വാചക കസര്‍ത്തുകള്‍കൊണ്ട് സത്യത്തെ മൂടിവയ്ക്കാനാവില്ല

നീലോത്പല്‍ ബസു

നമസ്തേ ട്രംപ് പരിപാടിയില്‍ പങ്കെടുക്കാന്‍ 6000ലേറെ വിദേശ ഇന്ത്യക്കാര്‍ എത്തിയതായി കണക്കാക്കപ്പെടുന്നു. എണ്ണം ആരും തിട്ടപ്പെടുത്തിയില്ല. വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങിയത് മാര്‍ച്ച് 5 മുതല്‍ മാത്രമാണ്. സ്വകാര്യ ആരോഗ്യസംവിധാനങ്ങള്‍ അധികവും ഗവണ്‍മെന്‍റുമായി സഹകരിക്കുന്നതില്‍ വിമുഖത കാണിക്കുകയായിരുന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചത് സംസ്ഥാനത്ത് പകര്‍ച്ചവ്യാധിയില്ലെന്നും പകര്‍ച്ചവ്യാധിയുണ്ടെങ്കില്‍ മാത്രമേ പകര്‍ച്ചവ്യാധി  നിയമം നടപ്പാക്കാന്‍ കഴിയൂ എന്നുമായിരുന്നു. സംസ്ഥാനത്ത് ടെസ്റ്റിങ് വളരെ സാവധാനമാണ് നടത്തപ്പെട്ടത്; മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇകിറ്റുകളും പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷണകവചം തീര്‍ക്കുന്ന മറ്റു സംവിധാനങ്ങളും നിഷേധിക്കപ്പെട്ടു. ടെസ്റ്റിന്‍റെ സമയത്ത് യഥാര്‍ഥ വസ്തുത വെളിപ്പെട്ടു.
ഗുജറാത്ത് ഹൈക്കോടതിയുടെ നിശിതമായ വിമര്‍ശനം സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നതിനെതുടര്‍ന്നാണ് യഥാര്‍ഥ വസ്തുതകള്‍ പുറത്തുവന്നത്. കോവിഡിനെ ചെറുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് അഹമ്മദബാദ് സിവില്‍ ആശുപത്രിയിലെ ഉയര്‍ന്ന മരണനിരക്കിലൂടെ വെളിപ്പെട്ടത്. അവിടെ ആരോഗ്യസംവിധാനമാകെ അവതാളത്തിലായിരുന്നു. അതിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ഗവണ്‍മെന്‍റ് കൃത്രിമമായി രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതായി ഭാവിക്കുന്നു എന്നാണ്. അഹമ്മദാബാദ് സിവില്‍ ആശുപത്രി ഇരുള്‍ മൂടിയ കാരാഗൃഹമോ അതിനേക്കാള്‍ മോശപ്പെട്ട സ്ഥലമോ ആണ് എന്നും കോടതി നിരീക്ഷിച്ചു. ഒരു യുവ റസിഡന്‍റ് ഡോക്ടര്‍ എഴുതിയ പേരു വയ്ക്കാത്ത കത്താണ് ഗുജറാത്ത് ഭരണസംവിധാനത്തിന്‍റെ കഴിവുകേടും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


റസിഡന്‍റ് ഡോക്ടര്‍മാരുടെ ടെസ്റ്റ് പോസിറ്റീവായാല്‍ ആരു ചികിത്സിക്കും എന്നതില്‍ മാത്രമേ ആശുപത്രി മാനേജ്മെന്‍റിന് ആശങ്കയുള്ളൂ. സീനിയര്‍ പ്രൊഫസര്‍മാര്‍ റൗണ്ട്സിനോ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനോ ഒന്നും വരുന്നതേയില്ല. ഭീരുക്കളും അലസരുമായി തങ്ങള്‍ മുദ്രകുത്തപ്പെടും എന്ന ഭീതിയാണ് ജൂനിയര്‍ റസിഡന്‍റ് ഡോക്ടര്‍മാര്‍ക്കുള്ളത്. പിപിഇ കിറ്റുകളോ എന്‍ 95 മാസ്കുകളോ ആവശ്യത്തിനുകയ്യുറകളോ ഒന്നും അവര്‍ക്ക് ലഭിക്കുന്നതേയില്ല.


വളരെയിടുങ്ങിയ പ്രദേശങ്ങളില്‍, പാവപ്പെട്ട ജനവിഭാഗങ്ങള്‍ കൂട്ടത്തോടെ അധിവസിക്കുന്ന പ്രദേശങ്ങളില്‍ ശാരീരികമായ അകലം പാലിക്കല്‍ അസാധ്യമാണെന്ന് വ്യക്തമാണ്. കോവിഡ് 19നുള്ള ടെസ്റ്റിങ് എആര്‍സി നടപ്പാക്കുന്നതിനുള്ള മറയാണ് എന്ന കിംവദന്തി പരക്കാന്‍ ഈ സാഹചര്യം ഇടയാക്കി. ഗോദ്രാനന്തര സാഹചര്യത്തിനു കടകവിരുദ്ധമായി പ്രധാനപ്പെട്ട മുഖ്യധാര ഇംഗ്ലീഷ് മാധ്യമങ്ങളും പ്രാദേശികഭാഷാ മാധ്യമങ്ങളും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗുജറാത്തില്‍ നടന്നുവരുന്ന കെടുകാര്യസ്ഥതയുടെയും പക്ഷപാതിത്വത്തിന്‍റെയും വിവേചനത്തിന്‍റെയും വിവിധ ചിത്രങ്ങള്‍ പുറത്തുകൊണ്ടുവരികയുണ്ടായി. ഗുജറാത്ത് ഹൈക്കോടതിയുടെ നിശിതമായ ഇടപെടലിനെതുടര്‍ന്നാണ് ഇതൊക്കെ സാധ്യമായത് എന്നത് എടുത്തുപറയണം. ഒരുപക്ഷേ ഗവണ്‍മെന്‍റിനെ വിഷമവൃത്തത്തിലാക്കിയ കോടതി ഇടപെടലും ബന്ധപ്പെട്ട ഹൈക്കോടതി ബഞ്ചിന്‍റെ പുനഃസംഘാടനവും തമ്മില്‍ ബന്ധമുണ്ടാകാം. പുതിയ ഹൈക്കോടതി ബഞ്ച് ഏതായാലും ഗവണ്‍മെന്‍റിന് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലും എത്രയോ വലുതാണ് യാഥാര്‍ഥ്യം എന്നതിന് ശ്മശാനങ്ങളും കബറിടങ്ങളും സെമിത്തേരികളും സാക്ഷ്യം വഹിക്കുന്നു. കോവിഡിനെതിരായ യുദ്ധത്തില്‍ വിശ്വസനീയമായ കണക്കുകള്‍ അനിവാര്യമാണ്. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കുന്നത് ജനങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി എടുക്കുന്ന പരിശ്രമങ്ങളെ അട്ടിമറിക്കാനേ ഉപകരിക്കൂ.


ശിങ്കിടി മുതലാളിത്തത്തിന്‍റെയും 
അഴിമതിയുടെയും നിഴല്‍

ഗുജറാത്തിലെ മഹാമാരി മാനേജ്മെന്‍റ് ഇത്രമാത്രം കുത്തഴിയാനും താറുമാറാകാനും ഉള്ള പ്രധാന കാരണം അവിടെ നിലനില്‍ക്കുന്ന അഴിമതിയും ശിങ്കിടി മുതലാളിത്തവുമാണ്. ഉപകരണങ്ങള്‍ വാങ്ങുന്നതിലും പ്രോസസ്സിങ് രംഗത്തുമെല്ലാം അതിന്‍റെ സ്വാധീനം വളരെ വ്യക്തമാണ്.


ലോക്ഡൗണിന്‍റെ ആദ്യദിവസങ്ങളില്‍, മാര്‍ച്ച് 19ന് മോഹന്‍ കാര്‍ത്തികേയ സാരാഭായിയുടെ ഉടമസ്ഥതയിലുള്ള കോസറ ഡയഗണോസ്റ്റിക്സിന് ടെസ്റ്റിങ് കിറ്റ് നിര്‍മിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അനുവാദം ലഭിച്ചു. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അംഗീകാരം ലഭിച്ച 18 സ്ഥാപനങ്ങളുടെ കിറ്റുകളെ പിന്‍തള്ളിക്കൊണ്ടാണ് സാരാഭായിയുടെ സ്ഥാപനം ഗവണ്‍മെന്‍റിന്‍റെ അംഗീകാരം നേടിയത്. കോസറയുടെ കിറ്റുകളേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതായിരുന്നു മറ്റു സ്ഥാപനങ്ങളുടെ കിറ്റുകള്‍. അമേരിക്കന്‍ എഫ്ഡിഎ/യൂറോപ്യന്‍ സി അംഗീകരിച്ചതും ഒരു ടെസ്റ്റിനു 4500 രൂപ ചെലവ് ഈടാക്കുന്നതുമായ ടെസ്റ്റുകള്‍ നടത്താന്‍ ഗവണ്‍മെന്‍റ് സ്വകാര്യലാബുകളെ അനുവദിച്ചു. കോസറ നിര്‍മിച്ച കിറ്റുകള്‍ക്കുമാത്രമേ ടെസ്റ്റുകള്‍ നടത്താന്‍ അര്‍ഹതയുള്ളൂ എന്ന സന്ദേശമാണ് അതിലൂടെ നല്‍കിയത് എന്നു വ്യക്തം. മറ്റ് 18 കമ്പനികളെ അംഗീകരിച്ചെങ്കിലും അഹമ്മദാബാദ് ആസ്ഥാനമായുള്ള കോസറ കമ്പനിയുടെ ടെസ്റ്റിങ് കിറ്റുകള്‍ക്ക് കുത്തകാവകാശം നല്‍കുകയായിരുന്നു ഗവണ്‍മെന്‍റ്.


ഗുരുതരമായ രീതിയില്‍ കോവിഡ് ബാധിച്ച രോഗികളെ പരിചരിക്കാന്‍ പ്രധാനപ്പെട്ട മെഡിക്കല്‍ഉപകരണമാണ് വെന്‍റിലേറ്ററുകള്‍. വെന്‍റിലേറ്ററുകളായി ഉപയോഗിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട അംബു ബാഗുകള്‍ വാങ്ങിയതില്‍ നടന്ന അഴിമതി അതീവഗുരുതരമാണ്. ഈ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജ്യോതി സെന്‍സി എന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഡ്രഗ്ഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ ഗുണമേന്മാ പരിശോധനാ നടപടികള്‍ക്കോ ലൈസന്‍സ് നേടുന്നതിനുള്ള ഇതര പരിശോധനകള്‍ക്കോ ഒന്നും വിധേയമായിട്ടില്ല എന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെയുള്ള ഗവണ്‍മെന്‍റ് ആശുപത്രികളിലായി 900 ഉപകരണങ്ങള്‍ സ്ഥാപിക്കപ്പെട്ടത്, യായൊരുവിധ റിഹേഴ്സലും കൂടാതെയാണ്. കമ്പനിയുടെ ഉടമസ്ഥന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും കമ്പനിയുടെ ചില പ്രമുഖ ഓഹരി ഉടമകള്‍ പ്രധാനമന്ത്രിയുമായി വളരെ അടുപ്പമുള്ളവരാണെന്നും ഉള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ, വിശേഷിച്ച് അഹമ്മദാബാദിലെ മരണനിരക്ക് ഉയര്‍ന്നതിന് പ്രധാനമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ഈ ഉപകരണങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോള്‍. ഈ ഉപകരണങ്ങള്‍ പ്രൈംമിനിസ്റ്റര്‍ കെയേഴ്സ് ഫണ്ടില്‍നിന്ന് അനുവദിക്കപ്പെട്ട തുക ഉപയോഗിച്ചാണോ വാങ്ങിയത് എന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഗുജറാത്തിലെ നഗരങ്ങളില്‍ വിശേഷിച്ച് അഹമ്മദാബാദില്‍ കൊറോണ വൈറസ് വന്‍തോതില്‍ വ്യാപകമായതിനു കാരണം കെടുകാര്യസ്ഥത മാത്രമാക്കി ചുരുക്കിക്കാണാനാവില്ല. ഗവണ്‍മെന്‍റ് ആശുപത്രികള്‍ക്ക് ലഭ്യമാക്കിയ ഉപകരണങ്ങള്‍ക്ക് തീരെ ഗുണമേന്മ ഇല്ലാതിരുന്നതുകൊണ്ടു കൂടിയാണ്. അതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിയാനാവില്ല. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം ധാര്‍മികതയെ കുറിച്ച് വളരെ വാചാലനാകാറുണ്ട്. അങ്ങനെയുള്ള പ്രധാനമന്ത്രിക്ക് കുറഞ്ഞത്, ഇക്കാര്യത്തില്‍ ഉന്നതതല സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടാനുള്ള ബാധ്യതയുണ്ട്.


കുടിയേറ്റത്തൊഴിലാളികളും അവരുടെ കഷ്ടാവസ്ഥയും


കുടിയേറ്റത്തൊഴിലാളികളാണ് കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട നടപടികളില്‍ ഏറ്റവും ദുരിതം ഏറ്റുവാങ്ങിയ ജനവിഭാഗം. ഗവണ്‍മെന്‍റ്, യാതൊരുവിധ പദ്ധതിയോ മുന്നൊരുക്കമോ ഇല്ലാതെ സ്വീകരിച്ച നടപടികളാണ് അവരെ മഹാദുരിതത്തിലേക്കു തള്ളിവിട്ടത്. ലക്ഷക്കണക്കിന് നിരാലംബരായ പാവപ്പെട്ട തൊഴിലാളികള്‍ വിശപ്പും ദാഹവും കൊടുംവെയിലും ഏറ്റുവാങ്ങി മഴയും മഞ്ഞും സഹിച്ച് നൂറുകണക്കിനെന്നല്ല ആയിരക്കണക്കിനു കിലോമീറ്റര്‍ നടക്കുന്നത് ലോക്ഡൗണ്‍ വേളയിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകളായിരുന്നു. വെറും നാലുമണിക്കൂര്‍ മുന്‍പുമാത്രം നല്‍കപ്പെട്ട അറിയിപ്പിനെതുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിലുള്ള കുടിയേറ്റത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അഗാധമായ അതിജീവന പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. കൈയില്‍ പണമില്ലാത്ത, മറ്റു ജീവിത സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത അവരെ സംബന്ധിച്ചിടത്തോളം സ്വന്തം വീടുകളില്‍ എങ്ങനെയെങ്കിലും എത്തുക എന്ന ഒരേയൊരു മാര്‍ഗമേ മുമ്പിലുണ്ടായിരുന്നുള്ളൂ. ഗുജറാത്തിലെ കുടിയേറ്റത്തൊഴിലാളികളില്‍ 92 ശതമാനമാനത്തിനും ലോക്ഡൗണ്‍ വേളയില്‍ കൂലി ലഭിച്ചില്ല എന്നാണ് സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. ഇത് അവരുടെ ജീവിതത്തെ അങ്ങേയറ്റം ദുരിതപൂര്‍ണമാക്കിയതായും സര്‍വേകള്‍ വെളിപ്പെടുത്തുന്നു.


സൂററ്റില്‍ 65 ശതമാനത്തിലേറെയും കുടിയേറ്റ തൊഴിലാളികളാണ്. അവിടെയാണ് അവര്‍ ഏറ്റവും കടുത്ത യാതനകള്‍ അനുഭവിക്കേണ്ടിവരുന്നത്. ഗുജറാത്തിലെ പ്രമുഖ സാമൂഹികശാസ്ത്രജ്ഞനായ അച്യുത് യാഗ്നിക് നിരീക്ഷിച്ചത് ഇരുപത് ലക്ഷത്തോളം കുടിയേറ്റത്തൊഴിലാളികള്‍ പട്ടിണിയും മരണവും അഭിമുഖീകരിക്കുന്നു എന്നാണ്. കൊറോണ വൈറസില്‍നിന്നുള്ള ഭീഷണിയേക്കാള്‍ വലുതാണത്. പൊറുതിമുട്ടിയ കുടിയേറ്റത്തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ പൊലീസിന്‍റെ കിരാതമര്‍ദ്ദനമാണ് മിക്കപ്പോഴും അവര്‍ക്കേറ്റു വാങ്ങേണ്ടി വന്നത്. പൊലീസ് മര്‍ദനത്തില്‍ തന്നെ അനേകം മരണങ്ങള്‍ ഉണ്ടായി.


ഗവണ്‍മെന്‍റ് ആദ്യം റെയില്‍വേവഴി യാത്ര ചെയ്യാന്‍ കുടിയേറ്റത്തൊഴിലാളികളെ അനുവദിച്ചില്ല; അതേ സമയം തന്നെ യാത്രാചെലവിന്‍റെ 85 ശതമാനവും കേന്ദ്ര ഗവണ്‍മെന്‍റാണ് ചെലവഴിക്കുന്നത് എന്ന കള്ളം തട്ടിവിടുകയും ചെയ്തു. കുടിയേറ്റത്തൊഴിലാളികള്‍ തങ്ങളുടെ ടിക്കറ്റിനുള്ള പണം നല്‍കിയില്ല, സംസ്ഥാന ഗവണ്‍മെന്‍റാണ് അത് നല്‍കിയത്, സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ കരുതലാണ് അത് എന്നൊക്കെയാണ് തട്ടിവിട്ടത്. അതും ശുദ്ധകളവാണെന്ന് ഗുജറാത്തിലെ, വിശേഷിച്ച് സൂറത്തിലെ കുടിയേറ്റതൊഴിലാളികള്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്‍റിന്‍റെ അവകാശവാദത്തെ അസംബന്ധം എന്നാണവര്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രശംസനീയമായ ഇടപെടല്‍മൂലം കുടിയേറ്റത്തൊഴിലാളികളുടെ അതീവ ദയനീയമായ അവസ്ഥ ശ്രദ്ധിക്കപ്പെട്ടു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ഐലേഷ് വോറയും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മെയ് 14ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ പറഞ്ഞു: "സാമൂഹികമായ അകലം പാലിക്കുക തുടങ്ങിയ സങ്കല്‍പ്പനങ്ങളുടെ കാര്യത്തില്‍ പാവപ്പെട്ടവരും ദുരിതം സഹിക്കുന്നവരുമായ കുടിയേറ്റത്തൊഴിലാളികളെ വിദ്യാഭ്യാസവത്കരിക്കേണ്ട സമയമല്ല ഇതെന്നാണ് ഞങ്ങളുടെ നിരീക്ഷണം. അവര്‍ക്ക് അതൊന്നും ഒരിക്കലും മനസ്സിലാക്കാന്‍ കഴിയുകയുമില്ല. അവര്‍ കൊറേണ വൈറസിന്‍റെ കാര്യത്തിലല്ല ആശങ്കപ്പെടുന്നത്. അവര്‍ ആശങ്കപ്പെടുന്നത് ഭക്ഷണത്തിന്‍റെ കാര്യത്തിലാണ്. കോവിഡ് 19 മൂലം ആരും മരിക്കരുത്, എന്നാല്‍ പട്ടിണി മൂലം ആരുവേണമെങ്കിലും മരിച്ചോട്ടെ എന്നു പറയുന്നത് നിഷ്ഠുരവും നിര്‍ദയവുമായിരിക്കും". "കുടിയേറ്റത്തൊഴിലാളികള്‍ക്ക് പരമാവധി സഹായവും ആശ്വാസവും പ്രദാനം ചെയ്യുന്നതിലായിരിക്കണം ഭരണാധികാരികളുടെ ശ്രദ്ധയത്രയും കേന്ദ്രീകരിക്കേണ്ടത്".- കോടതി തുടര്‍ന്ന് നിര്‍ദേശിച്ചു.


"കുടിയേറ്റത്തൊഴിലാളികള്‍ക്ക് റെയില്‍വേ ടിക്കറ്റിനുള്ള പണം ലഭ്യമാക്കണം. സംസ്ഥാനത്തെ പൊതുമേഖലാ പദ്ധതികളിലും അതിലുപരി സ്വകാര്യമേഖലയിലെ പദ്ധതികളിലുമായി പശ്ചാത്തല മേഖല മെച്ചപ്പെടുത്തുന്നതിനും സമ്പദ്വ്യവസ്ഥയെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നതിനും കുടിയേറ്റത്തൊഴിലാളികള്‍ അവരുടെ അധ്വാനത്തിലൂടെ ചെയ്ത സേവനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ഹിക്കുന്ന ആദരവ് നല്‍കേണ്ട സമയമാണിത്"- കോടതി ഗവണ്‍മെന്‍റിനോടാവശ്യപ്പെട്ടു.


"വന്‍ സംഭാവന നല്‍കിയ കുടിയേറ്റ തൊഴിലാളികള്‍ കടുത്ത ദുരിതം സഹിക്കുന്ന ഈ വേളയില്‍ അവര്‍ക്ക് എത്രയും വേഗം അവരവരുടെ സംസ്ഥാനങ്ങളിലേക്ക്  മടങ്ങാനുള്ള അവസരം ലഭിക്കുന്നു എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. സ്വന്തം സംസ്ഥാനങ്ങളിലേക്കുമടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു കുടിയേറ്റത്തൊഴിലാളിക്കുപോലും അതിനുള്ള അവസരം നിഷേധിക്കപ്പെട്ടുകൂടാ"- കോടതി നിര്‍ദേശിച്ചു.
കുടിയേറ്റത്തൊഴിലാളികള്‍ അര്‍ഹിക്കുന്ന തരത്തില്‍ അവരുടെ ദുരിതങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ അധികാരികളില്‍ നിന്നുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് വാചകമടികള്‍ മാത്രമേ ഉണ്ടായുള്ളൂ; കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയുമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.


കുടിയേറ്റത്തൊഴിലാളികളുടെ ദൈന്യത്തില്‍ അലിവുതോന്നിയ ചില ഹൈക്കോടതികള്‍, കുടിയേറ്റത്തൊഴിലാളികളുടെ യാതനാപൂര്‍ണമായ അവസ്ഥ അടിവരയിട്ടു പറയുകയുണ്ടായി. ഗുജറാത്തിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരുകള്‍ ചമയുകയാണ് എന്ന് സോളിസിറ്റര്‍ ജനറല്‍ നിലപാടെടുത്തതില്‍ അതിശയമില്ല. കുടിയേറ്റത്തൊഴിലാളികള്‍ക്കുവേണ്ടി ഗവണ്‍മെന്‍റ് എന്തുചെയ്തു എന്ന് വ്യക്തമാക്കുന്നതില്‍നിന്ന് സോളിസിറ്റര്‍ ജനറല്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.


മഹാമാരിയും അതേ തുടര്‍ന്നുള്ള ലോക്ഡൗണിനെയും തുടര്‍ന്ന് ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങള്‍, അതില്‍ പ്രത്യേകിച്ച് കുടിയേറ്റത്തൊഴിലാളികള്‍ പട്ടിണിയും തൊഴില്‍ നഷ്ടവും മറ്റു ദുരിതങ്ങളും ഏറ്റുവാങ്ങുകയാണ്. അവരുടെ അതിജീവനം അങ്ങേയറ്റം അപകടകരവും ഇരുട്ടുനിറഞ്ഞതുമാണ്. സോളിസിറ്റര്‍ ജനറല്‍ അതേക്കുറിച്ച് അക്ഷന്തവ്യമായ മൗനമാണ് പാലിച്ചത്.


ഈ വേളയില്‍ ജനങ്ങളുടെ കൈകളില്‍ പണം എത്തേണ്ടത് അനിവാര്യമാണ്. അടുത്ത ആറുമാസത്തേക്ക് ഓരോ വ്യക്തിക്കും പ്രതിമാസം 7500 രൂപ വീതം ഗവണ്‍മെന്‍റ് നല്‍കണം. രാജ്യത്തെ ഒരു വ്യക്തിപോലും പട്ടിണി അനുഭവിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഒരു രാജ്യത്തിനും സ്വന്തം ജനങ്ങളെ പട്ടിണി മരണത്തിലേക്ക് എറിഞ്ഞുകൊടുക്കാനാവില്ല. സമ്പദ്വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായി മഹാത്മാഗാന്ധി തൊഴില്‍ദാന പദ്ധതിയിലേക്ക് ഫണ്ട് കൂടുതല്‍ അനുവദിക്കുകയും പട്ടണ-നഗര പ്രദേശങ്ങളിലേക്കുകൂടി ആ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കേണ്ടതും അനിവാര്യമാണ്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ആകമാനം ഗ്രസിച്ച ഈ വേളയില്‍ രാജ്യങ്ങളായ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരരുടെ കൈവശം പണം എത്തിച്ച് അതിലൂടെ ചോദനം വര്‍ധിപ്പിക്കാനും സമ്പദ്വ്യവസ്ഥയെ പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന് ഈ മേഖലയില്‍ വളരെ കുറച്ചു മാത്രമേ മുന്നോട്ടുപോകാന്‍ കഴിയുന്നുള്ളൂ എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം. അതിനുള്ള ഇച്ഛാശക്തി മോഡി ഗവണ്‍മെന്‍റിനില്ല എന്നതാണ് ഏറ്റവും പരിതാപകരം. $