പര്‍വതീകരണവും തമസ്കരണവും

ഗൗരി

വലതുപക്ഷ രാഷ്ട്രീയ പ്രചരണത്തിന്‍റെയും വലതുപക്ഷ മാധ്യമങ്ങളുടെയും പൊതുവായൊരു ശൈലി അതിലെ വസ്തുനിഷ്ഠതയില്ലായ്മയാണ്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് സാംഗത്യമുണ്ടാവില്ല. മാത്രമല്ല പലപ്പോഴും അവര്‍ക്ക് മൊഴിമുട്ടിപ്പോവുകയും ചെയ്യും. അതുകൊണ്ട് എങ്ങും തൊടാതെ പുകമറ സൃഷ്ടിക്കുന്ന ശൈലിയാണ് വലതുമാധ്യമങ്ങളും വലതുരാഷ്ട്രീയക്കാരും സ്വീകരിക്കുന്നത്. 


നിരാക്ഷേപം പോയ പോക്കേ!


പോയവാരത്തില്‍ പുതുതായി അവതരിപ്പിച്ച സൂപ്പര്‍ ഗുണ്ടാണ് ആതിരപ്പള്ളി പദ്ധതി. 10-ാം തീയതി ചാനല്‍ വാര്‍ത്തയായും റിപ്പോര്‍ട്ടായുമാണ് സംഗതി പ്രത്യക്ഷപ്പെട്ടത്. 11-ാം തീയതി മനോരമയുടെ 9-ാം പേജില്‍ അതിങ്ങനെ ചവിട്ടിക്കുഴച്ച് പേസ്റ്റാക്കി ഇട്ടിട്ടുണ്ട്: "അതിരപ്പിള്ളി പദ്ധതിക്ക് നിരാക്ഷേപ പത്രം. അണപൊട്ടിവിവാദം. നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല; നടപടിക്രമം മാത്രം: മന്ത്രി മണി" ആതിരപ്പള്ളി വൈദ്യുതി പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് മൂന്ന് ദശകത്തിലേറെയായി. പലവട്ടം സംസ്ഥാനം കേന്ദ്രത്തിന്‍റെ അനുമതിക്കായി നിരാക്ഷേപത്രം എന്ന എന്‍ഒസി നല്‍കുകയും കേന്ദ്രാനുമതി തന്നെ ഒരിക്കല്‍ ലഭിച്ചതുമാണ്. പക്ഷേ സംസ്ഥാനത്ത് വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നും എതിര്‍പ്പുകള്‍മൂലവും അത് തുടങ്ങാനായില്ല. എങ്കിലും കേന്ദ്രാനുമതി വീണ്ടും നേടാന്‍, അതൊരു അടഞ്ഞ അധ്യായമായി മാറാതിരിക്കാന്‍ ആവര്‍ത്തിച്ച് എന്‍ഒസി നല്‍കുന്നതും പതിവാണ്. ഇക്കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ തന്നെ പലവട്ടം ഈ വിഷയം ചര്‍ച്ചയില്‍ വന്നതുമാണ്. അപ്പോഴെല്ലാം സംസ്ഥാന സര്‍ക്കാര്‍ - മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്, സമവായത്തിലെത്താതെ പദ്ധതി തുടങ്ങില്ലെന്ന്. 


11-ാം തീയതിയിലെ മനോരമ റിപ്പോര്‍ട്ടില്‍ തന്നെ നമ്മുടെ രണ്ടു നിലപാടില്ലാ പാര്‍ടികളുടെയും നേതാക്കളുടെ - പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി അധ്യക്ഷന്‍റെയും ബിജെപി അധ്യക്ഷന്‍റെയും - പ്രസ്താവനകളും ചേര്‍ത്തിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ പിച്ചും പേയും പറയുകയാണ് ഈ മൂന്ന് വങ്കന്മാരും. ചെന്നിത്തലയന്‍ കൂടി മന്ത്രിയായിരുന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇതേ നടപടിക്രമങ്ങള്‍ നടത്തിയതാണ്. മുല്ലവള്ളി സഹമന്ത്രിയായിരുന്ന കേന്ദ്ര മന്ത്രിസഭയും ഈ നടപടിക്രമങ്ങള്‍ കൈവെടിഞ്ഞിരുന്നില്ല. വാസ്തവത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോഴാണ് ഈ പദ്ധതി സംബന്ധിച്ച നടപടികള്‍ സ്വീകരിച്ചതുതന്നെ. ഇപ്പോള്‍ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്‍റും ഈ പദ്ധതി നടപ്പാക്കാമെന്ന നിലപാടിലാണെന്ന് മനോരമയിലെ 12-ാം തീയതിയിലെ റിപ്പോര്‍ട്ടു തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ കോങ്കി - സംഘി നേതാക്കളുടെ പ്രസ്താവനയില്‍ ജനവിരുദ്ധത, സ്വേച്ഛാധിപത്യം, അഴിമതി തുടങ്ങിയ സ്ഥിരം പദാവലികള്‍ക്കപ്പുറം വസ്തുനിഷഠമായി ഒന്നുമില്ല തന്നെ. വിവരമില്ലായ്മ ആഘോഷമായി കൊണ്ടുനടക്കുന്ന ഈ വങ്കന്മാരും ഇവരെ അരിയിട്ടു വാഴിക്കുന്ന മാധ്യമ പെരുച്ചാഴികളും ഈ നാടിനു ശാപമാണെന്നു പറയാതിരിക്കാനാവില്ല. ആദ്യം ഇവര്‍ ചെയ്യേണ്ടത് (മാധ്യമങ്ങളും പാര്‍ടികളും) ഒരു നിലപാടില്‍ എത്തിച്ചേരലാണ് അല്ലാതെ മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്നത് ജനവഞ്ചനയാണ്.
12-ാം തീയതി മനോരമയുടെ ഒന്നാം പേജിലെ സൂപ്പര്‍ ലീഡ് ഇങ്ങനെ: "അതിരപ്പിള്ളി അനുമതി: പ്രധാനമന്ത്രി ചോദിച്ചു; കേരളം സമ്മതിച്ചു.  കേന്ദ്രവുമായി ഏറ്റുമുട്ടിയാല്‍ വൈദ്യുതി മുടങ്ങുമോ എന്ന് ആശങ്ക". ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതിനു സാക്ഷ്യമായി ഫയല്‍ പേജിന്‍റെ ഫോട്ടോ കോപ്പിയും. എന്‍ഒസി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നുമൊന്നും ആരും പറഞ്ഞില്ല. എങ്കിലും ഇങ്ങനെ പ്രമാദമായ വിധം ഇതവതരിപ്പിക്കുന്നത് തങ്ങള്‍ എന്തോ മഹാകാര്യം തൊരന്നെടുത്ത് പുറത്തിടുകയാണെന്ന ജാടയിലാണ്. കഴിഞ്ഞ രണ്ടു മൂന്നു ദശകത്തിനിടയില്‍ എത്രയോ തവണ പല മുഖ്യമന്ത്രിമാരും വൈദ്യുതിമന്ത്രിമാരും സമാനമായവിധം എന്‍ഒസി ഒപ്പിട്ടിട്ടുണ്ടെന്ന പരമമായ സത്യം മാത്രം പുറത്തെടുക്കില്ല. 


ആനപ്പക


ആനേടേം പാമ്പിന്‍റേം പക പ്രസിദ്ധിയാര്‍ജിച്ചതാണ്. അതിനേം തോല്‍പിക്കുന്നതാണ് മ്മടെ വലതുപക്ഷ രാഷ്ട്രീയക്കാരുടേം വലതുമാധ്യമങ്ങളുടേം പക. സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ 11-ാം തിയതി രാത്രി അന്തരിച്ചു. ഹൈക്കോടതി ഉത്തരവനുസരിച്ച് ജയിലില്‍നിന്ന് പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അതിതീവ്രവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. മ്മളെ വലതുപക്ഷത്തെ ചില മാധ്യമങ്ങളുടെ ആനപ്പക പുറത്തുചാടിയതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് അപ്പോഴാണ്. നേരത്തെ തന്നെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം കുഞ്ഞനന്തന് സുഖചികിത്സയ്ക്കായി പിണറായി സര്‍ക്കാര്‍ അനുവദിച്ചു എന്ന് പ്രചരണം നടത്തിയതാണ്. ഹൈക്കോടതിയാണ് കുഞ്ഞനന്തന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ബോധ്യപ്പെട്ട് അതിന് സൗകര്യമൊരുക്കിയത് എന്ന കാര്യം പോലും ഈ മാധ്യമ കൂലിത്തല്ല് സംഘം മറച്ചുവയ്ക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മരണത്തോടെയും ഇവരുടെ വിദ്വേഷ പ്രചരണം ഒടുങ്ങുന്നില്ല എന്നതിന് തെളിവാണ് 11-ാം തീയതിയിലെ ഏഷ്യാനെറ്റ് ചര്‍ച്ച. ഒരു സംഘം കമ്യൂണിസ്റ്റ് വിരുദ്ധരുടെ പൂരപ്പാട്ടായിരുന്നു ചര്‍ച്ചയെന്ന പേരില്‍ അരങ്ങേറിയതെന്നു പറയുന്നതാകും ശരി.


കുഞ്ഞനന്തന്‍ ഗൂഢാലോചന നടത്തിയെന്നാണല്ലോ യുഡിഎഫ് കാലത്ത് പൊലീസ് കെട്ടിച്ചമച്ച കഥയും തുടര്‍ന്നുള്ള കോടതി വിധിയും. ആ വിധിയിലെ പൊള്ളത്തരം തുറന്നു കാണിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ജീവന്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ ചില വരികള്‍ ഇവിടെ ചേര്‍ക്കട്ടെ: 


"കല്‍പ്പിത കഥകളിലൂടെ ഞാന്‍ കേട്ടറിഞ്ഞ കുഞ്ഞനന്തന്‍ ഉണ്ട്...! അനുഭവ യാഥാര്‍ഥ്യങ്ങളിലൂടെ ഞാന്‍ അടുത്തറിഞ്ഞ കുഞ്ഞനന്തന്‍ ഉണ്ട്...!


കല്‍പ്പിത കഥകളിലെ കുഞ്ഞനന്തനെ ഞാനും എല്ലാ മലയാളികളെ പോലെ തെറ്റിദ്ധരിച്ചിരുന്നു. ഏത് സാഹചര്യത്തിലാണെങ്കിലും ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു എന്ന ബോധ്യം അന്നും ഇന്നും ഉണ്ട്. ഒരുപക്ഷേ ആ ചിന്തകള്‍ ആയിരിക്കാം എന്നെയും സ്വാധീനിച്ചിട്ടുണ്ടാവുക. കില്ലര്‍ സ്ക്വാഡിന്‍റെ തലവന്‍ എന്നും , കണ്ണൂരിലെ കിംഗ് മേക്കര്‍ എന്നും വിളിപ്പേര് ഉള്ള കുഞ്ഞനന്തന്‍. ചാര്‍ത്തപ്പെടുന്ന പട്ടങ്ങള്‍ പെട്ടെന്ന് മായില്ല. എത്രയെഴുതിയാലും ചില സത്യങ്ങള്‍ കല്‍പ്പാന്തകാലത്തോളം ആരും വിശ്വസിക്കില്ല. എന്‍റെ ഉള്ളിലെ ഞാനാണ് ഓരോ മലയാളിയും. പൊതുബോധ്യങ്ങള്‍ മാറ്റാന്‍ പ്രയാസം ആണ്.


ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ പാറാട്ടെ വീട്ടിന്‍റെ പൂമുഖത്ത് വെച്ച് കുഞ്ഞനന്തന്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്. ട്രൗസര്‍ മനോജും, കെ സി രാമചന്ദ്രനും കുഞ്ഞനന്തനും കൂടി അവിടെ കൂടിക്കാഴ്ച നടത്താന്‍  പോകുന്നത് ഒരു സാക്ഷി കണ്ടുപോലും.... തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സന്താനഗോപാല പൂജക്ക് പോകുംവഴി താന്‍ നിന്ന സ്ഥലത്തുകൂടി ഇരുവരും ബൈക്ക് ഓടിച്ച് പോകുന്നത് കണ്ടെന്നാണ് സാക്ഷി മൊഴി. ഈ മൊഴിയിലാണ് കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെടുന്നത്.


പ്രതികള്‍ ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തി എന്ന് കണ്ടവര്‍ ആരും ഇല്ല. അങ്ങനെ പൊലീസ് പറയുന്നുമില്ല. പൊതുവഴിയിലൂടെ രണ്ടു പേര്‍ ബൈക്കില്‍ പോകുന്നു അത് കുഞ്ഞനന്തന്‍റെ വീട്ടിലേക്ക് ആയിരിക്കാം എന്ന് സംശയാതീമായി പൊലീസ് ഉറപ്പിക്കുന്നുമില്ല. ഇരുവരും ബൈക്കില്‍ പോകുന്ന സമയത്ത് കുഞ്ഞനന്തന്‍ വീട്ടില്‍ ഉണ്ടായിരുന്നോ? അതും പൊലീസിന് ഉറപ്പില്ല. പ്രതികളെ ആരെങ്കിലും കുഞ്ഞനന്തന്‍ ഫോണില്‍ ബന്ധപ്പെട്ടു എന്നും കേസില്ല. മോഹനന്‍ മാസ്റ്ററെ ഒരിക്കല്‍ ബന്ധപ്പെട്ടിട്ടുണ്ട്. തലശ്ശേരി ഏരിയാ കമ്മറ്റി അംഗം കുഞ്ഞിരാമനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ഗൂഢാലോചനക്കുവേണ്ടി ആണുപോലും. സിപിഎം നേതാവായ കുഞ്ഞനന്തന്‍ മറ്റ് രണ്ട് സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെടുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഭാഷ്യം കോടതി വിശ്വാസത്തിലെടുത്തു. ഈ അടുത്ത കാലത്ത് പാറാട്ടെ വീട്ടില്‍ പോയപ്പോള്‍ സാക്ഷി നിന്നു എന്ന സ്ഥലത്ത് നിന്ന് ഞാന്‍ ദൂരേക്ക് നോക്കി. സാക്ഷി നിന്നു എന്ന് പറയുന്ന സ്ഥലത്ത് നിന്ന് നോക്കിയാല്‍ കുഞ്ഞനന്തന്‍റെ വീട് പോലും കാണാന്‍ കഴിയില്ല. ആ വീട്ടിനുളളില്‍ നടന്നത് ഗൂഢാലോചന ആണെന്ന് പിന്നെ പോലീസ് എങ്ങനെ നിഗമനത്തിലെത്തി? കൊലപാതകികള്‍ ആയ രണ്ട് പേര്‍ റോഡിലൂടെ ബൈക്ക് ഓടിച്ച് പോയത് കുഞ്ഞനന്തന്‍റെ വീടിന്‍റെ ഭാഗത്തുകൂടി ആയതുകൊണ്ട് കുഞ്ഞനന്തന്‍ പ്രതി! കുഞ്ഞനന്തന്‍ കുറ്റവാളി!.


നിയമവും നീതിയും രണ്ടും രണ്ടാണെന്ന് പറഞ്ഞതാരാണെന്ന് അറിയില്ല. പക്ഷെ കുഞ്ഞനന്തന്‍റെ കാര്യത്തില്‍ അത് അച്ചട്ടായി. കീഴ് കോടതികള്‍ ശിക്ഷിച്ച എത്രയോ പ്രതികളെ മേല്‍കോടതികള്‍ വെറുതെ വിട്ടിരിക്കുന്നു".


ഇവിടെ ജിതിന്‍ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയ വാക്കുകള്‍ കൂടി ചേര്‍ക്കേണ്ടതുണ്ടെന്ന് ഗൗരിക്കു തോന്നുന്നു.


"രാജ്യത്തേറ്റവും ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനമായിട്ടും കേരളത്തില്‍ സംഘപരിവാരത്തിന് വിജയിക്കാന്‍ കഴിയാതെ പോയതെന്താണെന്ന് നിങ്ങളാലോചിച്ചു നോക്കിയിട്ടുണ്ടോ?
സഖാവ് പി കെ കുഞ്ഞനന്തനെപ്പോലുള്ള എണ്ണം പറഞ്ഞ രാഷ്ട്രീയ മനുഷ്യജീവികള്‍ ഇന്നാട്ടിന്‍റെ മതനിരപേക്ഷതക്ക് കാവല്‍ നിന്നതിന്‍റെ ഫലമായാണ് വലിയ കാഡര്‍ ശേഷിയുണ്ടായിട്ടും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ശോഷിച്ചുപോയത്. ഫാസിസ്റ്റു വിരുദ്ധപോരാട്ടത്തിന്‍റെ മൊത്തക്കച്ചവടക്കാരായ മധ്യവര്‍ഗ ലിബറല്‍ ബുദ്ധിജീവിതങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത കാര്യമാണിതെങ്കിലും നമ്മുടെ നാട് ബിജെപിക്ക് ബാലികേറാമലയായി തുടരുന്നത് അനേകം കുഞ്ഞനന്തന്‍മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം മാത്രമാണ്.  


ആര്‍എസ്എസിന് ശക്തമായ സംഘടനാ മെഷിനറിയുള്ള പ്രദേശമാണ് പാനൂര്‍. അതേസമയം സംഘപരിവാരത്തിനെതിരെയും ഫ്യൂഡല്‍ മാടമ്പിമാര്‍ക്കെതിരെയും ഇത്രയും ചെറുത്തുനില്‍പ്പുകള്‍ നടത്തിയ മറ്റൊരു പ്രദേശം പാനൂരിനോളം ഈ രാജ്യത്തുതന്നെയുണ്ടാകില്ല. ആര്‍എസ്എസിന്‍റെ ആക്രമണോത്സുക രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഏതൊരാള്‍ക്കും പാനൂരിനെ വിട്ടുകളയാനാകില്ല. സിപിഐ എമ്മിന് ഒരൊറ്റ ബ്രാഞ്ചില്‍ മൂന്ന് രക്തസാക്ഷികളുണ്ടായ നാടാണത്. തൊഴിലാളിവര്‍ഗ പാര്‍ടി ജീവന്‍ നല്‍കി സംഘപരിവാറിനെതിരെ പ്രതിരോധം തീര്‍ത്ത രാഷ്ട്രീയ ഭൂമികയാണത്. ഫ്യൂഡല്‍ മാടമ്പിമാര്‍ നേതൃത്വം നല്‍കിയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയും അതോടൊപ്പം സംഘപരിവാരവും സംസ്ഥാനത്തുതന്നെ എറ്റവും ശക്തമായ വേരോട്ടമുണ്ടാക്കിയ പാനൂരില്‍ സിപിഐ എമ്മിന്‍റെ ചെറുത്തുനില്‍പ്പുകള്‍ അത്രയെളുപ്പമായിരുന്നില്ല. സഖാവ് പികെ കുഞ്ഞനന്തനെപ്പോലുള്ള അടിമുടി പൊളിറ്റിക്കലായ പച്ച മനുഷ്യരാണ് ഒരു ദേശത്താകെ ഫാസിസ്റ്റു രാഷ്ട്രീയത്തെ ഗ്രൗണ്ട് ലെവലില്‍ പിടിച്ചുകെട്ടിയത്. 


ഹിന്ദുവര്‍ഗീയതക്കെതിരെ അറുപതുകളില്‍ തുടങ്ങിയ ചെറുത്തുനില്‍പ്പിന്‍റെ കഥയാണ് പാനൂരിന് പറയാനുള്ളത്. കടുത്ത തൊഴില്‍ ചൂഷണങ്ങള്‍ നടന്നിരുന്ന കണ്ണൂരിലെ ബീഡി ഫാക്ടറികളില്‍ തൊഴില്‍സമരങ്ങള്‍ രൂക്ഷമായ കാലത്താണ് തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ മാനേജ്മെന്‍റ് മംഗലാപുരത്തുനിന്നും ആര്‍എസ്എസ് ക്രിമിനലുകളെ വ്യാപകമായി റിക്രൂട്ട് ചെയ്തത്. ഗണേശ്, ഭാരത്, പിവിഎസ്, ദര്‍ബാര്‍ തുടങ്ങിയ ബീഡി കമ്പനികളിലെ കങ്കാണിമാരായി തന്നെയായിരുന്നു ആര്‍എസ്എസിന്‍റെ ഗുണ്ടകള്‍ പ്രവര്‍ത്തിച്ചത്. അവരാണ് പാനൂരിലുള്‍പ്പെടെ ആര്‍എസ്എസിന്‍റെ കായികാഭ്യാസ കളരികളായ ശാഖകള്‍ക്ക് പെനിട്രേഷനുണ്ടാക്കിയെടുത്തത്. അവരാണ് തൊഴിലാളി സഖാക്കളെ തെരുവില്‍ കായികമായി കൈകാര്യം ചെയ്തിരുന്നത്. ഗണേഷ് ബീഡി കമ്പനിക്കുവേണ്ടി ഗുണ്ടാപ്പണി ചെയ്ത ആര്‍എസ്എസ് ക്രിമിനലുകളെ പാര്‍ടി സധീരം ചെറുത്തുനിന്ന ആ നാളുകളിലാണ് സഖാവ് പി കെ കുഞ്ഞനന്തന്‍ പാര്‍ടി അംഗത്വം എടുത്ത് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്.


1968ല്‍ ഇഎംഎസ് സര്‍ക്കാര്‍ സെന്‍ട്രല്‍ ബീഡി ആന്‍റ് സിഗാര്‍ വര്‍ക്കേഴ്സ് ആക്ട് കേരളത്തില്‍ നടപ്പിലാക്കിയതോടെയാണ് പല സ്വകാര്യ ബീഡി ഫാക്ടറികളിലും തൊഴില്‍ചൂഷണം അവസാനിച്ചത്. പുതിയ സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പരിവാര്‍ ബന്ധമുള്ള കമ്പനികള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടാനാണ് തീരുമാനിച്ചത്. അസംഖ്യം വരുന്ന ബീഡി തൊഴിലാളികളെ പട്ടിണിക്കിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് 1969 ല്‍ കേരള ദിനേശ് ബീഡി സഹകരണ സംഘം ആരംഭിക്കുകയുണ്ടായത്. ആര്‍എസ്എസ് ആസൂത്രണം ചെയ്ത 1971 ലെ തലശ്ശേരി മുസ്ലിം വിരുദ്ധ കലാപത്തോടെ പിന്നീടങ്ങോട്ട് ആര്‍എസ്എസുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലായിരുന്നു പാനൂരിലെയും തലശ്ശേരിയിലെയും സഖാക്കള്‍.


അക്കാലത്ത് കണ്ണൂര്‍ സ്പിന്നിങ് മില്ലിലെ തൊഴിലാളിയായിരുന്നു സഖാവ് കുഞ്ഞനന്തന്‍. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്ത് പുലര്‍ച്ചെക്കുള്ള ട്രെയിനില്‍ തലശ്ശേരി വന്നിറങ്ങി പാര്‍ടി ഓഫീസില്‍ വിശ്രമിച്ചതിനുശേഷം പാനൂരിലേക്ക് പോകുന്നതായിരുന്നു പതിവ്. ഒരിക്കല്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് ബോംബുവെച്ചുതകര്‍ത്തപ്പോള്‍ സഖാവ് കുഞ്ഞനന്തന്‍ ഓഫീസിനകത്ത് വിശ്രമിക്കുകയായിരുന്നു. അത്ഭുതകരമായാണ് സഖാവന്ന് രക്ഷപ്പെട്ടത്. 


തുടര്‍ന്നങ്ങോട്ടും പാനൂരിലെയും തലശ്ശേരിയിലെയും സംഘപരിവാറിന്‍റെ അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സഖാവ് മുന്നില്‍ തന്നെയുണ്ടായിരുന്നു. പാനൂരിലെയും പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും പരിവാര്‍ സംഘത്തിന്‍റെ കായികമായ ആക്രമണങ്ങളെ നേരിട്ടാണ് സഖാവ് കുഞ്ഞനന്തന്‍ ഒരു നാടിന്‍റെ നേതാവായി ഉയര്‍ന്നുവന്നത്. തലശ്ശേരി ഏരിയാ കമ്മിറ്റി വിഭജിച്ച് പാനൂര്‍ ഏരിയാ കമ്മിറ്റി നിലവില്‍ വന്ന 1980 മുതല്‍ പാര്‍ടി ഏരിയാ കമ്മിറ്റി അംഗമായിരുന്നു സഖാവ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആര്‍എസ്എസിന്‍റെ ഓരോ നീക്കത്തെയും എതിര്‍ത്തുതോല്‍പ്പിക്കാന്‍, പരിവാറിന്‍റെ വിപുലീകരണ ശ്രമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ അദ്ദേഹം എന്നും മുന്നില്‍ നിന്നു. വ്യക്തിപരമായി ഒന്നും സമ്പാദിച്ചില്ല. പാര്‍ടിയായിരുന്നു അദ്ദേഹത്തിന് എല്ലാം. പരിവാറിന്‍റെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തിന് ഒടുവില്‍ ആര്‍എസ്എസുകാരന്‍റെ കള്ളസാക്ഷിയിലാണ് ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിക്കേണ്ടി വന്നത്. സഖാവ് സി എച്ച് അശോകനെപ്പോലെ ഭരണകൂടമാധ്യമ ഭീകരതയുടെ ഇരയായിരുന്നു സഖാവ് കുഞ്ഞനന്തനും".


നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ സത്യസന്ധത ഇല്ലായ്മയും രാഷ്ട്രീയ പക്ഷപാതിത്വവുമാണ് മറ്റ് എല്ലാത്തിലുമെന്ന പോലെ ഇക്കാര്യത്തിലും തെളിഞ്ഞു കാണുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ കേസിനെ തുടര്‍ന്നുണ്ടായതെന്നത് പകല്‍പോലെ വ്യക്തമാണ്. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളിയുടേം സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന്‍റേം ദൈനംദിന നിയമവിരുദ്ധമായ ഇടപെടല്‍ ഈ കേസന്വേഷണത്തിലുടനീളം ഉണ്ടായത്, പോസ്റ്റുമോര്‍ട്ടം മുറിയില്‍പോലും തിരുവഞ്ചൂരിന്‍റെ സാന്നിധ്യം ഉണ്ടായത് എല്ലാം തമസ്കരിക്കപ്പെടുകയാണുണ്ടായത്. എന്തൊരു മാധ്യമ ധര്‍മമാണെന്നു നോക്കണേ!