വൈദ്യുതി ചാര്‍ജ്: യാഥാര്‍ത്ഥ്യമെന്ത്?

ഡോ. വി ശിവദാസന്‍

പെട്രോളിനും ഡീസലിനും ദിനംപ്രതി വിലകൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍. അത് മറ്റെല്ലാ ഉല്‍പ്പനങ്ങളുടെ വിലവര്‍ദ്ധനവിനും കാരണമാകുമെന്നതും വസ്തുതയാണ്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം പെട്രോളിയം ഉല്‍പ്പനങ്ങളുടെ വിലവര്‍ദ്ധനയെക്കുറിച്ച് സംസാരിക്കുന്നില്ല. ഒരുപൈസപോലും വിലവര്‍ദ്ധിപ്പിച്ചിട്ടില്ലാത്ത വൈദ്യുതി ചാര്‍ജിനെക്കുറിച്ചാണ് അവര്‍ ചര്‍ച്ചചെയ്യുന്നത്. എന്തുകൊണ്ടാണവരങ്ങനെ ചെയ്യുന്നതെന്നതിന് കൂടതല്‍ വിശദീകരണം ആവശ്യമില്ല. കാരണം രാഷ്ട്രീയമായി അത്രമാത്രം പാപ്പരീകരിക്കപ്പെട്ടിരിക്കുകയാണവര്‍. കൊവിഡ്-19-നെ നേരിടുന്നതില്‍ സാര്‍വദേശീയ തലത്തില്‍ കേരളം അഭിനന്ദിക്കപ്പെടുകയുണ്ടായി. ജനജീവിത പ്രശ്നങ്ങളറിഞ്ഞ് ഇടപെട്ടതിലൂടെയാണതുണ്ടായത്. കേരളത്തിലെ പ്രതിപക്ഷത്തിന് അതില്‍ കടുത്ത വൈക്ലബ്യമുണ്ട്. അതുകൊണ്ട് കുപ്രചരണത്തിനുള്ള കച്ചിത്തുരുമ്പുകളന്വേഷിക്കുകയാണവര്‍. ഒരുപൈസപോലും വര്‍ദ്ധിപ്പിച്ചിട്ടില്ലാത്ത വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതായി അവര്‍ പ്രചരിപ്പിക്കുകയുമാണ്. സമീപദിവസങ്ങളിലായി കെഎസ്ഇബിക്കും അതിലെ ജീവനക്കാര്‍ക്കും വൈദ്യുതി വകുപ്പിനുമെതിരെ രാഷ്ട്രീയപ്രേരിതമായി ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യധാരാമാധ്യമങ്ങളേയും സാമൂഹ്യ മാധ്യമങ്ങളേയുമെല്ലാം അതിനായി അവര്‍ ദുരുപയോഗിക്കുകയാണ്. ആസൂത്രിതവും സംഘടിതവുമായാണത് ചെയ്തുകൊണ്ടിരിക്കുന്നത്. അതുവഴി നിഷ്കളങ്കരായ ചിലരെയുള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരുകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട, കെഎസ്ഇബിയുടെ ഉപഭോക്താക്കള്‍ ഉപയോഗിക്കാത്ത ഒരു യൂണിറ്റ് വൈദ്യുതിക്കുപോലും പണം നല്‍കേണ്ടിവരില്ല. നിയമപ്രകാരമല്ലാത്ത ഒരു പൈസയും ആരില്‍ നിന്നും വാങ്ങുകയുമില്ല. കെഎസ്ഇബി കേരളത്തിലെ ജനങ്ങളുടെ സ്ഥാപനമാണ്. ജനങ്ങളുടെ നന്മയാണ് ലക്ഷ്യം.  


ഇപ്പോള്‍ വൈദ്യുതിവില 
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ? 


ഇല്ല. അതുമാത്രമല്ല വൈദ്യുതി നിരക്കില്‍ മാറ്റം വരുത്തുന്നതിന് കെഎസ്ഇബിക്കും സംസ്ഥാന സര്‍ക്കാരിനും അധികാരമില്ല. വൈദ്യുതിയുടെ വിലയില്‍ മാറ്റം വരുത്തുന്നതിന് നേരത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കേന്ദ്രനിയമത്തിലൂടെ അതില്ലാതാക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വൈദ്യുതി താരിഫ് നിര്‍ണ്ണയിക്കുന്നതിനുള്ള അവകാശം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനാണ്. അവര്‍ അത് തീരുമാനിക്കേണ്ടത് ബഹുജനങ്ങളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടതിനുശേഷമായിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. 


വൈദ്യുതി ബില്‍ പൊതുസ്ഥിതി


കേരളത്തില്‍ ഉപഭോക്താക്കളെ പൊതുവില്‍ ഗാര്‍ഹികം, ഗാര്‍ഹികേതരം എന്നിങ്ങനെ വിഭജിക്കാം. ഗാര്‍ഹികേതരത്തില്‍ തന്നെ കാര്‍ഷികം, വാണിജ്യം, വ്യവസായം, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിങ്ങനെയും തരംതിരിക്കാം. അതില്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് സഹായകരമായ സ്ലാബ് സമ്പ്രദായമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ നടന്നിട്ടുള്ള നിരവധി ബഹുജനസമരങ്ങളുടെ കൂടി ഫലമായാണ് അത്തരത്തിലൊരു സംവിധാനം രൂപപ്പെട്ടുവന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണതിന്‍റെ നേട്ടം മനസിലാക്കാനാകുക. കോണ്‍ഗ്രസിന്‍റെ എഐസിസി മെമ്പറായ നിധിന്‍ റാവത്ത് വൈദ്യുതി മന്ത്രിയായ മഹാരാഷ്ട്രയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റിന് 591 രൂപയും ബിജെപി നേതാവ് മുഖ്യമന്ത്രിയായ കര്‍ണാടകത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റിന് 536 രൂപയും വേണ്ടിവരും. എന്നാല്‍ കേരളത്തിലത് 342.5 രൂപമാത്രമാണ്. കേരളത്തെക്കാള്‍ വന്‍കിട ഉപഭോക്താക്കള്‍ വളരെയേറെയുള്ള സംസ്ഥാനങ്ങളാണ് ഇവ രണ്ടുമെന്നത് ആലോചിക്കണം. ഇന്ത്യയില്‍ വൈദ്യുതി സംസ്ഥാനത്തിനുപുറത്തുനിന്നും വാങ്ങേണ്ടിവരുന്ന വിതരണകമ്പനികളെയെടുത്താല്‍ താഴേക്കിടയിലുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ വൈദ്യുതി വിതരണം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉയര്‍ന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കു നിശ്ചയിച്ചത് കേരളത്തില്‍ നടന്ന നിരവധി ചര്‍ച്ചകളുടെകൂടി ഫലമായാണ്. വീടുകളിലെ വൈദ്യുതി ഉപഭോഗം അത്യാവശ്യത്തിനു മാത്രമായി പരിമിതിപ്പെടുത്തുകയെന്ന ഉദ്ദേശ്യമതിനുണ്ട്. സാധാരണ നിലയില്‍ ഒരു വീട്ടില്‍ ആവശ്യമായി വരുന്ന വൈദ്യുതി പ്രതിദിനം എട്ടു യൂണിറ്റാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതുപ്രകാരം മുപ്പത് ദിവസത്തേക്ക് 240 യൂണിറ്റെന്ന് വരും. പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗത്തിനെതിരായി നടക്കുന്ന സമരങ്ങളും പ്രചരണങ്ങളും അതില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമിതമായി പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതും നശിപ്പിക്കുന്നതും, അത് എന്തിനുവേണ്ടിയാണെങ്കിലും, വൈദ്യുതിക്ക് വേണ്ടിയാണെങ്കിലും, അനുവദിക്കാന്‍ പാടില്ലെന്ന സമീപനങ്ങളാണ് അതിനുകാരണമായത്.    

 
വൈദ്യുതി ബില്‍ തുകയുടെ കണക്കുകൂട്ടല്‍ 


ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് വൈദ്യുതി ചാര്‍ജ് കണക്കാക്കുന്നത്. എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു എന്നതാണ് നോക്കേണ്ടത്. യൂണിറ്റിന്‍റെ ഏറ്റക്കുറച്ചിലുകള്‍ വൈദ്യുതി ചാര്‍ജിനെ ബാധിക്കും. കേരളത്തില്‍ ഇലക്ട്രോണിക് മീറ്ററുകളാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് മീറ്ററുകളിലെ റീഡിങ് നോക്കുന്നത് മെക്കാനിക്കല്‍ മീറ്ററുകളെക്കാള്‍ സൗകര്യപ്രദമാണ്. മീറ്ററിന്‍റെ പ്രവര്‍ത്തനം കൃത്യമാണോയെന്നറിയാന്‍ മീറ്റര്‍ ടെസ്റ്റ് നടത്താനാകുന്നതാണ്.  മീറ്ററുകളില്‍ കൃത്യമായിത്തന്നെ ഉപയോഗിക്കപ്പെട്ട വൈദ്യുതിയുടെ യൂണിറ്റ് അക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. മീറ്ററിലുള്ള യൂണിറ്റിനെ തൊട്ടുമുന്‍പിലത്തെ മീറ്റര്‍ റീഡിങ്ങില്‍ നിന്നും കുറച്ചാല്‍ ഉപഭോക്താവ് ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റ് എത്രയെന്ന് മനസിലാക്കാനാകും. അതുപ്രകാരം കിട്ടുന്ന യൂണിറ്റിനെ ഉപഭോക്താവിന് അനുവദിക്കപ്പെട്ടിട്ടുള്ള യൂണിറ്റ് നിരക്കുകൊണ്ട് ഗുണിച്ചാല്‍ വൈദ്യുതി ചാര്‍ജ് ലഭിക്കും. നിയമപ്രകാരമുള്ള മറ്റ് നികുതികള്‍കൂടി ചേര്‍ത്തായിരിക്കും മൊത്തം ബില്‍ തുക. സമീപകാലത്തായി സ്മാര്‍ട്ട് മീറ്ററുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ട്. അതിലൂടെ പ്രതിനിമിഷ ഉപഭോഗം തന്നെ കണക്കുകൂട്ടാനാകും. 2022 ഓടുകൂടി പൂര്‍ണമായും സ്മാര്‍ട് മീറ്ററാക്കിമാറ്റണമെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷെ പ്രശ്നം സ്മാര്‍ട്ട് മീറ്ററിന് വേണ്ടിവരുന്ന വിലയാണ്. ഒരു സ്മാര്‍ട്ട് മീറ്ററിന്  അയ്യായിരം രൂപയിലധികം വിലവരും. അത്  കേരളത്തിലെ വലിയ ശതമാനം ഉപഭോക്താക്കളുടെയും വാര്‍ഷിക വൈദ്യുതി ബില്ലിനേക്കാള്‍ കൂടുതലാണ്. അപ്പോള്‍ അത്രയും വിലവരുന്ന മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള കാശ് കണ്ടെത്താന്‍ പാവപ്പെട്ടവരായ ഉപഭോക്താക്കളോട് പറയാന്‍ പറ്റില്ല.  


രണ്ടു മാസം നാലു മാസമായത്


കെ.എസ്.ഇ.ബിയുടെ ബില്ലിങ് സോഫ്റ്റ് വെയര്‍ കൊവിഡ് 19-ന് മുമ്പ് തന്നെ നിലവിലുള്ളതും കാര്യക്ഷമവുമാണ്.  അതില്‍ പറയുന്ന ഡോര്‍ ലോക്ക് അഡ്ജസ്റ്റ്മെന്‍റ് (ഡിഎല്‍) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും കാരണവശാല്‍ റീഡിങ് ലഭിക്കാത്ത ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്ല് നല്‍കിയതിനു ശേഷം അടുത്ത ബില്‍ സൈക്കിളില്‍ റീഡിങ് ലഭ്യമാകുമ്പോള്‍ നേരത്തെ നല്‍കിയ ശരാശരി ബില്‍ പുതുക്കുമ്പോള്‍ വരുന്ന വ്യത്യാസമാണ്. പലപ്പോഴും വീടുകളില്‍ മീറ്ററിരിക്കുന്ന സ്ഥലത്തേക്ക് മീറ്റര്‍ റീഡര്‍ക്ക് പ്രവേശിക്കാന്‍ കഴിയാതെവരും. ചിലപ്പോള്‍ വീടിന്‍റെ ഗേറ്റ് പൂട്ടിയതിനാലാകാം അല്ലെങ്കില്‍ വാതിലുകള്‍ പൂട്ടിയതാകാം. അത്തരം ഘട്ടങ്ങളില്‍ സപ്ലൈകോഡിലെ നിര്‍ദ്ദേശത്തിനനുസരിച്ച് ശരാശരി ബില്‍ കൊടുക്കുകയാണ് ചെയ്യുക. കൊവിഡ് കാലത്ത് വീടുകളെല്ലാം തുറന്നിട്ടിരുന്നു. എന്നാല്‍ നാടാകെ പൂട്ടിയതിനാല്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിച്ചില്ല. അമ്പത് ശതമാനത്തിനടുത്ത് വീടുകളില്‍ നാല് മാസത്തെ  റീഡിങ് ഒന്നിച്ചാണെടുത്തത്. അത്തരം ഘട്ടത്തില്‍ നാല് മാസക്കാലത്തെ റീഡിങ്ങിനെ പ്രതിമാസമാക്കി വിഭജിക്കുകയാണ് ചെയ്യുക. അപ്പോഴുണ്ടാകുന്ന സ്ലാബ് മാറ്റത്തെക്കുറിച്ചാണ് ചിലരുടെ ആശങ്ക. 10 കിലോവാട്ടിന് മുകളിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലിങാണ്. അതില്‍ താഴെയുള്ളവര്‍ക്കാണ് ദ്വൈമാസബില്ലിങ്. രണ്ടുമാസത്തെ ബില്ലെടുത്ത് അതിനെ നേര്‍പകുതിയാക്കി പ്രതിമാസമാക്കിയിട്ടാണ് സാധാരണ ബില്‍ തയ്യാറാക്കാറ്. അപ്പോഴും പ്രതിമാസ മീറ്റര്‍ റീഡിങ്ങിനെ അടിസ്ഥാനപ്പെടുത്തിയല്ല ബില്‍ തയ്യാറാക്കുന്നത്. യുഡിഎഫ് കേരളം ഭരിക്കുമ്പോഴും ഇതുതന്നെയാണ് ചെയ്തിരുന്നത്. ഇത്തവണ അസാധാരണമായ സ്ഥിതിവിശേഷമാണുണ്ടായത്. അതിനാല്‍ നാലുമാസത്തെ റീഡിങ് ഒന്നിച്ചെടുത്ത് അതിനെ നാലാക്കി വിഭജിച്ച് പ്രതിമാസമാക്കി വിലനിശ്ചയിക്കുന്നുവെന്ന് മാത്രം. അത്തരത്തില്‍ വൈദ്യുതിയുടെ വിലനിശ്ചയിക്കുന്നതിലൂടെ കെഎസ്ഇബിക്കും വലിയ നഷ്ടമുണ്ടാകുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് ഒരുകുടുംബം ലോക്ക് ഡൗണ്‍ കാലത്തെ ഒരു മാസം മാത്രമാണ് അവരുടെ വീട്ടിലുണ്ടായതെന്ന് കരുതുക. അവരുടെ ഉപഭോഗം 502 യൂണിറ്റാണെന്നും സങ്കല്‍പ്പിക്കുക. അവര്‍ ഉപയോഗിച്ചതു പ്രകാരമാണെങ്കില്‍ എനര്‍ജി ചാര്‍ജ് 502 ഃ 7.90 = 3,966 ആയിരിക്കും. എന്നാല്‍ നാലുമാസമായി അതിനെ വിഭജിക്കുമ്പോള്‍ ഉപഭോക്താവിന്‍റെ ബില്‍ നിരക്ക് കുറയുകയും അതുപ്രകാരം എനര്‍ജി ചാര്‍ജ് 1860 രൂപമാത്രമായി മാറുകയും ചെയ്യും. അപ്പോള്‍ കെഎസ്ഇബിക്ക് ഉണ്ടാകുന്ന നഷ്ടം 2106 രൂപയാണെന്ന് പറയാനാകും. പക്ഷേ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടുന്നതില്‍ കാര്യമുണ്ടെന്ന് കെഎസ്ഇബിക്ക് തോന്നുന്നില്ല. ബില്‍തീയതി നീണ്ടുപോകുന്നതിന് അനുസരിച്ച് സ്ഥാപനത്തിന് നഷ്ടമായിരിക്കും. നാലുമാസമെന്നത് പ്രതിമാസമാക്കുന്നതും പ്രതിമാസമെന്നത് പ്രതിദിനമാക്കുന്നതും കമ്പനിയുടെ ലാഭം മാത്രം കണക്കുകൂട്ടിയാല്‍ നല്ല നിര്‍ദ്ദേശങ്ങളാണ്. ഇന്ത്യയിലെ സ്വകാര്യ വൈദ്യുതി കമ്പനികളാകെ ആവശ്യപ്പെടുന്നതും അതുതന്നെയാണ്. 


വര്‍ദ്ധനവ് കേരളത്തില്‍ മാത്രമോ?


ഗാര്‍ഹിക ഉപഭോക്താക്കളുടെ ഉപയോഗത്തില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ എല്ലായിടത്തും പൊതുവില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ സമയത്ത് അഞ്ചിരട്ടിയിലധികം യൂണിറ്റുകള്‍ ഉപയോഗിച്ച  നിരവധി ബില്ലുകള്‍ കാണുകയുണ്ടായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതുകാണാന്‍ കഴിയും. എന്നാല്‍ അതിന്‍റെ സ്വാഭാവത്തില്‍ വ്യത്യാസമുണ്ട്. കര്‍ണാടക അതിനൊരു ഉദാഹരണമാണ്. മംഗലാപുരത്ത് വലിയ നിലയില്‍ ഉപഭോഗ വര്‍ദ്ധനവുണ്ടായപ്പോള്‍ ബാഗ്ലൂരില്‍ താരതമ്യേന കുറവാണ്. കാരണം കേരളവുമായി ചേര്‍ന്നുകിടക്കുന്ന മംഗലാപുരത്ത് കടുത്ത ചൂടാണെങ്കില്‍ ബാഗ്ലൂരിലെ കാലാവസ്ഥ വ്യത്യസ്തമാണ്. മിതോഷ്ണ സാഹചര്യത്തില്‍ ഉപയോഗിക്കുന്ന വൈദ്യുതിയായിരിക്കില്ല കടുത്ത ചൂട് സമയത്ത് വീടുകളില്‍ മനുഷ്യരുപയോഗിക്കുക. കേരളത്തെയെടുത്താല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഉപയോഗിക്കുന്ന അളവിലുള്ള വൈദ്യുതിയായിരിക്കില്ല അതേ ഉപഭോക്താവ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഉപയോഗിക്കുക. അതിനൊപ്പം കാണേണ്ടകാര്യം, വൈദ്യുതി യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഓരോവര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ്. കേരളത്തില്‍ രണ്ട് പതിറ്റാണ്ടിനിടയില്‍ വൈദ്യുതി ഉല്‍പാദനത്തില്‍ 30 ശതമാനത്തില്‍ താഴെയാണ് വര്‍ദ്ധനവുണ്ടായതെങ്കില്‍ ഉപഭോഗത്തില്‍ മൂന്ന് ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായിരിക്കുന്നു.  കേരളത്തില്‍ ആളോഹരി വാര്‍ഷിക വൈദ്യുതി ഉപഭോഗത്തിന്‍റെ വര്‍ദ്ധന നോക്കുക, 1990-91ല്‍ 185 യൂണിറ്റായിരുന്നുവെങ്കില്‍ 1996-97 ല്‍ 224 യൂണിറ്റായും 2015-16ല്‍ 565 യൂണിറ്റായും 2018-19-ല്‍ 639 യൂണിറ്റായും അത് വര്‍ദ്ധിച്ചു. അതില്‍ ഗാര്‍ഹിക ഉപഭോഗ വര്‍ദ്ധന വളരെ പ്രധാനമാണ്. ആളോഹരി ഊര്‍ജ ഉപയോഗം അമേരിക്കയുള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളില്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ കുറവുമാണ്. ഒരു കുടുംബം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിലെ വര്‍ദ്ധനയെ സാമൂഹ്യ വികസനത്തിന്‍റെ സൂചികകളിലൊന്നായാണ് അന്ത്രാഷ്ട്ര തലത്തില്‍ വിലയിരുത്തുന്നത്. 


കൊവിഡ് കാലത്തെ 
വര്‍ദ്ധനയുടെ കാരണങ്ങള്‍ 


ഗാര്‍ഹിക ഉപഭോഗം വര്‍ദ്ധിക്കുന്നതിന് പലകാരണങ്ങളുണ്ട്. ഇത്തവണ കൊവിഡ് കാലം വര്‍ദ്ധനവിന്‍റെ തോതിനെ മൂര്‍ച്ചിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ഉപഭോഗത്തിന്‍റെ കണക്കെടുത്താല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വര്‍ദ്ധന വളരെ വലുതാണ്. മെയ് മാസത്തെ ഗാര്‍ഹിക ഉപഭോഗംമെന്നത് 9800 ലക്ഷം യൂണിറ്റാണ്. അറിയേണ്ടത് തൊട്ടുമുമ്പത്തെ ആറുമാസക്കാലത്തെ ഉപഭോഗത്തിന്‍റെ ശരാശരിയെന്നത് 6000 ലക്ഷം യൂണിറ്റ് മാത്രമായിരുന്നു. അപ്പോള്‍തന്നെ വര്‍ദ്ധനവിന്‍റെ ആഴം വ്യക്തമാണ്. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കുടുംബാഗങ്ങളാകെ വീട്ടില്‍ കഴിയുകയാണുണ്ടായത്. വീട്ടിലിരുന്നുകൊണ്ട് തങ്ങളുടെ ജോലികള്‍ ചെയ്തവരുമുണ്ട്. പുറത്തുപോയി തൊഴിലെടുക്കുന്നവരുടെ വീടുകളില്‍ നേരത്തെയുണ്ടായിരുന്ന ഉപഭോഗത്തിന്‍റെ രീതി മാറി. സാധാരണഗതിയില്‍ രാവിലെ എഴുന്നേറ്റാല്‍ ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കിനിടയില്‍ വളരെ പരിമിതമായ വൈദ്യുതിഉപകരണങ്ങള്‍  പ്രവര്‍ത്തിപ്പിക്കാനുള്ള സമയമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.  എന്നാല്‍ അവര്‍ വീട്ടില്‍തന്നെ പൂര്‍ണസമയവും ചെലവഴിക്കുമ്പോള്‍ സ്ഥിതി അങ്ങനെയായിരിക്കില്ല. പുസ്തകം വായിക്കാന്‍ പകല്‍സമയത്ത് ലൈറ്റ് ഓണ്‍ചെയ്തേക്കാം. ടിവി കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നനിലയുണ്ടാകും. അതിലൂടെയെല്ലാം വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കും. ഫ്രിഡ്ജ് ഉള്ള വീടാണെങ്കില്‍ നേരത്തേതിനെക്കാള്‍ കൂടുതല്‍ പ്രാവശ്യം അത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. അതുകാരണം ഫ്രിഡ്ജിനകത്ത് പ്രവേശിച്ച ചൂട് വായുവിനേ തണുപ്പിക്കുന്നതിന് കണ്ടന്‍സര്‍ കോയിലിന് കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവരും. അത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ വേണ്ടിവരാറുള്ള ശരാശരി ഉപഭോഗത്തിന്‍റെ മടങ്ങുകള്‍ അധികം വൈദ്യുതി ഉപയോഗിക്കാന്‍ കാരണമാകും. കൂടാതെ വീട്ടില്‍ തന്നെ ആളുകളുണ്ടാകുമ്പോള്‍ വെള്ളത്തിന്‍റെ ഉപയോഗം കൂടും. അതുകാരണം വെള്ളത്തിനായി മോട്ടോര്‍ കൂടുതലായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. വീട്ടിലെ ചെടികള്‍ നനയ്ക്കുന്നതിന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം കൂടുതലായി പമ്പുചെയ്തേക്കാം. കടുത്ത ചൂടുമൂലം ഫാന്‍, എസി എന്നിവയുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കും. ഫാന്‍ ആയാലും എസി ആയാലും രാത്രികാലത്തെകാലത്തേക്കാള്‍ കൂടുതലായി പകലാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനിടയാകുക. ഉപയോഗ രീതിയിലും പകലും രാത്രിയും തമ്മില്‍ വ്യത്യാസമുണ്ട്. രാത്രികാലങ്ങളില്‍ എ സി ഉപയോഗിക്കുമ്പോള്‍ മുറിക്കകത്ത് എയര്‍കണ്ടീഷണര്‍ നിശ്ചിതഊഷ്മാവ് ക്രമപ്പെടുത്തിയാല്‍ അതില്‍  ഏറെ സമയത്തേക്ക് വ്യത്യാസം വരാനിടയില്ല. കാരണം വാതിലുകള്‍ തുടര്‍ച്ചയായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നനിലയുണ്ടാകില്ല. എന്നാല്‍ പകല്‍ സമയത്ത് റൂമിന്‍റെ വാതിലുകള്‍ കൂടുതല്‍ പ്രാവശ്യം തുറക്കപ്പെടുന്നത് സ്വാഭാവികമാണ്. ഓരോതവണ വാതിലുകള്‍ തുറക്കുമ്പോഴും ഊഷ്മാവ് ക്രമപ്പെടുത്താന്‍ വേണ്ടി ശീതീകരണ ഉപകരണത്തിന് കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവരും. അതിനുപുറമെ ഓഫീസുകളില്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റും വീടുകളില്‍ ഉപയോഗിക്കുന്ന നിലയുണ്ടായി. അങ്ങനെ എല്ലാ വര്‍ഷവുമുണ്ടാകുന്ന ശരാശരിവര്‍ദ്ധനവിനൊപ്പം കോവിഡ് കാലത്തെ ലോക്ക് ഡൗണ്‍ കൂടി ഉപഭോഗവര്‍ദ്ധനവിനെ തീവ്രമാക്കി. ഗാര്‍ഹിക വൈദ്യുതിയുടെ ഉപഭോഗം മാത്രമാണ് അത് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഉപഭോഗം വളരെക്കുറവായിരുന്നു.  

     
അടഞ്ഞുകിടന്ന 
സ്ഥാപനങ്ങള്‍ക്ക് 
ബില്‍ നല്‍കിയിട്ടുണ്ടോ?  


ഉണ്ട്. നിയമപ്രകാരമുള്ള ചുമതലയാണത്. കെഎസ്ഇബി ഒരു ഉപഭോക്താവിന് വൈദ്യുതി ബില്‍ നല്‍കുന്നതും തുക പിരിച്ചെടുക്കുന്നതും സപ്ലൈ കോഡ് 2014-നെ അടിസ്ഥാനമാക്കിയാണ്. അതിന്‍റെ 124 -ാം വകുപ്പില്‍ മീറ്റര്‍ റീഡിങ് എടുക്കാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ബില്‍ നല്‍കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താവിന്‍റെ വീട്ടിലെ മീറ്ററിന്‍റെ റീഡിങ് എടുക്കാനാകാതായാല്‍ തൊട്ടു മുന്‍പിലത്തെ മൂന്നു മാസത്തെ അല്ലെങ്കില്‍ മൂന്ന് ബില്ലിങ് സൈക്കിളിലെ ശരാശരി ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബില്‍ തുക കണക്കാക്കേണ്ടത്.  വീടുകളും സ്ഥാപനങ്ങളും തുറന്നിട്ടുണ്ടോ ഇല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തിലല്ല, മുന്‍കാല ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കുക. അതിനെ ഉപഭോക്താവിന്‍റെ ശരിയായ ഉപയോഗത്തിന്‍റെ വിലയായി കണക്കുകൂട്ടരുത്. അത് ശരിയായ ഉപയോഗത്തേക്കാള്‍ ചിലപ്പോള്‍ കൂടുതലായിരിക്കാം അല്ലെങ്കില്‍ കുറവായിരിക്കാം. അങ്ങനെയല്ലാതെ അത് തയ്യാറാക്കാനാകില്ലല്ലോ. ആ ബില്ലില്‍ രേഖപ്പെടുത്തിയ വൈദ്യുതി ഉപഭോഗം കുറവും യഥാര്‍ത്ഥ ഉപഭോഗം കൂടുതലുമാണെങ്കില്‍ ബാക്കിവരുന്ന യൂണിറ്റ്  കൂട്ടിച്ചേര്‍ത്തുകൊണ്ടായിരിക്കും തൊട്ടടുത്ത ബില്‍ നല്‍കുക.  ബില്ലില്‍ രേഖപ്പെടുത്തിയ ഉപഭോഗം കൂടുതലായിരിക്കുകയും ഉപഭോക്താവ് പ്രസ്തുത ബില്‍ തുക അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത ബില്ലില്‍ നിന്നും അത് കുറവ് ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിക്കൊടുക്കുകയോ ചെയ്യും.


വീട്ടില്‍ ഒരു ബള്‍ബു മാത്രം, എന്നിട്ടുമെന്താണ്?


എന്‍റെ വീട്ടില്‍ ഒരു ബള്‍ബുമാത്രമാണെന്നും എനിക്ക് പതിനായിരം രൂപയ്ക്കടുത്താണ് ബില്ലെന്നുമുള്ള പരാതികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള പരാതികള്‍ കോവിഡ് കാലത്തുമാത്രമല്ല അതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അതിന്‍റെ കാരണം അതത് സ്ഥലങ്ങളില്‍ പ്രത്യേകമായി പരിശോധിച്ചാലാണ് പറയാന്‍ കഴിയുക.  ഉപഭോക്താവിന്‍റെ ഉത്തരവാദിത്വത്തിലുള്ള സ്ഥലത്ത് ഉപയോഗിച്ച വൈദ്യുതിയാണ് മീറ്ററില്‍ കാണിക്കുക. എന്നാല്‍ അത് എല്ലായ്പ്പൊഴും ശരിയായ അര്‍ത്ഥത്തില്‍ ഉപഭോക്താവ് ഉപയോഗിച്ചതായിരിക്കണമെന്നില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെങ്കില്‍ എര്‍ത്ത് ലീക്കേജ് കാരണം മീറ്ററില്‍ ഉയര്‍ന്ന ഉപഭോഗം കാണിച്ച നിരവധി അനുഭവങ്ങളുണ്ട്. വൈദ്യുതീകരണവേളയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ നിലവാരക്കുറവായിരിക്കും പലപ്പൊഴും പ്രശ്നക്കാരന്‍. അതിനൊരു പരിഹാരമായിട്ടാണ് എര്‍ത്ത് ലീക്ക് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) നിര്‍ബന്ധമാക്കിയത്. അതുപയോഗിച്ചാല്‍ നിശ്ചിത മില്ലി ആംപിയറില്‍ അധികം വൈദ്യുതി മണ്ണിലേക്ക് പോയാല്‍ പിന്നീട് വൈദ്യുതി ഉപകരണങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കില്ല. വൈദ്യുതി ഷോക്കേറ്റുള്ള അപകടങ്ങളും ഒഴിവാക്കാന്‍ അതു സഹായിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പിന്നണിയില്‍ക്കിടക്കുന്നവരുടെ വീടുകളില്‍ ഇഎല്‍സിബി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. കേരള സര്‍ക്കാരിന്‍റെ ഊര്‍ജ കേരളമിഷന്‍റെ ഭാഗമായുള്ള ഇ സെയ്ഫ് പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഇതുകൂടി ഉള്‍പ്പെടുന്നു.  


 കൊവിഡ് കാലത്തെ 
പ്രവര്‍ത്തനങ്ങള്‍


പ്രളയ സമയത്തും ഇപ്പോഴുമെല്ലാം കെഎസ്ഇബി ജീവനക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കൊപ്പമെന്നത് കെഎസ്ഇബി പ്രയോഗവല്‍ക്കരിക്കുകയാണ്. കൊവിഡ് കാലത്തെ തീരുമാനങ്ങള്‍ നോക്കുക: മീറ്റര്‍ചെയ്യപ്പെട്ട ബില്‍ തുക അടയ്ക്കുന്നതിനുള്ള സമയം തൊട്ടടുത്ത ബില്‍ കാലാവധിയേക്കാള്‍ നീട്ടി നല്‍കിയതും, ഉപഭോക്താക്കള്‍ക്ക് മൂന്നു തവണ വ്യവസ്ഥകള്‍ അനുവദിക്കുകയും ചെയ്തത് ആദ്യ സംഭവമാണ്. അങ്ങനെ നീട്ടിനല്‍കിയപ്പോള്‍ അതിന് പലിശ ഈടാക്കിയിട്ടില്ല. അതും ബോര്‍ഡിന്‍റെ ചരിത്രത്തിലെ ആദ്യ സംഭവമാണ്.  അതിനുപുറമെ തുറന്നതോ തുറക്കാത്തതോയെന്ന വേര്‍തിരിവില്ലാതെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവര്‍ നിര്‍ബന്ധമായും അടയ്ക്കേണ്ട ഫിക്സഡ് ചാര്‍ജിന്‍റെ 25 ശതമാനം ഇളവ് ചെയ്തുകൊടുത്തു. അതിനുപുറമെ ബാക്കിവരുന്ന തുക ആറുമാസത്തിനിടെ അടച്ചാല്‍ മതിയെന്നും തീരുമാനിക്കുകയുണ്ടായി. തുറക്കാതെയും ബില്ലുനല്‍കിയെന്ന് പരാതിപ്പെടുന്നവര്‍ തീര്‍ച്ചയായും അറിയേണ്ട കാര്യമാണത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ അവരുടെ മൂന്ന് മാസത്തെ ശരാശരി ബില്ലിന് തുല്യമായതുക എല്ലാവര്‍ഷവും അഡീഷണല്‍ ക്യാഷ് ഡിപ്പോസിറ്റായി (എ.സി.ഡി) നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തവണ അത് വാങ്ങുന്നത് ഒഴിവാക്കികൊടുത്തിരിക്കുകയാണ് കെഎസ്ഇബി. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴിയില്ല. ഗുജറാത്തും യുപിയും രാജാസ്തനുമെല്ലാം അതില്‍പ്പെടും. അതിനൊപ്പം അറിയേണ്ട കാര്യം മംഗലാപുരത്ത് വൈദ്യുതി വിതരണം നടത്തുന്ന മെസ്കോം ജൂണ്‍ 30 നകം ബില്‍ തുകയടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന് വിച്ചേദിക്കുമെന്ന് പത്രപ്രസ്താവന പുറപ്പെടുവിച്ചിരിക്കുകയാണ്.  


ബില്‍ മനസിലാക്കാനുള്ള പ്രയാസം


കേരളത്തില്‍ ഇന്ന് ഉപഭോക്താക്കള്‍ക്ക് പിഡിഎ മെഷീന്‍ ഉപയോഗിച്ചാണ് ബില്‍ നല്‍കുന്നത്. ഇതില്‍ മലയാളത്തിലും ഇംഗ്ലീഷിലും ബില്‍ തയ്യാറാക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍ പലരും പ്രായോഗിക സൗകര്യം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് ഇംഗ്ലീഷിലാണ് ബില്‍ നല്‍കുന്നത്. കേരളത്തില്‍ വൈദ്യുതിബില്‍  മലയാളത്തില്‍ നല്‍കുന്നതാണ് കൂടുതല്‍ ഉചിതമെന്നതില്‍ തര്‍ക്കമില്ല. മലയാളം അറിയാത്തവരായ ഉപഭോക്താക്കള്‍ക്ക് ഇംഗ്ലീഷില്‍ ബില്‍ നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ മലയാളികള്‍ക്ക് നല്‍കുമ്പോള്‍ മലയാളത്തിനായിരിക്കണം പ്രാമുഖ്യം. ബില്ലില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ഏറ്റവും സാധാരണക്കാര്‍ക്കുകൂടി മനസിലാകുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ ഇനിയും ആവശ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ശക്തിപ്പെടുത്തും. സുതാര്യതയാണ് കെഎസ്ഇബിയുടെ ബില്ലിങ്ങിന്‍റെ സവിശേഷത. അതിലൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല.    


കേന്ദ്രസര്‍ക്കാര്‍ സഹായം 


കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് കൊവിഡ് കാലത്തെ പ്രശ്നങ്ങളെ നേരിടുന്നതിനുവേണ്ടി കേന്ദ്രം യാതൊരു സഹായവും നല്‍കിയിട്ടില്ല. കേരളത്തിലെ 1 കോടി 30 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷത്തിനും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അവരുടെ ബില്‍ തുക അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇതേ അവസരത്തില്‍ പുറെമേ നിന്നു വാങ്ങുന്ന വൈദ്യുതിയുടെ വില കെ.എസ്.ഇ.ബിക്ക് നല്‍കേണ്ടിവന്നു. അതിനൊപ്പം കെഎസ്ഇബിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുപ്പത്തയ്യായിരത്തിലധികം വരുന്ന ജീവനക്കാരുടെ വേതനം മുടങ്ങാതിരിക്കാനുള്ള ജാഗ്രതയും കെഎസ്ഇബി കാണിക്കുകയുണ്ടായി. വൈദ്യുതി കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ വിലക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വൈദ്യുതിയിനത്തില്‍ ക്രോസ് സബ്സിഡി നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ അഭിപ്രായം. അതിനെ അവഗണിച്ചുകൊണ്ടാണ് കെഎസ്ഇബി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വൈദ്യുതി വിതരണത്തിന്‍റെ എല്ലാ ചെലവുകളും ഉപഭോക്താക്കളില്‍ നിന്നും വാങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നപ്പോഴും ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ളപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

സ്വകാര്യവൈദ്യുതി കമ്പനികളെയാണവര്‍ സംരക്ഷിക്കുന്നത്. അഹമ്മദാബാദിലും ബോംബെയിലും കല്‍ക്കട്ടയിലും ഡല്‍ഹിയിലുമെല്ലാം വൈദ്യുതിയുടെ വിതരണാവകാശം അവര്‍ വന്‍കിട മുതലാളിമാര്‍ക്ക് നല്‍കിക്കഴിഞ്ഞു. കേരളത്തിലെ നഗരങ്ങളിലും അവരെ കുടിയിരുത്താനുള്ള ഏജന്‍സിപ്പണിയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നത്. അതിനായാണ് കെഎസ്ഇബിക്കെതിരെ പ്രചരണവുമായി അവര്‍ ഇറങ്ങിയിരിക്കുന്നത്. മാനിനൊപ്പം ഓടാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളുടെ പ്രവൃത്തിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.