ലോക്ഡൗണിന്‍റെ മറവില്‍ മോഡിയുടെ സ്വേച്ഛാധിപത്യ നീക്കം

വി ബി പരമേശ്വരന്‍

രാജ്യത്തെ ജനാധിപത്യ അവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പൂട്ടു വീണിരിക്കുകയാണിപ്പോള്‍. പൗരാവകാശങ്ങള്‍ നിഷേധിച്ച്, മാധ്യമങ്ങളുടെ വായമൂടിക്കെട്ടി, തികഞ്ഞ ഏകാധിപത്യ പ്രവണതയാണ് തലപൊക്കുന്നത്.  ഈ സൂചന അവഗണിക്കുന്ന പക്ഷം രാജ്യം സ്വേച്ഛാധിപത്യ വാഴ്ചയിലേക്ക് അതിവേഗം വീണുപോകും. 


ഡല്‍ഹിയിലെ വര്‍ഗീയ കലാപം സംബന്ധിച്ച് അവിടത്തെ പൊലീസ് ക്രൈം ബ്രാഞ്ച് മുന്നോട്ടുവെക്കുന്ന ഗുഢാലോചനാ സിദ്ധാന്തവും അവര്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രങ്ങളും സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ അറസ്റ്റും മേല്‍പറഞ്ഞ സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൗരാവകാശ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ ജാമിയ മിലിയയിലെയും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളും ഹര്‍ഷ് മന്ദര്‍ പോലുള്ള ആക്ടിവിസ്റ്റുകളുമാണ് ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന് കാരണക്കാര്‍ എന്ന നിലയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇവരില്‍ ചിലരെ യുഎപിഎ എന്ന കിരാത നിയമം ഉപയോഗിച്ചാണ് അറസ്റ്റ്  ചെയ്തിട്ടുള്ളത്. പൊലീസ് ഇതിനകം സമര്‍പ്പിച്ച ഒമ്പത് കുറ്റപത്രങ്ങളുടെ ആകത്തുക ഇതാണ്. 


ജാമിയ മിലിയയയില്‍ ആരംഭിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭവും തുടര്‍ന്ന് ഷഹീന്‍ബാഗിലെ സമരവും ജഫറാബാദിലെ റോഡ് തടയലും മറ്റുമാണ് കലാപാന്തരീക്ഷം സൃഷ്ടിച്ചതെന്നും അതാണ് വര്‍ഗീയ കലാപമായി മാറിയതെന്നുമാണ് ഡല്‍ഹി പൊലീസിന്‍റെ ഭാഷ്യം. ഈ ആഖ്യാനത്തിന്‍റെ മറവിലാണ് സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കൂട്ടത്തോടെ അറസ്റ്റു ചെയ്തിട്ടുള്ളത്. മാത്രമല്ല സിഎഎ യെ ജനാധിപത്യപരമായി എതിര്‍ക്കുന്നുവെന്നതിന്‍റെ മറവില്‍ രാജ്യത്തിന്‍റെയും മോഡി സര്‍ക്കാരിന്‍റെയും പ്രതിഛായ തകര്‍ക്കുക ലക്ഷ്യമാക്കിയാണ് വര്‍ഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് ആരോപിക്കുന്നു. സിഎഎ സംബന്ധിച്ച് തെറ്റായ വസ്തുതകള്‍ നിരത്തിയാണ് കലാപാന്തരീക്ഷം സൃഷ്ടിച്ചതെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു. കലാപത്തിനിടയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അംഗിത് ശര്‍മ കൊല്ലപ്പെട്ടത് സംബന്ധിച്ച കുറ്റപത്രത്തിലാണ് പ്രസിദ്ധ പൗരാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദേര്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് കലാപത്തിനു കാരണമായതെന്ന വിചിത്രമായ വാദം പൊലീസ് നിരത്തുന്നത്. സുപ്രീംകോടതിയെ വിമര്‍ശിച്ചുവെന്ന ആരോപണവും ഹര്‍ഷ് മന്ദറിനെതിരെ പൊലീസ് ഉയര്‍ത്തുന്നുണ്ട്. മനുഷ്യത്വവും സമത്വവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതില്‍ ജുഡീഷ്യറിക്കുണ്ടായ വീഴ്ചയെക്കുറിച്ച് ജാമിയയില്‍ നടത്തിയ പ്രസംഗത്തില്‍ ഹര്‍ഷ് മന്ദര്‍ പരാമര്‍ശിച്ചതാണ് കോടതിയലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയത്. ഭീമ കൊറേഗാവ് കേസില്‍ അംബേദ്ക്കറുടെ കുടുംബക്കാരനായ ആനന്ദ് തെല്‍തുംബ്ഡെയെയും സുധ ഭരദ്വാജിനെയും ഗൗതം നവ്ലാഖയെയും മറ്റും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിട്ടതിനു സമാനമായ നീക്കമാണ് ഹര്‍ഷ് മന്ദറിനെതിരെയും നടക്കുന്നത്. 


എന്നാല്‍ ഡല്‍ഹി കലാപത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗത്തെ കണ്ടില്ലെന്നു നടിക്കാനും ഡല്‍ഹി പൊലീസ് തയ്യാറായി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്നും അതു കഴിഞ്ഞാല്‍ ജഫറാബാദിലെ പ്രക്ഷോഭകരെ ബലംപ്രയോഗിച്ചാണെങ്കില്‍ പോലും നീക്കുമെന്നും ഫെബ്രുവരി 24 ന് പ്രസംഗിച്ചത് കപില്‍ മിശ്രയായിരുന്നു. കലാപത്തിനുള്ള പരസ്യമായ ആഹ്വാനമായാണ് കപില്‍ മിശ്രയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു കപില്‍ മിശ്രയുടെ ഈ പ്രസംഗം. എന്നിട്ടു പോലും അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തില്ല. മാത്രമല്ല കുറ്റപത്രത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. രാഷ്ട്രീയ യജമാനന്‍മാരോടുള്ള ഡല്‍ഹി പൊലീസിന്‍റെ വിധേയത്വത്തിന് ഇതില്‍പരം മറ്റൊരു തെളിവിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കലാപത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തീര്‍ത്തും പക്ഷപാതപരവും മുസ്ലീം ജനവിഭാഗത്തെ ലക്ഷ്യമാക്കിയുള്ളതുമാണെന്ന സംശയവും പലകോണുകളില്‍ നിന്നും ഉയരുകയുണ്ടായി. വര്‍ഗീയ കലാപത്തില്‍ സ്വത്തിനും ജീവനും നാശനഷ്ടമുണ്ടാക്കിയത് മുസ്ലീങ്ങളാണെന്ന കുറ്റപത്രത്തിലെ പരാമര്‍ശം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 


യുഎപിഎ ചുമത്തിയാണ് സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കൊവിഡ് കാലത്തും അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ ജയിലിലിടാന്‍ തക്ക തെളിവുകളൊന്നും ഇല്ലെന്ന് കീഴ്കോടതിയിലെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന രീതിയും സ്വീകരിക്കുകയുണ്ടായി. ജെഎന്‍യുവിലെ വിദ്യാര്‍ഥികളായ ഷര്‍ജില്‍ ഇസ്ലാം, നടാഷ നല്‍വല്‍, മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, സിഎഎ പ്രക്ഷോഭം നയിച്ച സംഘടനകളില്‍ ഒന്നായ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍റഹ്മാന്‍എന്നിവര്‍ക്കെതിരെയെല്ലാം യുഎപിഎ ചുമത്തുകയുണ്ടായി.  വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സഫൂറ സര്‍ഗറിന് ജാമ്യം ലഭിച്ചപ്പോഴാണ് യുഎപിഎ ചുമത്തി വീണ്ടും ജയിലിലിട്ടത്. അഞ്ച് മാസം ഗര്‍ഭിണിയാണ് ജാമിയയിലെ എംഫില്‍ വിദ്യാര്‍ഥിനിയായ ഈ 27 കാരി. കോവിഡ് പടരുന്ന കാലത്തും ഈ ഗര്‍ഭിണിയെ ജയിലിലടയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. യുഎപിഎയുടെ ഈ ദുരുപയോഗം ചോദ്യം ചെയ്യാന്‍ ജുഡീഷ്യറി പോലും തയ്യാറാകാത്തത് അത്ഭുതമുളവാക്കുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെന്നതാണ് ഈ വിദ്യാര്‍ഥിനി ചെയ്ത കുറ്റം. അതായത് സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതുപോലും നിയമവിരുദ്ധമാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. മറ്റൊരു അര്‍ഥത്തില്‍ പറഞ്ഞാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം രാജ്യദ്രോഹപരവും ഭീകരവാദത്തിനു തുല്യവുമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വ്യാഖ്യാനം. 


കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെ എതിര്‍ക്കുന്നവരെ ഭീകരവാദികളായി മുദ്രകുത്തി ജയിലിടയ്ക്കുമ്പോള്‍ തന്നെ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്നവരെപോലും കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്യുന്ന രീതിയാണ് ദൃശ്യമായത്. പ്രധാനമന്ത്രി നരേന്ദ്രമോഡി മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ അത് ലംഘിച്ച് അയോധ്യ സന്ദര്‍ശിച്ച് മതപരമായ ചടങ്ങുകളില്‍ പങ്കെടുത്ത  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നടപടി ചൂണ്ടിക്കാട്ടിയതിനാണ്  ദ വയര്‍چ എന്ന പോര്‍ട്ടലിന്‍റെ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ കേസ് എടുത്തത്. അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട വേളയില്‍ ട്വിറ്റര്‍ ഇട്ടതിനാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും ആംനസ്റ്റി ഇന്‍റനാഷണലിന്‍റെ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായ അകാര്‍ പട്ടേലിനെതിരെ ബംഗ്ളൂരുവിലെ ജെസി നഗര്‍ പൊലീസ് കേസെടുത്തത്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പോലെ ഇന്ത്യയിലും ദളിതരും മുസ്ലീങ്ങളും ആദിവാസികളും പ്രക്ഷോഭരംഗത്തേക്ക് കടന്ന് വരണമെന്ന ആശയം മുന്നോട്ടുവെച്ചത് കലാപത്തിനുള്ള ആഹ്വാനമായി ദുര്‍വ്യാഖ്യാനിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ഭീകരവാദ ആക്രമണവും മരണവും പോലും വോട്ട് നേടാനായി നരേന്ദ്രമോഡി ഉപയോഗിക്കുന്നുവെന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ഹിമാചല്‍പ്രദേശ് പൊലീസ് രാജ്യദ്രോഹത്തിനു കേസെടുത്തത്. ജൂലായ് ആറ് വരെ ദുവയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടെങ്കിലും ദുവക്കെതിരായ അന്വേഷണം തടഞ്ഞിട്ടില്ല. നേരത്തേ ദുവക്കെതിരെ ബിജെപിയുടെ വക്താവ് നവീന്‍കുമാര്‍ നല്‍കിയ പരാതി കോടതി തള്ളിയതിനാലാണ് ഹിമാചല്‍പ്രദേശിലെ ബിജെപി പ്രവര്‍ത്തകന്‍ ദുവയ്ക്കെതിരെ കേസ് നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ഗോശാല പ്രവര്‍ത്തിക്കുന്നില്ല എന്ന വാര്‍ത്ത നല്‍കിയ വിവേക് മിശ്ര എന്ന പത്രപ്രവര്‍ത്തകനെതിരെപോലും കേസെടുക്കുകയുണ്ടായി. 


അതിനിടെയാണ് ജമ്മു കാശ്മീരില്‍ ഒരു പുതിയ മാധ്യമ നയം പ്രഖ്യാപിക്കപ്പെട്ടത്. 2020 ലെ മാധ്യമ നയം എന്ന ഈ രേഖ മാധ്യമങ്ങളുടെ വായമൂടിക്കെട്ടുന്നതാണ്. വ്യാജവും അധാര്‍മികവും ദേശവിരുദ്ധവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് നയം പറയുന്നത്. അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുമെന്നാണ് ഭീഷണി. ആരാണ് വാര്‍ത്ത വ്യാജവും അധാര്‍മികവും ദേശവിരുദ്ധവുമെന്ന് നിശ്ചയിക്കുന്നത് എന്നതാണ് പ്രധാന തര്‍ക്ക വിഷയം. മാധ്യമങ്ങളെ എറാന്‍മൂളികളാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണ് ഈ നയം എന്നര്‍ഥം. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഭരിക്കുന്ന പ്രദേശമാണ് ജമ്മുڊ-കാശ്മീര്‍. അതുകൊണ്ടുതന്നെ ഈ മാധ്യമ നയം ദേശവ്യാപകമാക്കാനുള്ള സാധ്യത വളരെകൂടുതലാണ്. ലോക്ക്ഡൗണ്‍ കാലത്ത് മാത്രം രാജ്യത്ത് 55 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ് ഒരു സ്വതന്ത്ര ഏജന്‍സിയുടെ കണക്ക്. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഏറെ പിറകില്‍ കിടക്കുന്ന രാജ്യമാണിപ്പോള്‍ ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 142 ാം സ്ഥാനമാണ്(180 രാജ്യങ്ങളുടെ പട്ടികയില്‍) ഇന്ത്യക്കുള്ളത്. ഇത് വീണ്ടും താഴാനുള്ള സാധ്യതയാണ് ലോക്ക്ഡൗണ്‍ കാലത്തെ മാധ്യമ വേട്ട വ്യക്തമാക്കുന്നത്.