സാമ്രാജ്യത്വവിരുദ്ധ  യുദ്ധം

പീപ്പിള്‍സ് ഡെമോക്രസി

 

1939ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ വളരെ വലിയ സ്വാധീനംചെലുത്തി. ഇന്ത്യന്‍ പ്രതിനിധികളാരോടും ആലോചിക്കുകപോലും ചെയ്യാതെ ബ്രിട്ടീഷ് വൈസ്രോയി യുദ്ധത്തില്‍ ഇന്ത്യയും പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചു. യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. തല്‍ഫലമായുണ്ടായ  ജീവിതച്ചെലവിലെ  വര്‍ദ്ധനയില്‍ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി പടര്‍ന്നു. യുദ്ധത്തിനെതിരായ ഒരു പ്രഖ്യാപനവുമായി കമ്യൂണിസ്റ്റ് പാര്‍ടി ഉടന്‍ രംഗത്തെത്തി.  പാര്‍ടി ഔദ്യോഗിക മുഖപത്രമായ 'ദ കമ്യൂണിസ്റ്റി'ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, "ഈ ഗുരുതരമായ ദേശീയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ സ്വയം രംഗത്തിറങ്ങാനും പ്രവര്‍ത്തിക്കാനും" ജനങ്ങളോട് കമ്യൂണിസ്റ്റ് പാര്‍ടി അഭ്യര്‍ത്ഥിച്ചു. 


കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്‍കൈയില്‍ ബോംബെയിലെ തൊഴിലാളിവര്‍ഗം യുദ്ധവിരുദ്ധ പണിമുടക്ക് സംഘടിപ്പിച്ചു; അതില്‍ 90,000 തൊഴിലാളികള്‍ പങ്കെടുത്തു. രണ്ടാം ലോക യുദ്ധകാലത്ത് ലോകത്തില്‍തന്നെ ഇത്തരത്തില്‍ ഒന്ന് ഇതാദ്യമായിരുന്നു. ഇതിനെ തുടര്‍ന്ന് ബോംബെയിലെ 1,75,000 തുണിമില്‍ തൊഴിലാളികള്‍ ക്ഷാമബത്തയ്ക്കായി പണിമുടക്കി; നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും കടുത്ത അടിച്ചമര്‍ത്തല്‍ നടപ്പാക്കുകയും ചെയ്തിട്ടും ഈ പണിമുടക്ക് 40 ദിവസം നീണ്ടുനിന്നു. ഈ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൊഴില്‍ സേനയിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന തൊഴിലാളികള്‍ ഏകദിന അനുഭാവ പണിമുടക്ക് നടത്തി. ബോംബെ പണിമുടക്കിനെ തുടര്‍ന്ന് രാജ്യത്തുടനീളം പണിമുടക്കുകളുടെ വേലിയേറ്റംതന്നെയുണ്ടായി.


'സിപിഐയുടെ നയത്തെയും യുദ്ധ  കാലഘട്ടത്തിലെ  അടവുകളെയും  പറ്റി' എന്ന ശീര്‍ഷകത്തില്‍ പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു; ആ കാലഘട്ടത്തില്‍ പാര്‍ടി സ്വീകരിക്കേണ്ട അടവുകള്‍ വിശദീകരിക്കുന്നതാണ് ആ പ്രസ്താവന.  ഇന്ത്യന്‍ ജനതയുടെ കടമ "യുദ്ധത്തെ നിരുപാധികം ചെറുക്കുകയും സ്വന്തം സ്വാതന്ത്ര്യം നേടുകയും ലോക പിന്തിരിപ്പത്തിന്‍റെ ഉരുക്കുകോട്ടയായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ദുര്‍ബലമാക്കുകയും അങ്ങനെ ആഗോളാടിസ്ഥാനത്തില്‍  വിപ്ലവശക്തികളെ ദൃഢീകരിക്കുകയും ചെയ്യുക എന്നതാണ്" എന്ന് സംശയാതീതമായി ആ പ്രസ്താവനയില്‍ വ്യക്തമാക്കി. 
 പല പ്രധാന നഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും തൊഴിലാളികള്‍ പണിമുടക്കുകയും റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു; അവയില്‍ പതിനായിരക്കണക്കിന് തൊഴിലാളികളും ദരിദ്രരും ഇടത്തരക്കാരുമായ മറ്റാളുകളും പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ടിയും മറ്റ് ഇടതുപക്ഷ സംഘടനകളുമായിരുന്നു ഈ ബഹുജന സമരങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന് സംഘടിതമായ നേതൃത്വം നല്‍കിയതും യുദ്ധ വിരുദ്ധ പ്രചാരണം സംഘടിപ്പിച്ചതും.  സാധാരണക്കാരായ കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗവും ചില കോണ്‍ഗ്രസ് കമ്മിറ്റികളും ഈ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റുകാരുമായി സഹകരിച്ചു.  


 കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വം പ്രതിസന്ധിയില്‍ പെട്ടിരുന്നകാലത്ത് അവരില്‍നിന്ന് ചില ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചിരുന്ന വലതുപക്ഷ കോണ്‍ഗ്രസുകാര്‍ക്കുമേല്‍ സമ്മര്‍ദ്ദംചെലുത്തി. കമ്യൂണിസ്റ്റുകാര്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദംമൂലം കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകള്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമായി. 'ദ  കമ്യൂണിസ്റ്റി'ല്‍ പ്രസിദ്ധീകരിച്ച (1939 നവംബര്‍) ഒരു ലേഖനത്തില്‍ പാര്‍ടി വ്യക്തമായും ഇങ്ങനെ പ്രസ്താവിച്ചു: 'സാമ്രാജ്യത്വം ഒരാനുകൂല്യവും നല്‍കാന്‍ തയ്യാറല്ല.' അതിനുപുറമേ, ബ്രിട്ടീഷുകാര്‍ ആ സാഹചര്യത്തെ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും അത് ശരിയായി വിശദീകരിച്ചു: 'അടിക്കടി നിരോധനാജ്ഞകള്‍ പ്രഖ്യാപിച്ചുകൊണ്ടും മിക്കവാറും എല്ലാ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകാരെയും കമ്യൂണിസ്റ്റുകാരെയും കിസാന്‍ സഭയുടെയും ട്രേഡ് യൂണിയനുകളുടെയും പ്രവര്‍ത്തകരെയും  അറസ്റ്റ്ചെയ്തുകൊണ്ട് പുരോഗമന സ്വഭാവമുള്ള പത്രങ്ങളെ അടിച്ചമര്‍ത്തിയും ദേശീയപ്രസ്ഥാനത്തിന്‍റെ വിപ്ലവസ്വഭാവമുള്ള കാതലായ ഭാഗത്തെ നശിപ്പിക്കുന്നതിന് സാമാജ്രത്വം ശ്രമിക്കും. വര്‍ഗീയ - ശിഥിലീകരണ ശക്തികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, കോണ്‍ഗ്രസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനും നിര്‍വീര്യമാക്കാനും അവര്‍ ശ്രമിക്കും. കുറേശ്ശെയായി ദേശീയശക്തികളെ ശിഥിലമാക്കും. സമരങ്ങളെ പരിമിതപ്പെടുത്താനും നിയന്ത്രിക്കാനും നിയമത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കി നിര്‍ത്താനും ദേശീയ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു ശ്രമവും ദേശീയ മുന്നണിക്കുള്ളിലെ സംഘര്‍ഷങ്ങളെ അനിവാര്യമായും  മൂര്‍ച്ഛിപ്പിക്കും; ദേശീയ ശക്തികളെ അത് ദുര്‍ബലമാക്കുകയും ചെയ്യും'. 


വമ്പിച്ച യുദ്ധ വിരുദ്ധ പണിമുടക്കുകള്‍ക്കും റാലികള്‍ക്കും മറ്റു പ്രതിഷേധങ്ങള്‍ക്കും പുറമേ യുദ്ധത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം തുറന്നു കാണിക്കാനും തൊഴിലാളിവര്‍ഗ്ഗത്തെ അതിന്‍റെ പങ്കിനെയും കടമകളെയും  സംബന്ധിച്ച് ബോധ്യപ്പെടുത്താനും തെരുവു യോഗങ്ങളിലൂടെയും  കോര്‍ണര്‍ യോഗങ്ങളുടേയും നോട്ടീസുകളിലൂടെയും സ്റ്റഡി ഗ്രൂപ്പുകളിലൂടെയും ജനങ്ങള്‍ക്കിടയില്‍ അതിവിപുലമായ പ്രചാരണം ആരംഭിക്കാനും പാര്‍ടി തീരുമാനിച്ചു. വിലവര്‍ധനയുടെ വിഷയവും കൂലിക്കൂടുതലുംപോലെയുള്ള സാമ്പത്തിക ഡിമാന്‍ഡുകള്‍ ഉന്നയിക്കുന്ന സമരങ്ങളില്‍ മാത്രം തൊഴിലാളിവര്‍ഗ്ഗം ഒതുങ്ങി നില്‍ക്കാന്‍ പാടില്ലെന്നും അങ്ങഴന ഒതുങ്ങിനില്‍ക്കുന്നതിനര്‍ത്ഥം, 'മുന്നിലുള്ള രാഷ്ട്രീയ സമരത്തില്‍ തൊഴിലാളിവര്‍ഗ നേത്യത്വത്തിനായുള്ള ധീരമായ അവകാശവാദം ഉയര്‍ത്തുകയെന്ന കടമ കൈവെടിയുക'യെന്നുമാണ്. ഈ ധാരണയോടുകൂടി കമ്യൂണിസ്റ്റുകാര്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും യുദ്ധത്തിന്‍റെ സാമ്രാജ്യത്വ സ്വഭാവത്തെ കുറിച്ച്  അവരെ പഠിപ്പിക്കാനും യുദ്ധവിരുദ്ധ കാമ്പയിനുമായി അവരുടെ ദൈനംദിന ആവശ്യങ്ങളെ കണ്ണിചേര്‍ത്തുകൊണ്ട് അവരുടെ ബോധനിലവാരം ഉയര്‍ത്താനും അനവരതം പ്രവര്‍ത്തിച്ചു.


 ഉദാഹരണത്തിന് ചണമില്ലുകളിലെയും  റെയില്‍വേയിലെയും ഉരുക്ക് ഫാക്ടറിയിലെയും  മറ്റും തൊഴിലാളികള്‍ക്കായുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ മാനിഫെസ്റ്റോയില്‍ (1940) യുദ്ധ ഫണ്ടിലേക്കുള്ള സംഭാവനകളും വിലക്കയറ്റവും കൂലിക്കുറവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് തൊഴിലാളികളെ സമരത്തിലേക്ക്  കൊണ്ടുവരുന്നതില്‍  പരിമിതപ്പെടുത്തിയിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ആഭ്യന്തര വകുപ്പിന്‍റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഈ തന്ത്രത്തിലെ ഫലപ്രാപ്തിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 'തൊഴിലാളികള്‍ക്ക് 25% കൂടുതലും ക്ഷാമബത്തയും കൃഷിക്കാര്‍ക്ക് നികുതിയിളവും പാട്ടത്തുകയിലെ ഇളവും ഉള്‍പ്പെടെയുള്ള ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ട് തൊഴില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റ്കാരുടെയും പൊതുപരിപാടിക്ക് രൂപംനല്‍കാന്‍ കമ്യൂണിസ്റ്റുകാര്‍ പദ്ധതിയിടുന്നുണ്ട്. യുദ്ധ വിരുദ്ധ പ്രചാരണത്തിനൊപ്പം ഡിമാന്‍ഡുകള്‍ ഉന്നയിക്കുകകൂടി ചെയ്യുന്നത് തൊഴിലാളികളെയും കര്‍ഷകരെയും കൂട്ടത്തോടെ അണിനിരത്താന്‍ നമ്മെ പ്രാപ്തരാക്കും' എന്നാണ് അവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.


ദേശവ്യാപകമായി യുദ്ധ വിരുദ്ധ പ്രസ്ഥാനത്തിനുള്ള അടിത്തറ വിപുലമാക്കുന്നതിനുള്ളഉപാധിയെന്ന നിലയില്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗത്തിനുപുറമേ കൃഷിക്കാരെയും വിദ്യാര്‍ഥികളെയും അണിനിരത്തുന്നതിലും കമ്യൂണിസ്റ്റുകാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ പരിശ്രമങ്ങള്‍ക്കുപിന്നിലുള്ള മുഖ്യ ലക്ഷ്യം ഉശിരന്‍  പ്രക്ഷോഭ  രൂപങ്ങള്‍ പ്രചരിപ്പിക്കലും ബഹുജന പ്രക്ഷോഭം' സാധ്യമാക്കുന്നിടത്തോളം വിപുലമായതോതില്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ മുഖ്യ സവിശേഷതയായി മാറുമെന്ന് ഉറപ്പാക്കലുമാണ്. ഈ പരിശ്രമങ്ങളുടെ ഫലമായി, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍ (എഐഎസ്എഫ്) ഏറ്റവും കരുത്തുറ്റതും  പ്രമുഖവുമായ വിദ്യാര്‍ത്ഥി സംഘടനയുമായി  മാറി; സാമ്രാജ്യത്വ വിരുദ്ധരായ വിദ്യാര്‍ത്ഥികളിലെ  പുരോഗമന സ്വഭാവമുള്ള വിഭാഗങ്ങള്‍ക്കുമാകെ പിന്തുണ നല്‍കുകയും  അവരെയാകെ  യോജിപ്പിക്കുകയും ചെയ്തു.


ഈ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പ്രമുഖമായ പരിശ്രമം വര്‍ഗീയതയ്ക്കെതിരായ പോരാട്ടമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം 'വര്‍ഗീയ ശിഥിലീകരണ ശക്തികളെ പ്രോത്സാഹിപ്പിക്കുമെന്നും അത് വര്‍ഗീയ ലഹളകളില്‍ ദേശീയപ്രസ്ഥാനത്തെ മുക്കിക്കളയുമെന്ന ഭീഷണിയുണ്ടെന്നും പാര്‍ടി വ്യക്തമായും താക്കീത് ചെയ്തിരുന്നു. പാര്‍ടി വ്യക്തമായ വര്‍ഗ കാഴ്ചപ്പാടോടെ തീരുമാനിച്ചു: 'ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവിഷം പരത്തി ബഹുജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ സംരക്ഷണം അനുഭവിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങി വര്‍ഗീയ സംഘടനകള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ ജാഗ്രതപെടുത്തുന്നതിന് ശക്തമായ ക്യാമ്പയിന്‍ നടത്തേണ്ടതുണ്ട്. ബഹുജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗസമരത്തിന്‍റേതായ വിപ്ലവ പ്രചാരണംകൊണ്ടു മാത്രമേ വര്‍ഗീയ വിദ്വേഷ പ്രചാരണം എന്ന ഈ വിഷച്ചെടികളെ പിഴുതെറിയാന്‍ കഴിയൂ.


 കമ്യൂണിസ്റ്റുകാരുടെ ഈ നീക്കങ്ങളെ കടുത്ത മര്‍ദ്ദന നടപടികള്‍കൊണ്ടാണ് ഭരണാധികാരികള്‍ നേരിട്ടത്. ഗവണ്‍മെന്‍റ് കടുത്ത നടപടികളെടുത്തു; ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് ഏര്‍പ്പെടുത്തി; കമ്യൂണിസ്റ്റുകാരെ ഒറ്റതിരിഞ്ഞാക്രമിച്ചു. പൊതുയോഗങ്ങള്‍ നിരോധിക്കുകയും പത്രങ്ങളുടെയും മറ്റു മാധ്യമങ്ങളുടെയും സ്വാതന്ത്യം  വെട്ടിക്കുറയ്ക്കുകയും ചെയ്തതിനു പുറമേ വളണ്ടിയര്‍ സംഘടനകളെ  നിരോധിക്കുന്ന ഒരു അടിയന്തരാവസ്ഥാ നിയമവും നടപ്പാക്കി. 1941 ജൂണില്‍ പാര്‍ടി മുഖപത്രം നിരോധിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ 700 പേരെ കരുതല്‍ തടങ്കലിലാക്കിയതില്‍  480 പേരും കമ്യൂണിസ്റ്റുകാരായിരുന്നു. 
കമ്യൂണിസ്റ്റുകാര്‍  ഒരേസമയം പരസ്യമായ പ്രവര്‍ത്തനവും രഹസ്യ പ്രവര്‍ത്തനവും നടത്തിയിരുന്നു; അറസ്റ്റ് ഭീഷണി ഉള്ളവരും ഇല്ലാത്തവരുമായ പാര്‍ടി അംഗങ്ങളുടെ സന്തുലനം പാര്‍ടി ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു. 1934 മുതല്‍ പാര്‍ടി നിരോധിക്കപ്പെട്ടിരുന്നെങ്കിലും, കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും മറ്റു ബഹുജന സംഘടനകളുടെയും വേദി ഉപയോഗിച്ചിരുന്നു. ഐക്യമുന്നണി എന്ന അടവ് കമ്യൂണിസ്റ്റ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് വളരെയധികം സഹായകമായി. 


ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്ന എല്ലാ ശക്തികളും തമ്മിലുള്ള ഐക്യം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം കമ്യൂണിസ്റ്റ് പാര്‍ടിക്ക് ബോധ്യമായിരുന്നു; സാമ്രാജ്യത്വത്തിനും യുദ്ധത്തിനുമെതിരെ ജനങ്ങളെ അണിനിരത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് പാര്‍ടി കണക്കാക്കിയിരുന്നു. എന്നാല്‍ യുദ്ധകാലത്ത് പിന്തുടരേണ്ട അടവുകളെക്കുറിച്ച് വിവിധ പാര്‍ടികള്‍ക്കിടയില്‍ കോണ്‍ഗ്രസ്സുകാരിലെ വലതുപക്ഷവും ഇടതുപക്ഷവും സിഎസ്പിയും ഫോര്‍വേഡ് ബ്ലോക്കും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലെല്ലാം വളരെയേറെ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു.


 യുദ്ധം  പൊട്ടിപ്പുറപ്പെട്ടതിന്‍റെയും തല്‍ഫലമായി വര്‍ഗ്ഗശക്തികളും അവയുടെ പരസ്പര ബന്ധത്തിലും ഉണ്ടായ മാറ്റത്തിന്‍റെയും  സാര്‍വ്വദേശീയ പശ്ചാത്തലം വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട്  യുദ്ധത്തിന്‍റെ സ്വഭാവവും അതിന് ബ്രിട്ടന്‍റെ പങ്കും കമ്യൂണിസ്റ്റ് പാര്‍ടി പരിശോധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ടി വലതുപക്ഷ  കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും സിഎസ്പിയുടെയും ഫോര്‍വേഡ് ബ്ലോക്കിന്‍റെയും രാഷ്ട്രീയത്തെയും സമീപനങ്ങളെയും വിമര്‍ശനപരമായി പരിശോധിച്ചു: കോണ്‍ഗ്രസ് നേതൃത്വം ഫാസിസ്റ്റ് വിരുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തവെ തന്നെ ബ്രിട്ടനുമായി വിലപേശാന്‍ ശ്രമിക്കുകയായിരുന്നു. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതായി നടിക്കുന്ന സി എസ് പി നേതൃത്വം ഫലത്തില്‍ അതിന്‍റെ നയങ്ങള്‍ അംഗീകരിക്കുകയായിരുന്നു; ബ്രിട്ടീഷ് ഭരണാധികാരികളുടെ ഫാസിസ്റ്റ് വിരുദ്ധ മുഖം മൂടി പിച്ചിച്ചീന്തി അതിന്‍റെ യഥാര്‍ത്ഥ സ്വഭാവം തുറന്നു കാണിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചിരുന്നത്; ഫോര്‍വേഡ് ബ്ലോക്കാകട്ടെ, ഫാസ്റ്റിസ്റ്റ് ശക്തികളുടെ സഹായത്തോടുകൂടി ഇന്ത്യയില്‍ വിപ്ലവം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 


 ഈ ഭിന്നതകള്‍മൂലം,  അത്യധ്വാനം ചെയ്ത് കെട്ടിപ്പടുത്ത ഇടതുപക്ഷ ഐക്യം തകര്‍ച്ചയുടെ വക്കിലെത്തി. 1940 മാര്‍ച്ചില്‍ സി എസ് പി ആ പാര്‍ടിയില്‍ നിന്നും കമ്യൂണിസ്റ്റുകാരെ  പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. 
 കമ്യൂണിസ്റ്റ് പാര്‍ടിയുടെ രണ്ടു പ്രസിദ്ധീകരണങ്ങള്‍ ഉശിരന്‍ ബഹുജന സമരങ്ങളുടെ പരിപാടി അവതരിപ്പിച്ചുകൊണ്ട് പ്രോലിറ്റേറിയന്‍ പാത്തും കോണ്‍ഗ്രസിന്‍റെയും സിഎസ്പിയുടെയും ഫോര്‍വേഡ് ബ്ലോക്കിന്‍റെയും നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന പാര്‍ടികളും രാഷ്ട്രീയവും എന്ന ലഘുലേഖയും രാജ്യത്തുടനീളമുള്ള കമ്യൂണിസ്റ്റുകാരെ പ്രത്യയശാസ്ത്രപരമായ ആയുധമണിയിച്ചു; ഉശിരന്‍ ദേശീയതയുടെയും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെയും സത്തയില്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. ഈ രണ്ടു രേഖകളും പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തുകയും വ്യാപകമായി പ്രചരിപ്പിക്കുകയുമുണ്ടായി. പാര്‍ടി സഖാക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് ഓരോ ആഴ്ചയും സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്ന പാര്‍ടി കത്തും  പൂര്‍ണമായും  പ്രയോജനപ്പെടുത്തിയിരുന്നു. 


സോവിയറ്റ് യൂണിയനുമേലുള്ള നാസി സൈനികാക്രമണം 1941 ജൂണ്‍ 22ന് ആരംഭിച്ചു; ഇതോടെ യുദ്ധത്തിന്‍റെയും  ലോക രാഷ്ട്രീയത്തിന്‍റെയും അടിസ്ഥാന സ്വഭാവം പാടെ മാറി. ഇത് പാര്‍ടിയുടെ രാഷ്ട്രീയ നിലപാടിലും മാറ്റത്തിനിടയാക്കി.