പ്രതിരോധത്തില്‍ നിന്ന് നിസ്സഹകരണത്തിലേക്കും വെല്ലുവിളിയിലേക്കും

എ ആര്‍ സിന്ധു

2020 ജൂലൈ 3
സംയുക്ത ട്രേഡ് യൂണിയന്‍
പ്രതിഷേധ ദിനം

 

ജൂലൈ 3നു  ട്രേഡ് യൂണിയന്‍ സംയുക്തസമിതിയുടെ ആഹ്വാനപ്രകാരം നടക്കുന്ന അഖിലേന്ത്യാ പ്രതിഷേധ ദിനം ഇന്ത്യന്‍ തൊഴിലാളി വര്‍ഗസമരചരിത്രത്തില്‍ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കും. 'ഞങ്ങള്‍ തൊഴിലാളികള്‍, ഞങ്ങളാണ് സമ്പത്തിന്‍റെ ഉത്പാദകര്‍, രാജ്യത്തെ വിറ്റു തുലയ്ക്കാന്‍, തൊഴിലാളികളെ കൂലി അടിമകളാക്കാന്‍, കൃഷിയെ, ഭക്ഷ്യസുരക്ഷയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ജൂണ്‍ 3നു ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ജൂലൈ 3 ന്‍റെ പ്രതിഷേധ ദിനവും  'പ്രതിരോധത്തില്‍ നിന്ന് നിസ്സഹകരണത്തിലേക്കും വെല്ലുവിളിയിലേക്കും (From resistance to non cooperation and defiance-)- എന്ന ലോക്ക് ഡൗണ്‍ കാലയളവിലെ രണ്ടാം ഘട്ട സമരവും പ്രഖ്യാപിച്ചത്. മേയ് 22 ന്‍റെ സംയുക്ത തൊഴിലാളി സമരത്തിനു വിവിധ മേഖലകളില്‍ നിന്നും വിവിധ വിഭാഗങ്ങളില്‍ നിന്നും ലഭിച്ച വമ്പിച്ച പിന്തുണ നല്‍കിയ ആത്മവിശ്വാസത്തോടെയാണ് സമരത്തിന്‍റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചത്.


രാഷ്ട്രീയ 
അമിതാധികാരകേന്ദ്രീകരണം
ഫാസിസ്റ്റ് ഭരണത്തിലേക്ക്


കോവിഡ്-19 മഹാമാരിയും തുടര്‍ന്നുള്ള സമ്പൂര്‍ണ ലോക്ക് ഡൗണും ഇന്ത്യയില്‍ മുതലാളിത്തത്തിന്‍റെ ഏറ്റവും പ്രാകൃതവും ക്രൂരവുമായ മുഖം ജനങ്ങള്‍ക്കുമുമ്പില്‍ കൊണ്ടുവന്നിരിക്കുകയാണ്. സംസ്ഥാനങ്ങളെ മറികടക്കാനും പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും എതിര്‍പ്പുകളെ  ഇല്ലായ്മ ചെയ്യാനും ജനങ്ങളെ നിരീക്ഷണത്തില്‍ (ൗൃ്ലെശഹമിരല)ആക്കാനും സെന്‍സര്‍ഷിപ്പും ദേശദ്രോഹ നിയമവും അടിച്ചേല്‍പ്പിക്കാനും വേണ്ടി ദേശീയ ദുരന്ത നിവാരണ നിയമത്തെ ഉപയോഗിച്ചുകൊണ്ട് ഈ അവസരത്തില്‍ തങ്ങളുടെ രാഷ്ട്രീയ അധികാരം ഉറപ്പിക്കുകയും ലാഭം കുന്നുകൂട്ടുകയുമാണ് ഞടട നയിക്കുന്ന ഈ നവലിബറല്‍ ആഖജ സര്‍ക്കാര്‍ ചെയ്യുന്നത്.


സാമ്പത്തികാധികാര 
കേന്ദ്രീകരണം  


കോവിഡിനു മുമ്പേതന്നെ തുടര്‍ന്നിരുന്ന ലോകസാമ്പത്തിക പ്രതിസന്ധിയുടെയും  ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്‍റെയും ഉത്തരവാദിത്തം ലോക്ക് ഡൗണിനുമേല്‍ ആരോപിച്ച്, കഴിഞ്ഞ ആറുവര്‍ഷമായി ബിജെപി സര്‍ക്കാരിനും അതിനു മുന്‍പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും ജനങ്ങളുടെ ചെറുത്തുനില്‍പ്പ് മൂലം നടപ്പാക്കാന്‍ കഴിയാതിരുന്ന നവലിബറല്‍ നയങ്ങളെല്ലാം ഒറ്റയടിക്ക് നടപ്പാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്.


14 കോടിയിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട, ആയിരക്കണക്കിന് പ്രവാസികളും സാധാരണക്കാരും പട്ടിണിയും ദുരിതവും മൂലം തെരുവോരങ്ങളില്‍ മരിച്ചു വീണുകൊണ്ടിരിക്കുന്ന, നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലായ്മയാല്‍ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, കാര്‍ഷിക വിഭവങ്ങള്‍  ചീഞ്ഞു നശിക്കുന്ന അവസ്ഥയില്‍,  കള്ളക്കണക്കുകളും നുണയും നാടകീയതയും കൊണ്ട്, കോവിഡ് മൂലമുള്ള മരണങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ തകര്‍ച്ചയും , വര്‍ധിക്കുന്ന ചികിത്സാ ചെലവും സൃഷ്ടിക്കുന്ന ഭീതിയുടെ നിഴലില്‍ കഴിയുന്ന ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകന്നു കൊണ്ടിരിക്കുന്നു.


Land, labour, liquidtiy, Laws (ഭൂമി, അധ്വാനം, പണലഭ്യത, നിയമങ്ങള്‍) എന്നീ മേഖലകളില്‍ ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ നടത്തി കോര്‍പറേറ്റുകള്‍ക്കു ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സ്ഥിരമായ ശാക്തീകരണമാണ്, ബഹുജന ശാക്തീകരണമെന്ന പേരില്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പാക്കേജും തുടര്‍ന്നുള്ള ഓര്‍ഡിനന്‍സുകളും.
ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള സാഹചര്യം ഇല്ലാത്തതു മുതലെടുത്തു 'സ്വാശ്രയ ഭാരതം' (Atmanirbhar Bharat)-  എന്ന പേരില്‍ അന്താരാഷ്ട്ര പണ മൂലധനത്തിന് രാജ്യത്തെ തീറെഴുതുകയാണ് സ്വദേശി പ്രസംഗകരായ   RSS നയിക്കുന്ന മോഡി സര്‍ക്കാര്‍.


ഇന്ത്യന്‍ റെയില്‍വേ, പ്രതിരോധം, തുറമുഖം, കല്‍ക്കരി, എയര്‍ ഇന്ത്യ, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങി  എല്ലാ കാതലായ മേഖലകളിലും ( core sectors)100 ശതമാനം എഉക അടക്കമുള്ള മുന്‍ തീരുമാനങ്ങള്‍ വാശിയോടെയും അതിവേഗത്തിലും നടപ്പാക്കുകയാണ് മോഡി സര്‍ക്കാര്‍. ആണവോര്‍ജ്ജം, ബഹിരാകാശ മേഖല, ധാതുഖനനം, ഇന്ധനം, വൈദ്യുതി, ഫര്‍മസ്യുട്ടിക്കല്‍, അവശ്യ സേവന മേഖല  അങ്ങനെ പുതിയതും പഴയതുമായ എല്ലാ മേഖലകളിലും നേരിട്ടും പല മാര്‍ഗ്ഗങ്ങളുപയോഗിച്ചും പൂര്‍ണമായ സ്വകാര്യവത്ക്കരണവും വാണിജ്യവത്കരണവും ഈ കാലയളവില്‍ നടപ്പാക്കിയെടുക്കുകയാണ്.
കാര്‍ഷിക മേഖലയില്‍ ഭൂവിനിയോഗം, സംഭരണം, വാണിജ്യം എന്നിവയില്‍ പൂര്‍ണമായും വന്‍കിട ഭൂപ്രഭുക്കളുടെയും കോര്‍പറേറ്റുകളുടെയും നിയന്ത്രണം ഉറപ്പുവരുത്തുന്ന അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഏറ്റവുമൊടുവില്‍ കൊണ്ടുവന്ന മൂന്നു ഓര്‍ഡിനന്‍സുകള്‍ വഴി മോഡി സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. നാടിന്‍റെ ഭക്ഷ്യസുരക്ഷയെ ഇല്ലായ്മ ചെയ്യുന്നതാണ് ഇവ.
48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 68 ലക്ഷം പെന്‍ഷന്‍കാരുടെയും ഡി എ യും ഡി ആറും മരവിപ്പിച്ചിരിക്കുന്നു.


ലോക്ക്ഡൗണ്‍ കാലയളവില്‍ വേതനം ഉറപ്പുവരുത്തണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജോലിസമയം 12 മണിക്കൂറാക്കുന്നതടക്കമുള്ള നിയമ ഭേദഗതികള്‍ നടപ്പാക്കാനാവശ്യപ്പെട്ടുകൊണ്ടു അയച്ച കത്ത് പുറത്തു വന്നിരിക്കുന്നു. അതിന്‍റെ ചുവടുപിടിച്ച്  ബി ജെ പി ഭരിക്കുന്ന യുപി , മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ ഒന്നാകെ തൊഴില്‍ നിയമങ്ങളെല്ലാം മരവിപ്പിക്കാനുള്ള ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. ബിജെപി മാത്രമല്ല, കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി, ടിആര്‍എസ് പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ തൊഴില്‍ സമയം 8ല്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ഇതിന്‍റെ മറവില്‍ ഇന്ത്യയിലങ്ങോളമിങ്ങോളം ഐടി, മാധ്യമ രംഗങ്ങളിലടക്കം വിവിധ മേഖലകളില്‍ വന്‍കിട കമ്പനികളിലടക്കം കൂട്ട പിരിച്ചുവിടലുകള്‍, വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കല്‍, ലോക്ക് ഔട്ടുകള്‍ എന്നിവ വ്യാപകമായിരിക്കുന്നു. ഗാസിയാബാദില്‍ അറ്റ്ലസ് സൈക്കിള്‍ കമ്പനി നിലവില്‍ ഒന്നര ലക്ഷം സൈക്കിള്‍ മാസത്തില്‍ ഉത്പ്പാദിപ്പിക്കാനുള്ള ഓര്‍ഡര്‍ നിലവിലിരിക്കെയാണ് ആയിരത്തോളം സ്ഥിരം തൊഴിലാളികളെയടക്കം പെരുവഴിയിലാക്കിക്കൊണ്ടു ലോക്ക് ഔട്ട് പ്രഖ്യാപിച്ചത്.


ഗ്രാമീണ മേഖലയില്‍ മടങ്ങിയെത്തിയ പ്രവാസി തൊഴിലാളികളടക്കം കൊടും ദാരിദ്ര്യത്തിലാണ്. തൊഴിലുറപ്പു പദ്ധതിയില്‍  തൊഴില്‍ പോയിട്ട് വേതന കുടിശ്ശികയടക്കം ഇതുവരെ ലഭ്യമായിട്ടില്ല. പ്രവാസി തൊഴിലാളികളുടെ തിരികെയുള്ള പലായനത്തെത്തുടര്‍ന്ന് വേതന വര്‍ധനയുണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടിക്കണ്ട് തൊഴിലുടമകള്‍ സ്വീകരിക്കുന്ന നടപടികളാണ് ലോക്ക് ഔട്ടും സ്ഥിരം തൊഴിലാളികളെ പിരിച്ചുവിടലും. വിവിധ സര്‍ക്കാരുകള്‍ ഇതിന് നിയമ പരിരക്ഷ നല്‍കുകയാണ്. ഗ്രാമീണ മേഖലയിലാകട്ടെ പല ഗ്രാമങ്ങളിലും ഭൂവുടമകള്‍ ചേര്‍ന്ന് കൂലിക്കൂടുതല്‍ കൊടുക്കുന്നവരെ സാമൂഹ്യബഹിഷ്കരണം നടത്തുന്നതിനു ഫത്വ പുറപ്പെടുവിക്കുകയാണ്.


മാനവരാശി അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ മുതലാളിത്തം അതിനെ സ്വന്തം പ്രതിസന്ധി മറികടക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്. ആരോഗ്യ ഭക്ഷ്യ മേഖലകളില്‍ പണം മുടക്കി ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ തയ്യാറാകാത്ത മോഡി സര്‍ക്കാര്‍ ലിക്വിഡിറ്റി (പണലഭ്യത)യുടെ പേരില്‍ കുത്തകകളുടെ കിട്ടാക്കടം നിയമവിധേയമാക്കുവാന്‍ തയ്യാറാകുകയാണ്. കമ്പനി നിയമഭേദഗതി വഴി, നിയമവിരുധ്ധ ലോക്ക് ഔട്ട് ക്രിമിനല്‍ കുറ്റം അല്ലാതാക്കി മാറ്റിയ സര്‍ക്കാര്‍, പിരിച്ചുവിടപ്പെട്ട തൊഴിലാളി പ്രകടനം നടത്തിയാല്‍ ക്രിമിനല്‍ കുറ്റമാകുന്ന വ്യവസ്ഥ നടപ്പാക്കുകയാണ്. ഇത്തരത്തിലുള്ള തൊഴില്‍നിയമ ഭേദഗതികള്‍ എല്ലാ അടിസ്ഥാന ജനാധിപത്യ അവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമായിത്തന്നെ തിരിച്ചറിയപ്പെടേണ്ടതുണ്ട്.
അന്താരാഷ്ട്ര പണമൂലധനത്തിന്‍റെ നഗ്നമായ കീഴടക്കലാണ്(ടേക്ക് ഓവര്‍) ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നടക്കുന്നത്. അതിനുവേണ്ടി സ്വന്തം രാജ്യത്തിന്‍റെ സമ്പത്തും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന നാണം കെട്ട ഭരണമാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യാതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട് ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പിറ്റേന്ന് ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന സംഘപരിവാറിന്‍റെ പ്രധാനമന്ത്രി നേരിട്ട് രാജ്യത്തിന്‍റെ കല്‍ക്കരി കമ്പനികള്‍ ലേലം വിളിക്കാന്‍ രംഗത്തിറങ്ങി കുത്തകകളുടെ ചൗക്കിദാര്‍ ആയി സ്വയം പ്രഖ്യാപിക്കുന്ന കാഴ്ച നാം കാണുന്നത്.


ശക്തിപ്പെടുന്ന പോരാട്ടങ്ങള്‍


മൂലധനത്തിന്‍റെ കടന്നാക്രമണത്തെ ചെറുക്കുന്നതിന് നേതൃത്വം കൊടുക്കാന്‍ തൊഴിലാളിവര്‍ഗത്തിനു മാത്രമേ സാധിക്കൂ.കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യന്‍ ജനതയുടെ സാമ്രാജ്യത്വ നവലിബറല്‍ വിരുദ്ധ സമരങ്ങളുടെ നേതൃസ്ഥാനത്തുനിന്ന് നയിച്ചിരുന്നത് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ ഉള്ള  ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണ്. സ്വകാര്യവത്ക്കരണ നീക്കങ്ങളെയും ഭൂമി പിടിച്ചെടുക്കലിനെയും, തൊഴില്‍ നിയമ ഭേദഗതികളെയും വലിയൊരളവോളം ചെറുത്തുനില്ക്കാന്‍ ഈ സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു പലപ്പോഴും  വഴിവച്ചതും ദിശ നിര്‍ണയിച്ചതും ഈ ചെറുത്തുനില്‍പ്പുകള്‍ തന്നെ. എല്ലാ തലങ്ങളിലുമുള്ള കടന്നാക്രമണങ്ങള്‍ ശക്തിപ്പെട്ട മോഡി ഭരണത്തിന്‍കീഴില്‍ വലുതും നിര്‍ണായകവുമായ നിരവധി സമരങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.
നിരവധിയായ സ്വകാര്യവത്ക്കരണ വിരുദ്ധ സമരങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരായ സമരം, വിവിധ മേഖലകളിലെ തൊഴിലാളി സമരങ്ങള്‍, വനാവകാശ, പരിസ്ഥിതി , ദളിത് അവകാശ സമരങ്ങള്‍ ഒന്നാം മോഡി സര്‍ക്കാരിന്‍റെ കാലത്തുണ്ടായെങ്കില്‍, മോഡി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായി അതിന്‍റെ ഒന്നാം വാര്‍ഷികത്തിന് മുമ്പുതന്നെ 25 കോടി തൊഴിലാളികള്‍ പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പണിമുടക്ക് നടന്നു. 4 ലക്ഷത്തിലധികം വരുന്ന പ്രതിരോധ മേഖലയിലെ ഉല്‍പാദനരംഗത്തെ തൊഴിലാളികള്‍ ജീവനക്കാര്‍ ജനുവരി മാസത്തില്‍തന്നെ സ്വകാര്യവത്കരണത്തിനെതിരായി 3 ദിവസത്തെ പണിമുടക്കു നടത്തി.


ഈ കാലയളവില്‍ വിവിധ മേഖലകളില്‍ ഉയര്‍ന്നുവന്ന  പണിമുടക്കുകളില്‍ നിന്നും കര്‍ഷകരും വിദ്യാര്‍ത്ഥികളുമടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ  സമരങ്ങളില്‍ നിന്നും  ജനശ്രദ്ധ തിരിച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കുവാനും വേണ്ടിയാണു  പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. വര്‍ഗീയതയെ ചെറുത്തുനില്ക്കാന്‍ വര്‍ഗ ഐക്യത്തിനും വര്‍ഗ സമരത്തിനുമേ കഴിയൂ എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ് വര്‍ഗീയതയ്ക്കെതിരെ നിലപാടെടുത്തു സമരം ചെയ്യൂ എന്നും തെളിയിക്കപ്പെട്ട കാലമായിരുന്നു അത്. ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ തന്നെ സമീപനം ഇക്കാര്യത്തിനു ഉദാഹരണമാണ്. ഇന്ത്യന്‍ സമൂഹമാകെ ഇടതും വലതുമായി ചേരിതിരിയുന്ന ഈ കാലഘട്ടത്തിലാണ് ഈ മഹാമാരിയുടെ വരവ്.


വര്‍ധിക്കുന്ന 
തൊഴിലാളി ഐക്യം


1991 നവമ്പറില്‍ നടന്ന ആദ്യത്തെ നവലിബറല്‍ വിരുദ്ധ പണിമുടക്കില്‍  സിഐടിയുവിനൊപ്പം ഇടതുപക്ഷ  ട്രേഡ് യൂണിയനുകള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ 2009 ആയപ്പോഴേക്കും ബിഎംഎസും ഐഎന്‍ടിയുസിയുമടക്കം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഒരൊറ്റ അവകാശ പത്രികയ്ക്കു കീഴില്‍ നവലിബറല്‍ വിരുദ്ധ സമരങ്ങള്‍ക്കായി ഒന്നിച്ചതിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട  ഒറ്റപ്പെടലിന്‍റെയും നിരന്തര സമരങ്ങളുടെയും ചരിത്രമുണ്ട്. പല മേഖലകളിലും തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സ്വകാര്യവത്കരണത്തിനെതിരായും ഏറ്റെടുത്ത സമരങ്ങളില്‍ തുടക്കത്തില്‍ സിഐടിയു ഒറ്റയ്ക്കായിരുന്നു. നിരന്തര സമരങ്ങളിലൂടെ ആര്‍ജ്ജിച്ച തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണയാണ് മറ്റു ട്രേഡ് യൂണിയനുകളെ സംയുക്ത സമരങ്ങളില്‍ പങ്കെടുക്കാന്‍  നിര്‍ബന്ധിതരാക്കിയത്.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിഎംഎസ് സംയുക്ത സമരങ്ങളില്‍ നിന്നും മുന്നണിയില്‍ നിന്നും വിട്ടുപോയത് സമീപകാല ചരിത്രം. തൊഴിലാളിവര്‍ഗത്തെ ഒറ്റുകൊടുത്തു, വേജ്കോഡ് ബില്ലിനെയടക്കം പിന്തുണയ്ക്കാന്‍ തയ്യാറായ ബിഎംഎസ് തൊഴിലാളികള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. തന്നെയുമല്ല, തൊഴില്‍ മന്ത്രാലയത്തിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വിവിധ തൃകക്ഷി സമിതികളിലും  മറ്റു കമ്മിറ്റികളിലും കടന്നു കൂടാനും, മറ്റു  കേന്ദ്ര ട്രേഡ് യൂണിയനുകളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം കൊടുപ്പിച്ചു, അവയെക്കൂട്ടി  CONCENT  എന്ന പേരില്‍ ഒരു മുന്നണി തട്ടിക്കൂട്ടാനും ഈ കാലയളവില്‍ ബിഎംഎസിന് കഴിഞ്ഞു. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പും പിമ്പുമായി ഈ കാലയളവില്‍ അവര്‍ സംഘടിപ്പിച്ച എല്ലാ പരിപാടികളും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.


കോവിഡ് കാലത്തെ സമരങ്ങള്‍


ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനും പ്രതിഷേധിക്കാനും കഴിയാത്ത ഈ അവസരം 'now or never-'  (ഇപ്പോഴല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല) എന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. വര്‍ഗത്തെയും ജനങ്ങളെയും വിലയിരുത്തുന്നതില്‍ അവര്‍ക്കു തെറ്റി. ഏപ്രില്‍ 21നു സിഐടിയു മുന്‍കൈയില്‍ നടന്ന പ്രതിഷേധ ദിനാചരണം എല്ലാ വിലയിരുത്തലുകളെയും (സംഘാടകരുടേതടക്കം) തെറ്റിച്ചുകൊണ്ട് വന്‍ തൊഴിലാളിജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. പലയിടങ്ങളിലും കോവിഡിനു മുമ്പുള്ളതിനു തുല്യമോ അതിനേക്കാള്‍ അധികമോ സാധാരണ അംഗങ്ങളുടെ പങ്കാളിത്തം ആ പ്രതിഷേധത്തിനുണ്ടായി. ഈ അഖിലേന്ത്യാ സമരത്തിനു മുമ്പുതന്നെ ശമ്പളത്തിനുവേണ്ടിയും പിരിച്ചുവിടലിനെതിരായും, സുരക്ഷാ ഉപകരണങ്ങള്‍ക്കുവേണ്ടിയും തൊഴിലാളികളാകെ വിവിധ തൊഴിലിടങ്ങളില്‍ സമരത്തിനിറങ്ങിയിരുന്നു.


തുടര്‍ന്ന് മേയ് 14 നു സുരക്ഷയ്ക്കുവേണ്ടിയുള്ള സമരം, മേയ് 22ന്‍റെ സംയുക്ത പ്രക്ഷോഭം കര്‍ഷക സംഘടനകളുടെ സമരങ്ങള്‍ എല്ലാം ജനങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുന്നവയായിരുന്നു.
എന്നാല്‍ ജനങ്ങള്‍ക്ക് ആരോഗ്യം, സുരക്ഷ, എല്ലാവര്‍ക്കും റേഷന്‍, 7500 രൂപ എല്ലാ കുടുംബങ്ങള്‍ക്കും, പ്രവാസികള്‍ക്ക് സുരക്ഷിതമായ യാത്ര എന്നിങ്ങനെയുള്ള മിനിമം ആവശ്യങ്ങള്‍ പോലും അംഗീകരിക്കാതെ  രാജ്യം വിറ്റു തുലക്കല്‍ അജന്‍ഡ ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.


ഇതിനെതിരെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, വൈദ്യുതി, ഗതാഗതം, അങ്കണവാടി, ആശ, പാചകതൊഴിലാളികള്‍, ചഒങ തൊഴിലാളികള്‍, ബീഡി, ആശുപത്രി ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ അങ്ങനെ വിവിധ മേഖലകളിലെ തൊഴിലാളികള്‍  സി ഐ ടി യു  നേതൃത്വത്തില്‍ സ്വതന്ത്രമായും, സംയുക്തമായും സമരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്ക്, ഇന്‍ഷുറന്‍സ്, ടെലികോം, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ സമരത്തിനുള്ള തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു.


എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്ന് കല്‍ക്കരി ഖനികളുടെ ലേലത്തിലുള്ള വില്പനയ്ക്കും സ്വകാര്യവത്കരണത്തിനുമെതിരായ മൂന്നു ദിവസത്തെ പണിമുടക്കിന് (ജൂലൈ 24) നോട്ടീസ് നല്‍കിക്കഴിഞ്ഞു. (കല്‍ക്കരി മേഖലയില്‍ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ആദ്യദിന ലേലം മാറ്റിവയ്ക്കേണ്ടി വന്നു. അപ്പോഴാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ലേലത്തിനു തയ്യാറായത്.)ഇതില്‍ ബി എം എസ് യൂണിയനും ചേര്‍ന്നിരിക്കുന്നു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയില്‍ വീണ്ടും ചേരാനുള്ള ആഗ്രഹം ഇപ്പോള്‍ ബിഎംഎസ്  പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലും സെക്ടറുകളിലും നടക്കുന്ന സമരങ്ങളിലും പണിമുടക്കിലും ബിഎംഎസ് പങ്കാളികളാകാന്‍ തയ്യാറായി സ്വന്തം വിശ്വാസ്യത തെളിയിക്കട്ടെ എന്നതാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്.


മൂര്‍ഛിക്കുന്ന വൈരുധ്യങ്ങള്‍ വളരുന്ന പോരാട്ടങ്ങള്‍


മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുകയാണ്. തൊഴിലാളിയുടെ യഥാര്‍ത്ഥ കൂലി മുമ്പെന്നത്തേക്കാള്‍ കുറയുകയും ഉത്പ്പാദനക്ഷമത മുമ്പെന്നത്തേക്കാള്‍ കൂടിയുമിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ വിലത്തകര്‍ച്ചയും തുടര്‍ന്നുള്ള പാപ്പരീകരണവും മൂലം ഭൂമി നഷ്ടപ്പെട്ടു പലായനത്തിന് നിര്‍ബന്ധിക്കപ്പെട്ടു തൊഴിലാളിവത്ക്കരിക്കപ്പെടുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും; ഇന്ത്യന്‍ കുത്തകകളുടെ ആസ്തിയും വരുമാനവും വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയും വരുമാനവും കേന്ദ്രീകരിച്ചു ഭൂപ്രഭു-ഗ്രാമീണ മുതലാളി സഖ്യം ശക്തിപ്രാപിക്കുന്നു.
ഈ അവസ്ഥയില്‍ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ കോവിഡ് കാലത്തും വിവിധ മേഖലകളില്‍  തൊഴിലാളി  കര്‍ഷക കര്‍ഷകത്തൊഴിലാളി സമരങ്ങള്‍ ഉയരുകയാണ്. ഇവയില്‍ സ്വമേധയാ ഉയര്‍ന്നുവന്നവയും സംഘടിതമായവയും ഉണ്ട്. പലതും വിജയകരമായത് മൂര്‍ഛിക്കുന്ന വര്‍ഗ്ഗസമരത്തെയാണ് സൂചിപ്പിക്കുന്നത്. സിഐടിയുവിന്‍റെ 16-ാം സമ്മേളനം സമരങ്ങള്‍ ശക്തിപ്പെടുത്താനും 'പ്രതിരോധത്തില്‍ നിന്ന് വെല്ലുവിളിയിലേക്ക്'അവയെ വളര്‍ത്താനും എടുത്ത തീരുമാനം ഏറെ പ്രസക്തമാകുന്നത് ഇവിടെയാണ്.


നേതാക്കളുടെ ഐക്യത്തേക്കാള്‍, നവലിബറല്‍ നയങ്ങളുടെ ദുരിതമനുഭവിക്കുന്ന താഴേത്തലത്തിലുള്ള തൊഴിലാളികളുടെ സമരത്തിലൂടെ രൂപപ്പെട്ട  ഐക്യവും അതില്‍ നിന്നുണ്ടായ, ഇന്ന് തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും അറച്ചുനിന്നാല്‍ നാളെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലായിരിക്കും തങ്ങളുടെ സ്ഥാനം എന്ന, തിരിച്ചറിവുമാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി 'പ്രതിരോധത്തില്‍ നിന്ന് നിസ്സഹകരണത്തിലേക്കും വെല്ലുവിളിയിലേക്കും' എന്ന അടുത്ത സമരഘട്ടം പ്രഖ്യാപിക്കാനുള്ള സാഹചര്യം ഒരുക്കിയത്.


സി ഐ ടി യു രൂപീകരണത്തിന്‍റെ സുവര്‍ണ ജൂബിലി വേളയില്‍ 'ഐക്യവും സമരവും' എന്ന നാം മുന്നോട്ടു വച്ച മുദ്രാവാക്യത്തിന്‍റെ ശരിയിലൂടെ ജൂലൈ 3ന്‍റെയും അതേത്തുടര്‍ന്ന് വരാനിരിക്കുന്ന നിസ്സഹകരണത്തിന്‍റേതും വെല്ലുവിളിയുടേതുമായ സമരങ്ങളിലൂടെയും പോരാട്ടത്തിന്‍റെയും ഐക്യത്തിന്‍റെയും മറ്റൊരു ഘട്ടത്തിലേക്കാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്.


അതോടൊപ്പംതന്നെ മൂലധനത്തിന്‍റെ അധിനിവേശത്തെ നേരിടാന്‍ അത്യാവശ്യമായ തൊഴിലാളി-കര്‍ഷക ഐക്യം ശക്തിപ്പെടുത്തുക എന്നതിലേക്കുള്ള അടുത്ത ചുവടുവയ്പ്പായി ജൂലൈ-ആഗസ്ത് മാസങ്ങളിലായി സിഐടിയു, കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ സംയുക്ത സമരങ്ങള്‍ അഖിലേന്ത്യാതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീരുമാനവും എടുത്തു കഴിഞ്ഞു.