ബഹുജന രാഷ്ട്രീയ വിദ്യാഭ്യാസത്തിനൊരു ചുവടുവയ്പ്പ്
പാര്‍ടി സംസ്ഥാന സമ്മേളനം ബഹുജന രാഷ്ട്രീയ വിദ്യാഭ്യാസം സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം എടുക്കുകയുണ്ടായി. ബ്രാഞ്ചുതലത്തില്‍ ചിന്ത റീഡേഴ്സ് ഫോറം രൂപീകരിക്കണം,മൂന്നു മാസത്തിലൊരിക്കല്‍ മുന്‍കൂട്ടി സംസ്ഥാനതലത്തില്‍ നിശ്ചയിച്ച വിഷയം ഫോറത്തില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യണം. ഇതിനുള്ള രേഖകളും മാര്‍ഗനിര്‍ദ്ദേശങ്ങളും ചിന്ത വാരികയില്‍ പ്രസിദ്ധീകരിക്കും. ബഹുജന രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ ഒരു നാഴികക്കല്ലായ ഈ തീരുമാനം ഈ മാസം മുതല്‍ നടപ്പാക്കുകയാണ്.
റീഡേഴ്സ് ഫോറം സംഘടന
സംസ്ഥാനത്ത് മൊത്തം 35129 പാര്‍ടി ബ്രാഞ്ചുകളാണുള്ളത്. എല്ലാ ബ്രാഞ്ചുകളും രണ്ടുവീതം വരിക്കാരെ ചേര്‍ക്കണമെന്ന തീരുമാനം പാര്‍ടി എടുത്തിട്ടുണ്ട്. അത് നടപ്പിലാക്കപ്പെടുമ്പോള്‍ എല്ലാ ബ്രാഞ്ച് അതിര്‍ത്തികളിലും ചിന്ത എത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകും. ഇതിന്റെ തുടര്‍ച്ചയായി ജൂണ്‍ മാസത്തില്‍ എല്ലാ ബ്രാഞ്ചുകളും ചിന്ത റീഡേഴ്സ് ഫോറം രൂപീകരിക്കണം. ഫോറത്തിന് ഒരു കണ്‍വീനര്‍ ഉണ്ടാകണം. ഫോറത്തില്‍ 200 അംഗങ്ങള്‍ വരെയാകാം. അംഗത്വത്തിനു പ്രത്യേക നിബന്ധനകളൊന്നും ഇല്ല. അംഗത്വ രജിസ്റ്ററില്‍ പേര് എഴുതി ഒപ്പിടണം. അംഗത്തിന്റെ ഏക കടമ മൂന്നു മാസത്തിലൊരിക്കല്‍ നടക്കുന്ന ചിന്ത റീഡേഴ്സ് ഫോറം ചര്‍ച്ചാ യോഗത്തില്‍ പങ്കെടുക്കുകയെന്നതു മാത്രമാണ്.
അംഗത്വ രജിസ്റ്ററില്‍ ഒന്നിനു താഴെ മറ്റൊന്നായി അംഗങ്ങളുടെ പേരുകള്‍ വരിയായി എഴുതാവുന്നതാണ്. ഓരോരുത്തരെയും സംബന്ധിച്ച് താഴെപ്പറയുന്ന വിവരങ്ങള്‍ നിരയായി രേഖപ്പെടുത്തണം. പേര്, മേല്‍വിലാസം, വയസ്, സ്ത്രീ, പുരുഷന്, വിദ്യാഭ്യാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം. ഏതാനും നിരകള്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനു വേണ്ടി ഇടാവുന്നതാണ്. ഇപ്പോള്‍ ഭൂരിപക്ഷം ബ്രാഞ്ചുകളിലും വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരു ഗ്രൂപ്പ് ഉണ്ടാവണമെന്നാണ് പാര്‍ടി തീരുമാനം. വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്ളവരെയെല്ലാം ചിന്ത റീഡേഴ്സ് ഫോറത്തില്‍ ചേര്‍ക്കാം. പുതിയതായി ഫോറത്തില്‍ ചേരുന്നവരെ വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുമാക്കാം. ഇങ്ങനെ ചെയ്താല്‍ റീഡേഴ്സ് ഫോറത്തിന്റെ അറിയിപ്പുകള് കൃത്യമായും സമയത്തും എല്ലാവരെയും അറിയിക്കാന്‍ കഴിയും.
റീഡേഴ്സ് ഫോറം ചര്‍ച്ച
ആദ്യം ചര്‍ച്ച ചെയ്യാന്‍ എടുക്കുന്ന വിഷയം പാര്‍ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച "നവകേരള വികസന കാഴ്ചപ്പാട്" ആണ്. ഇപ്പോള്‍ 2273 ലോക്കല്‍ കമ്മിറ്റികള്‍ വികസന സദസ്സുകള്‍ വിളിച്ചു ചേര്‍ത്ത് ഈ രേഖ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇനിയിപ്പോള്‍ ബ്രാഞ്ചുതലത്തില്‍ ചിന്ത റീഡേഴ്സ് ഫോറം വഴി ഈ വിഷയം ബഹുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ പോവുകയാണ്. 35,129 പാര്‍ടി ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട് ചിന്ത റീഡേഴ്സ് ഫോറം ചര്‍ച്ചകള്‍ പൂര്ത്തീകരിക്കുതോടെ ദശലക്ഷക്കണക്കിനാളുകള്‍ ഈ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കാളികളാവും.
ഈ ലക്കം ചിന്തയില്‍ സാധാരണഗതിയിലുള്ള പംക്തികള്‍ വളരെ കുറവാണ്. മുക്കാല്‍പങ്കും നവകേരള വികസനരേഖയുടെ ചില പ്രധാന വശങ്ങളെക്കുറിച്ചു പാര്‍ടി നേതാക്കളും ചില വിദഗ്ധരും എഴുതിയിട്ടുള്ള കുറിപ്പുകളാണ്. ഈ കുറിപ്പുകള്‍ പാര്‍ടി രേഖ വായിക്കുന്നതിന് പകരമാവില്ല. ഈ രേഖ പൂര്‍ണമായും ചിന്തയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. ചിന്ത പബ്ലിഷേഴ്സില്‍ നിന്ന് പുസ്തകരൂപത്തില്‍ അത് വാങ്ങാനും സാധിക്കും.
ഈ രേഖയെ അടിസ്ഥാനമാക്കി സമഗ്രമായൊരു ക്ലാസ് അല്ല ഉദ്ദേശിക്കുന്നത്. മുക്കാല്‍ മണിക്കൂറില്‍ നീളാത്ത ഒരു അവതരണം വേണം. അതുസംബന്ധിച്ച് അരമണിക്കൂര്‍ ചര്‍ച്ച. 15 മിനിറ്റ് മറുപടി വിശദീകരണം. ഏറിയാല്‍ മറ്റൊരു 15 മിനിറ്റ് സ്വാഗതം, അധ്യക്ഷന്‍, ഉദ്ഘാടനം എന്നിവയ്ക്ക്. അങ്ങനെ പരമാവധി രണ്ടുമണിക്കൂര്‍ നീളുന്ന ഒരു ചര്ച്ചായോഗമായിരിക്കും. ഇതിന്റെ അനുഭവങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നമുക്ക് ഭാവിയില്‍ വരുത്താവുന്നതാണ്. നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അത് ചിന്ത വാരികയെ അറിയിക്കാവുന്നതാണ്.
നവകേരള വികസന കാഴ്ചപ്പാട്
ചര്‍ച്ച അവതരിപ്പിക്കുന്ന ആള്‍ക്ക് വിഷയം സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാവണം. അതിനു കഴിയുന്നവരെ നേരത്തെ തന്നെ ചുമതലപ്പെടുത്തണം. എല്ലാ ഏരിയകളില്‍ നിന്നും ഓരോ ആളെ പ്രതിനിധിയാക്കിക്കൊണ്ട് ഇ.എം.എസ് അക്കാദമിയില്‍ വച്ച് ഈ വിഷയം സംബന്ധിച്ച് രണ്ടുദിവസത്തെ ശില്‍പ്പശാല ഇ.എം.എസ് സ്മൃതിയായി സംഘടിപ്പിക്കുന്നുണ്ട്. പാര്‍ടിയില്‍ ജില്ലാ- മേഖലാതലങ്ങളിലും രേഖ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റീഡേഴ്സ് ഫോറത്തില്‍ രേഖ വായിക്കാന്‍ ശ്രമിക്കരുത്. മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിഷയം ലളിതമായി ചുരുക്കി അവതരിപ്പിക്കുകയാണു വേണ്ടത്. അതിനു പറ്റുന്ന, റീഡേഴ്സ് ഫോറത്തിലെ കഴിവുള്ള ഒരു പ്രവര്‍ത്തകനെ ഇതിനായി ചുമതലപ്പെടുത്താം. ഇതിനൊരു മാതൃക ചെറിയ ഒരു കുറിപ്പായി ചിന്തയില്‍ നല്‍കുന്നുണ്ട്. ഇത് അവതരണത്തിനുള്ള ഉദാഹരണം മാത്രമായി കരുതിയാല്‍ മതി.
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഏതെങ്കിലും സംശയത്തിനോ വിമര്‍ശനത്തിനോ വിശദീകരണം നല്കാന് കഴിയുന്നില്ലെങ്കില്‍ അത് ചിന്ത പത്രാധിപരെ എഴുതി അറിയിക്കാവുന്നതാണ്. തുടര്‍ന്നുള്ള ചിന്തയുടെ ലക്കങ്ങളില്‍ ഇത്തരം സംശയങ്ങള്‍ക്കു മറുപടി നല്‍കുതാണ്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന നവ ഉദാരവത്കരണ ഫെഡറല്‍ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും അതോടൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനുള്ള ഒരു ബദല്‍ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനും നാം ശ്രമിക്കുന്നത്. ഇതുസംബന്ധിച്ചുള്ള സാധ്യതകളെ യാഥാര്‍ത്ഥ്യബോധത്തോടുകൂടി വിലയിരുത്താന്‍ നമുക്കു കഴിയണം. നവ ഉദാരവത്കരണ നയങ്ങളെ രാഷ്ട്രീയമായി വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ഇടപെടല്‍ രാജ്യത്തകെ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നു. അതുകൊണ്ട് കേരളത്തില്‍ ഒരു ബദല്‍ സൃഷ്ടിക്കാനുള്ള നമ്മുടെ പരിശ്രമത്തിനു രാഷ്ട്രീയമായും സാമ്പത്തികമായും ഭരണപരമായും തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കും. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫ് ആവട്ടെ തികച്ചും അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെക്കുറിച്ചെല്ലാം ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ടും അവരെ അണിനിരത്തിക്കൊണ്ടുംമാത്രമേ പ്രതിരോധിക്കാനാവൂ. ഇതാണ് ജൂലൈ,ആഗസ്ത് മാസങ്ങളില്‍ ചിന്ത റീഡേഴ്സ്
ഫോറം സംഘടിപ്പിക്കുന്ന സംവാദങ്ങളുടെ ഉദ്ദേശ്യവും പ്രാധാന്യവും •