്വാധീനിച്ചിരുന്നു. എങ്കിലും, സമൂഹം, സമൂഹത്തിലെ സ്ത്രീ, സമൂഹ അദ്ധ്വാനം, വരുമാനം ലഭിക്കുന്ന തൊഴിലുകളിലെ ചൂഷണം എന്നിങ്ങനെ സമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യക്തിഗത പ്രശ്നങ്ങള്‍ തന്നെയായിരുന്നു ചര്‍ച്ചയ്ക്ക് വന്നിരുന്നത്. 


മാത്രമല്ല, ലൈംഗിക രാഷ്ട്രീയമെന്ന കൃതിയിലൂടെ കെയ്റ്റ്  മില്ലെറ്റ് ഉള്‍പ്പെടെയുള്ളവര്‍  എംഗല്‍സിന്‍റെ ചരിത്രപരമായ വിശകലനം അംഗീകരിച്ചിരുന്നു. അലക്സാണ്ട്ര കൊല്ലന്തായ്, അഗസ്റ്റ് ബെബല്‍ എന്നിവര്‍മുന്നോട്ടു വെച്ച 'പൊതു അടുക്കള' പൊതു ക്രെഷേ  എന്നിവയെയും സ്ത്രീകള്‍പൊതുരംഗത്ത് വരേണ്ടുന്നതിന്‍റെ ആവശ്യകതയുമായി ബന്ധപ്പെടുത്തി വിശദീകരിച്ചിരുന്നു. ഘടനവാദത്തിലൂന്നി ജൂലിയറ്റ് മിച്ചല്‍ വാദിച്ചതും ജൈവശാസ്ത്രത്തിലൂന്നി ജാനറ്റ് സയേഴ്സ് വാദിച്ചതുമൊക്കെ സ്ത്രീകളെ മറ്റൊരു സ്വത്വമായോ വര്‍ഗമായോ കണ്ടു കൊണ്ടായിരുന്നില്ല. ജൈവശാസ്ത്ര നിര്‍ണയം തെറ്റാണെന്നായിരുന്നു ജാനറ്റ് സയേഴ്സ് വാദിച്ചത്. അതുപോലെ ലേവി സ്ട്രോസിന്‍റെ ഘടനവാദത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയാണു ജൂലിയറ്റ് മിച്ചല്‍ ചെയ്തത്. ഇത്തരം വാദപ്രതിവാദങ്ങളും പഠനങ്ങളും ഒക്കെത്തന്നെ  സ്ത്രീപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അന്ന് നടന്നിരുന്നത്.  


ഇതിന്‍റെ തുടര്‍ച്ചയായി എഴുപതുകളുടെ തുടക്കത്തില്‍   പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുകയായിരുന്നു.  സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്‍റെ സ്രോതസ്സ് എന്ത്? 


ലിംഗപരമായ തൊഴില്‍വിഭജനത്തിന്‍റെ കാരണം എന്ത്? സാമൂഹ്യമായ പ്രതിവിധി എന്ത്?സ്ത്രീ എന്നത് ഒരു സ്വത്വമാണോ? സ്ത്രീകളുടെ കൂലി കുറയുന്നതെന്തുകൊണ്ട്? എന്നിങ്ങനെ പല ചോദ്യങ്ങളുയര്‍ന്നു. മിക്കവാറും എല്ലാ സ്ത്രീകളും അടിച്ചമര്‍ത്തപ്പെടുന്നവരാണ് എന്ന ബോധമുണ്ടായെങ്കിലും വ്യത്യസ്ത കര്‍ത്തൃത്വങ്ങളുടെ വ്യത്യസ്ത അനുഭവങ്ങളുടെ കൂട്ടായ്മകള്‍ വളര്‍ന്നു വന്നു. സാംസ്കാരികമായി, മതപരമായി, ജാതിപരമായി അനുഭവങ്ങളുടെ സാമ്യതയുമായി ബന്ധപ്പെട്ട് ഒക്കെത്തന്നെ കൂട്ടായ്മകള്‍ ഗതിമാറി. ഇതിന്‍റെ കൂടെത്തന്നെ സ്ത്രീ ലൈംഗികതയുടെ ഫെമിനിസ്റ്റ് ചര്‍ച്ചകള്‍ നടന്നു. കാരണം പങ്കു വെക്കലില്‍ പലതും വ്യക്തിപരമായ ശാരീരികവും മാനസികവുമായ പീഡന അനുഭവങ്ങള്‍ ആയിരുന്നു. സ്ത്രീകളുടെ സാക്ഷാത്കാരം ചര്‍ച്ച ചെയ്യപ്പെട്ടു. ദെക്കാര്‍ത്തെ പുനര്‍ വായിക്കപ്പെട്ടു. 'മനസ്സും ശരീരവും' ചര്‍ച്ചയ്ക്കു വിധേയമായി, ലൈംഗിക വേഴ്ചയിലെ സ്ത്രീ അനുഭവങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമായി. 

എഴുപതുകളിലും എണ്‍പതുകളിലും നടന്ന ചര്‍ച്ചകള്‍ സുപ്രധാന വഴിത്തിരിവിലേക്കാണ് സൂചന തരുന്നത്. സാമൂഹ്യമായി സ്ത്രീ പദവിയെ വിലയിരുത്തുന്ന നിലപാടുകളില്‍  നിന്നും ലൈംഗികതയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള അന്വേഷണങ്ങളിലേക്ക് ഊന്നല്‍ പരിണമിക്കുകയായിരുന്നു. സാമൂഹ്യമായ ജ്ഞാന നിര്‍മ്മിതിക്കു പകരം, ലിംഗപദവിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ പ്രപഞ്ച സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം വളര്‍ന്നു വന്ന ഫെമിനിസ്റ്റ് ചിന്തയെയും പ്രസ്ഥാനത്തെയും സ്വാധീനിച്ചത് ഈ ദിശാ പരിവര്‍ത്തനം ആയിരുന്നു. ജ്ഞാനനിര്‍മിതിയായി ഫെമിനിസം അറിയപ്പെട്ടതോടെ പ്രക്ഷോഭത്തിന്‍റെ വശം കുറയുകയും അക്കാദമിക തലം വളരുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സമ്മേളനങ്ങള്‍ പലതും സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ പ്രശ്നത്തെ മുഖ്യ ധാരയില്‍ എത്തിക്കാന്‍ ഈ സമ്മേളനങ്ങള്‍ സഹായിച്ചുവെങ്കിലും പഞ്ചവത്സര സമ്മേളനങ്ങളില്‍ സ്ത്രീ പ്രസ്ഥാനം ഒതുങ്ങി. തുല്യത, വികസനം, സമാധാനം എന്നീ ആശയങ്ങള്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ചു. തുല്യത എന്നത് പാശ്ചാത്യ ജനാധിപത്യത്തിനും വികസനം എന്നത് മൂന്നാം ലോകരാജ്യങ്ങള്‍ക്കും സമാധാനം എന്നത് സോവിയറ്റ് യൂണിയനും ബാധകമായിട്ട് ആയിരുന്നു എന്നത് ആകസ്മികമായിരുന്നില്ല.  

സ്ത്രീമുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തിയ പ്രതിഭാസം സോഷ്യലിസ്റ്റുകള്‍ പറയുന്നതുപോലെ മുതലാളിത്ത ചൂഷണമല്ല; പകരം, പുരുഷാധിപത്യത്തിനു കീഴിലെ പീഡനമാണ് എന്നത് പുതിയ സ്ത്രീവാദത്തിന്‍റെ ആശയമായി മാറ്റുവാന്‍ ഈ സമ്മേളനങ്ങള്‍ക്ക് കഴിഞ്ഞു.  സമ്മേളനങ്ങളിലെ പ്രാദേശിക റിപ്പോര്‍ട്ടിങ്ങില്‍ ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം എന്നീ വിഷയങ്ങള്‍ ആയിരുന്നു ഏറെയും. 


തുടര്‍ന്ന് ശരീരവുമായി ബന്ധപ്പെട്ട പല സിദ്ധാന്തങ്ങളും ഇക്കാലത്തുണ്ടായി. പ്രക്ഷോഭത്തിന്‍റെ സമരമുഖം മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയായിരുന്നു.


പീഡനങ്ങളുടെ  ഉറവിടം ലൈംഗികതയും ശരീരവും എന്നായതു ഉത്തരാധുനികതയ്ക്കു സ്വാധീനിക്കാന്‍ എളുപ്പമായി. ഫെമിനിസ്റ്റ് സാഹിത്യം, ഫെമിനിസ്റ്റ് സൗന്ദര്യ ശാസ്ത്രം, ഫെമിനിസ്റ്റ് സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെ എല്ലാ അക്കാദമിക മേഖലകളിലേക്കും വ്യാപിക്കുമ്പോഴും ചില ധാരണകള്‍ തിരുത്തപ്പെട്ടു. ഞാന്‍ ഒരു റാഡിക്കല്‍ ഫെമിനിസ്റ്റ് ആണ് എന്നു പറയുമ്പോള്‍ ചില ധാരണകള്‍ ഉണ്ടായിരുന്നു. 'നില നില്‍ക്കുന്ന പുരുഷമേധാവിത്വ ആശയങ്ങളെ ഞാന്‍ വെറുക്കുന്നത്. ചോദ്യം ചെയ്യുന്നു' എന്നാണ് അത് വ്യക്തമായിരുന്നത്. ഞാന്‍ ഒരു ഫെമിനിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞയാണ് എന്നു പറയുമ്പോള്‍ അത് നവലിബറല്‍ സാമ്പത്തിക ശാസ്ത്രമാവാം, മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രമാവാം, കെയ്നീഷ്യന്‍ സാമ്പത്തിക ശാസ്ത്രമാവാം. വൈവിധ്യങ്ങള്‍ ഏറെയായിരുന്നു. അതേസമയം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു എന്നത് പ്രശംസനീയമാണ്. കൃത്യമായ നിലപാടുകള്‍ എടുക്കപ്പെട്ടിരുന്നില്ല എന്നര്‍ത്ഥം. 


ഉത്തരാധുനികത ഒരു സിദ്ധാന്തമായിട്ടല്ല  രൂപപ്പെട്ടത്. കുറെയധികം തുറന്ന ചിന്തകളും ചര്‍ച്ചാ പദ്ധതികളും ആയിട്ടാണ്. അതുകൊണ്ടു റാഡിക്കല്‍ ഫെമിനിസത്തെയോ, മാര്‍ക്സിസ്റ്റ് ഫെമിനിസത്തെയോ പോലെ, സൈദ്ധാന്തിക കാഴ്ചപ്പാടുകള്‍ അതിന് ഇല്ലായിരുന്നു. പൊതുവായ കുറെ വ്യവഹാരങ്ങളിലൂടെ (റശരെീൗൃലെെ) പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും തുടക്കം കുറിക്കുകയാണ് ഉത്തരാധുനികത ചെയ്യുന്നത്. സമൂഹമോ സാമൂഹ്യമാറ്റമോ ഉത്തരാധുനികതയുടെ അജന്‍ഡ അല്ല.  പരിഹാരങ്ങള്‍ക്കു പകരം പ്രശ്നങ്ങളുടെ വിശകലനങ്ങളിലേക്ക് ഒതുങ്ങുകയാണ് അത് ചെയ്യുന്നത്. അതുവരെ ചര്‍ച്ച ചെയ്യാത്ത പലതും ചര്‍ച്ചയ്ക്ക് വന്നു എന്നത് ഗുണപരമാണ്. ഉദാഹരണമായി, സ്ത്രൈണ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടവ, ഭിന്ന ലൈംഗികതയുടെ പ്രശ്നങ്ങള്‍ എല്ലാം വെളിച്ചത്തു വന്നു. പക്ഷേ അതേസമയം തന്നെ, എങ്ങുമെത്താത്ത ചര്‍ച്ചകള്‍ ഗുണം ചെയ്യുന്നില്ല.  

ഉത്തരാധുനികത സ്ത്രീകളുടെ അടിച്ചമര്‍ത്തല്‍ ചോദ്യം ചെയ്യുന്നില്ല.  അടിവേരുകളോ ചരിത്രമോ രണ്ടും അതിന് നിഷിദ്ധമാണുതാനും.  ഹെയ്തി ഹാര്‍ട്മാന്‍ സൂചിപ്പിച്ച 'മാര്‍ക്സിസവും ഫെമിനിസവും തമ്മില്‍ ഉണ്ടായ അസന്തുഷ്ഠ വിവാഹം' വിവാഹത്തിന്‍റെ റദ്ദാക്കലിലേക്ക് എത്തുമോ എന്ന സംശയം എഴുപതുകളില്‍ തുടങ്ങിയിരുന്നു. മാര്‍ക്സിസത്തെ 'സാമ്പത്തിക നിര്‍ണയ വാദമായും' സോവിയറ്റ് അനുഭവങ്ങളുടെ വിമര്‍ശനമായി കണ്ടിരുന്നപ്പോഴും പൊതു പ്രശ്നങ്ങളില്‍ ഐക്യം സാധ്യമാണ് എന്നു വാദിച്ചിരുന്നവര്‍ പോലും അത്തരം നിലപാടില്‍ നിന്നും മാറിത്തുടങ്ങിയിരുന്നു. 

നിലവിലുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ആണ്‍കോയ്മയുടെ സൃഷ്ടിയാണെന്നും അതിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും എല്ലാ ഫെമിനിസ്റ്റുകളും ഒരുപോലെ ആവശ്യപ്പെട്ടു. മാത്രമല്ല, ആണ്‍കോയ്മ സ്വന്തം ഭാഷാപരവും നിയമപരവും ശരീരപരവും മതപരവുമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് ഭിന്നലിംഗബന്ധങ്ങള്‍ നിലനിര്‍ത്തുകയും അതുവഴി ആണ്‍കോയ്മ ബന്ധങ്ങളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു എന്ന നിഗമനത്തില്‍ എത്തുകയും, ആണ്‍കോയ്മ രൂപങ്ങള്‍ക്ക് എതിരായ സ്ത്രൈണ രൂപങ്ങള്‍ സൃഷ്ടിച്ചെടുക്കുവാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനായി സഹായത്തിനെത്തിയത് ഉത്തരാധുനികതയും ഘടനോത്തരവാദവുമാണ്.  

ഫൂക്കോ സാമൂഹ്യപരമായ അധികാരരൂപങ്ങളെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ ലക്കാന്‍, തന്‍റെ മനോവിശ്ലേഷണസിദ്ധാന്തങ്ങളെ ഭാഷയുടെയും ഭാവങ്ങളുടെയും പ്രതീകാത്മക  അധികാര രീതികളെ അനാവരണം ചെയ്തു. ദെറിദയുടെ അപരത്വവും കര്‍ത്തൃത്വവും തമ്മിലുള്ള വ്യതിരിക്തതയുടെ വാദവും ഫെമിനിസ്റ്റ് നിലപാടുകളെ സ്വാധീനിച്ചിരുന്നു. ഏറ്റവും പ്രധാനമായി ആധുനികോത്തരവാദം ഉന്നയിച്ച യുക്തിപരതയ്ക്ക് എതിരായും മാര്‍ക്സിസം, മതം മുതലായ സാര്‍വജനീന സിദ്ധാന്തങ്ങള്‍ക്കെതിരായും ഉള്ള വാദഗതികള്‍ ആണ്‍കോയ്മയ്ക്കെതിരായ വാദഗതികളായി മാറ്റുവാന്‍ ഒട്ടും പ്രയാസം ഉണ്ടായില്ല. മാത്രമല്ല, ആധുനികോത്തരവാദം നല്‍കിയ ശരീരം, സ്വത്വം, വ്യതിരിക്തത, ഭാഷ, അനുഭവസാക്ഷ്യം, വൈകാരികത, പ്രകടനപരത, ആസക്തി, തുടങ്ങിയവയിലുള്ള ഊന്നല്‍ സ്ത്രൈണഭാവങ്ങളുടെ വ്യാഖ്യാനമായി അവതരിപ്പിക്കുന്നതും എളുപ്പമായിരുന്നു. സ്ത്രൈണത എന്നത;തന്നെ അനുഭവപരതയിലും വൈകാരിക പ്രകടനങ്ങളിലും  ജീവിത ശൈലികളിലും ആനന്ദത്തിലും ഊന്നുന്ന ഒരു അവസ്ഥാവിശേഷമായി വ്യാഖ്യാനിക്കപ്പെട്ടതോടെ ലിംഗപദവി ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍  തന്നെ ദിശാമാറ്റം സംഭവിക്കുകയായിരുന്നു. ഇത്തരത്തില്‍ സ്ത്രൈണഭാവങ്ങളെ ബഹുത്വമായും പുരുഷഭാവങ്ങളെ ഏകകമായും കണ്ടു. ഇതാണ് പിന്നീട് ബഹുലിംഗബന്ധങ്ങളിലേക്കു വഴി തെളിച്ചത്. സ്വവര്‍ഗരതി മുതല്‍ ലിംഗാതീത രതിരൂപങ്ങള്‍ വരെയുള്ള മഴവില്ലുള്ളതായി ഉത്തരാധുനിക ഫെമിനിസ്റ്റുകള്‍ വാദിച്ചു. ക്രോമോസോമിന്‍റെ ഘടനയിലും ഹോര്‍മോണിന്‍റെ വിന്യാസത്തിലും സംഭോഗശേഷി യിലും വ്യത്യാസങ്ങളുള്ള മനുഷ്യ വിഭാഗങ്ങളുടെ ക്രമീകരണമാണ് മഴവില്ല്. അതോടെ ശരീരവും ലൈംഗികതയും മുഖ്യ കഥാപാത്രങ്ങളായി.  മുന്‍പ് സ്ത്രീ പ്രസ്ഥാനം ഊന്നിയിരുന്ന പൗരുഷത്തിന്‍റെയും സ്ത്രൈണതയുടെയും സ്വത്വങ്ങള്‍ ഇല്ലാതാവുകയും അവ  കേവലം സംവര്‍ഗങ്ങളായി മാറുകയും ചെയ്തു. 
                                              (തുടരും)