ഭാവി പോരാട്ടങ്ങള്‍ക്കായി സജ്ജരാകുക

നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ രണ്ടാം ഊഴം അതിനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പില്ലാതെ എന്തുംചെയ്യാന്‍ കഴിയുമെന്ന ധൈര്യത്തേക്കാള്‍ കൂടുതല്‍ ധിക്കാരത്തിന്‍റെ പശ്ചാത്തലത്തിലാണ് ആരംഭിച്ചത്. അതിന് യോജിക്കുന്നവിധം ആഭ്യന്തരമന്ത്രിയായി അമിത്ഷായെ മോഡി അവരോധിച്ചു. ആര്‍എസ്എസിന്‍റെ അജന്‍ഡ അനുസരിച്ച് ജമ്മു-കാശ്മീരിന്‍റെ സംസ്ഥാന പദവി ഇല്ലാതാക്കുക മാത്രമല്ല, അതിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു. അതോടൊപ്പം അവിടത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കുകയും ആ പ്രദേശത്ത്, വിശേഷിച്ച് കാശ്മീര്‍ താഴ്വരയില്‍, ജനജീവിതം അസാധ്യമാക്കുകയും ചെയ്തു. അതോടൊപ്പം പൗരത്വ നിയമം ഭേദഗതിചെയ്ത് മതവിവേചനം പ്രയോഗത്തില്‍വരുത്തി. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കി രാജ്യത്താകെ മുസ്ലീംവിരുദ്ധ നീക്കങ്ങള്‍ നടത്തും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 


ഈ നടപടികള്‍ക്കെതിരെ രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ നടന്നു. ഡല്‍ഹി അതിന്‍റെ ഒരു കേന്ദ്രമായി. തല്‍ഫലമായി ലോകത്താകെ മോഡിസര്‍ക്കാരിന്‍റെ അമിതാധികാര പ്രയോഗങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു-മോഡിയുടെ 'സുഹൃത്തായ' ട്രമ്പിന്‍റെ അമേരിക്കയില്‍വരെ. കോവിഡ്-19ന്‍റെ പേരില്‍ രാജ്യമാകെ അടച്ചിടുന്ന സമയംവരെ ഇത്തരം സമരങ്ങള്‍ രാജ്യത്താകെ നടക്കുകയായിരുന്നു. രാജ്യം അടച്ചിടുന്നവേളയില്‍ മിക്ക തൊഴിലുകളും ഇല്ലാതായതിനാല്‍ ജനങ്ങളില്‍ വലിയ വിഭാഗം തൊഴില്‍രഹിതരായി. അന്നന്ന് ജോലിചെയ്ത് ആഹാര സമ്പാദനം നടത്തുന്ന ജനകോടികള്‍ അതോടെ നിരാധാരരായി. അവരുടെ കുടുംബാംഗങ്ങളും അറു പട്ടിണിയിലായി. അവര്‍ക്കും മറ്റ് ദരിദ്രജനവിഭാഗങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങളും ഒരു നിശ്ചിത തുകയും അടച്ചിടല്‍കാലത്ത് സര്‍ക്കാര്‍ സൗജന്യമായി വിതരണംചെയ്യണമെന്ന് പ്രതിപക്ഷത്തെ പല രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല, ലോകത്താകെ അറിയപ്പെടുന്ന അര്‍ഥശാസ്ത്രജ്ഞരും നിര്‍ദേശിച്ചു. വികസിതരാജ്യങ്ങളില്‍പോലും ഇങ്ങനെചെയ്യുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മോഡിസര്‍ക്കാര്‍ ഏറെ വൈകിയാണെങ്കിലും പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജില്‍ കൂടുതലും വ്യവസായങ്ങളും വ്യാപാരവും കൃഷിയും ഉണരുന്നതിനായി പ്രഖ്യാപിച്ച ബാങ്ക് വായ്പകളായിരുന്നു. സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നത്-പ്രത്യേകിച്ചും തന്നാണ്ടിലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്കുപുറത്ത് രണ്ടുലക്ഷം കോടി രൂപ മാത്രമായിരുന്നു. അതാകട്ടെ, പുതിയ പദ്ധതികള്‍ക്കും.


ഇവകൊണ്ടൊന്നും ജനങ്ങള്‍ക്ക് നേരിട്ട് സഹായമൊന്നും ലഭിക്കില്ല; തൊഴിലും ലഭിക്കില്ല, അതുവഴിയുള്ള വരുമാനം ഉണ്ടാകില്ല. അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ധനമന്ത്രി പറയുന്നത് 8.5 കോടി എന്നാണെങ്കിലും 12 കോടിയിലേറെ ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. മോഡിയുടെ അടച്ചിടല്‍ നടപടികള്‍ അവരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ജോലിസ്ഥലങ്ങളില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരു സഹായവും കേന്ദ്രസര്‍ക്കാര്‍ ചെയ്തില്ല. എന്നുമാത്രമല്ല, തീവണ്ടി, ബസ് ഓട്ടം തടഞ്ഞ് അവരെ വട്ടംകറക്കുകയും ചെയ്തു. നാട്ടിലേക്ക് കാല്‍നടയായി പോയ പലരും വഴിയില്‍ വീണു മരിച്ചു. ഇപ്പോഴും അവരോട് നീതിചെയ്യാന്‍ കേരളസര്‍ക്കാരിനെപ്പോലെ അപൂര്‍വം സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ മറ്റാരും തയ്യാറല്ല. 


അതേസമയം കേന്ദ്രഭരണകക്ഷിയുടെ മന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തകര്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് കേരളസര്‍ക്കാരിനും മറ്റും എതിരായി ജനങ്ങളെ കള്ള പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കാനാണ്. ഇതുപോലുള്ള ജനാധിപത്യ സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനും ഭരണകക്ഷിക്കും കണ്ണിലെ കരടായി മാറിയിരിക്കുന്നു എന്നാണ് ഇത് വെളിവാക്കുന്നത്. 
കോവിഡ്-19 വ്യാപനത്തെ തടയാനെന്ന പേരിലാണ് മാര്‍ച്ച് അവസാനം അടച്ചിടല്‍ ഏര്‍പ്പെടുത്തിയത്. രണ്ടുമാസം കഴിഞ്ഞപ്പോഴേക്ക് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അത് അനിയന്ത്രിതമായി പടരുകയാണ്. മറ്റ് പല സംസ്ഥാനങ്ങളിലേക്ക് അത് അതിവേഗം വ്യാപിക്കുകയാണ്. അത് തടയാന്‍ ആവശ്യമായ രോഗ പ്രതിരോധ നിയന്ത്രണ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മോഡി സര്‍ക്കാരിന് കഴിയുന്നില്ല. അതേസമയം വന്‍കിട മുതലാളിമാര്‍ക്ക് അടച്ചിടല്‍കാലത്തുപോലും വലിയ ലാഭംകൊയ്യാന്‍ കഴിയുംവിധമാണ് കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നടപടികള്‍.


ഈ നയ സമീപനത്തില്‍ ഒരു മാറ്റവും വരുത്തുന്നതിന് മോഡിസര്‍ക്കാര്‍ തയ്യാറായിട്ടില്ല. നേരെമറിച്ച്, അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കാനാണ് നീക്കങ്ങള്‍. കോവിഡ് വ്യാപനം തടയാനുള്ള അടച്ചിടലിന്‍റെ പശ്ചാത്തലത്തില്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക് ജനങ്ങളെ എങ്ങനെയും പിഴിയാനുള്ള അന്തരീക്ഷമാണ് മോഡിസര്‍ക്കാര്‍ ഒരുക്കിവെച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയിലിന്‍റെ വില അടച്ചിടല്‍ തുടങ്ങിയ കാലത്തേതിനെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ കാലയളവില്‍ ഇന്ത്യയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില 16 രൂപയോളം വര്‍ധിപ്പിച്ചു ഒരു ലിറ്ററിന്. അതില്‍ 10 രൂപ വര്‍ധിപ്പിച്ചത് വില ഇടിഞ്ഞപ്പോള്‍ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചായിരുന്നു; 6 രൂപയിലേറെ ഉപഭോക്താക്കളില്‍നിന്ന് നിത്യേന 50-70 പൈസ നിരക്കിലുള്ള വര്‍ധനയിലൂടെയും. 
ജനങ്ങള്‍ക്ക് രോഗ പ്രതിരോധത്തിന്‍റെയോ ചികിത്സയുടെയോ കാര്യത്തില്‍ ഒരു സംരക്ഷണവും മോഡിസര്‍ക്കാര്‍ നല്‍കുന്നില്ല. ഒരു സഹായവും പ്രദാനംചെയ്യുന്നുമില്ല. ചികിത്സയ്ക്കോ ഭക്ഷണം പോലെയുള്ള ആവശ്യങ്ങള്‍ക്കോ സഹായം നല്‍കുന്നില്ല എന്നുമാത്രമല്ല, തൊഴിലവസരങ്ങള്‍ പുനഃസൃഷ്ടിക്കാതെ അവരെ കൊല്ലാക്കൊല ചെയ്യുന്നുമുണ്ട്. ഇതിനെതിരെ ജനങ്ങള്‍ ഏകോപിച്ച് അണിനിരക്കാതിരിക്കാന്‍ അവരെ ജാതി-മതങ്ങളുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് മോഡിസര്‍ക്കാരും സംഘപരിവാരവും മുതിര്‍ന്നുകാണുന്നത്. ഈ നീക്കങ്ങളെ തുറന്നുകാട്ടാനും ചെറുക്കാനും ജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് രോഗ വ്യാപന ഭീഷണിയാണ്; അതുകൊണ്ട് യോജിച്ച് സമരമുഖത്ത് അണിനിരക്കാനുള്ള പ്രയാസമാണ്. 


ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് സിപിഐ എം ജൂണ്‍ 16ന് പുതിയ രീതിയില്‍ ഒരു രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്. രാവിലെ 11 മണി മുതല്‍ 12 മണിവരെ ഒരു മണിക്കൂര്‍ നേരം മോഡിസര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടികള്‍ക്കും സമീപനത്തിനും എതിരായി അണിനിരന്ന് പ്രതിഷേധിക്കാന്‍ പാര്‍ടി എല്ലാ സഖാക്കളെയും ആഹ്വാനംചെയ്തിരുന്നു. സംസ്ഥാനത്തിന്‍റെ നാനാഭാഗങ്ങളില്‍ രണ്ടുലക്ഷം ഇടങ്ങളില്‍ 5-8 പേര്‍ വരുന്ന ചെറു കൂട്ടങ്ങളായി അണിനിരന്നാണ് പാര്‍ടി അത് പ്രാവര്‍ത്തികമാക്കിയത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രക്ഷോഭ നടപടികള്‍ സംഘടിപ്പിക്കുകയുണ്ടായി. 


കോവിഡ്കാലത്തും ജനങ്ങള്‍ അന്യായങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സര്‍ക്കാരിന്‍റെ കടുത്ത അനാസ്ഥയ്ക്കും കീഴ്പെട്ട് നില്‍ക്കാനല്ല, അവയ്ക്കെതിരെ ഊര്‍ജസ്വലമായ പ്രക്ഷോഭസമരങ്ങളില്‍ അണിനിരക്കാനാണ് മുതിരുന്നത് എന്ന സംശയരഹിതമായ മുന്നറിയിപ്പാണ് ഈ സമരം. ഇതുപോലെ ജനങ്ങള്‍ നിസ്സഹായരായ സ്ഥിതിയില്‍ സര്‍ക്കാരിന്‍റെ ചുമതലയാണ്, അതുതന്നെ സ്തംഭിപ്പിച്ച ഉല്‍പാദന കമ്പോള പ്രവര്‍ത്തനങ്ങളെ പുനഃസ്ഥാപിക്കുന്നതുവരെ നിസ്സഹായരായ ജനങ്ങള്‍ക്ക് ഭക്ഷണത്തിന് സഹായംചെയ്തും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും മറ്റും അവരെ സഹായിക്കുക എന്നത്. ജനങ്ങളുടെ കയ്യില്‍ പണം എത്തി അവര്‍ അത് വിവിധ കാര്യങ്ങള്‍ക്കായി ചെലവഴിക്കുമ്പോഴാണ് സര്‍ക്കാര്‍തന്നെ സ്തംഭിപ്പിച്ച വിപണി വീണ്ടും സജീവമാവുക. അതിനെ തുടര്‍ന്നാണ് തൊഴിലവസരങ്ങള്‍ വീണ്ടും സൃഷ്ടിക്കപ്പെടുക. കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടി കമ്പോളത്തെ ബോധപൂര്‍വം അടച്ചിട്ട സര്‍ക്കാരിന് അത് തുറന്നു പ്രവര്‍ത്തിക്കാനുള്ള സഹായങ്ങള്‍ ചെയ്യാന്‍, അവ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ പട്ടിണിപ്പാവങ്ങളെ ഭക്ഷണവും പണവും മറ്റും നല്‍കി ജീവന്‍ നിലനിര്‍ത്തുന്നതിനും സഹായിക്കാന്‍ ബാധ്യതയുണ്ട്. അത് എത്രയും വേഗം മോഡിസര്‍ക്കാര്‍ നിറവേറ്റിയേ തീരൂ.


ജനാധിപത്യവ്യവസ്ഥയില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ സ്വയം അറിഞ്ഞ് നിറവേറ്റാതിരിക്കുമ്പോള്‍, സര്‍ക്കാരിനെക്കൊണ്ട് അതിന്‍റെ കടമ ചെയ്യിക്കുന്നതിന് നിര്‍ബന്ധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പോര, അത് അവരുടെ കടമയാണ്. മോഡിസര്‍ക്കാര്‍ കണ്ണും കാതും ചെവിയും പ്രവര്‍ത്തിക്കാത്ത മണ്ഡൂകമായി മാറുമ്പോള്‍ അതിനെ പ്രവര്‍ത്തനനിരതമാക്കേണ്ടത് ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളാണ് പ്രതിപക്ഷ പാര്‍ടികളാണ്. മുമ്പും ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ട വേളകളില്‍ ജനങ്ങളെ മൊത്തത്തില്‍ അണിനിരത്തി സര്‍ക്കാരിനെക്കൊണ്ട് അതിന്‍റെ കടമ ചെയ്യിക്കാന്‍ സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളും സംഘടനകളുമൊക്കെ ഒത്തൊരുമിച്ച് പ്രക്ഷോഭസമരങ്ങളിലൂടെ സര്‍ക്കാരിനെക്കൊണ്ട് കടമ ചെയ്യിച്ചിട്ടുണ്ട്. 


അതിന്‍റെ തുടക്കം കുറിക്കുകയാണ് സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും ജൂണ്‍ 16ന് ചെയ്തത്. അതിനെ ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുപോയി വിജയത്തിലെത്തിക്കേണ്ട ബാധ്യത രാജ്യത്തെ എല്ലാ ജനാധിപത്യവാദികള്‍ക്കും സംഘടിത തൊഴിലാളി-കര്‍ഷകാദി പ്രസ്ഥാനങ്ങള്‍ക്കും ഉണ്ട്. $