കൊറോണയ്ക്കെതിരായ  ക്യൂബയുടെ പോരാട്ടം

ആര്യ ജിനദേവന്‍

വഴികാട്ടുന്നത് 
ചെ ഗുവേരയുടെ പൈതൃകം

"ഡോക്ടര്‍ അല്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകന്‍ തന്‍റെ കര്‍ത്തവ്യത്തിന്‍റെ കാതല്‍ കണ്ടെത്തണം. താന്‍ സമൂഹത്തില്‍ ഒരുവനാണ്; തന്‍റെ സ്ഥാനം ജനങ്ങളുടെ ഇടയിലാണ് എന്ന് തിരിച്ചറിയണം. ലോകത്തില്‍ എന്തു സംഭവം നടന്നുകൊണ്ടിരുന്നാലും രോഗിയുടെ സമീപമുള്ളത് ഡോക്ടറാണ്. രോഗിയുടെ മനസും ശരീരവും അയാളുടെ അരികിലാണ്; വേദന ശമിപ്പിക്കേണ്ടത് അയാളാണ്. ........ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍റെ എല്ലാ സമ്പത്തിനെക്കാളും ദശലക്ഷം മടങ്ങ് അമൂല്യമാണ് ഒരൊറ്റ മനുഷ്യന്‍റെ ജീവനെന്ന് ഞങ്ങള്‍ വിപ്ലവകാലത്ത് തിരിച്ചറിഞ്ഞു........... നല്ല വരുമാനം സമ്പാദിച്ചുകൂട്ടുന്നതിനേക്കാള്‍  സഹജീവികളെ സേവിക്കുന്നതാണ് വിശിഷ്ടമായ കടമയെന്ന് വിപ്ലവം ഉദ്ബോധിപ്പിക്കുന്നു. കുന്നുകൂടുന്ന സ്വര്‍ണത്തേക്കാള്‍ അമൂല്യമാണ്, അനശ്വരമാണ് ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമെന്ന് വിപ്ലവം പഠിപ്പിക്കുന്നു."


ചെഗുവേര 1960ല്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥികളോടും ആരോഗ്യപ്രവര്‍ത്തകരോടും ചെയ്ത പ്രസംഗത്തിലെ ഈ വരികള്‍ ഉള്‍ക്കൊണ്ടാണ് ആ മഹാവിപ്ലവകാരിയുടെ 92-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ ലോകത്തെയാകെ പിടിച്ചുലയ്ക്കുന്ന കോവിഡ് എന്ന മഹാമാരിയ്ക്കെതിരായ പോരാട്ടം വിപ്ലവക്യൂബ നടത്തുന്നത്. ഏറ്റവും പരമമായ മനുഷ്യാവകാശം എല്ലാവര്‍ക്കും സൗജന്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്നതാണെന്ന ആശയമാണ് ചെ മുന്നോട്ടുവെച്ചത്. ലോകത്തെങ്ങുമുള്ള മനുഷ്യരുടെയാകെ അവകാശമാണ് ഇതെന്നും ആ വിപ്ലവകാരി ചിന്തിച്ചിരുന്നു. ചെയുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമാണ് ലോകത്തെവിടെയും രോഗങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അവിടെയെല്ലാം പാഞ്ഞെത്തുന്ന ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകരില്‍ കാണുന്നത്.
പകര്‍ച്ചവ്യാധികള്‍ക്കെതിരായ പോരാട്ടം ക്യൂബയില്‍ ഇതാദ്യമല്ല. 1980കളിലും 1990കളിലും ക്യൂബ നേരിട്ടത് എയ്ഡ്സ് എന്ന മഹാമാരിയെയാണ്. അതിനെമാത്രമല്ല ഡെംഗു പോലെയുള്ള മറ്റ് വൈറസ് രോഗങ്ങളെയും ചെറുത്തുതോല്‍പ്പിച്ച അനുഭവസമ്പത്താണ് കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ ക്യൂബയുടെ പ്രധാനകൈമുതല്‍.


എയ്ഡ്സ് ബാധിച്ച് ആദ്യത്തെമരണം ക്യൂബയില്‍ നടന്നത് 1986ലാണ്. ആ മഹാമാരണത്തെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ക്യൂബ ഏര്‍പ്പെട്ടിരിക്കവെയാണ്, ക്യൂബയുടെ പ്രധാന ആശ്രയമായിരുന്ന സോവിയറ്റ് യൂണിയന്‍ 1991ല്‍ തകര്‍ന്നത്. ഇതോടെ ക്യൂബയ്ക്ക് നഷ്ടമായത് 500കോടി ഡോളറിന്‍റെ വാര്‍ഷിക ധനസഹായമാണ്. അതേതുടര്‍ന്ന് ക്യൂബന്‍ സമ്പദ്ഘടനയാകെ തകര്‍ന്നതിനൊപ്പം എയ്ഡ്സിനെക്കൂടി നേരിടേണ്ടതായിവന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എയ്ഡ്സ് ബാധിതരുടെ നിരക്ക് ക്യൂബയുള്‍പ്പെടെയുള്ള കരീബിയന്‍ ദ്വീപുകളിലായിരുന്നു.


സോവിയറ്റ് യൂണിയന്‍റെ തിരോധാനത്തോടെ ക്യൂബയ്ക്കെതിരായ അമേരിക്കന്‍ ഉപരോധം അവര്‍ കൂടുതല്‍ ശക്തമാക്കി. ഇത് എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കുവേണ്ട മരുന്നുകളുടെ ലഭ്യത തടഞ്ഞു. ഏതെങ്കിലും ഔഷധനിര്‍മ്മാണ കമ്പനി അത് നല്‍കുന്നെങ്കില്‍ത്തന്നെ കൊള്ളവിലകൊടുക്കണമായിരുന്നു. ഇതിനുള്ള വരുമാനം കണ്ടെത്തുന്നതിനായിട്ടായിരുന്നു ക്യൂബ വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടത്. മാത്രമല്ല, കടുത്ത സാമ്പത്തികഞെരുക്കം ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ആ രാജ്യത്തെ നിര്‍ബന്ധിതമാക്കി. എന്നാല്‍ മുതലാളിത്ത രാജ്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി ക്യൂബ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ട ചെലവുകള്‍ വെട്ടിക്കുറച്ചില്ല.


1987ല്‍ തന്നെ ക്യൂബ എയ്ഡ്സ് (എച്ച്ഐവി) പരിശോധനയ്ക്ക് സ്വന്തമായ രീതി വികസിപ്പിച്ചു കഴിഞ്ഞിരുന്നു. 1993 ആയപ്പോള്‍ 120 ലക്ഷത്തിലധികം എച്ച്ഐവി ടെസ്റ്റുകള്‍ ക്യൂബ പൂര്‍ത്തിയാക്കി. ഈ  മഹാമാരിയെ ചെറുക്കുന്നതിനായി ഡോക്ടര്‍മാരിലൂടെ ഗര്‍ഭനിരോധനഉറകള്‍ സൗജന്യമായി വ്യാപകമായ വിതരണം ചെയ്യപ്പെട്ടു. മാത്രമല്ല വലിയ ചെലവ് വഹിച്ചുതന്നെ എയ്ഡ്സിനെതിരായ ആന്‍റിറിട്രോ വൈറസ് മരുന്നുകളും സൗജന്യമായി നല്കി. എയ്ഡ്സിനെ നേരിടുന്നതിന് ക്യൂബ നടത്തിയ ആസൂത്രിതമായ പദ്ധതി ഫലം കണ്ടു. ക്യൂബയില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം 200 ആയി നിയന്ത്രിച്ചപ്പോള്‍ ക്യൂബയുടെ അത്ര തന്നെ ജനസംഖ്യയുള്ള ന്യൂയോര്‍ക്ക്സിറ്റിയില്‍ 43,000 എയ്ഡ്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അങ്ങനെ ക്യൂബ പരിമിതമായ  വിഭവങ്ങളും സമ്പത്തും മാത്രമേയുള്ളൂവെങ്കിലും അമേരിക്കയേക്കാള്‍ മികച്ച നിലയില്‍ എയ്ഡ്സിനെ  നേരിട്ടു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയെതുടര്‍ന്ന് അമേരിക്കന്‍ ഉപരോധത്തെ നേരിട്ടുകൊണ്ടിരുന്ന ആ കാലത്തുതന്നെ ആയുര്‍ദൈര്‍ഘ്യത്തിലും കുറഞ്ഞ ശിശുമരണനിരക്കിലും  അമേരിക്കയേക്കാള്‍ മുന്നിലായിരുന്നു ക്യൂബ.


അങ്ങനെ പ്രതികൂല സാഹചര്യത്തെ നേരിട്ട് മുന്നേറിയതിന്‍റെ അനുഭവമാണ് ഇപ്പോള്‍ കോവിഡ് 19നെ അതിജീവിക്കാനും ലോകത്തിനുമുന്നില്‍ വിജയകരമായ ഒരു മാതൃകയാകാനും മറ്റു രാജ്യങ്ങളെ സഹായിക്കാനും ക്യൂബയ്ക്ക് കരുത്ത് നല്കിയത്. ഒരേ സമയം പരസ്പരപൂരകങ്ങളായ രണ്ട് ഉത്തരവാദിത്വങ്ങളാണ് ക്യൂബ ഏറ്റെടുത്തത്, ഒന്ന് സമഗ്രമായ ഒരു പദ്ധതിയനുസരിച്ച് സ്വയം സംരക്ഷിക്കുക, രണ്ട് സ്വന്തം കഴിവുകള്‍ അന്താരാഷ്ട്രതലത്തില്‍ ഉപയോഗപ്പെടുത്തുക. അതിവേഗമായിരുന്നു ക്യൂബയുടെ നീക്കങ്ങള്‍,  സോഷ്യലിസ്റ്റ് സമൂഹത്തിനുമാത്രം കഴിയുന്ന രീതിയില്‍. രാജ്യത്തെ ജനങ്ങള്‍ക്കാകെ ആവശ്യമായ മാസ്ക് നിര്‍മിക്കുന്ന ദൗത്യമാണ് ക്യൂബ ആദ്യം ഏറ്റെടുത്തത്. നിലവില്‍ സ്കൂള്‍ യൂണിഫോമുകള്‍ തയ്യാറാക്കിയിരുന്ന സ്ഥാപനങ്ങളെ മാസ്ക് നിര്‍മിക്കുന്ന ചുമതല ഏല്‍പ്പിച്ചു. 2020 ഏപ്രില്‍ പകുതിയോടുകൂടി ആവശ്യമുള്ളിടത്തോളം മാസ്കുകള്‍ തയ്യാറാക്കാന്‍ ഇങ്ങനെ ക്യൂബയ്ക്ക് സാധിച്ചു. എന്നാല്‍ ക്യൂബയെക്കാള്‍ എത്രയോ വിപുലമായ സൗകര്യങ്ങളും ശേഷിയുമുള്ള അമേരിക്കയ്ക്ക് അതിനുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായിവന്നു.


കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനായി ഒരു ദേശീയനയത്തിനു ക്യൂബ തുടക്കത്തിലേ രൂപം നല്കി. ഈ മാരക വൈറസ് ആരെയൊക്കെ ബാധിച്ചുവെന്നറിയാന്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്തി; ആവശ്യമായ ടെസ്റ്റ് കിറ്റുകള്‍ കാലേകൂട്ടി സ്വന്തം നിലയില്‍ നിര്‍മിച്ചു. ടെസ്റ്റില്‍ കൊറോണ പോസിറ്റീവായി കണ്ടവരെയെല്ലാം ക്വാറന്‍റൈനിലാക്കി; ക്വാറന്‍ൈറനിലേക്ക് മാറ്റപ്പെടുന്നവര്‍ക്കു വേണ്ട ഭക്ഷണവും മറ്റവശ്യങ്ങളും കിട്ടുന്നുവെന്നുറപ്പാക്കി. പോസിറ്റീവായികണ്ടവരില്‍നിന്ന് മറ്റാരിലേക്കെല്ലാം പകരാന്‍ സാധ്യതയുണ്ട് എന്നറിയാന്‍ അവരുടെ കോണ്ടാക്ടുകള്‍ ടെസ്റ്റ് ചെയ്തു. രാജ്യത്തെ ഓരോ പൗരന്‍റെയും ആരോഗ്യപരിശോധനക്കായി ആരോഗ്യസംരക്ഷണപ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി. അയല്‍കൂട്ട ആരോഗ്യ സംരക്ഷണസംവിധാനം രാജ്യമാസകലം വിപുലമായിട്ടുണ്ടായിരുന്നതിനാല്‍ ഇതും വളരെയെളുപ്പം നടത്താന്‍ ക്യൂബയ്ക്ക് കഴിഞ്ഞു. അങ്ങനെ മാര്‍ച്ച് ആദ്യ ആഴ്ചയില്‍തന്നെ പുറത്തുനിന്നു വരുന്ന ഓരോരുത്തരേയും പരിശോധിക്കാനും അവര്‍ക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും രോഗമുണ്ടെങ്കില്‍ ഐസോലേഷനിലേക്ക് മാറ്റാനും വേണ്ട എല്ലാ സംവിധാനങ്ങളും ക്യൂബയൊരുക്കി.


 മാര്‍ച്ച് 11 നാണ് ക്യൂബയില്‍ ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് 22 ന് ആദ്യ കോവിഡ് മരണം ക്യൂബയില്‍ സംഭവിച്ചു. അത് സംഭവിക്കുമ്പോള്‍ കൊറോണ സ്ഥിരീകരിച്ച 35 ആളുകള്‍ ക്യൂബയിലെ ആശുപത്രികളിലുണ്ടായിരുന്നു; ഏകദേശം ആയിരം രോഗികള്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നു; മുപ്പത്തിനായിരത്തിലധികം ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നു.മാര്‍ച്ച് 23നുതന്നെ ക്യൂബ വിദേശങ്ങളില്‍നിന്ന് ക്യൂബക്കാരല്ലാത്തവര്‍ അവിടേക്കു വരുന്നത് നിരോധിച്ചു; ക്യൂബയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം അടച്ചുപൂട്ടുകയായിരുന്നു ഇതിലൂടെ.


 ക്യൂബയില്‍ ഏറ്റവുമധികം വിദേശികള്‍ താമസിച്ചിരുന്നത്  ഹവാനയിലെ വെഡാഡൊ ജില്ലയിലായിരുന്നു; വിദേശസന്ദര്‍ശകര്‍ അധികം എത്തിയിരുന്നതും അവിടെയാണ്.ഹവാന ഡിഫെന്‍സ് കൗണ്‍സില്‍ അവിടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.ഏപ്രില്‍ 3നു വെഡാഡൊ ജില്ല അടച്ചുപൂട്ടി.അവിടെനിന്ന് ആര്‍ക്കെങ്കിലും പുറത്തുപോകണമെങ്കിലും അവിടേക്ക് കടക്കണമെങ്കിലും കോവിഡ് 19 ഇല്ലായെന്ന് ഉറപ്പുവരുത്തണമായിരുന്നു. അടച്ചുപൂട്ടപ്പെട്ട ജില്ലയിലെ ആളുകള്‍ക്കുവേണ്ട അവശ്യസാധനങ്ങളെല്ലാം കിട്ടുന്നുവെന്നുറപ്പാക്കുകയും രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് സ്ഥിരമായി ആരോഗ്യപരിശോധന നടത്തുകയും ചെയ്തു. എട്ടു കോവിഡ് 19 രോഗികളായിരുന്നു വെഡാഡോയില്‍  ഉണ്ടായിരുന്നത്. ഒരു ചെറിയ പ്രദേശത്ത് ഇത്രയധികം രോഗികള്‍ ഉണ്ടാകുന്നത് അതിവേഗം സമൂഹവ്യാപനത്തിനിടയാക്കുമെന്നു കണ്ട ആരോഗ്യവിദഗ്ദ്ധര്‍ അതു തടയുന്നതിന് ചിട്ടയായ ടെസ്റ്റുകള്‍ നടത്തി. പ്രധാനമായും, വൈറസ് ബാധിതരുമായി കൊണ്ടാക്റ്റുണ്ടായിരുന്നവരെയെല്ലാം റാപ്പിഡ് ടെസ്റ്റ് നടത്തി; അതിനാവശ്യമായത്രയും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ക്യൂബ മുന്‍കൂട്ടിത്തന്നെ തയ്യാറാക്കിയിരുന്നു.പിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ കാര്യത്തിലും ഒരുകാരണവശാലും കുറവുണ്ടാകാതിരിക്കാന്‍ ക്യൂബന്‍ പൊതുജനാരോഗ്യ  വിഭാഗം ശ്രദ്ധചെലുത്തിയിരുന്നു.


ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും നേരത്തേതന്നെ സ്വീകരിച്ചിരുന്നു.അതിനായി അവശ്യാനുസരണം പിപിഇ കിറ്റുകള്‍ തയ്യാറാക്കിയിരുന്നു, 15 ദിവസത്തെ കോവിഡ് ആശുപത്രി ഡ്യൂട്ടി കഴിഞ്ഞാല്‍  കോവിഡ് ടെസ്റ്റ് നടത്തി ക്വാറന്‍ൈറനിലേക്ക് പോവുകയും അതിനുശേഷം വീടുകളിലേക്കും വീടുകളില്‍നിന്നും തിരിച്ചെത്തുമ്പോള്‍ വീണ്ടും ടെസ്റ്റു ചെയ്യുകയും ചെയ്യുന്ന സമീപനമാണ് ക്യൂബ സ്വീകരിച്ചത്. അതുപോലെ വീടുകളില്‍ കഴിയുന്നവരെ പൊതുവിലും രോഗസാധ്യത കൂടുതലുള്ള പ്രായംകൂടിയവര്‍, കുട്ടികള്‍, ശ്വാസകോശരോഗങ്ങളും മറ്റു ഗുരുതരരോഗങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ നിരീക്ഷിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ നിത്യേന വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് മൂന്നാം വര്‍ഷംമുതല്‍ അഞ്ചാം വര്‍ഷംവരെയുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സേവനംകൂടി ഉപയോഗിച്ചിരുന്നു. അയല്‍ക്കൂട്ട ചികിത്സാകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ നിത്യേന യോഗംചേര്‍ന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ സ്ഥിരമായി മന്ത്രാലയത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്.


അങ്ങനെ ക്യൂബയിലെ പൗരരും ആരോഗ്യ പ്രവര്‍ത്തകരാകെയും അയല്‍ക്കൂട്ട ആരോഗ്യ സംവിധാനത്തിലുള്ളവര്‍ മുതല്‍ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലുള്ളവര്‍വരെ ക്യൂബയുടെ ആരോഗ്യനയം നിര്‍ണയിക്കുന്നതില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുവഹിക്കുന്ന ജനാധിപത്യ സംവിധാനം ക്യൂബയില്‍ നിലവിലുള്ളതുതന്നെ രോഗപ്രതിരോധത്തില്‍ വലിയ പങ്കുവഹിക്കുന്നു.ക്യൂബയില്‍ 89000 ഡോക്ടര്‍മാരും 84000 നഴ്സുമാരും മെഡിക്കല്‍ വിദ്യാഭ്യാസം 2020ല്‍ പൂര്‍ത്തിയാക്കി ബിരുദം നേടിയ 9000 പേരുമാണ് ഇപ്പോഴുള്ളത്. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം അശാസ്ത്രീയമായ നിലപാടുകള്‍ വിളിച്ചുപറയുകയും ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശങ്ങളെ പരിഹസിക്കുകയുംചെയ്യുന്ന അമേരിക്കയിലെപ്പോലുള്ള ഭരണാധികാരികളും ഭരണസംവിധാനവുമല്ല ക്യൂബയിലുള്ളത് എന്നതാണ്.


രോഗചികിത്സയ്ക്ക് ആധുനിക അലോപ്പതി മരുന്നുകള്‍ക്കൊപ്പം രോഗപ്രതിരോധത്തിന് ഹോമിയോപ്പതി മരുന്നുകളും ക്യൂബ ഉപയോഗപ്പെടുത്തുന്നു. ഹോമിയോ മരുന്ന് ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളോ വീടുകളില്‍ എത്തിച്ച് അതിന്‍റെ ഉപയോഗക്രമം വിശദീകരിക്കുന്നു.ക്യൂബയിലെ മെഡിക്കല്‍ വിദ്യാഭ്യാസം അലോപ്പതി, ഹോമിയോപ്പതി എന്നുവേര്‍തിരിച്ചിട്ടുള്ളതല്ല; അതുപോലെതന്നെ ചികിത്സയും. ഒരു ഡോക്ടറാകണമെങ്കില്‍ എല്ലാ ചികിത്സാ രീതികളും അറിഞ്ഞിരിക്കണം.വൈറസ് രോഗചികിത്സയ്ക്കായി ക്യൂബ വികസിപ്പിച്ച ഇന്‍റര്‍ഫെറോണ്‍ ആല്‍ഫ-2ബിയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. ജൂണ്‍ 15ലെ കണക്കനുസരിച്ച് ക്യൂബയില്‍ അതേവരെ 2200 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; 1868 പേര്‍ രോഗമുക്തി നേടി; 83 പേര്‍ മരിച്ചു.


സ്വന്തം കാര്യത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ക്യൂബയുടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനം. 1960കള്‍ മുതല്‍ തന്നെ ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങള്‍ക്കും  ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകര്‍ സഹായഹസ്തവുമായി എത്തിയിരുന്നു.പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ലോകത്തെവിടെ ആയാലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി (ആ രാജ്യത്തെ ഗവണ്‍മെന്‍റ് അനുവദിക്കുകയാണെങ്കില്‍മാത്രം) ജനങ്ങള്‍ക്കൊപ്പം ജീവിച്ചാണ് ചികിത്സ നടത്തുന്നത്. ചെഗുവേരയുടെ പൈതൃകം പേറുന്നതുകൊണ്ടാണത്.        


ലോകമാകെ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ക്യൂബയില്‍നിന്ന് ഡോക്ടര്‍മാരുള്‍പ്പെടെ 37000 ആരോഗ്യപ്രവര്‍ത്തകര്‍ 67 രാജ്യങ്ങളില്‍ എത്തിയതായാണ് അസോസിയേറ്റഡ് പ്രസ് എന്ന വാര്‍ത്താ ഏജന്‍സി ജൂണ്‍ ആദ്യം റിപ്പോര്‍ട്ടുചെയ്തത്. വെനസ്വേലയും നിക്കരാഗ്വയുംപോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഖത്തര്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലും സേവന സന്നദ്ധരായ ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ക്യൂബന്‍ ദൗത്യം വികസിത രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ കോവിഡ് പടര്‍ന്നുപിടിച്ച് ശവങ്ങള്‍ മറവുചെയ്യാന്‍പോലും ബുദ്ധിമുട്ട് നേരിട്ടിരുന്ന സന്ദര്‍ഭത്തില്‍ 73 അംഗങ്ങള്‍ അടങ്ങിയ ക്യൂബന്‍ സംഘം അവിടെ എത്തിയതാണ്. ക്യൂബന്‍ സംഘം അവിടെ പ്രത്യേകമായി ഒരു താല്‍കാലിക കോവിഡ് ആശുപത്രിതന്നെ സജ്ജീകരിച്ചു; വെന്‍റിലേറ്ററുകള്‍ എത്തിച്ച് ഐസിയു കിടക്കകള്‍ ഒരുക്കിയാണ് നൂറുകണക്കിനു ഇറ്റലിക്കാരുടെ ജീവന്‍ രക്ഷിച്ചത്. ബ്രിട്ടീഷ് യാത്രാക്കപ്പലിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ബഹാമാസും ബാര്‍ബഡോസും ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അമേരിക്കയുമെല്ലാം അവരെ അടുപ്പിക്കാതെ അകറ്റിയപ്പോള്‍ ക്യൂബ സന്തോഷപൂര്‍വം അവരെ അവിടേക്ക് ക്ഷണിക്കുകയും രോഗബാധിതരായി ആ കപ്പലില്‍ ഉണ്ടായിരുന്നവരെയെല്ലാം ചികിത്സിച്ച് ലണ്ടനിലേക്ക് മടക്കിയയക്കുകയുമാണ് ചെയ്തത്. ലണ്ടനിലേക്ക് വിമാനം കയറാനെത്തിയ അവര്‍ 'ഐ ലവ് യു ക്യൂബ' എന്നെഴുതിയ  പ്ലക്കാര്‍ഡുകള്‍ പിടിച്ചിരുന്നു. യാത്രക്കാരിലൊരാളായ ആന്തിയ ഗുത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 'ക്യൂബക്കാര്‍ ഞങ്ങളെ സഹിക്കുകയായിരുന്നില്ല, സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയായിരുന്നു' ഇത് ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകരെ  ചെഗുവേര പഠിപ്പിച്ച പാഠം തലമുറകളായി പിന്തുടരുന്നതിന്‍റെ സവിശേഷതയാണ്. 


2005ല്‍ അമേരിക്ക കത്രീന ചുഴലിക്കാറ്റിന്‍റെ പിടിയില്‍പെട്ടപ്പോള്‍ അവിടെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് 2000-ല്‍ അധികം ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകരെ വേണ്ട സജ്ജീകരണങ്ങളോടെ അയക്കാന്‍ ഫിദല്‍ കാസ്ട്രോ തയ്യാറായെങ്കിലും ബുഷ് ഗവണ്‍മെന്‍റ് ആ സന്നദ്ധത നിരാകരിച്ചു. ദുരന്തങ്ങളുണ്ടായപ്പോള്‍ ക്യൂബയിലേക്ക് ദുരിതബാധിതരെ ക്ഷണിച്ച അനുഭവവും ക്യൂബയ്ക്കുണ്ട്. ഏറ്റവും ശ്രദ്ധേയമായത് ചെര്‍നോബില്‍ ആണവ ദുരന്തമുണ്ടായപ്പോള്‍ സോവിയറ്റ് യൂണിയനില്‍നിന്ന് 2500-ല്‍ അധികം ആളുകളെയാണ് ക്യൂബയിലെത്തിച്ച് ചികിത്സിച്ചത്. രോഗ ചികിത്സയുടെ കാര്യത്തില്‍ മാത്രമല്ല മെഡിക്കല്‍ വിദ്യഭ്യാസത്തിന്‍റെ കാര്യത്തിലും അന്താരാഷ്ട്ര സൗഹൃദം ക്യൂബ കാത്തുസൂക്ഷിക്കുന്നുണ്ട് ഗവാനായിലെ ലാറ്റിനമേരിക്കന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. 1999നും 2020നു ഇടയ്ക്ക് 100ലധികം രാജ്യങ്ങളില്‍നിന്നുള്ള 30,000 ഡോക്ടര്‍മാരാണ് ഇവിടെനിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സോഷ്യലിസ്റ്റ് സംവിധാനത്തിന്‍റെ മികവാണ്, ചെയുടെ പൈതൃകം പിന്തുടരുന്നതാണ് പണത്തിലുപരി മനുഷ്യജീവന് മുന്‍ഗണന നല്‍കാന്‍ ക്യൂബയെ പ്രാപ്തമാക്കിയത്. $