യുദ്ധമല്ല,  നയതന്ത്രമാണ്  മാര്‍ഗം

സി പി നാരായണന്‍

ലഡാക്കിലെ പാന്‍ഗോങ്ങിലും ഗല്‍വാനിലും കഴിഞ്ഞ ഏപ്രില്‍ മുതല്‍ ചൈനീസ് പട്ടാളം യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് കയറുകയും ചിലേടങ്ങളില്‍ ചിലതൊക്കെ കെട്ടിപ്പൊക്കുകയും ചെയ്തു എന്ന വാര്‍ത്ത പല മാധ്യമങ്ങളിലും ആഴ്ചകളായി വന്നുകൊണ്ടിരുന്നതാണ്. ഇരുരാജ്യങ്ങളുടെയും കര സേനകളുടെ പ്രതിനിധികള്‍ തമ്മില്‍ പലവട്ടം ചര്‍ച്ച നടന്നിരുന്നു. ചിലപ്പോഴോക്കെ വിദേശകാര്യമന്ത്രി ഉള്‍പ്പെടെ ആ വകുപ്പിന്‍റെ പ്രതിനിധികള്‍ ചൈനയിലെ തത്തുല്യരുമായി ചര്‍ച്ച നടത്തിയ വാര്‍ത്തയും അവരുടെ പ്രസ്താവനകളും മാധ്യമങ്ങളില്‍ വന്നു.


എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതിനാലാകണം ജൂണ്‍ 6ന് ഇരുവിഭാഗങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിയത്. എന്നാല്‍, ജൂണ്‍ 15നു രാത്രി  രണ്ടുസേനകളിലെയും ഭടന്മാര്‍ തമ്മില്‍ കായികമായി ഏറ്റുമുട്ടിയതായും ഇന്ത്യയുടെ ഭാഗത്ത് ചില ജീവഹാനി ഉണ്ടായതായും വാര്‍ത്ത വന്നു. അതിനെ തുടര്‍ന്ന് വിദേശമന്ത്രി തലത്തില്‍ ചര്‍ച്ച നടക്കുകയും  അവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എങ്കിലും, അതിര്‍ത്തിയില്‍ യഥാര്‍ഥത്തില്‍സംഭവിച്ചത് എന്താണ് എന്ന കാര്യത്തില്‍ രാഷ്ട്രീയപാര്‍ടിതലത്തിലും ജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പവും ഉല്‍ക്കണ്ഠകളും അവശേഷിച്ചു. പ്രത്യേകിച്ച്, വിദേശമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചൈനീസ് സേനയുടെ വലിയ നീക്കങ്ങള്‍ നടക്കുന്നതായി വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍.


ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ടികള്‍ പ്രധാനമന്ത്രിയോട് സര്‍വകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് ജൂണ്‍ 19നു പ്രധാനമന്ത്രി അങ്ങനെയൊരു യോഗം വിളിച്ചുചേര്‍ത്തു. അവിടെ അദ്ദേഹം പ്രസ്താവിച്ചത്, "ഇന്ത്യയുടെ അതിര്‍ത്തി ലഡാക്കില്‍ ലംഘിക്കപ്പെടുകയോ ആരെങ്കിലും നമ്മുടെ പ്രദേശത്ത് പ്രവേശിക്കുകയോ ഏതെങ്കിലും പ്രദേശം കയ്യടക്കുകയോ നമ്മുടെ താവളങ്ങള്‍ പിടിച്ചടക്കുകയോ ഉണ്ടായിട്ടില്ല" എന്നായിരുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്, എന്തുകൊണ്ടാണ് നമ്മുടെ ചില പടയാളികള്‍ ധീരരക്തസാക്ഷികളായത് എന്ന കാര്യത്തില്‍ വിശദീകരണം വേണമെന്ന് യോഗത്തില്‍പങ്കുകൊണ്ട സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.


അതുണ്ടായില്ല, അതിനുപകരം പ്രധാനമന്ത്രിയുടെ അതേ വാക്കുകള്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ ലോകരുമായി പങ്കുവയ്ക്കപ്പെട്ടു. ചൈനീസ് സര്‍ക്കാരും മാധ്യമങ്ങളും അവരുടെ നിലപാടും വ്യാഖ്യാനവും ന്യായീകരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്നെ നിരന്തരം ഉദ്ധരിച്ചു. പ്രധാനമന്ത്രി പറഞ്ഞത് അങ്ങനെയല്ല എന്നു സ്ഥാപിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് അത്യധ്വാനം ചെയ്തു. പക്ഷേ, പ്രധാനമന്ത്രി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം അതിര്‍ത്തിയില്‍ ഒരു ലംഘനവും പ്രശ്നവും ഉണ്ടായില്ല എന്നു തറപ്പിച്ചുപറഞ്ഞാല്‍ പിന്നെ പ്രധാനമന്ത്രിയുടെ സഹായികളുടെ വാക്ക് ആരു ശ്രദ്ധിക്കാന്‍, വില വയ്ക്കാന്‍? ഏതാനും വാചകങ്ങളില്‍ നരേന്ദ്ര മോഡി ചെയ്ത പ്രസ്താവന ഇന്ത്യയുടെ അതിര്‍ത്തി പ്രശ്ന നിലപാടിനെ തവിടുപൊടിയാക്കിയതിനെ എങ്ങനെ തിരുത്താന്‍? തിരുത്തിയാലും ആരു ശ്രദ്ധിക്കാന്‍? അതുകൊണ്ടാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രി മോഡിയോട് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്.


വാക്കുകളും വാക്യങ്ങളും പ്രസംഗക്കസര്‍ത്തിനിടെ ഒരു നിയന്ത്രണവും ഇല്ലാതെ പ്രയോഗിക്കുന്നത് നരേന്ദ്ര മോഡിയുടെ ശീലമാണ്. തിരഞ്ഞെടുപ്പു യോഗങ്ങളിലും രാഷ്ട്രീയ പ്രതിയോഗികളുമായുള്ള വാക്പോരാട്ടങ്ങളിലും അങ്ങനെ ചെയ്ത് ശ്രോതാക്കളുടെ കയ്യടിയും പലപ്പോഴും വോട്ടുകളുടെ രൂപത്തിലുള്ള പിന്തുണയും മോഡി നേടിയെടുക്കാറുണ്ട്. പക്ഷേ, ഇവിടെ അദ്ദേഹത്തിന്‍റെ സര്‍ക്കാരിന്‍റെ വാദഗതിയെ തകര്‍ത്തത് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളാണ്. താന്‍ പറഞ്ഞതിന്‍റെ അര്‍ഥതലസീമകള്‍ മോഡിക്കുതന്നെ മനസ്സിലായോ എന്നു സംശയമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഓഫീസിനു വിശദീകരണ പരമ്പര നടത്തേണ്ടിവന്നത്.


പ്രധാനമന്ത്രി മോഡിയും അദ്ദേഹത്തിന്‍റെ പാര്‍ടിയായ ബിജെപിയും അതിന്‍റെ ആശയാടിത്തറയായ ആര്‍എസ്എസും പ്രതിരോധത്തിനായി പ്രയോഗിക്കുന്നത് സങ്കുചിത ദേശീയവാദമാണ്. തന്‍റെ മുന്‍ഗാമികളായ കോണ്‍ഗ്രസ് വിശാലമായ ഭൂപ്രദേശം കയ്യടക്കാന്‍ ചൈനയെ അനുവദിച്ചിരുന്നു, താന്‍ അനുവദിക്കില്ല, പടവെട്ടിതിരിച്ചു പിടിക്കും എന്നാണ് മോഡി ഉന്നയിക്കുന്ന വാദം. അതിനെയാണ് ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി പ്രസിഡന്‍റ് നദ്ദയും ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധിക്കാന്‍ മെനക്കെടുന്നത്. മോഡിയുടെ മുന്‍ഗാമിയാണ് ബിജെപിക്കാരനായ പ്രധാനമന്ത്രി എന്ന നിലയില്‍ എ ബി വാജ്പേയി. അദ്ദേഹം വിദേശകാര്യമന്ത്രി ആയിരുന്നപ്പോഴും പ്രധാനമന്ത്രി ആയിരുന്നപ്പോഴും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം സമാധാനപരമായി, ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിച്ചിരുന്നത്. യുദ്ധത്തിലൂടെ അതു പരിഹരിക്കാം എന്ന വ്യാമോഹം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നില്ല.


ഉഭയസമ്മത പ്രകാരം ചൈന കഴിഞ്ഞ കാലത്ത് അംഗീകരിച്ച അതിര്‍ത്തിരേഖയാണ് എല്‍എസി. ഇന്ത്യ പറയുന്നതും ചൈന പറയുന്നതുമായ അതിര്‍ത്തികള്‍ വ്യത്യസ്തമാണ്. അവ നിലനില്‍ക്കെയാണ് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് എല്‍എസി അംഗീകരിച്ചത്. അതു പാലിക്കാന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥരാണ്. അതിര്‍ത്തി ലംഘനം നടത്താന്‍ മുതിരുന്ന ചൈനയെ, സൈനികവും നയതന്ത്രപരവും രാഷ്ട്രീയവുമായ ചര്‍ച്ചകളിലൂടെ ഈ നിലപാട് അംഗീകരിക്കാന്‍ നിര്‍ബന്ധിതമാക്കണം. ചൈനീസ് പടയാളികള്‍ അതിര്‍ത്തി ലംഘിക്കുമ്പോള്‍ തടയുകയും വേണം. ഒരു യുദ്ധമല്ല, പല യുദ്ധങ്ങള്‍ നടത്തിയാലും അതിര്‍ത്തി തര്‍ക്കത്തിന് അവസാനം കാണാനാവില്ല. യുദ്ധം കൊണ്ട് നോവുന്ന അതിര്‍ത്തിയിലെ മരുഭൂമി സമാനമായ പ്രദേശത്തെക്കാള്‍ വിലപ്പെട്ട പലതും സമാധാനപരമായ ബന്ധംകൊണ്ട് ഇരുരാജ്യങ്ങള്‍ക്കും നേടാനുണ്ട് എന്ന തിരിച്ചറിവുവേണം.


നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെത്തന്നെ ചൈനയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. കമ്യൂണിസത്തോടുള്ള ആഭിമുഖ്യം കൊണ്ടല്ല അത്; സാമ്പത്തികനേട്ടങ്ങള്‍ക്കു വേണ്ടിയായിരുന്നു. പ്രധാനമന്ത്രിയായ ശേഷം പല തവണ സന്ദര്‍ശിച്ചതും ഗുജറാത്തിലും വുഹാനിലും മഹാബലിപുരത്തുമായി മോഡി ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തി ചര്‍ച്ച ചെയ്തതും സാമ്പത്തികബന്ധവികസനത്വരയോടെ ആയിരുന്നു എന്നു അക്കാലങ്ങളില്‍ വാര്‍ത്ത ഉണ്ടായിരുന്നു. മോഡി സര്‍ക്കാരിന്‍റെ കാലത്ത് ഇന്ത്യ-ചൈന സാമ്പത്തികബന്ധങ്ങള്‍ 50 ശതമാനത്തോളം വികസിച്ചതായി കണക്കുകള്‍ കാണിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ചൈനയാണ് ഇന്ത്യയുടെ വ്യാപാരം  വാണിജ്യരംഗത്ത് രണ്ടാം സ്ഥാനത്ത് ഇന്നുള്ളത്. ഇത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായിട്ടുണ്ട്. ഇന്ത്യക്ക് ചൈനീസ് കമ്പോളത്തെ എന്ന പോലെ ചൈനയ്ക്ക് ഇന്ത്യന്‍ കമ്പോളത്തെയും അപ്പാടെ ഒഴിവാക്കാനാവില്ല. പ്രത്യേകിച്ച് അമേരിക്ക ചൈനയുമായുള്ള സാമ്പത്തിക-വാണിജ്യബന്ധങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍.


മോഡി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിനു സംസ്ഥാന പദവി നിഷേധിച്ച് അതിനെ ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചത് ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ടാകാം. ലഡാക്ക് പ്രദേശത്തേക്ക് വിദേശകമ്പനികളെ ക്ഷണിച്ച് നിക്ഷേപങ്ങളും മറ്റും പ്രോത്സാഹിപ്പിക്കും എന്നെല്ലാം അന്നു പറഞ്ഞുകേട്ടിരുന്നല്ലോ. വര്‍ഷങ്ങളായി ചൈനയുടെ കൈവശമുള്ള അക്സയ്ചിന്‍ പ്രദേശത്തിന്‍റെ സ്ഥിതിയില്‍, കുളത്തില്‍ കല്ലിട്ടാല്‍ ഉണ്ടാകുന്നതുപോലെയുള്ള ചലനമുണ്ടാക്കുന്നതാണ് മോഡി സര്‍ക്കാര്‍ ജമ്മു-കാശ്മീരില്‍ വരുത്തിയ മാറ്റം. അമേരിക്കയുടെയും മറ്റും സഹായത്തോടെ അതിനെ വീണ്ടെടുക്കാനോ മോഡി സര്‍ക്കാരിന്‍റെ നീക്കം എന്നു ചൈനയ്ക്ക് സംശയമുണ്ടാകാം.


ഒരു ഭാഗത്ത് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങുമായി സൗഹൃദക്കൂട്ടായ്മകള്‍ നടത്തിക്കൊണ്ടിരുന്ന പ്രധാനമന്ത്രി മോഡി അമേരിക്കയുടെ നേതൃത്വത്തില്‍ ജപ്പാനും ആസ്ട്രേലിയയുമായി ചതുശ്ശക്തിക്കൂട്ടുകെട്ടിന്‍റെ ഭാഗമായി ദക്ഷിണ ചൈനകടലില്‍ ഇടപെടാന്‍ നോക്കുന്നതുപോലുള്ള ചൈനാവിരുദ്ധ നീക്കങ്ങളില്‍ സജീവപങ്കാളിയായതും ചൈനയ്ക്കു രുചിച്ചിട്ടുണ്ടാവില്ല. ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ ചൈനീസ് കമ്പനികളെ മുമ്പ് സ്വാഗതം ചെയ്ത മോഡി സര്‍ക്കാര്‍ ഇപ്പോള്‍ അത്തരം നിക്ഷേപങ്ങളെ മരവിപ്പിക്കാനോ തട്ടിപ്പുറത്താക്കാനോ ഉള്ള നീക്കത്തിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി. ഈ നീക്കങ്ങള്‍ വഴി ഇന്ത്യ സര്‍ക്കാര്‍ ചൈനയോട് പല രൂപങ്ങളില്‍  തങ്ങളുടെ അനിഷ്ടമോ അപ്രീതിയോ എതിര്‍പ്പോ ഒക്കെ പ്രകടമാക്കുകയായിരുന്നല്ലൊ.


ഇങ്ങനെ പല രീതികളില്‍ തങ്ങളെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാരിന്‍റെ സമീപനത്തോടുള്ള എതിര്‍പ്പാണോ, കോവിഡിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തേണ്ട ഈ വേളയില്‍ അതിര്‍ത്തിയില്‍ ശല്യം സൃഷ്ടിച്ച് ചൈന പ്രകടമാക്കുന്നത്? പക്ഷേ, 1962നു ശേഷം, 1975നു ശേഷം പ്രത്യേകിച്ചും, അതിര്‍ത്തിയില്‍ ഇന്ത്യ-ചൈനാ സംഘര്‍ഷം പറയത്തക്കതോതില്‍ ഉണ്ടായിട്ടില്ല. അമേരിക്ക എല്ലാ വന്‍കരകളിലുമുള്ള നിരവധി രാജ്യങ്ങളില്‍ സൈനികമായി ഇടപെട്ടുകൊണ്ടിരിക്കെയാണ് രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതേ വരെ. എന്നാല്‍, ചൈന കഴിഞ്ഞ നാലുപതിറ്റാണ്ടായി മറ്റ് രാജ്യങ്ങളില്‍ ഇടപെട്ടത് വ്യാപാര, വാണിജ്യ, മൂലധനനിക്ഷേപാദി പ്രവര്‍ത്തനങ്ങളിലൂടെയാണ്. അങ്ങനെയാണ് ഏഴുപതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ ചൈന-അന്ന് സാമ്പത്തികമായി ഇന്ത്യയേക്കാളും പിന്നോക്കാവസ്ഥയിലായിരുന്ന ചൈന- ഇന്ന് ഇന്ത്യയുടെ നാലിരട്ടിയിലേറെ ജിഡിപിയുള്ള രാജ്യമായി ഉയര്‍ന്നത്. 


ചൈന ഇന്ത്യയുടെ പ്രദേശത്തേക്ക് കടന്നുകയറുന്നതിനെ ചെറുക്കണം, തടയണം. ഒരു സംശയവുമില്ല. അതേ സമയം ആ രാജ്യവുമായി പ്രശ്ന പരിഹാരത്തിനു സമാധാനപരമായ ചര്‍ച്ച നടത്തണം. അതോടൊപ്പം തന്നെ ചൈനയുമായുള്ള മറ്റെല്ലാ ബന്ധങ്ങളും നിലനിര്‍ത്താന്‍ ശ്രമിക്കുകയും വേണം.