കറുത്ത ജീവനും വിലയുണ്ട് ലോകം ഗര്‍ജിക്കുന്നു

ജി വിജയകുമാര്‍

ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം അമേരിക്കയുടെ അതിരുകളും കടന്ന് യൂറോപ്പിലേക്കും ആസ്ത്രേലിയയിലേക്കും കാനഡയിലേക്കുമെല്ലാം കാട്ടുതീപോലെ കത്തിപ്പടരുമ്പോള്‍, ഫ്ളോയിഡിന്‍റെ കൊലപാതകം നടന്ന് മൂന്നാഴ്ച തികയുംമുമ്പ്, അമേരിക്കയില്‍ മറ്റൊരു കറുത്ത മനുഷ്യന്‍കൂടി-ജോര്‍ജിയ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ അറ്റ്ലാന്‍റയില്‍ റെയ്ഷാര്‍ഡ് ബ്രൂക്സ് എന്ന 27 കാരന്‍കൂടി-വംശവെറിയുടെ വെടിയുണ്ടയ്ക്കിരയാക്കപ്പെട്ടു. കറുത്തവരെ കൊല്ലുകയെന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്ന വെള്ള വംശീയതയുടെ കാട്ടുനീതിയാണ് മുതലാളിത്തത്തിന്‍റെ ആഗോള ഹെഡ്ക്വാര്‍ട്ടേഴ്സായ അമേരിക്കയില്‍ കൊടികുത്തി വാഴുന്നത് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഈ കൊലപാതകത്തിലൂടെ.


നാലുമക്കളുടെ പിതാവായ റെയ്ഷാര്‍ഡ് ബ്രൂക്സ് മറ്റുള്ളവരുടെ വഴി തടസ്സപ്പെടുത്തി കാര്‍പാര്‍ക്ക്ചെയ്ത് അതിനുള്ളില്‍ കിടന്നുറങ്ങവെ, അറസ്റ്റുചെയ്യാനെത്തിയ പൊലീസിന് വഴങ്ങി അറസ്റ്റിന് സമ്മതിക്കാത്തതിനാലാണത്രെ വെള്ളക്കാരായ രണ്ട് പൊലീസുകാര്‍ ആ മനുഷ്യനെ അയാളുടെ മകളുടെ പിറന്നാളാഘോഷത്തിന്‍റെയന്ന് വെടിവെച്ചുവീഴ്ത്തിയത്. ഫ്ളോയിഡിന്‍റെ കൊലപാതകത്തിനുപിന്നാലെ നടന്ന ബ്രൂക്സിന്‍റെ കൊലപാതകത്തോടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. പ്രതിഷേധം ആളിക്കത്തിയതിനെ തുടര്‍ന്ന് ഈ രക്തത്തില്‍ തനിക്കു പങ്കില്ലെന്നുപറഞ്ഞ് അറ്റ്ലാന്‍റയിലെ പൊലീസ് മേധാവി എറിക് ഷീല്‍ഡ്സ് സ്ഥാനം രാജിവെച്ചു. 


കറുത്തവരെ കൊല്ലുന്നതിന് അമേരിക്കന്‍ പൊലീസിന് വലിയ കാരണമൊന്നും വേണമെന്നില്ല. ഫ്ളോയിഡിനെ ശ്വാസംമുട്ടിച്ചു കൊന്നത് 20 ഡോളറിന്‍റെ കള്ളനോട്ട് നല്‍കി കടയില്‍നിന്ന് സാധനംവാങ്ങാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്‍മേലാണ്. അതായത് കറുത്തവനായ ആ 42 കാരന്‍റെ ജീവന് 20 ഡോളര്‍പോലും വിലയില്ലെന്നാണ്. റെയ്ഷാന്‍ഡ് ബ്രൂക്സിനെ കൊന്നത് മറ്റുള്ളവര്‍ക്ക് വഴിതടസ്സമുണ്ടാക്കി കാര്‍പാര്‍ക്ക് ചെയ്തതിനാണ്. ഇതൊന്നും അമേരിക്കയില്‍ പുത്തരിയല്ല, പതിവാണ്.


അമേരിക്കന്‍ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് കറുത്തവര്‍-ആഫ്രോ അമേരിക്കന്‍ വംശജര്‍. എന്നാല്‍ പ്രതിവര്‍ഷം അമേരിക്കന്‍ പൊലീസിന്‍റെ വെടിയുണ്ടയ്ക്കിരയാകുന്ന ആയിരത്തോളം ആളുകളില്‍ 27 ശതമാനവും കറുത്തവരാണ്. അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ 30-35 ശതമാനത്തോളവും കറുത്തവരാണെന്നും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. നിസ്സാരമായ കുറ്റങ്ങള്‍ക്കാണ് പലപ്പോഴും കറുത്തവര്‍ കൊല്ലപ്പെടുന്നത്; ജയിലിലടയ്ക്കപ്പെടുന്നതും. 


ബ്രൂക്സും ഫ്ളോയിഡും-ബ്രൂക്സിനുപിന്നാലെ കറുത്തവരായ രണ്ട് ട്രാന്‍സ്ജന്‍ഡറുകളും കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നതിന് ഏതാനുംമാസം മുമ്പാണ് (മാര്‍ച്ച്മാസത്തില്‍) മയക്കുമരുന്ന് കൈവശംവെച്ചുവെന്നപേരില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായ ബ്രിയോന ടെയ്ലര്‍ വെള്ളപൊലീസിന്‍റെ വെടിയേറ്റുമരിച്ചത്. പിന്നീട് പരിശോധിച്ചപ്പോള്‍ അവരുടെ താമസസ്ഥലത്തുനിന്ന് മയക്കുമരുന്നിന്‍റെ പൊടിപോലും കണ്ടുകിട്ടിയില്ല. അതിനും തൊട്ടുമുമ്പ് ഫെബ്രുവരി 23നാണ് ഫുട്ബോള്‍ താരമായ അഹ്മദ് ആര്‍ബെറിയെ സായാഹ്നത്തില്‍ ജോഗിങ്ങിലേര്‍പ്പെട്ടിരിക്കവെ റിട്ടയേര്‍ഡ് പൊലീസുകാരനും മകനും പെരുവഴിയില്‍ വെടിവെച്ചുവീഴ്ത്തിയത്. 2018 സെപ്തംബറില്‍ ബോതം ജീന്‍ എന്ന ചെറുപ്പക്കാരനെ വെള്ളക്കാരിയായ ഒരു പൊലീസ് ഉദ്യോഗസ്ഥ വീടുമാറി ബോതമിന്‍റെ വീട് തന്‍റേതാണെന്ന ധാരണയില്‍ കയറുകയും ബോതം ജീന്‍ മോഷ്ടാവാണെന്ന് അലറിവിളിച്ച് വെടിവെച്ചു വീഴ്ത്തുകയുമാണുണ്ടായത്.


കറുത്തവര്‍ഗക്കാരനായ ഒബാമയുടെ ഭരണകാലത്തും സ്ഥിതി മെച്ചമായിരുന്നില്ല. 2014 ഡിസംബര്‍ 22നാണ് താമിര്‍റൈസ് എന്ന 12 കാരനെ പൊലീസ് വെടിവെച്ചുകൊന്നത്. കളിത്തോക്ക് ചൂണ്ടി കളിച്ചുകൊണ്ടിരുന്ന പയ്യന്‍ അത് താഴത്തിടാന്‍ വിസമ്മതിച്ചതിനാണ് തിമോത്തി ലോമാന്‍ എന്ന പൊലീസുകാരന്‍ വെടിവച്ചുവീഴ്ത്തിയത്. ജോര്‍ജ് ഫ്ളോയിഡിന്‍റേതിനു സമാനമായാണ് 2014 ജൂലൈയില്‍ എറിക് ഗാര്‍ണര്‍ എന്ന യുവാവിനെ കഴുത്തുഞെരിച്ച് കൊന്നത്. നിയമവിരുദ്ധമായി സിഗററ്റ് വില്‍ക്കുന്നുവെന്ന ആരോപണത്തിന്മേല്‍ പിടികൂടപ്പെട്ട ഗാര്‍ണറും "എനിക്ക് ശ്വാസംമുട്ടുന്നു"വെന്ന് നിലവിളിച്ചാണ് പിടഞ്ഞുമരിച്ചത്. 2014 ആഗസ്ത് 9നാണ് മൈക്കിള്‍ ബ്രൗണ്‍ എന്ന 16 കാരനെ വണ്ടിയില്‍ വലിച്ചിഴച്ച് പുറത്തിട്ട് കൈയുയര്‍ത്തിനിര്‍ത്തിയശേഷം പിന്നില്‍നിന്ന് വെടിവെച്ചു വീഴ്ത്തിയത്, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ. 2015 ജൂലൈയിലാണ് ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകയായ സാന്ദ്രബ്ലാന്‍ഡ് കൊല്ലപ്പെട്ടത്. പൊലീസിനെ കൈയേറ്റംചെയ്തുവെന്നുപറഞ്ഞ് അറസ്റ്റുചെയ്ത സാന്ദ്ര മൂന്നാം ദിവസം ടെക്സസിലെ ജയിലില്‍ മരിച്ചുകിടക്കുകയായിരുന്നു 'ആത്മഹത്യ'യാണത്രെ! ഇങ്ങനെ എത്രയെത്ര കൊലപാതകങ്ങള്‍. കൊല്ലപ്പെടുന്നത് കറുത്തവരെങ്കില്‍ വെള്ളക്കാരായ കൊലയാളികള്‍ക്ക് ശിക്ഷയുണ്ടാവാറില്ല; ശിക്ഷിക്കപ്പെട്ടാല്‍തന്നെ നിസ്സാരമായ ശിക്ഷമാത്രം. ചണ്ഡാലനെ ബ്രാഹ്മണന്‍ കൊലപ്പെടുത്തിയാല്‍ ശിക്ഷയില്ലെന്ന മനുവാദത്തിന്‍റെ ആധുനിക പാശ്ചാത്യ ശൈലി, മുതലാളിത്തത്തിന്‍റെ ശൈലി.
പൊലീസിന്‍റെ കാട്ടാളത്തത്തിനെതിരെ, അരും കൊലകള്‍ക്കെതിരെയുള്ള പ്രതിരോധ പ്രസ്ഥാനമായാണ് 2013 ജൂലൈ 13ന് ബ്ലാക് ലൈവ്സ് മാറ്റര്‍ എന്ന പ്രസ്ഥാനം രൂപംകൊണ്ടത്. 2012 ഫെബ്രുവരിയില്‍ ട്രയ്വോണ്‍ മാര്‍ട്ടിന്‍ എന്ന കൗമാരക്കാരനെ വെടിവെച്ചുകൊന്ന ജോര്‍ജ് സിമ്മര്‍മാന്‍ എന്ന വെള്ളക്കാരനായ പൊലീസുകാരനെ കോടതി കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച് രൂപംകൊണ്ടതാണ് ഈ സിവില്‍ നിയമനിഷേധ പ്രസ്ഥാനം. അലിഷ്യ ഗാര്‍സ, പാട്രിസെ കലോര്‍, ഒപാല്‍ തിമോത്തി എന്നിവരാണ് ആദ്യ സംഘാടകര്‍. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്‍റെ മാതൃകയില്‍ രൂപംകൊണ്ട ബ്ലാക് ലൈവ്സ് മാറ്റര്‍ (കറുത്ത ജീവനും വിലയുണ്ട്) പ്രസ്ഥാനം 2014ല്‍ മൈക്കിള്‍ ബ്രൗണിന്‍റെയും എറിക് ഗാര്‍ണറുടെയും കൊലപാതകങ്ങളെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കരുത്താര്‍ജിച്ചത്. 2014-15 കാലത്തുതന്നെ ഈ പ്രസ്ഥാനത്തിന് അന്താരാഷ്ട്ര മാനം കൈവന്നെങ്കിലും ഇപ്പോള്‍ ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നാണ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മൂലധനത്തിന്‍റെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ പിടിച്ചുകുലുക്കിക്കൊണ്ട് അത് ചുഴലിക്കൊടുങ്കാറ്റിനെപ്പോലെ ആഞ്ഞുവീശിയത്. 


ജോര്‍ജ് ഫ്ളോയിഡിന്‍റെ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത് അദ്ദേഹത്തിന് കോവിഡ്-19 രോഗം ബാധിച്ചിരുന്നുവെന്നുമാണ്. കൊറോണ വൈറസിന്‍റെ വ്യാപനം അമേരിക്കയില്‍ കറുത്തവരില്‍, മറ്റേതു വിഭാഗത്തെക്കാളേറെ അരക്ഷിതബോധം സൃഷ്ടിച്ചിരുന്നു. പണ്ടേതന്നെ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്ന അമേരിക്കന്‍ മുതലാളിത്തത്തെ കൊറോണ വ്യാപനം കൂടുതല്‍ അഗാധമായ പ്രതിസന്ധിയില്‍ അകപ്പെടുത്തിയതിന്‍റെ ഏറ്റവും വലിയ കെടുതി അനുഭവിക്കേണ്ടതായി വന്നത് കറുത്തവരാണ്. തൊഴിലും വരുമാനവും കിടപ്പാടവും ഇല്ലാതായ ഈ പരമദരിദ്രവിഭാഗത്തിന് സമ്പത്തോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ലാത്തതുകൊണ്ടുതന്നെ ചികിത്സ ലഭിക്കാതെ ശ്വാസംമുട്ടിയും പനിച്ചുവിറച്ചും മരിക്കുന്നതിന്‍റെ നോവില്‍ അസ്വസ്ഥതയോടെ കഴിയുന്നതിനിടയിലാണ് ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകം ഒരു തീപ്പൊരിയായി വന്നുപതിച്ചത്. ആ തീപ്പൊരി ഇന്ന് കാട്ടുതീയായി ലോകമാകെ മുതലാളിത്തത്തിന്‍റെ കോട്ടകൊത്തളങ്ങളെയാകെ ചുട്ടെരിക്കാനുള്ള കരുത്താര്‍ജിച്ച് പടര്‍ന്നുപിടിക്കുകയാണ്. 
ദശകങ്ങളായി ഉറഞ്ഞുകൂടിയ അസംതൃപ്തിയുടെ, ദാരിദ്ര്യവും അസമത്വവും സൃഷ്ടിച്ച അസംതൃപ്തിയുടെ മഹാവിസ്ഫോടനമാണ് ഇപ്പോള്‍ നടക്കുന്നത്. മുതലാളിത്തമാണ് തങ്ങളുടെ ദാരിദ്ര്യത്തിനും തങ്ങള്‍ അനുഭവിക്കുന്ന അസമത്വത്തിനും അടിച്ചമര്‍ത്തലിനുമെല്ലാം നിദാനമെന്ന കറുത്തവരും വെളുത്തവരുമുള്‍പ്പെടെയുള്ള തൊഴിലെടുക്കുന്നവരുടെ തിരിച്ചറിവും ജാഗ്രതയുമാണ് ഈ പ്രക്ഷോഭത്തില്‍ കാണാനാവുന്ന ശ്രദ്ധേയമായ വസ്തുത. 


വംശീയതയും വര്‍ഗീയതയും മുതലാളിത്തത്തിന്‍റെ സഹചാരിയായി മാറിയിരിക്കുന്നു. മുതലാളിത്തത്തിന്‍റെ അപരനാമങ്ങള്‍പോലെ ആയിത്തീര്‍ന്നിരിക്കുന്ന ഈ നവലിബറല്‍ കാലത്ത് വംശീയാക്രമണങ്ങള്‍ക്കെതിരായ പോരാട്ടം അനിവാര്യമായും മുതലാളിത്തത്തിനെതിരായ പോരാട്ടമായി മാറാതെ പറ്റില്ലെന്നും അതേപോലെ മുതലാളിത്തത്തിനെതിരായ ഏതു നീക്കവും വംശീയതയ്ക്കും വര്‍ഗീയതയ്ക്കും കൂടി എതിരായേ പറ്റൂവെന്ന അധ്വാനിക്കുന്നവന്‍റെയാകെ തിരിച്ചറിവാണ് ഇന്ന് ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന പ്രക്ഷോഭത്തില്‍ നമുക്കു കാണാനാവുന്നത്. മുതലാളിത്തം നിലനില്‍ക്കുവോളം വംശീയതയും മത-ജാതി വര്‍ഗീയതകളും വര്‍ണവിവേചനങ്ങളും മാത്രമല്ല ലിംഗപരമായ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും നിലനില്‍ക്കുമെന്നതിനാല്‍തന്നെ മുതലാളിത്തത്തിനെതിരായ പോരാട്ടവുമായി വേര്‍തിരിക്കാനാവാത്തവിധം ഉള്‍ചേര്‍ത്തുകൊണ്ടായിരിക്കണം ഈ എല്ലാവിധ സാമൂഹ്യ വിവേചനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരായ പോരാട്ടം മുന്നേറേണ്ടത്. ഇക്കാര്യമാണ് ഒന്നര നൂറ്റാണ്ടിനുമുമ്പ് അമേരിക്കയുടെ പശ്ചാത്തലത്തില്‍തന്നെ കാറല്‍മാര്‍ക്സും എംഗത്സും ചൂണ്ടിക്കാണിച്ചത്. അതുകൊണ്ടുതന്നെയാണ് അമേരിക്കയിലും ലോക മുതലാളിത്ത കേന്ദ്രങ്ങളിലാകെയും ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പടര്‍ന്നുപിടിച്ചിരിക്കുന്ന പ്രക്ഷോഭവേദികളിലെല്ലാം മാര്‍ക്സും ലെനിനും ചെഗുവേരയും ചര്‍ച്ചയാകുന്നത്, പ്രത്യക്ഷപ്പെടുന്നത്; സോഷ്യലിസമാണ് പരിഹാരം എന്ന് ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത്. 


സമ്പത്തിന്‍റെ അതിഭീകരമായ കേന്ദ്രീകരണമാണ്, ചുരുക്കം ചിലരുടെ കൈളില്‍ കുന്നുകൂടലാണ് മുതലാളിത്തത്തിന്‍റെ സവിശേഷത. അത് ഇന്ന് മുതലാളിത്തത്തിന്‍റെ തലതൊട്ടപ്പനായ അമേരിക്കയില്‍ മറ്റെവിടത്തെയുംകാള്‍ അധികമാണ്; അതുകൊണ്ടുതന്നെ അവിടെ അസമത്വവും അധികമാണ്. അമേരിക്കയിലെ 14 ലക്ഷം കോടി ഡോളര്‍ വാര്‍ഷിക വരുമാനവും ഒരു ലക്ഷം കോടി ഡോളറിലധികം ലാഭംകൊയ്യുന്നതുമായ 500 കോര്‍പ്പറേഷനുകളാണ് ആ രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്‍റെ (ജിഡിപി) മൂന്നില്‍ രണ്ടു ഭാഗവും കയ്യടക്കിയിട്ടുള്ളത് എന്നതാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് അമേരിക്കന്‍ സമൂഹത്തിലെ 0.1 ശതമാനം മാത്രമായ അതി സമ്പന്നരുടെ കീശയിലേക്കാണ് സ്വത്തിന്‍റെ മഹാഭൂരിപക്ഷവും എത്തുന്നത്. ഈ കോവിഡ്കാലത്ത് 99 ശതമാനം മനുഷ്യരും, സമ്പത്തിന്‍റെ സ്രഷ്ടാക്കളായ അധ്വാനിക്കുന്ന മനുഷ്യരാകെ പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് നട്ടം തിരിയുമ്പോള്‍ അമേരിക്കയിലെ ഈ അതിസമ്പന്ന വിഭാഗം 2020 മാര്‍ച്ച്മാസം  അവസാനവാരത്തിനും മെയ് ആദ്യവാരത്തിനുമിടയില്‍ മാത്രം 43,400 കോടി ഡോളറിന്‍റെ അധിക വരുമാനമുണ്ടാക്കിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതൊരു അമേരിക്കന്‍ പ്രതിഭാസം മാത്രമല്ല. ഇന്ത്യ ഉള്‍പ്പെടെ മുതലാളിത്ത കേന്ദ്രങ്ങളിലെയെല്ലാം സ്ഥിതി ഇതാണ്. 


സ്വാഭാവികമായും ഈ അസമത്വത്തിനെതിരെ, സ്വത്ത് കൊള്ളയടിക്കലിനെതിരെ അധ്വാനിക്കുന്നവരുടെ പ്രതിഷേധം ഉയര്‍ന്നുവരുന്നതു തടയാന്‍ സര്‍വമാര്‍ഗങ്ങളും സ്വത്തുടമവര്‍ഗം സ്വീകരിക്കുന്നു. അതിലൊന്ന് അധ്വാനിക്കുന്നവര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കി-വംശീയതയുടെയും ജാതീയതയുടെയും ദേശീയതയുടെയുമെല്ലാംപേരില്‍ അധ്വാനിക്കുന്നവനെ തമ്മില്‍ തല്ലിച്ച്-അവരുടെ സംഘടിത സമരശേഷി ഇല്ലാതാക്കലാണ്. 19-ാം നൂറ്റാണ്ടിലെ അമേരിക്കയിലെ അതിസമ്പന്നരില്‍ പ്രമാണിയായിരുന്ന ജേയ് ഗൗള്‍ഡ് പറഞ്ഞത്, "തൊഴിലാളിവര്‍ഗത്തില്‍ ഒരു വിഭാഗത്തെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ മറ്റേ വിഭാഗത്തെ ഉപയോഗിക്കും" എന്നാണ്. അമേരിക്കയിലെ കുറത്തവരുടെ വിമോചന പോരാട്ടവും ആഭ്യന്തരയുദ്ധവും നടന്ന അതേ കാലത്താണ് ഗൗള്‍ഡിന്‍റെ വാക്കുകള്‍ വന്നതെന്ന് നാം ഓര്‍ക്കണം. 


മറ്റൊന്ന് "ക്രമസമാധാന"ത്തിന്‍റെയും "നിയമവാഴ്ച"യുടെയും പേരില്‍ ഭരണകൂടം കൂടുതല്‍ അക്രാമകമാകുന്നതാണ്; ജനാധിപത്യത്തിന്‍റെ എല്ലാ പൊയ്മുഖങ്ങളും വലിച്ചെറിഞ്ഞ് ബൂര്‍ഷ്വാസി സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിനാണ്-ഭരണകൂടം അക്ഷരാര്‍ഥത്തില്‍ ഒരു പൊലീസ് സ്റ്റേറ്റായി മാറുന്നതിനാണ് മുതലാളിവര്‍ഗം അധ്വാനിക്കുന്നവനില്‍നിന്നുള്ള വെല്ലുവിളി നേരിടുമ്പോഴെല്ലാം നാം കാണുന്നത്. അമേരിക്കയില്‍ ജനാധിപത്യം ഒരു ബൂര്‍ഷ്വാ സര്‍വാധിപത്യത്തിനുള്ള മുഖംമൂടി മാത്രമാണെന്ന് അനുദിനം അധികമധികം വ്യക്തമായി വരുന്നതാണ് നിരവധി ദശകങ്ങളായി നാം കാണുന്നത്. "നിയമവാഴ്ച" സംരക്ഷിക്കാനെന്നപേരില്‍ അമേരിക്കന്‍ ഭരണകൂടം നിരവധി രൂപങ്ങളിലുള്ള പൊലീസ് സംവിധാനത്തെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഫെഡറല്‍ (കേന്ദ്ര) ഗവണ്‍മെന്‍റിനുകീഴില്‍തന്നെ ഡിഇഎ, എടിഎഫ്, എഫ്ബിഐ, ഐസിഇ, ട്രഷറി പൊലീസ്, യുഎസ് മാര്‍ഷല്‍സ്, സീക്രട്ട് സര്‍വീസ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളുണ്ട്. ഇതിനെല്ലാമുപരിയായി കര-നാവിക-വ്യോമസേനകള്‍ക്ക് വെവ്വേറെ പൊലീസ് സംവിധാനമുണ്ട്. പാര്‍ട്ടൈം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഗാര്‍ഡുപോലും സൈനിക സന്നാഹങ്ങളുള്ള പൊലീസ്തന്നെയാണ്. ഇതിനുപുറമെ 50 സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ പൊലീസ് സംവിധാനമുണ്ട്. കൗണ്ടികള്‍ക്കും (ജില്ല) മുന്‍സിപ്പാലിറ്റികള്‍ക്കുംവരെ പ്രത്യേകം പൊലീസ് സംവിധാനമുണ്ട്. അമേരിക്കയില്‍. 2018ലെ കണക്കനുസരിച്ച് പൂര്‍ണസമയ "ക്രമസമാധാനപാലകര്‍" മാത്രം 6,90,000 പേരുണ്ട്. അങ്ങനെയുള്ള ഒരു പൊലീസ്സ്റ്റേറ്റില്‍ മര്‍ദിത ജനവിഭാഗത്തിനുനേരെ പൊലീസിന്‍റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. 


സംഘടിത സമരങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ബൂര്‍ഷ്വാ ഭരണകൂടത്തിന്‍റെ വിഭാഗീയ നീക്കങ്ങളെയും മര്‍ദന നടപടികളെയും എതിരിട്ടുകൊണ്ടാണ് കറുത്തവനെന്നോ വെളുത്തവനെന്നോ ഭേദമില്ലാതെ അധ്വാനിക്കുന്നവന്‍റെ പടയോട്ടമായി കോവിഡാനന്തരകാലത്ത് ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രക്ഷോഭം മാറിക്കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ആദിമ നിവാസികളെ കൊന്നൊടുക്കി യൂറോപ്യന്‍ ആധിപത്യം ഉറപ്പിക്കാന്‍ തുടക്കംകുറിച്ച്, 'അമേരിക്ക കണ്ടെത്തിയ' ക്രിസ്റ്റഫര്‍ കൊളംബസിന്‍റെയും അടിമ ഉടമകളായിരുന്ന, അടിമത്തം ഉറപ്പിക്കാന്‍ പ്രവര്‍ത്തിച്ച ആദ്യകാല അമേരിക്കന്‍ ഭരണാധികാരികളുടെയും പ്രതിമകള്‍ ഒന്നൊന്നായി പ്രതിഷേധ പ്രക്ഷോഭകര്‍ ഇടിച്ചുനിരത്തുകയാണ്.
ബ്രിട്ടനിലെ ബ്രിസ്റ്റോളില്‍ 17-ാം നൂറ്റാണ്ടിലും 18-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലും ആഫ്രിക്കയില്‍നിന്ന് കറുത്തമനുഷ്യരെ വേട്ടയാടിപ്പിടിച്ച് യൂറോപ്പിലെയും അമേരിക്കയിലെയും അടിമച്ചന്തകളില്‍ കൊണ്ടുപോയി വിറ്റ് അതി സമ്പന്നനായ എഡ്വേര്‍ഡ് കോള്‍സ്റ്റണ്‍ എന്ന കുപ്രസിദ്ധ അടിമക്കച്ചവടക്കാരന്‍റെ 18 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമയെയാണ് പ്രതിഷേധ പ്രക്ഷോഭകര്‍ തകര്‍ത്തത്. 1895 മുതല്‍ ബ്രിസ്റ്റോളില്‍ അടിമത്തത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും ഓര്‍മകളുണര്‍ത്തി നിന്നിരുന്ന കോള്‍സ്റ്റണിന്‍റെ പ്രതിമയെ നിലംപതിപ്പിക്കുക മാത്രമല്ല നഗര കേന്ദ്രത്തിലൂടെ വലിച്ചിഴച്ച് അടുത്തുള്ള പുഴയിലേക്ക് തള്ളുകയാണുണ്ടായത്. അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലും ആസ്ത്രേലിയയിലുമെല്ലാം ഇത്തരം നൂറുകണക്കിന് പ്രതിമകളാണ് തകര്‍ത്തെറിയപ്പെട്ടത്. 
അമേരിക്കയിലെ 1500 ഓളം നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമ കേന്ദ്രങ്ങളിലുമെന്നപോലെ ബ്രിട്ടനിലെ ലണ്ടനിലും ബ്രിസ്റ്റോളിലും മാഞ്ചസ്റ്ററിലും ഗ്ലാസ്ഗോവിനും വെയിത്സിലുമെല്ലാം കറുത്ത ജീവനും വിലയുണ്ടെന്ന് മുദ്രാവാക്യമുയര്‍ത്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. വെയിത്സില്‍ 1984ലെ ഖനി തൊഴിലാളി സമരം അടിച്ചമര്‍ത്തപ്പെട്ടശേഷം നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ഇപ്പോഴത്തേത്. കാനഡയിലെയും ആസ്ത്രേലിയയിലെയും ജര്‍മനിയിലെയും ഫ്രാന്‍സിലെയും അയര്‍ലണ്ടിലെയുമെല്ലാം പ്രധാന നഗരങ്ങളെ പിടിച്ചുകുലുക്കുന്ന പ്രകടനങ്ങളാണ് അരങ്ങേറപ്പെടുന്നത്. കറുപ്പെന്നോ വെളുപ്പെന്നോ ഉള്ള നിറഭേദമില്ലാതെ ഏറെയും കൗമാരക്കാരാണ് ചെറുപ്പക്കാരാണ്, വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ഈ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ കാണപ്പെടുന്നത്. "വംശീയതയും മുതലാളിത്തവും ഇരട്ട വിപത്തുകള്‍", "മുതലാളിത്തം വംശീയതയാണ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കപ്പെടുന്നത് എന്നതാണ് ശ്രദ്ധേയമായ സംഗതി.