ഇന്ധനക്കൊള്ളയിലെ വര്‍ഗതാല്‍പ്പര്യങ്ങള്‍

എം ബി രാജേഷ്

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന സര്‍വസാധാരണമായ ചൊല്ല് ഇതുപോലെ അന്വര്‍ഥമായ ഒരു കാലം മുമ്പുണ്ടായിട്ടുണ്ടാവില്ല. കോവിഡ് മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ വിവരണാതീതമായ കെടുതികളിലൂടെയും യാതനകളിലൂടെയും കടന്നുപോകുമ്പോള്‍ തന്നെ മോഡി സര്‍ക്കാര്‍ എന്ന കാള സര്‍പ്പത്തിന്‍റെ ദംശനം നിരന്തരം ഏറ്റുകൊണ്ടിരിക്കുകയാണ്. ഇന്ധനവില നിത്യേന കൂടുകയും പ്രത്യേക അധിക എക്സൈസ് തീരുവ കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടാണ് മോഡി സര്‍ക്കാര്‍ ഹതാശരായ ജനകോടികളെ തങ്ങളുടെ വിഷപ്പല്ലുകൊണ്ട് ദാക്ഷിണ്യമില്ലാതെ കൊത്തി നോവിച്ചുകൊണ്ടിരിക്കുന്നത്. ഇതെഴുതുമ്പോള്‍ കഴിഞ്ഞ പത്തുദിവസം തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുക വഴി പെട്രോളിന് ആകെ 5.51 രൂപയും ഡീസലിന് 5.48 രൂപയുമാണ് കൂട്ടിയത്. മാര്‍ച്ചിലും മെയിലുമായി അധിക പ്രത്യേക കേന്ദ്ര എക്സൈസ് തീരുവ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും നേരത്തെ വര്‍ധിപ്പിച്ചു. അതായത് കോവിഡ് കാലത്തു മാത്രം കേന്ദ്ര സര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചത് പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ശതമാനത്തിലേറെയുമാണ്! ഇത്ര കണ്ണില്‍ ചോരയില്ലാതെ എങ്ങനെയാണ് ഒരു സര്‍ക്കാരിന് ദുരന്തകാലത്ത് പെരുമാറാനാവുക? അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലകുറയുമ്പോഴാണ് അതിന്‍റെ ആനുകൂല്യം പോലും ജനങ്ങള്‍ക്ക് കൊടുക്കാന്‍ കൂട്ടാക്കാത്ത ഈ കൊടുംക്രൂരത കേന്ദ്രം ചെയ്യുന്നത്. ലോക്ക്ഡൗണിന്‍റെ ഫലമായി തൊഴിലും കൂലിയും വരുമാനവും നഷ്ടമായ ജനലക്ഷങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ തയ്യാറാവുന്നില്ലെന്നു മാത്രമല്ല അവരുടെ കീറക്കീശയില്‍ അവശേഷിച്ചതു പോലും ഇന്ധനനികുതിയായി പിടിച്ചുപറിച്ച് ജനങ്ങളുടെ വാങ്ങല്‍ശേഷി പൂര്‍ണമായും ഊറ്റിക്കളയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനിടയില്‍ പാചകവാതക വിലകളും ഇതേ കാലത്തു തന്നെ വര്‍ധിപ്പിച്ചിരുന്നു. ഇന്ധനവിലകള്‍, പ്രത്യേകിച്ച് ഡീസല്‍ വില കൂടുമ്പോള്‍ കടത്തുകൂലി, സാധനവിലകള്‍, ബസ്, ട്രെയിന്‍ ചാര്‍ജുകള്‍, ഓട്ടോ-ടാക്സി നിരക്കുകള്‍ തുടങ്ങി എല്ലാ ജീവിത ചെലവുകളും വര്‍ധിക്കുമെന്നറിയാന്‍ ശരാശരിയിലും താഴ്ന്ന സാമാന്യബുദ്ധി മാത്രം മതി. എന്നാല്‍ അതിനെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ധനവില കൂടിയാല്‍ സാധാരണക്കാര്‍ക്ക് എന്താണ് പ്രശ്നം? സ്വന്തമായി വാഹനമുള്ള 'സമ്പന്നര്‍ക്ക്' മാത്രമല്ലേ അതു ബാധകമാവൂ എന്നിത്യാദി വിഡ്ഢി ചോദ്യങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ത്താന്‍  ബിജെപിക്കാര്‍ ധൈര്യപ്പെടുന്നത്.


വില വിപണി സബ്സിഡി


എന്തുകൊണ്ടാണ് ഇന്ധനവിലകള്‍ അടിക്കടി കൂടുന്നത് എന്ന് നമുക്ക് ആദ്യം പരിശോധിക്കാം. പ്രധാനമായും രണ്ടുകാരണങ്ങളുണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാരാണ് വില നിശ്ചയിച്ചിരുന്നത് എങ്കില്‍ കേന്ദ്രം വില നിയന്ത്രണാധികാരം ഉപേക്ഷിക്കുകയും അത് എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എണ്ണ ഉള്‍പ്പെടെ ഒരു ചരക്കിന്‍റെയും വില നിര്‍ണയിക്കുന്നതില്‍ സര്‍ക്കാരുകള്‍ ഇടപെടാന്‍ പാടില്ല; അത് വിപണിയാണ് നിശ്ചയിക്കേണ്ടത് എന്ന നവഉദാരവല്‍ക്കരണ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വില നിര്‍ണയാധികാരം ഉപേക്ഷിച്ചതും അത് വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം കൊടുത്തതും. നവഉദാരവല്‍ക്കരണ നയത്തിന്‍റെ വക്താക്കള്‍ വാദിച്ചത് സര്‍ക്കാര്‍ ഇന്ധന സബ്സിഡികള്‍ കൊടുക്കുകയും അതുവഴി വില നിയന്ത്രിക്കുകയും ചെയ്യുന്നത് വിപണിയുടെ സ്വതന്ത്രമായ വിലനിര്‍ണയത്തിലുള്ള അന്യായമായ ഇടപെടലാണ് എന്നായിരുന്നു. സബ്സിഡികളെല്ലാം എടുത്തുകളഞ്ഞ് വിപണിവിലയ്ക്കനുസരിച്ച് പെട്രോളും ഡീസലും വില്‍ക്കണമെന്നും രണ്ടിന്‍റെയും വിലകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കണമെന്നും നിരന്തരം സമ്മര്‍ദ്ദമുയര്‍ത്തിക്കൊണ്ടിരുന്നത് വന്‍കിട കോര്‍പറേറ്റുകളായിരുന്നു. കോര്‍പറേറ്റുകളുടെ ഈ സമ്മര്‍ദ്ദത്തിനു പിന്നിലുള്ള ലക്ഷ്യം വ്യക്തമായിരുന്നു. അതുവരെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മാത്രമായിരുന്നു ഇന്ധനത്തിന്‍റെ ചില്ലറ വില്പ്പന നടത്തിക്കൊണ്ടിരുന്നത്. അന്ന് ഓയില്‍പൂള്‍ അക്കൗണ്ടുവഴി കേന്ദ്രം സബ്സിഡിയിലൂടെ വിലകള്‍ നിയന്ത്രിക്കുകയായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയാലും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി ചേര്‍ന്നായിരുന്നു വില സംബന്ധിച്ച തീരുമാനം എടുത്തിരുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുകയും വിപണി വിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുകയുമായിരുന്നു പഴയരീതി. കോര്‍പറേറ്റുകള്‍ ലാഭം പരമാവധി കൈവരിക്കാനുള്ള ത്വരയോടെ ഇന്ധനത്തിന്‍റെ ചില്ലറ വില്‍പ്പന മേഖലയിലേക്ക് കടന്നുവരാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ നേരിട്ട പ്രധാന തടസ്സം പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയില്‍ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നതായിരുന്നു. കേന്ദ്ര സര്‍ക്കാരിന് സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് സബ്സിഡി കൊടുക്കാനാവില്ല. അതിനാല്‍ അവര്‍ക്ക് വിപണി വിലയ്ക്ക് ഇന്ധന വില്‍ക്കേണ്ടിവരും. പൊതുമേഖലാ കമ്പനികള്‍ സബ്സിഡി നിരക്കില്‍ വിറ്റാല്‍ സ്വകാര്യകുത്തകകള്‍ക്ക് വില്‍പ്പനയും ലാഭവും ഉണ്ടാവില്ല. അതിനാണ് അവര്‍ മൈതാനം സമനിരപ്പാവണമെന്നും സബ്സിഡികള്‍ ഉപേക്ഷിക്കണമെന്നും വിപണിയെ വിലയ്ക്കനുസരിച്ചായിരിക്കണം ഇന്ധനം വില്‍ക്കേണ്ടത് എന്നുമുള്ള ന്യായങ്ങള്‍ ഉയര്‍ത്തിയത്.


ആദ്യപഥികന്‍ മന്‍മോഹന്‍സിങ്


രണ്ടാം യുപിഎ സര്‍ക്കാരാണ് ഈ സമ്മര്‍ദ്ദത്തിനു വഴങ്ങി കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ ആദ്യ ചുവടുവച്ചത്. 2010 ജൂണ്‍ 25ന് പെട്രോള്‍ വില നിയന്ത്രണം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷ പിന്തുണയിലായിരുന്നതിനാലും ഇടതുപക്ഷം അനുവദിക്കാതിരുന്നതിനാലുമാണ് ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഈ കോര്‍പറേറ്റ് സമ്മര്‍ദ്ദം ഫലിക്കാതെ പോയത്. ഇടതുപക്ഷത്തെ ആശ്രയിക്കാതെ 2009ല്‍ യുപിഎ സ്വന്തം നിലയില്‍ അധികാരത്തില്‍ എത്തിയതോടെ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളയുകയായിരുന്നു. 2009ല്‍ തന്നെ റിലയന്‍സും എസ്സാറും പമ്പുകള്‍ ആരംഭിക്കുകയും ചില്ലറ വില്‍പ്പന രംഗത്തേക്ക് കടന്നുവരികയും ചെയ്തു എന്ന വസ്തുതയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഇതിനു പിന്നിലെ കോര്‍പറേറ്റ് താല്‍പ്പര്യം വ്യക്തമാവും. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കും റിലയന്‍സിനും എസ്സാറിനുമെല്ലാം ഇതോടെ വിപണി വിലയ്ക്ക് പെട്രോള്‍ വില്‍ക്കാം എന്നായി. മുമ്പ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ കുത്തകയായിരുന്ന ഇന്ധന വിപണിയിലേക്ക് ഭാഗികമായി (പെട്രോള്‍ വില വില്‍പ്പനയില്‍) സ്വകാര്യകുത്തകകള്‍ക്കും പ്രവേശനമായി. അവര്‍ക്ക് ലാഭകരമായ ഒരു പുതിയ മേച്ചില്‍പ്പുറം കൂടി തുറന്നുകിട്ടി. അപ്പോഴും ഡീസല്‍ വില സര്‍ക്കാര്‍ തന്നെയായിരുന്നു നിശ്ചയിച്ചിരുന്നത്. അതുകൂടി എണ്ണക്കമ്പനികള്‍ക്ക് കൈമാറണമെന്ന സമ്മര്‍ദ്ദം ഏറിവന്നു. അതിനോട് മന്‍മോഹന്‍ സര്‍ക്കാര്‍ യോജിക്കുകയും ചെയ്തു. എന്നാല്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതിനെതുടര്‍ന്ന് അടിക്കടിയുണ്ടായ വിലവര്‍ധനവും ജനങ്ങളുടെ പ്രതിഷേധവും അന്നത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന ബിജെപി ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പും 2ജി, കല്‍ക്കരി തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധിയുമെല്ലാമായപ്പോള്‍ മന്‍മോഹന്‍ സിങ്ങിന് ഡീസലില്‍ കൈവയ്ക്കാനുള്ള ധൈര്യമുണ്ടായില്ല. ഇന്ധനവിലകള്‍ മുഴുവന്‍ വിപണി വിലയുടെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ നിശ്ചയിക്കുക എന്ന ലക്ഷ്യം അപൂര്‍ണമായി അവശേഷിച്ചു.


മോഡിക്ക് എന്തൊരു വേഗം!


2014ല്‍, മന്‍മോഹന്‍സിങ്ങിനെ കയ്യൊഴിഞ്ഞ കോര്‍പറേറ്റുകളുടെ പുതിയ അരുമയായിത്തീര്‍ന്ന മോഡി അധികാരത്തിലെത്തിയതോടെ ഈ അപൂര്‍ണമായ കോര്‍പറേറ്റ് ദൗത്യം പൂര്‍ത്തിയാക്കുന്നതിനായിരുന്നു മുന്‍ഗണന. 2014 മെയില്‍ അധികാരമേറിയ മോഡി വെറും ആറുമാസത്തിനകം, ഒക്ടോബര്‍ ആയപ്പോഴേക്കും ഡീസല്‍ വിലനിര്‍ണയം കൂടി വിപണിക്കും കമ്പനികള്‍ക്കും തുറന്നുകൊടുത്തു. അംബാനിയുടെ റിലയന്‍സിനും മറ്റു കുത്തകകള്‍ക്കും അവിടുന്നിങ്ങോട്ട് ചാകരക്കാലമാണ്. ജനങ്ങള്‍ക്ക് തീരാദുരിതത്തിന്‍റെയും. ഇടതുപക്ഷ പിന്തുണയില്‍ 'വലഞ്ഞ' ഒന്നാം മന്‍മോഹന്‍ സര്‍ക്കാരിന്‍റെ കാലമടക്കം കോര്‍പറേറ്റ് ആവശ്യം പാതി സാധിച്ചുകൊടുക്കാന്‍ യുപിഎ ആറുവര്‍ഷമെടുത്തു. എന്നാല്‍ ബാക്കി പാതി നിറവേറ്റാന്‍ ഒറ്റക്ക് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ മോഡിക്ക് വേണ്ടി വന്നത് വെറും ആറുമാസം! തങ്ങളെ സേവിക്കുന്നതില്‍ മോഡിക്കുള്ള ഈ 'കാര്യക്ഷമത'യാണ് മന്‍മോഹനേക്കാളും കോണ്‍ഗ്രസിനേക്കാളും മോഡിയുടെ ബിജെപിയെ കോര്‍പറേറ്റുകള്‍ക്ക് പ്രിയങ്കമാക്കിയത്. ഇങ്ങനെ തുറന്നുകിട്ടിയ പുതിയ മേച്ചില്‍പുറങ്ങള്‍ കോര്‍പറേറ്റ് ലാഭം പെരുകാന്‍ ഇടയാക്കി. ഒന്നാം മോഡി സര്‍ക്കാരിന്‍റെ അഞ്ചുവര്‍ഷത്തിനിടയില്‍ മാത്രം മുകേഷ് അംബാനി തന്‍റെ അതുവരെയുള്ള കാലത്താകെ ആര്‍ജിച്ചതിന് തുല്യമായ സ്വത്ത് ആര്‍ജിച്ചു എന്ന കണക്ക് ഓര്‍മിക്കുക. ഇങ്ങനെ സ്വത്ത് കുന്നുകൂട്ടാനായത് മോഡിയുടെ ഒത്താശയില്‍ ജനങ്ങളെ കൊള്ളയടിക്കാനായതുകൊണ്ടാണ്. ആ കൊള്ള പ്രധാനമായും ഇന്ധന വില്‍പ്പനയുടെയും ജിയോയുടെയും മറവിലാണ് നടന്നത്.


മന്‍മോഹനായാലും മോഡിയായാലും വില നിയന്ത്രണം നീക്കുന്നതും എണ്ണക്കമ്പനികള്‍ക്ക് വില നിയന്ത്രണാധികാരം നല്‍കുന്നതും ജനങ്ങള്‍ക്ക് ഗുണകരമാവുമെന്നായിരുന്നു അന്ന് പറഞ്ഞത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടുമ്പോള്‍ കൂടാമെങ്കിലും അവിടെ കുറഞ്ഞാല്‍ ഇവിടെയും കുറയുമല്ലോ എന്നായിരുന്നു ചോദ്യം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നതോ? അന്താരാഷ്ട്ര വിപണിയില്‍ വില കൂടുമ്പോള്‍ ഇവിടുത്തെ വില കൂട്ടിയും അവിടെ വില കുറയുമ്പോള്‍ ഇവിടെ നികുതി കൂട്ടിയും ജനങ്ങള്‍ക്ക് എപ്പോഴും കെടുതി മാത്രം അനുഭവിക്കേണ്ടിവരുന്നു എന്നതാണ്. ജനങ്ങള്‍ക്ക് എപ്പോഴും നഷ്ടമാണെങ്കിലും കോര്‍പറേറ്റുകള്‍ക്കും സര്‍ക്കാരിനും എപ്പോഴും നേട്ടം മാത്രമുണ്ടാകുന്ന ഈ ഉപജാപത്തില്‍ കോണ്‍ഗ്രസും ബിജെപിയും തുല്യ ഉത്തരവാദികളാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വിലകൂട്ടാന്‍ പറഞ്ഞ എണ്ണക്കമ്പനികളുടെ 'നഷ്ടം' സാങ്കല്‍പ്പികമായിരുന്നു എന്നോര്‍ക്കണം. അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന അതേ വിലയ്ക്ക് ഇന്ത്യയില്‍ വിറ്റാല്‍ കിട്ടുന്ന അധികലാഭം കിട്ടാതിരിക്കുന്നതാണ് 'നഷ്ട'മായി അന്ന് കേന്ദ്രം വ്യാഖ്യാനിച്ചത്. ആ സാങ്കല്‍പ്പികനഷ്ടത്തിന്‍റെ മറവിലാണ് പെട്രോള്‍ വില അവര്‍ അന്താരാഷ്ട്ര വിലയനുസരിച്ച് കമ്പനികള്‍ നിശ്ചയിക്കട്ടെ എന്നു തീരുമാനിച്ചത്. അന്ന് അതിനെ നഖശിഖാന്തം എതിര്‍ത്ത ബിജെപി അധികാരമേറിയതോടെ ഡീസലിനു കൂടി ആ തീരുമാനം ബാധകമാക്കി. ഉദാര സാമ്പത്തികനയങ്ങളോട് ഒരുപോലെ കൂറുപുലര്‍ത്തുന്ന കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സമാനമായ വര്‍ഗസ്വഭാവമാണിവിടെ വ്യക്തമാവുന്നത്. 


കേന്ദ്രത്തിന്‍റെ കറവപ്പശു


ഇങ്ങനെ, വില വിപണിക്ക് വിട്ടുകൊടുത്തുകൊണ്ട് കോര്‍പ്പറേറ്റ് കൊള്ളലാഭത്തിന്‍റെ സ്രോതസ്സായി ഇന്ധനമേഖലയെ മാറ്റുന്നതോടൊപ്പം മറുഭാഗത്ത് വരുമാനം കൂട്ടാനുള്ള കുറുക്കുവഴിയെന്ന നിലയില്‍ ഇന്ധന നികുതി നിരന്തരം വര്‍ദ്ധിപ്പിച്ചും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ധന നികുതിയിലൂടെ ജനങ്ങളെ കൊള്ളയടിച്ച് വരുമാനം ഉണ്ടാക്കുന്ന പ്രവണത എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. 

പെട്രോളിയം ഇനത്തില്‍
കേന്ദ്രസര്‍ക്കാരിന് 
ലഭിച്ച വരുമാനം (കോടി രൂപ)
2014 - 15     1,72,065
2015 - 16     2,54,297
2016 - 17     3,35,175
2017 - 18     3,36,163
2018 - 19     3,48,041
2019 - 20     3,34,315
ആകെ    1,78,056
  (അന്തിമ കണക്കല്ല)

2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്‍റെ കേന്ദ്ര നികുതികള്‍ 9.48 രൂപയായിരുന്നു. ഇപ്പോഴത് 32.98 രൂപയായി വര്‍ദ്ധിച്ചു. 275 ശതമാനം വര്‍ദ്ധന! ഡീസലിന്‍റെ കേന്ദ്ര നികുതി 3.56 രൂപയില്‍നിന്ന് വര്‍ദ്ധിച്ച് 31.83 രൂപയായി. അതായത് 255 ശതമാനം. മോഡി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നശേഷം 11 തവണകളിലായി പെട്രോളിനും ഡീസലിനും യഥാക്രമം 23.50 രൂപയും 28.27 രൂപയും നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 2017 ഒക്ടോബറില്‍ ഒറ്റത്തവണ യഥാക്രമം 2 രൂപ, 1.50 രൂപ വീതം മാത്രമാണ് നികുതി കുറച്ചത്. എപ്പോഴെല്ലാം അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം നികുതി കൂട്ടി ആ വിലകുറവിന്‍റെ ആനുകൂല്യം നിഷേധിച്ചിട്ടുണ്ടെന്നു കാണാനാവും. വിലക്കുറഞ്ഞ 1991ലെ കുവൈത്ത് യുദ്ധകാലത്തിനുശേഷം ഏറ്റവും വില ഇടിവുണ്ടായ 2020 മാര്‍ച്ചില്‍ ആ ഭീമമായ ഇടിവിന്‍റെ ആനുകൂല്യത്തിന്‍റെ ഒരു അംശംപോലും ജനങ്ങള്‍ക്ക് കൈമാറാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയത് ഓര്‍ക്കുക. ക്രൂഡ് ഓയില്‍ വില ഏറ്റവും ഉയര്‍ന്നു നിന്ന (145 ഡോളര്‍) 2008 ജൂലൈയിലെ പെട്രോള്‍, ഡീസല്‍ വിലകളേക്കാള്‍ (50.56, 34.80) കൂടുതലായിരുന്നു ഏറ്റവും ഇടിഞ്ഞ 2020 മാര്‍ച്ച് - മെയ് മാസങ്ങളിലെ വില. നികുതി അടിക്കടി വര്‍ദ്ധിപ്പിച്ചതാണ് കാരണം. 2020 മെയ് ആറിന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞുനില്‍ക്കു (കോവിഡ് വ്യാപനം മൂര്‍ഛിച്ചു നില്‍ക്കുകയും) മ്പോള്‍ പെട്രോളിനും ഡീസലിനും യഥാക്രമം 10ഉം 13ഉം രൂപവീതം കൂട്ടിയതാണ് ഏറ്റവും ഒടുവിലത്തെ നികുതി വര്‍ദ്ധന. അതിനുശേഷം ക്രൂഡ്ഓയില്‍ വില കുത്തനെ താഴ്ന്ന നിലയില്‍ നിന്ന് അല്‍പം ഉയര്‍ന്നപ്പോഴേക്കും ദൈനംദിനം വിലകൂട്ടാനും തുടങ്ങി.


മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെട്രോളിയം നികുതി വരുമാനത്തിലുണ്ടായ കുതിച്ചുകയറ്റം നോക്കിയാല്‍ കേന്ദ്രം ജനങ്ങളെ എങ്ങനെ കറവപ്പശുവാക്കി മാറ്റിയെന്ന് തിരിച്ചറിയാനാവും. 2013-14ല്‍ 88,600 കോടി രൂപയായിരുന്നു കേന്ദ്രത്തിന്‍റെ പെട്രോളിയം നികുതികളില്‍നിന്നുള്ള വരുമാനം. മോഡി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം 2014-15ല്‍ ഇത് 1,72,065 കോടി രൂപയായി വര്‍ദ്ധിച്ചു. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും ഇത് ക്രമാനുഗതമായി വര്‍ദ്ധിച്ചു. 2019 -20ലെ അന്തിമ കണക്ക് വന്നിട്ടില്ല. മോഡി സര്‍ക്കാരിന്‍റെ ആറുവര്‍ഷത്തിനിടയില്‍ കേന്ദ്രം പെട്രോളിയം നികുതികളില്‍ നിന്നും മാത്രമായി പിഴിഞ്ഞെടുത്തത് 17.8 ലക്ഷം കോടി രൂപയാണ്! ഇതേ കാലയളവില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി പെട്രോളിയം നികുതിയിനത്തില്‍ ലഭിച്ച വരുമാനത്തേക്കാള്‍ 6.14 ലക്ഷം കോടി രൂപ കൂടുതലാണിത്.
 2020-21 വര്‍ഷത്തില്‍, ഇതിനകം നടപ്പിലാക്കിയ നികുതി വര്‍ദ്ധനയിലൂടെ മാത്രം 2 ലക്ഷം കോടി രൂപയിലേറെ മുന്‍വര്‍ഷത്തേക്കാള്‍ അധികവരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ കൊള്ളയെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് കക്കൂസ് മുതല്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്താന്‍ വേറെ വഴിയില്ല എന്ന വാദമുയര്‍ത്തിയാണ്. എന്താണ് വസ്തുത? ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം കക്കൂസു മുതല്‍ ബഹിരാകാശ പേടകം വരെ നിര്‍മ്മിക്കുന്നത് പെട്രോള്‍, ഡീസല്‍ നികുതികളായി ജനങ്ങളെ പിഴിഞ്ഞിട്ടാണോ? ഇന്ത്യയില്‍ ഇന്ധനനികുതി നിരന്തരം കൂട്ടി ജനങ്ങളെ പിഴിയലല്ലാതെ മറ്റു മാര്‍ഗ്ഗമില്ലേ?


ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതി ഇപ്പോള്‍ ഇന്ത്യയിലാണ്. വിലയുടെ 69 ശതമാനം. അതേസമയം ലോകത്തെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി നിരക്കും ഇന്ത്യയിലാണ്. 15 ശതമാനം! ഈ കണക്കുകള്‍ സര്‍ക്കാരിന്‍റെ ജനവഞ്ചന തെളിയിക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കു നികുതി നിരന്തരം കുറച്ചു കൊടുക്കുകയും ആ നഷ്ടം ഇന്ധന നികുതിയിലൂടെ ജനങ്ങളില്‍നിന്ന് ഈടാക്കുകയുമാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. 2014ല്‍ പെട്രോള്‍ വിലയുടെ 13 ശതമാനമായിരുന്നു കേന്ദ്ര നികുതികളെങ്കില്‍ ഇന്നത് ഇന്ധനവിലയുടെ 69 ശതമാനമാണ്. ഇപ്പോഴത്തെ ക്രൂഡ്ഓയില്‍ വില ബാരലിന് 38 ഡോളര്‍. ഡോളര്‍ വിനിമയനിരക്ക് 75.97 രൂപ. അതായത് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്‍റെ വില വെറും 18.28 പൈസ. ശുദ്ധീകരണച്ചെലവ് ഒരു രൂപയില്‍ താഴെ. ചുരുക്കിപ്പറഞ്ഞാല്‍ ഇരുപതു രൂപയില്‍ താഴെ വിലയ്ക്ക് വില്‍ക്കാവുന്ന പെട്രോളും ഡീസലുമാണ് നികുതികള്‍ കുത്തനെ കൂട്ടി എഴുപതു രൂപക്ക് മുകളില്‍ വില്‍ക്കുന്നത്.


സംസ്ഥാനം എന്തു പിഴച്ചു?


ഇതിനിടയില്‍ പ്രചരിപ്പിക്കുന്ന മറ്റൊരു കള്ളമുണ്ട്. കേന്ദ്ര എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്‍റെ വിഹിതം സംസ്ഥാനങ്ങള്‍ക്കും കിട്ടുന്നുണ്ട്. പിന്നെ എല്ലാ നികുതികള്‍ക്കും മുകളിലാണ് സംസ്ഥാന നികുതി എന്നതുകൊണ്ട് കേന്ദ്രം വര്‍ദ്ധിപ്പിക്കുമ്പോള്‍ സംസ്ഥാന നികുതിയിലും ആനുപാതിക വര്‍ദ്ധനവുണ്ടാകുന്നുണ്ട് എന്നതിനാല്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്നാണ് വേറൊരു വാദം. ആദ്യത്തെ കള്ളമെടുക്കാം. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി കാണുന്ന ഒരു അനാഥ പ്രചരണത്തില്‍ പറയുന്നത് ഒരു ലിറ്റര്‍ പെട്രോളില്‍ കേരള സര്‍ക്കാരിന് 32.23 രൂപ കിട്ടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കിട്ടുന്നത് വെറും 13.85 രൂപയാണത്രേ! പാവം മോഡി! സംസ്ഥാനത്തിന് പണമുണ്ടാക്കിക്കൊടുക്കാന്‍ നികുതി കൂട്ടി ജനങ്ങളുടെ രോഷം ഏറ്റുവാങ്ങുന്ന ത്യാഗി. സത്യത്തിലാരും തിരിച്ചറിയാതെ പോയ നന്മമരം. എന്താണ് വസ്തുത? ഒരു ലിറ്റര്‍ പെട്രോളിന് ആകെ കേന്ദ്ര എക്സൈസ് തീരുവ 32.98 രൂപ.

എല്ലാ സംസ്ഥാന 
സര്‍ക്കാരുകള്‍ക്കുമായി 
ലഭിച്ച വരുമാനം  (കോടി രൂപ)
2014 - 15     1,60,554
2015 - 16     1,60,209
2016 - 17     1,89,770
2017 - 18     2,06,863
2018 - 19     2,27,591
2019 - 20     2,20,810
ആകെ    11,65,797


........ അതില്‍ അടിസ്ഥാന എക്സൈസ് തീരുവ ((basic excise duty) 2.98 രൂപ. ബാക്കിയെല്ലാം കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി (സെസ്സ്), എന്നീ ഇനങ്ങളിലാണ്. ഇത് യഥാക്രമം 12ഉം 18ഉം രൂപ വീതം.  ഈ രണ്ടിനങ്ങളിലുമുള്ള നികുതികള്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. ബേസിക് എക്സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം മാത്രമേ കേന്ദ്രത്തിന് ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതുള്ളൂ. കേന്ദ്രം ചുമത്തുന്ന ആകെ എക്സൈസ് തീരുവയായ 32.98 രൂപയില്‍ ബേസിക് എക്സൈസ് ഡ്യൂട്ടി 2.98 രൂപ മാത്രമാണ്. ഇതിന്‍റെ 42 ശതമാനമായ 1.25 രൂപയാണ് ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങള്‍ക്കാകെ പങ്കുവെക്കുന്നത്. കേരളത്തിന്‍റെ ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനമാണ്. അതായത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ കേന്ദ്ര എക്സൈസ് തീരുവ ഇനത്തില്‍ കേരളത്തിന്‍റെ വിഹിതം 1.25 രൂപയുടെ 2.76 ശതമാനമായ വെറും 3.45 പൈസയാണ്! ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കിട്ടുന്നത് യുപിക്ക്. ലിറ്ററൊന്നിന് 20 പൈസ. കേന്ദ്ര എക്സൈസ് തീരുവയുടെ വിഹിതമായി കേരളത്തിന് വെറും 3.45 പൈസയാണ് കിട്ടുന്നത് എന്നതു മറച്ചുവെച്ചാണ് 32 രൂപ കിട്ടുന്നുവെന്നൊക്കെ ബിജെപി കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നുണപ്രചരണം നടത്തുന്നത്. അടിക്കടിയുള്ള നികുതി വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം വഴിതിരിച്ചുവിടാനാണ് സംസ്ഥാനങ്ങള്‍ക്കാണ് ഇതിന്‍റെ നേട്ടമെന്നു പച്ചക്കള്ളം ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്.


രണ്ടാമത്തെ വാദം കേന്ദ്രം വില/നികുതികള്‍ കൂട്ടുമ്പോള്‍ സംസ്ഥാന നികുതി അതിനും മുകളിലായതിനാല്‍ സംസ്ഥാനത്തിനും അധികവിഹിതം കിട്ടുമല്ലോ എന്നാണ്. അതിനാല്‍ സംസ്ഥാന നികുതി കുറയ്ക്കണമെന്ന്. കേരള സര്‍ക്കാര്‍ ഇതുവരെ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നോര്‍ക്കണം. കൂട്ടിയ കേന്ദ്രം കുറയ്ക്കാതെ കൂട്ടാത്ത കേരളം കുറയ്ക്കണമെന്ന് പറയുന്നതില്‍ എന്തുന്യായം? കേന്ദ്രം കൂട്ടിയത് കുറയ്ക്കുകയും ഇനി കൂട്ടാതിരിക്കുകയുമാണ് വേണ്ടത്.


രണ്ട് നികുതികള്‍


ഇന്ധനനികുതി നിര്‍ണയം എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ വര്‍ഗസമീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മോഡി ഭരണകാലയളവില്‍ ഇതുവരെ പെട്രോളിന് 275 ശതമാനവും ഡീസലിന് 255 ശതമാനവും നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ കോര്‍പ്പറേറ്റ് നികുതി 30ല്‍നിന്ന് 15 ശതമാനമാക്കി കുറയ്ക്കുകയാണ് ചെയ്തത്. 2019-20ല്‍ ഇന്ധന നികുതി വരുമാനം 5 ലക്ഷം കോടി രൂപ കവിഞ്ഞപ്പോള്‍ കോര്‍പ്പറേറ്റ് നികുതി വരുമാനം 2.09 ലക്ഷം കോടി രൂപയായി ഇടിയുകയായിരുന്നു! 58 വര്‍ഷത്തിനിടയിലാദ്യമായാണ് ഇന്ത്യയില്‍ കോര്‍പ്പറേറ്റ് നികുതി വരുമാനം ഇടിഞ്ഞത്. കാരണം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ ഭീമമായ നികുതിയിളവുകള്‍ ജനങ്ങളെ പിഴിഞ്ഞൂറ്റി അതിസമ്പന്നര്‍ക്ക് ഇളവുകള്‍ ചൊരിയുന്ന മോഡി സര്‍ക്കാരിന്‍റെ ധനികവര്‍ഗ പക്ഷപാതിത്വത്തിന്‍റെ മായ്ക്കാനാവാത്ത തെളിവാണ് വിലയും നികുതിയുമായുള്ള ഇന്ധനക്കൊള്ള.