വിവാദങ്ങള്‍ക്കപ്പുറം

കേരളത്തില്‍ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം ഏതാണ്ട് 3 ലക്ഷമാണ്. വീടുകളിലും മറ്റും വളര്‍ത്തുന്നവയുടെ എണ്ണം 9 ലക്ഷവും. തെരുവുനായ്ക്കള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ആക്രമിക്കുന്നത് പുതിയ സംഭവമല്ല ഇവിടെ. കേരളത്തിലെ നായ്ക്കളില്‍ 0.3 ശതമാനത്തിനാണ് റാബിസ് ബാധയുണ്ടാകുന്നത് എന്നാണ് കണക്ക്. ഇതാണ് പേവിഷബാധയ്ക്ക് നിദാനം. ഇപ്പോള്‍ മാധ്യമങ്ങളും മറ്റും ആ പ്രശ്നത്തെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. കുട്ടികളെയും പ്രായമായവരെയും തെരുവുനായ്ക്കള്‍ ഓടിച്ചിട്ടുകടിക്കുന്നതായും മറ്റുമുള്ള വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നു ഈയിടെയായി. തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിച്ചു പ്രവര്‍ത്തിച്ചാല്‍ രണ്ടുകാര്യങ്ങള്‍ സാധ്യമാണ്. ഒന്ന്, തെരുവുനായ ഭീകരത സംബന്ധിച്ച പേടിയില്‍നിന്നു ജനങ്ങളെ ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മോചിപ്പിക്കാം. രണ്ട്, നായ്ക്കള്‍ക്ക് പേവിഷബാധയുണ്ടോ എന്നു കാലാകാലങ്ങളില്‍ പരിശോധിക്കുകയും അത്തരം നായയുടെ കടിയേറ്റവര്‍ക്ക് തക്കസമയത്തു തന്നെ വാക്സിന്‍ കുത്തിവയ്പ് ഉള്‍പ്പെടെ ഫലപ്രദമായ ചികിത്സയും സംരക്ഷണവും ഉറപ്പുചെയ്യാം.


ഇതോടൊപ്പം തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്. ഇന്ത്യയിലാകെ 171 ലക്ഷംതെരുവുനായ്ക്കളുണ്ട് എന്നാണ് ഔദ്യോഗികകണക്ക്. കേരളത്തിലെ 3 ലക്ഷം അതില്‍ 1.76 ശതമാനം മാത്രമാണ്. നായ്ക്കളുടെ കടിയേല്‍ക്കുന്നതും പേവിഷബാധയേല്‍ക്കുന്നതും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍  കൂടുതലാണ് എന്നും പറഞ്ഞുകൂട. പക്ഷേ, കേരളത്തില്‍ ഒന്നു കൂടുതലുണ്ട്. ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ വാര്‍ത്താകവറേജ്. അവര്‍ക്കു ഒരു വാര്‍ത്തയെ പല മടങ്ങുമുഴുപ്പിച്ച് അവതരിപ്പിക്കാനും തീര്‍ത്തും അഗണ്യമായി ചെറുതാക്കി കാണിക്കാനും കഴിയും. തെരുവുനായ്ക്കളുടെ പ്രശ്നം സംബന്ധിച്ച് മറ്റു പല പ്രശ്നങ്ങളെയും എന്നപോലെ ജനങ്ങള്‍ക്ക് അറിവും വിദ്യാഭ്യാസവും പകരണം, സംശയമില്ല. എന്നാല്‍ അതിനുപകരം ചില മാധ്യമങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കാനായി സ്തോഭജനകമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരാള്‍പോലും തെരുവുനായയുടെ ആക്രമണത്തിനു ഇരയായിക്കൂട. അത് പറയുമ്പോള്‍ എങ്ങനെയാണ് തെരുവുനായ പ്രശ്നം ഉയര്‍ന്നുവരുന്നത് എന്നും കാണണം. 10-15 ലക്ഷം വര്‍ഷമായി മനുഷ്യനോട് ഇണങ്ങിക്കഴിയുന്ന ചെന്നായ് വര്‍ഗത്തില്‍പെട്ടവയാണ് വളര്‍ത്തുനായ്ക്കളും തെരുവുനായ്ക്കളും. തെരുവുനായ്ക്കളില്‍ ഒരു വിഭാഗം തങ്ങള്‍ക്കു ബാധ്യതയാകുമ്പോള്‍ ജനങ്ങള്‍ തെരുവിലേക്ക് തള്ളിവിടുന്ന വളര്‍ത്തുനായ്ക്കളാണ്. മൃഗങ്ങളോടുള്ള ക്രൂരത നിയന്ത്രിക്കുന്നതിനായി നായ അടക്കമുള്ള മൃഗങ്ങളോട് എങ്ങനെ പെരുമാറണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമുണ്ട്. എന്നാല്‍ ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടി കൊല്ലുന്നതും നിരോധിക്കുന്ന നിയമമാണ് ഇപ്പോള്‍ നായ്ക്കളുടെ അനിയന്ത്രിതമായ വര്‍ധനവിനു കാരണമായത്.

കാട്ടുമൃഗങ്ങളെ മനുഷ്യര്‍ ആക്രമിക്കാനും കൊല്ലാനും പാടില്ല എന്നു വ്യവസ്ഥ ചെയ്യുന്ന നിയമമുണ്ട്. പക്ഷേ, അവ നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കുമ്പോള്‍ അവയെ കാട്ടിലേക്ക് തിരിച്ചോടിക്കാനും അതിന് അവ വഴിപ്പെടുന്നില്ലെങ്കില്‍ കൊല്ലാനും അനുവാദം നല്‍കുന്ന നിയമമുണ്ട്. കാട്ടുമൃഗങ്ങളുടെ വംശനാശം ഉണ്ടാകാതിരിക്കാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഏര്‍പ്പെടുത്തിയതാണ് ഈ നിരോധനവും ആവശ്യം വരുമ്പോള്‍ ആക്രമണകാരികളായ കാട്ടുമൃഗങ്ങളെ തിരിച്ചോടിക്കാനോ വകവരുത്താനോ അനുവദിക്കുന്ന നിയമവും.

വസ്തുത ഇതായിരിക്കെ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളും ജനങ്ങളും പ്രശ്നം ശരിയായി മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, പ്രശ്നത്തെ ഭീകരമാക്കി മാറ്റുകയല്ല. മനുഷ്യനും മൃഗരാശിയും തമ്മിലുള്ള നാഭീനാള ബന്ധം തിരിച്ചറിയണം ബലപ്പെടുത്തണം. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കണം. പൊതുനിയന്ത്രണങ്ങള്‍ക്ക് വിധേയമായി മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം അത്തരം നിയന്ത്രണങ്ങള്‍ തെരുവു -വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. സര്‍ക്കാരും വിവിധ വകുപ്പുകളും മറ്റും ഏകോപിച്ചുനീങ്ങുമ്പോള്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് ജനങ്ങള്‍ പൊതുവില്‍ വേണ്ടത്. റാബിസ് വൈറസ് നായ്ക്കളെയും മനുഷ്യരെയും കടന്നാക്രമിക്കുന്നതു തടയാനുള്ള പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കണം, ജനങ്ങള്‍ സഹകരിക്കണം. അതാണ് ഇന്ന് അടിയന്തിരമായി വേണ്ടത്.

കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധി  കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഈ വരികള്‍ എഴുതുമ്പോള്‍ കൊല്ലം ജില്ലയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായി ജനങ്ങളെ അഖിലേന്ത്യാതലത്തില്‍ അണിനിരത്തുകയാണ് അതിന്‍റെ ലക്ഷ്യമായി പറയപ്പെടുന്നത്. 3500 കിമീ ദൂരം ആറുമാസംകൊണ്ട് സഞ്ചരിക്കുമ്പോള്‍ 12 സംസ്ഥാനങ്ങളിലാണ് ചെന്നെത്തുക. ഏറ്റവും കൂടുതല്‍ ദിവസം (18) ജാഥ സഞ്ചരിക്കുക കൊച്ചുകേരളത്തിലാണ്. ബിജെപിയുടെ സ്വാധീനം ഏറ്റവും കൂടുതലുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഥ പര്യടനം നടത്തുന്ന ദിവസങ്ങള്‍ താരതമ്യേന കുറവാണ്. കേരളത്തിലാണെങ്കില്‍ ബിജെപിയുടെ സാന്നിധ്യം നാമമാത്രമാണ്. അവര്‍ക്ക് ആളെ സംഭാവനചെയ്തുകൊണ്ടിരിക്കുന്നത് രാഹുല്‍ഗാന്ധി നേതാവായ കോണ്‍ഗ്രസ് തന്നെയാണ് എന്നു ഏറ്റവും ഒടുവില്‍ ഗോവയിലെ കാലുമാറ്റം തെളിയിക്കുന്നു. അതിനാല്‍ രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര പ്രധാനമായി വേണ്ടത് ബിജെപിക്കും കോണ്‍ഗ്രസിനും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ്. പരിപാടിക്കനുസരിച്ച് അവിടങ്ങളില്‍ ജാഥയുടെ പര്യടനം വളരെ കുറച്ചുദിവസങ്ങളിലാണ്. 80 ലോക്സഭാ സീറ്റുകള്‍ ഉള്ള യുപിയില്‍ ആദ്യം ജാഥ രണ്ടുദിവസമേ ഉണ്ടാകൂ എന്നായിരുന്നു വാര്‍ത്ത. ഇപ്പോള്‍ അത് 5 ആയി ഉയര്‍ത്തിയിട്ടുണ്ട്. ലോക്സഭാ സീറ്റിന്‍റെ കണക്കുനോക്കിയാല്‍ കേരളത്തില്‍ സഞ്ചരിക്കുന്നതിന്‍റെ നാലിരട്ടി ദിവസം ആ സംസ്ഥാനത്തിലൂടെ ജാഥ സഞ്ചരിക്കേണ്ടതാണ്. അതിന്‍റെ സ്ഥാനത്ത് ആദ്യം നിശ്ചയിച്ചിരുന്നത് രണ്ടുദിവസം, അത് പരക്കെ വിമര്‍ശിക്കപ്പെട്ടപ്പോള്‍, അഞ്ചുദിവസമായി യുപിയിലെ പര്യടന ദിവസങ്ങള്‍ വര്‍ധിപ്പിച്ചതായി പറയപ്പെടുന്നു. മാത്രമല്ല കന്യാകുമാരിയില്‍നിന്നാരംഭിച്ച് രാഹുല്‍ഗാന്ധി ബിജെപിയെയോ മോദി സര്‍ക്കാരിനെയോ ശക്തിയായി എതിര്‍ക്കുന്ന പ്രസംഗങ്ങള്‍ നടത്തിയിട്ടുമില്ല. എല്‍ഡിഎഫാണ് ശത്രു എന്ന മട്ടിലാണ് ജാഥയുടെ പോക്ക്.

എല്‍ഡിഎഫിനും സംസ്ഥാന സര്‍ക്കാരിനും എതിരായി ഇവിടത്തെ ജനങ്ങളെ അണിനിരത്തുന്നതിനായി വലതുപക്ഷ മാധ്യമങ്ങള്‍ മിക്ക വാര്‍ത്തകളെയും വളച്ചൊടിക്കുന്നു. ചില ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നു. അങ്ങനെ ഒന്നാണ് കേരള സര്‍ക്കാര്‍ ഗുരുതര സാമ്പത്തികപ്രശ്നം നേരിടുന്നു എന്നത്. ഒരു കാര്യം ശരിയാണ്. ഏതു സര്‍ക്കാരിന്‍റെ കാലത്തും സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് കമ്മിയാണ്. എല്‍ഡിഎഫ് ഭരണത്തിലുള്ളപ്പോള്‍ അങ്ങനെ സംഭവിക്കുന്നത് ക്ഷേമത്തിനും വികസനത്തിനുമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതുകൊണ്ടാണ്. പുതിയ സാമ്പത്തികബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ജനസാമാന്യത്തിനു വിദ്യാഭ്യാസം, ആരോഗ്യരക്ഷ, വാര്‍ധക്യകാല സുരക്ഷ എന്നിവയ്ക്കായി സാര്‍വത്രികമായ സഹായം നല്‍കുന്നു. അത് സര്‍ക്കാരിനു ബാധ്യതയാണ് എന്നു പറഞ്ഞ് ഒഴിവാക്കുകയല്ല കോണ്‍ഗ്രസ് -ബിജെപി സര്‍ക്കാരുകളെപ്പോലെ ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്; അത് കടമയായി കണ്ടു നടപ്പാക്കുകയാണ്. ഒന്നാം നായനാര്‍ സര്‍ക്കാരാണ് വാര്‍ധക്യപെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. അതിനുമുമ്പ് 1957ലെ ഇ എം എസ് സര്‍ക്കാര്‍ സൗജന്യ സ്കൂള്‍ വിദ്യാഭ്യാസം, സൗജന്യ ചികിത്സ എന്നിവയ്ക്കു പുറമെ മറ്റാനുകൂല്യങ്ങളും നല്‍കി. പിന്നീട് ഭക്ഷ്യദൗര്‍ലഭ്യക്കാലത്ത് റേഷന്‍ സാര്‍വത്രികമാക്കപ്പെട്ടു. ദുര്‍ബല ജനവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വാര്‍ധക്യപെന്‍ഷന്‍ ഏര്‍പ്പെടുത്തി. കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഏര്‍പ്പെടുത്തിയ നടപടികള്‍ സമാനതകളില്ലാത്തതാണ് എന്ന് ലോകമാകെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഈ ഓണക്കാലത്തും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ബോണസിനും ഓണം അഡ്വാന്‍സിനും മറ്റുമായി ചെലവഴിച്ച തുക 15,000 കോടി രൂപയോളം വരും. സെപ്തംബര്‍ 12ന് ഓണാവധിക്കുശേഷം ട്രഷറി തുറക്കുമ്പോള്‍ ട്രഷറി കാലിയാകും, പണമില്ലാതെ ഓവര്‍ഡ്രാഫ്റ്റോ റിസര്‍വ് ബാങ്കില്‍ നിന്നും വെയ്സ് ആന്‍ഡ് മീന്‍സ് കടമോ എടുക്കേണ്ടിവരും എന്നൊക്കെയായിരുന്നു 'ധനജ്യോതിഷി'കളുടെ പ്രവചനം. പക്ഷേ, ഒന്നും ഉണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ദുര്‍വ്യയം നടത്താറില്ല. പക്ഷേ, പാവപ്പെട്ടവര്‍ക്ക് ആശ്വാസവും സാധാരണക്കാര്‍ക്ക് സഹായവും എല്ലാവര്‍ക്കും സുരക്ഷയും നല്‍കും. അത് ദുര്‍വ്യയമല്ല, സംസ്ഥാനത്തിന്‍റെ സാമൂഹിക-സാമ്പത്തികജീവിതത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഈ അനുഭവം ഇപ്പോഴും ആവര്‍ത്തിക്കുന്നു..•