വംശീയതയ്ക്കും മുതലാളിത്തത്തിനും എതിരെ

പി എസ് പൂഴനാട്

മൂന്ന്


തന്‍റെ ജീവിതത്തിന്‍റെ അവസാനവര്‍ഷം മാല്‍ക്കം എക്സിന്‍റെ ചിന്തയിലും സമീപനത്തിലും അതിതീവ്രമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ച വര്‍ഷമായിരുന്നു. എന്നാല്‍ ആ പരിവര്‍ത്തനങ്ങളെ പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ ഭരണവര്‍ഗം മാല്‍ക്കം എക്സിനെ അനുവദിച്ചില്ല. ആ പോരാളിയുടെ ജീവനെ അതിനുമുമ്പേ അവര്‍ തകര്‍ത്തു കളഞ്ഞിരുന്നു.


അവസാനഘട്ടത്തിലെ പരിവര്‍ത്തനമെന്നത് ഒരേ സമയം മതപരവും രാഷ്ട്രീയവുമായിരുന്നു. മതപരമായി അദ്ദേഹം സുന്നി വിശ്വാസത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. പേരും മാറ്റി. മെക്കയിലേക്ക് സന്ദര്‍ശനവും നടത്തി. മെക്കയിലേക്കുള്ള സന്ദര്‍ശനം മാല്‍ക്കം എക്സിന്‍റെ കാഴ്ചപ്പാടുകളെ ആകമാനം മാറ്റിമറിച്ചുകളഞ്ഞു. മാല്‍ക്കം എഴുതുന്നു: "പുരാതനമായ ഈ വിശുദ്ധനഗരത്തില്‍ എല്ലാ നിറത്തിലും എല്ലാ വംശങ്ങളിലുംപ്പെട്ട മനുഷ്യര്‍ ആത്മാര്‍ഥമായ സ്നേഹസൗഹൃദങ്ങളോടെയും യഥാര്‍ഥ സാഹോദ്യത്തിന്‍റെ അത്യഗാധമായ ചോദനയോടെയും ഒരുമിച്ചുനീങ്ങുന്ന കാഴ്ച എന്‍റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. എല്ലാ നിറത്തിലുംപെട്ട മനുഷ്യര്‍ എനിക്കു ചുറ്റും ചൊരിഞ്ഞ മഹാസ്നേഹ വായ്പ്പില്‍, ഞാനാകെ സ്തബ്ധനായിപ്പോയി."


ആദ്യഘട്ടങ്ങളില്‍ പടര്‍ത്തിക്കൊണ്ടിരുന്ന വിഭാഗീയമായ പ്രവര്‍ത്തന പദ്ധതികളില്‍നിന്നുള്ള വിപ്ലവാത്മകമായ വിച്ഛേദമായിരുന്നു ഇതിലൂടെ മാല്‍ക്കം എക്സില്‍ സംഭവിച്ചത്. വെള്ളക്കാരായ മനുഷ്യരോട് അണിചേരേണ്ടതിന്‍റെയും സംവാദത്തിലേര്‍പ്പെടേണ്ടതിന്‍റെയും അനിവാര്യതയെക്കുറിച്ചുള്ള പര്യാലോചനകള്‍ കൂടുതല്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കൊളോണിയല്‍ വിശുദ്ധപോരാട്ടങ്ങളുടെ വിജയങ്ങളെത്തുടര്‍ന്ന് ആഫ്രിക്കയില്‍ രൂപംകൊണ്ട പുതിയ സര്‍ക്കാരുകളുടെ നേതൃത്വത്തിലായിരുന്നു 1963ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റി രൂപീകരിക്കപ്പെടുന്നത്. ഈ സംഘടനയില്‍നിന്നും ആവേശം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ദി ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ-അമേരിക്കന്‍ യൂണിറ്റി എന്ന രാഷ്ട്രീയ ഗ്രൂപ്പിന് ഈ ഘട്ടത്തില്‍ മാല്‍ക്കം എക്സ് രൂപം നല്‍കുന്നത്. ആഫ്രിക്കയില്‍ അരങ്ങേറിക്കൊണ്ടിരുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ മാല്‍ക്കമിനെ കൂടുതല്‍ ആവേശഭരിതനാക്കിക്കൊണ്ടിരുന്നു. ഈ ഘട്ടങ്ങളില്‍ നിരന്തരമായി അദ്ദേഹം ആഫ്രിക്കയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്നു.


യഥാര്‍ഥത്തില്‍ മാല്‍ക്കമിന്‍റെ ജീവിതത്തിലെ അവസാനഘട്ടം കൂടുതല്‍ തീവ്രമായ രൂപത്തില്‍ ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യം പ്രകടിതമായ ഘട്ടമായിരുന്നു. ഈ ഘട്ടത്തിലായിരുന്നു മുതലാളിത്ത സാമ്പത്തികഭ്രമത്തിനെതിരെയുള്ള ശാസ്ത്രീയമായ ഒരു വിമര്‍ശനപരിപ്രേക്ഷ്യം മാല്‍ക്കമില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നത്. ആഫ്രിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും അവിടെ രൂപംകൊണ്ടു കൊണ്ടിരിക്കുന്ന പുതിയ ഗവണ്‍മെന്‍റുകളെയും അഭിസംബോധന ചെയ്തുകൊണ്ട് മാല്‍ക്കം എക്സ് ഇങ്ങനെയാണ് പ്രസംഗിച്ചത്: "ആരും മുതലാളിത്ത ക്രമത്തെ സ്വീകരിക്കാന്‍ തയ്യാറല്ല. എന്തുകൊണ്ടെന്നാല്‍ അത് അസാധ്യമാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. കഴുകന്‍ സ്വഭാവക്കാരനല്ലാത്ത ഒരാള്‍ക്ക് മുതലാളിത്ത ക്രമത്തെ നയിക്കാനാവില്ല. ഒരാള്‍ക്ക് ഒരു മുതലാളിയായി തുടരാന്‍ മറ്റൊരാളിന്‍റെ രക്തം ഊറ്റിക്കുടിക്കേണ്ടതുണ്ട്. നിങ്ങള്‍ എനിക്കൊരു മുതലാളിയെ കാണിച്ചുതരൂ. ഞാന്‍ നിങ്ങള്‍ക്ക് ഒരു രക്തദാഹിയെ കാണിച്ചുതരാം." പുതുതായി ആഫ്രിക്കയില്‍ ഉദയം കൊണ്ട ഗവണ്‍മെന്‍റുകള്‍ അവരുടെ പ്രശ്നപരിഹാരത്തിനായി സോഷ്യലിസ്റ്റ് രൂപത്തിലുള്ള വ്യവസ്ഥാ ക്രമങ്ങളെയാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ മാല്‍ക്കം എക്സ് നിരീക്ഷിക്കുന്നുണ്ട്. എന്തായാലും അവസാനഘട്ടത്തിലെ ഈയൊരു പ്രഭാഷണം പുതിയ ആശയലോകങ്ങളെ വാരിപ്പുണരാനുള്ള മാല്‍ക്കം എക്സിന്‍റെ തയ്യാറെടുപ്പിനെയാണ് കൃത്യമായി വിളംബരം ചെയ്യുന്നത്.


അതോടൊപ്പം ഈ ഘട്ടങ്ങളില്‍ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളില്‍ എഴുതാനും ആരംഭിക്കുന്നുണ്ട്. അമേരിക്കന്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടിയുമായി കൂടുതല്‍ അടുത്തിടപഴകാനും തുടങ്ങുന്നു. 1964 മെയ് മാസത്തില്‍ മിലിറ്റന്‍റ് ലേബര്‍ ഫോറം സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മാല്‍ക്കം ഇങ്ങനെ പറഞ്ഞു: കൊളോണിയല്‍ അധിനിവേശങ്ങളില്‍ നിന്നും വിമോചിതമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളെല്ലാം സോഷ്യലിസത്തിലേയ്ക്കാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നായിട്ട് ഞാനിതിനെ കാണുന്നില്ല അതോടൊപ്പം മുതലാളിത്തവും വംശീയതയും തമ്മിലുള്ള പരസ്പര കണ്ണിചേരലിനെക്കുറിച്ചും അതിനിശിതമായി മാല്‍ക്കം പറയുന്നുണ്ട്


കൊളേംബിയന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് മാല്‍ക്കം ഇങ്ങനെയാണ് സംസാരിച്ചത്: "നമ്മള്‍ ജീവിക്കുന്നത് വിപ്ലവത്തിന്‍റെ കാലഘട്ടത്തിലാണ്. കൊളോണിയലിസത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭ പരമ്പരകളുടെ ഭാഗമാണ് അമേരിക്കന്‍ നീഗ്രോയുടെ പോരാട്ടവും. അതുകൊണ്ടുതന്നെ അമേരിക്കന്‍ നീഗ്രോയുടെ പോരാട്ടത്തെ കറുത്തവര്‍ വെളുത്തവര്‍ക്കെതിരെ നടത്തുന്ന കേവലമായ ഒരു വംശീയസംഘര്‍ഷമായോ, കേവലമായ ഒരു അമേരിക്കന്‍ പ്രശ്നമായോ കാണുന്നത് തെറ്റായിരിക്കും.അതിനുപരിയായി നമ്മള്‍ ഇന്നു കാണുന്നത്, അടിച്ചമര്‍ത്തപ്പെട്ടവര്‍ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ നടത്തുന്ന പോരാട്ടമാണ്; ചൂഷിതര്‍ ചൂഷകര്‍ക്കെതിരെ നടത്തുന്ന പോരാട്ടമാണ്"


ഇത്തരത്തില്‍ പുതിയൊരു വിമോചന ചിന്താധാരയിലേയ്ക്ക് മാല്‍ക്കം എക്സ് വളരുകയായിരുന്നു. മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെയുള്ള സമരോത്സുകവും വിപ്ലവാത്മകവുമായ പുതിയൊരു തലത്തിലേക്ക് അത് പടരുകയായിരുന്നു. അതുകൊണ്ടുതന്നെ ഭരണവര്‍ഗത്തിന് മാല്‍ക്കം എക്സിന്‍റെ തീപിടിക്കുന്ന വാക്കുകള്‍ നിരന്തരമെന്നോണം അലോസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു: അമേരിക്കന്‍ പൊലീസും ചാരസംഘടനയും അതോടൊപ്പം ദി നേഷന്‍ ഓഫ് ഇസ്ലാമിന്‍റെ വക്താക്കളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഇവരുടെയെല്ലാം സംയുക്തമായ നീക്കങ്ങള്‍ക്കൊടുവില്‍ ആ മഹാനായ പോരാളി വെടിയുണ്ടകളേറ്റു വാങ്ങിക്കൊണ്ട് മണ്ണില്‍ പിടഞ്ഞുവീണു. 1965 ഫെബ്രുവരി 21-ാം തീയതിയിലെ തണുത്തുറഞ്ഞ ആ വൈകുന്നേരത്ത് ത്രസിപ്പിക്കുന്ന ആ ശബ്ദവും മാസ്മരികതയുടെ ആ നിത്യസാന്നിധ്യവും ഒരായിരം ചോരത്തുള്ളികള്‍ സമ്മാനിച്ചുകൊണ്ട് ചരിത്രത്തിന്‍റെ ചക്രവാളത്തിലേയ്ക്ക് മുങ്ങിത്താണു. എന്നാലിന്ന്, ജോര്‍ജ് ഫ്ളോയിഡിന്‍റെ വംശീയകൊലയ്ക്കെതിരെയുള്ള പോരാട്ടവീഥികളില്‍ ഒരായിരം മാര്‍ക്കം എക്സുമാര്‍ വീണ്ടും വീണ്ടും പിറവിയെടുത്തുകൊണ്ടിരിക്കുകയാണ്.