തൊഴിലുറപ്പു പദ്ധതി: പ്രചാരണവും യാഥാര്‍ഥ്യവും

കെ ആര്‍ മായ

രാജ്യത്തെ കോടിക്കണക്കായ ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും കാണിക്കാതെ, മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ ദുരിതഫലങ്ങള്‍ ഏറെയും വന്നുപതിച്ചത് അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന ബഹുഭൂരിപക്ഷംവരുന്ന തൊഴിലാളികള്‍ക്കുമേലാണ്. പ്രത്യേകിച്ച്, ഗ്രാമ-നഗരങ്ങളിലെ തൊഴിലുറപ്പു പദ്ധതിക്കുകീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലും ഉപജീവനമാര്‍ഗവും നഷ്ടമായി. 


ലോക്ഡൗണ്‍ കാരണം വ്യവസായങ്ങളെല്ലാം അടച്ചിട്ടത് അവയില്‍ പണിയെടുത്തിരുന്ന വലിയൊരുവിഭാഗം തൊഴിലാളികള്‍ക്കും തൊഴിലില്ലാതാക്കി. നാട്ടിലേക്ക് മടങ്ങിയ അവര്‍ക്ക് ഏക ആശ്രയം തൊഴിലുറപ്പു പദ്ധതിയാണ്. പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ചെയ്തവരുടെ വര്‍ധിതമായ തോത് കാണിക്കുന്നത് ഇതാണ്. ലോക്ഡൗണ്‍മൂലമുണ്ടായ വരുമാന നഷ്ടംകാരണം 50% ദരിദ്രര്‍ക്കും പൂര്‍ണ്ണമായും വരുമാനമില്ലാതെയായി. ആദ്യത്തെ 21 ദിവസത്തെ ലോക്ഡൗണ്‍ ഘട്ടത്തില്‍ നഗരപ്രദേശങ്ങളിലെ 62% പേര്‍ക്കും ഗ്രാമങ്ങളിലെ 50% പേര്‍ക്കും വരുമാനം ഇല്ലാതെയായി. ഏപ്രിലിനും ജൂണിനുമിടയിലെ മൂന്നു ഘട്ടങ്ങളിലായുള്ള ലോക്ഡൗണില്‍ നഗരങ്ങളിലെ 66% പേര്‍ക്കും വരുമാനമില്ലാതെയായി. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കനുസരിച്ച് മാര്‍ച്ച് മാസത്തില്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ 8.49% ആയിരുന്നത്, ഏപ്രില്‍ അവസാനമായപ്പോഴേക്ക് 22.67% ആയി, മൂന്നിരട്ടിയായി വര്‍ധിച്ചു. 


ഇങ്ങനെ നിലവിലുള്ള തൊഴിലാളികള്‍ക്കുപോലും ഉള്ള തൊഴില്‍കൂടി നഷ്ടമായിരിക്കുമ്പോഴാണ് കുടിയേറ്റത്തൊഴിലാളികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കുകീഴില്‍ തൊഴില്‍ നല്‍കുമെന്ന പൊള്ളയായ അവകാശവാദം മോഡി ഗവണ്‍മെന്‍റുയര്‍ത്തുന്നത്. 2020 മെയ് 16വരെ 1435.75 ലക്ഷം പേര്‍ അപേക്ഷ നല്‍കിയതില്‍ 1374.36 ലക്ഷം പേര്‍ക്കു മാത്രമാണ് തൊഴില്‍ കാര്‍ഡ് ലഭിച്ചത്. അതായത് രജിസ്റ്റര്‍ചെയ്ത 61.39 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് ലഭിച്ചില്ല. 766.75 ലക്ഷം കാര്‍ഡുകളേ ആക്ടീവായുള്ളൂ. (ആക്ടീവ് കാര്‍ഡുകളെന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ ഒരാളെങ്കിലും ജോലിചെയ്തിരിക്കണം എന്നര്‍ത്ഥം). ഈ സാഹചര്യത്തിലാണ് അതത് സംസ്ഥാനങ്ങളിലേക്ക് വന്നുചേരുന്ന പത്തുകോടിയോളംവരുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കുകീഴില്‍ തൊഴില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കുന്നത്. 


ഇനി വരുമാനത്തിന്‍റെ കാര്യമെടുക്കാം. തൊഴിലുറപ്പു പദ്ധതിയിന്‍കീഴില്‍ ഒരു തൊഴിലാളിക്ക് മിനിമംകൂലി പ്രതിദിനം 200/- രൂപയാണ്. മേല്‍പറഞ്ഞ ആക്ടീവ് കാര്‍ഡുകളുള്ള 766.75 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിദിനം 200 രൂപ കൂലി എന്ന നിരക്കില്‍ 100 ദിവസത്തേക്ക് 1,53,350 കോടി രൂപ വേണം. തൊഴില്‍ കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും 100 ദിവസത്തേക്ക് 200 രൂപ വീതം പ്രതിദിനം കൂലി നല്‍കണമെങ്കില്‍ 2,87,146 കോടി രൂപ ആവശ്യമായി വരും. നിലവിലെ സാഹചര്യത്തില്‍ 200 ദിവസത്തെ തൊഴില്‍ ദിനങ്ങളെങ്കിലും പ്രദാനം ചെയ്യേണ്ടതുണ്ട്. അതിന്, 3,06,700 കോടി രൂപ ഖജനാവില്‍നിന്നും ചെലവാക്കേണ്ടതായി വരും. ഈ കണക്കുകളെല്ലാംതന്നെ ഗ്രാമങ്ങളില്‍ മുമ്പ് നിലവിലുണ്ടായിരുന്ന തൊഴില്‍ സേനയുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ഓരോ സംസ്ഥാനങ്ങളിലുമായി ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ മടങ്ങിവരുമ്പോള്‍ ഇതല്ല സ്ഥിതി. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 14 കോടിയിലേറെ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്കു മടങ്ങിവരുന്ന സാഹചര്യത്തില്‍ അത് ഗ്രാമങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 40-50 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടാക്കുമെന്നാണ് കണക്ക്. 2020-21 ബജറ്റില്‍ എംജിഎന്‍ആര്‍ഇജിയ്ക്കായി 61,500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2019-20നെ അപേക്ഷിച്ച് ഇത് 9,500 കോടി രൂപ കുറവാണ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 40,000 കോടി രൂപ കൂടി ചേര്‍ത്താല്‍ മൊത്തം തുക 1,01,500 കോടി രൂപ. കഴിഞ്ഞവര്‍ഷം ജോലിചെയ്തവരുടെ എണ്ണം 8.23 കോടിയാണ്. ഇനി ഒരു കോടി കുടുംബത്തിനുകൂടി ഒരു വര്‍ഷത്തേക്ക് 100 ദിവസത്തെ ജോലി നല്‍കേണ്ടതുണ്ട്. അപ്പോള്‍ ഇതിനായി കുറഞ്ഞത് 24,600 കോടി രൂപ അനുവദിക്കണം. അതിനാല്‍ ഇപ്പോഴനുവദിച്ചിട്ടുള്ള തുക തീര്‍ത്തും അപര്യാപ്തമാണ്. മാത്രവുമല്ല, 4,431 കോടി രൂപയാണ് കുടിശ്ശികയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കാനുള്ളത്. 


എംജിഎന്‍ആര്‍ഇജി പദ്ധതിക്കുള്ള ബജറ്റ് വകയിരുത്തലിലെ മതിയായ തുകയുടെ അഭാവം അതിന്‍റെ നടത്തിപ്പിനെ സാരമായി ബാധിക്കും. മാത്രവുമല്ല കേന്ദ്രത്തില്‍നിന്നുള്ള ക്രമരഹിതവും അപര്യാപ്തവുമായ ഫണ്ടുവിതരണവും സാമ്പത്തിക പ്രതിസന്ധിമൂലം വിഹിതം നല്‍കുന്നതിനുള്ള സംസ്ഥാനങ്ങളുടെ കഴിവില്ലായ്മയും തൊഴിലുറപ്പു പദ്ധതിയുടെ നിലനില്‍പുതന്നെ അവതാളത്തിലാക്കും. 
ഗവണ്‍മെന്‍റിന്‍റെതന്നെ ഔദ്യോഗിക ഡാറ്റയനുസരിച്ച് 2020 ഏപ്രിലില്‍ 34 ലക്ഷം കുടുംബങ്ങള്‍ക്കുമാത്രമാണ് തൊഴില്‍ ലഭിച്ചത്. 2019 ഏപ്രിലിലെ 1.7 കോടിയുമായി താരതമ്യംചെയ്താല്‍ ഏകദേശം 82ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. ഏഴുവര്‍ഷംമുമ്പ്, 2013 ഏപ്രിലിനുശേഷമുള്ള വലിയ ഇടിവാണിത്. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ 19 ഇടത്തും 10,000ത്തില്‍ താഴെ കുടുംബങ്ങള്‍ക്കുമാത്രമാണ് തൊഴില്‍ ലഭിച്ചത്. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുംപോലും യഥാക്രമം 74,000 ഉം 54,000 ഉം കുടുംബങ്ങള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. 


ലോക്ഡൗണ്‍മൂലം തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചു. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുപ്രകാരം ലോക്ഡൗണിനുമുമ്പുതന്നെ ഇന്ത്യയില്‍ 14 കോടി തൊഴിലുകളാണ് നഷ്ടമായത്. ലോക്ഡൗണിനുശേഷമാകട്ടെ ഇന്ത്യയിലെ 40 കോടിയിലേറെ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത് (യുഎന്‍). എന്നാല്‍ ഇതൊന്നും നേരിടാനുള്ള നയങ്ങളോ പ്രായോഗിക പദ്ധതികളോ മോഡി ഗവണ്‍മെന്‍റിനില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. 


സാമൂഹികവും സാമ്പത്തികവുമായി അസമത്വം അനുഭവിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ദരിദ്രരായ സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഏക ആശ്രയമാണ് തൊഴിലുറപ്പുപദ്ധതി. ഭരണഘടനയുടെ 14ഉം 21ഉം അനുച്ഛേദങ്ങള്‍ പൗരന് ആരോഗ്യവും ഉപജീവനവും ഉറപ്പുനല്‍കുന്നുണ്ട്. മോഡി ഗവണ്‍മെന്‍റ് അത് നിഷേധിക്കുന്നതിലൂടെ ഭരണഘടനയെത്തന്നെ ലംഘിക്കുകയാണ്. 


ഇന്ത്യ നേരിടാന്‍പോകുന്ന, പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും ജീവിത ദുരിതങ്ങളുടെയും നേര്‍ ചിത്രങ്ങളാണ് ലോക്ഡൗണ്‍ ഘട്ടത്തിലാകെ നാം കണ്ടത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കൃഷിയും കാര്‍ഷികോല്‍പാദനവും ഉത്തേജിപ്പിക്കുന്നതിനും ജനസംഖ്യയുടെ പകുതിയോളംവരുന്ന തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുനല്‍കുന്നതിനും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയാകെ പുനരുജ്ജീവിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അടിയന്തര നടപടികള്‍ മോഡിഗവണ്‍മെന്‍റ് കൈക്കൊള്ളുന്നില്ലായെങ്കില്‍ ലോക്ഡൗണ്‍ ഘട്ടത്തിലെന്നപോലെ അവസാനിക്കാത്ത ജീവിത ദുരിതങ്ങള്‍ക്കാവും ഇന്ത്യ സാക്ഷ്യംവഹിക്കുക.