അതിര്‍ത്തി പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കണം

സി പി നാരായണന്‍

ഇന്ത്യാ - ചൈനാ അതിര്‍ത്തിയില്‍ 45 വര്‍ഷത്തിനുശേഷം വീണ്ടും ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ടു ഭാഗത്തും കാര്യമായ ആള്‍നാശമുണ്ടായി എന്നാണ്  വാര്‍ത്ത. ഏപ്രില്‍ മുതല്‍ ഏതാനും മാസങ്ങളായി ലഡാക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗല്‍വാന്‍ താഴ്വരയിലും ഹലോങ്ങിലും മറ്റുമായി ഇരുസേനകളും മുഖാമുഖം നില്‍ക്കുകയായിരുന്നു. നേരത്തെ ഇരുഭാഗങ്ങളിലെയും ഉന്നത സൈനിക തലത്തില്‍ ചര്‍ച്ച നടത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനു ധാരണയായതായി വാര്‍ത്ത ഉണ്ടായിരുന്നു. ഇരുപക്ഷത്തും കേന്ദ്രീകരിച്ചിരുന്ന പട്ടാളക്കാരെ മുന്‍നിരകളില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന പ്രസ്താവനയും വന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ജൂണ്‍ 15 തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ മേഖലയില്‍ ഇരുവിഭാഗത്തെയും ചില സൈനികര്‍ തമ്മില്‍ തോക്കില്ലാതെ ഏറ്റുമുട്ടല്‍ ഉണ്ടായതും ഇന്ത്യയുടെ പക്ഷത്ത് 20 സൈനികര്‍ വീരമൃത്യു വരിച്ചതും. കൂടുതല്‍ പേര്‍ക്ക് പരിക്കുണ്ടെന്നും ചൈനീസ് പക്ഷത്തും നാശനഷ്ടമുണ്ടായതായും വാര്‍ത്തയുണ്ട്. ഇരുപക്ഷത്തെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ട് കൂടുതല്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കി എന്നാണ് ആദ്യം വന്ന വാര്‍ത്ത.  പിന്നീട് വിദേശമന്ത്രി തലത്തില്‍ ചര്‍ച്ച നടത്തി സംഘര്‍ഷ ലഘൂകരണത്തിനു ധാരണയായി.


ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി  ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത്, ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് ഇന്ത്യയും തിബത്തും തമ്മിലുള്ള അതിര്‍ത്തി ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ മക്മോഹന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ടു. അത് അന്നത്തെ തിബത്ത് ലാമ അംഗീകരിച്ചതായി ബ്രിട്ടീഷ് ഭരണം അവകാശപ്പെട്ടു. എന്നാല്‍ 1949ല്‍ നിലവില്‍ വന്ന ജനകീയ ചൈന അതിനെ അംഗീകരിച്ചില്ല. ഇന്ത്യയിലെ സ്വതന്ത്ര സര്‍ക്കാരിന്‍റെ ചുമതലയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് ധാരണ ഉണ്ടാക്കേണ്ടത്. 1960ല്‍ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരായിരുന്ന നെഹ്റുവും ചൗ എന്‍ ലായിയും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും, ഒരു ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.


അതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയുദ്ധം ഉണ്ടായത്. അത് ഉടനെ അവസാനിച്ചു. എങ്കിലും തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുകയാണ്. 1962ലെ അതിര്‍ത്തി യുദ്ധത്തിനുശേഷം സമാധാന ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം 1970കളുടെ അവസാനം മുതല്‍ ആരംഭിച്ചെങ്കിലും, നാലുപതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുകയാണ്. ഇന്ത്യ നിര്‍ദ്ദേശിക്കുന്ന അതിര്‍ത്തി ചൈനയും ചൈന പറയുന്നത് ഇന്ത്യയും അംഗീകരിക്കുന്നില്ല. പരസ്പരം വിട്ടുവീഴ്ച ചെയ്യാതെ പരിഹാരമാവില്ല. 1960കളുടെ തുടക്കത്തില്‍ വി കെ കൃഷ്ണമേനോന്‍റെ നേതൃത്വത്തില്‍ ഇരുഭാഗത്തും വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള പരിഹാരനിര്‍ദ്ദേശം ഉന്നയിക്കപ്പെട്ടെങ്കിലും, അന്നത്തെ ജനസംഘക്കാരും വലതുപക്ഷ കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തതിനാല്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനു കഴിയാതെ വരികയും പ്രശ്നം അതിര്‍ത്തി യുദ്ധത്തിലേക്ക് വഴുതിവീഴുകയും ആണ് ഉണ്ടായത്.


ഇന്ത്യ ഒരു അതിര്‍ത്തി പറയുന്നു. ചൈന വേറൊന്നും. രണ്ടുകൂട്ടരും അംഗീകരിക്കുന്നത് യഥാര്‍ഥ നിയന്ത്രണ രേഖ മാത്രമാണ്. അതുതന്നെ മാറ്റിവരയ്ക്കാന്‍ ചൈന ശ്രമിക്കുന്നതായാണ് ഇന്ത്യയുടെ പരാതി. അതിനാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയിലൂടെ കൃത്യമായ തീര്‍പ്പുണ്ടാക്കണം.


ഇരുരാജ്യങ്ങളും വിസ്തീര്‍ണത്തിലും ജനസംഖ്യകൊണ്ടും വലുതാണ്. അതിനാല്‍ യുദ്ധം ആപല്‍ക്കരമാണ്. പ്രശ്നത്തിനു പരിഹാരമല്ല അത്. ഈ തിരിച്ചറിവോടെ ഇരുഭാഗവും അതിര്‍ത്തിയില്‍ സമാധാനം വേണം എന്ന വിട്ടുവീഴ്ചാ മനോഭാവത്തോടെ പ്രശ്നം പരിഹരിക്കണം എന്നതായിരുന്നു ആദ്യം മുതല്‍ സിപിഐ എം നേതൃത്വത്തിന്‍റെ നിലപാട്. ആദ്യം പാര്‍ടിയെ ചൈനാ ചാരന്മാരെന്നൊക്കെ ആക്ഷേപിച്ചവര്‍ക്കും അതിന്‍റെ പേരില്‍ പാര്‍ടി പ്രവര്‍ത്തകരെയും നേതാക്കളെയും ജയിലില്‍ അടയ്ക്കുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കും ഒക്കെ പിന്നീട് പരസ്പര ചര്‍ച്ചയിലൂടെ സമാധാനപരമായാണ് പ്രശ്ന പരിഹാരം കാണേണ്ടത് എന്ന് അംഗീകരിക്കേണ്ടിവന്നു.


ഇനിയെങ്കിലും ഇക്കാര്യത്തെ ഉത്തരവാദിത്വബോധത്തോടെ മോഡി സര്‍ക്കാര്‍ സമീപിക്കുകയും സമാധാനപരമായ പ്രശ്നപരിഹാരത്തിന് ഇന്ത്യയ്ക്കുള്ള പ്രതിബദ്ധത പ്രകടമാക്കുകയും വേണം. പ്രതിപക്ഷ പാര്‍ടികളുമായി കൂടി ചര്‍ച്ച ചെയ്ത് പരിഹാരം സംബന്ധിച്ച് പൊതുവെ സ്വീകാര്യമായ നിലപാട് ആവിഷ്കരിക്കണം. ഇന്ത്യ അമേരിക്കയുടെ പാവയല്ല, വ്യക്തമായ സ്വാഭിപ്രായമുള്ള അയല്‍രാജ്യമാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകണം. ഇതേവരെ, നിര്‍ഭാഗ്യവശാല്‍, മാറിമാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് അത്തരം ഒരു നിലപാട് കൈക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നത് വസ്തുതയാണ്.
ചൈനക്കെതിരെ അമേരിക്കയുടെ താല്‍പര്യപ്രകാരം ജപ്പാനും ആസ്ട്രേലിയയുമായി കൂട്ടുകൂടാനുള്ള മോഡി സര്‍ക്കാരിന്‍റെ നീക്കം ഇന്ത്യക്ക് ഗുണം ചെയ്യില്ല എന്ന തിരിച്ചറിവുണ്ടാകണം. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നത് അമേരിക്കയും കൂട്ടാളികളും ഇഷ്ടപ്പെടുന്നില്ല. സാമ്രാജ്യത്വശക്തികള്‍ക്ക് ലോകത്തെവിടെയെങ്കിലും യുദ്ധം ഉണ്ടാക്കിയാല്‍ മാത്രമേ, അവയുടെ ആയുധക്കച്ചവടവും ചൂഷണവുംഒക്കെ തകൃതിയായി നടപ്പാക്കാന്‍ കഴിയൂ. ആ നിലപാടിനൊപ്പം അണിനിരക്കാന്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ തയ്യാറല്ല എന്ന് വ്യക്തമാക്കപ്പെടണം. ചൈനയ്ക്ക് കീഴടങ്ങുന്നു എന്നല്ല അതിനര്‍ഥം. ഇന്ത്യയിലെ ജനസാമാന്യത്തിന്‍റെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി അതിര്‍ത്തി പ്രശ്നം സമാധാനപരമായും മാന്യമായും പരിഹരിക്കാന്‍ താല്‍പര്യപ്പെടുന്നു എന്നാണ്.
നരേന്ദ്രമോഡി പ്രധാനമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ അയല്‍പക്കത്തുള്ള സാര്‍ക്ക് രാജ്യത്തലവന്മാരെയെല്ലാം അതില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപുകള്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവയാണ് ഇന്ത്യയ്ക്കുപുറമെ സാര്‍ക്കിലുള്ളത്. നേപ്പാളുമായി ഇന്ത്യക്ക് എത്രയോ കാലമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഏക അയല്‍രാജ്യം എന്ന പരിഗണന മോഡി സര്‍ക്കാര്‍ ആദ്യമൊക്കെ കാണിച്ചിരുന്നു. പുതിയ ഭരണഘടന തയ്യാറാക്കുമ്പോള്‍ ഹിന്ദു രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കണം എന്ന് ആ പരമാധികാര രാഷ്ട്ര നേതാക്കളോട് നിര്‍ദ്ദേശിക്കാനുള്ള അവിവേകം മോഡിസര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ പ്രകടമാക്കി. അയല്‍രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് ചില തര്‍ക്കമൊക്കെ ഉണ്ടായി എന്നു വരാം. അങ്ങനെയുണ്ട് എന്നു കണ്ടാല്‍ നയതന്ത്രപരമായി സമാധാനചര്‍ച്ചകളിലൂടെ അത് പരിഹരിക്കാന്‍ ഇന്ത്യ മുന്‍കയ്യെടുക്കേണ്ടതായിരുന്നു. അതിനുപകരം നേപ്പാളിലെ സകലകക്ഷികളും ചേര്‍ന്ന് നമ്മുടെ രാജ്യത്തിന്‍റെ അവിഭാജ്യഭാഗമാണെന്ന് നാം കരുതുന്ന ചില ഭാഗങ്ങളെ പുതുതായി ചേര്‍ത്ത് നേപ്പാള്‍ പാര്‍ലമെന്‍റ് പുതിയ ഭൂപടം അംഗീകരിക്കുന്ന സ്ഥിതി ഉണ്ടായി. ഇന്ത്യ സര്‍ക്കാരിന്‍റെ നയതന്ത്രപരവും പ്രാദേശിക രാഷ്ട്രീയപരവുമായ വലിയ പരാജയമാണ് അത്. അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മോഡി സര്‍ക്കാരിനാണ് എന്നു പറയാതെ വയ്യ.


ഇന്ത്യയുമായി ഏറെക്കാലമായി നല്ല ബന്ധം പുലര്‍ത്തിവന്ന അയല്‍രാജ്യമാണ് ബംഗ്ലാദേശ്. മോഡി സര്‍ക്കാര്‍ പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകള്‍, വര്‍ഗീയ സമീപനം മുതലായവമൂലം ബംഗ്ലാദേശ് ഇന്ത്യയോട് പ്രകടമായ താല്‍പര്യക്കുറവ് കാണിക്കുന്ന സ്ഥിതി ഉണ്ടായി. തങ്ങളുടെ അനിഷ്ടം ബംഗ്ലാ ഭരണാധികാരികള്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള പരിപാടി റദ്ദാക്കിക്കൊണ്ട് വ്യക്തമാക്കുകയും ചെയ്തു.


ശ്രീലങ്കയും മാലിദ്വീപുകളും പരമ്പരാഗതമായി ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തിയ രാജ്യങ്ങളാണ്. ഇന്ത്യാ സമുദ്ര പ്രദേശത്തെ സ്ഥാനംകൊണ്ട് അവയ്ക്ക് വലിപ്പത്തില്‍ കവിഞ്ഞ പ്രാധാന്യം ഇന്നുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ചൈന അവയുമായി നല്ല ബന്ധം പുലര്‍ത്തുകയും പല വികസന പരിപാടികളും അവയ്ക്കുവേണ്ടി നടപ്പാക്കാന്‍ മുതിരുകയും ചെയ്തത്. മോഡി സര്‍ക്കാരിന്‍റെ ഹിന്ദുത്വ നിലപാട് ബുദ്ധ - ഇസ്ലാം മതക്കാര്‍ ഭൂരിപക്ഷമുള്ള ആ രാജ്യക്കാര്‍ക്ക് രുചിക്കാത്തതും അവയുടെ ചൈനയോടുള്ള പുതിയ ആഭിമുഖ്യത്തിനു ഒരു കാരണമാണ്.


പാകിസ്താനുമായി നല്ല ബന്ധമായിരുന്നു മോഡി സര്‍ക്കാരിന്‍റെ ആദ്യ നാളുകളില്‍. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ കുടുംബാംഗം പോലെയായിരുന്നു പ്രധാനമന്ത്രി മോഡി പലപ്പോഴും പെരുമാറിയത്. ആ സമീപനം തുടര്‍ന്നിരുന്നുവെങ്കില്‍, നേരത്തെ തത്ത്വത്തില്‍ അംഗീകരിച്ചിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍, കച്ചവടം ഇവ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യക്കും പാകിസ്താനും അത് ഗുണകരമാകുമായിരുന്നു. അതിനു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാകെ നല്ല പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞേനെ.


പ്രധാനമന്ത്രി നരേന്ദ്രമോഡി ഭരണത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഒറ്റയ്ക്കും അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ പൊതുവിലും അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക ലോകരാജ്യങ്ങളുമായും സന്ദര്‍ശനം വഴിയും മറ്റും നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പല നിര്‍ണായക പ്രശ്നങ്ങളിലും സന്ദര്‍ഭങ്ങളിലും അമേരിക്കയോട്, പ്രത്യേകിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പിനോട് കാണിക്കുന്ന അമിതമായ ആഭിമുഖ്യവും വിധേയത്വവും പൊതുവില്‍ മൂന്നാം ലോക രാജ്യങ്ങള്‍ ഇന്ത്യയെ സംശയത്തോടെ വീക്ഷിക്കാനും പല കാര്യങ്ങളിലും അകറ്റിനിര്‍ത്താനും കാരണമായിട്ടുണ്ട്. മോഡിയുടെ സാമ്പത്തികനയം അമേരിക്കയെയും അമേരിക്കന്‍ ക്യാമ്പിനെയും കേന്ദ്രീകരിച്ചുള്ളതാണ്. അമേരിക്കയോട് പരമ്പരാഗതമായി അടുപ്പമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍പോലും അകല്‍ച്ച കാണിക്കുമ്പോഴാണ് മോഡിയുടെ ഈ അടുപ്പം.


അന്താരാഷ്ട്ര ബന്ധങ്ങള്‍ ഇപ്പോള്‍ പ്രധാനമായി കച്ചവടം ആദിയായ സാമ്പത്തിക കാര്യങ്ങളെ കേന്ദ്രീകരിച്ചാണ്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഉയരുന്നതിനെക്കുറിച്ചാണ് മോഡിയും കൂട്ടരും എപ്പോഴും പറയുന്നത്. ജിഡിപി വളര്‍ച്ചാതോതില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടി എന്നൊക്കെ മോഡിയും കൂട്ടരും അവകാശപ്പെടാറുണ്ട്. ചൈനയുടെ ജിഡിപി 14.2 ലക്ഷം കോടി ഡോളറാണ്. ഇന്ത്യയുടേത് 3.2 ലക്ഷം കോടി ഡോളറും. ചൈനയുമായി അതിര്‍ത്തിത്തര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴും സാമ്പത്തികരംഗത്ത് അമേരിക്കയോട് ചേര്‍ന്നു മത്സരിക്കാന്‍ മുതിരുമ്പോഴും അകലെ കിടക്കുന്ന ബന്ധുവിനേക്കാള്‍ പ്രയോജനം ചെയ്യുക അടുത്തുള്ള ശത്രുവാണ് എന്ന പഴയ ചൊല്ല് മറക്കാതിരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ശ്രമിക്കേണ്ടതുണ്ട്.


ജനസംഖ്യാപരമായും വിഭവപരമായും ലോകത്തെ രണ്ടു പ്രധാന ശക്തികളാണ് ഇന്ത്യയും ചൈനയും. അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ, രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ സൗഹൃദത്തില്‍ കഴിയുന്നതാണ് ഇരുരാജ്യങ്ങള്‍ക്കും അവയുടെ അയല്‍ക്കാര്‍ക്കും എന്തുകൊണ്ടും ഗുണം. മോഡി സര്‍ക്കാര്‍ ഈ പ്രാഥമിക ആഗോള രാഷ്ട്രീയ സത്യം അംഗീകരിക്കാനല്ല, നിഷേധിക്കാനാണ് പലപ്പോഴും മുതിര്‍ന്നു കാണുന്നത്. ഇന്ത്യാ-ചൈനാ ബന്ധത്തിലെ ഇടര്‍ച്ച അതില്‍നിന്നും തുടങ്ങുന്നു.