സാംസ്കാരികവിമര്‍ശനവും മാര്‍ക്സിസവും

സുനില്‍ പി ഇളയിടം

സംസ്കാരത്തെ ഭൗതികപ്രക്രിയയും പ്രയോഗരൂപവുമായി പരിഗണിക്കുന്ന ഒരു വിചിന്തനപദ്ധതി രൂപപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് മാര്‍ക്സിസമാണ്. കേവലമൂല്യങ്ങളുടെ ലോകമായോ, ദൈനംദിനാചാരങ്ങളും മറ്റുമായോ സംസ്കാരം മനസ്സിലാക്കപ്പെടുന്നതിനെ ചെറുക്കുന്നതില്‍ മാര്‍ക്സിസം നല്‍കിയ സംഭാവന വളരെ വലുതാണ്. എങ്കിലും സാംസ്കാരിപഠനങ്ങള്‍ (cultural studies) എന്ന സമീക്ഷയെ മാര്‍ക്സിസ്റ്റ് പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്നവര്‍ സമീപിക്കുന്നത് ഒരേ നിലയ്ക്കല്ല. വര്‍ഗരാഷ്ട്രീയത്തെ നിരസിക്കുന്നതും ഉപരിപ്ലവവുമായ ഒന്നായി അതിനെ തള്ളിക്കളയുന്നവര്‍ ഉണ്ട്. മറുഭാഗത്ത് പരമ്പരാഗത മാര്‍ക്സിസ്റ്റ് പ്രയോഗങ്ങള്‍ അനുബന്ധലോകമായി കണ്ട സംസ്കാരത്തിന്‍റെ മണ്ഡലത്തെ അര്‍ത്ഥവത്തായി അഭിസംബോധന ചെയ്യാനുള്ള ശ്രമമായി ഇതിനെ കാണുന്ന മാര്‍ക്സിസ്റ്റുകാരുമുണ്ട്. തമ്മിലിടയുന്ന ഈ വീക്ഷണഗതികള്‍ക്കിടയിലൂടെ സാംസ്കാരികപഠനങ്ങളും അതിന്‍റെ പില്‍ക്കാല തുടര്‍ച്ചകളായി പരിഗണിക്കപ്പെടുന്ന ചില സൈദ്ധാന്തിക വിശദീകരണങ്ങളും മുന്‍നിര്‍ത്തി മാര്‍ക്സിസവും സാംസ്കാരികപഠനങ്ങളും തമ്മിലുള്ള വിനിമയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇവിടെ മുതിരുന്നത്.

സംസ്കാര പഠനരംഗത്ത് ഉയര്‍ന്നുവന്ന 
മാര്‍ക്സിസ്റ്റ് ആശയാവലികള്‍

ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ 1964ല്‍ സമകാലികസംസ്കാരപഠന കേന്ദ്രത്തിന് സൈദ്ധാന്തികമായ അടിത്തറയൊരുക്കിയത് സംസ്കാരപഠനസംബന്ധിയായി ഉയര്‍ന്നുവന്ന മാര്‍ക്സിസ്റ്റ് ആശയാവലികളാണ്. സംസ്കാരത്തിന്‍റെ ഭൗതികതയെയും, അതിന്‍റെ സാമൂഹികഫലങ്ങളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും വിവിധ സംസ്കാരരൂപങ്ങള്‍ക്ക് തുല്യമായ പരിഗണന നല്‍കിക്കൊണ്ടും സംസ്കാരത്തിന്‍റെ മാധ്യസ്ഥം (mediation), സംസ്കാരത്തിന്‍റെ സാമൂഹികഫലങ്ങള്‍ എന്നിവയെ കേന്ദ്രപ്രമേയങ്ങളായി പരിഗണിച്ചുകൊണ്ടുമാണ് ബ്രിട്ടീഷ് സംസ്കാരപഠനം വളര്‍ന്നുവന്നത്. ബ്രിട്ടീഷ് സംസ്കാരപഠനത്തിന്‍റെ സ്ഥാപകരായി പരിഗണിക്കപ്പെടുന്ന സമകാലിക സാംസ്കാരികപഠനകേന്ദ്രത്തിന്‍റെ ആദ്യ ഡയറക്ടര്‍കൂടിയായ റിച്ചാര്‍ഡ് ഹൊഗാര്‍ത്ത്, റെയ്മണ്ട് വില്യംസ്, ഇ.പി.തോംസണ്‍ എന്നിവരും പില്ക്കാലത്ത് ബെര്‍മിങ്ഹാം സെന്‍ററിന്‍റെ ഡയറക്ടറായിരുന്ന സ്റ്റുവര്‍ട്ട് ഹാളും മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യവുമായി സംവാദാത്മകബന്ധം പുലര്‍ത്തിയവരാണ്. ഇവരാരും തന്നെ സോവിയറ്റ് മാര്‍ക്സിസം ഉയര്‍ത്തിപ്പിടിച്ച ഉപരിഘടനാസങ്കല്പത്തെ അതേപടി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ അപ്പോഴൊക്കെത്തന്നെ, സംസ്കാരത്തിന്‍റെ ഭൗതികതയെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ മാര്‍ക്സിസ്റ്റ്സമീപനം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സാമൂഹിക/ചരിത്ര/മാധ്യമവിശകലനത്തില്‍ ഏര്‍പ്പെടുകയാണ് ഇവര്‍ ചെയ്തത്. മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പായി ബ്രിട്ടീഷ് സംസ്കാരപഠനം മാറിത്തീര്‍ന്നത് അങ്ങനെയാണ്.

റിച്ചാര്‍ഡ് ഹൊഗാര്‍ത്ത്, റെയ്മണ്ട് വില്യംസ്, ഇ.പി.തോംസണ്‍ എന്നിവരുടെ അടിസ്ഥാനഗ്രന്ഥങ്ങള്‍ (The Uses of Literacy,Culture and Society, The Making of The English Working Class) സംസ്കാരത്തെയും അതിന്‍റെ സാമൂഹിക ഫലങ്ങളെയും കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണകളെ വ്യത്യസ്തനിലകളില്‍ പുനഃക്രമീകരിച്ച പഠനങ്ങളായിരുന്നു. ജനകീയസംസ്കാരത്തെ (popular culture) അധമമായി പരിഗണിക്കുകയും, സംസ്കാരമെന്നാല്‍ കുലീനപാരമ്പര്യത്തിന്‍റെ കൈമാറ്റമാണെന്ന് കരുതുകയും ചെയ്ത മാത്യു ആര്‍നോള്‍ഡ്, എഫ്.ആര്‍.ലിവിസ് തുടങ്ങിയവരുടെ പാരമ്പര്യവാദത്തെ തിരസ്കരിച്ച്, തൊഴിലാളിവര്‍ഗ/കീഴാളവര്‍ഗസംസ്കാരത്തിന്‍റെ ആധികാരികതയെ ഉറപ്പിച്ചെടുത്തു എന്നതാണ് ഹൊഗാര്‍ത്തിന്‍റെ ഇടപെടലുകളുടെ അനന്തരഫലം. ബ്രിട്ടീഷ് സംസ്കാരം എന്നു വിവരിക്കപ്പെടുന്ന സംസ്കാരരൂപത്തിന്‍റെ നിര്‍മ്മിതിയില്‍ തൊഴിലാളിവര്‍ഗ/കീഴാളവര്‍ഗ സംസ്കാരത്തിനുള്ള പങ്ക് ഹൊഗാര്‍ത്ത് വെളിപ്പെടുത്തി. അതോടൊപ്പം ഈ തൊഴിലാളി വര്‍ഗസംസ്കാരത്തിനുമേല്‍ അമേരിക്കന്‍ ജനപ്രിയസംസ്കാരം മേല്‍ക്കൈ നേടുന്നതെങ്ങനെയെന്നും ഹൊഗാര്‍ത്ത് ആരാഞ്ഞുപോന്നു. അങ്ങനെ ഒരു ഭാഗത്ത് സംസ്കാരത്തെക്കുറിച്ചുള്ള കുലീനതാവാദത്തെ തിരസ്കരിക്കുകയും, മറുഭാഗത്ത് ജനപ്രിയസംസ്കാരത്തിന്‍റെ അധിനിവേശസ്വഭാവത്തെ വിമര്‍ശനവിധേയമാക്കുകയും ചെയ്തുകൊണ്ടാണ് ഹൊഗാര്‍ത്തിന്‍റെ പഠനം വികസിച്ചുവന്നത്. സംസ്കാരത്തിന്‍റെ കുലീനതാവാദപരവും ജനപ്രിയവുമായ രൂപങ്ങളെ ഒരുപോലെ, പ്രകരണനിഷ്ഠമായി, വിമര്‍ശനവിധേയമാക്കുകയാണ് ഹൊഗാര്‍ത്ത് ചെയ്തത്. 


ഇ പി തോംസണിന്‍റെ ഇടം
സംസ്കാരവിമര്‍ശകന്‍ എന്ന നിലയിലല്ല, മറിച്ച് ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്രരചയിതാക്കളിലൊരാള്‍ എന്ന നിലയിലാണ് ഇ.പി.തോംസണ്‍ ധൈഷണികചരിത്രത്തില്‍ ഇടം കണ്ടെത്തിയിട്ടുള്ളത്. ചരിത്രപഠനമേഖലയിലെ എക്കാലത്തെയും മികച്ച സംഭാവനകളിലൊന്ന് എന്നതുപോലെ, ബ്രിട്ടീഷ് സംസ്കാരപഠനത്തിന് അടിത്തറയൊരുക്കിയ സാമഗ്രികളിലൊന്നായും അദ്ദേഹത്തിന്‍റെ 'ഇംഗ്ലീഷ് തൊഴിലാളിവര്‍ഗത്തിന്‍റെ രൂപീകരണം' എന്ന കൃതി പരിഗണിക്കപ്പെട്ടുവരുന്നു. ശീര്‍ഷകം കൊണ്ടുതന്നെ, മാര്‍ക്സിസ്റ്റ് ചരിത്ര വിശകലനത്തിന്‍റെ പ്രാരംഭസ്ഥാനങ്ങളിലൊന്നായ ഇംഗ്ലീഷ് തൊഴിലാളിവര്‍ഗത്തിന്‍റെ സ്ഥിതി എന്ന എംഗല്‍സിന്‍റെ പ്രാമാണികരചനയെ അനുസ്മരിപ്പിക്കുന്ന ഒന്നാണീ ഗ്രന്ഥം. മാര്‍ക്സിസ്റ്റ് ചരിത്രചനയ്ക്ക് പുതിയൊരു പരിപ്രേക്ഷ്യവും രീതിശാസ്ത്രവും പ്രദാനം ചെയ്യുവാന്‍ ഈ ഗ്രന്ഥത്തിന് കഴിഞ്ഞു. ജീവിതത്തിന്‍റെ ദൈനംദിനത്വത്തെ മുന്‍നിര്‍ത്തി, കീഴാളപരിപ്രേക്ഷ്യത്തിനുള്ളില്‍ നിലയുറപ്പിച്ചുകൊണ്ട്, ചരിത്രരചനയ്ക്ക് മുതിരുകയാണ് തോംസണ്‍ ചെയ്തത്. ഈ ഗ്രന്ഥത്തിനും മാര്‍ക്സിസ്റ്റ് സംസ്കാരപഠനമേഖലയില്‍ കൈവന്ന സവിശേഷസ്ഥാനത്തിനു കാരണം, വര്‍ഗം എന്ന പരികല്പനയെ അത് പുനര്‍നിര്‍വചിച്ചതാണ്. വര്‍ഗമെന്നത് ഒരു സാമൂഹിക-സാംസ്കാരിക സ്വരൂപമാണെന്നും, നിശ്ചിതമായ കാലപരിധിക്കുള്ളിലെ പ്രവര്‍ത്തനക്രമത്തെ മുന്‍നിര്‍ത്തി പഠനവിധേയമാക്കാവുന്ന പ്രക്രിയകളിലൂടെയാണ് അത് രൂപമെടുക്കുന്നതെന്നും തോംസണ്‍ വിശദീകരിച്ചു. പാരമ്പര്യസിദ്ധമോ, പങ്കുവയ്ക്കപ്പെട്ടതോ ആയ സമാനഅനുഭവങ്ങള്‍ മൂലം, തങ്ങള്‍ക്കിടയില്‍ സമാനമായ ഒരു സ്വത്വധാരണയെ വിനിമയം ചെയ്യാനും, ഒപ്പംതന്നെ ഇതര സ്വത്വധാരണകളോട് വൈജാത്യമോ വിപരീതഭാവമോ പുലര്‍ത്താനും ഒരുവിഭാഗത്തിനു കഴിയുമ്പോഴാണ് വര്‍ഗം നിലവില്‍ വരുന്നത് എന്ന് അദ്ദേഹം തുടര്‍ന്നുപറയുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ഔദ്യോഗിക മാര്‍ക്സിസ്റ്റ്വിചാരങ്ങളില്‍ സാമ്പത്തിക മാത്രമായി നിര്‍വചിക്കപ്പെട്ടുപോന്ന വര്‍ഗസങ്കല്പനത്തെ, സംസ്കാരസ്വരൂപമെന്ന നിലയില്‍ക്കൂടി പുനര്‍നിര്‍വചിക്കാന്‍ ഇ.പി.തോംസണ് കഴിഞ്ഞു. സാമ്പത്തിക അടിത്തറയാല്‍ മാത്രം നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നായി വര്‍ഗത്തെ പരിഗണിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സമ്പദ്സംവിധാനവും സംസ്കാര സ്വരൂപവും തമ്മിലുള്ള നിരന്തരവിനിമയങ്ങള്‍, വിശ്വാസക്രമങ്ങളെയും, പെരുമാറ്റശീലങ്ങളെയും, സ്വത്വധാരണകളെയും നിരന്തരം നിര്‍ണ്ണയിച്ചുപോരുന്നതായി അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ഉണ്മയുടെ യാഥാര്‍ത്ഥ്യം സാംസ്കാരികമാണ്. അനുഭവങ്ങളെ നിര്‍ണ്ണയിക്കുന്ന സാമൂഹികബന്ധങ്ങളെ തേടുക മാത്രമല്ല ചരിത്രം ചെയ്യേണ്ടത്. അനുഭവലോകങ്ങളുടെ സൂക്ഷ്മതലങ്ങളും അവയുടെ ആസന്നസ്വഭാവവും സവിശേഷമായ ഒരു ചരിത്രഘടനയെ എങ്ങനെ നിര്‍ണ്ണയിക്കുന്നു എന്ന് കണ്ടെത്തുക കൂടിയാണ്.


ഇങ്ങനെ, ചരിത്രരചനയുടെ കേന്ദ്രപ്രമേയമായി സംസ്കാരത്തെ പ്രതിഷ്ഠിച്ചു കൊണ്ട് ഒരുഭാഗത്ത് മാര്‍ക്സിസ്റ്റ് സംസ്കാരവിചാരത്തെയും മറുഭാഗത്ത് വര്‍ഗം എന്ന പരികല്പനയെയും തിരുത്തിയെഴുതാന്‍ ഇ.പി.തോംസണ് കഴിഞ്ഞു. സമഗ്രജീവിതരീതി എന്ന സംസ്കാരനിര്‍വചനത്തെ സമഗ്രമായ പോരാട്ടത്തിന്‍റെ രീതിയായി അദ്ദേഹം തിരുത്തി. കീഴാളജീവിതത്തിന്‍റെ ദൈനംദിനത്വത്തെ മുന്‍നിര്‍ത്തി ചരിത്രമെഴുതാനുള്ള ഈ ശ്രമം കീഴാളചരിത്രരചനയുടെ പ്രാഗ്രൂപമായി പരിണമിക്കുകയും ചെയ്തു. സംസ്കാരചരിത്രം എന്ന രചനാപദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയായിത്തീര്‍ന്ന ഈ ഗ്രന്ഥത്തിലൂടെ ചരിത്രപരമായ സംസ്കാരപഠനം എന്ന വിഷയമേഖലയ്ക്ക് രൂപം നല്‍കാനും തോംസണ് കഴിഞ്ഞു. സംസ്കാരപഠനത്തിന്‍റെ പില്‍ക്കാലജീവിതത്തിന് അടിയുറപ്പ് നല്‍കിയ സാമഗ്രികളിലൊന്നും ഇതുതന്നെയായിരുന്നു.


റെയ്മണ്ട് വില്യംസിന്‍റെ സ്വാധീനം
സംസ്കാരപഠനത്തിന്‍റെ രൂപീകരണത്തിലും പില്‍ക്കാലജീവിതത്തിലും റെയ്മണ്ട് വില്യംസിനോളം സ്വാധീനം ചെലുത്തിയ മറ്റാരുമില്ല എന്നു പറയാം. ആ നിലയില്‍ സംസ്കാരപഠനത്തിന്‍റെ സ്ഥാപകനേതാക്കളില്‍ പ്രധാനിയും അദ്ദേഹം തന്നെയാണ്. ബ്രിട്ടീഷ്സംസ്കാരപഠനമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ സംസ്കാരവും സമൂഹവും (Culture and Society) എന്ന ഗ്രന്ഥവും പിന്നീടു വന്ന ദീര്‍ഘവിപ്ലവം (The Long Revolution) എന്ന കൃതിയും പടിഞ്ഞാറന്‍ ചിന്തയിലെ സംസ്കാരസങ്കല്പത്തിന്‍റെ പുനര്‍നിര്‍വചനത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തുടര്‍ന്നിങ്ങോട്ട് ജീവിതത്തിലുടനീളം സംസ്കാരം എന്ന പ്രമേയം തന്‍റെ സൈദ്ധാന്തികാലോചനകളുടെ കേന്ദ്രമായി റെയ്മണ്ട് വില്യംസ് നിലനിര്‍ത്തുകയും ചെയ്തു. څഈ നശിച്ച വാക്ക് ഞാന്‍ കേള്‍ക്കാതിരുന്നെങ്കില്‍چ എന്ന് അല്പം പരിഹാസത്തോടെ അഭിപ്രായപ്പെടുന്ന വിധത്തില്‍ എന്നാണ് റെയ്മണ്ട് വില്യംസ് ഒരിക്കല്‍ ഇതേക്കുറിച്ച്പറഞ്ഞത്) സംസ്കാരം അദ്ദേഹത്തിന്‍റെ ചിന്തയെ നിര്‍ണ്ണയിച്ചുപോന്നു. 

ഒരു സമഗ്രജീവിതരീതിയുടെ ഘടകസാമഗ്രികള്‍ തമ്മിലുള്ള സങ്കീര്‍ണ്ണബന്ധവ്യവസ്ഥയായി  സംസ്കാരത്തെ നിര്‍വചിക്കുകയാണ് റെയ്മണ്ട് വില്യംസ് ചെയ്തത്. സംസ്കാരത്തെ ഒരു സൗന്ദര്യാത്മകസംവര്‍ഗമായി  പരിഗണിക്കുന്ന കുലീനതാവാദപരമായ രീതിക്കും അതിനെ ദൈനംദിന ജീവിതപ്രയോഗങ്ങളിലെ പ്രജനകവ്യവസ്ഥയായി പരിഗണിക്കുന്ന നരവംശപരമായ രീതിക്കും ഇടയില്‍ ഒരു മാധ്യസ്ഥം ചമയ്ക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്‍റേത്. സൈദ്ധാന്തികമായി ഭദ്രതയുള്ള ഒരു സംസ്കാരസിദ്ധാന്തം വികസിപ്പിച്ചെടുക്കുന്നതില്‍ റെയ്മണ്ട് വില്യംസ് വിജയിച്ചില്ല എന്നും ആര്‍നോള്‍ഡിന്‍റെ നിഴല്‍ വീണുകിടക്കുന്നതാണ് അദ്ദേഹത്തിന്‍റെ സംസ്കാരവിശകലനം എന്നും വിമര്‍ശനമുന്നയിക്കുന്നവര്‍ പോലും ഈ മാധ്യസ്ഥശ്രമത്തിന്‍റെ മൗലികപ്രാധാന്യം അംഗീകരിക്കാതെ പോയിട്ടില്ല. പാഠങ്ങളെ പ്രകരണനിഷ്ഠമായ സാംസ്കാരികനിര്‍മ്മിതികളായി, സാമൂഹിക-ചരിത്രബന്ധങ്ങള്‍ക്കും അനുഭൂതിഘടനയ്ക്കുമിടയിലെ മാധ്യസ്ഥ മായി, വിലയിരുത്തിക്കൊണ്ട് സാഹിത്യവിമര്‍ശനത്തെ സാംസ്കാരിക വിമര്‍ശനമായി വികസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാംസ്കാരിക ഭൗതികവാദം എന്ന സൈദ്ധാന്തികസമീക്ഷയുടെ അടിത്തറയായിത്തീര്‍ന്നതും ഈ വിശകലനപദ്ധതിയാണ്.

വാസ്തവത്തില്‍ റെയ്മണ്ട് വില്യംസിന്‍റെ സംസ്കാരവിശകലനവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധം സന്ദിഗ്ധസ്വഭാവമുള്ള ഒന്നാണ്. സംസ്കാരവും സമൂഹവും എഴുതുന്ന കാലത്ത്, 1930കള്‍ മുതല്‍ ബ്രിട്ടണിലെ ഇടതുപക്ഷ ചിന്തയില്‍ പ്രബലമായിരുന്ന സാമ്പത്തികനിര്‍ണ്ണയവാദത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് അതില്‍നിന്നും വേറിട്ടുനില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റുകാരില്‍ പ്രമുഖനായ ക്രിസ്റ്റഫര്‍ കാഡ്വല്ലിന്‍റെ സാഹിത്യ/സംസ്കാരവിശകലനങ്ങളെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു. അതേസമയം തന്നെ മാത്യു ആര്‍നോള്‍ഡ്-എഫ്.ആര്‍.ലിവിസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കുലീനതാവാദത്തെയും റെയ്മണ്ട് വില്യംസ് നിരാകരിച്ചു. ദൈനംദിന ജീവിതവിനിമയങ്ങളും മൂല്യവ്യവസ്ഥയും തമ്മിലുള്ള സംവാദാത്മക ബന്ധമായിരുന്നു ഇക്കാലത്ത് അദ്ദേഹത്തിന്‍റെ പ്രധാന പരിഗണനാവിഷയം. 


എന്നാല്‍, 1970-80 കാലയളവില്‍ മാര്‍ക്സിസ്റ്റ് പ്രമേയങ്ങളോടും പരികല്പനകളോടും കൂടുതല്‍ ഗാഢമായ ബന്ധം പുലര്‍ത്താന്‍ റെയ്മണ്ട് വില്യംസ് തയ്യാറായി. മാര്‍ക്സിസവും സാഹിത്യവും എന്ന കൃതിയില്‍ എത്തുമ്പോഴേക്കും ലൂക്കാച്ച്, വാള്‍ട്ടര്‍ ബെഞ്ചമിന്‍, അല്‍തൂസര്‍ തുടങ്ങിയവരുടെ വീക്ഷണങ്ങളുമായി സംവാദാത്മകബന്ധം പുലര്‍ത്തുന്നതിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. അനുഭൂതിഘടന (structure of sensibility) എന്ന നിര്‍ണ്ണായക പ്രാധാന്യമുള്ള പരികല്പന വികസിപ്പിച്ചെടുത്തുകൊണ്ട്, സംസ്കാരവിശകലനത്തിന്‍റെ പുതിയ വഴികള്‍ റെയ്മണ്ട് വില്യംസ് തുറക്കുന്നതും ഇക്കാലത്താണ്. ഇതിനു പിന്നാലെ തന്‍റെ പഠനരീതിക്ക് സാംസ്കാരികഭൗതികവാദം എന്ന പേര് നല്‍കാനും റെയ്മണ്ട് വില്യംസ് തയ്യാറായി. സൗന്ദര്യാത്മകഗണത്തിനും നരവംശശാസ്ത്രഗണത്തിനും മധ്യേ സംസ്കാരത്തെ സ്ഥാനപ്പെടുത്താന്‍ റെയ്മണ്ട് വില്യംസ് തുടക്കം മുതല്‍ക്കേ നടത്തിപ്പോന്ന ശ്രമങ്ങളുടെ ഫലപ്രാപ്തികൂടിയായി ഇതിനെ പരിഗണിക്കാം. അതിലൂടെ മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശനത്തിന്‍റെ കേന്ദ്രസമസ്യകളിലൊന്നിന് പരിഹാരം നിര്‍ദ്ദേശിക്കാനും റെയ്മണ്ട് വില്യംസ് ശ്രമിച്ചു; ആ പരിഹാരനിര്‍ദ്ദേശം പരിപൂര്‍ണ്ണമായി സ്വീകരിക്കപ്പെട്ടില്ലെങ്കിലും.

സ്റ്റുവര്‍ട്ട് ഹാളിന്‍റെ പ്രസക്തി
മാര്‍ക്സിസവും സംസ്കാരപഠനവും തമ്മിലുള്ള ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ രാഗദ്വേഷഭരിതമായ പുതിയൊരു വിതാനത്തിലേക്ക് എത്തിപ്പെട്ടത് ബെര്‍മിങ്ഹാം സെന്‍ററിന്‍റെ പില്‍ക്കാലഡയറക്ടര്‍കൂടിയായ സ്റ്റുവര്‍ട്ട് ഹാളിനോടൊപ്പമാണ്. മാര്‍ക്സിസവുമായുള്ള സംസ്കാരപഠനത്തിന്‍റെ ബന്ധം മാത്രമല്ല, സംസ്കാരപഠനത്തിന്‍റെ ഉള്ളടക്കം തന്നെ സ്റ്റുവര്‍ട്ട് ഹാളിനോടൊപ്പം പരിവര്‍ത്തനവിധേയമായി. ഹാള്‍ തന്നെ അഭിപ്രായപ്പെട്ടതുപോലെ, മാര്‍ക്സിസത്തോട് ചേര്‍ന്നും, മാര്‍ക്സിസത്തിലും, മാര്‍ക്സിസത്തിനെതിരായും, മാര്‍ക്സിസത്തിനൊപ്പവും പ്രവര്‍ത്തിച്ച് അത് മാര്‍ക്സിസത്തെ വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എതിരായി നിലകൊള്ളുമ്പോഴും മാര്‍ക്സിസത്തിന്‍റെ സാധ്യതകളെ വികസിപ്പിക്കുക എന്ന താത്പര്യത്തോടെ അതുമായുള്ള സംവാദാത്മകബന്ധം പുലര്‍ത്തുന്ന സമീപനമാണ് സ്റ്റുവര്‍ട്ട് ഹാള്‍ സ്വീകരിച്ചത്. അതിനുമപ്പുറം, ഘടനാവാദാനന്തര ചിന്തയുടെ ഒരു ധാരയെന്ന നിലയില്‍ വളര്‍ന്നുവന്ന ലീലാപരതയോടും, രാഷ്ട്രീയമായ പരിഗണനകള്‍ ഏറെയൊന്നുമില്ലാതെ സാങ്കേതികമാത്രവാദത്തിലേക്ക് വഴിതിരിഞ്ഞുപോയ അമേരിക്കന്‍ സംസ്കാരപഠനത്തോടും കണിശമായ അകലംപാലിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു.

ഹോഗാര്‍ത്ത്, വില്യംസ്, ഇ.പി.തോംസണ്‍ തുടങ്ങിയവരില്‍ നിന്ന് ഹാളിനെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം അദ്ദേഹം കറുത്തവനും കുടിയേറ്റപാരമ്പര്യം പങ്കുവയ്ക്കുന്ന ഒരാളുമായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ, സംസ്കാര പഠനം അക്കാലം വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വംശീയതയുടെയും യൂറോകേന്ദ്രിതത്വത്തിന്‍റെയും (Eurocentrism) പ്രശ്നങ്ങള്‍ ഹാളിന്‍റെ പരിഗണനാകേന്ദ്രങ്ങളായിരുന്നു. ബ്രിട്ടീഷ് തൊഴിലാളിവര്‍ഗസംസ്കാരത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനങ്ങള്‍ക്ക് ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നുതന്നെയല്ല, സംസ്കാരപഠനത്തിന്‍റെയും മാര്‍ക്സിസത്തിന്‍റെയും സൈദ്ധാന്തികസ്വരൂപത്തില്‍ വലിയൊരളവില്‍ യൂറോകേന്ദ്രിത സമീപനം കുടികൊള്ളുന്നുണ്ടെന്നും ഹാള്‍ വിലയിരുത്തി. അതുകൊണ്ടുതന്നെ വിമര്‍ശനാത്മകസംവാദമല്ലാതെ, ഏകമുഖമായ ഏറ്റുവാങ്ങലുകള്‍ മാര്‍ക്സിസ്റ്റ് പാരമ്പര്യവുമായി പുലര്‍ത്താനാവില്ലെന്നും അദ്ദേഹം കരുതി. ഹാളിന്‍റെ ഈ സമീപനം സംസ്കാരപഠനത്തിന്‍റെ ഉള്ളടക്കത്തില്‍ ഗണനീയമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

സ്റ്റുവര്‍ട്ട് ഹാളിലെത്തുന്നതോടെ സംസ്കാരപഠനത്തിന്‍റെ താത്പര്യങ്ങള്‍ സംസ്കാരം, പ്രത്യയശാസ്ത്രം തുടങ്ങിയവയില്‍ നിന്ന് ഭാഷ, പ്രതീകവ്യവസ്ഥ, സങ്കേതന/വിസങ്കേതനക്രമങ്ങള്‍ തുടങ്ങിയവയിലേക്ക് നീങ്ങുന്നതായി കാണാം. ഘടനാവാദാനന്തര ചിന്തയുടെ വൈജ്ഞാനികസമ്മര്‍ദ്ദങ്ങളുമായി സംവദിക്കാനുള്ള സംസ്കാരപഠനത്തിന്‍റെ ശ്രമമെന്നും ഇതിനെ വിലയിരുത്താം. അപ്പോള്‍ത്തന്നെ മുകളില്‍ സൂചിപ്പിച്ചതുപോലെ, ബ്രിട്ടീഷ് സംസ്കാരപഠനത്തിന്‍റെ അടിസ്ഥാനസംഹിതയായ രാഷ്ട്രീയപ്രയോഗത്തെ ഹാള്‍ കൈയൊഴിഞ്ഞതുമില്ല. രാഷ്ട്രീയപ്രയോഗത്തോടുള്ള നിരന്തരമായ ആഭിമുഖ്യമാണ് ഹാളിലെ മാര്‍ക്സിസ്റ്റ് പാരമ്പര്യം. മാനുഷികമായ ഇടപെടല്‍ ശേഷിയിലുള്ള ഊന്നല്‍നിമിത്തം അല്‍തൂസറിന്‍റെ ഘടനാവാദത്തില്‍ നിന്നും ഗ്രാംഷിയുടെ ജൈവബുദ്ധിജീവിസിദ്ധാന്തത്തിലേക്ക് നീങ്ങുകയാണ്  ഹാള്‍ ചെയ്തത്. സാമൂഹികമായ വൈവിധ്യങ്ങള്‍, ജനപ്രിയ മാധ്യമങ്ങള്‍, അധികാരം, പ്രതിരോധം ഇവയെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സൈദ്ധാന്തികപരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിനും അല്‍തൂസ്സേറിയന്‍ ഘടനാ വാദം ഏറെയൊന്നും സഹായകരമല്ലെന്ന് ഹാള്‍ കരുതി. അല്‍തൂസ്സേറിയന്‍ ഘടനാവാദം ഒരു വ്യവഹാരക്രമത്തിനുള്ളില്‍, അധീശവ്യവസ്ഥ പുനരുല്‍പാദിപ്പിക്കപ്പെടുന്നതെങ്ങനെ എന്നതിനപ്പുറം മറ്റെന്തെങ്കിലുമൊന്നിന്‍റെ രൂപീകരണത്തെ വിശദീകരിക്കാന്‍ അപര്യാപ്തമാണെന്നായിരുന്നു ഹാളിന്‍റെ നിലപാട്. മറുഭാഗത്ത് ഗ്രാംഷിയുടെ മേല്‍ക്കോയ്മാ/ബുദ്ധിജീവിസിദ്ധാന്തങ്ങളാകട്ടെ അധീശത്വനിര്‍മ്മിതിയെക്കുറിച്ചു മാത്രമല്ല, പ്രതിരോധരൂപീകരണത്തെക്കുറിച്ചും ഫലപ്രദമായ വിശദീകരണം നല്‍കുന്നവയാണ്. ദൈനംദിനജീവിതപ്രയോഗങ്ങളുടെ പ്രതിരോധപരമായ സാധ്യതകളെ ഉള്‍ക്കൊള്ളാന്‍ ഗ്രാംഷിയുടെ സമീപനത്തിനു കഴിവുണ്ട്. ഗ്രാംഷിയുടെ മേല്‍ക്കോയ്മാസിദ്ധാന്തത്തിന്‍റെ പിന്‍ബലത്തോടെയാണ് ഹാള്‍ മാധ്യമവിശകലനത്തെ സംസ്കാരപഠനത്തിന്‍റെ കേന്ദ്രപ്രമേയങ്ങളിലൊന്നായി വികസിപ്പിച്ചെടുത്തത്. ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരുടെ ദുരന്തബോധം പങ്കുവയ്ക്കാതെ തന്നെ മാധ്യമഅധീശത്വത്തെ വിശകലനവിധേയമാക്കാനും എതിര്‍നിലകളെക്കുറിച്ചുള്ള സൈദ്ധാന്തികധാരണകള്‍ വികസിപ്പിച്ചെടുക്കാനും ഹാളിന് കഴിഞ്ഞു. അതുപോലെ തന്നെ സ്വത്വസംസ്ഥാപനം, അതിന്‍റെ ചരിത്രപരത, ബഹുത്വം തുടങ്ങിയവയെക്കുറിച്ചും വലിയ താത്പര്യം പുലര്‍ത്തി. സംസ്കാരപഠനത്തെയെന്ന പോലെ, മാര്‍ക്സിസ്റ്റ് സംസ്കാരവിശകലനത്തെയും പുനര്‍നിര്‍ണ്ണയിക്കുന്നതിന് ഇതു വഴിവയ്ക്കുകയും ചെയ്തു. 


1960കള്‍ മുതലുള്ള മൂന്നു പതിറ്റാണ്ടുകള്‍ കൊണ്ട്, സംസ്കാരവിശകലനത്തെ പാശ്ചാത്യചിന്തയില്‍ ഉറപ്പിച്ചെടുക്കുന്നതിനും, ഒപ്പം തന്നെ, മാര്‍ക്സിസ്റ്റ് പാരമ്പര്യത്തിന് സംസ്കാരവിമര്‍ശനത്തിന്‍റെ ദൃഢമായ അടിത്തറയൊരുക്കുന്നതിനും സംസ്കാരപഠനത്തിന്കഴിഞ്ഞതായിക്കാണാം. സംസ്കാരത്തെ ഉപരിഘടനാ പ്രതിഭാസമായിക്കാണുന്നതിലേക്ക് മടങ്ങിപ്പോകാനാകാത്ത വിധം അത് മാര്‍ക്സിസ്റ്റ് ചിന്തയില്‍ സ്വാധീനം ചെലുത്തി. ഈ ചിന്താപാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ചുകൊണ്ട് സംസ്കാരവിശകലനത്തിനു ശ്രമിക്കുന്ന വ്യത്യസ്ത സമീപനസമ്പ്രദായങ്ങള്‍ കഴിഞ്ഞ രണ്ടുമൂന്നുപതിറ്റാണ്ടുകളില്‍ പ്രാധാന്യം നേടിയിട്ടുണ്ട്. സംസ്കാരപഠനത്തിന്‍റേതുപോലെ സുഘടിതസ്വരൂപമോ സ്ഥാപനപരമായ അടിത്തറയോ ഒന്നും ഈ സമീപനങ്ങള്‍ കൈവരിച്ചിട്ടില്ല. കാലഗണനാപരമായി നോക്കിയാല്‍ സംസ്കാരപഠനം ഉയര്‍ന്നുവന്ന കാലയളവില്‍ തന്നെയാണ് ഇവയും രൂപപ്പെട്ടത് എന്നു കാണാം. അപ്പോള്‍ത്തന്നെ സംസ്കാരപഠനത്തിന്‍റെ മുഖ്യധാരയില്‍ ഉള്‍പ്പെടാതെ വേറിട്ട വിശകലനപദ്ധതികളുമായി നിലകൊള്ളാനാണ് അവ ശ്രമിച്ചത്. സംസ്കാരപഠനം ദുര്‍ബലമായപ്പോഴും അതിനുപുറത്ത്, താരതമ്യേന ഫലപ്രദമായ നിലയിലും സൈദ്ധാന്തികഭദ്രതയോടെയും നിലനില്‍ക്കാന്‍ ഇവയ്ക്ക് കഴിയുന്നുണ്ട്.

പിയറി ബോര്‍ദ്യു, ഫ്രെഡറിക് ജെയിംസണ്‍, ഹെബര്‍മാസ് തുടങ്ങിയവര്‍ വികസിപ്പിച്ചെടുത്ത സൈദ്ധാന്തികസാമഗ്രികള്‍ക്കാണ് ഈ നിലയില്‍ ഇപ്പോള്‍ പ്രാധാന്യമുള്ളത്. ഇവരില്‍ ബോര്‍ദ്യുവും ഹെബര്‍മാസും മാര്‍ക്സിസ്റ്റ് ജ്ഞാനപാരമ്പര്യത്തോട് ഏറിയും കുറഞ്ഞും സംവാദാത്മകബന്ധം പുലര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ ഫ്രെഡറിക് ജെയിംസണ്‍ മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഉത്തരാധുനികതയുള്‍പ്പെടെയുള്ള പ്രമേയങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്. അതുകൊണ്ട് ഇവരുടെ ശ്രമങ്ങളെയപ്പാടെ മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശനമെന്ന നിലയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു അതിവാദമുണ്ട്. അപ്പോള്‍ത്തന്നെ മാര്‍ക്സിസവുമായുള്ള സംവാദാത്മക ബന്ധം ഇവരുടെ ചിന്തയുടെ കേന്ദ്രമായി നിലകൊള്ളുന്നതിനെ കാണാതിരിക്കുക സാധ്യമല്ല. അടുപ്പംകൊണ്ടെന്ന പോലെ അകലം കൊണ്ടും മാര്‍ക്സിസവുമായി സംവദിക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്നുപറയാം.
                                                  (തുടരും)