മുതലെടുപ്പ്  രാഷ്ട്രീയം

ഗൗരി

ഇപ്പോള്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും ആപ്പൂരിയ കുരങ്ങന്മാരെപ്പോലെ വാല്‍ തടിക്കട്ടയ്ക്കിടയില്‍ കുടുങ്ങിയ മട്ടിലായിരിക്കുകയാണ്. എന്താന്നല്ലേ? ലോക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതിനൊപ്പം മാര്‍ച്ച് 25 മുതല്‍ അടഞ്ഞുകിടക്കുകയായിരുന്ന ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നശേഷം അതിന്മേല്‍ തീരുമാനമെടുക്കാമെന്നാണ് സംസ്ഥാന മുഖ്യമന്ത്രി അതിനോട് പ്രതികരിച്ചത്. എന്നാല്‍ അത്തരമൊരു കാത്തുനില്‍പ്പിനൊന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് ചെന്നിത്തല വാളും പരിചയുമായി വിശ്വാസികള്‍ക്കായി ചാടി വീഴുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാകട്ടെ പിണറായി സര്‍ക്കാര്‍ ദേവാലയങ്ങള്‍ തുറക്കാന്‍ അനുവദിച്ചില്ലെങ്കിലും താന്‍ 8-ാം തീയതി ഗുരുവായൂരമ്പലത്തിനുള്ളില്‍ കടന്ന് പ്രാര്‍ഥന നടത്തുമെന്ന പ്രഖ്യാപനം വരെ നടത്തി. മുന്‍ മുഖ്യമന്ത്രി ചാണ്ടിയും ഒട്ടും പിന്നിലായിരുന്നില്ല. മുസ്ലീംലീഗും മാണി കേരളയും അതിനൊപ്പം തന്നെയാണെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഹിന്ദുമത വിശ്വാസത്തിന്‍റെ ആഗോള മൊത്തക്കച്ചവടക്കാരായ ആര്‍എസ്എസ് - ബിജെപി സംഘമാകട്ടെ തന്ത്രപരമായ മൗനത്തിലുമായിരുന്നു.
ഇവരുടെയെല്ലാം നിലപാടുകളെ നിയന്ത്രിച്ചത് രാഷ്ട്രീയമായ കണക്കുകൂട്ടലുകളായിരുന്നു. അഥവാ മുതലെടുപ്പ് രാഷ്ട്രീയം കളിക്കാനുള്ള തന്ത്രം മെനയലായിരുന്നു ഇക്കൂട്ടരെല്ലാം അണിയറയില്‍ നടത്തിയിരുന്നത്. നമ്മുടെ മുഖ്യധാരാ മാധ്യമ പണ്ഡിറ്റുകളും ഇത്തരമൊരു രാഷ്ട്രീയ തറവേല നടത്താനുള്ള കാത്തിരിപ്പിലായിരുന്നു.


ഇവരെല്ലാം കരുതിയത് കേരള ഗവണ്‍മെന്‍റ് പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രിയായിരിക്കെ ദേവാലയങ്ങള്‍ തുറക്കാന്‍ കോവിഡ് രോഗം ശമനമാകാതിരിക്കെ അനുവദിക്കില്ലെന്നായിരുന്നു. എന്നാല്‍ ദേവാലയങ്ങള്‍ അടച്ചിടാനുള്ള തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാര്‍ അവ തുറക്കാമെന്ന തീരുമാനമെടുത്തപ്പോള്‍ അതും ആദ്യ തീരുമാനം പോലെ തന്നെ സംസ്ഥാനത്തും അതേപടി നടപ്പാക്കുകയാണുണ്ടായത്. യുഡിഎഫിലെ പല പ്രമുഖ നേതാക്കളെയുംപോലെ പല മതസംഘടനകളും പുരോഹിതരും ദേവാലയങ്ങള്‍ തുറക്കണമെന്ന ആവശ്യമുന്നയിക്കുകയും അതേസമയം അവ തുറക്കരുതെന്ന് രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളൊന്നും ആവശ്യപ്പെടാതിരിക്കുകയും  ഐസിഎംആറിനെപ്പോലെയുള്ള വിദഗ്ദ്ധരുടെ ഉപദേശ - നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനവുമെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ എന്തിനു മറിച്ചൊരു തീരുമാനമെടുക്കണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ തീരുമാനത്തില്‍നിന്നും വേറിട്ടൊരു തീരുമാനമെടുത്താല്‍ അതൊരു സുവര്‍ണാവസരമാക്കി രാഷ്ട്രീയം കളിക്കാമെന്നും കുളം കലക്കി മീന്‍ പിടിക്കാമെന്നുമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ മുനയാണ് ഇവിടെ ഒടിഞ്ഞുവീണത്. അവരുടെ മോഹങ്ങളുടെ ചിറകാണ് കരിഞ്ഞ് നിലംപൊത്തിയത്. 


8-ാം തീയതി രാത്രിയിലെ ഏഷ്യാനെറ്റ് ചര്‍ച്ചയും അതിനു മുന്നോടിയായി ആ ചാനലില്‍ തന്നെ നടത്തിയ മലബാര്‍ മാന്വല്‍ എന്ന പരിപാടിയും ഈ പരമാര്‍ഥം തുറന്നു കാണിക്കുന്നതായിരുന്നു. മലബാര്‍ മാന്വലുകാരന്‍ പിണറായി വിജയന്‍ സ്പ്രിങ്ക്ളര്‍ വിഷയത്തിലും മണല്‍വാരലിലും ബെവ്കൊ ആപ്പിലുമെന്ന പോലെ ക്ഷേത്രങ്ങള്‍ തുറക്കാനെടുത്ത തീരുമാനവും പരമ അബദ്ധമായി എന്ന് കൂട്ടിക്കെട്ടിയിട്ട്  ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്ക് എങ്ങനെ മനസ്സുവന്നുവെന്ന കിടിലന്‍ ചോദ്യമാണ് വലിച്ചെറിഞ്ഞത്. 8 മണി ചര്‍ച്ചയിലും വേണ്ടണം നിലപാടാണ് മുഴച്ചുനിന്നത്; സംസ്ഥാന സര്‍ക്കാരിനെതിരായ ഉറഞ്ഞുതുള്ളലായി അത് മാറ്റപ്പെടുകയായിരുന്നു.


9-ാം തീയതി 'മനോരമ' പത്രമാകട്ടെ അതിന്‍റെ 8-ാം പേജില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. "ആരാധനാലയങ്ങള്‍ തുറക്കുന്നത് രാഷ്ട്രീയ വിവാദത്തിലേക്ക്". അതില്‍ എന്തായാലും ഒരു കാര്യം കൃത്യമായി സൂചിപ്പിക്കുന്നു: "ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയ നിലപാടില്‍നിന്നു പ്രതിപക്ഷം പിന്നാക്കം പോയിട്ടില്ല. എന്നാല്‍ വിശ്വാസികളില്‍ തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നതിനാല്‍ ഇക്കാര്യത്തില്‍ തല്‍ക്കാലം കക്ഷി ചേരേണ്ടതില്ലെന്ന നിലപാടിലേക്ക്. പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിച്ചില്ല". അപ്പോ സംഗതി വ്യക്തമായല്ലോ. പണിപാളിയ മട്ടിലായി. ചെന്നിത്തലയന്‍ മൗനത്തിലായപ്പോള്‍ മുല്ലവള്ളിയാശാന്‍ കൊടിയുമെടുത്ത് തറ്റുടുത്ത് കളത്തില്‍ ചാടിവീണിറ്റുണ്ട്. എന്തിനാ ആരാധനാലയങ്ങള്‍ തിടുക്കപ്പെട്ട് തുറന്നത് എന്നയ്രെ അതിയാന്‍റെ ശോദ്യം.


ഇനി മറ്റൊരണ്ണന്‍ ഒരു സൂപ്പര്‍ കളിയാണ് കളിച്ചത്. പുള്ളിയുടെ പ്രതികരണം അംഗ്രേസിയിലേക്കു മാറ്റി. മറ്റാരുമല്ല അത്, സാക്ഷാല്‍ കേന്ദ്ര സഹമന്ത്രി മുരളി. സാധാരണ ഈ സഹമന്ത്രി, ഉപമന്ത്രീന്നൊക്കെപ്പറഞ്ഞാല്‍ അത് സ്വതന്ത്രചുമതലയുള്ളതല്ലെങ്കില്‍ ഇസ്പേഡ് ഏഴാം കൂലിയാണ്. അത് മുരളിയായാലും മുല്ലവള്ളിയായാലും സംഗതി പണി കാബിനറ്റിന് ചായവാങ്ങല്‍ തന്നെ. പണ്ടൊരു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുണ്ടായിരുന്നു. 1987ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത്. കേരളീയനല്ല, ഗുജറാത്തീന്നൊള്ള യോഗേന്ദ്ര മക്വാന. കോണ്‍ഗ്രസുകാരനായ ആ മക്കുണന് സ്ഥിരമായി കേരളത്തില്‍ ചുറ്റിക്കറങ്ങി ഇവിടത്തെ ക്രമസമാധാനം ഭദ്രമാണോന്ന് അന്വേഷിക്കലാരുന്നു അന്ന് പണി. അതേപോലെ ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രി മുരളിയാശാനും ഡല്‍ഹീല്‍ പണിയില്ലാത്തോണ്ട് ഇവിടെക്കിടന്ന് പണിയോട് പണിയാണ്. പക്ഷേ കല്ലേല്‍ കടിച്ച് പല്ലു കൊഴിക്കണ പണിയാണെന്നു മാത്രം.


അതിയാന്‍ അംഗ്രേസിയില്‍ ട്വീറ്റിയത് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളെ വംശനാശം വരുത്താന്‍ അമ്പലങ്ങള്‍ തുറന്ന് കൊറോണയ്ക്കിട്ടു കൊടുത്തിരിക്കയാണെന്നാണ്. മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദേവാലയങ്ങള്‍ അടച്ചിടാന്‍ അനുവദിച്ച സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ പറഞ്ഞതായും ട്വീറ്റുന്നു. ഇത് ഹിന്ദുക്കളോടുള്ള കമ്യൂണിസ്റ്റുകാരുടെ വിരോധമാണെന്നത്രെ ഇതിയാന്‍റെയൊരിത്. അപ്പോ യുപിയിലെ ആദിത്യനാഥനും കര്‍ണാടകത്തിലെ യെദിയൂരിയപ്പനും ഗുജറാത്തിലെയും മധ്യപ്രദേശിലേമെല്ലാം സംഘി സര്‍ക്കാരുകളും ക്ഷേത്രങ്ങള്‍ തുറന്നതോ എന്ന ചോദ്യം ഇമ്മാതിരി സാധനങ്ങളോട് ചോദിച്ചിട്ടു കാര്യമില്ല. ഒന്നുമല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം നടപ്പാക്കുകയാണ് സംസ്ഥാനമെന്ന ധാരണപോലും മറന്നുള്ള വര്‍ഗീയ കാര്‍ഡിളക്കി കളിക്കാനാണ് ഈ കൃമി രാഷ്ട്രീയക്കാരന്‍റെ നീക്കം.


യഥാര്‍ഥത്തില്‍ സംഘികളുടെ കുരുപൊട്ടലിന് കാരണമായത് മുസ്ലീം ദേവാലയങ്ങള്‍ ചിലതെല്ലാം തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനം അതുമായി ബന്ധപ്പെട്ടവര്‍ എടുക്കുകയും അതിനു പൊതുസ്വീകാര്യത ലഭിക്കുകയും ചെയ്തതാണ്. ചില ക്രൈസ്തവ വിഭാഗങ്ങളും ആ പാത പിന്തുടര്‍ന്നതോടെയാണ്, കൃത്യമായും അതിനുശേഷം മാത്രമാണ് സംഘികള്‍ കുരച്ചുചാടാന്‍ തുടങ്ങിയത്. അതോടെ കോങ്കിക്കുട്ടന്മാര്‍ക്കും മൊഴിമുട്ടി. അപ്പോള്‍ സ്വാഭാവികമായും ഉയരേണ്ട ചോദ്യം ഈ വിഷയത്തില്‍ എന്താ നിങ്ങടെ നിലപാടെന്നാണ്. നിലപാടില്ലായ്മയാണ് ഇരുകൂട്ടരും പ്രകടമാക്കുന്നത്. അതായത് അപ്പപ്പൊ കാണുന്നവനെ ഡാഡീന്ന് വിളിക്കണ പണി. 


അതുപോലെ തന്നെ മ്മളെ മുഖ്യധാരാ മാധ്യമങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയക്കാരുടേം കുറേക്കാലമായുള്ള ഇഷ്ടവിഷയമാണ് കേരളത്തിലെ കോവിഡിന്‍റെ വ്യാപനം. 9-ാം തീയതി മനോരമയുടെ 7-ാം പേജില്‍ ഒരു സ്റ്റോറി വായിക്കാം. ശീര്‍ഷകമിങ്ങനെ: "കേരളത്തില്‍ രോഗവ്യാപനം നീളാം: യുഎസ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പഠനം നടത്തുന്നത് മിഷിഗന്‍ വാഴ്സിറ്റിയിലെ വിദഗ്ദ്ധര്‍". ഈ സ്റ്റോറി ശരിയാണോ വ്യാജനാണോ ആധികാരികമാണോന്നെല്ലാമുള്ള കാര്യം അവിടിരിക്കട്ടെ. എന്നാല്‍ മനോരമേലെ മഹേഷ് ഗുപ്തന്‍ പറയുന്നതുപ്രകാരം തന്നെ പഠന വിഷയം കേരളത്തിലെ കോവിഡല്ല, ഇന്ത്യയിലെ കോവിഡാണ് അതിന്‍റെ ഭാഗമായി കേരളവും വരുന്നൂന്നുമാത്രം. ദാ നോക്കൂ, ആ സ്റ്റോറിയില്‍ തന്നെ പറയണത് - "ഇന്ത്യയൊട്ടാകെയുള്ള രോഗികളുടെ എണ്ണം അപ്പോഴേക്കും (ജൂലൈ 4) 6 ലക്ഷം മുതല്‍ 9 ലക്ഷം വരെയാകും. മരണം രണ്ടാഴ്ച കൂടുമ്പോള്‍ ഇരട്ടിയാകും". ജൂലൈ 4 ആകുമ്പോള്‍ ഇന്ത്യയില്‍ 9 ലക്ഷം വരെ രോഗികളുണ്ടാകുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ കേരളത്തില്‍ 11,000 ആകുമെന്നാണ് പ്രവചിക്കുന്നത്. 43,000 വരെയാകാം എന്നും ഈ പ്രവചനത്തില്‍ പറയുന്നതായി ആഹ്ലാദപൂര്‍വം മനോരമ അവതരിപ്പിക്കുന്നു. ഹോട്ട്സ്പോട്ടുകളും റെഡ്സോണുകളുമടക്കമുള്ള വിദേശങ്ങളില്‍നിന്നും ഇന്ത്യന്‍ സ്റ്റേറ്റുകളില്‍നിന്നും രോഗബാധിതരായ ആളുകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കെ എന്ത് ശാസ്ത്രീയതയാണ് ഇത്തരം പഠനങ്ങളില്‍ കാണാനാവുന്നത്. സമ്പര്‍ക്കംമൂലമുള്ള രോഗികളുടെ എണ്ണം മെയ് 4നുശേഷം ഗണ്യമായി കുറവായിരിക്കെ പുറത്തുനിന്ന് വരുന്നവരിലുള്ള രോഗസാധ്യത അളക്കാന്‍ നിലവില്‍ മാനദണ്ഡങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനാ ഹേ സ്ഥിതിവിവരത്തിന്‍റെ പ്രൊജക്ഷന്‍ നടക്കുന്നത്.
"കേരളത്തില്‍ സമ്പര്‍ക്ക രോഗവ്യാപനം കുറഞ്ഞു" എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നതും മനോരമയാണ്. 8-ാം തീയതി 7-ാം പേജില്‍ ദാ നോക്കൂ: "സംസ്ഥാനത്ത് മെയ് 4 വരെയുള്ള 499 രോഗികളില്‍ 165 പേര്‍ സമ്പര്‍ക്കംമൂലം രോഗബാധിതരായിരുന്നു. ആകെ രോഗികളുടെ 33%. എന്നാല്‍ മെയ് 4നുശേഷം ഇന്നലെ വരെയുള്ള 1415 രോഗികളില്‍ 148 പേരാണ് സമ്പര്‍ക്കംമൂലം രോഗികളായത് - 10.45%. യഥാര്‍ഥ സ്റ്റാറ്റിസ്റ്റിക്സ് ഇതായിരിക്കെ മിഷിഗണ്‍കാരുടെ സ്റ്റാറ്റിസ്റ്റിക്സ് എന്തടിസ്ഥാനത്തിലായിരിക്കുമെന്നത് അവര്‍ക്കുപോലും അറിയാനിടയില്ല.


എന്നാല്‍ യുഎസ് വിദഗ്ദ്ധരുടെ വാലേല്‍ തൂങ്ങിയായിരിക്കണം ഡോ. ചെന്നിത്തലയന്‍ വഹ ഒരു ഗുണ്ടെറിഞ്ഞതായി മനോരമ ജൂണ്‍ 9ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു (പേജ് 8). "ക്വാറന്‍റീനും പരിശോധനയുമെല്ലാം അവതാളത്തില്‍. സ്ഥിതി ഗുരുതരമെന്ന് ചെന്നിത്തല". പരിശോധനയുടെ കാര്യത്തില്‍ കേരളം മഹാരാഷ്ട്രയെയും തമിഴ്നാടിനെയുമെല്ലാംകാള്‍ ഏറെ പിന്നിലാണെന്നാണ് ചെന്നിത്തലയന്‍ പറയുന്നത്. എന്നാല്‍ 8-ാം തീയതി മനോരമയുടെ ഒരു റിപ്പോര്‍ട്ടിന്‍റെ ശീര്‍ഷകം നോക്കൂ: "കോവിഡ്: ചൈനയെ മറികടന്ന് മഹാരാഷ്ട്ര". 142 കോടി ജനസംഖ്യയുള്ള ചൈനയിലാകെ കൊറോണ ബാധിച്ചിരുന്നവരെ കടത്തിവെട്ടിയിരിക്കുന്നു ഇന്ത്യയിലെ ഒരു സംസ്ഥാനമായ മഹാരാഷ്ട്ര. അവിടെ തോനെ ടെസ്റ്റു നടക്കൂന്നുന്നാണ് ചെന്നിത്തലയുടെ ഊറ്റംകൊള്ളല്‍. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യയുടെ അടുത്തൊന്നും എത്തിയിട്ടില്ല കേരളത്തിലെ മൊത്തം രോഗികളുടെ എണ്ണം. ഇത് കാണാന്‍ ചെന്നിത്തലയനെപോലെ രാഷ്ട്രീയ അന്ധര്‍ക്ക് കഴിയില്ല. മാധ്യമങ്ങളും അങ്ങനെ തന്നെ.