ആധുനികോത്തരതയും ചരിത്രവും

കെ എന്‍ ഗണേശ്

1991 മെയില്‍ 'പാസ്റ്റ് ആന്‍ഡ് പ്രെസെന്‍റ്' എന്ന ജേണലില്‍ ലോറന്‍സ് സ്റ്റോണ്‍ എന്ന പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരന്‍ ഒരു ചെറുകുറിപ്പ് പ്രസിദ്ധീകരിച്ചു. ചരിത്രരചന മൂന്നു തരത്തിലുള്ള വെല്ലുവിളികളെ നേരിടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ഭാഷാശാസ്ത്രം, സാംസ്കാരിക നരവംശശാസ്ത്രം, നവചരിത്രവാദം എന്നിവയായിരുന്നു അദ്ദേഹം കണ്ടെത്തിയ വെല്ലുവിളികള്‍. ഇവ കൂടാതെ, സ്വത്വവാദം, ജൈവരാഷ്ട്രീയം, സംഭവങ്ങളിലുള്ള കേന്ദ്രീകരണം, കര്‍ത്തൃത്വവാദം എന്നിവയും ചരിത്രരചനയ്ക്കുള്ള വെല്ലുവിളികളില്‍ ഉള്‍പ്പെടുത്താം. ഇവയെല്ലാം പൊതുപരാമര്‍ശങ്ങളില്‍ ആധുനികോത്തരത എന്നാണ് അറിയപ്പെടുന്നത്.

ആധുനികോത്തരത എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ച് അത് അംഗീകരിക്കുന്നവരുടെ ഇടയില്‍ പോലും ഏകാഭിപ്രായമില്ല. ഫ്രഞ്ച് ചിന്തകനായ ഷോണ്‍ ഫ്രാന്‍ഷ്വാ ലിയൊതാര്‍ദിന്‍റെ 'ബൃഹദാഖ്യാനങ്ങളെ ചോദ്യം ചെയ്യല്‍' എന്ന പ്രയോഗമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ആധുനികകാലത്തെ രാഷ്ട്രീയ,സാംസ്കാരിക മേഖലകളിലും ജ്ഞാനനിര്‍മ്മിതിയിലും ആധിപത്യം ചെലുത്തിയ മാര്‍ക്സിസം, ലിബറലിസം, കത്തോലിക്കാമതബോധം തുടങ്ങിയവയുടെ നിരാസമായാണ് ലിയൊതാര്‍ദ് ആധുനികോത്തരതയെ കണ്ടത്.  

ഏതെങ്കിലും വിധത്തിലുള്ള, അതായത് ആത്മീയമോ ഭൗതികമോ ആയ സത്തയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന രീതിയെ എതിര്‍ക്കുന്ന വാദഗതിയായി ആധുനികോത്തരതയെ കണക്കാക്കി. ഷോണ്‍ ബോദ്രിയയെപ്പോലുള്ള മറ്റുചിലര്‍ ആധുനികകാലത്തെ വസ്തുനിഷ്ഠതയില്‍ നിന്ന്  ആത്മപരതയിലേക്കും ക്രിയാപരതയില്‍ നിന്ന് കര്‍തൃത്വത്തിലേക്കുമുള്ള മാറ്റമായി ആധുനികോത്തരതയെ കണ്ടു. ശാസ്ത്രീയവും സാമ്പത്തികവുമായ യുക്തിയില്‍ നിന്ന് ഭാഷയുടെയും സംസ്കാരത്തിന്‍റെയും യുക്തിയിലേക്കുള്ള മാറ്റവും പലരും കണ്ടു. ജര്‍മന്‍ ചിന്തകനായ ഫ്രെഡറിക് നീഷെയുടെ 'ആധുനികസമൂഹം ഭാഷയുടെ തടവറയാണ്' എന്ന നിരീക്ഷണവും മാര്‍ട്ടിന്‍ ഹൈഡഗറിന്‍റെ ഉണ്‍മയെക്കുറിച്ചുള്ള ആശയങ്ങളും പ്രധാനസ്വാധീനങ്ങളായിരുന്നു. ഇടതുപക്ഷത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് പില്‍ക്കാലമുതലാളിത്തത്തിന്‍റെ സാംസ്കാരികയുക്തിയായി ആധുനികോത്തരതയെ കാണുന്ന ഫ്രെഡറിക് ജെയിംസന്‍റെ സമീപനമാണ്.

ആധുനികോത്തരതയുടെ ഉറവിടങ്ങള്‍ എന്തായിരുന്നു എന്ന അന്വേഷണം നടക്കുന്നുണ്ട്. മാര്‍ക്സിനു പുറമെ, യൂറോപ്യന്‍ തത്ത്വചിന്താസരണികളെ ശക്തമായി വെല്ലുവിളിച്ച മറ്റൊരു ചിന്തകന്‍ നീഷെ ആയിരുന്നു. ഹൈഡഗറിനെയും ഹുസേളിനെയും പോലുള്ള അസ്തിത്വവാദികളും മാര്‍ക്സിസ്റ്റ് സ്വാധീനമൂള്ള ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരൂം വിമര്‍ശനങ്ങളുയര്‍ത്തി. ഇവരുടെയെല്ലാം പലവിധത്തിലുള്ള സ്വാധീനം ആധുനികോത്തരവാദികളിലുണ്ട്. അവരില്‍ ഒരുപക്ഷേ ഏറ്റവും നിര്‍ണായകമായ സ്വാധീനം ഫെര്‍ഡിനാന്‍ഡ് ഡി സോഷുര്‍ എന്ന സ്വിസ് ഭാഷാശാസ്ത്രജ്ഞന്‍റേതായിരുന്നു. ഭാഷയെ വസ്തുക്കളുടെയും ആശയങ്ങളുടെയും സൂചിതങ്ങളുടെ ആവിഷ്കാരങ്ങളായി നിര്‍വചിക്കുന്നതിനുപകരം വക്താവിന്‍റെ മനോവ്യാപാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് സോഷൂര്‍ എല്ലാവിധ ഭാഷാപരമായ പ്രതിപാദനങ്ങളെയും വിശേഷിപ്പിച്ചത്. ഇത് വസ്തുതകളില്‍ നിന്ന് മാനസികാവസ്ഥകളിലേക്കും ക്രിയകളില്‍ നിന്ന് കര്‍തൃത്വത്തിലേക്കും ഭാഷയെയും സാമൂഹ്യപ്രക്രിയകളെയും ബന്ധിപ്പിച്ചു.

രണ്ടാം ലോകയുദ്ധത്തിന്‍റെ പ്രത്യാഘാതം
ഇത്തരം ആശയങ്ങളെല്ലാം കേവലമായ ചിന്താപദ്ധതികളായി നിലനില്‍ക്കുമായിരുന്നു. ചിന്താപദ്ധതികള്‍ക്ക് മൂര്‍ത്തസ്വഭാവം കൈവരുന്നത് സവിശേഷമായ ജീവിതസാഹചര്യങ്ങളിലാണ്. 1950കളിലും അറുപതുകളിലും പാശ്ചാത്യ ലോകത്തിലെ രാഷ്ട്രീയ, സാംസ്കാരികമേഖലകളിലെ ചില പ്രവണതകള്‍ പ്രസക്തമാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം യുദ്ധത്തില്‍ തകര്‍ന്നുപോയ യൂറോപ്യന്‍ രാജ്യങ്ങള്‍ പുനര്‍നിമാണപ്രവര്‍ത്തനത്തിലായിരുന്നു. ഫാസിസം അവരുടെ ചരിത്രത്തിലെ കുടിലമായ സര്‍വാധിപത്യത്തിന്‍റെ കറുത്ത അധ്യായമായി മാറിക്കഴിഞ്ഞിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം ഏറ്റവും വലിയ അധീശശക്തിയായി വികസിച്ചിരുന്നു. മറുവശത്ത് സോഷ്യലിസ്റ്റ് ചേരിയുടെ ഉദയം, ചൈനീസ് വിപ്ലവം,ലോകമാസകലം വളര്‍ന്നുവന്ന കൊളോണിയല്‍വിരുദ്ധ ദേശീയപ്രസ്ഥാനങ്ങളും അവര്‍ക്കിടയിലെ സോഷ്യലിസ്റ്റ് ആഭിമുഖ്യവും എന്നിവ ചേര്‍ന്ന് സാമ്രാജ്യത്വവിരുദ്ധ മനോഭാവത്തിന് രാഷ്ട്രീയമായ മേല്‍ക്കോയ്മ കൈവരിക്കുന്ന അവസ്ഥയിലെത്തിച്ചിരുന്നു. സാമ്രാജ്യത്വ രാഷ്ട്രങ്ങളില്‍പോലും കെയ്ന്‍സിയന്‍ നിയന്ത്രിതമുതലാളിത്തത്തിനും സോഷ്യല്‍ ഡെമോക്രസിക്കും സ്വാധീനമുണ്ടായിരുന്നു. ഇതിന്‍റെ ഫലമായി സാമ്രാജ്യത്വം അതിശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണത്തിലേക്കു നീങ്ങി. കമ്യൂണിസ്റ്റ് സര്‍വാധിപത്യത്തെയും സ്വാതന്ത്ര്യ നിഷേധത്തെയും സ്റ്റാലിനിസ്റ്റ് കൂട്ടക്കൊലകളെയും സംബന്ധിച്ച പ്രചരണം സിഐഎ പോലുള്ള ചാരസംവിധാനങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, മതസംഘടനകള്‍, റേഡിയോ, ഫ്രീ യൂറോപ്പ് ,വോയ്സ് ഓഫ് അമേരിക്ക മുതലായ സംവിധാനങ്ങളിലുടെയും ഇടതടവില്ലാതെ നടത്തി. നിരവധി അമേരിക്കന്‍ബുദ്ധിജീവികളെ കമ്യൂണിസ്റ്റുകാരെന്ന പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. 

1956ല്‍ സ്റ്റാലിന്‍റെ വ്യക്തിപ്രഭാവത്തെയും ഏകാധിപത്യ പ്രവണതകളെയും തള്ളിപ്പറഞ്ഞുകൊണ്ട് സിപിഎസ്യുവിന്‍റെ 20-ാം പാര്‍ടികോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നു. അതുവരെ നടന്ന സാമ്രാജ്യത്വ പ്രചരണങ്ങളെ സ്ഥിരീകരിക്കുന്ന ഒരു കുറ്റസമ്മതം ആയി ഈ റിപ്പോര്‍ട്ട് വ്യാഖ്യാനിക്കപ്പെട്ടു. അടുത്ത വര്‍ഷം ഹംഗറിയില്‍ ഇംറെ നാഗിയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തെ അടച്ചമര്‍ത്താനുള്ള സോവിയറ്റ് പടനീക്കം ശക്തമായ പ്രതിഷേധത്തിനിടയാക്കി.പാശ്ചാത്യകമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് നിരവധിപ്രവര്‍ത്തകരും ബുദ്ധിജീവികളും രാജിവെച്ചു പോയി. പിന്നീട് അവരില്‍ ഒരു വിഭാഗം ചൈനയിലെ സാംസ്കാരിക വിപ്ലവം, ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും നടന്ന പോരാട്ടങ്ങള്‍ തുടങ്ങിയവയെ പിന്തുണച്ചു.മറ്റുള്ളവര്‍ മാര്‍ക്സിസത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും പൂര്‍ണമായി തള്ളിപ്പറയുന്ന നിലപാടിലേക്ക് നീങ്ങി.

പാശ്ചാത്യരാജ്യങ്ങളിലെ വിദ്യാര്‍ത്ഥി കലാപം
രണ്ടാമത്തെ പ്രസക്തമായ പ്രവണത 1968-69ല്‍ നിരവധി പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപിച്ച വിദ്യാര്‍ത്ഥി കലാപങ്ങളായിരുന്നു. ഈ രാജ്യങ്ങളില്‍ വ്യാപിച്ച തൊഴിലില്ലായ്മ, വ്യാവസായികപ്രതിസന്ധി, വര്‍ണവിവേചനം കൂടാതെ വിയറ്റ്നാമിലടക്കമുള്ള അമേരിക്കയുടെ യുദ്ധവെറിയും ശക്തമായ പ്രതിഷേധത്തിനു കാരണമായി. ആഫ്രോ-അമേരിക്കന്‍ സംഘടനകളും തീവ്ര ഇടതുപക്ഷവും മുതല്‍ പെന്തകോസ്തുകാര്‍ വരെ നിരവധി വിഭാഗങ്ങള്‍ ഒന്നിച്ചണി നിരന്ന ഈ പ്രസ്ഥാനങ്ങള്‍ക്ക് ജനപിന്തുണയും ലഭിച്ചു. 1968 മേയില്‍ പാരീസില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം പുതിയ പ്രവണതയെ ഏറ്റവും ശക്തമായി പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുവെങ്കിലും പുതിയൊരു പ്രതിരോധപ്രസ്ഥാനം നിലവില്‍ വരുന്നതായുള്ള വാദഗതികള്‍ വളര്‍ന്നുവന്നു. അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ള സംഘടിതവിപ്ലവപ്രസ്ഥാനങ്ങള്‍ കാലഹരണപ്പെട്ടതായും പുതിയപ്രസ്ഥാനങ്ങളിലാണ് ലോകസമൂഹത്തിന്‍റെ ഭാവി എന്നുമുള്ള അവകാശവാദങ്ങളാണ് വളര്‍ന്നുവന്നത്. ആധുനികോത്തരവാദികളായി അറിയപ്പെട്ടവരില്‍ ഭൂരിപക്ഷവും ഏതെങ്കിലുംവിധത്തില്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ പങ്കെടുത്തവരോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരോ ആയിരുന്നു.

ഇവരുടെ സമീപനങ്ങളില്‍ രണ്ടു തരത്തിലുള്ള മാറ്റങ്ങള്‍ കാണാമായിരുന്നു. ഒന്ന്, 1968 മേയിനെ ഒരു ദിശാവ്യതിയാനത്തിന്‍റെ ഘട്ടമായി അംഗീകരിക്കാമെങ്കില്‍ അതിനു മുമ്പുള്ള ഘട്ടത്തെ 'ആധുനികത' യുടെ ഘട്ടമായി കാണുന്ന സമീപനം. രണ്ട്, അതിനു മുമ്പു നിലനിന്ന എല്ലാ സാമൂഹ്യസമീപനങ്ങളില്‍നിന്നും വേറിട്ട് പുതിയൊരു സമീപനം വളര്‍ത്തിക്കൊണ്ടുവരാനും അവയുടെ അടിസ്ഥാനത്തില്‍ സമകാലികദശയെ മനസ്സിലാക്കാനുമുള്ള ശ്രമം. ഇതില്‍ ആധുനികത നിര്‍വചിക്കപ്പെട്ടത് വ്യത്യസ്ത അധികാരക്രമങ്ങള്‍,വര്‍ഗപരവും അല്ലാത്തതുമായ സാമൂഹ്യഭിന്നതകളും ഉദാത്ത വിഭാഗത്തിന്‍റെ ആധിപത്യവും, വസ്തുനിഷ്ഠതയിലുളള ഊന്നല്‍, ശാസ്ത്രീയതയിലുള്ള ഊന്നല്‍, വൈകാരികഘടകങ്ങളുടെ അടിച്ചമര്‍ത്തല്‍ തുടങ്ങിയവയായാണ്. മുതലാളിത്തവും കമ്യൂണിസവും ഫാസിസവുമെല്ലാം വ്യത്യസ്തരീതികളില്‍ ഇതേ പ്രവണതയുടെ ഭാഗമാണ്. ഇത്തരം നിലപാടുകളെല്ലാം ഘടനാപരമാണ്. വസ്തുനിഷ്ഠ തലങ്ങളെയും അവ തമ്മിലുള്ള ബന്ധങ്ങളെയും പരിശോധിക്കുന്നതല്ലാതെ അവയുടെ പിന്നിലുള്ള മനോഭാവങ്ങളെയോ ആഗ്രഹങ്ങളെയോ കാമനകളെയോ കണക്കിലെടുക്കുന്നില്ല. സ്വാഭാവികമായും ഘടനാപരമായ അടിച്ചമര്‍ത്തലുകളെ അതിനു വിധേയരായവര്‍ പ്രതിരോധിക്കും. അവയെ മനസ്സിലാക്കുന്നതിന് നിലവിലുള്ള സാമൂഹ്യപഠനങ്ങള്‍ അപര്യാപ്തമാണ്. അതിന് ഘടനോത്തരവിശകലനങ്ങള്‍ എന്നറിയപ്പെടുന്ന പുതിയ രൂപങ്ങള്‍ വേണ്ടിവരും. 

ഇവയില്‍ ചിലതിനെയാണ് ലോറന്‍സ് സ്റ്റോണ്‍ തന്‍റെ കുറിപ്പില്‍ പരാമര്‍ശിച്ചത്. ഇതില്‍ സോഷൂറിന്‍റെ ഭാഷാശാസ്ത്രം മുമ്പു സൂചിപ്പിച്ചു.

അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളില്‍ ഒന്ന് വളരെ പ്രധാനമാണ്. പുറത്തുള്ള വസ്തുതകള്‍ എന്തായാലും അവയെ ഭാഷയില്‍ പ്രകടിപ്പിക്കുന്ന വിധം വ്യത്യസ്തമായിരിക്കും എന്നതാണ് . ഇത് ഭാഷാപരമായ അനിവാര്യതയാണ്. തന്‍റെ ഉണ്മയും താന്‍കാണുന്ന വസ്തുവിന്‍റെ ഉണ്മയും ഒന്നല്ല, ആ വസ്തുവിനെ എങ്ങനെ പ്രകടിപ്പിക്കാന്‍ ശ്രമിച്ചാലും തന്‍റേതായ അടയാളപ്പെടുത്തല്‍ ഉണ്ടാകും. അത് തന്‍റേതായ പ്രതിപാദനരീതിയാണ്. പാഠമാണ്. ഇതു മനസ്സിലാക്കണമെങ്കില്‍ അതിന്‍റേതായ ചിഹ്നവിജ്ഞാനീയം ആവശ്യമായി വരും. തനിക്കുചുറ്റുപാടുമുള്ള വസ്തുതകളെ മനസ്സിലാക്കുന്നതും അതനുസരിച്ച് പ്രയോഗരൂപങ്ങള്‍ ചിട്ടപ്പെടുത്തുന്നതും എന്തിനെന്ന് അറിയണമെങ്കില്‍ അവ അവതരിപ്പിക്കുന്നതിനുപയോഗിക്കുന്ന അടയാളങ്ങള്‍, പ്രതിപാദനരീതികള്‍ എന്നിവ പഠിക്കാതെ നിവൃത്തിയില്ല. മനുഷ്യര്‍ സൃഷ്ടിക്കുന്ന അറിവുകളും പ്രമേയങ്ങളുമെല്ലാം ഭാഷാപരമായി മനുഷ്യര്‍ നിര്‍മ്മിക്കുന്നതാണ്. അവ നമ്മുടെ മുമ്പില്‍ തെളിയണമെങ്കില്‍ ആ ഭാഷാരൂപങ്ങളെ ഘടനാപരമായി അപനിര്‍മ്മിക്കേണ്ടി വരും.അവയിലെ വ്യത്യസ്തതകള്‍ പുറത്തുകൊണ്ടുവരേണ്ടി വരും. ഭാഷാശാസ്ത്രജ്ഞനായ ഴാക്ക് ദെറിദയുടെ സംഭാവനകള്‍ ഈ മേഖലയിലാണ്.


മനോവിശകലന രീതികളുടെ പ്രസക്തി 
വസ്തുതകളെ പഠിക്കാന്‍ ശാസ്ത്രരീതി ഉപയോഗിക്കാം. പക്ഷേ അടയാളപ്പെടുത്തലുകളെയും പ്രതിപാദനരീതികളെയും എങ്ങനെ പഠിക്കാം? ഇവിടെയാണ് മനോവിശകലനരീതികള്‍ പ്രസക്തമാകുന്നത്. ശാസ്ത്രീയമായ മനോവിശകലനരീതി ഫ്രോയിഡ് ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ വസ്തുതാബദ്ധമായ, ഭൗതികവാദപരമായ ശാസ്ത്രരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സ്വവും പരവും തമ്മിലുള്ള വ്യത്യസ്തതയില്‍ അദ്ദേഹം കേന്ദ്രീകരിക്കുന്നില്ല. യാക് ലക്കന്‍ ആണ് വ്യത്യസ്തതയില്‍ കേന്ദ്രീകരിക്കുന്നത്. ലക്കാന്‍റെയും പരധാനമേഖല ഭാഷയാണ്. ഒരാള്‍ തന്‍റെ അനുഭവങ്ങളെ നിരവധി ചിഹ്നങ്ങളിലൂടെ ചിത്രീകരിക്കുന്നു. അവയെ സ്വന്തം ഭാവനയനുസരിപ്പിച്ച് ബന്ധിപ്പിക്കുന്നു. അതില്‍ നിന്നു ചുറ്റുപാടുമുള്ള യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിച്ചെടുക്കുന്നു. ഒരാള്‍ തന്‍റെ പ്രതിഫലനത്തെ കണ്ണാടിയില്‍ കാണുന്നതുപോലെ  അയാള്‍ അയാളുടെ മറ്റൊരു രൂപമാണ് യഥാര്‍ഥലോകമായി കാണുന്നത്..ചുറ്റുപാടുമുള്ള ലോകം അയാളുടെ നിര്‍മ്മിതിയാണ്. അയാളുടെ അഹം അതിന്‍റെ അകത്തുള്ള കൃത്രിമസ്വത്വവും.

ജൈവരാഷ്ട്രീയം
ഒരാളും മറ്റുള്ളവരും അല്ലെങ്കില്‍ ചുറ്റുപാടുമുള്ള ലോകവും തമ്മിലുള്ള ബന്ധം എങ്ങനെയുണ്ടാകുന്നു? ,ഇവിടെ ബന്ധങ്ങളല്ല വ്യത്യസ്തതകളാണ് പ്രധാനം. ഓരോ മനുഷ്യനും ജീവിക്കുന്നത് അവരുടെ ജൈവമായ ആഗ്രഹസാഫല്യത്തിനാണ്. ആഗ്രഹങ്ങള്‍ ശാരീരികവുംമാനസികവുമായ ആവശ്യങ്ങളും ആനന്ദവുമാകാം, ലൈംഗികമാകാം, പണമാകാം, വസ്തുവകകളാകാം, ഭൂമിയാകാം, പ്രശസ്തിയാകാം, എന്തുമാകാം. ആഗ്രഹസാഫല്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വ്യക്തികള്‍ തമ്മിലുള്ള കഴുത്തറപ്പന്‍ മത്സരത്തിലേക്കാണ് നയിക്കുക. വ്യക്തികള്‍ ഇവിടെ ജൈവമായ ആഗ്രഹങ്ങളുടെയും അവ നേടിയെടുക്കാനുള്ള സിദ്ധികളുടെയും തന്മാത്രകളാണ്. ഇതില്‍ ചിലവ്യക്തികള്‍ അല്ലെങ്കില്‍ സമൂഹവിഭാഗങ്ങള്‍ മറ്റുള്ളവരെ കീഴടക്കുന്നു, അവരുടെ അധികാരം സ്ഥാപിക്കുന്നു. ആഗ്രഹസാഫല്യം പലവിധമാകുന്നതുകൊണ്ട് അധികാരരൂപങ്ങളും പലവിധമായിരിക്കും. ജാതി, മതം, വംശം, ലിംഗം, നിറം, ബുദ്ധിപരമായ മേന്മ തുടങ്ങി ജൈവമായ എന്തും അധികാരരൂപമായി വളര്‍ന്നു വരാം. ഓരോ അധികാരരൂപത്തിനും അതിനെ നിലനിര്‍ത്തുന്ന ഒരു ജ്ഞാനസഞ്ചയമുണ്ടാകും. ആചാരങ്ങള്‍,മര്യാദകള്‍, നിയമാവലികള്‍, ശാസ്ത്രം തത്ത്വചിന്ത തുടങ്ങിയവയെല്ലാം ഇത്തരം ജ്ഞാനരൂപങ്ങളാണ്. ഇവ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക രീതികളായി ഭരണകുടം മുതല്‍ കമ്പോളം വരെയുള്ള എല്ലാ വ്യവസ്ഥാപിതരൂപങ്ങളും പ്രവര്‍ത്തിക്കുന്നു. അധികാരകേന്ദ്രങ്ങളും കീഴാളരും, ചിലരുടെ ഭാഷയില്‍ വേട്ടക്കാരും ഇരകളും തമ്മിലുള്ള പോരാട്ടം ആണ് പുതിയ സമൂഹരൂപങ്ങളെ സൃഷ്ടിക്കുന്നത്. മിഷെല്‍ ഫൂക്കോ മുതല്‍ നിരവധി പേര്‍ വളര്‍ത്തിക്കൊണ്ടു വന്ന ഈ ജൈവരാഷ്ട്രീയവീക്ഷണമാണ് ആധുനികോത്തരതയുടെ കാതല്‍.

ചരിത്രത്തോടുള്ള സമീപനം
പലരും ഇത് ഉദാത്തചരിത്രവീക്ഷണമാണെന്നു സങ്കല്പിക്കുക മാത്രമല്ല അതനുസരിച്ചുള്ള പഠനങ്ങള്‍ ചരിത്രമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഈ ചരിത്രവീക്ഷണത്തിന്‍റെ സ്വഭാവമെന്താണെന്ന് അല്പം കൂടി ആഴത്തില്‍ പരിശോധിക്കണം. ഫൂക്കോയെ സംബന്ധിച്ചിടത്തോളം ചരിത്രം വര്‍ത്തമാനത്തിന്‍റെ വിശദീകരണമാണ്. അതിനെക്കുറിച്ച് തര്‍ക്കമുണ്ടാകേണ്ടതില്ല. പക്ഷേ ഭൂതവും വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള പരസ്പരബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ത്തമാനത്തിന്‍റെ സ്ഥാനവും ദിശയും കണ്ടെത്തുകയാണ് ചരിത്രം ചെയ്യുന്നത്. ഈ ബന്ധങ്ങള്‍ പ്രക്രിയാബദ്ധമാണ്, കാര്യകാരണബദ്ധമാണ്. മുന്‍കാലങ്ങളിലെ വ്യക്തിജീവിതങ്ങളും സമൂഹബന്ധങ്ങളും അവ സൃഷ്ടിക്കുന്ന ആശയങ്ങളും പ്രയോഗരീതികളും ഇന്നത്തെ ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതില്‍ തുടര്‍ച്ചകളും ഇടര്‍ച്ചകളും പുതിയ രൂപങ്ങളുമുണ്ട്. ഇതില്‍ നാം ജീവിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദശാസന്ധിയെയാണ് വര്‍ത്തമാനം എന്നു പറയുന്നത്; അതായത് ഭൂതകാലവും ഭാവിയുമില്ലാത്ത വര്‍ത്തമാനം ഉണ്ടാകില്ല.

ഇതിനോട് ആധുനികോത്തര ചരിത്രകാരുടെ പ്രതികരണം ഏതാണ്ട് ഇത്തരത്തിലാണ്. ഭൂതകാലത്തെ അവര്‍ നിഷേധിക്കുന്നില്ല.ഭാവിയെയും. കാര്യകാരണബദ്ധവും പ്രക്രിയാബദ്ധവുമായ ചരിത്രം ഒരു ബൃഹദ് ആഖ്യാനരൂപമാണ്. ചരിത്രം ഒരു ശാസ്ത്രമല്ല.ശാസ്ത്രീയമായ ചരിത്രരചന സാധ്യവുമല്ല. ഓരോ കാലഘട്ടത്തിലെയും ജനങ്ങളുടെ കൃതികളും നിര്‍മ്മിതികളും അടയാളങ്ങളുമാണ് ചരിത്രരചനാസാമഗ്രികളാകുന്നത്. ഇവയെല്ലാം വ്യക്തികളുടെയൊ ജനവിഭാഗങ്ങളുടെയോ നിര്‍മ്മിതികളാണ്, പാഠങ്ങളാണ്. ഇവ നിര്‍മ്മിച്ച വ്യക്തികളുടെയും ജനവിഭാഗങ്ങളുടെയും കര്‍ത്തൃത്വങ്ങളെ മാത്രമാണ് അവ പ്രകടിപ്പിക്കുക. അതായത് സാഹിത്യരചനയും ചരിത്രപാഠവും തമ്മില്‍ ഒരു ഭിന്നതയുമില്ല. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സാമൂഹ്യചരിത്രം സാധ്യമല്ല. ലോകചരിത്രം ഒട്ടും സാധ്യമല്ല.ഉദാഹരണത്തിന് മാര്‍ക്സിസം നിര്‍ദേശിക്കുന്ന വിവിധ സമൂഹരൂപങ്ങളിലൂടെയൂള്ള ലോകചരിത്രം വെറും ആഖ്യാനം മാത്രമല്ല, കമ്യൂണിസം എന്ന ലക്ഷ്യനിര്‍ണയം അതിനുള്ളതൂ കൊണ്ട് ഒരു കല്പിതരൂപവുമാണത്. 

ആധുനികോത്തരവാദികള്‍ക്ക്  ചരിത്രം സംഭവങ്ങളുടെ പരമ്പരയാണ്. സംഭവങ്ങള്‍ ആകസ്മികമാണ്. അവയില്‍ പങ്കെടുക്കുന്ന വ്യക്തികളുടെയോ ജനങ്ങളുടെയോ സൃഷ്ടികള്‍ മാത്രമാണ്. അവ തമ്മില്‍ ബന്ധമുണ്ടാകണമെന്നില്ല. സംഭവങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള മനോഭാവങ്ങളുടെയും, കര്‍തൃത്വങ്ങളും ക്രിയകളും തമ്മിലുള്ള ബന്ധങ്ങളുടെയും അടയാളങ്ങളാണ്,അല്ലെങ്കില്‍ പ്രതിനിധാനങ്ങളാണ്. ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചകളില്‍ ഏതെങ്കിലും പ്രദേശത്തിന്‍റെയോ സമൂഹത്തിന്‍റെയോ ചരിത്രമല്ല സംഭവങ്ങള്‍ ഉണ്ടാക്കിയ കര്‍തൃത്വങ്ങളുടെ വംശാവലികള്‍ മാത്രമാണ് അടയാളപ്പെടുത്താന്‍ കഴിയുക. ചരിത്രം എന്നു പറയുന്നത് ഇത്തരത്തില്‍ അടയാളപ്പെടുത്തപ്പെട്ട വംശാവലികള്‍ മാത്രമാണ്. വ്യക്തികളുടെയും ജനവിഭാഗങ്ങളുടെയും സ്വഭാവമനുസരിച്ച് നിരവധി ചരിത്രങ്ങള്‍ ഉണ്ടാകും.

ചരിത്രത്തിന്‍റെ ക്രമാനുഗത സ്വഭാവത്തെയും കാലഘട്ടനിര്‍ണയത്തെയും ആധുനികോത്തരവാദികള്‍ നിരാകരിക്കുന്നുണ്ട്. അതോടെ ചരിത്രം നരവംശശാസ്ത്രത്തിന്‍റെ ഭാഗമാകുകയാണ്. എല്ലാ പഠനവിഷയങ്ങളും അടയാളങ്ങളുടെയും പ്രതിനിധാനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കപ്പെടുന്നതോടെ സംസ്കാരചരിത്രം മാത്രമാണ് ഉണ്ടാകുന്നത്. സംസ്കാരം ഒന്നുകില്‍ നരവംശശാസ്ത്രവിഷയമാണ്. അല്ലെങ്കില്‍ മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ ആഖ്യാനമാണ്. അല്ലെങ്കില്‍ ഏതെങ്കിലും സമൂഹത്തിലെ അധികാര രൂപങ്ങളെക്കുറിച്ചുള്ള അന്വേഷണം ആണ്.എന്തായാലും ഭൂതവും വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നില്ല. വര്‍ത്തമാനകാലം അനന്തമായ ഭൂതകാലവും അനന്തമായ ഭാവിയുമാണ്. ഭൂതകാലസംഭവങ്ങളെ വര്‍ത്തമാനകാലത്തും ഭാവിയിലും പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാതെ സംക്രമിപ്പിക്കാന്‍ കഴിയുന്നു.


ബഹുത്വവും സ്വത്വവും ഇത്തരം ചരിത്രരചനയുടെ അടിസ്ഥാനഘടകങ്ങളാണ്. ജനജീവിതങ്ങള്‍ തമ്മിലുള്ള പരസ്പരബദ്ധത ഇത്തരം ചരിത്രരചനയുടെ പ്രധാനവിഷയമല്ല. ആന്തരിക വൈരുധ്യങ്ങളും വിഷയമല്ല. എല്ലാ വൈരുദ്ധ്യങ്ങളും വ്യത്യസ്തതകളുടെ സൃഷ്ടികളാണ്. സമൂഹം ഇല്ലാത്തതുകൊണ്ട് അവശേഷിക്കുന്നത് ബഹുത്വങ്ങളിലെ തന്മാത്രകളാണ്. അവ വ്യക്തികളാകാം, ലിംഗങ്ങളാകാം, മതജാതിവംശീയസമുദായങ്ങളാകാം. ഇവയെല്ലാം വ്യത്യസ്ത കര്‍ത്തൃത്വങ്ങള്‍ നിര്‍മ്മിക്കുന്ന സ്വത്വങ്ങളാണ്. ഇവ തമ്മിലുള്ള വേഴ്ചകളും സംഘര്‍ഷങ്ങളുമാണ് സംഭവങ്ങളെ നിര്‍ണയിക്കുന്നത്.

മാനുഷ്യാധ്വാനത്തിന്‍റെ പ്രാഥമികത 
നിരാകരിക്കപ്പെടുമ്പോള്‍

ആധുനികോത്തരവാദികള്‍ മാനവികതയ്ക്കെതിരാണ്. സ്വത്വങ്ങള്‍ക്കും ബഹുത്വത്തിനും അപ്പുറമുള്ള മാനവികതയില്ല. മാനവികതയെ വിമര്‍ശിച്ചുകൊണ്ടുള്ള ലൂയി അല്‍തൂസറിന്‍റെ വാദങ്ങളെ ഇവര്‍ അംഗീകരിക്കും. അല്‍തൂസറും മറ്റു മാര്‍ക്സിസ്റ്റുകളും അംഗീകരിച്ച മനുഷ്യാധ്വാനത്തിന്‍റെ പ്രാഥമികതയെ ഇവര്‍ അംഗീകരിക്കില്ല. അധ്വാനം ഇവര്‍ക്ക് സംസ്കാരനിര്‍മ്മിതമായ പ്രയോഗരീതി മാത്രമാണ്. മനുഷ്യാധ്വാനത്തിന്‍റെ പ്രാഥമികത വെറും സത്താവാദം മാത്രമാണ്. ഹെഗലിന്‍റെ സത്താവാദത്തെ മറിച്ചിട്ട് വേറൊരു സത്താവാദം കൊണ്ടുവരികയാണ് മാര്‍ക്സ് ചെയ്തത് എന്നാണ് ഇവരുടെ വാദം.

മനുഷ്യാധ്വാനത്തിന്‍റെ പ്രാഥമികത നിരാകരിക്കുന്നതോടെ ഉല്‍പാദനത്തിന്‍റെയും ഉല്‍പാദനബന്ധങ്ങളുടെയും പ്രാഥമികതയും നിഷേധിക്കപ്പെടുകയാണ്. അതോടെ സാമൂഹ്യബന്ധങ്ങളും നിരാകരിക്കപ്പെടുന്നു. അവയ്ക്കുപകരം ഭാഷാപരമോ സാംസ്കാരികമോ ആയ നിര്‍മ്മിതികളായി മനുഷ്യബന്ധങ്ങള്‍ മാറുകയാണ്. ഇവ നിലനില്‍ക്കുന്നത് അനുഭവങ്ങളുടെ നൈസര്‍ഗികവും വൈകാരികവുമായ തലങ്ങളിലാണ് . അനുഭവകേന്ദ്രിതമായ വാദങ്ങള്‍ മനുഷ്യബന്ധങ്ങളുടെ സമാനതകളിലല്ല, വ്യത്യസ്തതകളിലാണ് ഊന്നുക. ഇവര്‍ക്ക് സമൂഹം വ്യത്യസ്താനുഭവങ്ങളുള്ള മനുഷ്യരുടെ കൂട്ടങ്ങള്‍ അല്ലെങ്കില്‍ ജനസഞ്ചയങ്ങള്‍ മാത്രമാണ്. മനുഷ്യരുടെ അതിജീവനത്തിനു വേണ്ടിയുള്ള പ്രയോഗതലത്തിനുപകരം അതില്‍നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ക്ക് പ്രാഥമികത കൈവരുന്നതോടെ മനുഷ്യരാശിയുടെ ജൈവമായ പൊതുസ്വഭാവം നിരാകരിക്കപ്പെടുന്നു. അനുഭവങ്ങളുടെ വ്യത്യസ്തതകള്‍ സൃഷ്ടിക്കുന്ന ഭിന്നരൂപങ്ങള്‍ക്ക് അല്ലെങ്കില്‍ ശകലങ്ങള്‍ക്ക് സ്വന്തമായ അസ്തിത്വവും ആധികാരികതയും കൈവരുന്നു. അവ പ്രാഥമികസത്യങ്ങളായി തീരുന്നു. വംശം, ലിംഗം, ജാതി, മതം, 'സാംസ്കാരിക' ദേശീയതകള്‍, 'വേറിട്ട'വ്യക്തിത്വങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ലഭിക്കുന്ന ആധികാരികത ഇതിനു തെളിവാണ്. മാനവികതയും സമൂഹവും നിരാകരിക്കുന്നതോടെ ചരിത്രം ഇത്തരം സ്വത്വങ്ങളുടെ അനുഭവസാക്ഷ്യങ്ങളായിത്തീരുന്നു. ഏതെങ്കിലും വിധത്തിലുള്ള മാനവികചരിത്രം ഇല്ലാതാകുന്നു.

ബൃഹദാഖ്യാനങ്ങള്‍ എതിര്‍ക്കപ്പെടുമ്പോള്‍
ആധുനികോത്തരത ബൃഹദാഖ്യാനങ്ങളെ മാത്രമേ എതിര്‍ക്കുന്നുള്ളൂ. ആഖ്യാനങ്ങളെ എതിര്‍ക്കുന്നില്ല. ബഹുത്വത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രതിനിധാനങ്ങള്‍ മാത്രമാകുമ്പോള്‍ പിന്നെ ഏതെങ്കിലും വിധത്തിലുള്ള ഏകോപിത രൂപങ്ങള്‍ക്ക് പ്രസക്തി ഇല്ല. പിന്നെ നിരവധി പ്രാദേശികവും സ്വത്വപരവും വ്യക്തിപരവുമായ ലഘു ആഖ്യാനങ്ങള്‍ മാത്രമാണ് നിലനില്‍ക്കുക. മാര്‍ക്സിസത്തെയോ മുതലാളിത്തം പോലുളള സമൂഹരൂപങ്ങളെയോ ഒരു ആഖ്യാനരൂപമായി കാണുന്നതിന്‍റെ യുക്തിപരത പോലും അവര്‍ അന്വേഷിക്കുന്നില്ല. മാര്‍ക്സിസത്തെ ലോകചരിത്ര കാഴ്ചപ്പാടില്‍ നിന്നു മാത്രമല്ല പ്രാദേശികതകളുടെയോ ലിംഗം, ജാതി,മതം,വംശം മുതലായ സ്വത്വരൂപങ്ങളുടെയോ വളര്‍ച്ചയെക്കുറിച്ചുള്ള പഠനങ്ങളിലും പ്രയോജനപ്പെടുത്താമെന്നതും അവര്‍ പരിഗണിക്കുന്നില്ല. 


ഇതിനു കാരണം വ്യക്തമാണ്. ജ്ഞാനോദയകാലത്തില്‍ നിന്നുയര്‍ന്നുവന്ന മറ്റു ശാസ്ത്രീയാന്വേഷണപദ്ധതികളെപ്പോലെ മാര്‍ക്സിസവും വസ്തുനിഷ്ഠ ഭൗതികലോകത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ അധിഷ്ഠിതമാണ്. എന്നാല്‍ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമായി മാര്‍ക്സിസം, യാന്ത്രിക ഭൗതികവാദത്തെ നിരാകരിക്കുന്നു. ജീവജാലങ്ങളും ഭൗതികപ്രപഞ്ചവും തമ്മിലും ഭൗതികാസ്തിത്വവും ബോധമണ്ഡലവും തമ്മിലുമുള്ള വൈരുദ്ധാത്മകബന്ധങ്ങളിലും ചരിത്രപരതയിലും മാര്‍ക്സിസം ഊന്നുന്നു. ഇതിനെ ആധാരമാക്കിയാണ് മാര്‍ക്സിസ്റ്റ് സമീപനം വളര്‍ന്നു വരുന്നത്. ഈ നിലപാടിനെ മുഴുവനും ആധുനികോത്തരവാദം നിരാകരിക്കുന്നു. അതിനു പകരമാണ് സംസ്കാരത്തിന്‍റെയോ ജൈവരാഷ്ട്രീയത്തിന്‍റെയോ ലിംഗപദവിയുടെയോ അടിസ്ഥാനത്തിലുള്ള കര്‍ത്തൃത്വാധിഷ്ഠിതമായ യുക്തികള്‍ മാത്രമുപയോഗിച്ച് എല്ലാ ഭൗതികവാദപരമായ വിശദീകരണരൂപങ്ങളെയും നിരാകരിക്കുന്നത്. ഇതോടെ മനുഷ്യരുടെ മൂര്‍ത്ത ജീവിതപ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തയെയും ഭാവനയെയുംകുറിച്ചുമുള്ള അന്വേഷണങ്ങളും അവയെ മുന്‍നിര്‍ത്തിയുള്ള കലാസാഹിത്യ ആവിഷ്കാരരൂപങ്ങളും തമ്മിലുള്ള അന്തരം നഷ്ടപ്പെടുന്നു. ചരിത്രം കാവ്യശില്‍പമാകുന്നു. ചരിത്രം ചരിത്രകാരുടെ നിര്‍മ്മിതികള്‍ മാത്രമാവുകയും യഥാര്‍ത്ഥലോകവുമായുള്ള ബന്ധംപോലും വേണമെന്ന് നിര്‍ബന്ധമില്ലാതാകുകയും ചെയ്യുന്നു.

ഇതില്‍നിന്നുള്ള അടുത്ത പടികള്‍ വ്യക്തമാണ്.പഴമയുടെ അന്വേഷണത്തില്‍ ചരിത്രവും ഐതിഹ്യങ്ങളും തമ്മിലുള്ള വേര്‍തിരിവുകള്‍ അപ്രത്യക്ഷമാവുകയാണ്. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും ചരിത്രപരമായ വേരുകള്‍ അന്വേഷിക്കുന്നതിനുപകരം അവയെ ത്തന്നെ ചരിത്രരചനയുടെ സാമഗ്രിയായി ഉപയോഗിക്കുന്നത് ഉദാഹരണമാണ്. ഇതുതന്നെ മതഗ്രന്ഥങ്ങളുടെയും പഴംപാട്ടുകളുടെയും ആധുനികസാഹിത്യകൃതികളുടെയും കാര്യത്തിലും ഉപയോഗിക്കാം. ഇത്തരം കൃതികളെല്ലാം അവ നിര്‍മ്മിക്കപ്പെട്ട കാലത്തെ സാംസ്കാരിക പ്രതിനിധാനങ്ങളാണ്. ചരിത്രരചനാസാമഗ്രികളായ പുരാവസ്തുക്കള്‍, ലിഖിതങ്ങള്‍, രേഖകള്‍ തുടങ്ങിയവയെയും പ്രതിനിധാനങ്ങളായി ക്കണ്ടാല്‍ പിന്നെ സാഹിത്യരചനയും ചരിത്രരചനയും തമ്മിലുള്ള അന്തരം ഇല്ലാതാകുന്നു. ചരിത്രം ശാസ്ത്രമല്ല, ഭാവുകത്വങ്ങളുടെ രൂപം മാത്രമാകുന്നു. കുറെ വിവരങ്ങളും കുറെയേറെ ഭാവനയുമുള്ള ആര്‍ക്കും ചരിത്രമെഴുതാമെന്നാകുന്നു.

സ്വത്വരാഷ്ട്രീയത്തിന്‍റെ വികാസം
ഇതിന്‍റെ അടുത്ത പടി സ്വത്വരാഷ്ട്രീയത്തിന്‍റെ വികാസമാണ്. ഒരു ദേശത്തിന്‍റേയോ സമൂഹത്തിന്‍റേയോ പ്രമാണസാമഗ്രികളെ ആധാരമാക്കിയുള്ള ചരിത്രരചനാശ്രമങ്ങള്‍ നിരാകരിക്കപ്പെടുന്നതോടെ ശേഷിക്കുന്നത് നിലവിലുള്ള ഏതെങ്കിലും സമൂഹവിഭാഗങ്ങളുടെ വംശാവലിക്രമങ്ങളെ ചരിത്രമായി അവതരിപ്പിക്കുക എന്നതു മാത്രമാണ്. അത് ജാതിമതലിംഗവിഭാഗങ്ങളാകാം, പ്രാദേശികതകളാകാം, ജീവചരിത്രങ്ങളുമാകാം. ആശയങ്ങളുടെയും പരികല്പനകളുടെയും അമൂര്‍ത്തചരിത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. സാമ്രാജ്യങ്ങളുടെയും രാഷ്ട്രങ്ങളുടെയും സംഭവങ്ങളുടെയും കഥാചരിത്രങ്ങളും എഴുതിയിട്ടുണ്ട്. ഇസ്ലാമിക ചരിത്രവും ഹിന്ദുചരിത്രവും ജൂതചരിത്രവും വിവിധക്രൈസ്തവസഭാചരിത്രങ്ങളും വ്യത്യസ്ത സമുദായചരിത്രങ്ങളും ഇവയുടെ ഭാഗമാണ്. ഇവയെല്ലാം വ്യത്യസ്ത രീതികളിലുള്ള വംശാവലികളുമാണ്. ഇവയുടെ ലക്ഷ്യം വ്യത്യസ്ത ജനവിഭാഗങ്ങളുടെ സമകാലികരാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ആധികാരികമായ പിന്‍ബലം നല്‍കുകയാണ്. ചരിത്രമെന്നതിനേക്കാള്‍ പ്രത്യയശാസ്ത്രപരമായ ദൗത്യമാണ് വംശാവലികള്‍ നിര്‍വഹിക്കുന്നത്..

ഇതിലൂടെ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടുകള്‍ മാത്രമല്ല, സ്വാതന്ത്ര്യം, ജനാധിപത്യം,സാമൂഹ്യനീതി, സെക്കുലറിസം, മുതലായ ആശയങ്ങളും അവയുടെ പ്രയോഗവും നിരാകരിക്കപ്പെടുന്നു. ഇത്തരം ആശയങ്ങളും അവയുടെ പ്രയോഗരൂപങ്ങളും പാശ്ചാത്യനിര്‍മ്മിതികളാണ് എന്നാണ് വാദം. അതുകൊണ്ട് പ്രയോഗതലത്തില്‍ മറ്റുള്ളവര്‍ക്ക് സ്വീകാര്യമാകണമെന്നില്ല.അവര്‍ക്ക് ഫാസിസവും മതരാഷ്ട്രീയവുമടക്കം എന്തും ബദലായി സ്വീകരിക്കാമെന്നു വരുന്നു. അതുപോലെ ആധുനികശാസ്ത്രം പാശ്ചാത്യമാണെന്നു വാദിച്ചാല്‍ മറ്റുള്ളവര്‍ക്ക് വേറെ ജ്ഞാനമേഖലകളെ സ്വീകരിക്കാമെന്നുമാകാം. ഇതു ചരിത്രപരമായ പിറകോട്ടുപോക്കിലേക്കു നീങ്ങുക മാത്രമല്ല, വിജ്ഞാനനിരാസത്തിലേക്കും യുക്തിനിഷേധത്തിലേക്കും നയിക്കുകയും ചെയ്യുന്നു. വിവിധഘട്ടങ്ങളില്‍ വിവിധമനുഷ്യവിഭാഗങ്ങള്‍ സൃഷ്ടിച്ച ആശയങ്ങളെയും പ്രയോഗരൂപങ്ങളെയും കോര്‍ത്തിണക്കി   വിഭിന്നമായ ഭാവി ഉണ്ടാക്കാനുള്ള സാധ്യതകള്‍ പോലും ഈ നിലപാടുകള്‍ ഇല്ലാതാക്കുകയാണ്. സ്വത്വങ്ങളുടെ അധികാരഘടനയും സാങ്കേതികതകളും അവ സൃഷ്ടിക്കുന്ന ആകുലതകളും കലാപങ്ങളും നിര്‍ണയിക്കുന്ന ചക്രച്ചാലുകളില്‍ സ്വന്തം ആനന്ദങ്ങളും സംഭീതികളും കണ്ടെത്തുന്ന മനുഷ്യര്‍ ശാശ്വതമായി വര്‍ത്തമാനകാലത്തില്‍ തളച്ചിടപ്പെടുകയാണ്. സ്വത്വങ്ങള്‍ വളര്‍ത്തുന്ന മിത്തുകളില്‍ സ്വന്തം ഭാവി കണ്ടെത്തുകയാണ്.

ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ചരിത്രവും ശാസ്ത്രവും പ്രസക്തമാകുന്നത് മനുഷ്യരുടെ അതിജീവനപ്രക്രിയകളിലാണ്. മനുഷ്യാധ്വാനവും ഉല്‍പാദനവും പ്രസക്തമാകുന്നതും അവിടെത്തന്നെയാണ്. മനുഷ്യരുടെ ഭോഗത്തിന്‍റെയും ഉപഭോഗത്തിന്‍റെയും തലങ്ങളുണ്ട്. ആസക്തികളുടെയും ആഗ്രഹസാഫല്യങ്ങളുടെയും ലോകം ഉപഭോഗതലത്തിലാണ്. ആനന്ദത്തിന്‍റെയും വേദനയുടെയും രാഗദ്വേഷങ്ങളുടെയും പാപപുണ്യങ്ങളുടെയും ആസ്വാദനവൈവിധ്യങ്ങളുടെയും അനുഭൂതികളുടെയും  ലോകവും അതുതന്നെയാണ്. മൂര്‍ത്തമായ മാനവികപ്രവര്‍ത്തനങ്ങളിലെ വൈരുധ്യങ്ങള്‍ അസ്തിത്വത്തെയും ബോധമണ്ഡലത്തെയും മുന്നോട്ടുനയിക്കുമ്പോള്‍  ഉപഭോഗതലം മനുഷ്യരുടെ അനുഭവതലത്തെ നിര്‍ണയിക്കുന്നു.നവലിബറലിസം പ്രോല്‍സാഹിപ്പിക്കുന്ന കമ്പോളനിര്‍ണയവാദം ഉല്‍പാദനത്തിനുമേല്‍ ഉപഭോഗത്തിന്‍റെ പ്രാമാണികത അടിച്ചേല്‍പ്പിക്കുന്നു.അതില്‍നിന്നു വ്യക്തിപരതയിലേക്കും സാംസ്കാരികയുക്തിയിലേക്കും സ്വത്വരാഷ്ട്രീയത്തിലേക്കുമുള്ള നീക്കം എളുപ്പമാണ്. പരസ്പരബദ്ധതയില്‍നിന്ന് വ്യത്യസ്തതയിലേക്കും മനുഷ്യരാശിയുടെ ഏകോപനത്തില്‍നിന്ന് ജനസഞ്ചയത്തിലെ ബഹുത്വത്തിലേക്കും അധ്വാനത്തിന്‍റെ പ്രാഥമികതയില്‍നിന്ന് അനുഭവങ്ങളുടെ പ്രാഥമികതയിലേക്കും ചരിത്രത്തില്‍ നിന്നു വംശാവലിയിലേക്കും ശാസ്ത്രത്തില്‍ നിന്ന് ആഖ്യാനത്തിലേക്കുമുള്ള മാറ്റവും എളുപ്പമാകുന്നു. ആധുനികോത്തരവാദം നവലിബറലിസത്തിന്‍റെ യുക്തിയാകുന്നതും അങ്ങനെയാണ്. •