വിദേശ മലയാളികളെ കൊണ്ടുവരണം - കേരളത്തിന്‍റെ സുരക്ഷ  ഉറപ്പാക്കുകയും വേണം

പിണറായി വിജയന്‍

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 


വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും കേരളം സ്വീകരിക്കുകയാണ്. അവര്‍ക്കെല്ലാം ആവശ്യമായ ചികിത്സ നല്‍കും. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും. 


ഈ ജാഗ്രതയുടെയും മുന്‍കരുതലിന്‍റെയും ഭാഗമായാണ് വിദേശത്തുനിന്നുവരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.


കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടത് എന്ന് മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും സംസ്ഥാനം ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. 


ഈ മാസം ആദ്യം സ്പൈസ് ജെറ്റിന്‍റെ 300 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിന് കേരളം എന്‍ഒസി നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്നാണ് അവര്‍ അറിയിച്ചത്. ഇത് അവര്‍ തന്നെ ഏര്‍പ്പെടുത്തിയ നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റിന് അനുമതി ആവശ്യപ്പെട്ടപ്പോള്‍ കേരളം അതും നല്‍കി. അവരോടും കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് അറിയിച്ചു. എല്ലാറ്റിനും ഒരേ മാനദണ്ഡമാകണം.


കേരളം ആവശ്യമുന്നയിച്ചത് കേന്ദ്ര ഗവണ്‍മെന്‍റിനോടാണ്. അത് രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്നതുകൊണ്ടാണ്. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി ഇന്ത്യാ ഗവണ്‍മെന്‍റ് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


പരിശോധനയ്ക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അവരുമായി കേന്ദ്ര ഗവണ്‍മെന്‍റ് ബന്ധപ്പെടണം. ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇറ്റലിയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്പോള്‍ രാജ്യം അത് ചെയ്തിട്ടുണ്ട്. 


നിലവിലെ സ്ഥിതിയില്‍ വിദേശത്തുനിന്നും ഇവിടെ വരുന്നവരില്‍ 1.5 ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായി കാണപ്പെടുന്നു. യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായി വര്‍ദ്ധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണവും വര്‍ദ്ധിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഉദ്ദേശം രണ്ടു ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായാല്‍ വിദേശത്തുനിന്നു വരുന്നവരില്‍ നാലായിരത്തോളമാളുകള്‍ കോവിഡ് പോസിറ്റീവാകും. ഇവരില്‍ നിന്നും സമ്പര്‍ക്കംമൂലം കൂടുതല്‍ ആളുകളിലേയ്ക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇത് സമൂഹ വ്യാപനത്തിലേയ്ക്ക് നയിച്ചേക്കാം.
ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികള്‍ ധാരാളമുണ്ടാകും. അവര്‍ക്ക് സൗജന്യമായി ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യമുണ്ടാക്കണം.


കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ല എന്നു കേരള സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തില്‍ വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണ് എന്ന് പ്രചരിപ്പിക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണ് നടക്കുന്നത്. 


കോവിഡ് ബാധിച്ചവര്‍ മറ്റുള്ളവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്തുതന്നെയായാലും ഒഴിവാക്കണം. രോഗം പടരുന്നത് തടയാന്‍ ഈ നിയന്ത്രണം അനിവാര്യമാണ്. രോഗബാധയുള്ളവരെ, അവര്‍ക്കു യാത്ര ചെയ്യാന്‍ ആരോഗ്യമുണ്ടെങ്കില്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. അങ്ങനെ എത്തുന്നവര്‍ക്ക് ഇവിടെ ചികിത്സ നല്‍കും.


വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഫ്ളൈറ്റുകളില്‍ ഇന്ത്യന്‍ എംബസി വഴിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. അര്‍ഹരായവര്‍ക്ക് മുന്‍ഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എംബസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവരുടെ മുന്‍ഗണന സൂചിപ്പിച്ചുകൊണ്ട് എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.


യാത്രക്കാരുടെ ലിസ്റ്റിന് അവസാന രൂപമായാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു ദിവസത്തെ ഇടവേളയെങ്കിലുമുണ്ടാകണം. പത്തുമണിക്കൂറിലേറെ യാത്ര വേണ്ടിവരുന്ന രാജ്യങ്ങളില്‍ നിന്നു  വരുന്നവര്‍ പലപ്പോഴും ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടി വരുന്നുണ്ട്. ഇത്തരം ഫ്ളൈറ്റുകളില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ ധാരാളമാണ്. ഇതു കണക്കിലെടുത്ത് ഈ ഫ്ളൈറ്റുകള്‍ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് നീട്ടാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദേശം നല്‍കണം.


വിദേശത്തുനിന്ന് പുറപ്പെട്ട് ഡല്‍ഹിയിലോ മുംബൈയിലോ ബംഗളൂരുവിലോ  ഇറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ അവിടെ തന്നെ ക്വാറന്‍റൈന്‍ ചെയ്യപ്പെടുകയാണ്. കേരളത്തിലെത്തുമ്പോള്‍ അവര്‍ വീണ്ടും ക്വാറന്‍റൈനില്‍ പോകണം. ഇത്തരമാളുകളുടെ ക്വാറന്‍റൈന്‍ കാര്യത്തില്‍ പ്രത്യേക മാനദണ്ഡം രൂപീകരിക്കേണ്ടതാണ്. ഫ്ളൈറ്റുകള്‍ കേരളത്തിലേക്ക് നീട്ടുന്നില്ലെങ്കില്‍, ആദ്യം എത്തിച്ചേരുന്ന സ്ഥലത്തുനിന്ന് അഞ്ചുദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനും ഇവിടെ ക്വാറന്‍റൈനില്‍ പോകാനും അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്.
10 മണിക്കൂറിലധികം പറക്കേണ്ടിവരുന്ന ദൂരത്തു നിന്നാണെങ്കില്‍ വലിയ വിമാനങ്ങള്‍ യാത്രയ്ക്ക് ഉപയോഗിക്കണം. എയര്‍ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റു കമ്പനികളില്‍ നിന്ന് വിമാനം വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണിക്കണം.


നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരില്‍ ചെറിയ ശതമാനത്തിനു മാത്രമേ വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഫ്ളൈറ്റില്‍ വരാന്‍ കഴിയുന്നുള്ളു എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ പല സ്വകാര്യ വിമാന കമ്പനികളും മുന്നോട്ടു വരുന്നത്. ചാര്‍ട്ടേഡ് ഫ്ളൈറ്റിന്‍റെ ചാര്‍ജ് വന്ദേഭാരത് മിഷന്‍ ഫ്ളൈറ്റിന്‍റേതിനു സമാനമായി നിശ്ചയിക്കുന്നതിന് ആവശ്യമായ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. സംസ്ഥാനം തുടക്കം മുതല്‍ ഇത്  ആവശ്യപ്പെടുന്നുണ്ട്.


കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം നല്‍കേണ്ടതാവശ്യമാണ്.  ജോലി നഷ്ടപ്പെട്ടതോടെ ഇവര്‍ക്ക് ആ രാജ്യങ്ങളില്‍ സാമൂഹ്യ സുരക്ഷയും നഷ്ടമായ സാഹചര്യമാണുള്ളത്.


പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ഫ്ളൈറ്റുകള്‍, തിരിച്ചു വിദേശത്തേക്ക് പോകുമ്പോള്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യാത്രക്കാരെ എടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിലവിലുള്ള യാത്രാനിരക്ക് കുറയ്ക്കാന്‍ സാധിക്കും. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഇതു വലിയ ആശ്വാസമാകും.


പ്രവാസികള്‍ വരുമ്പോള്‍ രോഗബാധ ഉള്ളവരും ഇല്ലാത്തവരും വെവ്വേറെ വരണം എന്ന സംസ്ഥാനത്തിന്‍റെ നിലപാട് സംബന്ധിച്ച് പരക്കെ തെറ്റായ പ്രചാരണങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്.  
പ്രവാസികളെ സംസ്ഥാനം പരിഗണിക്കുന്നില്ലെന്നായിരുന്നു ഒരാരോപണം. പ്രവാസികള്‍ക്കായി ഒരുക്കിയത്  മികച്ച സൗകര്യങ്ങളല്ലെന്നതായിരുന്നു മറ്റൊരു പ്രചാരണം. കേവലം തെറ്റിദ്ധാരണ മാത്രമല്ല,  ജനങ്ങള്‍ക്കിടയില്‍  അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കാനുള്ള നീക്കങ്ങളാണുണ്ടായത്.


വിദേശത്തുനിന്ന് കോവിഡ് ബാധിതരായി വരുന്നവരെ കണ്ടെത്തുകയും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശം കണ്ടെയിന്‍മെന്‍റ് സോണായി പരിഗണിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍  ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കെത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.


പുറത്തുനിന്ന് വരുന്നവരടക്കം ഇവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായൊരിടം എന്നതാണ് സര്‍ക്കാരിന്‍റെ ആഗ്രഹം. എല്ലാവരും കഴിയുന്നതും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷ.


കേരളത്തെ ഏറ്റവും സുരക്ഷിത സ്ഥലമായാണ് ആളുകള്‍ വിലയിരുത്തുന്നത്. അത് തുടര്‍ന്ന് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. ലോകത്തിന്‍റെ നാനാഭാഗത്തുള്ള മലയാളികളുടെയും സുരക്ഷയും  നമ്മുടെ ഉത്തരവാദിത്വമാണ്. കോവിഡ് ബാധിച്ചു എന്ന കാരണത്താല്‍ ആരെയും മാറ്റി നിര്‍ത്തുന്നില്ല. എല്ലാവരെയും സ്വാഗതം ചെയ്യുകയാണ് സംസ്ഥാനം.