കോവിഡ്കാലത്ത് ജനങ്ങളെ കയ്യൊഴിഞ്ഞ്  മോഡി സര്‍ക്കാര്‍

ഗിരീഷ് ചേനപ്പാടി

രാജ്യത്ത് കോവിഡ് 19 രോഗവ്യാപനം രൂക്ഷമായി തുടരുന്നതിന്‍റെ വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ഇതെഴുതുമ്പോള്‍ മരണസംഖ്യ 12,500 കടന്നു. രോഗബാധിതരുടെ എണ്ണം 3,75,000 കടന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി, യുപി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മരണസംഖ്യയും രോഗവ്യാപനവും നിയന്ത്രണാതീതമാംവിധം ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ലോകരാജ്യങ്ങളില്‍ തന്നെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു.


ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടിട്ട് മൂന്നു മാസത്തോടടുക്കുന്നു. ജൂണ്‍ ഒന്നു മുതല്‍ അണ്‍ലോക്കിന്‍റെ ഒന്നാം ഘട്ടം ആരംഭിച്ചു. രണ്ടാം ഘട്ടത്തിനു തയ്യാറെടുക്കാനാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ജൂണ്‍ 17ന് നടത്തിയ ആശയവിനിമയത്തില്‍ ആവശ്യപ്പെട്ടത്.


ഏപ്രില്‍ 24ന് നിതി ആയോഗ് അംഗവും ടാസ്ക് ഫോഴ്സ് ചെയര്‍മാനുമായ വിനോദ് പോള്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഭിപ്രായപ്പെട്ടത് മെയ് 16നുശേഷം ഇന്ത്യയില്‍ രോഗവ്യാപനം ഉണ്ടാവില്ല എന്നാണ്. മെയ് 16നുശേഷം ഒരു വ്യക്തിക്കു പോലും രോഗം ബാധിക്കില്ലെന്നാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞത്.


ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന്‍റെ തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 25ന് പ്രധാനമന്ത്രി തന്‍റെ നിയോജകമണ്ഡലമായ വാരണാസിയിലെ ജനങ്ങളോടു പറഞ്ഞത് "കോവിഡ് 19നെതിരായ നമ്മുടെ യുദ്ധം മൂന്ന് ആഴ്ചത്തേക്കാണ്. 21 ദിവസത്തിനുള്ളില്‍ ഈ മഹാമാരിയെ നാം കീഴ്പ്പെടുത്തും" എന്നാണ്. എന്നാല്‍ പിന്നീട് രോഗവ്യാപനവും മരണവും വര്‍ദ്ധിച്ചതോടെ മോഡി ഈ അവകാശവാദങ്ങളെല്ലാം അപ്പാടെ വിഴുങ്ങി. ലോക്ഡൗണ്‍, രോഗം വ്യാപിക്കാതിരിക്കുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗമാണ്. എന്നാല്‍ രോഗത്തെ ഇല്ലായ്മ ചെയ്യാനുള്ള ഒറ്റമൂലിയാണ് അതെന്ന് ഭരണാധികാരികള്‍ കരുതിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ആരോഗ്യമേഖലയിലെ ഗവണ്‍മെന്‍റിന്‍റെ നിക്ഷേപം വര്‍ദ്ധിപ്പിക്കണം. പശ്ചാത്തല സൗകര്യങ്ങള്‍ കാര്യമായി വര്‍ദ്ധിപ്പിക്കണം. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാരുകള്‍ നിയമിക്കണം. അവര്‍ക്ക് വേണ്ട പരിരക്ഷ നല്‍കണം. ഇത് ഒരു ദിവസം കൊണ്ടോ രണ്ടുദിവസം കൊണ്ടോ ഉണ്ടാകേണ്ടതുമല്ല. 


ലോക്ഡൗണ്‍ വേളയെ ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാര്യക്ഷമമായി ഉപയോഗിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് എന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളം മാത്രമേ ഈ രംഗത്ത് ക്രിയാത്മകമായി മുന്നോട്ടു പോയിട്ടുള്ളൂ എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് രോഗവ്യാപനവും മരണനിരക്കും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറയാന്‍ കാരണം അതാണെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മുമ്പൊരിക്കലുമുണ്ടാകാത്ത, രാജ്യമൊട്ടാകെയുള്ള പ്രശ്നമായി വളര്‍ന്ന അതിരൂക്ഷമായ ഈ മഹാമാരിയെ നേരിടുന്നതില്‍ തികഞ്ഞ അലംഭാവമാണ് കേന്ദ്ര സര്‍ക്കാര്‍ കാട്ടിയത്. എല്ലാം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഒഴിയുകയാണ് ചെയ്തത്. സംസ്ഥാനങ്ങളുടെ പല വരുമാന സ്രോതസ്സുകളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയായിരുന്നു. ഉദാഹരണം പറഞ്ഞാല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചാല്‍ അത് സംസ്ഥാനങ്ങളുമായി പങ്കിടാന്‍ കേന്ദ്രം നിയമാനുസൃതം ബാധ്യസ്ഥമാണ്. എന്നാല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയാണെങ്കില്‍ അതിന്‍റെ വിഹിതം സംസ്ഥാനങ്ങളുമായി പങ്കിടേണ്ട ആവശ്യമില്ല. മോഡി സര്‍ക്കാര്‍ മിക്കപ്പോഴും അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് സംസ്ഥാനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ജിഎസ്ടി ഏര്‍പ്പെടുത്തപ്പെട്ടതോടെ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന പല അധികാരങ്ങളും കേന്ദ്ര സര്‍ക്കാരിനു കവര്‍ന്നെടുക്കാന്‍ കഴിഞ്ഞു. 


ജിഎസ്ടി സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതിലും തികഞ്ഞ അലംഭാവമാണ് മോഡി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. 5000 കോടിയിലേറെ ജിഎസ്ടി കുടിശ്ശിക കേരളത്തിനു നല്‍കാനുണ്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളുടെയും അവസ്ഥയിതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടു മാത്രമേ കേന്ദ്ര സമീപനത്തില്‍ കുറച്ചെങ്കിലും മാറ്റമുള്ളൂ.


സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ)യുടെ കണക്കനുസരിച്ച് ഏപ്രില്‍ മാസത്തില്‍ മാത്രം 12.2 കോടി ആളുകള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. അതില്‍ അധികവും തൊഴിലാളികളും ചെറുകിട വ്യാപാരികളുമാണ്. 1 കോടി 80 ലക്ഷം ബിസിനസ്സുകാര്‍ക്ക് തങ്ങളുടെ ബിസിനസ്സ് നഷ്ടപ്പെട്ടതായും സിഎംഐഇ കണക്കാക്കുന്നു. പട്ടണ - നഗര പ്രദേശങ്ങളിലായി ഫാക്ടറികളിലും ഇതര വ്യവസായ മേഖലകളിലും മറ്റുമായി ജോലി ചെയ്തുവന്ന 23.3 ശതമാനം പുരുഷന്മാര്‍ക്കും 26.3 ശതമാനം സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മറ്റ് അനൗപചാരിക മേഖലകളില്‍ തൊഴിലെടുത്തുവന്നവര്‍ തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം തന്നെ വഴി മുട്ടിയ അവസ്ഥയിലാണ്.


ആദിവാസികള്‍, ദളിതര്‍, പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ ഇവരുടെ സ്ഥിതി അങ്ങേയറ്റം ദയനീയമാണ്. ഈ വിഭാഗങ്ങളിലെ സ്ത്രീകളുടെയും വൃദ്ധരുടെയും കുട്ടികളുടെയും അവസ്ഥ അതിനേക്കാള്‍ കഷ്ടമാണ്.


വിശപ്പും ദാഹവും മറ്റു ദുരിതങ്ങളും സഹിച്ച് ആയിരക്കണക്കിനു കിലോമീറ്റര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്‍റെ മനഃസാക്ഷിയുടെ മുന്നിലെ  വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. അക്ഷരാര്‍ത്ഥത്തില്‍ മരണത്തോടു മല്ലടിക്കുന്നവരാണ് ഇന്ത്യയുടെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും. അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള താല്‍ക്കാലിക ആശ്വാസമാണ് സിപിഐ എം നിര്‍ദ്ദേശിച്ചത്. ഇന്‍കം ടാക്സിന്‍റെ പരിധിയില്‍ വരാത്ത എല്ലാ കുടുംബങ്ങള്‍ക്കും 7500 രൂപ വീതം ആറുമാസത്തേക്കു പ്രതിമാസം കേന്ദ്ര സര്‍ക്കാര്‍ നല്‍കുക, അങ്ങനെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും പ്രതിമാസം 10 കിലോഗ്രാം ധാന്യം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കുക. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.


കൊറോണക്കാലത്തും രാഷ്ട്രീയ അട്ടിമറിക്കും കുതിരക്കച്ചവടത്തിനും ഒരു കുറവും മോഡി - ഷാ - നദ്ദ അച്ചുതണ്ട് വരുത്തുന്നുമില്ല. രാജ്യസഭയിലേക്ക് ജൂണ്‍ 19നുള്ള തിരഞ്ഞെടുപ്പില്‍ അനധികൃതമായി സീറ്റുകള്‍ നേടാനുള്ള ചരടുവലികള്‍ തകൃതിയായി നടന്നു. ഗുജറാത്തിലും രാജസ്താനിലും മറ്റും കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നതിലായിരുന്നു കേന്ദ്ര ഭരണ നേതൃത്വത്തിന്‍റെ ശ്രദ്ധയത്രയും. മദ്ധ്യപ്രദേശിലെ ഭരണം അട്ടിമറിച്ചതും ഈ കൊറോണക്കാലത്തു തന്നെയാണെന്നതും ഓര്‍ക്കുക.


ജീവന്‍രക്ഷാ സംവിധാനങ്ങളുടെ ക്ഷാമം പല സംസ്ഥാനങ്ങളിലും ഉണ്ടെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. ഐസിയു കിടക്ക, വെന്‍റിലേറ്റര്‍, ഓക്സിജന്‍ സൗകര്യമുള്ള ഐസൊലേഷന്‍ കിടക്ക എന്നിവയ്ക്കു പല സംസ്ഥാനങ്ങളിലും കടുത്ത ക്ഷാമമാണെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. മഹാരാഷ്ട്ര, ഡല്‍ഹി, യുപി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. ജൂലൈ - ആഗസ്ത് മാസങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി  വര്‍ദ്ധിക്കുമെന്നാണ് ഐസിഎംആറിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും മുന്നറിയിപ്പ്.


എന്നാല്‍ കൊറോണക്കാലത്ത് ആരോഗ്യമേഖലയിലെ ഗവണ്‍മെന്‍റു മുതല്‍മുടക്കു വര്‍ദ്ധിപ്പിക്കുന്നതിന് മോഡി സര്‍ക്കാര്‍ ഒരു താല്‍പര്യവും കാട്ടുന്നില്ല. എന്നു മാത്രമല്ല പൊതു - സ്വകാര്യ മുതല്‍മുടക്കിന്‍റെ പേരില്‍ സ്വകാര്യമേഖലയ്ക്ക് എല്ലാവിധ ഒത്താശകളും ചെയ്യുകയാണ് മോഡി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികില്‍സയ്ക്ക് 4 ലക്ഷം മുതല്‍ മുകളിലേക്കാണ് ചാര്‍ജ് ഈടാക്കുന്നത്. കേവലം 21 ദിവസത്തേക്കുള്ള ചികില്‍സയ്ക്കാണിത്! അപ്പോള്‍ സ്വകാര്യമേഖലയ്ക്ക് മാത്രം ഊന്നല്‍ നല്‍കിയാലത്തെ അവസ്ഥ എന്താവും എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ ശക്തമായ രാജ്യങ്ങളിലാണ് ഈ മഹാമാരിയെ തളയ്ക്കാന്‍ കഴിഞ്ഞത്. ചൈന, വിയത്നാം, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ നമുക്കു മുമ്പിലെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. അതില്‍നിന്നു പാഠം പഠിച്ചാണ് സ്പെയിനിലെ ഗവണ്‍മെന്‍റ് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തത്. ബ്രിട്ടനില്‍ പോലും ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം ഉണ്ടാകണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നു. ഗവണ്‍മെന്‍റു തന്നെ അതിനനുകൂലമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.


എന്നാല്‍ ലോകരാജ്യങ്ങളില്‍നിന്നോ കേരളത്തിന്‍റെ അനുഭവത്തില്‍ നിന്നോ പാഠം പഠിക്കില്ല എന്ന ശാഠ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പി എം കെയേഴ്സ് ഫണ്ട് സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന കാര്യത്തിലും മോഡി സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.