പുതിയൊരു കാര്‍ഷിക സംസ്കൃതി രൂപപ്പെടുത്താന്‍ പ്രതിബദ്ധതയോടെ

പിണറായി വിജയന്‍

  • പിണറായിയുടെ     പ്രതികരണം

 

കോവിഡ് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കുന്നതിനും വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ബൃഹത്തായ പദ്ധതിയാണ് 'സുഭിക്ഷ കേരളം'. 


കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളുടെ സംയോജനത്തിലൂടെ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനും അങ്ങനെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കാനും മൂല്യവര്‍ധനവ് യഥാര്‍ത്ഥ്യമാക്കാനും അതിന്‍റെ ഫലമായി കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനും പൊതുവില്‍ നമ്മുടെ കാര്‍ഷിക മേഖലയുടെയാകെ നിലവാരമുയര്‍ത്താനുമാണ് ഈ പദ്ധതി കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 


തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിന് ഇതിനോടകം തന്നെ തുടക്കം കുറിക്കാന്‍ നമുക്കു സാധിച്ചിച്ചിട്ടുണ്ട്. അടുക്കളത്തോട്ടങ്ങളും മറ്റുമൊക്കെ സജീവമാവുകയും ചെയ്തിട്ടുണ്ട്. കേരളമൊന്നടങ്കം ഈ പദ്ധതി ഏറ്റെടുത്തുവെന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്. 


'സുഭിക്ഷ കേരള'ത്തിന്‍റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിക്ക് ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് നാം തുടക്കം കുറിച്ചത്. അതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. അനുയോജ്യമായ ഭൂമി കണ്ടെത്താനും കൃഷി ചെയ്യാനും വൃക്ഷത്തൈ നടാനും തുടര്‍ പരിപാലനം നടത്താനും ഓരോരുത്തരും മുന്‍കൈയെടുക്കണം. അതിനായി ചെലവിടുന്ന സമയവും അധ്വാനവും നമ്മുടെ നിലനില്‍പ്പിനായി നമ്മള്‍ തന്നെ എടുക്കുന്ന മുന്‍കരുതലും ഭാവിതലമുറയ്ക്കു വേണ്ടിയുള്ള നിക്ഷേപവുമാണ്.


നാളികേര കൃഷി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകര്‍ക്ക് കൃഷി ഭവനുകളിലൂടെ അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 7.81 ഹെക്ടറിലായാണ് നമ്മള്‍ കേരകൃഷി സാധ്യമാക്കിയിട്ടുള്ളത്. എന്നാല്‍, വിസ്തൃതിക്കനുസരിച്ചുള്ള കേരോല്‍പ്പാദനമല്ല നമ്മുടെ സംസ്ഥാനത്തുള്ളത്. അതുകൊണ്ടാണ് അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തും അതിന്‍റെ പരിപാലനത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയും ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നാം കൈക്കൊള്ളുന്നത്.


നാളികേരത്തിന്‍റെയായാലും മറ്റു കാര്‍ഷികോല്‍പന്നങ്ങളുടെ ആയാലും ഉല്‍പാദനം വര്‍ധിപ്പിച്ചതു കൊണ്ടുമാത്രം ഈ രംഗത്തെ കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ഉല്‍പാദനത്തിന് അനുസരിച്ച് ഉല്‍പന്നങ്ങള്‍ക്ക് വിപണിവില ലഭിക്കണം. ആഗോള കരാറുകളുടെ ഫലമായി കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ആഗോള വിലത്തകര്‍ച്ച  ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. അതു നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതുകൊണ്ടാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക്  മികച്ച വിപണി സാധ്യതകള്‍ കണ്ടെത്താന്‍ കാര്‍ഷിക മൊത്തവിപണികള്‍, ജില്ലാതല സംഭരണ കേന്ദ്രങ്ങള്‍, ബ്ലോക് തലത്തില്‍ വിപണികള്‍, ആഴ്ചച്ചന്തകള്‍ എന്നിവയെല്ലാം ആരംഭിക്കുന്നത്.


തിരുവാതിര ഞാറ്റുവേലയുടെ  സവിശേഷത കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ കര്‍ഷക സഭകളും ഞാറ്റുവേലച്ചന്തകളും സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് തങ്ങളുടെ കൈവശമുള്ള നടീല്‍ വസ്തുക്കളും വിത്തുകളും പരസ്പരം കൈമാറുന്നതിന് ഓരോ കൃഷി ഭവന്‍ വഴിയും അവസരം ഉണ്ടാക്കുകയാണ്. വിത്തുകളുടെ കൈമാറ്റത്തിനൊപ്പം കര്‍ഷകരുടെ പരസ്പര സഹകരണവും ബന്ധവും ഊട്ടിയുറപ്പിക്കാനും ഇത്തരം വിപണികളിലൂടെയും കര്‍ഷകസഭകളിലൂടെയും സാധിക്കും. നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ മഹാമാരിയുടെ കാലത്ത് ഞാറ്റുവേല ചന്തകളും കര്‍ഷകസഭകളും കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും എന്നു തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്.    


കാര്‍ഷിക മേഖലയുടെ മുഖഛായ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര പരിപാടികളാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. വിവിധ പദ്ധതികളിലൂടെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിച്ച് കര്‍ഷകരുടെ ജീവിതനിലവാരവും ആത്മവിശ്വാസവും ഉയര്‍ത്താന്‍ ഈ കാലയളവില്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രളയാനന്തര ഘട്ടത്തിനുശേഷം നെല്ലുല്‍പാദനത്തില്‍ റെക്കോര്‍ഡ് കൈവരിച്ചതും പാല്‍, മുട്ട എന്നിവയുടെ ഉല്‍പാദനത്തില്‍ വര്‍ധനവ് കൈവരിച്ചതുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. 


ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 1,96,000 ഹെക്ടറിലായിരുന്നു നെല്‍ക്കൃഷി ഉണ്ടായിരുന്നത്. ഇപ്പോഴത് 2,25,000 ല്‍ അധികം ഹെക്ടറായി വര്‍ധിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഒട്ടേറെ  പ്രദേശങ്ങളില്‍ കൃഷിയിറക്കാനും സാധിച്ചിട്ടുണ്ട്. 5000 ഹെക്ടറില്‍ കൂടി നെല്‍ക്കൃഷി വ്യാപിപ്പിക്കാനാണ് 'സുഭിക്ഷ കേരള' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉല്‍പാദനം ഇരട്ടിയാക്കാനും സര്‍ക്കാരിന് സാധിച്ചു. പച്ചക്കറി ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഫലവത്തായി എന്നതിന് തെളിവായാണ് സര്‍ക്കാര്‍ ഈ വര്‍ദ്ധനവിനെ വിലയിരുത്തുന്നത്. 7 ലക്ഷം മെട്രിക് ടണ്ണായിരുന്ന പച്ചക്കറി ഉല്‍പാദനം ഇപ്പോള്‍ 14.72 ലക്ഷം മെട്രിക് ടണ്ണായിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പച്ചക്കറി കൃഷിക്കാരായി മാറുന്ന ആവേശകരമായ കാഴ്ചയാണ് കേരളമെങ്ങും ദൃശ്യമാകുന്നത്. 


കാര്‍ഷികമേഖല സ്വയംപര്യാപ്തതയിലേയ്ക്ക് എത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തോട് അടുത്തു വന്നപ്പോഴാണ് തുടര്‍ച്ചയായി രണ്ടുവര്‍ഷം പ്രളയം ഉണ്ടായത്. കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ച പ്രളയം ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. പ്രളയങ്ങള്‍ക്കു ശേഷം കേരളത്തിലെ കാര്‍ഷിക മേഖലയുടെ ഭാവി എന്താകും എന്നുപോലും പലരും ആശങ്കപ്പെട്ടു. എന്നാല്‍, സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ജനകീയ കൂട്ടായ്മകളുടെ കരുത്തും കൂടിച്ചേര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കാര്‍ഷിക മേഖലയെ നമുക്കു വീണ്ടെടുക്കാനായി.


കഴിഞ്ഞ നാലുവര്‍ഷങ്ങളായി പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറിനില്‍ക്കാതെ അതിജീവനത്തിനായി പുതിയ വഴികള്‍ തേടി നാടിനെ മുന്നോട്ടു നയിക്കാനാണ് സര്‍ക്കാര്‍ പരിശ്രമിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ കോവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയിലും പരിഭ്രമിച്ചു നില്‍ക്കാതെ നാം ഒറ്റക്കെട്ടായി പൊരുതുകയാണ്. 


പ്രകൃതിയുമായി മനുഷ്യര്‍ക്കുള്ള പാരസ്പര്യം വീണ്ടെടുത്ത് പുതിയൊരു കാര്‍ഷിക സംസ്കൃതി രൂപപ്പെടുത്തിയെടുക്കാനാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നത്.