കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയം

ഇന്ത്യയിലാകെ കോവിഡ്-19 രോഗികളുടെ എണ്ണം ദിവസേന വര്‍ധിക്കുന്നു. എന്നുമാത്രമല്ല, പ്രതിദിന വര്‍ധനയും ഓരോ ദിവസം കഴിയുന്തോറും കൂടുകയാണ്. പല സംസ്ഥാനങ്ങളിലും സമൂഹവ്യാപനം നടക്കുന്നു എന്ന് പറയേണ്ട സ്ഥിതിയാണ്. കേരളത്തിലും ജൂണ്‍ 23 വരെയുള്ള കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വര്‍ധന നൂറില്‍ കവിഞ്ഞിരിക്കുന്നു. ഇതിനെ മുന്‍നിര്‍ത്തി ഇവിടെയും സമൂഹവ്യാപനമുണ്ട് എന്നു പറയുന്നവരുണ്ട്. എന്നാല്‍ മൊത്തം വര്‍ധന 140കഴിയുമ്പോഴും സംസ്ഥാനത്തിനകത്ത് സമ്പര്‍ക്കംമൂലം രോഗം ബാധിച്ചവര്‍ പത്തില്‍ താഴെയാണ്. ബാക്കിയുള്ളവര്‍ അന്യരാജ്യങ്ങളില്‍നിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. എന്നാല്‍, സംസ്ഥാനത്തിനകത്ത് രോഗബാധയുണ്ടായ ചിലര്‍ക്ക് ആരില്‍നിന്ന് അതു കിട്ടി എന്ന് വ്യക്തമല്ല. അത് അനിയന്ത്രിതമായാല്‍ അപകടമാകും. അത് ഉല്‍ക്കണ്ഠയ്ക്ക് ഇടനല്‍കുന്നു.

 

മൊത്തത്തിലെടുത്താല്‍, മുഖ്യമന്ത്രി എടുത്തുപറഞ്ഞതുപോലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്. രോഗം ശക്തിയായി പടരുന്ന സ്ഥലങ്ങളില്‍നിന്നാണ് ദിവസേന നമ്മുടെ സഹോദരീ സഹോദരന്മാര്‍ നാട്ടിലേക്ക് വരുന്നത്. അവരെ സ്നേഹപൂര്‍വം സ്വാഗതംചെയ്യുമ്പോള്‍തന്നെ, നാം സ്വയം ജാഗ്രത പാലിക്കേണ്ടതുണ്ട്. ദിവസേന വരുന്നവരെക്കൊണ്ട് ആശുപത്രിയിലും ക്വാറന്‍റൈനിലും ഒക്കെ ജാഗ്രത പാലിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതും സമൂഹവ്യാപനത്തിന് ഇടയാക്കാം. കോവിഡ് ബാധ വരുന്നു എന്നു കേട്ടതുമുതല്‍ നമ്മുടെ സര്‍ക്കാരും ആരോഗ്യസംവിധാനവും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരുമൊക്കെ ആറുമാസത്തോളമായി നിതാന്ത ജാഗ്രത പാലിക്കുന്നതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നതുപോലുള്ള വ്യാപനം ഇവിടെ ഇതുവരെ ഇല്ലാത്തത്. കേന്ദ്രസര്‍ക്കാര്‍ അടച്ചിടല്‍ പടിപടിയായി പിന്‍വലിക്കുന്നതിനാല്‍ ഇവിടെയും വ്യവസ്ഥകളില്‍ അയവ് വരുത്തിക്കൊണ്ടിരിക്കുന്നു. അതിനെ തുടര്‍ന്ന് മാളുകളിലും കടകളിലും ചന്തകളിലും മരണവീടുകളിലും സമരമുഖങ്ങളിലുമായി പലയിടങ്ങളില്‍ ആളുകള്‍ ഒരു നിയന്ത്രണവുമില്ലാതെ പങ്കെടുക്കുന്നു. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും മറ്റും നിയന്ത്രണത്തില്‍ സ്വയം അയവുവരുത്തുന്നു.

 

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ പോക്ക് അപകടകരമാണ്. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതാണ്. അവരെക്കൊണ്ട് അച്ചടക്കം പാലിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവരും സമൂഹം ആകെയും ശുഷ്കാന്തി കാണിക്കേണ്ടതുണ്ട്. പ്രശ്നം ജനങ്ങളുടെ ആരോഗ്യരക്ഷയാണ്. ജാഗ്രതകുറഞ്ഞാല്‍ എന്തു സംഭവിക്കാം എന്നതിനു ദൃഷ്ടാന്തങ്ങളാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പല വികസിതരാജ്യങ്ങളും. അവിടങ്ങളില്‍ പലര്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. അവ പ്രധാനംതന്നെ. പക്ഷേ, ജനങ്ങള്‍ക്ക് ആരോഗ്യമില്ലെങ്കില്‍, പിന്നെ സമ്പത്തുകൊണ്ടുമാത്രം എന്തു പ്രയോജനം? കോവിഡിനെ ഒന്നിച്ചു നേരിടുന്നതില്‍ ആദ്യത്തെ കുറെ ദിവസങ്ങള്‍ക്കുശേഷം കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കാറില്ല. പിന്നീട് അത് തുറന്ന എതിര്‍പ്പായി മാറി. രോഗബാധിതരെ അതില്ലാത്തവരുമായി ചേര്‍ത്ത് ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് അവര്‍ക്കെല്ലാം രോഗം ബാധിക്കുന്നതിന് ഇടയാക്കുമെന്നുകണ്ടതിനാലാണ് കേരളസര്‍ക്കാര്‍ അവരെ ഇടകലര്‍ത്തി കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നത്. ആഴ്ചതോറും പതിനായിരക്കണക്കിന് ആളുകളാണ് വിമാനംവഴി വരുന്നത്. അവരെയെല്ലാം രോഗം ബാധിച്ചാല്‍ അത് സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതി ഉളവാക്കും. അതുകൊണ്ടാണ് രോഗബാധിതരെയും അല്ലാത്തവരെയും വേര്‍തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഇത്തരം മുന്‍കരുതല്‍ കൊണ്ടാണല്ലോ കേരളത്തില്‍ രോഗബാധ കുറവ്.

 

കാര്യം മനസ്സിലായിട്ടും കുഴപ്പം ഉണ്ടാക്കാന്‍ തന്നെയാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കടുത്ത "സാമൂഹ്യ അടുപ്പം" പാലിച്ചുകൊണ്ടുള്ള സമരം. അതുതന്നെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രോഗ പ്രതിരോധ നടപടികള്‍ക്ക് എതിരായിരുന്നു. അത് ഉദ്ഘാടനംചെയ്ത കെപിസിസി പ്രസിഡന്‍റ് ആ സന്ദര്‍ഭത്തിനും കേരളത്തിന്‍റെ ഇന്നത്തെ അന്തരീക്ഷത്തിനും ചേരാത്ത രീതിയില്‍ നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചറെ നിപാ രാജകുമാരിയും കോവിഡ് റാണിയുമായി വിശേഷിപ്പിച്ച് തന്‍റെ സംസ്കാരശൂന്യതയും സ്ത്രീവിരുദ്ധതയും അവിടെ വിളമ്പി. സംസ്ഥാനത്തും രാജ്യമാകെയും വിദേശങ്ങളിലും ടീച്ചര്‍ക്കും അവര്‍ ഉള്‍പ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും ലഭിക്കുന്ന അംഗീകാരവും പ്രശംസയും ഇവരെയെല്ലാം വിറളിപിടിപ്പിക്കുന്നു. ജനങ്ങള്‍ ഈ സര്‍ക്കാരിനെ ഇങ്ങനെ പിന്താങ്ങിയാല്‍ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ എങ്ങനെ സാക്ഷാല്‍ക്കരിക്കപ്പെടും എന്ന ആശങ്കയാണ് അവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. ഈ സര്‍ക്കാരിനെയും അതിന്‍റെ നേതാക്കളെയും എത്ര നിലവാരം കുറഞ്ഞ ഭാഷയിലും കാര്യവിവരമില്ലാതെയും അധിക്ഷേപിക്കാം എന്നതിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മത്സരം. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണം എന്നതും ഈ മത്സരത്തിലെ വിഷയമാണ്. പ്രതിപക്ഷപാര്‍ടികള്‍ ഈ പോക്കുപോയാല്‍ കാര്യങ്ങള്‍ കടവടുപ്പിക്കാന്‍ കഴിയില്ല എന്ന ആശങ്ക പി കെ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കള്‍ പ്രകടിപ്പിക്കുന്നു. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്‍റ കേരളത്തോടുള്ള അവഗണന പല രൂപങ്ങളില്‍ തുടരുന്നു. പ്രധാനമന്ത്രി അടിക്കടി മുഖ്യമന്ത്രിമാരുമായി വെബിനാറുകള്‍ നടത്തി അഭിപ്രായ വിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നെണ്ണത്തിലും കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ അദ്ദേഹം അവസരം നല്‍കിയില്ല. കോവിഡുമായും കേരളം നേരിടുന്ന മറ്റു പ്രശ്നങ്ങളുമായും ബന്ധപ്പെട്ട പല കാര്യങ്ങളും മുഖ്യമന്ത്രിക്ക് ഉന്നയിക്കാനുണ്ടായിരുന്നു. പ്രധാനമന്ത്രി അവഗണിച്ചത് പിണറായി വിജയന്‍ എന്ന ഏക ഇടതുപക്ഷ നേതാവിനെയാണെങ്കിലും, ഉന്നയിക്കാന്‍ കഴിയാതെ പോയത് കേരളത്തിന്‍റെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളുമാണ്. കേരളം പല കാര്യങ്ങളിലും ശ്രദ്ധേയമായ നിര്‍ദേശങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് ഒരു ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമുള്ള ആങ്കയും ഈ അവഗണനയ്ക്കുകാരണമാണ്. പക്ഷേ, നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അവഗണിച്ചും അവയ്ക്ക് പ്രസക്തി ഇല്ലാതാക്കിയും ഇന്ത്യയ്ക്കാകെ കേന്ദ്രഭരണം മാത്രം എന്നതിലേക്ക് നീങ്ങുന്നതിന്‍റെ പ്രകടമായ തെളിവായി വേണം ഈ സമീപനത്തെ കാണാന്‍.

 

ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയോ കേരളത്തിന്‍റെയോ മാത്രം പ്രശ്നമല്ല. അഖിലേന്ത്യാതലത്തിലെ പ്രശ്നമാണ്. നിര്‍ഭാഗ്യവശാല്‍ അതിനെ അത്തരത്തില്‍ കാണാനോ മോഡി സര്‍ക്കാരിന്‍റെ ഈ അമിതാധികാര നീക്കത്തിനെതിരെ വിശാലമായ പ്രതിരോധം പ്രതിപക്ഷ ഐക്യം വികസിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തയാറാകുന്നില്ല. സാധാരണക്കാരോട് ഒരു അലിവും ആഭിമുഖ്യവും കാണിക്കാതെ ലോകത്തൊരിടത്തും ഇല്ലാത്തതോതില്‍ എണ്ണവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതും അന്യസംസ്ഥാന തൊഴിലാളികളോട് കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യമാകെ അടച്ചിട്ടപ്പോള്‍ കാണിച്ച സമാനതകള്‍ ഇല്ലാത്ത നീതികേടും അതിന് ഉദാഹരണങ്ങളാണ്. രാജ്യത്താകെ ദശകോടിക്കണക്കിന് ആളുകള്‍ തൊഴിലും വരുമാനവും ഇല്ലാതെ ചക്രശ്വാസംവലിക്കുമ്പോള്‍ മുകേഷ് അംബാനിയെപ്പോലുള്ളവരെ ലോകത്തിലെ ഏറ്റവും വലിയ പത്തു കുബേരന്മാരില്‍ ഒരാളാക്കി ഉയര്‍ത്തുന്നത് ആ നയസമീപനത്തിന്‍റെ ഫലമായാണ്.

ഇതിനെല്ലാം എതിരായി സംസ്ഥാനത്തെ ജനങ്ങളെയാകെ (അതുപോലെ മറ്റു സംസ്ഥാനങ്ങളിലും) ഏകോപിപ്പിച്ച് അണിനിരത്തേണ്ട ഘട്ടമാണിത്. ട്രേഡ്യൂണിയന്‍, കര്‍ഷക സംഘടനകള്‍ മുതലായവ അതിന് പരിപാടിയിട്ട് നീങ്ങുന്നുണ്ട്. അതിന്‍റെ സ്വാഭാവികമായ തുടര്‍ച്ച രാഷ്ട്രീയതലത്തിലും വേണ്ടതാണ്, സംസ്ഥാനസര്‍ക്കാരിന്‍റെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും എതിരായി നീങ്ങുന്നതോടൊപ്പം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് തങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളോട് യാഥാര്‍ഥ്യബോധത്തോടെ പ്രതികരിക്കാന്‍ കഴിയൂ. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കുറ്റങ്ങളും കുറവുകളും എടുത്തുകാട്ടി പരിഹരിക്കാന്‍ പ്രക്ഷോഭസമരങ്ങള്‍ നടത്തുന്നതുപോലെയോ അതിലും ഏറെയോ പ്രധാനമാണ്, കേരളത്തില്‍ മോഡി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും കോവിഡിനെ നിയന്ത്രിക്കുന്നതില്‍ വന്ന ഗുരുതരമായ വീഴ്ചകള്‍ക്കും എതിരായ പ്രക്ഷോഭസമരങ്ങള്‍.

 

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളെയും ഇന്ധനക്കൊള്ളയേയും മറച്ചുവെച്ച് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണത്തിലും സമരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യുഡിഎഫും അങ്ങനെയായാല്‍ മതിയോ? ബിജെപിയുടെ ബി ടീമായാണ് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിനെ അനുകൂലിക്കുന്നവര്‍ ഉള്‍പ്പെടെ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട അവസരമാണ് ഇത്. $