കാര്യക്ഷമതയുടെയും കൂട്ടായ്മയുടെയും വിജയം

കെ എ വേണുഗോപാലന്‍

കോവിഡിനെ ചൈന കീഴടക്കിയതെങ്ങനെ? (2)

ഇന്ത്യ മാര്‍ച്ച് 25 നാണ് ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ എട്ടിന് ഒന്നാം ഘട്ട അണ്‍ലോക്കിങ് ആരംഭിച്ചു. എന്നിട്ടും രോഗികളുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ വര്‍ധനവ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ 2020 ജനുവരി ഒന്നിന് ലോക്ഡൗണ്‍ ആരംഭിച്ച ചൈനക്ക് ഫെബ്രുവരി അവസാനത്തോടെ അറുപത് ദിവസം കൊണ്ട് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. എങ്ങനെയാണിത് സാധ്യമായത് എന്ന് ചൈന പുറപ്പെടുവിച്ച ധവളപത്രം വ്യക്തമാക്കുന്നുണ്ട്. ധവളപത്രത്തിന്‍റെ രണ്ടാം അധ്യായത്തിന്‍റെ തലവാചകം തന്നെ പ്രതിരോധം, നിയന്ത്രണം, ചികിത്സ എന്നിവയുടെ സവിശേഷമായ ഏകോപനം എന്നാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രീകൃതവും ഫലപ്രദവുമായ ആജ്ഞാശക്തിയാണ് ത്വരിതഗതിയിലുള്ള ഈ രോഗ മുക്തിക്കിടയാക്കിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയും ജനറല്‍സെക്രട്ടറിയായ ഷി ജിന്‍പിങ്ങും നല്‍കിയ ശക്തമായ നേതൃത്വവും അവരുടെ പൊതുവായ ആജ്ഞാശക്തിയും എല്ലാ തലത്തിലുമുള്ള പ്രാദേശിക അധികാര കേന്ദ്രങ്ങളും മേഖലകളും നേതൃത്വത്തെ പിന്തുടരാന്‍ തയ്യാറായതും കടമകള്‍ നിറവേറ്റിയതും പരസ്പര സഹകരണം ഉറപ്പാക്കിയതും ആണ് ത്വരിതഗതിയിലുള്ള രോഗശാന്തിയിലേക്ക് ചൈനയെ നയിച്ചത്. ഈ ഫലപ്രദമായ സംവിധാനമാണ് ചൈനയിലെ ജനങ്ങളെ കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ വിജയിപ്പിച്ചത്.


തുടക്കത്തില്‍തന്നെ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായ ഷി ജിന്‍ പിങ് രോഗപ്രതിരോധത്തിന്‍റെ പൂര്‍ണ ചുമതല ഏറ്റെടുക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ ശരിയായി നയിക്കുകയും ചെയ്തു.

ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മുന്‍ഗണന പ്രഖ്യാപിക്കുകയും ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ജനങ്ങളുമായുള്ള ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കുകയും ശാസ്ത്രീയാടിസ്ഥാനത്തിലുള്ള സമീപനം അംഗീകരിക്കുകയും ലക്ഷ്യാധിഷ്ഠിത നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വൈറസ് പരക്കുന്നതിനെതിരെ ദേശീയാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അദ്ദേഹം ആഹ്വാനം നല്‍കി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കി. പ്രാദേശിക ഭരണസംവിധാനങ്ങള്‍ അവയുടെ കടമകള്‍ ശരിയാംവണ്ണം നിര്‍വഹിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. സമൂഹത്തിലെ എല്ലാ മേഖലകളിലും ശക്തമായ പ്രതിരോധ നടപടികളും നിയന്ത്രണ സംവിധാനവും രൂപപ്പെടുത്തുകയും അവ സജീവമായി പ്രര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. രോഗം പടരാനിടയുള്ള സ്രോതസ്സുകളെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചു. രോഗം നേരത്തെ കണ്ടെത്തുക, റിപ്പോര്‍ട്ടുചെയ്യുക, ക്വാറന്‍റൈനിലാക്കുക, ചികിത്സിക്കുക എന്നതില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. ഇത് രോഗം പകരുന്നത് തടയുന്നതില്‍ വലിയ പങ്കുവഹിച്ചു. രോഗബാധിതമായ വുഹാന്‍ നഗരം അടച്ചു പൂട്ടുകയും അവിടത്തെ 42.1 ലക്ഷം വീടുകളില്‍ ഒന്നൊഴിയാതെ എല്ലാവരെയും വിശദമായ പരിശോധനക്ക് വിധേയമാക്കുകയും രോഗലക്ഷണം കണ്ടവരെയൊക്കെ ക്വാറന്‍റൈനിലാക്കുകയും ചെയ്തു. ലാബോറട്ടറികളിലെ പരിശോധനാ സൗകര്യം വര്‍ധിപ്പിച്ചു. തുടക്കത്തില്‍ രണ്ടു ദിവസത്തിന് ശേഷമാണ് പരിശോധനാഫലം ലഭിച്ചിരുന്നതെങ്കില്‍ പിന്നീടത് 4-6 മണിക്കൂറാക്കി കുറയ്ക്കുന്നതിന് കഴിഞ്ഞു. തുടക്കത്തില്‍ പ്രതിദിനം 300 സാംപിളുകളാണ് പരിശോധനക്ക് വിധേയമാക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഏപ്രില്‍ മധ്യത്തോടെ അത് 50000 ആയി വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞു. ഈ തരം മുന്നേറ്റങ്ങളാണ് രോഗം പടരുന്നതിനെ തടഞ്ഞത്.


സ്ഥാപനങ്ങള്‍ അടയ്ക്കുകയും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തുകയും അത് കര്‍ക്കശമായി നടപ്പിലാക്കുകയും ചെയ്തതും രോഗവ്യാപനത്തെ തടയുന്നതിന് സഹായിച്ചു. വുഹാനില്‍ നിന്നും ഹുബൈപ്രവിശ്യയില്‍ നിന്നും പുറത്തേക്കുള്ള എല്ലാ യാത്രാമാര്‍ഗങ്ങളും കര്‍ശനമായി തടഞ്ഞു. ജനങ്ങള്‍ കൂട്ടംകൂടുന്നത് നിര്‍ത്തലാക്കി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു. ഗ്രാമങ്ങളിലും സമൂഹങ്ങളിലും പകര്‍ച്ചവ്യാധി തടയുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലാതലത്തിലും അപകടസാധ്യതക്കനുസരിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.


കോവിഡ്-19നെ ചൈന ഒരു ക്ലാസ് ബി പകര്‍ച്ചവ്യാധിയായി പട്ടികപ്പെടുത്തുകയും എന്നാല്‍ ക്ലാസ് എ പരിഗണനനല്‍കി പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. നിയമങ്ങളിലും ചട്ടങ്ങളിലുമൊക്കെ ആവശ്യമായ മാറ്റം വരുത്തി പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി.


ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ ഊന്നിയായിരുന്നു ചൈനയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തിയത്. വൈറസ്ബാധ, വൈറോളജി, പകര്‍ച്ചാമാര്‍ഗങ്ങള്‍, പകര്‍ച്ചാസാധ്യത ഇതൊക്കെ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കി. കാലാകാലങ്ങളില്‍ കോവിഡ് സംബന്ധിച്ച് പുറത്തുവന്ന ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ രംഗത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചികിത്സ ആധുനികീകരിക്കുകയും ചെയ്തു.


രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന്‍റെ എണ്ണം വര്‍ധിപ്പിക്കുക, രോഗം മാറുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കുക, പകര്‍ച്ച തടയുക, മരണനിരക്ക് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ചൈനയുടെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിച്ചത്. ഇതിന്‍റെ ഭാഗമായി ആയിരത്തിലേറെ പേരെ കിടത്തി ചികിത്സിക്കാവുന്ന രണ്ട് ആശുപത്രികള്‍ പത്തു ദിവസംകൊണ്ട് പുതിയതായി നിര്‍മ്മിച്ചു. നിരവധി ആശുപത്രികള്‍ പുന:സജ്ജീകരിച്ചു. സര്‍വ്വസജ്ജമായ 1000കിടക്കകളുടെ സൗകര്യം ഉണ്ടായിരുന്നത് ആഴ്ചകള്‍ കൊണ്ട് 9100ആയി വര്‍ധിപ്പിച്ചു. ഉന്നതരായ എക്സ്പര്‍ട്ടുകളെ ചികിത്സാ മേല്‍നോട്ടത്തിനായി നിയോഗിച്ചു. പ്ലാസ്മ ചികിത്സ ഏര്‍പ്പെടാക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്തു.


രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി. ശാസ്ത്രീയമായ  അറിവുകളുടെയും അനുഭവജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളും ട്രീറ്റ്മെന്‍റ് പ്രോട്ടോക്കോളും നടപ്പിലാക്കി. ഒപ്പം ചൈനയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സംഭാവനകളെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി. കഴിഞ്ഞ മെയ് 31വരെ 16,240 കോടി യുവാനാണ് ചൈന കോവിഡ്19 ചികിത്സക്കായി ഉപയോഗപ്പെടുത്തിയത്. ആശുപത്രികളില്‍ പ്രവര്‍ത്തിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ചൈനക്കു കഴിഞ്ഞു.


ഇതിനൊപ്പം തന്നെ നിയമാനുസൃതമായി തുറന്നതും സുതാര്യവുമായ വിധത്തില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും ചൈന മാതൃകമായി പ്രവര്‍ത്തിച്ചു. മാനവസമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ഇതിലൂടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ചെയ്തത്. 2019 ഡിസംബര്‍ 31 മുതല്‍ വുഹാന്‍ ഗവണ്‍മെന്‍റും 2020ജനുവരി 21 മുതല്‍ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനുമാണ് ആധികാരികമായി ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഒപ്പം സ്ഥിതിവിവരകണക്കുകള്‍ കാലോചിതമാക്കുകയും ചെയ്തു. ഇതിനായി വിവിധ മാധ്യമ സംവിധാനങ്ങളിലൂടെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. 


ശാസ്ത്രീയ ഗവേഷണം, ക്ലിനിക്കല്‍ രംഗത്തെ പ്രയോഗങ്ങള്‍, സര്‍വ്വകലാശാലകള്‍, ഗവേഷണ സംവിധാനങ്ങള്‍ എന്നിവയെ നല്ല രീതിയില്‍ ഏകോപിപ്പിച്ചുകൊണ്ടാണ് രോഗപ്രതിരോധത്തിന് ശ്രമിച്ചത്. ഇത് നല്ല ഫലമുളവാക്കി. ശാസ്ത്രീയ ഗവേഷണത്തില്‍ നല്ല മുന്നേറ്റമുണ്ടാക്കുന്നതിന് ചൈനക്കു കഴിഞ്ഞു. അഞ്ചു തരത്തിലുള്ള വാക്സിനുകള്‍ ഇതിനിടയില്‍ വികസിപ്പിച്ചെടുക്കുന്നതിന് അവര്‍ക്ക് സാധിച്ചു. ഇതില്‍ ചിലത് ക്ലിനിക്കല്‍ പരീക്ഷണത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. ശാസ്ത്രീയമായ ഗവേഷണ പരീക്ഷണങ്ങള്‍ ക്ലിനിക്കല്‍ ചികിത്സയുമായി ബന്ധപ്പെടുത്തി നടത്തുന്നതിന് ചൈനക്കു കഴിഞ്ഞു. 


ബിഗ്ഡാറ്റയും ആര്‍ട്ടിഫ്ഷ്യല്‍ ഇന്‍റലിജന്‍സും ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെടുത്തുന്നതിന് ചൈനക്ക് കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും ഇനിയും ചില കാര്യങ്ങള്‍ നികത്തേണ്ടതുണ്ട് എന്ന് ചൈനീസ് ഭരണകൂടം കാണുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ആറിന നടപടികള്‍ സ്വീകരിക്കുന്നതിന് ചൈനീസ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.


1.     രോഗ പ്രതിരോധ നിയന്ത്രണ സംവിധാനങ്ങള്‍ പരിഷ്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
2.     സമാധാന കാലത്തും പ്രതിസന്ധി ഘട്ടങ്ങളിലും ഉപയോഗിക്കാവുന്ന വിധം പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സക്കുമുള്ള ഒരു വന്‍ സംവിധാനം രൂപപ്പെടുത്തുക
3.     അടിയന്തിര പ്രദാനത്തിനുള്ള സംവിധാനം മെച്ചപ്പെടുത്തുക
4. അടിസ്ഥാന സാങ്കേതിക വിദ്യയില്‍ വന്‍നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന വിധം ദേശീയ തലത്തില്‍ വിഭവസമാഹരണം ശക്തിപ്പെടുത്തുക.
5. പൊതുശുചീകരണം മെച്ചപ്പെടുത്തുന്നതിനുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് തുടരുക.
6.     പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുക എന്നിവയാണത്.
രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. 


കൈയും കെട്ടി കണ്ണടച്ചിരിക്കുകയാണ് ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്‍റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് കോവിഡ് ചികിത്സയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും വരികയെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ചൈന ചെയ്തതെന്തെന്ന് അവരുടെ ധവളപത്രത്തില്‍ പറയുന്നുണ്ട്.


ചൈന ത്വരിതഗതിയില്‍ അവരുടെ ദേശത്തിന്‍റെ മാനവവിഭവശേഷിയും വിഭവങ്ങളും ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി സമാഹരിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകേന്ദ്രിതമായ ഭരണതത്ത്വശാസ്ത്രം, മുഖ്യമായ മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ക്കായി വിഭവസമാഹരണം നടത്തുന്നതിനുള്ള ചൈനയുടെ ശേഷി, പരിഷ്കരണത്തിന്‍റേയും തുറന്നിടലിന്‍റേയും ആയ നാലു ദശകങ്ങളിലായി നേടിയെടുത്ത സമ്മിശ്രമായ ദേശീയ ശക്തി; ഭരണ സംവിധാനത്തെ ആധുനികീകരിക്കുന്നതില്‍ നേടിയെടുത്ത മേന്മ; പരസ്പര സഹകരണത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റേതുമായ ചൈനീസ് സംസ്കാരം, ചൈനീസ് ജനതക്ക് സ്വന്തം രാജ്യത്തിനോടും കുടുംബത്തിനോടുമുള്ള സ്നേഹം ഇതൊക്കെയാണ് ചൈനയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ജനുവരി 24നും മാര്‍ച്ച് 8നും ഇടയില്‍ 346 ദേശീയ ആരോഗ്യ സംഘങ്ങളെ അവര്‍ ചികിത്സക്കായി ഹുബൈ പ്രവിശ്യയിലും വിശിഷ്യാ വുഹാന്‍ നഗരത്തിലുമായി അണിനിരത്തി. 42,600 ആരോഗ്യ പ്രവര്‍ത്തകരും 900ത്തില്‍ അധികം ഡോക്ടര്‍മാരും ഈ സംഘത്തിലുണ്ടായിരുന്നു. ചൈനയുടെ ജനകീയ വിമോചനസേന 4000 ആരോഗ്യ പ്രവര്‍ത്തകരെ ഹുബൈ പ്രവിശ്യയില്‍ വിന്യസിച്ചു. അവരുടെ വ്യോമസേനയാണ് 24 മണിക്കൂറിനകം ഇവരെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചത്.ഇറങ്ങിയ ഉടന്‍ രോഗികളെ ചികിത്സിക്കാന്‍ അവര്‍ ആരംഭിക്കുകയും ചെയ്തു. 45000 യൂണിറ്റ് റെഡ് ബ്ലഡ് സെല്ലാണ് ഹുബൈ പ്രവിശ്യയിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചത്.

ഇതോടൊപ്പം തന്നെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്പാദനവും വന്‍തോതില്‍ വര്‍ധിപ്പിച്ചു. മെഡിക്കല്‍ എന്‍ 95 മാസ്കുകളുടെയും മെഡിക്കല്‍ ഇതര എന്‍ 95 മാസ്കുകളുടെയും ഉല്പാദനം 1,30,000ത്തില്‍ നിന്ന് 58.6 ദശലക്ഷമായി വര്‍ധിപ്പിച്ചു. ഏപ്രില്‍ അവസാനത്തോടെ ഇത് 200 ദശലക്ഷമാക്കി വര്‍ധിപ്പിച്ചു.  മെയ് 31 വരെ ചികിത്സ സഹായ ഫണ്ടിലേക്ക് 38.93 ഞങആ (യുവാന്‍) ലഭിച്ചു. അതില്‍ 32.83 ഞങആയും ചെലവിട്ടു.


ഇതോടൊപ്പം തന്നെ ഉല്പാദന രംഗത്ത് കാര്യമായ കുറവുവരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ലോക്ഡൗണ്‍ കഴിഞ്ഞതോടെ 98 ശതമാനവും പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് കഴിയുകയും ചെയ്തു. മെയ് ദിനാവധിയായതോടെ ചൈന പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങി. 140 കോടി ജനങ്ങളെയും ഒരു നൂലില്‍ കോര്‍ത്ത പുഷ്പങ്ങള്‍ പോലെ ഒന്നിച്ചണിനിരത്താന്‍ കഴിഞ്ഞതാണ് ചൈനയുടെ വിജയത്തിനാധാരമായത്; അതിന് ജനങ്ങളെ പ്രാപ്തമാക്കിയത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 46 ലക്ഷം പ്രാഥമികതല സംഘടനാ സംവിധാനങ്ങളുണ്ട്. അവയൊക്കെ പകര്‍ച്ചവ്യാധി തടയുന്നതിനും പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി രംഗത്തിറങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ മുന്നണിപ്പടയാളികളായി പ്രവര്‍ത്തിച്ചു. 3.9 കോടി പാര്‍ടി അംഗങ്ങള്‍ മുന്നണിപ്പടയാളികളായി നിന്ന് പ്രവര്‍ത്തിക്കുകയും 13 ലക്ഷം അംഗങ്ങള്‍ അവരുടെ സന്നദ്ധ സേവനം വിട്ടുനല്‍കുകയും ചെയ്തു. 400ഓളം പാര്‍ട്ടി അംഗങ്ങള്‍ ഈ പോരാട്ടത്തിനിടയില്‍ ജീവത്യാഗം ചെയ്തു. ഏതൊരു കൊടുങ്കാറ്റിനേയും നേരിടാവുന്ന സുരക്ഷാകവചമാണ് കമ്യൂണിസ്റ്റ് പാര്‍ടി എന്ന് ചൈനീസ് ജനതയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത ഒന്നായിരുന്നു കോവിഡിനെതിരായ പോരാട്ടം.
(അവസാനിച്ചു)