രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന ബിജെപി വാഴ്ച്ച

നൂപുര്‍ ശര്‍മയും നവീന്‍കുമാറും അത്രയൊന്നും പ്രസിദ്ധരല്ല, ബിജെപിയില്‍പോലും. ആദ്യത്തെയാള്‍ ആ പാര്‍ടിയുടെ ദേശീയവക്താവാണ്. രണ്ടാമത്തെയാള്‍ ഡല്‍ഹി ഘടകത്തിന്‍റെ മീഡിയാ ചുമതലക്കാരനും. അവര്‍ നടത്തിയ മതനിന്ദ ഇന്ന് ബിജെപിയെ മാത്രമല്ല,രാജ്യത്തെയാകെ ആഗോളതലത്തില്‍ കടുത്ത വിമര്‍ശനത്തിനും ഒറ്റപ്പെടുത്തലിനും ഇടയാക്കി.ബിജെപി മാത്രമല്ല, മോദി സര്‍ക്കാരാകെ ഈ എതിര്‍പ്പിനെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.
 

എന്താണ് കാരണം? ആര്‍എസ്എസും അതിന്‍റെ രാഷ്ട്രീയകക്ഷിയായ ബിജെപിയും ഇത്രയും കാലമായി ഒരു നിയന്ത്രണവും ഇല്ലാതെ വളര്‍ത്തിക്കൊണ്ടുവന്ന അന്യമതനിന്ദയാണ് മെയ് അവസാനവാരം നൂപുര്‍ ശര്‍മയും നവീന്‍കുമാറും ഒരു പ്രകോപനവുമില്ലാതെ പ്രകടിപ്പിച്ചത്. ഇസ്ലാം മതത്തെയും അതിന്‍റെ പ്രവാചകനെയും കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിനകത്തു മാത്രമല്ല, അന്താരാഷ്ട്രരംഗത്തും വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി. പല മുസ്ലീംരാഷ്ട്രങ്ങളും അവയുടെ ഔപചാരികമായ പ്രതിഷേധവും എതിര്‍പ്പും ഇന്ത്യാ ഗവണ്‍മെന്‍റിനെ അറിയിച്ചു. പുറമെ, 57 മുസ്ലീം രാജ്യങ്ങളുടെ സംഘടനയായ ഒഐസിയും ഔപചാരികമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.


ഇങ്ങനെ മൂന്നു വന്‍കരകളിലെ രാജ്യങ്ങളില്‍ നിന്നു സാര്‍വത്രികമായി ഉയര്‍ന്നുവന്ന എതിര്‍പ്പിന്‍റെ വെള്ളപ്പൊക്കം ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും അക്ഷരാര്‍ഥത്തില്‍തന്നെ
ഞെട്ടിച്ചു. തങ്ങളുടെ പാര്‍ടിവേദിയില്‍ അല്ലെങ്കില്‍പൊതുവേദിയില്‍, മാധ്യമങ്ങളില്‍ ഒക്കെയാണ് അവ ഇത്തരത്തില്‍ മതനിന്ദ പ്രകടിപ്പിക്കാറുള്ളത്. കുറച്ചൊക്കെ എതിര്‍പ്പുണ്ടാകാറുമുണ്ട്.അതിലേറെ പിന്തുണ തുടര്‍ന്ന് ബിജെപി വൃത്തങ്ങളില്‍ നിന്നും സങ്കുചിതമായ ഹിന്ദുമതവിശ്വാസം പുലര്‍ത്തുന്നവരില്‍ നിന്നും ഉണ്ടാകും. ഇങ്ങനെ വര്‍ഗീയതയെ എതിര്‍ക്കുന്നവരോട് എതിര്‍പ്പു പ്രകടിപ്പിക്കുകയോ, അതിനെ മൗനമായി പിന്താങ്ങുകയോ ചെയ്യുന്നവരുടെ പിന്തുണയോടെ ആണ് 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്.

2019 വരെയുള്ള കാലത്ത് മോദി സര്‍ക്കാര്‍ രാജ്യത്തെ കുഴപ്പത്തില്‍കൊണ്ടുചാടിക്കുകയേ ഉണ്ടായിട്ടുള്ളൂ. രാജ്യത്താകെ മുസ്ലീങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും നേരെ കടന്നാക്രമണങ്ങള്‍ നടത്തുന്നതിന് എല്ലാ പിന്തുണയും ആ സര്‍ക്കാര്‍ നല്‍കി; ചെയ്യാവുന്നിടത്തോളം അക്രമങ്ങള്‍ അതു ചെയ്തു. ന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും മോദി സര്‍ക്കാരിനു കീഴില്‍ നേരിടേണ്ടിവന്ന ആക്രമണങ്ങള്‍ക്കുംപീഡനങ്ങള്‍ക്കും കയ്യും കണക്കുമില്ല.അതുമാത്രമല്ല ആ സര്‍ക്കാര്‍ ചെയ്തത്. 2016ല്‍ ഒരു നവംബര്‍ രാത്രിയില്‍ 1000
ത്തിന്‍റെയും 500 ന്‍റെയും കള്ളനോട്ടുകളെല്ലാം റദ്ദാക്കിക്കൊണ്ട് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തന്നെ വലിയ കുഴപ്പത്തിലാക്കി. അതില്‍ നിന്നു കരകയറാന്‍ കഴിയുന്നതിനുമുമ്പ് 2017 ജൂലൈ ഒന്നിനു ജിഎസ്ടി നടപ്പാക്കി. ഇങ്ങനെ സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളില്‍ മോദി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ രാജ്യത്തെയും ജനങ്ങളെയും വലിയ കുഴപ്പത്തില്‍ ആഴ്ത്തി.

ഇത്രയൊക്കെ ജനദ്രോഹം നടത്തിയിട്ടും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വീണ്ടും അധികാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടത് രണ്ടു കാരണങ്ങളാണ്. ഒന്ന്, പ്രതിപക്ഷം അത്രമാത്രം
അനൈക്യത്തിലായിരുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയഭീഷണിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിമ്പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സുംഅതുപോലുള്ള രാഷ്ട്രീയ സമീപനമുള്ള കക്ഷികളും ഫലപ്രദമായി ശ്രമിച്ചിരുന്നില്ല. മറിച്ച്, 2019ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്, ഇന്ത്യ - പാകിസ്താന്‍ അതിര്‍ത്തിയില്‍ താല്‍ക്കാലികമായി പ്രശ്നം കുത്തിപ്പൊക്കി പാകിസ്താന്‍റെ ഭീഷണി നേരിടുന്നതിനു മോദി നയിക്കുന്ന സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന പ്രതീതി ജനങ്ങളില്‍ പ്രചരണംവഴി സൃഷ്ടിച്ചു.


കഴിഞ്ഞ എട്ടു വര്‍ഷത്തെ ബിജെപി വാഴ്ചയുടെ ചരിത്രം സൂചിപ്പിച്ചത്, രാജ്യത്തെ അന്തരീക്ഷം മതനിരപേക്ഷ ജനാധിപത്യപരമല്ല എന്നു ചൂണ്ടിക്കാണിക്കാനാണ്. രാജ്യത്ത്  ഇപ്പോഴും മേല്‍ക്കൈ വര്‍ഗീയ വികാരത്തിനാണ്. ആ പശ്ചാത്തലത്തില്‍ നൂപുര്‍ ശര്‍മയുടെയും നവീന്‍കുമാറിന്‍റെയും അന്യമതനിന്ദയെ രാജ്യത്തിനകത്ത് ഉടന്‍ മതനിരപേക്ഷ ചിന്താഗതിക്കാര്‍
കയ്യോടെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായില്ല, അവര്‍ മതഭ്രാന്തിന്‍റെ വക്താക്കളാണെന്നും ഇന്ത്യ എല്ലാ മതങ്ങളുമായും സമഭാവനയോടെ പെരുമാറാന്‍ പ്രതിജ്ഞാബദ്ധമായരാജ്യമാണെന്നും പറയാന്‍ മതനിരപേക്ഷതയുടെ ഭാഗത്തുനിന്നും ഉടന്‍ അത്തരമൊരു ശബ്ദം ഉയര്‍ന്നില്ല.

മുസ്ലീം രാജ്യങ്ങളില്‍ നിന്ന് ഉടന്‍ പ്രതിഷേധം ഉയര്‍ന്നുവരാന്‍ രണ്ടു കാരണങ്ങളുണ്ട്. മോദി സര്‍ക്കാരും ബിജെപിയും രാജ്യത്ത് കഴിഞ്ഞ എട്ടുവര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അന്യ
മത വിദ്വേഷപ്രചരണവും പീഡനവും നടപടികളും ഈ രാജ്യങ്ങളൊക്കെ കാണുന്നുണ്ട്. ഈ പ്രവണത സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വര്‍ധിച്ചു വരികയാണെന്നും അതിനു മുസ്ലീം ജനസാമാന്യം പ്രത്യേകിച്ചും മറ്റു മതക്കാര്‍ പൊതുവിലും ഇരകളാണെന്നും അവ കാണുന്നുണ്ട്. അങ്ങനെ അന്യമതനിന്ദയും പീഡനവും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് നൂപുര്‍ ശര്‍മയും നവീന്‍ കുമാറും ഇസ്ലാം മതത്തെയും പ്രവാചകനെയും കുറിച്ച് മോശപ്പെട്ട അഭിപ്രായപ്രകടനം നടത്തിയതായി ആ രാജ്യങ്ങള്‍ കണ്ടത്.

വിവിധ മതങ്ങളും വിശ്വാസങ്ങളും ഉള്ള സമൂഹമാണ് ഇന്ത്യയിലുള്ളത്. അവരില്‍ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളാണ്. എങ്കിലും, മതനിരപേക്ഷത ഭരണഘടനയുടെ അടിത്തറയാക്കുകയും അത് കര്‍ശനമായി പാലിക്കുകയും ചെയ്താണ് ഇന്ത്യ ഇതേവരെ നാനാമണ്ഡലങ്ങളിലും പുരോഗമിച്ചത്. അതിനെയാകെ വെല്ലുവിളിക്കാന്‍ മാത്രമല്ല, തച്ചുതകര്‍ക്കാനും ഒരുമ്പെടുന്ന പാര്‍ടിയാണ് ബിജെപി. എന്നാല്‍, പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുണ്ട് എന്നുവച്ച് ഇന്ത്യന്‍ സമൂഹത്തിന്‍റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടാന്‍ അവര്‍ക്ക് അധികാരമില്ല. അയല്‍രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുക എന്നതും മതവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക എന്നതും പ്രധാനമാണ്. ബിജെപിയുടെ കൈമുതല്‍ മതദ്വേഷവും അതുളവാക്കുന്ന ധാര്‍ഷ്ട്യവുമാണ്. ഈ സമീപനം പുലര്‍ത്തിക്കൊണ്ട് അന്താരാഷ്ട്ര ബന്ധങ്ങള്‍ നല്ല നിലയില്‍ നിലനിര്‍ത്താന്‍ കഴിയില്ല എന്നാണ് ഒഐസിയും വിവിധ മുസ്ലീം രാഷ്ട്രങ്ങളും അവയുടെ പ്രതിഷേധത്തിലൂടെ സ്പഷ്ടമാക്കിയിരിക്കുന്നത്.


കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെ ഒരു പ്രശ്നത്തെയും തൃപ്തികരമായി കൈകാര്യം ചെയ്യാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. അവയെ നേരിടാന്‍ കഴിയാതെ
കുഴങ്ങുന്നതിനിടയിലാണ് ബിജെപിയുടെ ചില നേതാക്കള്‍ മതനിന്ദ പ്രചരിപ്പിച്ച് നിരവധി സുഹൃദ്  രാജ്യങ്ങളെ അകറ്റുന്നത്.

 

മതനിന്ദയും മതസംഘട്ടനങ്ങളും നടത്താ ന്‍ മാത്രം കഴിയുന്ന തെമ്മാടിക്കൂട്ടമാണ് ബിജെപിഎന്ന വസ്തുത സംശയാതീതമായി പുറത്തുകൊണ്ടുവന്നു എന്നതാണ് നൂപുര്‍ ശര്‍മയുടെയും നവീന്‍കുമാറിന്‍റെയും അപലപനീയവും ദുരുപദിഷ്ടവുമായ പ്രസ്താവനകളും, അതുയര്‍ത്തിയ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്കുമുന്നില്‍ വെറങ്ങലിച്ചു നില്‍ക്കുന്ന മോദി സര്‍ക്കാരും വെളിപ്പെടുത്തുന്നത്.•