'ഒരു രാജ്യം ഒരു പെന്‍ഷന്‍' മുദ്രാവാക്യത്തിനുപിന്നിലെ ഗൂഢലക്ഷ്യം

പത്രാധിപരോട് ചോദിക്കാം

  1. സര്‍ക്കാരുദ്യോഗസ്ഥരെന്നോ പൊതുമേഖലാ ജീവനക്കാരെന്നോ അസംഘടിത തൊഴിലാളികളെന്നോ ഭേദമില്ലാതെ എല്ലാ മുതിര്‍ന്ന പൗരര്‍ക്കും 10,000 രൂപ പ്രതിമാസം നല്‍കണമെന്ന അഭിപ്രായ രൂപീകരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ നിലപാടെന്താണ്? : സുരേഷ്കുമാര്‍ കന്നൂര്, കൊയിലാണ്ടി
  2. 'ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്ന മുദ്രാവാക്യം വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണല്ലോ. നിലവില്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ സമ്പ്രദായവുമായി പൊരുത്തപ്പെടുന്നതുമല്ല. ഇതു സംബന്ധിച്ച അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്? : ദീപ്തി, ചെങ്ങന്നൂര്‍

 

1

ഇങ്ങനെയൊരു ചോദ്യം ഇന്ത്യയില്‍, കേരള സംസ്ഥാനത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ഉന്നയിക്കപ്പെടുമോ എന്നു സംശയമാണ്. കാരണം മറ്റിടങ്ങളിലെല്ലാം വലിയ വേര്‍തിരിവുകളാണ് ഇവിടെ പറയുന്ന ജീവനക്കാരും/തൊഴിലാളികളും തമ്മില്‍ നിലനിര്‍ത്തപ്പെടുന്നത്.

മുതലാളിത്ത വ്യവസ്ഥയില്‍ യോഗ്യതയും കഴിവും നോക്കിയാണ് വേതനം നിശ്ചയിക്കുക. ഡിഗ്രി ഉള്ളവര്‍ക്ക്, സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് എല്ലാം വ്യത്യസ്ത വേതന നിലവാരം ഉള്ള സ്ഥിതിയാണല്ലോ രാജ്യത്തുള്ളത്. അതിനാല്‍ ചോദ്യത്തില്‍ പറയുന്നതുപോലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ (അതില്‍തന്നെ അനൗപചാരിക) മേഖലകളില്‍ ഉള്ളവര്‍ക്ക് വ്യത്യസ്ത വേതനമാണ് അവര്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ലഭിക്കാറുള്ളത്. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് ഏറെക്കാലമായി തൊഴിലാളികളും ജീവനക്കാരും ഉന്നയിക്കുന്ന ആവശ്യമാണ്. അത് അനുവദിക്കുന്നതിനു തൊഴിലുടമകള്‍ എതിരാണ് - പ്രത്യേകിച്ചും സ്വകാര്യമേഖല.


മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പെട്ടവര്‍ക്കെല്ലാം അവര്‍ ജോലി ചെയ്തകാലത്തെ വേതനനിരക്ക് നോക്കാതെ പൊതുവില്‍ മിനിമം 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ എന്നത് ആകര്‍ഷകമായ മുദ്രാവാക്യമാണ്. അതിനു സമാന്തരമായി പറയാവുന്നത് കേരളത്തില്‍ എല്ലാത്തരം സാമൂഹ്യപെന്‍ഷനും ഒരേ തുകയുടേതാണ് എന്നതത്രെ.  ഇപ്പോള്‍ 1300 രൂപ വീതം. ഇത് 60 വയസ്സുകഴിഞ്ഞവര്‍ക്കും മറ്റു തരത്തില്‍ സ്വയം ജീവിക്കാന്‍ സാധ്യമായ ചുറ്റുപാടുകള്‍ ഇല്ലാത്തവര്‍ക്കുമാണ് നല്‍കപ്പെടുന്നത്. 


മറ്റു ഗതിയില്ലാത്ത എല്ലാ പ്രായമായവര്‍ക്കും സാമൂഹ്യ പെന്‍ഷന്‍ എന്നത് ഒരു ഇടതുപക്ഷ മുദ്രാവാക്യമാണ്; ആഗോളതലത്തില്‍ തന്നെ. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണം ഉള്ള സംസ്ഥാനങ്ങളില്‍ മാത്രമേ ഇന്ത്യയില്‍ ഇത് നടപ്പാക്കപ്പെട്ടിട്ടുള്ളൂ. (അതല്ലാതെ ബിഹാറില്‍ 2019 മുതല്‍ 400 രൂപ പ്രതിമാസം "മുഖ്യമന്ത്രി വൃദ്ധജന പെന്‍ഷന്‍ യോജന" പ്രകാരം 60 വയസ്സ് കഴിഞ്ഞ മറ്റു പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്). സൗജന്യ വിദ്യാഭ്യാസവും സൗജന്യ ആരോഗ്യരക്ഷയും പോലെയുള്ള ഒരു സോഷ്യലിസ്റ്റ് മുദ്രാവാക്യമാണ് അതും. 
മുതിര്‍ന്ന പൗരര്‍ക്കെല്ലാം വാര്‍ധക്യത്തില്‍ മക്കളെയോ അതുപോലെ തങ്ങള്‍ ആയ കാലത്ത് സഹായിച്ചവരെയോ പോലുള്ളവര്‍ സംരക്ഷണം നല്‍കും എന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണല്ലോ രാജ്യത്ത് പൊതുവില്‍ ഉള്ളത്. ചെറുപ്പത്തില്‍ തങ്ങളുടെ എല്ലാ സമ്പത്തും സമയവും നല്‍കി പരിലാളിച്ച് വളര്‍ത്തിയ മക്കള്‍ തന്നെ, തങ്ങള്‍ക്ക് വയസ്സായപ്പോള്‍ വഴിയില്‍ കൊണ്ടുവിടുന്നതും മൃഗീയമായി മര്‍ദ്ദിക്കുന്നതും കൊല ചെയ്യുന്നതുമായ വാര്‍ത്തകള്‍ ഇപ്പോള്‍ വിരളമല്ല. അതൊക്കെ സൂചിപ്പിക്കുന്നത് വാര്‍ധക്യ പെന്‍ഷന്‍ മറ്റു തരത്തില്‍ ഉപജീവനത്തിനു വഴിയില്ലാത്ത എല്ലാ വൃദ്ധര്‍ക്കും ലഭ്യമാക്കേണ്ടത് സാമൂഹ്യമായ നീതിയാണെന്നു തന്നെയാണ്.


അതൊക്കെ ചോദ്യത്തില്‍ ഉന്നയിച്ചതുപോലെ "സമത്വാധിഷ്ഠിതമായ" ഏകീകൃത പെന്‍ഷന്‍ അനുവദിക്കപ്പെടണം എന്നതിനുള്ള ശക്തമായ ന്യായങ്ങളാണ്. ഭാവിയില്‍ അതൊക്കെ ഏതു സമൂഹത്തിനും, പ്രത്യേകിച്ച് കേരളീയ സമൂഹത്തിന്, പരിഗണിക്കുകയും അംഗീകരിക്കുകയും വേണ്ടിവരും. അതിനുപകരിക്കുന്ന രീതിയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളതുപോലെ നികുതിനിരക്ക് വരുമാനത്തിന്‍റെ 40-50 ശതമാനം വരെയൊക്കെ ഉയര്‍ത്തേണ്ടിയും വന്നേക്കാം. തക്ക വരുമാനമില്ലാതെ പ്രതിവര്‍ഷം 6000-7000 കോടി രൂപയുടെയെങ്കിലും അധികച്ചെലവ് വരുന്ന ഇത്തരം നിര്‍ദ്ദേശം നടപ്പാക്കാനാവില്ലല്ലോ. 


2
രു രാജ്യം, ഒരു പെന്‍ഷന്‍" എന്നത് കേള്‍ക്കാന്‍ കൊള്ളാവുന്ന മുദ്രാവാക്യമാണ്. മറ്റൊരു ഗതിയുമില്ലാത്ത രാജ്യത്തെ ജനവിഭാഗങ്ങളെ അത് പെട്ടെന്ന് ആകര്‍ഷിച്ചേക്കാം. അതുകൊണ്ടാകണം പല അടിസ്ഥാന സേവനങ്ങളും സര്‍ക്കാര്‍ ചെയ്യാത്ത ഈ രാജ്യത്ത് വയസ്സുകാലത്ത് എല്ലാവര്‍ക്കും ഒരേ പെന്‍ഷന്‍ എന്നത് പെട്ടെന്ന് ആകര്‍ഷകമാകുന്നത്. 


"എല്ലാവര്‍ക്കും തൊഴില്‍" എന്ന മുദ്രാവാക്യമല്ലേ ആദ്യം ഉയര്‍ത്തേണ്ടത്? അങ്ങനെ തൊഴില്‍ചെയ്ത് രാജ്യത്തെ സേവിച്ചവര്‍ക്കല്ലേ പെന്‍ഷന് കൂടുതല്‍ അര്‍ഹത? അതുകൊണ്ടാണല്ലോ പട്ടാളക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ചില പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. "മാറ്റിവെയ്ക്കപ്പെട്ട കൂലിയാണ് പെന്‍ഷന്‍" എന്നാണ് ജീവനക്കാരും തൊഴിലാളികളും മറ്റും അവകാശപ്പെടാറുള്ളത്. അത് അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാരും മറ്റും പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും. അതിനാല്‍ വാര്‍ധക്യത്തില്‍ എല്ലാവര്‍ക്കും തുല്യ പെന്‍ഷന്‍ ലഭിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ എല്ലാവര്‍ക്കും തൊഴില്‍ എന്ന മുദ്രാവാക്യം അംഗീകരിക്കേണ്ടതല്ലേ? അത് നടപ്പാക്കിക്കിട്ടാന്‍ എല്ലാ തൊഴില്‍രഹിതരെയും അണിനിരത്തി കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിന് നേതൃത്വം നല്‍കണം. കേന്ദ്രസര്‍ക്കാരിനാണല്ലോ വലിയ സാമ്പത്തികശേഷി. അതാണ് എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കാവുന്ന സ്ഥിതി രാജ്യത്ത് ഉണ്ടാക്കേണ്ടത്. 


എല്ലാവര്‍ക്കും ജോലി വേണമെന്ന് ആവശ്യപ്പെടുന്നവര്‍ എല്ലാവര്‍ക്കും ഒരേ കൂലി, ശമ്പളം വേണമെന്ന് ആവശ്യപ്പെടുമോ? വ്യത്യസ്ത ജോലികള്‍ക്ക് വ്യത്യസ്ത യോഗ്യതകളാണ് വേണ്ടത്. സമാന തൊഴിലുകള്‍ക്ക് തുല്യവേതനം ആവശ്യപ്പെടുന്നതില്‍ ഒരു യുക്തിയുണ്ട്. എന്നാല്‍ വ്യത്യസ്ത യോഗ്യത വേണ്ടവര്‍ക്ക്, വ്യത്യസ്തശേഷികള്‍ വേണ്ടവര്‍ക്ക് എല്ലാം ഒരേ വേതനം വേണമെന്ന് ആവശ്യപ്പെടാന്‍ കഴിയുമോ? ചെയ്യാം, മുതലാളിത്ത വ്യവസ്ഥയിലല്ല, സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍. ഇവിടെ നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയില്‍ 'തുല്യജോലിക്ക് തുല്യവേതനം' എന്നതിനു പകരം 'എല്ലാ ജോലിക്കും ഒരേ വേതനം' എന്ന ആവശ്യം ഉയര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ജീവനക്കാര്‍ മൊത്തത്തിലോ തൊഴിലിനുവേണ്ടി സമരംചെയ്യുന്നവരോ പൊതുവില്‍ അങ്ങനെയൊരു മുദ്രാവാക്യം അംഗീകരിക്കുമെന്ന് ഇതുവരെയുള്ള അനുഭവംവെച്ച് പറയാനാവില്ല. 


വേലചെയ്ത് തളര്‍ന്നവര്‍ക്ക് വയസ്സുകാലത്തേക്കായി 'മാറ്റിവെയ്ക്കപ്പെട്ട കൂലി'യാണ് പെന്‍ഷന്‍ എന്ന വാദമാണ് തൊഴിലാളികളും ജീവനക്കാരും പൊതുവില്‍ അംഗീകരിച്ചു കാണുന്നത്. അതുകൊണ്ടാണല്ലോ ജോലിചെയ്ത സേവന പാരമ്പര്യമുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ എന്ന മുദ്രാവാക്യം അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അവസാനം ജോലിചെയ്തവേളയിലെ വേതനം, കൂലി എന്നതുമായി ബന്ധപ്പെടുത്തിയാണ്, അതുകൊണ്ട് പെന്‍ഷന്‍ നിശ്ചയിക്കപ്പെടുന്നത്. 


സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന "വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍" വാദക്കാര്‍, പെന്‍ഷന് ആവശ്യപ്പെടുന്നവര്‍ എല്ലാം അതിനുമുമ്പ് ഏതെങ്കിലും ജോലിചെയ്തിട്ടുണ്ട് എന്നോ ജോലിചെയ്തവര്‍ ആയിരിക്കണമെന്നോ പറയുന്നില്ല. അവര്‍ നിര്‍ദേശിക്കുന്നത് വാര്‍ധക്യത്തിനുമുമ്പ് ഇരുപതോ മുപ്പതോ നാല്‍പതോ വര്‍ഷം ജോലിചെയ്തവര്‍ക്കും ഒരു ജോലിയും ചെയ്യാത്തവര്‍ക്കും ഒരേ നിരക്കില്‍ പെന്‍ഷന്‍ നല്‍കണം എന്നാണോ? എങ്കില്‍, ദീര്‍ഘകാലം ജോലിചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ മാറ്റിവെയ്ക്കപ്പെട്ട കൂലിയാണ് പെന്‍ഷന്‍ എന്ന തൊഴിലാളികളും ജീവനക്കാരും പൊതുവില്‍ അംഗീകരിക്കുന്ന തത്ത്വത്തെ നിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്; അതുവഴി വൃദ്ധര്‍ക്കിടയില്‍ ഐക്യം ഉണ്ടാക്കുന്നതിനുപകരം അനൈക്യം ഉണ്ടാക്കുകയാണ്. അതാണോ അവരുടെ ലക്ഷ്യം?


ജോലിചെയ്തവര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ എന്നത് സംഘടിത മേഖലയിലെ ജീവനക്കാരും തൊഴിലാളികളും സംഘടിച്ച് നേടിയെടുത്ത ആവശ്യമാണ്. അല്ലാത്തവര്‍ക്ക് പെന്‍ഷന്‍ എന്നത് കഴിഞ്ഞ അര നൂറ്റാണ്ടിനകത്ത് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഉയര്‍ന്നുവന്ന ആശയവും ആവശ്യവുമാണ്. കേരളത്തില്‍തന്നെ 40 വര്‍ഷം മുമ്പാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍പോലുള്ള പതിവില്‍നിന്ന് വ്യത്യസ്തമായ പെന്‍ഷന്‍ ആശയം ഉയര്‍ന്നുവന്നത്. അക്കാലത്തുതന്നെയാണ് വിധവകള്‍, ഭിന്നശേഷിയുള്ളവര്‍ മുതലായ വിഭാഗങ്ങള്‍ക്ക് സാമൂഹ്യപെന്‍ഷന്‍ എന്ന ആശയവും ഉയര്‍ന്നുവന്നത്. 


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അവ അംഗീകരിക്കപ്പെട്ടിട്ടില്ല. കേരളത്തിലാണ് 60 കഴിഞ്ഞവര്‍ക്കെല്ലാം സാമൂഹ്യ പെന്‍ഷന്‍ എന്ന രൂപത്തില്‍ മേല്‍പറഞ്ഞ പെന്‍ഷനുകളെയെല്ലാം ഏകോപിപ്പിക്കുന്ന സ്ഥിതി ഉണ്ടായത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അത് പ്രതിവര്‍ഷം 600 രൂപ വീതം വര്‍ധിപ്പിക്കുന്ന സ്ഥിതി ഉണ്ടായതോടെ, ഏതാണ്ട് 50 ലക്ഷം പേര്‍ക്കിടയില്‍ സാമൂഹ്യ പെന്‍ഷന്‍ ഒരു യാഥാര്‍ഥ്യമായി. അത് കൃത്യമായി വിതരണംചെയ്യുന്ന സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മമത തോന്നാന്‍ തുടങ്ങി. 


ഈ പശ്ചാത്തലത്തിലാണ് 'ഒരു രാജ്യം ഒരു മതം', 'ഒരു രാജ്യം ഒരു നിയമം' 'ഒരു രാജ്യം ഒരു സംസ്കാരം' 'ഒരു രാജ്യം ഒരു ഭാഷ' എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍, ഇവയിലെല്ലാം വൈവിധ്യമാകാം എന്ന തത്ത്വം എത്രയോ കാലമായി നിലവിലുള്ള ഇന്ത്യയില്‍, ഒരു കൂട്ടര്‍ ഉന്നയിച്ചത്. അവരുടെ കമ്മട്ടത്തില്‍തന്നെ അടിച്ചിറക്കിയതാണ് 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' എന്ന മുദ്രാവാക്യവും. എല്ലാവര്‍ക്കും ഒരേ പെന്‍ഷന്‍ എന്നല്ലാതെ 'എല്ലാവര്‍ക്കും ജോലി, അവര്‍ക്കെല്ലാം ഒരേ കൂലി' എന്ന സമാനമായ മുദ്രാവാക്യം ആ കമ്മട്ടത്തില്‍നിന്ന് പുറത്തുവരികയുമില്ല. കാരണം അത് വന്‍കിട മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. തൊഴിലാളികളുടെയോ മറ്റേതെങ്കിലും ജനവിഭാഗങ്ങളുടെയോ വിശാല ഐക്യം ഉയര്‍ന്നുവരണമെന്നല്ല അവരുടെ ആഗ്രഹവും ആവശ്യവും; അവരെ തമ്മിലടിപ്പിക്കണമെന്നാണ്. 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' മുദ്രാവാക്യക്കാര്‍ പ്രത്യക്ഷത്തില്‍ പ്രായമായവരെ ഏകോപിപ്പിക്കുന്നതായി തോന്നാം. വാസ്തവത്തില്‍ അവര്‍ തൊഴിലാളികള്‍ക്കും തൊഴിലുണ്ടായിരുന്നവര്‍ക്കും അവരോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കും ഇടയില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അനൈക്യത്തിന്‍റെ വിത്തുപാകുകയാണ്. 


എപ്പോഴാണ് ഈ മുദ്രാവാക്യം ഉന്നയിക്കപ്പെടുന്നത് എന്ന് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ സാമൂഹ്യ പെന്‍ഷന് അര്‍ഹരായ ഏതാണ്ട് 50 ലക്ഷത്തോളംപേര്‍ അതിന്‍റെ തുക വര്‍ധിപ്പിച്ചതിലും അത് കൃത്യമായി ലഭിക്കുന്നതിലും സന്തുഷ്ടരാണ് ഇപ്പോള്‍. മറുവശത്ത് കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ സേവന വേതനങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന തൊഴില്‍ നിയമങ്ങളാകെ വെള്ളംചേര്‍ത്ത് ഇല്ലായ്മചെയ്യുകയാണ്. കോവിഡ്-19 വ്യാപനത്തിന്‍റെപേരില്‍ മാര്‍ച്ച് അവസാനംമുതല്‍ രാജ്യമാകെ പെട്ടെന്ന് അടച്ചിട്ടപ്പോള്‍ തൊഴിലാളികളും കൃഷിക്കാരും ഉള്‍പ്പെടെയുള്ള ദരിദ്രരും ഇടത്തരക്കാരുമായ ജനകോടികള്‍ ഭക്ഷണത്തിനോ മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കോ ഗതിയില്ലാതെ വലഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് അടിയന്തരമായി സഹായം എത്തിച്ചില്ല. അടച്ചിടല്‍കാലത്തെ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനൊത്ത് വിപുലമാക്കുന്നതിനും കാര്യമായി ഒന്നും ചെയ്തില്ല. മോഡിസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജ് മേല്‍പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഒരുതരത്തിലും പ്രയോജനപ്പെട്ടില്ല. വന്‍കിട മുതലാളിമാര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം കൃത്യമായി ലഭിച്ചത്. 


ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ ജനങ്ങള്‍ക്ക് മതിപ്പുതോന്നി. തങ്ങള്‍ക്കുവേണ്ടത് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്  എന്ന തോന്നല്‍ ജനങ്ങളില്‍ വ്യാപകമായി ഉയരാന്‍ തുടങ്ങി. ലോകത്താകെ കോവിഡിനെ വിജയകരമായി നേരിട്ട സോഷ്യലിസ്റ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയിലെ കേരള സംസ്ഥാനവും പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടു. കേരളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന 60 വയസ്സുകഴിഞ്ഞവര്‍ക്കുള്ള സാമൂഹ്യ പെന്‍ഷനോട് പ്രതിപത്തി കുറയ്ക്കാനാണ് 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലാകെ അത് നടപ്പാക്കപ്പെടണമെങ്കില്‍ 12 ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരും; കേരളത്തിലാണെങ്കില്‍ ഏതാണ്ട് 36,000 കോടി രൂപയും കേന്ദ്രസര്‍ക്കാരോ കേരള സര്‍ക്കാരോ വിചാരിച്ചാല്‍ ഇന്നത്തെ നിലയില്‍ ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാനാവില്ല. 


അതിന് ഉപകരിക്കുന്നവിധത്തില്‍ ഇന്ത്യയിലെ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടില്‍, മുന്‍ഗണനകളില്‍ മാറ്റം വേണമെന്നോ ഇത്രയും വലിയ ബാധ്യത വരുന്നതാണ് ഈ ആവശ്യമെന്നോ ഈ ആവശ്യം പറയുന്നില്ല. അവര്‍ക്കാവശ്യം ഈ ലക്ഷ്യം നേടലല്ല, നിലവിലിരിക്കുന്ന ഒരു പരിഷ്കാരത്തിന്‍റെ ശോഭകെടുത്തല്‍ മാത്രമാണ്.